EDITORIAL

കിഫ്ബി വിജയകരമായ പരീക്ഷണം - ന്യൂഏജ് എഡിറ്റോറിയൽ

Newage News

20 Nov 2020

കിഫ്ബി ധനമന്ത്രി ഡോ. തോമസ് ഐസക്കിൻ്റെ ഒരു ഉട്ടോപ്യൻ ആശയമെന്നാണ് പരക്കെയുണ്ടായിരുന്ന ആദ്യ വിലയിരുത്തൽ. നാലര വർഷം പിന്നിടുമ്പോൾ കിഫ്ബി വലിയ ഇംപാക്ട് സൃഷ്ടിക്കുന്നു എന്നത് ആർക്കും നിഷേധിക്കാൻ കഴിയില്ല. കിഫ്ബിയെ ചൊല്ലി വിവാദങ്ങൾ കൊഴുക്കുമ്പോഴും പബ്ലിക് ഫിനാൻസിലെ ഈ ഇന്നവേഷൻ നന്നായി എന്ന് സമ്മതിക്കേണ്ടി വരും. കോർപ്പറേറ്റിൽ ധനസമാഹരണത്തിന് നിരവധി മാർഗങ്ങൾ അവലംബിക്കാറുണ്ട്. ക്യാപിറ്റൽ മെക്കാനിസം നിരന്തരം അവിടെ പുതുക്കുന്നു. എന്നാൽ സർക്കാർ ഫിനാൻസിൽ അങ്ങനെയൊന്നും സംഭവിക്കുന്ന പതിവില്ല. സാമ്പത്തിക വിദഗ്ധരായ - സാമ്പത്തിക ശാസ്ത്രവും, പബ്ലിക് ഫിനാൻസും നന്നായറിയുന്ന ധനമന്ത്രിമാർ ചില ശ്രമങ്ങൾ നടത്തിക്കാണാറുണ്ട്. മൻമോഹൻ സിങ്ങ് ധനമന്ത്രിയും, പ്രധാനമന്ത്രിയുമായിരിക്കെ സർക്കാർ വരുമാനം വർധിപ്പിക്കാൻ എടുത്ത ചില മുൻകൈകൾ ശ്രദ്ധേയം. സർക്കാർ ഫണ്ടിങ്ങിൽ ഓടിയിരുന്ന ഐഎസ്ആർഒ ലോകത്തെ ഏറ്റവും വലിയ സ്പേസ് സർവീസ് പ്രൊവൈഡറായി. മറ്റ് രാജ്യങ്ങളുടെ നൂറ് കണക്കിന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ തുടങ്ങി. സർക്കാരിന് പണം നൽകുന്ന സ്ഥാപനമായി ഐഎസ്ആർഒ മാറി. നിരവധി പൊതുമേഖലാ സേവന ദാതാക്കളെ സർക്കാരിൻ്റെ പണം തീനി സംസ്കാരത്തിൽ നിന്ന് മാറ്റിയത് ഈ മാതൃകയാണ്. 

നികുതി വരുമാനം കൊണ്ട് മാത്രം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് മുന്നോട്ട് നീങ്ങാൻ കഴിയാത്ത സാഹചര്യമുണ്ട്. കേരളത്തിൽ ശമ്പളവും, പെൻഷനും കൊടുത്തു കഴിഞ്ഞാൽ ഖജനാവ് കാലിയായി. വികസന പ്രവർത്തനങ്ങൾക്ക് കാശില്ലാത്ത സ്ഥിതി. ബജറ്റിൽ പ്രഖ്യാപനങ്ങൾ പലതും നടക്കും. പണമില്ലാതെ അതൊക്കെ അടുത്ത ബജറ്റിലേക്ക് നീങ്ങും. 

കിഫ്ബി ഈ സർക്കാരിൻ്റെ ആശയമല്ല. നായനാർ സർക്കാരിൻ്റെ കാലത്ത് വ്യവസായങ്ങൾക്ക് ഫണ്ടിങ് ലഭ്യമാക്കാൻ തുടങ്ങിയതാണ്. അന്ന് സുശീലാ ഗോപാലനാണ് വ്യവസായ മന്ത്രി.  പിണറായി സർക്കാർ വന്നപ്പോൾ അത് ധനമന്ത്രാലയത്തിന് കീഴിലാക്കി പുനസംഘടിപ്പിച്ചു. അങ്ങനെ കിഫ്ബി പിണറായി സർക്കാരിൻ്റെ തുറുപ്പുചീട്ടായി.  മസാല ബോണ്ടിറക്കി അത് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത് കിഫ്ബി വാർത്തകളിൽ നിറഞ്ഞു. 

2150 കോടി രൂപ മസാലബോണ്ട് വഴി സമാഹരിച്ചു.40,000 കോടിയുടെ പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകി. അംഗീകാരം ലഭിച്ചത് 816 പദ്ധതികൾക്ക്. ഭൂമി ഏറ്റെടുക്കലിനായി അനുവദിച്ച 20,000 കോടി കൂടി ചേർന്നാൽ മൊത്തം പദ്ധതികളുടെ മൂല്യം 60,000 കോടി കവിയും. എല്ലാ നിയോജക മണ്ഡലങ്ങൾക്കും പദ്ധതികൾ ലഭിച്ചു. ഗെയിൽ പൈപ്പ് ലൈൻ, പവർ ഹൈവേ, കെ ഫോൺ തുടങ്ങിയവക്കെല്ലാം കിഫ്ബി ഫണ്ട് ലഭ്യമായി.

അര ലക്ഷം ക്ലാസ് മുറികൾ ഹൈടെക് ആയി. 2849 കോടി സ്ക്കുളുകളുടെ പശ്ചാത്തല വികസനത്തിന് ചെലവിട്ടു. വിദ്യാഭ്യാസത്തിൽ മാത്രം 5000 കോടി ചെലവഴിച്ചു.  ആരോഗ്യ രംഗത്ത് 3000 കോടിയിലേറെ. ഹൈവേ വികസനത്തിൽ കിഫ്ബി റോൾ നിർണായകമായി. ഭൂമി ഏറ്റെടുക്കാൻ ആവശ്യമുള്ള തുകയുടെ 25 ശതമാനം ലഭ്യമാക്കുന്നത് അവരാണ്. കേരളത്തിൻ്റെ വികസന രംഗം ചലനാത്മകമായത് ഇങ്ങനെയൊക്കെയാണ്.

