EDITORIAL

'ബാക്ക് ഓൺ ട്രാക്ക്': പ്രതീക്ഷയേകി ഐടി മേഖലയുടെ തിരിച്ചുവരവ് - ന്യൂഏജ് എഡിറ്റോറിയൽ

Newage News

21 Oct 2020

കൊവിഡ് കാലത്ത് രണ്ട് സാമ്പത്തിക പാദങ്ങളിലെ തളർച്ചക്ക് ശേഷം വളർച്ചയുടെ പാതയിലേക്ക് വീണ്ടും കടക്കുന്നതിന്റെ ഫലസൂചനകളാണ് രാജ്യത്തെ ഐടി മേഖല നൽകുന്നത്. മുൻനിര ഐടി കമ്പനികളെല്ലാം തന്നെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ സൂചനകൾ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ദൃശ്യമായിരിക്കുന്നു. വിവിധ പ്രവർത്തന മേഖലകളിൽ നിന്നും വെർട്ടിക്കലുകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും കൂടുതൽ വരുമാനവും ലാഭ വളർച്ചയും നേടാൻ അവർക്ക് കഴിഞ്ഞു. ഡിജിറ്റൽ പ്ളാറ്റ്ഫോം സാർവ്വത്രികമായതും ക്ളൗഡ് കമ്പ്യൂട്ടിങ്ങിൽ നിന്ന് വരുമാനം കൂടുതൽ നേടാനായതും ഈ നേട്ടത്തിന് ഉപോൽബലകമായ ഘടകങ്ങളാണ്. വിദേശ നാണ്യ വിപണിയിലെ വ്യതിയാനങ്ങളും ഐടി കമ്പനികൾക്ക് ഈ ക്വാർട്ടറിൽ മികവ് പുലർത്താൻ സഹായകരമായെന്ന് വിലയിരുത്തപ്പെടുന്നു. കോവിഡ് കാരണം വരുമാനം കുറഞ്ഞു പോയ റീട്ടെയിൽ, ട്രാൻസ്പോർട്ടേഷൻ, എഞ്ചിനീയറിങ് മേഖലകളിൽ നിന്നെല്ലാം വരും പാദങ്ങളിൽ കൂടുതൽ വരുമാനം കമ്പനികൾ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

ടിസിഎസും ഇൻഫോസിസും ഉൾപ്പെടെയുള്ള ഐടി ഭീമന്മാർ വരുമാനത്തിലും ലാഭത്തിലും വളർച്ച നേടി . യുഎസും യൂറോപ്പും ഉൾപ്പെടെ ഏതാണ്ടെല്ലാ ജോഗ്രഫിക്കൽ മേഖലകളിലും നേട്ടമുണ്ടാക്കി. കൂട്ടത്തിൽ ടിസിഎസ് ഇന്ത്യൻ വിപണിയിൽ കൈവരിച്ച 20% വളർച്ച ശ്രദ്ധേയമായി. റിക്രൂട്ട്മെന്റും അവർ സജീവമാക്കി. വിവിധ ക്യാംപസുകളിൽ നിന്നുള്ള ഫ്രഷേഴ്‌സ് ഉൾപ്പെടെ പതിനാറായിരത്തിലധികം ജീവനക്കാരെ ഈ മൂന്ന് മാസക്കാലയളവിൽ മാത്രം റിക്രൂട്ട് ചെയ്തു. മറ്റൊരു പ്രമുഖ കമ്പനിയായ വിപ്രോ ആകട്ടെ ശ്രദ്ധേയമായ ഏറ്റെടുക്കലും ഇക്കാലയളവിൽ നടത്തുകയുണ്ടായി. യുഎസിൽ സെമികണ്ടക്ടർ, സോഫ്റ്റ് വെയർ, സിസ്റ്റം ഡിസൈൻ രംഗങ്ങളിലെ മുൻനിരകമ്പനികളിൽ ഒന്നായ എക്സിമ്യൂസ് ഡിസൈൻ കമ്പനിയെ അവർ ഏറ്റെടുത്തു.

