EDITORIAL

ഡേറ്റാ ഉപയോഗത്തിലെ വന്‍ മുന്നേറ്റം.... - ന്യൂഏജ് എഡിറ്റോറിയൽ

Newage News

16 Feb 2021

രാജ്യത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗത്തില്‍ 60 ഇരട്ടിയോളം വര്‍ധന ഉണ്ടായതായി ഇതുസംബന്ധിച്ച പഠനം വ്യക്തമാക്കുന്നു.' നോക്കിയ 'യുടെ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഇന്ത്യ ട്രാഫിക് ഇന്‍ഡക്‌സിലാണ് ഡേറ്റ ഉപയോഗത്തിലെ വന്‍ മുന്നേറ്റത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. 2015 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ ശരാശരി പ്രതിമാസ ഡേറ്റ ഉപഭോഗം 76 ശതമാനത്തിന്റ വളര്‍ച്ചയാണ് കാണിക്കുന്നത്. ഇതാകട്ടെ ആഗോള അടിസ്ഥാനത്തിലുള്ള വര്‍ദ്ധിച്ച ഡേറ്റ ഉപഭോഗമാണെന്ന പ്രത്യേകതയുമുണ്ട്. 2020 ല്‍ മാത്രം ഡാറ്റാ ഉപയോഗത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. 2020 ല്‍ 36 ശതമാനം വാര്‍ഷിക വളര്‍ച്ച ഡാറ്റാ  ഉപഭോഗത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.രാജ്യത്ത് ഫോര്‍ജി നെറ്റ്വര്‍ക്ക് ഉപയോഗം വര്‍ദ്ധിച്ചതോടെയാണ് ഇത്തരത്തിലുള്ള മുന്നേറ്റം ഉണ്ടായതെന്നാണ് വിലയിരുത്തല്‍.

2020 ഡിസംബറില്‍ ശരാശരി 13.5 ജിബി ഡാറ്റ യുടെ വ്യക്തിഗത ഉപയോഗത്തിലേക്ക് ഉപഭോഗം എത്തി എന്നതും റിപ്പോര്‍ട്ട് വിശദമാക്കുന്നുണ്ട്. രാജ്യത്ത് നിലവില്‍ ഫോര്‍ജി ഉപയോക്താക്കളുടെ എണ്ണത്തിലും വന്‍ കുതിപ്പാണ് കാണുന്നത്. ഈ വിഭാഗത്തില്‍ മാത്രം ഉപയോക്താക്കള്‍  70 കോടി കടന്നിരിക്കുന്നു. 10 കോടി പുതിയ ഫോര്‍ജി കണക്ഷനും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ഡേറ്റ ഉപയോഗത്തില്‍ 99 ശതമാനവും ഫോര്‍ജി നെറ്റ്വര്‍ക്കിലൂടെ ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്.അതേസമയം ത്രീജി ഡേറ്റ ഉപയോഗത്തില്‍ 56 ശതമാനത്തിലേറെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ടെക്‌നോളജി ജീവിത സങ്കീര്‍ണ്ണതകളെ  ലഘൂകരിക്കുന്ന  സവിശേഷ സാഹചര്യങ്ങളിലൂടെയാണ് ലോകം മുന്നോട്ട് നീങ്ങുന്നത്. അത് ജനസാമാന്യത്തിന്റെ ദൈനംദിന ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനമാകട്ടെ പ്രവചനാതീതവുമാണ്. ടെക്‌നോളജിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയുള്ള ആധുനിക ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ഇന്റര്‍നെറ്റ് അധിഷ്ഠിതം തന്നെയാണ്. മനുഷ്യന്റെ ആരോഗ്യം മുമ്പെങ്ങുമില്ലാത്ത വിധം അരക്ഷിതമാകുന്ന ഇന്നത്തെ സാഹചര്യങ്ങളില്‍ ലോകം വിവരസാങ്കേതികതയെ കൃതജ്ഞതാപൂര്‍വം നെഞ്ചോടു ചേര്‍ക്കുകയാണ്. ഭരണ കേന്ദ്രങ്ങളില്‍, വാര്‍ത്താവിനിമയ സംവിധാനങ്ങളില്‍, ട്രാന്‍സ്‌പോര്‍ട്ടേഷനില്‍, വ്യാപാരമേഖലയില്‍, ഹെല്‍ത്ത്  കെയറില്‍... അങ്ങനെ സമസ്ത മേഖലകളിലും ടെക്‌നോളജിയുടെ  സര്‍വ്വാതിശായിയായ നിറസാന്നിധ്യം ലോകത്തിന് മുന്നിലുണ്ട്. ഈയൊരു സവിശേഷ പശ്ചാത്തലത്തിലാണ് രാജ്യത്തെ ഇന്റര്‍നെറ്റ് ഡാറ്റാ ഉപയോഗത്തിലെ കാലിക വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ പുറത്തുവരുന്നത്. ജനജീവിതത്തിന്റ് എല്ലാ മേഖലകളെയുംതൊട്ടുതലോടി നില്‍ക്കുന്ന വിവര സാങ്കേതികത പ്രായ, ലിംഗഭേദമെന്യേ തലമുറകളെ ആകര്‍ഷിക്കുന്നു എന്ന് തന്നെയാണ് വ്യക്തമാക്ന്നത്.

ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ ജനസംഖ്യയില്‍ 50.4 കോടി ജനങ്ങള്‍ ഇന്റര്‍നെറ്റ് ലോകത്ത് സജീവമായി വ്യാപരിക്കുന്നവരാണ്. ഇതില്‍ തന്നെ 14 ശതമാനം അഞ്ചു മുതല്‍ 11 വയസ്സ് വരെ പ്രായ ഗ്രൂപ്പില്‍ഉള്ളവരും. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍  43.3 ശതമാനം 12 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്.ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വ്വേയുടെ ഡാറ്റ പ്രകാരം രാജ്യത്തെ സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 70 ശതമാനവും  ദിവസവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്.ഗ്രാമീണ ഇന്ത്യയുടെ ഇന്റര്‍നെറ്റ് ആഭിമുഖ്യത്തില്‍ വന്ന മുന്നേറ്റവും പ്രത്യേകം ശ്രദ്ധേയമാണ്. കണക്ടിവിറ്റി, സേവന ഗുണനിലവാരം, ചെലവു കുറഞ്ഞ മൊബൈല്‍ ഇന്റര്‍നെറ്റ് എന്നിവ വഴി ഗ്രാമീണമേഖലയില്‍ ഇന്റര്‍നെറ്റ് ഉപയോഗം ഭാവിയില്‍ കാര്യമായി ഉയരുമെന്നു വിലയിരുത്തപ്പെടുന്നു. ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗം അതിവേഗം വളരുകയാണ്. നഗര-ഗ്രാമ ഭേദമില്ലാതെ ഇന്റര്‍നെറ്റ് ആക്‌സസിന്റെ പ്രധാന ഉപാധി മൊബൈല്‍ഫോണ്‍ തന്നെയാണ്. 

രാജ്യത്ത്് നഗര-ഗ്രാമ ഭേദമില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഉണ്ടാകുന്ന വളര്‍ച്ച മാറിയ ജീവിതസാഹചര്യങ്ങളുടെ പരിണതി കൂടിയാണ്. സാധാരണജന ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലേക്ക് മാറുന്നു. നെറ്റ് ബാങ്കിംഗ്, ഇ- കോമേഴ്‌സ്, ടെലിഎഡ്യൂക്കേഷന്‍,  മീഡിയ.... തുടങ്ങി ഇന്റര്‍നെറ്റ് അധിഷ്ഠിത ജീവിതത്തിന്റെ സജീവതയിലാണ്  ലോകം. രാജ്യത്തെ സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും അതിനുള്ള  പ്രാമാണ്യം ഈ കോവിഡ് കാലത്ത് ഏറെ ബോധ്യമാവുകയും ചെയ്തു. അനുദിനം ഇന്റര്‍നെറ്റ് സാങ്കേതികതയുടെ ആവശ്യകത യിലേക്കാണ് ലോകത്തിന്റെ പ്രയാണമെന്നിരിക്കെ ഡാറ്റാ ഉപഭോഗത്തില്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ വലിയ കുതിച്ചുചാട്ടം തന്നെ ഉണ്ടാകുമെന്നതില്‍ സംശയമില്ല.