മസാലബോണ്ടിൽ നിന്ന് മാത്രമല്ല മറ്റ് ഉപാധികൾ വഴിയും കിഫ്ബി പണം സമാഹരിച്ചു. എല്ലാം കടം തന്നെ. പലിശ കൊടുക്കണം. വായ്പാ ബാധ്യതയുണ്ട്. സർക്കാരാണ് ഗ്യാരണ്ടിയർ. പണം തിരിച്ചടവിനുള്ള മാർഗവും കിഫ്ബി ആസൂത്രണം ചെയ്തിരുന്നു. വാഹന നികുതിയുടെ 50 ശതമാനവും, പെട്രോളിയം സെസും ആയിരുന്നു, മാർഗങ്ങൾ. 

വരുമാനം സൃഷ്ടിക്കുന്ന ളൊന്നും തന്നെ കിഫ്ബി തുടങ്ങിയില്ല. അതൊരു പരിമിതി തന്നെ.  ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ ഒട്ടൊക്കെ രാഷ്ട്രിയമാണ്. ഒരു നൂതന പബ്ലിക് ഫിനാൻസ് മെക്കാനിസം എന്ന നിലയ്ക്ക് കിഫ്ബി വിജയം തന്നെ. 

വിമർശനങ്ങളിൽ കാമ്പുണ്ടെങ്കിൽ തിരുത്തണം. പക്ഷെ സംവിധാനം തുടരണം. ധന സമാഹരണത്തിന്  കൂടുതൽ നൂതന മാർഗങ്ങൾ ഇനിയും വേണ്ടതാണ്. കിഫ്ബി പദ്ധതികളിൽ പകുതി വരുമാനം സൃഷ്ടിക്കുന്നത് കൂടിയാകട്ടെ.


കിഫ്ബി കേരളത്തിൻ്റെ വികസന ഗതി മാറ്റി - ഡോ. തോമസ് ഐസക്ക്

മസാലബോണ്ട് വഴി സമാഹരിച്ച 2150 കോടിയുടെ 90 ശതമാനവും വിനിയോഗിച്ചുകഴിഞ്ഞു. ഈ കണക്ക്​ റിസര്‍വ് ബാങ്കിനെ എല്ലാ മാസവും അറിയിക്കുന്നുമുണ്ട്. 40,102.51 കോടി രൂപയുടെ 816 പദ്ധതികള്‍ക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കിയത്. ഇതുകൂടാതെ പശ്ചാത്തലസൗകര്യ സൃഷ്ടിക്കുള്ള ഭൂമി ഏറ്റെടുക്കലിന്​ 20,000 കോടി രൂപയ്ക്കും അനുമതി നല്‍കി. അങ്ങനെ ആകെ 60,102.51 കോടി രൂപയാണ് കിഫ്ബി അംഗീകരിച്ച പദ്ധതികളുടെ മൂല്യം. 

ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി നിര്‍മാണത്തിലേയ്ക്ക് എത്തിയത് 433 പദ്ധതികളാണ്. ഇതിന്റെ ആകെ മൂല്യം  16191.54 കോടി രൂപയാണ്. 388 പദ്ധതികള്‍ ടെണ്ടറിംഗ് നടപടി പുരോഗമിക്കുകയാണ്. കിഫ്ബിയുടെ കൈമുദ്ര പതിയാത്ത ഒരു നിയോജക മണ്ഡലവും ഇന്ന് കേരളത്തില്‍ ഇല്ല. ഇതുകൊണ്ടാണ് കിഫ്ബിയെന്നത് ആകാശകുസുമമാണെന്ന് ഒരിക്കല്‍ പറഞ്ഞവര്‍ ആ കണ്‍സപ്റ്റിനെ ഞങ്ങള്‍ അംഗീകരിക്കുന്നുവെന്നു തിരുത്തേണ്ടിവന്നത്. കിഫ്ബി തുടരുകതന്നെ ചെയ്യുമെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശവും അതീവപ്രാധാന്യമുള്ളതാണ്.

കേരളത്തിന്റെ ഹൈവേ വികസനം കിഫ്ബി ഇല്ലായിരുന്നുവെങ്കില്‍ മരീചികയായി തുടരുമായിരുന്നുവെന്ന വസ്തുത നാം അംഗീകരിക്കണം. ഭൂമി ഏറ്റെടുക്കലില്‍ തട്ടി തടസപ്പെട്ട ഹൈവേ വികസനം ഭൂമിക്ക്​ നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചതോടെയാണ് പുതുജീവന്‍ കൈവരിച്ചത്. പക്ഷെ അപ്പോഴേയ്ക്കും ദേശീയപാത അതോറിറ്റി ഒരു നിലപാടെടുത്തു. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം. 5374 കോടി രൂപയാണ് അതിനുവേണ്ടത്. ആ പണം നല്‍കാമെന്നു പറഞ്ഞ ഉറപ്പാണ് കിഫ്ബി. കേരളത്തിന്റെ വടക്കേ അറ്റത്തുനിന്നും പണി ആരംഭിച്ചിട്ടുള്ള പദ്ധതിക്ക് ഈ പണം നല്‍കുന്നത് കിഫ്ബിയാണ്.

