EDITORIAL

കറന്‍സി വിനിമയം പിന്നെയും മുന്നോട്ട്... - ന്യൂഏജ് എഡിറ്റോറിയൽ

Newage News

21 Nov 2020

രാജ്യത്തെ കറന്‍സി വിനിമയത്തില്‍ കുറവല്ല, മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.നവംബര്‍ മാസം മധ്യത്തോടെ രാജ്യത്ത് വിനിമയത്തി ലുള്ള മൊത്തം കറന്‍സി മൂല്യം 27.8 ലക്ഷം കോടി രൂപയാണെന്ന് ആര്‍ബിഐ പറയുന്നു. 2016 നവംബറില്‍ ഡിമോണിറ്റയ്‌സേഷന്റെ ഘട്ടത്തില്‍  രാജ്യത്തെ കറന്‍സി വിനിമയം 17.97 ലക്ഷം കോടി രൂപയായിരുന്നു. നോട്ട് നിരോധനം നടപ്പാക്കിയതിനു ശേഷം കറന്‍സി വിനിമയത്തില്‍ 54 ശതമാനം വര്‍ധനവാണ് ഉണ്ടായത്. നോട്ട് നിരോധനത്തിന്റ് പ്രധാനലക്ഷ്യം കറന്‍സി വിനിമയം കുറക്കുകയാ ണെന്നിരിക്കെ ആ നടപടിയുടെ ഫലപ്രാപ്തിയെപറ്റിയുള്ള സന്ദേഹങ്ങള്‍ക്ക് ആഴമേറുന്നുണ്ട്.

നോട്ടു നിരോധനത്തിനു ശേഷം രാജ്യത്തെ ഡിജിറ്റല്‍ ട്രാന്‌സക്ഷ നുകളില്‍ വര്‍ധന ഉണ്ടായി എന്നതും കാണാതെ പോകരുത്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ രാജ്യത്തെ  മൊത്തം യു പി ഐ ഇടപാടുകള്‍ 200 കോടി കവിഞ്ഞിരുന്നു.ഡിജിറ്റല്‍ ഇടപാടുകളുടെ ചടുല വേഗം മണി ട്രാന്‍സാക്ഷനിലേക്കും എത്തുന്നതിന് തെളിവായി ഇതിനെ വിലയിരുത്താം.എന്നാല്‍ പരമ്പരാഗത കറന്‍സി കൈമാറ്റത്തെ നിരാകരിച്ചു ള്ള ഒരു മാറ്റം സമ്പത് രംഗത്ത് ഉണ്ടാവുന്നില്ല എന്നതാണ് വ്യക്തമാവുന്നത്. ഇന്ത്യയെപ്പോലെ അതിബൃഹത്തായ ഒരു സമ്പദ്ഘടനയുടെ ചില സ്വാഭാവിക പ്രത്യേകതകള്‍ അതില്‍ പ്രതിഫലിക്കുന്നുണ്ട്.

സര്‍ക്കാര്‍ നയപരിപാടികള്‍ എത്ര ശക്തമാണെങ്കിലും ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ കറന്‍സി അധിഷ്ഠിത കൈമാറ്റത്തിന് പ്രാധാന്യം കല്‍പ്പിക്കുന്ന പ്രത്യേക സാഹചര്യമുണ്ട്. അതില്‍നിന്നുള്ള മാറ്റത്തിന് ഇനിയും സമയം വേണ്ടിവന്നേക്കാം.കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കറന്‍സി വിനിമയത്തില്‍ ഉണ്ടാവുന്ന വലിയ മുന്നേറ്റമെന്നാണ് ആര്‍ബിഐ ഈ വിനിമയ വളര്‍ച്ചയെ വിശേഷിപ്പിക്കുന്നത്. വിനിമയത്തില്ള്ള കറന്‍സിയുടെ എണ്ണത്തില്‍ ഈ വര്‍ഷം 22.4 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇത് 12.6 ശതമാനമായിരുന്നു. പല കാരണങ്ങളാല്‍ കറന്‌സിയുടെ ഒഴുക്കില്‍ ക്രമമായ വളര്‍ച്ചയാണ് ഉണ്ടായത്.

