EDITORIAL

ചുവരെഴുത്തുകൾ - ന്യൂഏജ് എഡിറ്റോറിയൽ

Newage News

21 Dec 2020

ദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പ് വിശകലനങ്ങൾ വ്യാപകമായി നടക്കുന്ന സമയം. ഫലങ്ങളുടെ സൂചനകളിലേക്ക് കടക്കുന്നതിന് മുൻപ് സുപ്രധാനമായ രണ്ടു കാര്യങ്ങൾ. ഒന്ന് സ്ത്രീ പ്രാതിനിധ്യം പരമാവധിയിലെത്തിയിരിക്കുന്നു. ജനറൽ സീറ്റുകളിൽ കൂടി സ്ത്രീകൾ കടന്ന് കയറി. സ്ത്രീ ശക്തിയുടെ പ്രകടമായ പ്രതിഫലനങ്ങൾ. ജനപ്രതിനിധികളിൽ മൂന്നിൽ ഒന്നിലധികം കുടുംബശ്രീ പ്രതിനിധികൾ. കുടുംബശ്രീയുടെ മികവ് ഒരിക്കൽകൂടെ പ്രകടമാകുന്നു. 

ഇനി ഫലസൂചനകൾ. ഒന്നാമത്തേത് ഇടതിൻ്റെ വലിയ മുന്നേറ്റവും അവർക്കുണ്ടായിട്ടുള്ള രാഷ്ട്രിയ മേൽക്കൈയും. പൊതുവെ തദ്ദേശ തെരെഞ്ഞെടുപ്പുകളിൽ കേരളത്തിൽ ഇടത് മുന്നണി നേട്ടമുണ്ടാക്കാറുണ്ട്. എപ്പോഴും നേരിയ മേൽക്കൈ. ഇത് കോവിഡ് സമയത്തെ തെരെഞ്ഞെടുപ്പാണ്. സർക്കാരിനെതിരെ ഉണ്ടായ ആരോപണ വേലിയേറ്റങ്ങൾക്കിടയിൽ നടന്ന തെരെഞ്ഞെടുപ്പ്. സർക്കാർ പ്രതിസന്ധികളെ നേരിട്ടതും, വികസനവും ഇടത് പക്ഷം ഉയർത്തിക്കാട്ടി. പ്രതിപക്ഷം അഴിമതിയും, സർക്കാരിൻ്റെ വീഴ്ചകളും ഉയർത്തി. ആളുകൾ വികസനത്തിന് വോട്ട് ചെയ്തു. അവർ സർക്കാരിനെ വിശ്വസിക്കുന്നു.

കോവിഡിനെ സർക്കാർ ഫലപ്രദമായി നേരിട്ടു എന്ന് ജനം വിശ്വസിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ കിറ്റ് ഗെയിം ചെയിഞ്ചറായി. മുഖ്യമന്ത്രി മികവ് കാട്ടി. മന്ത്രിസഭ മികച്ച പ്രകടനം നടത്തി. ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യ, ഫിഷറീസ് മന്ത്രിമാർ അതിൽ തന്നെ മികച്ചു നിന്നു. തദ്ദേശ വിധിയെഴുത്തിനെ ഇതെല്ലാം സ്വാധീനിച്ചു എന്ന് പറയാം. വികസനം, വളർച്ച, കരുതൽ എന്നിവ ഇത്രമേൽ ഒരു പ്രാദേശിക തെരെഞ്ഞെടുപ്പിനെ സ്വാധീനിച്ചത് ശ്രദ്ധേയം.

പ്രതിപക്ഷം സർക്കാർ വിരുദ്ധതയിൽ കേന്ദ്രീകരിച്ചു. ജനത്തിന് അത് വിശ്വാസയോഗ്യമായില്ല. രാഷ്ട്രിയ ഘടകങ്ങളും കൂടെയുണ്ട്. ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസ് വിഭാഗത്തിൻ്റെ മിന്നും പ്രകടനം ശ്രദ്ധേയം. ഒട്ടൊക്കെ അപ്രതീക്ഷിതമായ മുന്നേറ്റം. മധ്യതിരുവിതാംകൂറിൽ ഇടത് തേരോട്ടത്തിന് അത് സഹായിച്ചു. ജോസഫ് ഗ്രൂപ്പ് അമ്പേ പരാജയപ്പെട്ടു. കോൺഗ്രസ് വിമത ശല്യത്തിൽ ദുർബലമായി. പക്ഷെ ലീഗ് സ്വന്തം കോട്ട കാത്തു. മലപ്പുറത്ത് മുന്നേറി. 