വ്യവസായ വികസനത്തിനുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ഊര്‍ജ്ജക്ഷാമം. കൊച്ചി - ഇടമണ്‍ ലൈനിന്റെ കഥ ഓര്‍മയുണ്ടല്ലോ. ലൈന്‍ വലിക്കാൻ സ്ഥലം വിട്ടുകൊടുക്കാന്‍ ആളുകള്‍ തയ്യാറല്ല. ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കി സ്ഥലം ഏറ്റെടുക്കാന്‍ പണം നമ്മുടെ കൈയ്യിലുമില്ല. ഇവിടെ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചില്ലെങ്കില്‍ പുറത്തുനിന്നും വാങ്ങാം. പക്ഷെ, വൈദ്യുതി കൊണ്ടുവരാന്‍ അന്തര്‍സംസ്ഥാന ലൈനുകള്‍ വേണം. ഇങ്ങനെ വൈദ്യുതി വാങ്ങിക്കൊണ്ടുവന്ന് കേരളത്തിന്റെ ഒരു മൂലയില്‍ വച്ചിരുന്നാല്‍പ്പോരാ. എല്ലാ മുക്കിനും മൂലയിലേയ്ക്കും അത് എത്തിക്കാനുള്ള ശൃംഖല തീര്‍ക്കണം. നല്ല വോള്‍ട്ടതയിലും നഷ്ടമില്ലാതെയും എത്തുകയും വേണം.

ഇതിനും ആധുനിക പ്രസരണ-വിതരണ ലൈനുകള്‍ ഉണ്ടാവേണ്ടതുണ്ട്. എത്ര കാലമായി ഇത്തരമൊരു ശൃംഖലയായ ട്രാന്‍സ്ഗ്രിഡിനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇന്ന് ഈ പവര്‍ ഹൈവേ കേരളത്തില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ട്രാന്‍സ്ഗ്രിഡ് എന്ന പവര്‍ ഹൈവേ ശൃംഖലയ്ക്ക് കിഫ്ബി 5200 കോടി രൂപയാണ് മുതല്‍മുടക്കുന്നത്.

വിവരമിനിമയം എന്നത് ഇന്നത്തെ ലോകത്ത് ഒരു അവശ്യസര്‍വ്വീസായി മാറിയിട്ടുണ്ട്. നല്ല വേഗതയുള്ള ഇന്റര്‍നെറ്റ് ഇല്ലെങ്കില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാനാവാത്ത സ്ഥിതി. ഇന്റര്‍നെറ്റ് സൗകര്യത്തിന്റെ പ്രാധാന്യം ഇന്ന് കേരളത്തില്‍ ആരോടും പറയേണ്ടതില്ല. വിവരലഭ്യതയെന്നത് ആധുനിക ലോകത്തിന്റെ ഏറ്റവും അനിവാര്യമായ ഒരു സൗകര്യമാണ്. അത് താങ്ങാവുന്ന വിലയില്‍ ഗുണനിലവാരത്തോടെ എല്ലാവര്‍ക്കും കിട്ടണം. കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്തിലുള്ള ഇന്റര്‍നെറ്റ് സര്‍വ്വീസ് എത്തിക്കുന്നതിന് ആവശ്യമായ കേബിള്‍ ശൃംഖലയാണ് വാസ്തവത്തില്‍ കെ-ഫോണ്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇന്‍ഫര്‍മേഷന്‍ ഹൈവേ എന്നു പറയാം. ഈ ഇന്‍ഫര്‍മേഷന്‍ ഹൈവേയ്ക്ക് കിഫ്ബി മുതല്‍മുടക്കുന്നത് 1516.76 കോടി രൂപയാണ്.

ഗതാഗതത്തിനും ചരക്കു കടത്തിനും ജലമാര്‍ഗ്ഗത്തിന്റെ പ്രാധാന്യം എടുത്തു പറയാത്ത ഒരു വികസന ചര്‍ച്ചയും കേരളത്തില്‍ ഉണ്ടായിട്ടില്ല. എ.പി.ജെ. അബ്ദുള്‍ കലാം നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ എടുത്തുപറഞ്ഞ പ്രധാന പദ്ധതിയാണ് കോട്ടപ്പുറം - ബേക്കല്‍ ജലപാത. ഈ വാട്ടര്‍ ഹൈവേ കിഫ്ബി മുതല്‍മുടക്കില്‍ ഇന്ന് അതിദ്രുതം പുരോഗമിക്കുകയാണ്.

മലയോര ഹൈവേയുടെ അടങ്കല്‍ 3500 കോടി രൂപയും തീരദേശ ഹൈവേയുടെ അടങ്കല്‍ 6500 കോടി രൂപയുമാണ്. ഇങ്ങനെ കേരളത്തെ അടിമുടി മാറ്റാനുതകുന്ന പശ്ചാത്തലസൗകര്യ സൃഷ്ടിക്കാണ് കിഫ്ബി പണം മുടക്കുന്നത്.

സാമൂഹ്യപശ്ചാത്തല സൗകര്യസൃഷ്ടിയിലെ കിഫ്ബി മുതല്‍മുടക്കും ശ്രദ്ധേയമാണ്. അരലക്ഷത്തിലധികം ക്ലാസ് മുറികളാണ് കിഫ്ബി മുതല്‍മുടക്കില്‍ ഹൈടെക്കായി മാറിയത്. സ്‌കൂള്‍ ഹൈടെക് പരിപാടിക്ക് കിഫ്ബി മുടക്കിയ പണം 493.50 കോടി രൂപയാണ്. സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യ സൃഷ്ടിക്കുള്ള മുതല്‍മുടക്ക് 2849.01 കോടി രൂപയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്ത് 1327.16 കോടി രൂപയാണ് മുതല്‍ മുടക്കുന്നത്.

ആരോഗ്യ രംഗത്തിന്റെ സമഗ്രമായ മാറ്റത്തിനു കിഫ്ബി മുതല്‍മുടക്കുന്നത് 3178.02 കോടി രൂപയാണ്.

കുണ്ടന്നൂരും വൈറ്റിലയും കൊച്ചി ക്യാന്‍സര്‍ സെന്ററും എറണാകുളം ജനറല്‍ ആശുപത്രിയും മലബാര്‍ ക്യാന്‍സര്‍ സെന്ററും റെയില്‍ മേല്‍പ്പാലങ്ങളും അസംഖ്യം റോഡുകളും പാലങ്ങളുമായി കിഫ്ബിയുടെ കൈമുദ്ര പതിയാത്ത ഒരു പ്രദേശവും ഇന്നു കേരളത്തില്‍ ഇല്ല. കുടിവെള്ള പദ്ധതികള്‍ക്കായി കിഫ്ബി മുതല്‍മുടക്ക് 5177.57 കോടി രൂപയാണ്. കെ-ഫോണ്‍ ഒഴികെയുള്ള ഐ.ടി വികസത്തിന് 351.13 കോടി രൂപ, വ്യാവസായിക പശ്ചാത്തല സൗകര്യ വികസനത്തിന് 15026.63 കോടി രൂപ. ഇങ്ങനെ നാളത്തെ കേരളത്തെ നിര്‍വ്വചിക്കുന്ന ഒരു സംവിധാനമായി കിഫ്ബി രൂപാന്തരപ്പെട്ടിരിക്കുന്നു.

