EDITORIAL

സ്റ്റാർട്ടപ്പ് സ്വപ്നങ്ങൾ ഉയർന്ന് പറക്കട്ടെ - ന്യൂഏജ് എഡിറ്റോറിയൽ

Newage News

19 Oct 2020

ഫ്ളിപ്കാർട്ടും, ബൈജൂസും, ബിഗ് ബാസ്കറ്റുമൊക്കെ ഉഴുതു മറിച്ച ഇന്ത്യൻ സ്റ്റാർട്ടപ്പ് ലോകത്ത് ഇതാ മറ്റൊരു വിജയ ഗാഥ. ഡ്രീം 11 എന്ന ഫാൻ്റസി ഗെയിമിങ്ങ് പ്ലാറ്റ്ഫോം നടത്തുന്ന കുതിച്ച് അത്ഭുതപ്പെടുത്തുന്നതാണ്. അവരിതാ ബില്യൺ ഡോളർ ക്ലബ്ബിലും ഇടം പിടച്ചിരിക്കുന്നു. യൂണികോൺ പട്ടികയിൽ വരുന്ന ആദ്യ ഗെയിമിങ്ങ് കമ്പനി. 

ഐപിഎൽ സ്പാൺസർഷിപ്പ് കരാർ 222 കോടിക്ക് സ്വന്തമാക്കിയതിലൂടെ ഡ്രീം 11 വാർത്തകളിൽ നിറഞ്ഞു. ഇതോടെ ഇന്ത്യയുടെ ചെറു ഗ്രാമങ്ങളിൽ പോലും ഗെയിം തരംഗമായി. കളിക്കുന്നവരുടെ എണ്ണം കുതിച്ചുയർന്നു. 2008 ൽ ഹർഷ് ജെയിനും, ഭവിത് ഷേത്തും ചേർന്ന് തുടങ്ങിയ സ്പോർട്സ് കമ്പനി 2018 ഓടെ ചുവടുറപ്പിച്ചു. കോവിഡ് ലോക് ഡൗൺ, ഈ ഗെയിമിങ്ങ് പ്ലാറ്റ്ഫോമിൻ്റെ യൂസർ ബേസ് വലിയ തോതിൽ വർധിപ്പിച്ചു. 

ഗെയിമും, ചാറ്റും ഒക്കെ ചേർന്ന പ്ലാറ്റ്ഫോമായി തുടങ്ങിയ ഡ്രീം 11 ആ ഫോർമുല വിജയമല്ലെന്ന തിരിച്ചറിവിൽ ഫാൻറസി ഗെയിമിലേക്ക് ചുവടുമാറ്റുകയായിരുന്നു. ആരംഭ ഘട്ടത്തിൽ പരസ്യമായിരുന്നു മുഖ്യ വരുമാനം. സൗജന്യമായി കളിക്കാം. ചെറിയ യുസർ ഫീയുമായി ഫാൻറസി ഗെയിംസിൽ ഊന്നിയതോടെ ഡ്രീം11 ഹിറ്റായി. നിക്ഷേപം ഒഴുകിയെത്താൻ തുടങ്ങി. ധോനി ബ്രാൻഡ് അംബാസഡറായി വന്നു. ഒടുവിൽ ബൈജുസിനെ മറികടന്ന് ഐപിഎൽ സ്പോൺസർഷിപ്പ് കരാറും പിടിച്ചെടുത്തതോടെ വ്യവസായ ലോകത്ത് വലിയ ചർച്ചാ വിഷയമായി. ഹർഷിൻ്റെയും, ഭവിത്തിൻ്റെയും കമ്പനി ഡ്രീം 11 കൂടാതെ ഫാൻ കോഡ്, ഡ്രീം 10, ഡ്രീം സെറ്റ് ഗോ, ഡ്രീം പേ എന്നീ ബ്രാൻഡുകളും ഒരു വ്യാഴവട്ടം കൊണ്ട്  വളർത്തിയെടുത്തു. 

2011 ൽ തുടങ്ങിയ സൂം എന്ന ഇൻ്ററാക്ടീവ് വീഡിയോ പ്ലാറ്റ്ഫോം കോവിഡിൽ നേട്ടം കൊയ്ത ആഗോള കമ്പനികളിൽ ഒന്നാണ്.

