EDITORIAL

വ്യാപാര മേഖലയ്ക്ക് ലഭിക്കുന്ന ഇളവ് - ന്യൂഏജ് എഡിറ്റോറിയൽ

Newage News

20 Feb 2021

സംസ്ഥാനത്തെ നഗരസഭ, കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഫീസ് നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ ഏകീകൃത സംവിധാനം നടപ്പിലാക്കുകയാണ്. സര്‍ക്കാര്‍ നടപടി വഴി വലിയ വിഭാഗം വ്യാപാരികള്‍ക്കും ലൈസന്‍സ് ഫീസല്‍ കാര്യമായ ഇളവ് ലഭിക്കും എന്നാണ് വിലയിരുത്തല്‍.വ്യാപാര സ്ഥാപന നടത്തിപ്പിലെ വെല്ലുവിളികള്‍ കുറയ്ക്കുകയെന്ന സര്‍ക്കാര്‍ നിലപാടിന്റ അടിസ്ഥാനത്തിലുള്ള നീക്കം വ്യാപാരമേഖലയ്ക്കു പൊതുവേ ഗുണകരമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. നിലവില്‍ ലൈസന്‍സ് ഫീസിനത്തില്‍ ഉള്ള പല പൊരുത്തക്കേടുകള്‍ക്കും ഇതുവഴി പരിഹാരം കാണാന്‍ കഴിയുമെന്നും അവകാശവാദമുണ്ട്.

വ്യാപാരികളില്‍ നിന്നുള്ള എതിര്‍പ്പുകളും നിയമനടപടികളും മൂലം ലൈസന്‍സ് ഫീസ് ഖജനാവില്‍ എത്തുന്നത് നീണ്ടുപോകുന്ന സാഹചര്യമാണ് ഉള്ളത്. അങ്ങനെയുള്ള തര്‍ക്കങ്ങളും പരിഹരിക്കാന്‍ അവസരമൊരുങ്ങുമെന്നും കരുതുന്നുണ്ട്. പുതിയ വ്യവസ്ഥ അനുസരിച്ച് വ്യാപാരികള്‍ക്ക് അവരുടെ മൂലധന നിക്ഷേപത്തിന്റ അടിസ്ഥാനത്തില്‍ നഗരസഭ, കോര്‍പ്പറേഷന്‍ അധികാരികള്‍ക്ക് സത്യവാങ്ങ്മൂലം നല്‍കാവുന്നതാണ്. ഇതില്‍ തെറ്റ്ണ്ടായാല്‍ അതില്‍  തുടര്‍ നടപടി സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. ഉല്‍പ്പാദന, സേവന മേഖലകളിലെ മുലധന നിക്ഷേപത്തിന്റ തോത് അടിസ്ഥാനപ്പെടുത്തി ലൈസന്‍സ് ഫീസ് നിശ്ചയിക്കുന്നതിന് 5 സ്ലാബുകള്‍ നിശ്ചയിച്ചിട്ടുണ്ട്.

നഗരങ്ങള്‍ മൂന്ന് വിഭാഗങ്ങളായി തിരിച്ച് നിശ്ചിത നിരക്കില്‍ കുറയാതെ ഫീസ് ഈടാക്കുന്ന നിലവിലെ രീതി അവസാനിക്കുകയാണ്.ലൈസന്‍സ് ഫീസില്‍ കാലങ്ങളായി നിലനില്‍ക്കുന്ന അവ്യക്തതകള്‍ക്ക്  പരിഹാരമാവുന്നു എന്നതാണ് പ്രധാനം. എന്നാല്‍  സാധാരണ കച്ചവടക്കാര്‍ക്ക് അമിതഭാരമാണ് ഉണ്ടാവുന്നത് എന്നാണ് ചില വ്യാപാരി സംഘടനകള്‍ പറയുന്നത്. ഏകീകൃത മെന്നു പറഞ് ഭീമമായ നിരക്കുകള്‍ കൊണ്ടുവന്നതായും അവര്‍ കുറ്റപ്പെടുത്തുന്നു.അങ്ങനെയുള്ള പോരായ്മകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കപ്പെടേണ്ടതാണ്. വ്യാപാര സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ ക്രിയാത്മകമായ ചട്ടക്കൂടുകള്‍ ഉണ്ടാവുക എന്നതാണ് മുഖ്യം. അതിനുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നു എന്നത് പ്രധാനമാണ്.