2000 ജനുവരി 18 നാണ് 1999 ലെ കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി ആക്ട് വിജ്ഞാപനം ചെയ്തത് (The Kerala Infrastructure Investment Fund Act 1999). ഇത്തരമൊരു അടിസ്ഥാന നിക്ഷേപ നിധി രൂപീകരിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് നിയമത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്.

‘‘സംസ്ഥാനത്ത് അടിസ്ഥാനസൗകര്യ പദ്ധതികളില്‍ പണം മുടക്കുന്നതിന് ഒരു നിധി രൂപീകരിക്കുന്നതിനും അതുമായി ബന്ധപ്പെട്ടതോ അതിന് ആനുഷംഗികമായതോ ആയ സംഗതികള്‍ക്കും വ്യവസ്ഥ ചെയ്യുന്നതിനുള്ള ഒരു ആക്ട്''.

1999 ലെ ഈ നിയമത്തില്‍ ഇതിന് ആവശ്യമായ പണം എങ്ങനെയാണ് സമാഹരിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റുകളും അഡ്വാന്‍സുകളും വായ്പകളും കിഫ് ബോര്‍ഡ് കടപ്പത്രങ്ങളോ ബോണ്ടുകളോ പുറപ്പെടുവിച്ചും മറ്റുവിധത്തിലോ വായ്പകള്‍ സ്വരൂപിച്ചും ആണ് ഈ ഫണ്ട് സമാഹരിക്കേണ്ടതെന്ന് നിയമം വ്യക്തമായി പറയുന്നു. വായ്പകള്‍ക്ക് സര്‍ക്കാരിന്റെ ജാമ്യം നല്‍കുന്നതിനുള്ള വ്യവസ്ഥയും മൂലനിയമത്തില്‍ തന്നെ ഉണ്ടായിരുന്നു.

2016 ലെ സമഗ്ര നിയമഭേദഗതിക്കുമുമ്പ് കിഫ്ബിയുടെ പ്രവര്‍ത്തനം പരിമിതമായിരുന്നു. 1999- 2003 കാലയളവില്‍ മൂന്നു തവണ കിഫ്ബി വായ്പ എടുത്തിട്ടുണ്ട്. 31-12-1999ല്‍ 507.06 കോടി രൂപ വായ്പയെടുത്തു. 13.25 ശതമാനമായിരുന്നു പലിശ. 30-04-2002ല്‍ 10.5 ശതമാനം പലിശയ്ക്ക് മറ്റൊരു 10.74 കോടി രൂപ വായ്പ എടുത്തു. 31-05-2003ല്‍ 11 ശതമാനം പലിശയ്ക്ക് 505.91 കോടി രൂപകൂടി വായ്പ എടുത്തു. ഈ പണമെല്ലാം ട്രഷറിയില്‍ നിക്ഷേപിക്കുകയാണ് ചെയ്തത്. കിഫ്ബി ഏതെങ്കിലും പശ്ചാത്തലസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നടപ്പിലാക്കുന്ന രീതി ഉണ്ടായിരുന്നില്ല.

2016 ആയപ്പോഴേയ്ക്കും സംസ്ഥാനത്തിന്റെ ധനസ്ഥിതി നിര്‍ണായക വഴിത്തിരിവില്‍ എത്തിയിരുന്നു. നികുതി വരുമാന വര്‍ദ്ധനവിന്റെ ഗ്രാഫ് താഴേക്ക് വരുന്ന ഒരു ചിത്രമാണ് ഉണ്ടായിരുന്നത്. ജി.എസ്.ടി നികുതി സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ അനിശ്ചിതത്വങ്ങളും ആവലാതികളും നിറഞ്ഞൊരു സമയമായിരുന്നു ഈ ഘട്ടം. സംസ്ഥാനത്തിന്റെ നിത്യദാന ചെലവുകള്‍ക്കപ്പുറം മൂലധന നിക്ഷേപത്തില്‍ വലിയൊരു കുതിച്ചുചാട്ടം ഉണ്ടാക്കണമെങ്കില്‍ ഒരു ബദല്‍ മാര്‍ഗ്ഗം തേടിയേ മതിയാകൂ എന്ന അവസ്ഥ വന്നുചേര്‍ന്നു.

സംസ്ഥാനത്തിന്​ സഹജമായി ചില ശക്തികളുണ്ട്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം ഇവയിലെല്ലാമുള്ള വലിയ നേട്ടങ്ങള്‍, അത് ജനജീവിതത്തില്‍ ഉണ്ടാക്കിയ പുരോഗതി ഇവയൊക്കെ പുതിയകാലത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കുകയും സ്ഥായിയാവുകയും ചെയ്യുന്ന പാകത്തില്‍ പതിന്മടങ്ങ് മെച്ചപ്പെടണം. പശ്ചാത്തല സൗകര്യ സൃഷ്ടിക്ക് വലിയ തോതില്‍ മുതല്‍മുടക്ക് വേണ്ടിവരുന്ന ഒരു വെല്ലുവിളിയായിരുന്നു ഇത്. 