മഹാമാരിയുടെ പശ്ചാത്തലത്തിൽ പല പരമ്പരാഗത മേഖലകളും തിരിച്ചടി നേരിട്ടപ്പോൾ കമ്യൂണിക്കേഷൻ, ഗെയിമിങ്, ഇ കൊമേഴ്സ്, ഡിജിറ്റൽ മാർക്കറ്റിങ്ങ് തുടങ്ങിയ മേഖലകൾ ഉദിച്ചു. കമ്യൂണിക്കേഷനിൽ സൂം എങ്കിൽ ഗെയിമിങ്ങിൽ ഡ്രീം 11.  കേരളത്തിലെ സ്റ്റാർട്ടപ്പ് ലോകത്തും ഭാവി പ്രതീക്ഷകളായ കമ്പനികളിലേക്ക് നിക്ഷേപം പ്രവഹിക്കുകയാണ്. ഏറ്റവും ഒടുവിൽ ഫ്രഷ്ടു ഹോം. അമേരിക്കന്‍ സര്‍ക്കാരിന് കീഴിലുള്ള ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍  'ഫ്രഷ് ടു ഹോമി'ല്‍ നിക്ഷേപം നടത്താൻ പോകുന്നു. ഇതടക്കം 900 കോടിയുടെ നിക്ഷേപമാണ് വരുന്നത്. ബൈജൂസ് വീണ്ടും വീണ്ടും വിസ്മയിപ്പിക്കുകയാണ്. ഏറ്റവും ഒടുവിൽ നിക്ഷേപിക്കുന്നത്  റഷ്യൻ-ഇസ്രായേലി ശതകോടീശ്വരനായ യൂറി മിൽനേർ. 3000 കോടിയുടെ നിക്ഷേപം.

മലയാളിയായ ഹരിമേനോൻ തുടങ്ങിയ ബിഗ് ബാസ്കറ്റെന്ന യൂണികോൺ സ്റ്റാർട്ടപ്പിൽ ടാറ്റ നിക്ഷേപത്തിന് തയ്യാറെടുക്കുന്നു. 

ആശുപത്രികൾക്കും മറ്റ് ആരോഗ്യ സേവന ദാതാക്കൾക്കുമുള്ള ഇന്റലിജന്റ് പേഷ്യന്റ് റിലേഷൻഷിപ്പ് മാനേജ്മെന്റ്  സംവിധാനമൊരുക്കുന്ന ബെസ്റ്റ്ഡോക് എന്ന മലയാളി നവ സംരംഭത്തിൽ നിക്ഷേപം നടത്തുന്നത് ആക്സൽ പാർട്നേഴ്‌സ് ആണ്. ഇവർ ഫേസ്ബുക്കിൻ്റെ ആദ്യ കാല നിക്ഷേപകരാണെന്നോർക്കുക. നിക്ഷേപം നിറഞ്ഞൊഴുകിയ ഈ കമ്പനികളുടെ കോവിഡ് കാലത്തെ പ്രകടനം സമാനതകളില്ലാത്തതാണ്. ആ സെക്ടറുകളെ സസൂക്ഷ്മം നോക്കുക. ഭാവിയുടെ വലിയ സാധ്യതാ മേഖലകളാണ് അവയൊക്കെ.

ആഗോള വമ്പൻമാർക്കൊപ്പം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ പിടിച്ചു നിൽക്കുന്നു എന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെ. ആമസോണും, അലിബാബയും വിരാജിക്കുന്ന ഇ കോം വിപണിയിൽ ഇന്ത്യയുടെ ഫ്ളിപ്കാർട്ടും, സ്നാപ്ഡീലും, ബിഗ്ബാസ്കറ്റും വിജയം കൊയ്തു. ഒയോ ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പാണ്. സൊമാറ്റോയും, സ്വിഗിയും ഇതേ മണ്ണിൽ നിന്ന് തന്നെ. ഇവർ പല നഗരങ്ങളിലും യുബർ ഈറ്റ്സിനെ കടത്തി വെട്ടി. ഒലയാകട്ടെ യുബറിന് പലയിടത്തും വെല്ലുവിളി ഉയർത്തുന്നു. ഗൂഗിൾ പേ സർവവ്യാപിയാണ്. എന്നാൽ പേടിഎംൻ്റെ തലയെടുപ്പ് കുറയുന്നില്ല. ലൊജിസ്റ്റിക്സിൽ നിന്നുള്ള റിവിഗോയും, ഡെലിവറിയും ഇന്ത്യയുടെ ഡിഎച്ച്എൽ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. കാർവാലയും, പോളിസി ബസാറും സൂപ്പർ സ്റ്റാർട്ടപ്പുകളായി. ഖാൻ അക്കാദമിയുടെ ഇന്ത്യൻ വേർഷനായി ബൈജുസ് മാറി. സിറോദ ഒന്നാംകിട ഓൺലൈൻ ഷെയർ ട്രേഡിങ് പ്ലാറ്റ്ഫോമായി വളർന്നു. ഉഡാൻ മുൻനിര ബിടുബി പ്ലാറ്റ്ഫോമായി. അങ്ങനെ എണ്ണപ്പെട്ട നവ സംരംഭങ്ങളുടെ പറുദീസയായി ഇന്ത്യ മാറുകയാണ്. ബാംഗ്ലൂരും, ദില്ലിയും, പുനെയും, മുംബെയും - ഈ മുന്നേറ്റത്തെ നയിക്കുന്നു. അതേ സമയം