വിപണി ആവശ്യകത മുന്‍നിര്‍ത്തി ആര്‍ബിഐ 44,000 കോടി രൂപയുടെ കറന്‍സി പുതുതായി വിപണിയില്‍ എത്തിച്ചിരുന്നു.സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജക നയങ്ങളും കറന്‍സി വിനിമയത്തെ സ്വാധീനിച്ചതായാണ് സൂചന. കാര്‍ഷിക രംഗത്തെ ഉണര്‍വ്, ലോക്ക് ഡൗണിനു  ശേഷം വിപണി ഉപഭോഗത്തില്‍ വന്ന വളര്‍ച്ച, പ്രതിസന്ധി മുന്‍നിര്‍ത്തിയുള്ള പണം സൂക്ഷിച്ചുവെക്കല്‍ തുടങ്ങിയവയെല്ലാം കറന്‍സി വിനിമയ ത്തേ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മാറുന്ന കാലത്ത്, ഡിജിറ്റല്‍ ഇടപാടുകളുടെ വളര്‍ച്ചയ്ക്ക്ടയിലും കറന്‍സി വിനിമയത്തിന്റെ സുരക്ഷിതത്വവും ആധികാരികതയും സമ്പദ്ഘടനയില്‍ ചെലുത്തുന്ന സ്വാധീനം കുറയുന്നില്ലെന്ന് തന്നെയാണ് തെളിയുന്നത്.


നാല് വര്‍ഷം കൊണ്ട് ഉണ്ടായ വിനിമയ വളര്‍ച്ചയില്‍ സംശയമുണ്ട് - പി. രാധാകൃഷ്ണന്‍ നായര്‍

രാജ്യത്തെ കറന്‍സി വിനിമയത്തില്‍ വളരെയധികം വളര്‍ച്ച ഉണ്ടായതായാണ് ആര്‍ബിഐ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നോട്ട് നിരോധനത്തിനു ശേഷം 54 ശതമാനത്തിന്റ് മുന്നേറ്റം കറന്‍സി വിനിമയത്തില്‍ ഉണ്ടായി എന്നാണ് സൂചന. ഇവിടെ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇനിഷ്യേറ്റീവ് പരാജയപ്പെട്ടു എന്നതാണ് പ്രധാനം. സര്‍ക്കാര്‍ കള്ളപ്പണം തടയുന്നതിന് എന്ന പേരില്‍ കൊണ്ടുവന്ന നോട്ട് നിരോധനം പിന്നീട് കറന്‍സി ഇടപാടുകള്‍ കുറയ്ക്കുന്നതിന് എന്ന് വിശേഷിപ്പിക്കുകയാണ് ഉണ്ടായത്. അത് എത്രമാത്രം കുറഞ്ഞു എന്നതാണ് ഇപ്പോള്‍ വ്യക്തമാവുന്നത്. കറന്‍സി ഇടപാടുകള്‍ കാര്യമായി വര്‍ദ്ധിച്ചിരിക്കുന്നു. ഇവിടെ നാലുവര്‍ഷംകൊണ്ട് ഉണ്ടായ കറന്‍സി വിനിമയ വളര്‍ച്ചയില്‍ സംശയിക്കേണ്ടിയിരിക്കുന്നു. 

    നാലു വര്‍ഷത്തിനകം ഇത്രമാത്രം കറന്‌സി വിനിമയം എങ്ങനെ ഉണ്ടായി എന്നതാണ് ചിന്തിക്കേണ്ടത്. രാജ്യത്ത് കറന്‍സിയുടെ കാര്യത്തില്‍ വ്യക്തമായ ഓഡിറ്റിംഗ് ഉണ്ടാവുന്നില്ല. ഇതില്‍ കൃത്യമായ ഗോള്‍ഡ് റിസര്‍വ് ഉണ്ടാകണം എന്നതാണ് വ്യവസ്ഥ. അതല്ലെങ്കില്‍ പണത്തിന് മൂല്യം ഇല്ലാതാവുകയാണ്. അത് രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഒട്ടുംതന്നെ ഗുണകരമായിരിക്കില്ല. പല സമ്പത് ഘടനകളും  വലിയ തകര്‍ച്ചയെ നേരിട്ട ചരിത്രമുണ്ട്. രാജ്യത്ത്  ആര്‍ബിഐ സര്‍ക്കാര്‍ പോളിസികള്‍ക്ക് അനുസരി ച്ച നിലപാടെടുക്കുന്നു. പരമ്പരാഗതമായി ആര്‍ബിഐ ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണ്. അത് ഒരിക്കലും സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തി ആയിരുന്നില്ല. ആ രീതികളെല്ലാം ഇപ്പോള്‍  മാറുകയാണ്. ഈ രീതി സമ്പദ്ഘടനക്ക് ഒട്ടുംതന്നെ ആശാസ്യമാവില്ല. എത്രകാലം ഈ രീതിയില്‍  പിടിച്ചുനില്‍ക്കാന്‍ ആവും. സമ്പദ്ഘടനയില്‍ സ്ഥിരതയും വളര്‍ച്ചയും ഉണ്ടാകണമെങ്കില്‍ ഈ രീതികളില്‍ എല്ലാം സമൂലമായ മാറ്റം ആവശ്യമാണ്. എല്ലാകാര്യത്തിനും പൊതു ആധികാരിക രേഖകള്‍ ഉണ്ടാവുന്നില്ല. ഭരണാധികാരികള്‍ പറയുന്നത് ജനങ്ങള്‍ കേള്‍ക്കുന്നു, അത്രമാത്രം. ഇപ്പോള്‍ കറന്‍സി വിനിമയത്തില്‍ ഉണ്ടായ വലിയ കുതിച്ചുകയറ്റം സംശയം ജനിപ്പിക്കുന്ന താണ്.' 