സ്‌കൂളുകള്‍, ആശുപത്രികള്‍, റോഡുകള്‍, കുടിവെള്ള പദ്ധതികള്‍, വൈദ്യുതിവിതരണം ശൃംഖലകള്‍, വിവരവിനിമയ സങ്കേതങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍, ഐ.ടി പശ്ചാത്തല സൗകര്യ സൃഷ്ടി ഇങ്ങനെ നാടിനെ നാളേയ്ക്കായി ഒരുക്കാന്‍ വേണ്ട പശ്ചാത്തലസൗകര്യ സൃഷ്ടിക്ക് വലിയ തോതില്‍ മുതല്‍മുടക്ക് വേണ്ടിയിരുന്നു. ഇതേസമയത്തുതന്നെ കിഫ്ബി പോലുള്ള സ്റ്റാറ്റ്യൂട്ടറി ബോഡികള്‍ക്കും മറ്റും വായ്പകള്‍ സമാഹരിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ ‘സെബി’യും റിസർവ്​ബാങ്കും മാറ്റം വരുത്തുകയും ചെയ്തു.

ഇതനുസരിച്ച്​ ആധുനിക ധനവിപണിയിലെ നവീനങ്ങളായ ഇന്‍സ്ട്രമെന്റുകള്‍ ഉപയോഗപ്പെടുത്തി ധനം സമാഹരിക്കാമെന്ന സ്ഥിതിയുമുണ്ടായി. ഈ പുതിയ സാഹചര്യത്തിന് ഉതകുംവിധം കിഫ്ബിയെ പുതുക്കിപ്പണിയുക എന്നതായിരുന്നു 2016 ല്‍ സര്‍ക്കാരിന്റെ മുന്നിലുണ്ടായിരുന്ന ദൗത്യം. ഇതിനുവേണ്ടിയാണ് കിഫ്ബി നിയമത്തില്‍ സമഗ്രമായ ഭേദഗതി കൊണ്ടുവന്നത്. ചുവടെപ്പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനപരമായി വ്യത്യാസപ്പെടുത്തിയത്.

ആധുനിക ധന വിപണിയിലെ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ‘സെബി’യും ആര്‍.ബി.ഐയും അംഗീകരിച്ച ബോണ്ടുകള്‍, ഡിബഞ്ചെറുകള്‍, മറ്റ് ഇന്‍സ്ട്രമെന്റുകള്‍ എന്നിവ ഉപയോഗപ്പെടുത്തി ധനസമാഹരണം നടത്തുന്നതിന് ബോര്‍ഡിനെ പ്രാപ്തമാക്കുക.

ധനകാര്യം, ബാങ്കിംഗ്, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ച് വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള സ്വതന്ത്ര അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ബോര്‍ഡ് സമഗ്രമായി പുനസംഘടിപ്പിച്ചു. ധനമന്ത്രി ചെയര്‍മാനായി മൂന്ന് സ്വതന്ത്ര അംഗങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്ന എക്‌സിക്യുട്ടീ കമ്മിറ്റിയും രൂപീകരിച്ചു.

മോട്ടോര്‍ വാഹന നികുതിയുടെ 50 ശതമാനവും പെട്രോളിയം സെസും കിഫ്ബിക്ക് സര്‍ക്കാര്‍ നല്‍കണമെന്ന് നിയമപരമായി വ്യവസ്ഥ ചെയ്തു. വായ്പയാ തിരിച്ചടവ് സുഖമമാക്കുന്നതിനുവേണ്ടി ഭാവി വരുമാനം ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു ഈ ഭേദഗതി.

കിഫ്ബി മുഖാന്തിരം സമാഹരിക്കുന്ന ധനം സംസ്ഥാന സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ക്ക് ഉപയോഗപ്പെടുത്തുന്നില്ലായെന്ന് ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകള്‍ കൊണ്ടുവന്നു. കിഫ്ബിയുടെ വരുമാനം ഏത് തരത്തില്‍ നിക്ഷേപിക്കണമെന്ന കര്‍ശനമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി.

കിഫ്ബി പ്രോജക്ടുകള്‍ തെരഞ്ഞെടുക്കുന്നതും നടപ്പിലാക്കുന്നതും സംബന്ധിച്ച് വിശദമായ വ്യവസ്ഥകള്‍ക്കും രൂപം നല്‍കി.

(സംസ്ഥാന ധനമന്ത്രി)


കിഫ്‌ബി പോലുള്ള നൂതന മാർഗങ്ങൾ ഉണ്ടായേ മതിയാകു - ജോർജ് ജോസഫ് 

കേരളത്തിന്റെ റെവന്യൂ ചെലവുകൾ കുറെ കാലമായി ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. അതേസമയം നമ്മടെ വരുമാനം താഴേക്ക് പോകുകയും ചെയ്യുന്നു. കോവിഡ് കാലത്തു ചെലവ് വളരെയധികം കൂടി, പ്രത്യേകിച്ച് ആരോഗ്യമേഖലയിൽ ഉൾപ്പെടെ നാം കാര്യമായി പണം ചെലവഴിക്കുന്നുണ്ട്. എന്നാൽ ഇങ്ങനെ സംഭവിക്കുമ്പോൾ മൂലധന ചെലവുകളെ അത് കാര്യമായി ബാധിക്കുന്നു. അത് വളരെ പണം ആവശ്യമുള്ള കാര്യമാണ്. എന്നാൽ ഈ ഘട്ടത്തിൽ മറ്റുള്ള രാജ്യങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുവാൻ ശ്രദ്ധിക്കുന്നതോടെ അങ്ങോട്ടേക്ക് നിക്ഷേപങ്ങൾ ഒഴുകിയെത്തും. നമ്മുടെ സംസ്ഥാനത്തിന്റെ അവസ്ഥയിൽ റെവന്യൂ ചെലവുകൾ കഴിഞ്ഞിട്ട് അടിസ്ഥാനസൗകര്യ വികസനത്തിനായി നിക്ഷേപിക്കുവാൻ പണം ഇല്ല. പുതിയ കണക്കനുസരിച്ചു മൂലധനച്ചെലവ് സംസ്ഥാന ജിഡിപിയുടെ മൂന്ന് ശതമാനത്തിനു താഴേക്ക് പോരുന്ന അവസ്ഥയാണുള്ളത്. ഈ പ്രശ്നം പരിഹരിക്കുന്നതിന് നമുക്ക് വേറെ മാർഗങ്ങൾ തേടേണ്ടി വരും. പണം സമാഹരിക്കുവാൻ നൂതന വഴികൾ കണ്ടെത്തണം. നികുതി വര്ധിപ്പിച്ചൊന്നും കാര്യമായ വരുമാന വർധന ഉണ്ടാകാൻ പോകുന്നില്ല. അതിനാൽ മറ്റ് വഴികൾ തേടുകയേ മാർഗമുള്ളൂ. 