വ്യവസായങ്ങളോട് അയിത്തം കാണിക്കുന്ന കേരളം സ്റ്റാർട്ടപ്പ് രംഗത്ത് ഇന്ത്യയിൽ ഒന്നാമതെത്തി എന്നതും ശ്രദ്ധേയം. ഡ്രീം 11 ഇന്ത്യയിലെ നവ സംരംഭകർക്ക് നൽകുന്നത് പരിധികളില്ലാത്ത പ്രതീക്ഷയാണ്. അവരുടെ സ്വപ്നങ്ങൾക്ക് സ്വർണ ചിറകുകളാണ്. ഗെയിമിങ്ങിൽ ഇനി ഇന്ത്യയിൽ നിന്ന് സ്റ്റാർട്ടപ്പുകളുടെ ഒരു നീണ്ട നിര തന്നെ വരും. 

പുതിയ മേഖലകളിൽ നിന്ന് നിരവധി നുതന സംരംഭങ്ങൾ നാമ്പെടുക്കും. കോവിഡാനന്തര ലോകത്തെ ഇവർ നയിക്കും.ഗെയിമിംഗ് വലിയ സാധ്യതയുള്ള മേഖല - നിശ്ചല്‍ കപാഡിയ

എക്കാലത്തെയും മികച്ച ഗെയിമിംഗ് ആപ്പ് എന്ന് ഡ്രീം ഇലവനെ ഇപ്പോഴേ വിശേഷിപ്പിക്കുന്നത് അല്‍പ്പം നേരത്തെയായിപ്പോകും എന്ന് തോന്നുന്നു. ഓണ്‍ലൈന്‍ ലോകത്ത് രണ്ടോ മൂന്നോ സ്ഥാപനങ്ങളാകും ഇപ്പോഴും അടക്കിവാഴുക. ഗെയിമിംഗ് മേഖലയില്‍ ഇപ്പോള്‍ അതിലൊന്ന് ഡ്രീം ഇലവനാണ്. എതിരാളികള്‍ ചിലര്‍ ഉണ്ടെങ്കിലും ഇവരുടെ ഇന്നോവേഷനും മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയും നേട്ടമാകുന്നുണ്ട്. അവര്‍ക്ക് ഗുണകരമാകുന്ന ചില കാര്യങ്ങളുണ്ട്. ഒന്നാമതായി അവര്‍ ഉപയോഗപ്പെടുത്തുന്നത് ഇന്ത്യയില്‍ ഏറ്റവുമധികം കാണികളുള്ള ഒരു ടൂര്‍ണമെന്റാണ്. മറ്റൊന്ന്, ഇന്നത്തെ സാഹചര്യത്തില്‍ ആളുകള്‍ വീടുകളില്‍ ആയിരുന്നതിനാല്‍ അവര്‍ക്ക് കാളി കാണുവാനും ആപ്പ് ഉപയോഗിക്കുവാനും കൂടിതല്‍ സമയം കിട്ടുന്നു. അത് അവര്‍ക്ക് നേട്ടമാകും. അവസാനമായി, ഈ മേഖലയില്‍ അവര്‍ ഇതിനകം സ്ഥാപിച്ചിരിക്കുന്ന അപ്രമാദിത്വം അവര്‍ക്കു നേട്ടമായി മാറും. ഇക്കാര്യങ്ങള്‍ ഭാവിയിലും അവര്‍ക്ക് ഗുണകരമാകും. ഒരു റെഗുലേറ്ററി പ്രശ്‌നം ഭാവിയില്‍ ഉയര്‍ന്നുവരുമോ എന്നത് പ്രസക്തമാണ്. എന്തന്നാല്‍ നിലവില്‍ ഡ്രീം11 മുന്നേറുക തന്നെ ചെയ്യും.

ഞാന്‍ ഇത് കളിച്ചിട്ടില്ല. പക്ഷെ ഇതിനെക്കുറിച്ചു നന്നായി അറിയാം. കഴിവും ഭാഗ്യവും ചേര്‍ന്നതാണ് ഈ ഗെയിം. അതാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്.

ഗെയിമിംഗ് വലിയ സാധ്യയുള്ള മേഖലയാണ്. ഈ കാലഘട്ടത്തില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ രണ്ട് മേഖലകള്‍ ഗേമിങ്ങും എഡ്യൂക്കേഷനുമാണ്. വലിയ ഫണ്ടിംഗ് ഈ മേഖലകളിലേക്ക് എത്തുന്നുണ്ട്.