വൻകിട കമ്പനികൾ മാത്രമല്ല ഒട്ടേറെ ചെറുകിട, ഇടത്തരം കമ്പനികൾക്കും നേട്ടമുണ്ടാക്കാൻ കഴിഞ്ഞെന്നത് വസ്തുതയാണ്. കൊവിഡിനെ തുടർന്ന് ആഗോളവ്യാപകമായി തന്നെ ഭൂരിഭാഗം മേഖലകളും ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുന്ന സ്ഥിതി സംജാതമായിട്ടുണ്ട്. ഡിജിറ്റലൈസേഷന്  പൊതുവെ പലരും മടിച്ചു നിന്ന അവസ്ഥയാണ് പൊടുന്നനെ മാറിയത്. പല കമ്പനികൾക്കും  വർക്ക് ഫ്രം ഹോം സംവിധാനവും ജീവനക്കാരുടെ പുനർവിന്യാസവും ഉൾപ്പെടെ ഓർഗനൈസേഷനൽ ട്രാൻസ്ഫോർമേഷൻ ഈ കാലഘട്ടത്തിൽ വേണ്ടിവന്നതും ഐടി മേഖലയ്ക്ക് പുതിയ അവസരങ്ങൾ തുറന്നു. ഇ-കൊമേഴ്‌സിന്റെ വലിയ വളർച്ചയും സോമറ്റോ പോലുള്ള ഹൈപ്പർലോക്കൽ ബിസിനസുകളുടെ കുതിപ്പും ഏറെ നിർണായകമായി. ഈ രംഗത്തെ ഐടി കമ്പനികളിൽ 15 - 20 ശതമാനം വളർച്ച പുതിയ ഹയറിങ്ങിൽ ഉണ്ടാകുന്നു എന്നത് ശ്രദ്ധേയമായ നേട്ടം തന്നെയാണ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും എയർലൈൻ, ട്രാവൽ & ടൂറിസം മേഖലകളിൽ ഫോക്കസ് ചെയ്തിട്ടുള്ള സെക്ടർ സ്പെസിഫിക് കമ്പനികളെ സംബന്ധിച്ചിടത്തോളം പ്രതിസന്ധിയുടെ ആഴം വളരെ വലുതാണ്. ബെംഗളൂരുവിലും മറ്റും ഒട്ടേറെ ചെറുകിട, ഇടത്തരം ഐടി  കമ്പനികൾക്ക് ജീവനക്കാരെ പിരിച്ചുവിടേണ്ടിയും പ്രവർത്തനം അവസാനിപ്പിക്കേണ്ടിയും വന്നിട്ടുണ്ട്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. മിഡിൽ ഈസ്റ്റ് വിപണിയിൽ നിന്നുള്ള പ്രൊജക്ടുകളെ ആശ്രയിച്ചു മാത്രം നിലനിന്നിരുന്ന ഒട്ടേറെ ചെറുകമ്പനികൾ ഉണ്ടായിരുന്നു. അവയിൽ പലതും അടച്ചുപൂട്ടേണ്ടി വന്നു. അതേസമയം ഒന്നിലധികം ജിയോഗ്രഫിക് മേഖലകളിൽ സാന്നിധ്യമുള്ള കമ്പനികൾ പിടിച്ചു നിൽക്കുകയും ചെയ്യുന്നു. വ്യാപകമായ തോതിൽ ഡിജിറ്റലൈസേഷന് സാധ്യതകളുള്ള ഇന്ത്യൻ വിപണിയിൽ വലിയൊരളവ് വരെ പ്രതീക്ഷയർപ്പിക്കുന്നുണ്ട് ഈ കമ്പനികളിൽ പലതും. വരും നാളുകളിൽ ആഭ്യന്തര വിപണിയിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകതകൂടി തിരിച്ചറിയുകയാണ് ഇന്ത്യൻ ഐടി സംരംഭകർ.മുൻനിര കമ്പനികൾ കരുത്ത്‌ കാട്ടിയത് നേട്ടമായി - എസ്. ശ്രീകണ്ഠൻ  