രാജ്യത്തിനകത്തും പുറത്തുമുള്ള മാർക്കറ്റുകളിൽ ആവശ്യത്തിന് പണമുണ്ട്, നിക്ഷേപിക്കാൻ തയ്യാറായി നിക്ഷേപകരുമുണ്ട്. അത് എങ്ങനെ നമ്മുടെ സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ ആകും എന്നാണ് ആലോചിക്കേണ്ടത്. അതിന് കിഫ്‌ബി പോലുള്ള നൂതന മാർഗങ്ങൾ തേടിയെ മതിയാകു. 

ഫണ്ട് കണ്ടെത്താൻ കിഫബിക്ക് മുന്നിൽ ഒരുപാട് വഴികളുണ്ട്. മസാല ബോണ്ട് അതിലൊന്ന് മാത്രമാണ്. വാങ്ങിയ ഫണ്ട് തിരിച്ചടക്കാനുള്ളൊരു മെക്കാനിസം അവർ ഉണ്ടാക്കിയിട്ടുണ്ട്. ധനമന്ത്രി പറഞ്ഞതനുസരിച്ചാണെങ്കിൽ ആസ്തി എപ്പോഴും ബാധ്യതകളേക്കാൾ കൂടി നിൽക്കുന്ന സാഹചര്യമാണ് കിഫ്‌ബി വിഭാവനം ചെയ്‌തിരിക്കുന്നത്‌. നിക്ഷേപിച്ചിരിക്കുന്ന പദ്ധതികളിൽ നിന്നുമുള്ള വരുമാനത്തിന്റെ ഒരു ഭാഗം കിഫബിയിലേക്കെത്തുന്ന രീതിയാണ് അവർ അവലംബിക്കുന്നത്. ഉദാഹരണത്തിന് പ്രവാസി ചിട്ടിയുടെ തന്നെ ഒരു ഭാഗം കിഫബിയിലേക്ക് മാറുകയാണ്. അതായത് മൂലധന നിക്ഷേപത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തിന്റെ കടബാധ്യതയുടെ തോത് ഗണ്യമായി കുറയ്ക്കുക എന്നതാണ് കിഫ്ബിയുടെ പരമപ്രധാനമായ ലക്ഷ്യം. 

വിപണിയിൽ നിന്ന് എടുക്കുന്ന വായ്പയ്ക്ക് പലിശ ഓരോ സമയവും വ്യത്യസ്തമായിരിക്കും. അത് വച്ച് വിമർശിക്കുന്നത് ശരിയല്ല. ബോണ്ട് നൽകുന്നത് കിഫ്‌ബി ആണെങ്കിലും അതിനു ഗ്യാരന്റി നിൽക്കുന്നത് ഗവൺമെന്റാണ്. അതിനാൽ അത് വിശ്വസിച്ചു വാങ്ങാം. സുരക്ഷയുടെ അടിസ്ഥാനത്തിൽ മസാല ബോണ്ടിന് ഏജൻസികൾ മികച്ച റേറ്റിംഗ് നൽകിയിട്ടുണ്ട്. ഒരു ബോണ്ടിൽ നിക്ഷേപിക്കുമ്പോൾ നിക്ഷേപകൻ അത് പരിശോധിച്ച് വിശ്വാസ്യത ഉറപ്പ് വരുത്തിയിരിക്കും. അതുപോലെ അത് ലിസ്റ്റ് ചെയ്യുന്ന മാർക്കറ്റും റേറ്റിംഗ് ഏജൻസികളും വിശദമായ പരിശോധനകൾക്ക് ശേഷമേ അംഗീകാരം നൽകു. അതിനാൽ തന്നെ അതിൽ ഏതെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ ആദ്യം പരാതി ഉന്നയിക്കേണ്ടത് നിക്ഷേപകർ ആയിരുന്നു. 

ലണ്ടൻ എക്സ്ചേഞ്ചിൽ മസാല ബോണ്ട് ലിസ്റ്റ് ചെയ്തതിലൂടെ നമ്മൾ നമ്മളെ തന്നെ അന്താരാഷ്ട്ര മാർകെറ്റിൽ അവതരിപ്പിക്കുകയായിരുന്നു. വലിയ ഫണ്ട് കൊണ്ടുവരുവാൻ അത് ആവശ്യമാണ്. അതിലൂടെ സമഗ്ര വികസനം സാധ്യമാകുന്നു. ഇന്ത്യയിലെ ഒരു സംസ്ഥാനം നടത്തുന്ന അത്തരത്തിലുള്ള ആദ്യത്തെ നീക്കമായിരുന്നു കേരളത്തിന്റേത്. ഇപ്പോൾ പല സംസ്ഥാനങ്ങളും ആ മാർഗത്തിലേക്ക് കടക്കുകയാണ്. ലഭ്യമായിട്ടുള്ള വിപണി സാദ്ധ്യതകൾ ആരാണോ ഫലപ്രദമായി ഉപയോഗിക്കുന്നത് അവർക്കാകും ഇനി വികസനം കൊണ്ടുവരാനാകുക.