(ബിസിനസ് ലൈന്‍ മുന്‍ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററാണ്)


ഡിജിറ്റല്‍ ഇടപാടുകള്‍ സാര്‍വത്രികമാവാന്‍ സമയമെടുക്കും - ജോയ് ഫിലിപ്പ്

രാജ്യത്ത് കറന്‍സി വിനിമയത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായി എന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 54% വര്‍ധന ഉണ്ടായതായാണ് കാണുന്നത്. നോട്ട് അസാധുവാക്കല്‍  നടപ്പാക്കിയതിനു ശേഷം വലിയതോതില്‍ കറന്‍സി ഇടപാടുകള്‍ വര്‍ദ്ധിച്ചത് എന്തുകൊണ്ട് എന്ന ചിന്ത ഉയരുന്നുണ്ട്. ഇന്ത്യന്‍ സമ്പത് വ്യവസ്ഥയുടെ സ്വഭാവം, വലിയജനസംഖ്യ ഇവയെല്ലാം ഇക്കാര്യത്തില്‍ പ്രധാനമാണ്. ഡിജിറ്റല്‍ ഇടപാടുകലിലേക്ക് വളരെ പെട്ടെന്നുള്ള ഒരു മാറ്റം ഉണ്ടാവണമെന്നില്ല. ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ പൊതുസമൂഹത്തെ പൂര്‍ണ്ണമായി സ്വാധീനിച്ചിട്ടില്ല. പുതിയ തലമുറ ഏറെക്കുറെ അതിലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍, അതിനു മുമ്പുള്ള തലമുറ പൊതുവേ ടെക്‌നോളജി ഫിയര്‍ ഉള്ളവരാണ്. അവര്‍ കറന്‍സിയുടെ സുരക്ഷിതത്വവും അതിന്റെ ആധികാരിക സ്വഭാവവും ആഗ്രഹിക്കുന്നുണ്ട്.

ഡിജിറ്റല്‍ രീതികള്‍ക്ക് ഇന്നത്തെ കാലത്ത് പ്രാധാന്യമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഇതിലേക്ക് സാര്‍വത്രികമായി എത്തിച്ചേരുന്നതിന് ഇനിയും സമയം വേണ്ടിവരും. പുതിയ കാലത്ത് യാത്രകള്‍ ഒഴിവാക്കി സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കുന്നതിന് ഈ രീതികള്‍ വളരെയധികം സഹായകമാണ്. അതുകൊണ്ടുതന്നെ ഭാവിയില്‍ അതിന്റെ സാധ്യതകള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ കറന്‍സിക്ക് ഉള്ള പ്രാധാന്യം നഷ്ടമാകുന്നില്ല. സര്‍ക്കാരിന്റെ നയപരിപാടികളും ആളുകള്‍ പുലര്‍ത്തുന്ന മുന്‍കരുതലുകളും എല്ലാം കറന്‍സി ഉപഭോഗത്തില്‍ പ്രതിഫലിക്കുന്നുണ്ട്. 

പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് കറന്‍സി കരുതി വയ്ക്കുന്നു. മണി പവര്‍ എന്നത് എക്കാലവും പ്രധാന മാണ്. എന്നാല്‍ മാറുന്ന കാലത്തിനനുസരിച്ച് ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ ആവശ്യമാണ്. കമ്പനി ഡിവഡന്റ്കള്‍ എല്ലാം ഇന്ന് ഡയറക്ട് ട്രാന്‍സ്ഫര്‍ ചെയ്യുകയാണ്. ഭാവി കാലത്ത് അങ്ങനെയുള്ള ഇടപാടുകള്‍ വര്‍ദ്ധിക്കും. ഗ്രജ്വലായി പുതിയ തലമുറ പൂര്‍ണ്ണമായും ഡിജിറ്റല്‍ രീതികളിലേക്ക് എത്തുമ്പോള്‍ അത് ഏറെക്കുറെ സാര്‍വത്രികമാവുകയും ചെയ്യും.                                                      

(ധനകാര്യ വിദഗ്ധന്‍, ബിസിനസ് ദീപികയുടെ എഡിറ്റര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്)