കോവിഡ് വിട്ടുമാറുന്നില്ലെങ്കിലും രാജ്യത്തെ ഐടി കമ്പനികൾ ആസൂത്രണ മികവോടെ മുന്നേറുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങിയിരിക്കുന്നു. രണ്ട് മോശം പാദങ്ങൾക്കു ശേഷം തളർച്ചയിൽ നിന്ന് വളർച്ചയുടെ പാതയിലേക്ക് വീണ്ടും കടക്കുന്നതിന്റെ ഫലസൂചനകളാണ് സാമ്പത്തിക വർഷത്തിന്റെ  രണ്ടാം പാദത്തിൽ ദൃശ്യമായിരിക്കുന്നത്. മുൻനിര ഐടി കമ്പനികളെല്ലാം തന്നെ പ്രവർത്തനം മെച്ചപ്പെടുത്തി. വിവിധ പ്രവർത്തന മേഖലകളിൽ നിന്നും വെർട്ടിക്കലിൽ നിന്നും പ്രദേശങ്ങളിൽ നിന്നും കൂടുതൽ വരുമാനവും ലാഭ വളർച്ചയും നേടാൻ അവർക്ക് കഴിഞ്ഞു. ഡിജിറ്റൽ പ്ളാറ്റ്ഫോം സാർവ്വത്രികമായതും ക്ളൗഡ് കമ്പ്യൂട്ടിങ്ങിൽ നിന്ന് വരുമാനം കൂടുതൽ നേടാനായതും ഈ നേട്ടത്തിന് ഉപോൽബലകമായ ഘടകങ്ങളാണ്. കോവിഡ് കാരണം വരുമാനം കുറഞ്ഞു പോയ റീട്ടെയിൽ, ട്രാൻസ്പോർട്ടേഷൻ, എഞ്ചിനീയറിങ് മേഖലകളിൽ നിന്ന് വരുംനാളുകളിൽ കൂടുതൽ വരുമാനം കമ്പനികൾ പ്രതീക്ഷിക്കുന്നു.ഇതിനെല്ലാം പുറമെ വിദേശ നാണ്യ വിപണിയിലെ വ്യതിയാനങ്ങളും ഐടി കമ്പനികൾക്ക് ഈ ക്വാർട്ടറിൽ മികവ് പുലർത്താൻ സഹായകരമായി.

രാജ്യത്തെ ഏറ്റവും വലിയ ഐടി/ഐടിഇഎസ് കമ്പനിയായ ടിസിഎസ് പതിവുപോലെ പ്രകടനത്തിൽ മുന്നിട്ട് നിന്നു. നിക്ഷേപകർക്ക് ഓഹരി ഒന്നിന് 12 രൂപ ഇടക്കാല ലാഭവിഹിതം നൽകാനും കമ്പനിയുടെ അടച്ചു തീർത്ത മൂലധനത്തിൻ്റെ 1.42 % ഓഹരികൾ മാനേജ്മെൻറ് മടക്കി വാങ്ങാനും കമ്പനി തീരുമാനിച്ചു. 5,33,33,333 ഓഹരികൾ മടക്കി വാങ്ങാനായി 16000 കോടി രൂപയോളമാണ് ടിസിഎസ് ചെലവിടുക. സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ ടിസിഎസ് നേടിയ ലാഭം 7475 കോടി രൂപ. വരുമാനം 40135 കോടി രൂപ. വരുമാന വളർച്ച 7.2%. ബിഎഫ്എസ് ഐ സെക്ടറിൽ നിന്നുള്ള വരുമാനത്തിൽ 6.2% വളർച്ചയുണ്ടായി. റീട്ടെയിൽ സെക്റ്ററിൽ 8.8% വും ഹെൽത്ത് കെയർ മേഖലയിൽ 6.9% വും ടെക്നോളജി & സർവീസ് സെക്റ്ററിൽ 3.1 % വും മാനുഫാക്ചറിങ്ങ് സെക്റ്ററിൽ 1.4% വും വരുമാന വളർച്ച ഈ പാദത്തിൽ നേടാനായി. വരുമാന വളർച്ച ഭൂപ്രദേശം തിരിച്ച് നോക്കിയാൽ വടക്കേ അമേരിക്കയിൽ നിന്നും നേടിയ വരുമാനം 3.6 % കൂടി. ബ്രിട്ടനിലെ വരുമാനം 3.8% വളർച്ച നേടി. യൂറോപ്പിലെ വരുമാന വളർച്ച 6.1%. ഇന്ത്യയിലെ ബിസിനസ് 20% വളർച്ച രണ്ടാം പാദത്തിൽ രേഖപ്പെടുത്തി. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ 5.5 % വളർച്ച ഇക്കാലത്ത് നേടാനായി. ഏഷ്യാ പസഫിക് മേഖലയിൽ 2. 9 % വളർച്ച കാണിക്കുന്നു. നാലാം പാദത്തോടെ നേടാമെന്ന് കരുതിയ വളർച്ച രണ്ടാം പാദത്തിൽ തന്നെ നേടാൻ കഴിഞ്ഞുവെന്നാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ രാജേഷ് ഗോപിനാഥ് വ്യക്തമാക്കുന്നത്.