മൈക്രോ എന്റര്‍ പ്രൈസസ് ഉല്‍പാദന മേഖലയില്‍ 25 ലക്ഷവും സേവനമേഖലയില്‍ 10 ലക്ഷവും കവിയാതെയുള്ള മൂലധനനിക്ഷേപം വരുന്ന വ്യാപാരങ്ങള്‍ക്ക് 500 രൂപയാണ് ലൈസന്‍സ് ഫീസ്. മിനി എന്റര്‍പ്രൈസസ് ഉല്‍പ്പാദന മേഖലയില്‍ 25 ലക്ഷത്തിന് മേലും ഒരു കോടിയില്‍ കവിയാത്തതും സേവന രംഗത്ത് 10 ലക്ഷത്തിനുമേല്‍ 25 ലക്ഷം കവിയാത്തതുമായ നിക്ഷേപമുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് 1000 രൂപയാണ് ഫീസ്. സ്മാള്‍ എന്റര്‍പ്രൈസസ് ഉല്‍പാദന മേഖലയില്‍ ഒരു കോടിയില്‍ അധികവും അഞ്ചു കോടിയില്‍ കവിയാത്തതും സേവനമേഖലയില്‍ 25 ലക്ഷത്തിന് മുകളിലും രണ്ടു കോടിയില്‍ കവിയാത്തതുമായ  നിക്ഷേപം വരുന്ന വ്യാപാരങ്ങള്‍ക്ക് 5000 രൂപയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. മിഡില്‍ എന്റര്‍പ്രൈസസ് ഉല്‍പാദന മേഖലയില്‍ അഞ്ചുകോടിക്കും പത്തുകോടിക്കും ഇടയിലും സേവന മേഖലയില്‍ രണ്ടു കോടിക്ക് മുകളില്‍ അഞ്ചു കോടി വരെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് 10,000 രൂപയാണ് ഫീസ്.ലാര്‍ജ് എന്റര്‍പ്രൈസസ് ഉല്‍പാദന മേഖലയില്‍ 10 കോടിയിലും  സേവനമേഖലയില്‍ അഞ്ചുകോടിയിലും കൂടുതല്‍ മൂലധന നിക്ഷേപം ഉള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് 15,000 രൂപയായിരിക്കും ലൈസന്‍സ് ഫീസ്.

വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ് നിശ്ചിത രീതിയില്‍ വ്യവസ്ഥാപിതമായി മാറുന്നത് മേഖലയ്ക്ക് ഗുണകരമാവും എന്ന് തന്നെ കരുതാം. അനാവശ്യ തര്‍ക്കങ്ങളും വ്യവഹാരങ്ങളും ഒഴിവാക്കി ഫീസ് പിരിവ് കാര്യക്ഷമമാക്കാന്‍ അത് സഹായിച്ചേക്കും.വിവിധ പ്രദേശങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന നിര ക്ക്കളിലെ ഏറ്റക്കുറച്ചിലിനും പരിഹാരമാവും.ജി എസ് ടി നടപ്പാക്കല്‍ വഴി വ്യാപാരരംഗത്ത് ഉടലെടുത്ത സങ്കീര്‍ണ്ണതകള്‍കൊപ്പം കാലങ്ങളായി തുടരുന്ന അവ്യക്തത കള്‍ക്ക് പരിഹാരം കാണാന്‍ കഴിയണം. അതിനുള്ള ഏതൊരു ശ്രമവും സ്വാഗതാര്‍ഹമാണ്.