നമ്മുടെ ജനസംഖ്യയുടെ 0.4 ശതമാനം പേര് ഇതില്‍ പങ്കാളികളായി എന്നത് സത്യമാണെങ്കില്‍ അത് വലിയൊരു നേട്ടമാണ്. ഒരുപാട് മത്സരമുള്ള മേഖലയില്‍ ഒരു കമ്പനി മാത്രം വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്നു എന്നത് കാണിക്കുന്നത് ആ കമ്പനിയുടെ മികച്ച പ്രവര്‍ത്തനം തന്നെയാണ്.

കഴിഞ്ഞ ആറ് മാസത്തിനിടെ നിക്ഷേപകരുടെ മനോഭാവത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നേരത്തെ പുതിയ ആശയങ്ങളിലും, പ്രോജെക്ഷന്‍ കേന്ദ്രീകൃത ആശയങ്ങളിലും നിക്ഷേപിച്ചിരുന്നവര്‍ ഇപ്പോള്‍ കൃത്യമായ റെവന്യൂ മോഡലും ബിസിനസ് മോഡലും ഉള്ള ആശയങ്ങളിലെ നിക്ഷേപിക്കുന്നുള്ളു.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി വളരുകയാണ് ഇന്ത്യയില്‍. സ്റ്റാര്ട്ടപ്പ്‌സ് ആകും അതിലെ ഏറ്റവും വലിയ പങ്കാളികള്‍. അതിവേഗത്തില്‍ നമ്മുടെ ഡിജിറ്റല്‍ മേഖല വളരുന്നു. ഭാവി ശോഭനമാകുമെന്നതില്‍ സംശയം വേണ്ട. ഡ്രീം11 അതിന്റെയൊരു ട്രയ്‌ലര്‍ മാത്രമാണ്. യഥാര്‍ത്ഥ ചിത്രം ഇതുവരെ തുടങ്ങിയിട്ടില്ല.

(നീതി ആയോഗ് സ്റ്റാര്‍ട്ടപ്പ് മെന്റര്‍ ഓഫ് ചേഞ്ച് ആണ് ലേഖകന്‍)


ഒരുകോടി രൂപ മലയാളിക്ക് അടിച്ചപ്പോഴാണ് കളിയില്‍ വിശ്വാസം വന്നത് - സജി സുരേന്ദ്രന്‍

വളരെ ചെറുപ്പം മുതലേ ക്രിക്കറ്റ് വല്ലാതെ താല്പര്യമുള്ള ആളാണ് ഞാന്‍. ക്രിസികെട്ടുമായി ബന്ധമുള്ള എന്തിലേക്കും എത്തിനോക്കുന്ന ഒരു സ്വഭാവവും ഉണ്ട്. അതുകൊണ്ടാണ് ഡ്രീം11 വന്നപ്പോള്‍ ഒന്ന് കളിച്ചു നോക്കിയത്. അങ്ങനാണ് അതില്‍ സാമ്പത്തികനേട്ടം ഉള്‍പ്പെടെയുള്ള സാദ്ധ്യതകള്‍ കണ്ടെത്തുന്നത്. മൂന്ന് വര്‍ഷം തുടര്‍ച്ചയായി ഇതില്‍ കളിച്ചു. സുഹൃദ്വലയത്തിലേക്കും ഇതിനെകുറിച്ച് പറഞ്ഞുകൊടുത്തു. അവരും കളിയ്ക്കാന്‍ തുടങ്ങി. വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങി ടീം പ്രവചനം ഉള്‍പ്പെടെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഐപിഎല്ലിനെക്കാള്‍ അധികമായി ഞാന്‍ കളിച്ചിരുന്നത് ഇന്ത്യക്ക് പുറത്തുള്ള ചില ടൂര്‍ണമെന്റുകള്‍ ആയിരുന്നു. കാരണം അവിടെ ഒരുപാട് പേര് മത്സരിക്കാന്‍ ഉണ്ടാകില്ല. മാത്രമല്ല, ഒരു കോടി സമ്മാനത്തുകയുള്ള മത്സരത്തേക്കാള്‍ ഞാന്‍ കളിച്ചിരുന്നത് സുതാര്യമെന്ന എനിക്ക് കുറച്ചുകൂടി തോന്നിയിരുന്ന അഞ്ചോ ആറോ പെരുമായുള്ള കളികളായിരുന്നു. അത് കളിച്ചാല്‍ എതിരാളികളുടെ ടീം നമുക്ക് കാണാനാകുമായിരുന്നു. ഒരുകോടി രൂപ മലയാളിക്ക് അടിച്ചപ്പോഴാണ് ആ കളിയില്‍ ഒരു വിശ്വാസം വന്നത്. എങ്കിലും ഇപ്പോഴും ചില സംശയങ്ങള്‍ ഉണ്ട്. 2 വര്‍ഷമായി ഞാന്‍ ഇത് കളിക്കുന്നില്ല. കാരണം എന്റെ ഒരുപാട് സമയം ഇതിന്റെ പുറകെ നടന്ന് നഷ്ടമാകുന്നു.