ഐടി മേഖലയിൽ തൊഴിൽ തേടുന്നവർക്കും  നല്ല സൂചനകളാണ് ടിസിഎസ്സിൽ നിന്നു വരുന്നത്. നിലവിലുള്ള ജീവനക്കാർക്ക് ആകമാനം ശമ്പളം കൂട്ടാൻ അവർ നീക്കം തുടങ്ങി. കാമ്പസിൽ നിന്നിറങ്ങിയ തുടക്കക്കാരടക്കം 16000 പേർക്ക് രണ്ടാം പാദത്തിൽ മാത്രം തൊഴിൽ നൽകി. 7200 ഫ്രഷേഴ്സിനെ അവർ ജോലിക്കെടുത്തു. ആയിരം പേരെ യുഎസ്സിലേക്കയച്ചു.100 പേരെ അവലോകന പാദത്തിൽ യൂറോപ്പിലേക്കും വിട്ടിട്ടുണ്ട്.ഏപ്രിൽ-ജൂൺ ക്വാർട്ടറിൽ ലാറ്ററൽ ഹയറിങ് ഏതാണ്ട് പൂർണ്ണ തോതിൽ നിർത്തി വെച്ചിരിക്കുകയായിരുന്നു. ജൂലായ് മധ്യത്തോടെ ഫ്രഷേഴ്സിൻ്റെ റിക്രൂട്മെൻ്റും നിർത്തിവെക്കേണ്ടി വന്നിരുന്നു. ഈ സാമ്പത്തിക വർഷം നാൽപ്പതിനായിരം ഫ്ര ഷേഴ്സിന് ടിസിഎസ് ഓഫർ ലെറ്റർ അയച്ചിട്ടുണ്ട്. എല്ലാം പ്രതീക്ഷ നൽകുന്നു. എന്നാൽ ,അമേരിക്കയിൽ നിന്നും അത്ര നല്ല വാർത്തകളല്ല വരുന്നത്. എച്ച് വൺ ബി വീസയുടെ കാലാവധി മൂന്നിൽ നിന്ന് ഒരു വർഷമായി വെട്ടിക്കുറച്ചിരിക്കുന്നു. അമേരിക്കയിൽ തൊഴിൽ തേടുന്ന ടെക്കികൾക്ക് ഇതത്ര നല്ല വാർത്തയല്ല. ഇന്ത്യൻ ഐടി കമ്പനികൾക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കും.

രാജ്യത്തെ രണ്ടാമത്തെ വൻകിട ഐടി കമ്പനിയായ ഇൻഫോസിസിന്റേതും മികച്ച പ്രവർത്തന ഫലം തന്നെ. ഓഹരി ഒന്നിന് 12 രൂപ ഇടക്കാല ലാഭവിഹിതവും കമ്പനി  പ്രഖ്യാപിച്ചു. ഈ സാമ്പത്തിക വർഷം രണ്ടു ശതമാനം വരെ വരുമാനം കൂടാമെന്ന തരത്തിലുള്ള ഗൈഡൻസും പുറത്തു വന്നിട്ടുണ്ട്. സെപ്തംബറിൽ അവസാനിച്ച മൂന്നു മാസക്കാലത്ത് ഇൻഫോസിസ് നേടിയത് 4845 കോടിയുടെ ലാഭം. വരുമാനം 24570 കോടി. മുൻവർഷം ഇതേ കാലയളവിലേക്കാൾ 8.6% വളർച്ചയും മുൻ പാദത്തെ അപേക്ഷിച്ച് 4 % വളർച്ചയും നേടാനായി. പ്രവർത്തന മേഖലയുടെ എല്ലാ തലത്തിലും കമ്പനിക്ക് വളർച്ച നേടാനായി. കോവിഡിന്റെ പശ്ചാത്തലത്തിൽ പല കമ്പനികളും ഡിജിറ്റലാവുകയാണ്. ഈ രംഗത്ത് പുതിയ പല കരാറുകളും ഇൻഫോസിസിനെ തേടിയെത്തി. കൺസോളിഡേറ്റഡ് എഡിസൺ കമ്പനിയിൽ നിന്ന് ലഭിച്ചത് നാലു വർഷത്തെ കരാറാണ്. നാഷണൽ ബാങ്ക് ഓഫ് ബഹ്റിനിൽ നിന്നും അവലോകന പാദത്തിൽ കരാർ നേടാനായി.