ബിജെപി മുന്നേറ്റവും ശ്രദ്ധേയം. ഭരണത്തുടർച്ച ഉണ്ടാകുമോ? ഇതൊരു സൂചന തന്നെ. യുഡിഎഫിന് തിരുത്താനേറെ. എൽഡിഎഫിന് മെച്ചപ്പെടാനും ഒരുപാടുണ്ട്.

നിയമസഭാ തെരെഞ്ഞെടുപ്പ് തീ പാറും. ഒന്നും ഉറപ്പിക്കാനാകാത്ത സാഹചര്യം. വികസനം കേരളം ആകമാനം ചർച്ച ചെയ്യട്ടെ. വർഗീയത അപ്രത്യക്ഷമാകട്ടെ. 

ചർച്ചകൾ ആ നിലയ്ക്ക് മുന്നോട്ടു പോയിരുന്നെങ്കിൽ. വളർച്ചയെ തുണച്ചവരെ ജനം തുണയ്ക്കട്ടെ.


മധ്യകേരളത്തിൽ എൽഡിഎഫിന് വലിയ മുന്നേറ്റമുണ്ടായി - ജസ്റ്റിൻ ജോർജ്

ഈ തദ്ദേശ തെരഞ്ഞെടുപ്പിനെ വിലയിരുത്തുമ്പോൾ കേരള രാഷ്ട്രീയത്തിൽ കാലങ്ങളായി നിലനിന്ന് പോന്ന ചില എൻട്രി ബാരിയറുകൾ തകർന്ന് വീഴുന്നതായി കാണാം. ബിജെപി കേരളത്തിന് അത്യന്തം അപകടമാണെന്ന ഇടത്, വലത് മുന്നണികളുടെ പ്രചാരണമായിരുന്നു അതിലൊന്ന്. മറ്റൊന്ന് കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിന് ഇടതുപക്ഷ രാഷ്ട്രീയത്തെ വ്യാപകമായി പിന്തുണയ്ക്കാൻ കഴിയില്ല എന്ന വിലയിരുത്തലായിരുന്നു. ഇതിന് രണ്ടും ഇത്തവണ ഇളക്കം തട്ടി. യുഡിഎഫ് കുത്തകയായിരുന്ന മധ്യകേരളത്തിലെ ക്രിസ്ത്യൻ വോട്ടുകൾ ഇത്തവണ വലിയ തോതിൽ ഇടതുമുന്നണിയെ പിന്തുണച്ചു എന്നതാണ് വസ്തുത. ഈ മേഖലയിൽ മുസ്ലിം ലീഗിന്റെ സമകാലിക  രാഷ്ട്രീയത്തോട് എതിർപ്പുയർന്നതും ഇതിന് കാരണമായി. ഹാഗിയ സോഫിയ വിഷയവും സാമ്പത്തികസംവരണം സംബന്ധിച്ച ലീഗ് നിലപാടുകളും ന്യൂനപക്ഷ ആനുകൂല്യങ്ങളിലെ 80:20 അനുപാതവുമൊക്കെ ഇതിന് ആക്കം കൂട്ടി. ജോസ് കെ മാണിയുടെ വരവ് ഇടതുപക്ഷത്തിന് അനുകൂലമായി ഭവിക്കുകയും ചെയ്തു. ഇതിന് പുറമെ ചില മേഖലകളിലെങ്കിലും വോട്ടർമാർ ബിജെപി അനുകൂല സമീപനം സ്വീകരിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പിന്റെ റിസൾട്ടുകൾ ശരിയായി വിശകലനം ചെയ്താൽഎൽഡിഎഫിന് നേട്ടം അവകാശപ്പെടാൻ സാധിക്കുമെങ്കിലും കോൺഗ്രസ്സിന് നിരാശപ്പെടാൻ ഇല്ലെന്നും ബിജെപിക്ക് പ്രതീക്ഷക്ക് വക ഉണ്ടെന്നും മനസ്സിലാകും. കേരളാ കോൺഗ്രസ്സിന്റെ പരമ്പരാഗത പ്രദേശങ്ങളായ പാലായിലും, പൂഞ്ഞാർ ഉൾപ്പടെയുള്ള പരിസര പ്രദേശങ്ങളിലും, മലയോര മേഖലകളിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസ്സ് എം ന് നേട്ടം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ജോസഫ് ഗ്രൂപ്പുമായി നേരിട്ട് മത്സരം നടന്ന പ്രദേശങ്ങളിൽ ജോസ് കെ മാണി വിഭാഗം വിജയിച്ചിട്ടുണ്ടെങ്കിലും കോൺഗ്രസ്സുമായി നേരിട്ട് മത്സരം നടന്ന പ്രദേശങ്ങളിൽ കോൺഗ്രസ്സാണ് മുന്നിട്ട് നിൽക്കുന്നത്. കേരളാ കോൺഗ്രസ്സിൽ നിന്ന് കൂടുതലായി കിട്ടിയ വോട്ടുകൾ ഈ പ്രദേശങ്ങളിലെ ഇടത് പക്ഷ സ്ഥാനാർത്ഥികളുടെ വിജയത്തിന് കാരണമായിട്ടുണ്ട്.