നേരത്തെ ടോസിന് മുമ്പ് ടീം ക്രീയെറ്റ് ചെയ്യുന്നത് നിര്‍ത്തുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനല്ല. ടോസ് കഴിഞ്ഞു ഫസ്റ്റ് ബോള്‍ വരെ നമുക്ക് ടീം എഡിറ്റ് ചെയ്യാനാകും. അതോടെ എനിക്കതിലുള്ള താല്പര്യം നഷ്ടമായി. ഇതിന്റെ സത്യസന്ധത ചില സമയങ്ങളില്‍ സംശയകരമായി ഉയര്‍ന്നുവരാറുണ്ട്.

ഈ വര്‍ഷം ഇതില്‍ കൂടുതല്‍ പേര് ചേര്‍ന്നിട്ടുണ്ടാകും. ഇനി കൂടുതല്‍ പോപ്പുലര്‍ ആകാനും സാധ്യതയുണ്ട്. പഠിക്കുന്ന കാലഘട്ടത്തില്‍ പോലും ഞാന്‍ ഇത്രയധികം സമയം ചെലവഴിച്ചിട്ടുണ്ടാകില്ല. എന്നാല്‍ ജോലിയിലുള്‍പ്പെടെ ശ്രദ്ധിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് ഞാന്‍ ഇത് അവസാനിപ്പിച്ചത്. വല്ലാത്ത മാനസികാവസ്ഥയാണ് ഈ ഗെയിം കളിക്കുമ്പോള്‍ ഉണ്ടാകുക. 49 രൂപ കൊടുത്ത് ചേരുന്നവര്‍ക്ക് ഒരു സുപ്രഭാതത്തിലൊരു കോടി രൂപ വരെ കിട്ടുക എന്നത് ചെറിയ കാര്യമല്ല.

(സിനിമ സംവിധായകനും, ക്രിക്കറ്റ് താരവുമാണ്)


മൈന്‍ഡ് പവര്‍ കൂടി ഉപയോഗിച്ചാല്‍ ഫലം ഉണ്ടാകും - സന്തോഷ് ജോസഫ് കെ

ഇത് ഒരു പരിധി വരെ പ്രവചിക്കാനാകും. എന്നാല്‍ മൈന്‍ഡ് ടെക്നിക് പെട്ടന്ന് ചെയ്യാവുന്ന ഒന്നല്ല. അതിന് നല്ല തയ്യാറെടുപ്പ് വേണം. അങ്ങനെ ചെയ്താല്‍ മികച്ച നേട്ടമുണ്ടാക്കാം. ഈ പ്രോസസ്സ് അവരവര്‍ സ്വയം ചെയ്യണം. എങ്കിലേ അതിന്റെ റിസള്‍ട്ട് കിട്ടു. ക്രിക്കറ്റിനെക്കുറിച്ച് അവഗാഹമുള്ള വ്യക്തിക്ക് മൈന്‍ഡ് പവര്‍ കൂടി ഉപയോഗിച്ചാല്‍ ഫലം ഉണ്ടാകും. കൂടുതല്‍ ഇന്‍വോള്‍വ്‌മെന്റ് ആവശ്യമാണ്.

നന്നായി ഏകാഗ്രത കൈവരിക്കുവാന്‍ സാധിക്കുമെങ്കില്‍ ആ സമയത്തുണ്ടാകുന്ന തോന്നലുകള്‍ ഒരു പരിധി വരെ ശരിയായേക്കാം. ഇന്ന വ്യക്തി എന്നത് മനസ്സില്‍ വെച്ചുകൊണ്ട് ഒരു പ്രെഡിക്ഷന്‍ നടത്തിയാല്‍ തെറ്റിയേക്കാം.

കൂടുതല്‍ സ്പെഷലൈസ് ചെയ്ത് കോണ്‍സെന്‍ട്രേറ്റ് ചെയ്താല്‍ മികച്ച വിജയം ഈ കളിയില്‍ നേടാനാകും. എല്ലാ മനുഷ്യര്‍ക്കും മൈന്‍ഡ് പവര്‍ ഉണ്ട്. ഇത് ശരിയായി പരിശീലനം നല്‍കിയാല്‍ അവരുടെ വിജയ ശതമാനം എന്തായാലും വര്‍ധിക്കും.