കോവിഡ് ഡാറ്റാ ഉപയോഗത്തെ കാര്യമായി സ്വാധീനിച്ചു - അശ്വിന്‍ കാര്‍ത്തികേയന്‍

ഇന്ന് ഡാറ്റാ ഉപയോഗം കാര്യമായി വര്‍ദ്ധിച്ചതിന് പിന്നില്‍ കോവിഡിന് വലിയ പങ്കാണുള്ളത്. ടെക്‌നോളജിയുടെ കുതിച്ചു ചാട്ടവും അതില്‍ വലിയ തോതില്‍ സ്വാധീനിച്ചു. ജീവിതത്തില്‍ എല്ലാ മേഖലകളിലും ഡിജിറ്റല്‍ രീതികള്‍ വളരെയധികം വ്യാപകമായി തീര്‍ന്നിട്ടുണ്ട്. എഡ്യൂക്കേഷന്‍  രംഗത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം വലിയ പ്രാധാന്യം നേടി. എല്ലാ കുട്ടികള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍  ലഭ്യമായി. ഇതൊക്കെ ഡാറ്റാ ഉപയോഗം കാര്യമായി വര്‍ദ്ധിപ്പിച്ച ഘടകങ്ങളാണ്. ടെക്‌നോജിയുടെ ഉപയോഗം പല മേഖലകളിലും പിടിമുറുക്കി.ഇനി കേ ഫോണ്‍ കൂടി വരുന്നതോടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ വളര്‍ച്ചയാണ് ഉണ്ടാകുന്നത്. 

റൂറല്‍ മേഖലയില്‍ കൂടുതല്‍ ഡിജിറ്റല്‍ രീതികള്‍ വരുന്നത്  വളര്‍ച്ചയുടെ പാതയില്‍ ഗതിവേഗം വര്‍ധിപ്പിചൂ.കോവിഡിന്റെ  വരവോടെ അഞ്ച് വര്‍ഷം കൊണ്ട് വരേണ്ട മാറ്റം ഒരു വര്‍ഷം കൊണ്ട് നടപ്പില്‍ വരുത്തി. ഗ്രാമീണമേഖലയില്‍ പോലും എല്ലാ കാര്യങ്ങളും ഡിജിറ്റല്‍ ആയി മാറുന്ന സാഹചര്യമാണ്. കൃഷിയിലും മറ്റും ഇതിന്റെ ഉപയോഗം വര്‍ദ്ധിച്ചു. ജൈവകൃഷി, കാര്‍ഷികോത്പന്നങ്ങളുടെ മാര്‍ക്കറ്റിംഗ് തുടങ്ങിയവ കൂടുതല്‍ വളര്‍ച്ച നേടി. ഇതില്‍ എല്ലാം ഡിജിറ്റല്‍ സാങ്കേതികത പ്രയോജനപ്പെടുത്തുന്നുണ്ട്. എല്ലാ കാര്യങ്ങളും വളരെ വേഗം നടപ്പാക്കുന്നതിന് ടെക്‌നോളജി സഹായകമായി.

സ്റ്റാര്‍ട്ടപ്പ് മേഖലകള്‍ക്ക് ടെക്‌നോളജി വലിയ മുതല്‍ക്കൂട്ടായി മാറിയിട്ടുണ്ട്. ഇ പെയ്‌മെന്റ് സാര്‍വത്രികമായതോടെ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ രീതികള്‍ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടി. സൗകര്യവും സുരക്ഷിതത്വവും ഉണ്ടെന്നത് അതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു. ഗവണ്‍മെന്റ് ഇടപാടുകള്‍ പലതും ഇ പ്ലാറ്റ്‌ഫോ മുകളിലേക്ക് മാറിയിട്ടുണ്ട്. ഫോട്ടോഗ്രാഫി മേഖലയില്‍ തന്നെ ഫീല്‍ഡില്‍ വാട്‌സാപ്പ് വഴി ഗൈഡ് ലൈന്‍സ് നല്‍കി കവര്‍ ചെയ്യുന്ന തരത്തില്‍ കാര്യങ്ങള്‍ മാറിയിട്ടുണ്ട്. ഫിലിം റിലീസ് ഒടിപി പ്ലാറ്റ്‌ഫോം ആയി. ഇവയെല്ലാം ഡിജിറ്റല്‍ ഉപയോഗത്തിന് കൂടുതല്‍ ആവശ്യകത കൊണ്ടുവരുന്നു. ഡാറ്റാ ഉപയോഗത്തിലും അത് കാര്യമായി സ്വാധീനിക്കുന്നുണ്ട്.                