(പ്രമുഖ ഫിനാൻഷ്യൽ ജേർണലിസ്റ്റാണ് ലേഖകൻ)


വികസനം സാധ്യമാവാൻ കിഫ്‌ബി പോലെ കാലാനുസൃതമായ സമീപനം അനിവാര്യം - എം. പി. സുകുമാരൻ നായർ 

1999ൽ ഇ കെ നായനാർ മുഖ്യമന്ത്രിയും സുശീല ഗോപാലൻ വ്യവസായ മന്ത്രിയും ആയിരുന്ന കാലത്താണ് കിഫ്ബിയെക്കുറിച്ചുള്ള  ആദ്യ ചർച്ചകൾ നടക്കുന്നത്. വ്യവസായ പുനരുദ്ധാരണത്തിനും മറ്റും വേണ്ട വലിയ തുക കണ്ടെത്താൻ ബജറ്റ് വിഹിതം മതിയാകാതെ വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആശയത്തിന് പ്രാധാന്യം കൈവന്നത്. ബജറ്റ് വരുമാനത്തിന്റെ എൺപത് ശതമാനം വരെ ശമ്പളവും പെൻഷനും പലിശയും ഉൾപ്പെടെ ഭീമമായ ചെലവെന്ന യാഥാർത്ഥ്യം അന്നുമുണ്ടായിരുന്നു. അങ്ങനെ 1999ൽ കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആക്ട് നിലവിൽ വന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബി ഫണ്ട് മാനേജ് ചെയ്യാൻ ആരംഭിച്ചത്. വ്യവസായ വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായിരുന്നു അതിൽ ഫോക്കസ് നൽകിയത്. വ്യവസായ വകുപ്പിനുള്ള ബജറ്റ് വിഹിതത്തെ സീഡ് ക്യാപിറ്റൽ ആക്കുന്നതോടൊപ്പം ബാങ്ക് ലോണുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു സഞ്ചിതനിധി രൂപീകരിക്കുകയും അതുവഴി വ്യവസായ പുനരുദ്ധാരണം സാധ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു ലക്‌ഷ്യം. അതിന് റിസർവ് ബാങ്കിന്റെയും സെബിയുടെയും ഉൾപ്പെടെയുള്ള അനുമതികൾ ലഭ്യമാവുകയും ചെയ്തിരുന്നു. അന്നുമുതൽ പ്രവർത്തിച്ചു പോന്നത് സിഎജിയുടെ നിയന്ത്രണത്തിലുമായിരുന്നു. എന്നാൽ ആ ഫണ്ട് വഴി വൻതോതിലുള്ള പദ്ധതികളൊന്നും അന്ന് നടപ്പാക്കിയിരുന്നില്ല. ഈ സംവിധാനം ലോ പ്രൊഫൈലിൽ തന്നെ പ്രവർത്തിച്ചു പോന്നു.

തുടർന്ന് 2016ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ്  ധനവകുപ്പിന്റെ നിയന്ത്രണത്തിന് കീഴിൽ വലിയ തോതിലുള്ള വികസന മുന്നേറ്റമെന്ന ലക്ഷ്യത്തോടെ  സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ പദ്ധതികൾ രൂപീകരിക്കാനും കിഫ്ബി വഴി  അതിനാവശ്യമായ തുക കണ്ടെത്താൻ കഴിയുന്ന വിധത്തിൽ 1999ലെ കിഫ്‌ബി നിയമം ഭേദഗതി ചെയ്യുകയുമുണ്ടായത്. പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതത്തിന് അപ്പുറമുള്ള തുക വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ കടമെടുക്കാൻ സ്വാതന്ത്ര്യമുള്ള ഒരു എന്റിറ്റിയായി കിഫ്ബിയെ മാറ്റുകയാണ് ഇതിലൂടെ ചെയ്തത്. ഇത്തരത്തിലുള്ള കടമെടുപ്പ് സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്ന രാജ്യത്തെ ഏജൻസികൾ റിസർവ് ബാങ്കും സെബിയുമാണ്. ഈ ഏജൻസികളുടെ കൂടി മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് കിഫ്‌ബി ആക്ടിൽ ഭേദഗതി വരുത്തിയത്. ഇപ്പോൾ സംസാര വിഷയമായ മസാല ബോണ്ട് ഉൾപ്പെടെയുള്ള മാർഗങ്ങൾ അവലംബിക്കാനുള്ള അനുമതി ഇത്തരത്തിൽ ഉറപ്പാക്കിയിട്ടുള്ളതാണ്.

വലിയ പദ്ധതികൾക്കായി വൻതോതിലുള്ള കടമെടുപ്പ് ഉണ്ടാകുമ്പോൾ അതിന്റെ തിരിച്ചടവ് എങ്ങനെ സാധ്യമാകും എന്നതാണ് പ്രധാന വെല്ലുവിളി. മോട്ടോർ വാഹന നികുതിയുടെയും പെട്രോളിയം സെസിന്റെയും ഒരു ഭാഗം ഇതിലേക്ക് വകയിരുത്തിക്കൊണ്ടും ഒപ്പം കിഫ്‌ബി വഴി നടപ്പാക്കുന്ന പദ്ധതികളിൽ ഒരു നിശ്ചിത ശതമാനം എങ്കിലും കൃത്യമായ റിട്ടേൺ ഉറപ്പുവരുത്തിക്കൊണ്ടും ഇതിന് പരിഹാരം കാണാൻ കഴിയുമെന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ മുൻഗവണ്മെന്റുകളിൽ നിന്ന് വ്യത്യസ്തമായി വലിയ മുതൽമുടക്കുള്ള ബൃഹദ് പദ്ധതികളാണ് കിഫ്ബിയിലൂടെ ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഏതാണ്ട് അൻപതിനായിരം കോടി രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. അതിൽ 46000 കോടി രൂപയോളം ഉള്ള പദ്ധതികൾ ആരംഭിച്ചു എന്നാണ് മനസിലാക്കുന്നത്. എന്നാൽ ഇക്കൂട്ടത്തിൽ കൃത്യമായ റിട്ടേൺ ഉറപ്പ് വരുത്തുന്ന പദ്ധതികൾ കാര്യമായി ഇല്ലെന്നത് ദൗർഭാഗ്യകരമാണ്. വ്യവസായ പദ്ധതികൾ നടപ്പാക്കുന്നതിലൂടെയേ ഉയർന്ന റിട്ടേൺ സാധ്യമാവൂ. അതിനുള്ള ശ്രമങ്ങളാണ് ഇനിയെങ്കിലും ഉണ്ടാവേണ്ടത്. പൊതുവെ ഉയർന്നുവന്നിരുന്ന ഒരു പ്രധാന നിർദ്ദേശം കിഫ്‌ബി സമാഹരിക്കുന്ന മൂലധനത്തിന്റെ ഒരു പ്രധാന ഭാഗം ഉയർന്ന റിട്ടേൺ ഉറപ്പാക്കാൻ കഴിയുന്ന മികച്ച വ്യവസായ പദ്ധതികളിൽ നിക്ഷേപിക്കുക എന്നതായിരുന്നു. അത്തരം ഏതാനും പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും അവയൊക്കെ പ്രാരംഭദിശയിൽ മാത്രമാണ്. ഇക്കാര്യത്തിലാണ് ജാഗ്രത പുലർത്തേണ്ടത്.