ലൈസന്‍സ് ഫീസ് നിരക്കുകള്‍ ഏകീകൃതമാവുക എന്നത് വ്യാപാരികളുടെ ആവശ്യമാണ്.അത് കുറ്റമറ്റ രീതിയില്‍ നടപ്പാക്കുകയും വേണം. വ്യാപാരമേഖലയില്‍ കൂടുതല്‍ പേര്‍ ചുവടുറപ്പിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അതിന് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്.


വ്യാപാര സ്ഥാപനങ്ങള്‍ക്ക് വ്യവസ്ഥാപിത ചട്ടക്കൂട് ഉണ്ടാവുന്നത് ഗുണകരം - ജോസഫ് കാട്ടേത്ത്

നമ്മുടെ വ്യാപാരമേഖലയില്‍ ഒട്ടനവധി പ്രശ്‌നങ്ങള്‍ കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. വാറ്റ്, ജി എസ് ടി നടപ്പാക്കല്‍, നികുതിപിരിവ്, അങ്ങനെ സങ്കീര്‍ണതകള്‍ പലപ്പോഴായി പല രൂപത്തില്‍ മേഖലയില്‍ നിലവിലുണ്ട്. ഇപ്പോള്‍ കോര്‍പ്പറേഷനുകളിലും നഗരങ്ങളിലും വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീ സംബന്ധിച്ച് ഏകീകൃത സംവിധാനം നിലവില്‍ വരികയാണ്. ഇത് വ്യാപാരി സംഘടനകളുടെ ഭാഗത്തു നിന്നുള്ള പ്രധാന ആവശ്യവുമാണ്. 

വ്യവസ്ഥാപിതമായ ചട്ടക്കൂടുകള്‍ വ്യാപാരമേഖലയില്‍ ഉണ്ടാവുന്നത് ഗുണകരമാണ്. അത് കുറ്റമറ്റ രീതിയില്‍ ആയിരിക്കണം എന്നതില്‍ തര്‍ക്കമില്ല. നമ്മുടെ പല പരിഷ്‌കരണങ്ങളും പൂര്‍ണ്ണമായും ശരിയാവണമെന്നില്ല. പലതരത്തിലുള്ള അപാകതകളും നിയമങ്ങളില്‍ കടന്നു കൂടാറുണ്ട്. പലതും നടപ്പാക്കുമ്പോള്‍ സംഭവിക്കുന്നവയുമാണ്. ഏറ്റവും നല്ല നിയമങ്ങള്‍ ലളിതമായി നടപ്പാക്കാന്‍ സാധിക്കുക എന്നത് ദുഷ്‌കരം തന്നെയാണ്. എല്ലാവര്‍ക്കും സ്വീകാര്യമായ തരത്തില്‍ നിയമങ്ങള്‍ ഉണ്ടാവുക എന്നത് പലപ്പോഴും സാധിക്കാറില്ല. കഴിയാവുന്നത്ര കുറ്റമറ്റതാക്കാന്‍ കഴിയുക എന്നതാണ് പ്രധാനം. നിലവിലെ വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീ സംബന്ധിച്ച് ഏകീകൃത സംവിധാനം നിലവില്‍ വരുന്നതാണ് ഉത്തമം. പ്രദേശങ്ങള്‍ സംബന്ധിച്ച് നിലവിലുള്ള തര്‍ക്കവും കോടതി നടപടികളും എല്ലാം ഒഴിവാക്കാന്‍ കഴിയുന്നത് നല്ല കാര്യമാണ്. 

വ്യാപാരി സംഘടനകളുടെ ഭാഗത്തുനിന്നുള്ള ആശങ്കകള്‍ പരിഗണിക്കണം. ചെറുകിട കച്ചവടക്കാര്‍ക്ക് നിയമം പ്രയോജനപ്പെടണം. വന്‍കിട നിക്ഷേപകരെ മാത്രം ലക്ഷ്യമിടുന്നത് ഗുണകരമല്ല. അത്തരത്തിലുള്ള സമീപനവും ആരോഗ്യകരമല്ല. ചെറിയ നിക്ഷേപത്തില്‍ നടത്തുന്ന  കച്ചവടസ്ഥാപനങ്ങളും നിലനിന്നുപോരുന്ന തരത്തില്‍ നിയമത്തിന്റെ പരിരക്ഷ ഉറപ്പാക്കുക എന്നത് പ്രധാനമാണ്. പൊതുവേ വ്യാപാര മേഖലയുടെ വളര്‍ച്ച ഉറപ്പാക്കുന്ന തരത്തില്‍ നിയമം കൊണ്ടുവരികയാണ് വേണ്ടത്.