(കോസ്മിക് എനര്‍ജി പ്രോഗ്രാം ഫൗണ്ടറാണ്. അറിയപ്പെടുന്ന യു ട്യൂബറാണ്)


സാധ്യതകളെ ഡ്രീം11 നന്നായി ഉപയോഗപ്പെടുത്തി - ദീപക് റോയ്

ഇത് നിലവില്‍ ഉള്ളൊരു ബിസിനസ് മോഡല്‍ തന്നെയാണ്. വിദേശങ്ങളില്‍ എല്ലാം വ്യാപകമായി. പക്ഷെ അവിടെയെല്ലാം ഒരു സ്വതന്ത്ര റെഗുലേറ്ററി ബോഡി ഉണ്ടാകും നിയന്ത്രിക്കാന്‍. അത്തരമൊരു മോഡല്‍ ഇവിടെ നടപ്പാക്കി വിജയിച്ചു എന്നതില്‍ വലിയ അതിശയമില്ല. എന്നാല്‍ സ്വാഭാവികമായും കാലം കഴിയുന്തോറും ഇതിലുള്ള താല്പര്യം ആളുകള്‍ക്ക് കുറയും. സ്‌പോര്‍ട്‌സിനോട് താല്പര്യം കൂടുമ്പോള്‍ ഇതിനും ആവശ്യക്കാര്‍ ഉണ്ടാകും.

യുഎസില്‍ ഇതുപോലുള്ള ഗേമുകള്‍ വ്യാപകമായുണ്ട്. എന്നാല്‍ അത് ബേസ്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, അമേരിക്കന്‍ ഫുട്‌ബോള്‍ തുടങ്ങിയവയാണ് അവിടുത്തുകാര്‍ക്ക് പ്രിയം.

ഇന്ത്യയില്‍ ഇതിനുണ്ടായ വളര്‍ച്ച വലുതാണ്, അത്ഭുതാവഹമാണ്. സാധ്യതകളെ കമ്പനി നന്നായി ഉപയോഗപ്പെടുത്തി. ഇനിയും അത്തരം കമ്പനികള്‍ വരണം. അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടണം. നിലവിലുള്ളതിനേക്കാള്‍ വലിയ ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയില്‍ വരും എന്നാണ് എന്റെ പ്രതീക്ഷ.

(ഓപ്പണ്‍ വയര്‍ എന്ന ജിപിയു വെര്‍ചുലൈസേഷന്‍ അധിഷ്ഠിത ക്ളൗഡ് സഹസ്ഥാപകനും വൈസ് പ്രസിഡന്റുമാണ്)


പുതിയ കമ്പനികള്‍ ഈ മേഖലയിലേക്ക് കടന്നു വരണം - മുരളീധരന്‍ രാമസ്വാമി

എന്ത് തരം സ്റ്റാര്‍ട്ടപ്പ് ആയാലും അത് ഉപയോഗിക്കുന്ന ആളെ തൃപ്തിപ്പെടുത്താനാകുന്നില്ല എന്ന ഘട്ടത്തില്‍ അതിന്റെ പ്രസക്തി നഷ്ടമാകും. ഈ ഗേമില്‍ എത്രത്തോളം സുതാര്യത ഉണ്ടെന്ന് എനിക്കറിഞ്ഞുകൂടാ. ഞാന്‍ ഇതുവരെ ആ ഗെയിം കളിച്ചിട്ടില്ല. ഒരു സാച്ചുറേഷന്‍ പോയിന്റ് എത്തിക്കഴിഞ്ഞാല്‍ പിന്നീട് എന്താണ് സംഭവിക്കുക എന്നത് കാത്തിരുന്ന് കാണണം.

ഗെയിമിംഗ് റെഗുലേറ്ററി ബോഡിയോക്കെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമോ എന്നത് കണ്ടറിയണം. ഡ്രീം11നു നേട്ടമായ ചില ഘടകങ്ങളുണ്ട്. പ്രധാനമായും കൊറോണ സമയം തന്നെ. ഇതൊരു തരത്തില്‍ ചൂതാട്ടമാണ് എന്ന് തന്നെയാണ് അഭിപ്രായം.

