EDITORIAL

വളരട്ടെ ജലപാതകള്‍... - ന്യൂഏജ് എഡിറ്റോറിയൽ

Newage News

18 Feb 2021

കേരളം നൈസര്‍ഗിക ജലസ്രോതസ്സുകളുടെയും അതുവഴിയുള്ള  ജലസമൃദ്ധിയുടെയും പുകള്‍പെറ്റ നാടാണ്. 44 ഓളം നദികളുടെ സമൃദ്ധിയില്‍ നിലകൊണ്ട സംസ്ഥാനത്ത് പുരാതനകാലം മുതല്‍  ജലപാതകള്‍ പ്രധാന യാത്ര മാര്‍ഗ്ഗങ്ങളായി മാറിയിരുന്നു.പിന്നീട് കാലാന്തരത്തില്‍ ജലപാതകളില്‍ നിന്നകന്ന് മറ്റ് യാത്രാ പാതകളില്‍ നിലയുറപ്പിച്ചപോള്‍  സംസ്ഥാനത്തിന് നഷ്ടമായത് ചെലവ് കുറഞ്ഞതും പ്രകൃതിസൗഹൃദവുമായ യാത്രയുടെ  വഴിച്ചാലുകള്‍ തന്നെയായിരുന്നു. കേരളത്തിന്റെ വൈദേശിക വ്യാപാര ബന്ധങ്ങളെ ഊട്ടി വളര്‍ത്തിയ  വ്യാപാര കേന്ദ്രങ്ങളും ഈ ദിശാ മാറ്റത്തില്‍ നിലംപരിശായി. പ്രകൃതി സന്തുലനത്തിന്റെയും ജൈവിക ചൈതന്യത്തിന്റെയും ആ പഴയയാത്രാ പാതകള്‍ തിരികെ പിടിക്കാനുള്ള  പദ്ധതികളാണ് കാലങ്ങളായി മുന്നോട്ടുവയ്ക്കപ്പെടുന്നത്.

ദേശീയ  ജലപാത വികസനം പലപ്പോഴും ബജറ്റ് രേഖകളിലെ വകയിരുത്തല്‍ മാത്രമായി മാറുകയാണുണ്ടയത്.എന്നാല്‍ മാറുന്ന കാലം ജലപാതകള്‍ക്കുള്ള വലിയ പ്രാധാന്യം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ഇലക്ട്രിക് രീതികളിലേക്ക് വാഹനങ്ങള്‍ ചുവടു മാറുമ്പോള്‍  ആ പഴയ പാതകളുടെ പ്രായോഗികത വീണ്ടും തിരിച്ചറിയപ്പെടുകയാണ്. സംസ്ഥാനത്ത് ഇപ്പോള്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പശ്ചിമ തീര  ജലപാതയുടെ 520 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഒന്നാം ഘട്ടവും കൊച്ചിയിലെ  വാട്ടര്‍ മെട്രോയുടെ  ആദ്യ ഘട്ടവുമെല്ലാം ഈ വലിയ തിരിച്ചറിവിന്റെ പ്രതിഫലനങ്ങള്‍ തന്നെയായി വിലയിരുത്താം. ഗതാഗത മേഖലയില്‍ മാത്രമല്ല ടൂറിസം രംഗത്തും മറ്റ് അനുബന്ധ വാണിജ്യ മേഖലകള്‍ക്കും കരുത്ത് പകരുന്ന നീക്കമെന്ന പ്രാധാന്യവും അതിനുണ്ട്. കൊച്ചി വാട്ടര്‍ മെട്രോ കൊച്ചിയുടെ ഗതാഗത രംഗത്ത് വലിയ മാറ്റവും വികസനത്തില്‍ നിര്‍ണായകവുമായ ചുവടുവെപ്പായണ് വിലയിരുത്തുന്നത്. നഗരത്തിലെ കനാലുകളുടെ നവീകരണവും പ്രധാനമാണ്.  