(ലേഖകന്‍ കാര്‍ഷിക, വ്യാപാര മേഖലകളില്‍ സജീവമാണ്)


ഏകീകരിക്കുന്നെന്ന പേരില്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നു - ടി. നസിറുദ്ദീന്‍

സംസ്ഥാനത്തെ നഗര, കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഫീസ് ഏകീകരിക്കുന്നു എന്ന പേരില്‍ ഫീസ് നിരക്കുകള്‍ കാര്യമായി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവിടെ ഒക്ടോബര്‍ മാസത്തില്‍ സര്‍ക്കാര്‍ ഗസറ്റില്‍ നിരക്കുകള്‍ വിജ്ഞാപനം ചെയ്തിരുന്നു. പിന്നീട് പന്ത്രണ്ടാം മാസത്തിലും വിജ്ഞാപനം ഉണ്ടായി. ഇപ്പോള്‍ മൂന്നാഴ്ച മുമ്പ് ഗസറ്റില്‍ വീണ്ടും  വിജ്ഞാപനം വന്നു. ഇതൊക്കെ സാധാരണ കച്ചവടക്കാരെ പരിഗണിച്ചുകൊണ്ടുള്ള നടപടികള്‍ അല്ല.

വ്യാപാര സ്ഥാപനങ്ങളിലെ മൂലധന നിക്ഷേപം അടിസ്ഥാനമാക്കി ഫീസ് നിശ്ചയിക്കുന്നത് ഗുണകരമാവില്ല. നമ്മുടെ നാട്ടിലെ സാധാരണ കച്ചവടക്കാര്‍ പുറം നാടുകളില്‍ പോയി റെഡിമെയ്ഡ് ഐറ്റംസ് എടുത്തു കൊണ്ടുവന്നു കച്ചവടം നടത്തുന്നുണ്ട്. ഇവര്‍ക്കൊക്കെ എത്രമാത്രം മൂലധനനിക്ഷേപമാണ് ഉള്ളത്. വന്‍കിട നിക്ഷേപകര്‍ നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഫീസ് നിശ്ചയിക്കുന്ന തരത്തില്‍ ചെറുകിട ക്കാരെ കണക്കാക്കാന്‍ സാധിക്കില്ല. ഇതില്‍ വലിയ അപാകതയുണ്ട്.