ഒരു ബിസിനസ് തുടങ്ങിയതിന് ശേഷം അതില്‍ നിന്ന് റിട്ടേണ്‍ കാണിച്ചില്ലെങ്കില്‍ നിക്ഷേപകര്‍ അസ്വസ്ഥരാകും. 2008ല്‍ തുടങ്ങിയ ഡ്രീം11 ആദ്യകാലങ്ങളില്‍ അങ്ങനായിരുന്നു. ഇപ്പോഴാണ് അവരുടെ സമയം വന്നത്. അതിന് സഹായിച്ചത് ഇപ്പോഴത്തെ മഹാമാരിക്കൊപ്പം ഇന്ത്യയിലെ ടെക്‌നോളജി, ഇന്റര്‍നെറ്റ് വ്യാപനമാണ്.

പുതിയ കമ്പനികള്‍ ഈ മേഖലയിലേക്ക് കടന്നുവരണം. പുതിയ സാങ്കേതിക വിദ്യകളും.

(എന്‍ ഡൈമന്‍ഷന്‍ ഫൗണ്ടറും, മാനേജിങ് ഡയറക്ടറാണ്. നിരവധി ശ്രദ്ധേയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുടക്കം കുറിച്ചു)


ഗെയിമിംഗ് സെഗ്മെന്റില്‍ വലിയ വളര്‍ച്ചയുണ്ടാകും - നിഖില്‍ എം ദാസ്

ടെന്‍സെന്റ് പോലുള്ള വലിയ കമ്പനികള്‍ ഡ്രീം11ല്‍ നിക്ഷേപവുമായി വന്നത് തന്നെ ആ കമ്പനിയില്‍ താല്പര്യമുള്ളതുകൊണ്ട് തന്നെയാകും. ഇതിനെയൊരു ഫാന്റസി ഗെയിമിംഗ് ഉള്‍ക്കൊണ്ടിട്ടുള്ള അപ്പ്‌ളിക്കേഷനായി ആണ് ഞാന്‍ കാണുന്നത്. അതിനെ ഉപയോഗിച്ച് 100 മില്യണ്‍ ഉപഭോക്താക്കളിലൂടെ അവര്‍ ബിസിനസ് ചെയ്യുകയാണ്. 2008ല്‍ തുടങ്ങിയ ബിസിനസ് ആണിത്. ഞാന്‍ കുറച്ച വര്‍ഷങ്ങളെ ആയുള്ളൂ ഈ ആപ്പ് പരിചയപ്പെട്ടിട്ട്. കഴിഞ്ഞവര്‍ഷം കളിച്ചിരുന്നു, സമയപരിമിധി മൂലം ഈ വര്‍ഷം കളിക്കാനായില്ല. സാധാരണക്കാര്‍ക്കും കാല്‍ക്കാനാകുന്ന, വരുമാനം ഉണ്ടാക്കാനാകുന്ന ആപ്പ് എന്ന പേര് വന്നതോടെ അതൊരു ട്രെന്‍ഡ് ആയി.

സാധാരണ ഗെയിമിംഗ് ആപ്പ്‌ളിക്കേഷനുകള്‍ ഞങ്ങള്‍ ഇറക്കാറുണ്ട്. അത് ഒരാളെകൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്ത് കളിപ്പിക്കുവാന്‍ വലിയ ബുദ്ധിമുട്ടാണ്. പലരും ചോദിച്ചിട്ടുണ്ട്, ഡ്രീം11 പോലുള്ള അപ്ലിക്കേഷന്‍ എന്തുകൊണ്ട് നിങ്ങള്‍ ഇറക്കുന്നില്ല എന്ന്. പണം കിട്ടുന്നു എന്നത് ആളുകളെ ഇതിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നു. ചില റെഗുലേറ്ററി പ്രശ്‌നങ്ങളുണ്ട്. ചൂതാട്ടത്തിന്റെ സ്വഭാവം ഇത് കാണിക്കുന്നതുകൊണ്ട് തന്നെ പ്ലെസ്റ്റോറില്‍ ഈ ആപ്പ് ലഭ്യമല്ല. ആ തരത്തില്‍ ചിന്തിക്കുമ്പോള്‍ ഇതിന്റെ ഭാവിയില്‍ എനിക്ക് സംശയമുണ്ട്. കമ്പനിക്ക് കൃത്രിമം കാണിക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ല. അല്ലാതെ തന്നെ അവര്‍ക്ക് പണം ലഭിക്കുന്നുണ്ട്. എന്നാല്‍ വിശ്വാസ്യത കൂട്ടാന്‍ കളിക്കുന്നവരുടെ എണ്ണം പെരുപ്പിച്ചു കാണിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധ്യത തള്ളാനാകില്ല. എന്നാലും ആളുകള്‍ക്ക് പണം ലഭിക്കുന്നു, അവര്‍ക്ക് വിനോദവും ലഭിക്കുന്നുണ്ട്.