കിഫ്ബി രൂപീകരണം ഭരണഘടനാപരമായി ശരിയല്ലെന്ന തരത്തിൽ വരുന്ന വാർത്തകളിൽ അടിസ്ഥാനമില്ല. രാജ്യത്ത് തന്നെ ഏതാനും സംസ്ഥാനങ്ങളും കേന്ദ്രഗവണ്മെന്റിന് കീഴിലുള്ള വകുപ്പുകളും മറ്റും ഇത്തരത്തിൽ വിദേശത്ത് നിന്ന് ഫണ്ട് കണ്ടെത്തിയിട്ടുണ്ട്. തെലുങ്കാന ഗവണ്മെന്റും നാഷണൽ ഹൈവേ അതോറിറ്റിയും മറ്റും ഇത്തരത്തിൽ വിദേശത്ത് നിന്നുൾപ്പെടെ ലോൺ എടുത്തിട്ടുണ്ട്. മെട്രോ പോലുള്ള പദ്ധതികൾക്ക് കേന്ദ്ര ഏജൻസികൾ ജപ്പാനിൽ നിന്നും മറ്റും ഫണ്ട് ലഭ്യമാക്കിയിട്ടുള്ളതും നമുക്ക് മുൻപിലുണ്ട്. ഇത്തരത്തിൽ കൃത്യമായ പോയിന്റുകൾ ചൂണ്ടിക്കാട്ടി വ്യക്തമായ വിശദീകരണം നൽകുന്നതിലൂടെ നിലവിലെ പ്രതിസന്ധിയെ മറികടക്കാൻ സംസ്ഥാന ഗവൺമെന്റിന് കഴിയും. നിലവിലെ സാഹചര്യം രാഷ്ട്രീയമായി മുതലെടുക്കാൻ പ്രതിപക്ഷ കക്ഷികൾ സ്വാഭാവികമായും ശ്രമിച്ചേക്കും. എന്നിരിക്കിലും ഒട്ടേറെ വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പൂർത്തിയായിക്കൊണ്ടിരിക്കുന്നു എന്നത് വസ്‍തുതയാണ്. നമ്മുടെ സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക, സാമൂഹിക സ്ഥിതി വച്ച് നോക്കുമ്പോൾ അനിവാര്യമായ വികസന പദ്ധതികൾ നടപ്പാക്കാൻ ഇത്തരത്തിലുള്ള സമീപനം കൂടിയേ തീരൂ. നല്ല പദ്ധതികളിൽ പണം മുടക്കുക എന്നതും ആ പണം കൃത്യമായിത്തന്നെ വിനിയോഗിക്കുന്നെന്ന് ഉറപ്പാക്കുകയുമാണ് പ്രധാനം. ഓരോ പദ്ധതിക്കും പ്രത്യേകം പ്രത്യേകമുള്ള ബ്യുറോക്രാറ്റിക്ക് അസസ്മെന്റ് ഒഴിവാക്കിക്കൊണ്ടുള്ള സമീപനമാണ് കിഫ്‌ബി പിന്തുടരുന്നത്. പ്രോജക്ടുകൾ കാലതാമസം കൂടാതെ നടപ്പാക്കാൻ ഈ സമീപനം കൂടിയേ തീരൂ. അതേസമയം സർക്കാരിന്റെ ബജറ്റ് ഫണ്ടുമായി  ഇത് കൂട്ടിക്കുഴക്കുകയുമരുത്.

വൻകിട പദ്ധതികളെ പ്രത്യേക ഓർഡറിലൂടെ ഒരു സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി രൂപീകരിച്ച് സെബിയുടെയും ആർബിഐയുടെയും അനുമതി  ലഭ്യമാക്കുകയും ധനസമാഹരണത്തിന് ലഭ്യമായ അനുകൂല സ്രോതസുകൾ ഉപയോഗപ്പെടുത്തുകയും ചെയ്തുകൊണ്ടേ ഇനി മുന്നോട്ട് പോകാനാവൂ. ഇത്തരത്തിലുള്ള ക്യാപിറ്റൽ മെക്കാനിസമാവും ഇനിയുള്ള കാലം നിലനിൽക്കുക. പണം മുടക്കുന്നവർ  ഒരു നിക്ഷേപത്തിൽ നിന്നുള്ള റിട്ടേൺ വിലയിരുത്തിക്കൊണ്ടേ അതിന് തയാറാവൂ. നമ്മുടെ വിവിധ ഏജൻസികളും മറ്റും ഇന്ന് കൊളാറ്ററൽ വാങ്ങി വച്ചാണ് ബിസിനസുകൾക്ക് ലോൺ കൊടുക്കുന്നത്; ബിസിനസ് പൊളിയുമെന്ന ഒരു തരം മുൻവിധിയോടെ. ഇത്തരം സമീപനങ്ങൾക്ക് മാറ്റമുണ്ടാവണം. പ്രൊജക്ടുകളുടെ വിജയസാധ്യതയും റിട്ടേണും വിലയിരുത്തി മൂലധന പിന്തുണ ഉറപ്പാക്കുന്ന ഒരു സമീപനം നമ്മുടെ കെഎസ്‌ഐഡിസി, കെഎഫ്‌സി പോലുള്ള ഏജൻസികൾ കൈക്കൊള്ളേണ്ട സാഹചര്യമാണുള്ളത്. 

(ട്രാവൻകൂർ ടൈറ്റാനിയം ചെയർമാൻ & മാനേജിങ് ഡയറക്ടർ)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story