ദേശീയ ജലപാത ഒന്നാം ഘട്ടത്തെ തുട ര്‍ന്ന് രണ്ടാംഘട്ടത്തിന്റ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. വടക്ക് ബേക്കല്‍ മുതല്‍ തെക്ക് കോവളം വരെ നീളുന്ന ജലപാതയുടെ വികസനം സംസ്ഥാനത്ത് റോഡ് ഗതാഗതത്തിന് ബദലായി  മാറുന്ന, മലിനീകരണവും ചെലവും കുറഞ്ഞ യാത്രാമാര്‍ഗ്ഗം എന്ന നിലയില്‍ പ്രധാനമാണ്. റോഡ് ഗതാഗതത്തിലെ ട്രാഫിക് കുരുക്കുകളും അപകട ഭീതിയും ഒഴിവാകുന്ന യാത്രയാണ് ഇതുവഴി ലഭ്യമാകുന്നത്.

സംസ്ഥാനത്തിന്റെ ജല യാത്രാ മാര്‍ഗങ്ങളുടെ ആധിക്യം പ്രായോഗികതയില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല എന്നത് വസ്തുതയാണ്. നമ്മുടെ ഉള്‍നാടന്‍ ജലപാതകളും മറ്റും വിനോദസഞ്ചാരത്തിന് വലിയ രീതിയില്‍ പ്രയോജനകരമാക്കി തീര്‍ക്കുക എന്ന ലക്ഷ്യവും പൂര്‍ണ്ണതയില്‍ എത്തിയിട്ടില്ല.തീര പ്രദേശത്തിന് സമാന്തരമായി കായലുകളയും പുഴകളയും ബന്ധിപ്പിച്ച് കനാലുകള്‍ക്ക് രൂപം നല്‍കി ഉരു തിരിച്ചതാണ് പശ്ചിമതീര ജലപാത. ഒന്നാംഘട്ടത്തില്‍ നിലവിലെ കനാലുകള്‍  വീതിയില്‍ ആഴം കൂട്ടി ഗതാഗതയോഗ്യമാക്കി തീര്‍ത്തു. 2022 ഓടെ രണ്ടാം ഘട്ടവും 2025 ല്‍ മൂന്നാം ഘട്ടവും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

നഗര മാലിന്യങ്ങളുടെ നിക്ഷേപവും കയ്യേറ്റവും മൂലം മൃതാവസ്ഥയില്‍ ആയ ജലപാതകള്‍ ആണ് ഇത്തരത്തില്‍ സഞ്ചാരയോഗ്യമാക്കി മാറ്റുന്നത്.സംസ്ഥാനത്തിന്റെ ജീവ നാഡികള്‍ തന്നെയായിരുന്ന ജലപാതകളുടെ പുനരുജ്ജീവനം കേരളത്തിന്റെ ഗതാഗത, വിനോദസഞ്ചാര മേഖലകളുടെ വളര്‍ച്ചയില്‍ ഗുണപരമായി സ്വാധീനിക്കുമെന്ന് തന്നെയാണ് കരുതുന്നത്.


കനാലുകളുടെ നവീകരണം സംസ്ഥാനത്തിന് മുതല്‍ക്കൂട്ടായി മാറും - എ സി മൊയ്തീന്‍

സംസ്ഥാനത്തെ പശ്ചിമ തീര ജലപാതയുടെയും കൊച്ചി വാട്ടര്‍ മെട്രോ യുടെയും ആദ്യഘട്ടമാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  ഉദ്ഘാടനം ചെയ്തിട്ടുള്ളത്. ഇത് സംസ്ഥാനത്തിന്റെ വികസനരംഗത്ത് മുതല്‍ക്കൂട്ടായി മാറും. കൊച്ചി മെട്രോയുടെ ആദ്യ പാതയും ടെര്‍മിനലുകളും മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചിരിക്കുന്നു. വൈറ്റില മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള ജലപാതയാണ് ഉദ്ഘാടനം ചെയ്തത്.