ഗെയിമിംഗ് സെഗ്മെന്റില്‍ വലിയ വളര്‍ച്ചയുണ്ടാകും. ഫാന്റസി ഗാമുകള്‍ ഇനിയും വരണം. ആരോഗ്യകരമായ മത്സരം ഉണ്ടാകണം. പുതിയ കമ്പനികള്‍ വരണം. നിക്ഷേപം ഉണ്ടാകണം.

വലിയ ചെലവുണ്ട് ഇത്തരം അപ്ലിക്കേഷന്‍ നിര്‍മിക്കാനും അത് നന്നായി നടത്തികൊണ്ട് പോകാനും. അത് ഡ്രീം11 നന്നായി ചെയ്യുന്നുണ്ട്. അടുത്ത വര്‍ഷത്തേക്ക് അവര്‍ പ്രതീക്ഷിക്കുന്നത് 250 മില്യണ്‍ ആണ്. ഇന്ത്യയിലെ ജനസംഖ്യ വെച്ച് അത് ചെറിയ സംഖ്യയാണ്. ഇന്ത്യക്കാരുടെ കമ്പനിയാണല്ലോ, അത് വളരട്ടെ.

(എക്‌സാടെക് ഇന്നോവേഷന്‍ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഫൗണ്ടറാണ് ലേഖകന്‍)


പുതിയൊരു ആശയമാണ്, കൂടുതല്‍ മെച്ചപ്പെടുത്താനാകും - ജോര്‍ജ് കുര്യയ്പ്

കോവിഡ് കാലത്ത് ടെന്‍ഷന്‍ ഒന്നുമില്ലാതെ ഈ കാലഘട്ടം പിന്നിടുവാന്‍ ഡ്രീം11 സഹായിച്ചു. ഇത് നേരത്തെ കണ്ടിട്ടുണ്ടെങ്കിലും ഓണ്‍ലൈന്‍ ഗേമുകളോട് പേടിയുണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ സൗരവ് ഗാംഗുലി പോലുള്ളവരുടെ പരസ്യങ്ങള്‍ കണ്ടപ്പോഴാണ് ഇതിനെക്കുറിച്ചു പഠിച്ചതും ശ്രമിച്ചു നോക്കിയതും. ഗഗനമായ ഗവേഷണം നടത്തിയാല്‍ മാത്രമാണ് ഒരു ടീമിനെ റെഡിയാക്കി മാറ്റുവാന്‍ സാധിക്കുക. ഓരോ കളിക്കാരനെയും അനലൈസ് ചെയ്ത് പൊയ്നുകള്‍ വെച്ച് ഒരു ടീം ഉണ്ടാക്കുക എന്നത് ഒരു അധ്വാനം തന്നെയാണ്. ഇതില്‍ ചൂതാട്ടത്തിന്റെ വശം ഇല്ല എന്ന് പറഞ്ഞുകൂടാ. എന്നാല്‍ ഐപിഎല്‍ ആകുമ്പോള്‍ കുറച്ചു ദിവസം കഴിഞ്ഞു അവസാനിക്കും എന്നത് ആശ്വാസമാണ്. അതല്ലെങ്കില്‍ ഒരുപാട് സമയനഷ്ടത്തിനും ഇത് കാരണമാകും.

പുതിയൊരു ആശയമാണ്, സ്റ്റാര്‍ട്ടപ്പാണ്. അത് കൂടുതല്‍ മെച്ചപ്പെടുത്താനാകും എന്നാണ് പ്രതീക്ഷ.

54 ലക്ഷം എന്‍ട്രിയുള്ള കളിയാണ് ഞാന്‍ കളിക്കുന്നത്. 49 രൂപയാണ് എന്‍ട്രി ഫീസ്. അതായത് ഇന്ത്യന്‍ ജനസംഖ്യയുടെ .50 ശതമാനം ആളുകളാണ് ഇതില്‍ ചേരുന്നത്. അത് വലിയ സംഖ്യയാണ്. ഇതില്‍ അകെ വരുമാനം 27 കോടി രൂപയാണ്. സമ്മാനമായി ഏകദേശം 21 കോടി ചെലവാകും. ബാക്കിയുള്ളത് അവരുടെ ലാഭമായി കണക്കാക്കാം. നിലവിലെ അവരുടെ വെബ്‌സൈറ്റിലെ കണക്കുകള്‍ പ്രകാരം ഏതാണ്ട് 70 കോടിയോളം രൂപ കമ്പനി നഷ്ടത്തിലാണ്. 

(മാത്തമാറ്റിക്‌സ് സ്റ്റാര്‍ട്ടപ്പ് ആയ 'മാത്ജിക്' ഫൗണ്ടറാണ്. കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ഡയറക്ടറുമാണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story