ലാഭത്തിൽ നേരിയ കുറവുണ്ടെങ്കിലും വിപ്രോയുടെ പ്രകടനവും മികച്ചത് തന്നെ. മുൻ വർഷം രണ്ടാം പാദത്തെ അപേക്ഷിച്ച് ലാഭം 3.4% കു‌റഞ്ഞു. മുൻ വർഷം ഇതേ പാദത്തിൽ 2552. 7 കോടി ലാഭം നേടിയ സ്ഥാനത്ത് ഇക്കുറി നേടാനായത് 2465.7 കോടി. വരുമാനത്തിൽ നേരിയ കുറവെ ഉണ്ടായിട്ടുള്ളൂ. മുൻ വർഷംരണ്ടാം പാദത്തിൽ നേടിയ വരുമാനം 15125.6 കോടി രൂപ.ഇത്തവണ നേടിയത് 15114.5 കോടി. വരുമാനത്തിൽ 0.07 % കുറവ് മാത്രം. ഓഹരികൾ മടക്കി വാങ്ങുന്നതിനായി വിപ്രോയും 9500 കോടി രൂപ നീക്കിവച്ചു. മുൻഗണനാ മേഖലകൾ മുൻകൂട്ടി നിശ്ചയിച്ച് മുന്നോട്ടു പോകുന്ന തന്ത്രമാണ് വിപ്രോ സ്വീകരിച്ചതെന്ന് മാനേജിങ് ഡയറക്ടർ തീയറി ഡലാപോർട്ട് പറയുന്നു. ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന കരാറുകൾ വഴി ലാഭത്തിലെ കുറവ് നികത്താനാവുമെന്നാണ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഭാനു മൂർത്തിയുടെ വാദം. കോവിഡിനു മുമ്പുണ്ടായിരുന്ന നിലയിലേക്ക് കരാറുകളുടെ തോത് എത്തി തുടങ്ങിയിട്ടുണ്ടെന്ന അവകാശവാദവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. അമേരിക്ക, യൂറോപ്പ് , എമേർജിങ് മാർക്കറ്റുകൾ എന്നിവിടങ്ങളിൽ കൂടുതൽ ഓർഡറുകളും വരുമാനവും നേടാൻ വിപ്രോയ്ക്ക് കഴിഞ്ഞുവെന്നത് എന്തായാലും ശ്രദ്ധേയം. അമേരിക്കയിലെ എഞ്ചിനീയറിങ് സർവീസസ് കമ്പനിയായ എക്സിമ്യൂസ് ഡിസൈൻ ഏറ്റെടുക്കുകയാണ് കമ്പനി. സെമികണ്ടക്ടർ, സോഫ്റ്റ് വെയർ, സിസ്റ്റം ഡിസൈൻ എന്നിവയിൽ പ്രഗത്ഭമതികളുള്ള കമ്പനിയാണ് എക്സിമ്യൂസ്. വിപ്രോയ്ക്ക് ഭാവിയിൽ മുതൽക്കൂട്ടാവുന്ന നീക്കമാണിത്.