കൊച്ചി പേട്ടയില്‍ ജല മെട്രോയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ പനംകുറ്റി പുതിയപാലം, തേവര -പേരണ്ടൂര്‍ കനാല്‍ ഉള്‍പ്പെടെയുള്ള കനാലുകള്‍ പുനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കാന്ള്ള  കനാല്‍ നവീകരണ പദ്ധതി  എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ആകെ 78.6 കിലോമീറ്ററില്‍  15 പാതകളില്‍ ആയാണ് ജല മെട്രോയുടെ സേവനം ജനങ്ങള്‍ക്ക് ലഭ്യമാവുക. 38 സ്റ്റേഷനുകള്‍ ഉള്ള വാട്ടര്‍ മെട്രോയുടെ മൊത്തം പദ്ധതി ചെലവ് 678 കോടി രൂപയാണ്. 1500 കോടി രൂപ ചെലവിട്ട് സംയോജിത നഗര നവീകരണ ജലഗതാഗത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കനാലുകളുടെ നവീകരണം നടത്തുന്നത്. കൊച്ചി നഗരത്തിന്റെ ഭാവി വികസനത്തില്‍ നിര്‍ണായകമാകുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്.   

(സംസ്ഥാന തദ്ദേശ സയംഭരണ വകുപ്പ് മന്ത്രി)


ജല പാതകളുടെ നവീകരണം കാലത്തിന്റെ ആവശ്യം - സജിത് സത്യന്‍

സംസ്ഥാനത്തെ വര്‍ദ്ധിച്ചുവരുന്ന റോഡ് യാത്ര ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ജലപാതകളുടെ നവീകരണത്തിന് വലിയ കാലികപ്രസക്തിയാണുള്ളത്. ദേശീയ ജല പാത വികസനം എന്നത് ഒരു സ്ഥിരം ബജറ്റ് കലാപരിപാടി മാത്രമായി മാറുന്ന കാഴ്ചയാണ് കണ്ടത്. അതില്‍നിന്ന് വ്യത്യസ്തമായി ഒരു ഗൗരവമുള്ള കാര്യമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ദേശീയ ജലപാത യുടെ ഒന്നാം ഘട്ടത്തിന് പൂര്‍ണ്ണത കൈവരിക്കുന്നത് പ്രധാനമാണ്. മാത്രമല്ല രണ്ടാംഘട്ടത്തിന് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിരിക്കുന്നൂ. ഇതെല്ലാം സംസ്ഥാനത്ത് സംബന്ധിച്ച് കാലികപ്രസക്തിയുള്ള കാര്യങ്ങളാണ്.

കനാലുകളുടെ നവീകരണം ഒരു ബദല്‍ യാത്ര മാര്‍ഗ്ഗം എന്ന നിലയില്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഇത് സംസ്ഥാനത് റോഡ് ഗതാഗതത്തില്‍ മാറ്റം വരുത്തും. വിനോദസഞ്ചാര മേഖലയ്ക്ക് ഇത് മുതല്‍ക്കൂട്ടായി മാറും. കാലങ്ങളായി അടഞ്ഞുകിടക്കുന്ന ജലപാതകള്‍ ആണ് പ്രവര്‍ത്തനക്ഷമമാകുന്നത്.ഇത് ഇന്നത്തെ സാഹചര്യത്തില്‍ പുതിയ യാത്രാ പാതകള്‍ക്കാണ് തുടക്കമിടുന്നത്. നമ്മുടെ ഉള്‍നാടന്‍ ജല പാതകള്‍ വിനോദസഞ്ചാരമേഖലയില്‍ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ദേശീയ ജലപാത നവീകരിക്കപ്പെടുന്നത് ടൂറിസത്തിന് വലിയ തോതില്‍ പ്രയോജനം ചെയ്യും. ചുരുക്കത്തില്‍ ജലപാതകളുടെ നവീകരണം ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്.