(മീഡിയ ഫോട്ടോഗ്രാഫര്‍ ആണ്)


ഡിജിറ്റല്‍ യുഗത്തിലേക്കുള്ള ചുവട് വയ്പ് പ്രധാനമാണ് - ടി. ബാബുരാജ്

ഇന്ന് രാജ്യത്തെ ഡാറ്റ ഉപയോഗത്തില്‍ വന്നിരിക്കുന്ന മുന്നേറ്റത്തില്‍ പ്രധാന പങ്ക് വഹിച്ചത് കോവിഡ് അനുബന്ധ സാഹചര്യങ്ങള്‍  തന്നെയാണ്. ഡിജിറ്റല്‍ യുഗം എങ്ങനെയൊക്കെ യാവും എന്നത് കോവിട് നമ്മെ പഠിപ്പിച്ചു. എഡ്യൂക്കേഷന്‍, ഓണ്‍ലൈന്‍ പര്‍ച്ചേസിംഗ് മേഖലകളില്‍ വലിയ മുന്നേറ്റം തന്നെ ഉണ്ടായി. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഡിജിറ്റല്‍ രീതികള്‍ പ്രാവര്‍ത്തികമായി. ഡിജിറ്റല്‍ യുഗത്തിലേക്കുള്ള ചുവടുവെപ്പ്‌ന് വളരെ വേഗത കൈവന്നു. വര്‍ഷങ്ങള്‍ കൊണ്ട് സംഭവിക്കേണ്ടവയെല്ലാം ഒരു നിശ്ചിത കാലയളവ് കൊണ്ട് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു. 

ഇന്റര്‍നെറ്റ് യുഗത്തിന്റെ രീതികള്‍ പലതും ഇപ്പോള്‍ സാര്‍വ്വത്രികമായി കഴിഞ്ഞു. ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ എല്ലാ മേഖലകളിലും നടപ്പായി രിക്കുന്നൂ. പുതിയസംരംഭങ്ങള്‍ എല്ലാം സാങ്കേതികവിദ്യയുടെ ഉപയോഗപ്പെടുത്തലില്‍ മുന്നിലാണ്. ഇതെല്ലാം ഡിജിറ്റല്‍ ഉപയോഗ ത്തിന്റെ വളര്‍ച്ചയിലേക്കാണ് എത്തുന്നത്. റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് ലും മറ്റും സാധാരണ രീതികള്‍ ഒഴിവാക്കി ഓണ്‍ലൈന്‍ രീതികളിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നുണ്ട്. ഇവിടെ സുരക്ഷിതത്വവും സൗകര്യവും പ്രധാനമായി മാറി. തീയേറ്റര്‍ മേഖലയിലും ഓണ്‍ലൈന്‍ രീതികള്‍ക്ക് പ്രാധാന്യം കൈവന്നു. 

ഇപ്പോള്‍  കെ ഫോണ്‍ എത്തുന്നത് അത് ഗ്രാമീണ മേഖലകളിലേക്ക് കൂടി ഹൈടെക് കണക്ടിവിറ്റി കൊണ്ടുവരികയാണ്. സാക്ഷരതാ രംഗത്ത് വന്നതു പോലെ ഡിജിറ്റല്‍ മേഖലയിലും വിപ്ലവകരമായ മാറ്റമാണ് വരുന്നത്. ഭാവിയില്‍ ഡിജിറ്റല്‍ സാങ്കേതികതയുടെ വ്യാപകമായ ഉപയോഗം തന്നെയാവും ഉണ്ടാവുന്നത്. മീഡിയ രംഗത്ത് ഡെയിലി ന്യൂസ് പേപ്പര്‍കളുടെ പ്രസക്തി കുറയുകയാണ്. മണിക്കൂറുകള്‍ ഇടവിട്ട് ഓണ്‍ലൈന്‍ വാര്‍ത്തകള്‍  വരുമ്പോള്‍ പിന്നീട് അതിന്റെ പുനര്‍ വായനയാണ് ഉണ്ടാവുന്നത്. കറന്റ് അഫയേഴ്‌സ് മാത്രമായി പ്രിന്റ് മീഡിയ മാറാനാണ് സാധ്യത. 

നമ്മുടെ നാട്ടിലെ അക്ഷയ കേന്ദ്രങ്ങളും മറ്റും വഴി ഡിജിറ്റല്‍ രീതികള്‍ ഫ്രണ്ട്ലിയായി മാറുന്നു. ഇനി ഭാവിയില്‍  ഇത്തരം ഡിജിറ്റല്‍ സേവനകേന്ദ്രങ്ങള്‍ കൂടുതലായി ഉണ്ടാവും. ഓട്ടോമൊബൈല്‍ മേഖലയിലും മറ്റും ഇ ഷോറൂമുകള്‍ വരുന്നത് ആ മേഖലയ്ക്ക് കൂടുതല്‍ വളര്‍ച്ച നല്‍കിയിട്ടുണ്ട്. ഇവിടെയെല്ലാം ഡിജിറ്റല്‍ ഉപയോഗം വര്‍ദ്ധിക്കുകയാണ്. മിക്ക മേഖലകളിലും ഓണ്‍ലൈന്‍ പര്‍ച്ചേസിംഗ് വ്യാപകമാണ്. സുരക്ഷിതവും സൗകര്യപ്രദവുമായ രീതി എന്ന നിലയില്‍ ഡിജിറ്റല്‍ രീതികള്‍ പുതിയ ലോക ക്രമത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.       