(മാതൃഭൂമിയുടെയും ഇന്ത്യാവിഷന്റെയും മുൻ ബിസിനസ് എഡിറ്ററും ന്യൂഏജ് ഫൗണ്ടർ എഡിറ്ററുമാണ്)


ഡിജിറ്റലൈസേഷൻ ബൂം ഗുണകരമായി - ജോഫിൻ ജോസഫ് 

രണ്ട് തരത്തിൽ ഐടി കമ്പനികളുടെ പ്രകടനം വിലയിരുത്തണം. ഐടി പ്രോഡക്റ്റ് കമ്പനികളും സർവീസ് കമ്പനികളും. ഐടി പ്രോഡക്റ്റ് കമ്പനികളുടെ അവസ്ഥ പരിശോധിച്ചാൽ അവർ  നിലനിൽക്കുന്ന ഇൻഡസ്ട്രിയെ ആശ്രയിച്ചാണ് വളർച്ചയും വളർച്ചയില്ലായ്മയും ഉണ്ടാകുന്നത്. പൊതുവെ കോവിഡ് മോശമായി ബാധിച്ച മേഖലകളിലെ കമ്പനികൾക്ക് വേണ്ടി സോഫ്റ്റ്‌വെയർ പ്രൊഡക്ടുകൾ ഉണ്ടാക്കുന്ന കമ്പനികളെ ഈ സാഹചര്യം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതാണ് ഒരു വശം. മറുവശത്ത് ഭൂരിഭാഗം മേഖലകളും ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുന്ന ഒരു കാഴ്ചയാണ് കാണുന്നത്. പൊതുവെ പലരും ഒരു ഘട്ടത്തിൽ മടിച്ചു നിന്ന അവസ്ഥയാണ് പൊടുന്നനെ മാറിയത്. റിമോട്ട് വർക്ക് അനുവദിക്കാതിരുന്ന കമ്പനികളും ഇന്ന് അതിലേക്ക് മാറി. ഇ-കൊമേഴ്‌സിലൊക്കെ വലിയ വളർച്ച കാണുന്നു. പ്രാദേശികമായി അത് ചെയ്യുന്ന കമ്പനികൾക്കും മികച്ച നേട്ടമാണ് ഉണ്ടാകുന്നത്. അതുപോലെ ഹൈപ്പർലോക്കൽ കമ്പനികളായ സോമറ്റോ പോലുള്ളവയും വളർച്ച കാണിക്കുന്നു. ആ വളർച്ച പൊതുവെ ഐടി സർവീസ് മേഖലയിലേക്കും വന്നിട്ടുണ്ട്. ലോകമാസകലം ഡിജിറ്റൽ ട്രാൻസ്ഫോർമേഷന് കിട്ടിയ പെട്ടെന്നുണ്ടായ സ്വീകാര്യതയുണ്ട്. കമ്പനികൾ ആ പ്രോസസ്സിലേക്ക് മാറാൻ നിർബന്ധിക്കപ്പെട്ടു. ഇന്ന് റിമോട്ട് വർക്ക് എല്ലാ കമ്പനികൾക്കും സ്വീകാര്യമാണ്. കസ്റ്റമർ എക്സ്പീരിയൻസ് അതിനിർണായകമെന്ന്  കരുതപ്പെട്ടിരുന്ന പല മേഖലകളും മാറ്റത്തിന് വേദിയായി. കാർ വിൽപ്പന തന്നെ ഉദാഹരണം. അവയെല്ലാം ഓൺലൈനിലേക്ക് മാറി. അത്തരം മാറ്റം ഐടി സർവീസ് മേഖലയ്ക്കും ഗുണകരമായി മാറി. അതാണ് വിവിധ റിപ്പോർട്ടുകൾ കാണുമ്പോഴും മനസ്സിലാകുന്നത്. പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നുമുണ്ട്. 10 - 15 ശതമാനം വളർച്ച പുതിയ ഹയറിങ്ങിൽ ഉണ്ടാകുന്നുണ്ട്.