ഫീസ്  നിരക്കുകള്‍ ഏകീകരിക്കുക എന്നത് വ്യാപാരികളുടെ ആവശ്യമാണ്.  അത് സംഘടനകളും ആവശ്യപ്പെടുന്നുണ്ട്.  എന്നാല്‍ അത് ഏത് രീതിയില്‍ നടപ്പാക്കുന്നു എന്നതാണ് പ്രധാനം. പല വ്യാപാര ലൈസന്‍സുകളും മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നുണ്ട്. ലോണ്‍ ആവശ്യങ്ങള്‍ക്ക് കച്ചവട ലൈസന്‍സ് ഉപയോഗിക്കുന്നവരുണ്ട്. സാധാരണക്കാരനെ സംബന്ധിച്ച് ഇത് അമിതഭാരം ആണ് വരുത്തുന്നത്. 10 രൂപ, 50 രൂപ നിരക്കില്‍ നിന്ന് ലൈസന്‍സ് ഫീസ് 5000 രൂപയായി ഉയര്‍ത്തുകയാണ്. ഇത് വ്യാപാരികളെ ചൂഷണം ചെയ്യുന്നതിനു തുല്യമാണ്. നമ്മുടെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലൈസന്‍സ് കിട്ടുന്നത് തന്നെ വലിയ പ്രയാസം ഉള്ള കാര്യമാണ്. അതിനും പാഴ്‌ച്ചെലവുകള്‍ വേണ്ടിവരുന്നു. ഇവയെല്ലാം വ്യാപാരികളെ സംബന്ധിച്ച് അമിതഭാരമാണ് വരുത്തുന്നത്. അഴിമതി നിരോധിക്കാന്‍ നടത്തുന്നത് വലിയ അഴിമതിക്ക് കാരണമാവുന്ന സാഹചര്യമുണ്ട്. സംസ്ഥാനത്ത് കച്ചവടം നടത്താന്‍ സാഹചര്യമൊരുക്കി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കച്ചവടം നടത്താന്‍ സാധിക്കാത്ത സാഹചര്യമാണ്. ഇത്തരം കാര്യങ്ങളില്‍ പ്രായോഗികതയുള്ള പരിഷ്‌കരണങ്ങള്‍ ആണ് ഉണ്ടാവേണ്ടത്.

(കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ആണ്)


വ്യാപാരികള്‍ക്ക് ഈ മാറ്റം അനുഗ്രഹം തന്നെയാണ് - ജോസ് വിശ്വം

സംസ്ഥാനത്ത് നഗര, കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഫീസ് നിരക്കുകള്‍ ഏകീകരിക്കാനുള്ള സര്‍ക്കാര്‍ നടപടി വ്യാപാരികളില്‍ വലിയൊരു വിഭാഗത്തിന് ഗുണകരമാവും എന്ന് തന്നെ കരുതുന്നു. പ്രത്യേകിച്ച് കൊറോണയുടെ ഈ ദുരിത കാലത്ത് നില്‍ക്കുന്ന വ്യാപാരികള്‍ക്ക് പലതരത്തിലുള്ള പ്രശ്‌നങ്ങളെ നേരിടേണ്ടതായി ഉണ്ട്. പൊതുവേ കച്ചവടം കുറയുന്ന സാഹചര്യമാണ്. അത് വരുമാനത്തിലും കാര്യമായി പ്രതിഫലിക്കും. വരുമാനം കുറയുകയും ചെലവു വര്‍ദ്ധിക്കുകയുമാണ്. ഈ ദുരിത കാലത്ത് നില്‍ക്കുന്ന വ്യാപാരികള്‍ക്ക് ലൈസന്‍സ് ഫീസ് നിരക്കുകള്‍ ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുന്നത് ഒരു അനുഗ്രഹം തന്നെയാണ്. 

വ്യാപാരി സംഘടനകളില്‍ പലതരം രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടാവാം. അഭിപ്രായങ്ങളും ആ രീതിയില്‍ ഉണ്ടാവാം. ഇവിടെ സാധാരണക്കാരായ വ്യാപാരികളെ സംബന്ധിച്ച് ഈ നടപടി കൂടുതല്‍ പ്രയോജനകരമാണ്. വര്‍ദ്ധിച്ച ഫീസ് നിരക്കുകളില്‍ നിന്ന് മോചനം ഉണ്ടാവുന്നത് വ്യാപാരികള്‍ക്ക് ആശ്വാസകരം തന്നെ യാണ്. വരുമാനം കുറഞ്ഞ വ്യാപാരികള്‍ക്കും വ്യാപാര രംഗത്തേക്ക് പുതിയതായി എത്തുന്നവര്‍ക്കും ഈ നടപടി പ്രയോജനകരമാണ്. അതുകൊണ്ടുതന്നെ ഈ മാറ്റത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുകയാണ്. സാധാരണ വ്യാപാരികള്‍ക്ക് അത് ആശ്വാസകരം തന്നെയായി മാറുന്നു.

(വ്യാപാരിയും വ്യാപാരി വ്യവസായി സമിതി അംഗവുമാണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story