(ലേഖകന്‍ മറൈന്‍ ഫുഡ്‌സ് എക്‌സ്‌പോര്‍ട്ടിംഗ് രംഗത്ത് സജീവമാണ് )


സുരക്ഷിതത്വബോധം കൊണ്ടു വരുന്ന വളര്‍ച്ച - എസ്. മനീഷ്

ഡിജിറ്റല്‍ ഇടപാടുകളുടെ വര്‍ധന സ്വാഭാവികമായും ഡാറ്റാ ഉപഭോഗത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ജീവിതത്തില്‍ എല്ലാ മേഖലകളിലും ഡിജിറ്റല്‍ രീതി നടപ്പാക്കിയത് കൂടുതല്‍ പേര്‍ ഇത്തരം രീതികളിലേക്ക് എത്താന്‍ കാരണമായിട്ടുണ്ട്. പ്രതി ശീര്‍ഷ ഡാറ്റ ഉപഭോഗത്തില്‍ വരുന്ന വളര്‍ച അതിന്റെ പ്രതിഫലനം കൂടിയാണ്. കോവിഡ രോഗഭീതി ആളുകളില്‍ ഇന്നു സുരക്ഷിതത്വത്തെക്കുറിച്ച് വലിയ അവബോധം വളര്‍ത്തിയിട്ടുണ്ട്. സോഷ്യല്‍ ഡിസ്റ്റന്‍സ്  ആവശ്യമായി മാറിയതോടെ ഡിജിറ്റല്‍ രീതികള്‍ക്കും പ്രാധാന്യം ഏറി. അതുകൊണ്ടുതന്നെ ഇത്തരം രീതികളില്‍ നിന്ന് മാറി നിന്നവര്‍ പോലും ഡിജിറ്റല്‍ തീയതികളിലേക്ക് ഇന്ന് ആകൃഷ്ടരായി ട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം സാര്‍വത്രികമായി തീര്‍ന്നതോടെ എന്തിനും വളരെവഗം ഉപയോഗപ്പെടുത്താവുന്ന മാര്‍ഗമായി ഡിജിറ്റല്‍ രീതികള്‍ മാറി. മുമ്പുള്ളതിനേക്കാള്‍  ചീപ് ഡാറ്റ യും ഇന്ന് ലഭിക്കുന്നുണ്ട്. ഇങ്ങനെ പല കാരണങ്ങള്‍ ഡാറ്റാ ഉപയോഗത്തിന് പിന്നിലുണ്ട്ങ്കിലും സുരക്ഷിതത്വം തന്നെയാണ് ആളുകളെ കൂടുതലായി ഇതിലേക്ക് ആകര്‍ഷിച്ചിട്ടുള്ളത്.

ഈ സുരക്ഷിതത്വബോധം ഭാവിയിലും ഡാറ്റാ ഉപഭോഗത്തിന് വലിയ ആവശ്യകത കൊണ്ടുവരും. അതിനാല്‍ തന്നെ ഡിജിറ്റല്‍ രീതികളുടെ പ്രാധാന്യം ഇനിയും വര്‍ദ്ധിക്കുകയാണ്. സൗകര്യവും സുരക്ഷിതത്വവും ഒന്നിച്ചു ചേരുമ്പോള്‍ കൂടുതല്‍ പേര്‍ ഇത്തരം രീതികളിലേക്ക് മാറാനാണ് സാധ്യത. അതുകൊണ്ടുതന്നെ ഡാറ്റാ ഉപയോഗത്തില്‍ ഇനിയും കുതിപ്പ് തുടരാനാണ് സാധ്യത. സര്‍ക്കാര്‍  സംവിധാനങ്ങള്‍ പരമാവധി ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്ന സാഹചര്യവും ഇതിന്റെ വര്‍ദ്ധിച്ച ഉപയോഗത്തിലേക്ക് ആണ് കൊണ്ടെത്തിക്കുന്നത്.

(ലേഖകന്‍ ഐ ടി പ്രൊഫഷണല്‍ ആണ് )

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story