കേരളാ കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗവുമായി നേരിട്ട് മത്സരം നടന്ന പ്രദേശങ്ങളിൽ കോൺഗ്രസ്സ് അണികളായ ക്രിസ്ത്യൻ വിഭാഗം യുഡിഎഫിന് വോട്ട് ചെയ്‌തെങ്കിലും ഇടത് മുന്നണിയിലെ മറ്റു പാർട്ടിയിലെ സ്ഥാനാർത്ഥികളുമായി യുഡിഫ് നേരിട്ട് മത്സരിച്ച ഇടങ്ങളിൽ ഇടത് മുന്നണിക്കോ ബിജെപിക്കോ വോട്ട് ചെയ്തിട്ടുള്ളവർ നിരവധിയാണ്. ബിജെപിക്ക് ഇത്തരത്തിൽ ലഭിച്ച വോട്ടുകൾ  ഇടതുമുന്നണിക്ക് പൊതുവിൽ ഗുണം ചെയ്തിട്ടുണ്ട്.  ഓർത്തഡോക്സ് ക്രൈസ്തവരുടെ ശക്തി കേന്ദ്രങ്ങളിലും പാലായിലെ മീനച്ചിൽ, മുത്തോലി തുടങ്ങിയ നിരവധി പഞ്ചായത്തുകളിലും ബിജെപി നില മെച്ചപ്പെടുത്തുകയും ചെയ്തു. 

ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ വലിയ നേട്ടം നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് തുടരാൻ കഴിയുമോ എന്നത് പ്രവചനാതീതമായി തന്നെ തുടരുന്നു.

(സോഷ്യൽ അനലിസ്റ്റ്)