(സാമൂഹിക നിരീക്ഷകനും ഫാര്‍മ കമ്പനി മാര്‍ക്കറ്റിംഗ് മാനേജരും ആണ്)


ഗതാഗത,ടൂറിസം രംഗങ്ങളില്‍ നേട്ടമായി മാറും - പിണറായി വിജയന്‍ 

കേരളത്തിന്റെ ഗതാഗത മേഖലയിലും ടൂറിസം രംഗത്തും പുതിയൊരധ്യായം കുറിച്ചുകൊണ്ട് ദേശീയ ജലപാതയുടെ ആദ്യഘട്ടമായ 520 കിലോമീറ്റര്‍ നാടിന് സമര്‍പ്പിച്ചു. അതോടൊപ്പം രണ്ടാം ഘട്ടത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളും ആരംഭിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഗതാഗത മേഖലയില്‍ വലിയ വികസനക്കുതിപ്പാണുണ്ടായത്. റോഡ് ഗതാഗതത്തില്‍ മാത്രമല്ല; വ്യോമ-ജലഗതാഗത മേഖലകളിലൊക്കെ ആ മാറ്റം പ്രതിഫലിക്കുന്നുണ്ട്. അതോടൊപ്പം ദേശീയ ജലപാത സജ്ജമായതോടു കൂടി പുതിയ സാധ്യതകള്‍ തുറക്കുകയാണ്.  

വടക്ക് ബേക്കല്‍ മുതല്‍ തെക്ക് കോവളം വരെ ജലഗതാഗത സൗകര്യം ഒരുക്കുന്നതിലൂടെ താരമത്യേന ചെലവും മലിനീകരണവും കുറഞ്ഞ യാത്രാ സംവിധാനങ്ങളാണ് കേരളത്തില്‍ യാഥാര്‍ത്ഥ്യമാവുന്നത്. കേരളത്തിന്റെ തീരപ്രദേശത്തിനു സമാന്തരമായി കായലുകളെയും പുഴകളെയും ബന്ധിപ്പിച്ച് നിരവധി കനാലുകള്‍ നിര്‍മിച്ച് രൂപപ്പെടുത്തിയതാണ് വെസ്റ്റ് കോസ്റ്റ് കനാല്‍ എന്നറിയപ്പെടുന്ന പശ്ചിമതീര ജലപാത. ഇതില്‍ കൊല്ലം മുതല്‍ കോഴിക്കോട് ജില്ലയിലെ കല്ലായി വരെ 328 കിലോമീറ്റര്‍ ഭാഗം നാഷണല്‍ വാട്ടര്‍ വേ (എന്‍എച്ച്-3) ആണ്. കൊല്ലം മുതല്‍ കോട്ടപ്പുറം വരെ 168 കിലോമീറ്റര്‍ ഭാഗത്ത് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐ.ഡബ്‌ള്യു-എ.ഐ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. കോട്ടപ്പുറം മുതല്‍ കല്ലായി പുഴ വരെയുള്ള 160 കിലോമീറ്റര്‍ ഭാഗത്ത് സംസ്ഥാന സര്‍ക്കാരാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. മറ്റു ഭാഗങ്ങള്‍ സ്റ്റേറ്റ് വാട്ടര്‍ വേ ആയി പരിഗണിച്ചു വരുന്നു. കൂടാതെ 1200 കിലോമീറ്റര്‍ ഫീഡര്‍ കനാലുകളും വിവിധ ജില്ലകളിലായി നിലവിലുണ്ട്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തെക്കന്‍ ജില്ലകളിലെയും മലബാറിലേയും കനാലുകളും പാലങ്ങളും ഉള്‍പ്പെടെയുള്ള നിര്‍മിതികള്‍ ജലഗതാഗതത്തിന് അനുയോജ്യമായി നവീകരിക്കുന്നതിനുള്ള ക്ലാസ്സിഫിക്കേഷന്‍ നടത്തുകയും മൂന്നു ഘട്ടങ്ങളായി കനാല്‍ വികസനം നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഒന്നാം ഘട്ടത്തില്‍ നിലവിലുളള കനാലുകള്‍ ലഭ്യമായ വീതിയില്‍ ആഴം കൂട്ടി ഗതാഗത യോഗ്യമാക്കി. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച ഭൂമി ഏറ്റെടുത്ത് കനാലുകളുടെ വീതി വര്‍ദ്ധിപ്പിച്ച് ദേശീയ ജലപാതാ നിലവാരത്തില്‍ കനാല്‍ നിര്‍മാണം 2022ല്‍ അവസാനിക്കുന്ന രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കും. 2025ല്‍ അവസാനിക്കുന്ന 3-ാം ഘട്ടത്തില്‍ പശ്ചിമതീര കനാലിന്റെയും ഫീഡര്‍ കനാലുകളുടെയും നിര്‍മാണം പൂര്‍ത്തീക്കരിക്കുവാന്‍ കഴിയും.