(ഫുൾകോണ്ടാക്‌ട് ഇൻകോർപ്പറേറ്റഡിന്റെ ഇന്ത്യ ഓഫീസ് ജനറൽ മാനേജർ)  


സർവീസ് ബേസ്ഡ് കമ്പനികൾ വെല്ലുവിളി നേരിടുന്നു - ശ്രീകാന്ത് പ്രഭാകരൻ

മുൻനിര ഐടി കമ്പനികൾ കോവിഡ് പ്രതിസന്ധിയെ മറികടക്കുമ്പോഴും ചെറുകിട, ഇടത്തരം കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കുമൊക്കെ കോവിഡ് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. എയർലൈൻ പോലുള്ള ഇന്ഡസ്ട്രികളെ വലിയ തോതിൽ പ്രതിസന്ധി ബാധിച്ചിട്ടുണ്ടെങ്കിലും പ്രൊഡക്ട് ബേസ്ഡ് കമ്പനികളെ സംബന്ധിച്ച് സ്ഥിതി പൊതുവെ ആശാവഹമാണ്. പ്രൊഡക്ട് ബേസ്ഡ് കമ്പനികളുടെ നേരത്തെ തന്നെ സബ്സ്ക്രൈബ് ചെയ്യപ്പെട്ടിരിക്കുന്ന സോഫ്റ്റ്‌വെയർ ഉത്പന്നങ്ങൾ ഒഴിവാക്കാൻ എന്തായാലും ക്ളൈയിന്റ്‌സിന് കഴിയില്ല. ഒരു ബാങ്കിങ് സോഫ്റ്റ്‌വെയർ അല്ലെങ്കിൽ അതിന് സമാനമായ ഒരു പ്രോഡക്ട് ഒറ്റയടിക്ക് ഒഴിവാക്കാൻ കഴിയില്ല. എന്നാൽ സോഫ്റ്റ്‌വെയർ സർവീസ് ബേസ്ഡ് കമ്പനികൾക്ക് ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വരുന്നുണ്ട്. ഒരു സ്പെസിഫിക് ജിയോഗ്രഫിക് മേഖലയിൽ നിന്നുള്ള ക്ളൈയിന്റ്‌സിനെ മാത്രം ഫോക്കസ് ചെയ്തിരുന്ന കമ്പനികൾക്കാണ് കൂടുതൽ പ്രശ്നമുണ്ടായത്. 

ട്രാവൽ & ടൂറിസം, എയർലൈൻ പോലുള്ള സെക്ടറുകളിൽ സ്പെഷ്യലൈസ്ഡ് ആയ പ്രോഡക്ട് കമ്പനികൾക്കും പ്രോജക്ടുകൾ ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. ചില  പ്രോജക്ടുകൾ നീട്ടിവയ്ക്കുകയുണ്ടായി. ജീവനക്കാരെ വെട്ടിച്ചുരുക്കേണ്ടി വരികയും ചിലർക്കെങ്കിലും അടച്ചുപൂട്ടേണ്ടി വരികയും ചെയ്തിട്ടുണ്ട്. ക്ളൈയിന്റ്‌സിന്റെ പ്രിഫറൻസിനും ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്. റെഡിലി അവൈലബിൾ ആയിട്ടുള്ള ഒരു സൊല്യൂഷൻ എന്ന നിലയിലാണ് ഇപ്പോൾ അവരുടെ ആവശ്യങ്ങൾ വരിക. അത് ലഭ്യമാക്കാൻ കഴിയുക എന്നതാണ് പ്രധാനം. പല കമ്പനികൾക്കും ഒരു ഡിജിറ്റൈസേഷൻ മോഡിലേക്ക് അതിവേഗം മാറേണ്ട ആവശ്യം കോവിഡ് കാലത്തുണ്ടായി. ഫ്രീലാൻസേഴ്സ് വർധിച്ചതോടെ മാർക്കറ്റ് കോമ്പറ്റിഷൻ വർധിച്ചതാണ് ചെറിയ കമ്പനികൾ നേരിടുന്ന മറ്റൊരു പ്രശ്നം.പ്രോജക്ടുകളിൽ നിന്നുള്ള റവന്യു മാർജിനെയും ഇത് ബാധിച്ചിട്ടുണ്ട്. പ്രൊഡക്ട് ബേസ്ഡ് കമ്പനികൾക്കും ഒന്നിലധികം ജിയോഗ്രഫിക് മേഖലകളിൽ സാന്നിധ്യമുള്ള കമ്പനികൾക്കും പ്രതിസന്ധിഘട്ടത്തിൽ പിടിച്ചുനിൽക്കാൻ എളുപ്പമുണ്ടാകും.

(ബ്രോഡ്ടെക് ഐടി സൊല്യൂഷൻസ് സിഇഒ)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story