കറൻസി പഴയ കറൻസി തന്നെയാണ് - ജിഫിൻ ജോർജ്

2016 നവംബർ 8 നു ഉണ്ടായ നോട്ട് നിരോധനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലു ഒടിച്ച സംഭവം ആയിരുന്നു നോട്ട് നിരോധനം. ആയിരം രൂപ പോലും സ്വന്തമായി ഇല്ലാത്ത കർഷകൻ നോട്ട് നിരോധന കാലത്ത് ക്യൂവിൽ നിൽക്കേണ്ടി വന്ന കാലമായിരുന്നു അത്. ഡിജിറ്റൽ ആയ സാമ്പത്തിക ഇടപാടുകളുടെ വർധനവ് ഉണ്ടാകുമെന്നും, രാജ്യത്തു സാമ്പത്തിക വിനിമയത്തിൽ മാറ്റം ഉണ്ടാകുമെന്ന കണക്കു കൂട്ടലും ഉണ്ടായിരുന്നു.പ്ലാസ്റ്റിക് മണി ഒക്കെ ആകർഷകവും ആയിരുന്നു.

പക്ഷെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ സ്വഭാവമെന്ത് എന്നും അതിന്റെ രീതി ശാസ്ത്രം എന്തു എന്നും തിരിച്ചറിയുന്നതിൽ അമ്പേ പരാജയപ്പെട്ട ഒരു തീവ്ര സാമ്പത്തിക നിലപാടിന്റെ പരീക്ഷണ ഫലം കൂടിയാണ് ഇത്. ഡിജിറ്റൽ ഇടപാടുകളിലേക്കു പോകാൻ പൂർണ്ണമായും സജ്ജമായ ബാങ്കിങ് സംവിധാനം പോലും ഇല്ല.

ഗൂഗിൾ പേ, ഭീം ആപ്പ്, തുടങ്ങിയ സാമ്പത്തിക സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പണമിടപാട് രീതികൾ ഉപയോഗിക്കുന്നത് യുവാക്കളും നഗര മേഖലയിലും ഉള്ളവരും സാങ്കേതികമായി അതു ഉപയോഗിക്കാൻ ശേഷി ഉള്ളവരുമാണ്.ഭൂരിഭാഗം വരുന്ന കർഷകർ, അടിസ്ഥാന വർഗ വിഭാഗങ്ങൾ,ഇവരൊക്കെ ഇത്തരം സാങ്കേതിക വിദ്യയിലൂടെ ഉള്ള സാമ്പത്തിക കൈമാറ്റ രീതികൾക്ക് പുറത്താണ്.

അതിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം സേവന മേഖല കളും,ഭൂരിഭാഗം വരുന്ന ചില്ലറ വ്യാപാര മേഖലകളും  കറൻസി വഴി അല്ലാത്ത സാമ്പത്തിക വിനിമയം സ്വീകാര്യമായി കരുതുന്നില്ല എന്ന വസ്തുതയാണ്.മൊബൈൽ റീചാർജ്,ഫുഡ് ഡെലിവറി ആപ്പുകൾ, ഇ കൊമേഴ്‌സ് , തുടങ്ങി ഐ.ടി.അനുബന്ധമായി ഉള്ള സേവങ്ങൾക്കാണ് സാമ്പത്തിക ഇടപാടുകൾ നടത്തപ്പെടുന്നത്.

കൊറോണ വന്നതോടെ ഡിജിറ്റൽ ഇടപാടുകൾ വര്ധിച്ചപ്പോൾ തന്നെ ഇ കൊമേഴ്‌സ് വിപണിയിലും മറ്റും ഉണ്ടായ തളർച്ച കറൻസി ഇടപാടുകൾ വർധിക്കാൻ കാരണമായി.നമ്മുടെ മിശ്ര സമ്പദ് വ്യവസ്ഥയിൽ നിൽക്കുന്ന ചില്ലറ വ്യാപാര മേഖലയിലും , പാരമ്പര്യ വിനിമയ രീതികൾ ഡിജിറ്റലാക്കാൻ കഴിഞ്ഞാൽ മാത്രമേ ഡിജിറ്റൽ സാമ്പത്തിക വിനിമയം എന്ന സിസ്റ്റം സൃഷ്ടിക്കാൻ കഴിയൂ.അതുവരെ കറൻസി പഴയ കറൻസി തന്നെയാണ്.ഡിജിറ്റലായ സാമ്പത്തിക സാങ്കേതിക വിദ്യയുടെ സാങ്കേതിക വികാസവും അതു നമ്മുടെ സമ്പദ് വ്യവസ്ഥയുടെ സമഗ്ര മേഖലകളിലും കൊണ്ടുവരാനും കഴിഞ്ഞാൽ മാത്രമേ കറൻസിയുടെ വിനിമയം കുറയ്ക്കാൻ കഴിയൂ..

(ഡിജിറ്റൽ മീഡിയ വിദഗ്ധനും,സാമൂഹ്യ നിരീക്ഷകനുമാണ് ലേഖകൻ)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story