ഉയര്‍ന്ന മൂലധന ചെലവ് വരുന്ന കനാല്‍ ഭാഗങ്ങള്‍ നിര്‍മിക്കുന്നതിന് കിഫ്ബിയില്‍ നിന്നും ധനസഹായം ലഭ്യമാക്കുന്നതിനായി എസ്.പി.വി കമ്പനിയായ കെ.ഡബ്ല്യു.ഐ .എല്‍ ആണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നഗരങ്ങളിലൂടെ കടന്നു പോകുന്ന കനാല്‍ഭാഗങ്ങള്‍ എല്ലാം തന്നെ കയ്യേറ്റത്താല്‍ വികസനം നടപ്പിലാക്കുവാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആയിരുന്നു. കൂടാതെ നഗരങ്ങളില്‍ നിന്നുളള ഖരദ്രവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ഇടങ്ങളായി കനാലുകള്‍ മാറിയിരുന്നു. തിരുവനന്തപുരം, വര്‍ക്കല, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളില്‍ കനാല്‍ നാശോന്മുഖമായിരുന്നു. 

പുനരധിവാസം നടപ്പിലാക്കി സ്ഥലങ്ങള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനമാണ് ഈ സര്‍ക്കാര്‍ നടപ്പാക്കിയത്. അങ്ങനെ വര്‍ക്കലയില്‍ 60 കുടുംബങ്ങളെ 600 ലക്ഷം രൂപ ചെലവില്‍ പുനര്‍ഗേഹം പദ്ധതി വഴി പുനരധിവസിപ്പിക്കുന്നു. മറ്റു സ്ഥലങ്ങളിലും ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള പുനരധിവാസ പ്രവര്‍ത്തനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

മാലിന്യനിക്ഷേപം തടയുന്നതിന് കോര്‍പ്പറേഷനുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും വലിയ പങ്കുണ്ട്. മാലിന്യപ്രശ്‌നം പരിഹരിക്കാനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക, കനാല്‍ പാര്‍ശ്വങ്ങളില്‍ കമ്പിവല സ്ഥാപിക്കുക, മാലിന്യനിക്ഷേപം തടയുന്നതിന് ബോധവല്‍ക്കരണം നടത്തുക എന്നീ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ദ്രവമാലിന്യങ്ങള്‍ തടയുന്നതിന് സെപ്റ്റിക് ടാങ്ക് നിര്‍മിച്ച് നല്‍കുന്നതിനും പദ്ധതിയുണ്ട്. പാര്‍വതീ പുത്തനാറില്‍ വളളക്കടവ് ഭാഗത്ത് 34 കുടുംബങ്ങള്‍ക്ക് സിയാലിന്റെ ഫണ്ട് ഉപയോഗിച്ച്  സെപ്റ്റിക് ടാങ്ക് നിര്‍മിച്ചു നല്‍കി. 308 കുടുംബങ്ങള്‍ക്ക് ശുചിത്വമിഷന്‍ ഫണ്ട് ഉപയോഗിച്ച് സെപ്റ്റിക് ടാങ്ക് നിര്‍മിക്കുവാന്‍ കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. പലവിധ എതിര്‍പ്പുകളെ തരണം ചെയ്ത് കൊല്ലം നഗരത്തിലെ കൊല്ലം തോടിന്റെ ഒന്നാംഘട്ട നവീകരണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

(സംസ്ഥാന മുഖ്യമന്ത്രിയുടെ എഫ് ബി പോസ്റ്റില്‍ നിന്ന്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story