യുഡിഎഫിനെ എഴുതി തള്ളാറായിട്ടില്ല - പ്രൊഫ. കെ.എം.കുര്യാക്കോസ്

പരമ്പരാഗത തെരഞ്ഞെടുപ്പ് സമ്പ്രദായവും വീക്ഷണവും പാടെ മാറി. അതിനു കാരണമായത് കോവിഡ് തന്നെയാണ്. നമ്മുടെയൊക്കെ സങ്കല്പ്പമെന്നത് ഇരുമുന്നണികളും ഇവിടെ മാറി മാറി ഭരിക്കുമെന്നാണ്. എന്നാൽ കോവിഡ് വന്നതോടെ ശരാശരി മലയാളിയെ സംബന്ധിച്ച് എങ്ങനെയും ജീവിച്ചാൽ മതി എന്ന അവസ്ഥയായി. അവരെ സംബന്ധിച്ച് അവർക്ക് ഭക്ഷണം ലഭിച്ചാൽ മതി. ഇതാണ് ഇടതുപക്ഷത്തിന് അനുകൂലമായത്. ഭക്ഷ്യകിറ്റ് വിതരണം അവർക്ക് വലിയ നേട്ടമായി. സരിതയും സ്വപ്നയുമൊന്നും ഇവിടെ പ്രശ്നമല്ല. നമ്മുടെ കാഴ്ചപ്പാട് മാറി. അതുപോലെ മറ്റ് തെരഞ്ഞെടുപ്പുകൾ പോലെ തദ്ദേശ തിരഞ്ഞെടുപ്പുകൾ വിലയിരുത്താനാകില്ല. അത് വ്യത്യസ്തമാണ്. ഈ തെരഞ്ഞെടുപ്പിൽ പോലും കോൺഗ്രസിൽ ഐക്യമുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നോക്കുന്നത് വിജയസാധ്യതയാണ്. യുഡിഎഫിൽ കാര്യങ്ങൾ അങ്ങനെയല്ല. ഇത് രണ്ടും തമ്മിലുള്ള മത്സരമാണ് ഇവിടെ നടന്നത്. ഒരുപക്ഷെ ഭരണത്തുടർച്ച ഉണ്ടായാലും അത്ഭുതപ്പെടേണ്ട ആവശ്യമില്ല. ശരാശരി മലയാളിയെ സംബന്ധിച്ചു ആവശ്യമായത് ഈ സർക്കാർ നൽകുന്നുണ്ട്.

തെരഞ്ഞെടുപ്പിൽ വർഗീയത ഇന്നുവരെ കേരളത്തിൽ ഉണ്ടായിട്ടില്ല.

ജോസ് കെ മാണി വലിയ നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. പ്രതിപക്ഷത്തിന്റെ വീഴ്ചയാണ് നേട്ടമായത്. അധികാരം കിട്ടിയാൽ ലൈഫ് പദ്ധതി വേണ്ടാന്നു വെക്കുമെന്ന യുഡിഎഫ് കൺവീനർ എംഎം ഹസ്സന്റെ നിലപാടൊക്കെ വലിയ തിരിച്ചടിയായി. രണ്ടു കേരളാ കോൺഗ്രെസ്സുകളെ ഒരുമിച്ചിരുത്താൻ സാധിക്കാത്ത മുന്നണിയെങ്ങനെ ഭരണം കൊണ്ടുപോകും. വലിയ അബദ്ധങ്ങൾ യുഡിഎഫിന്റെ ഭാഗത്തു നിന്ന് സംഭവിച്ചു.

കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ബിജെപിയ്ക്ക് സാധിക്കാതെ പോയത് അവരുടെ അജണ്ട കേരളത്തിൽ നടക്കാതിരുന്നത് കൊണ്ട് തന്നെയാണ്. അവര് പറയുന്ന വർഗീയതയൊന്നും കേരളത്തിൽ ഏശില്ല. കോൺഗ്രസിൽ നിന്നൊരു ഒഴുക്കൊന്നും ബിജെപിയിലേക്ക് ഉണ്ടാകില്ല. വയസ്സൻ തലമുറയെ മാറ്റിനിര്ത്തി യുവതലമുറ കോൺഗ്രസ് തലപ്പത്തേക്ക് കടന്നുവരും. എന്നാൽ ഒരു പക്വമായ നേതൃത്വം കേരളത്തിലെ ബിജെപിക്കില്ല.

ട്വന്റി20യുടെ പ്രാരംഭ ലക്ഷ്യങ്ങൾ ഇതൊന്നുമായിരുന്നില്ല. അതിൽ അവരുടെ ബിസിനസ് താല്പര്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതവിടുത്തെ ജനങ്ങൾക്ക് ആശ്വാസമായി. അതൊരു ജനകീയ പ്രസ്ഥാനമായി മാറി. അവരുടെ രാഷ്ട്രീയം കൂടുതൽ പ്രദേശങ്ങളിലേക്ക് വളരുകയാണ്.

യുഡിഎഫിനെ അങ്ങനെ എഴുതി തള്ളാറായിട്ടില്ല. തെറ്റുകൾ തിരുത്താൻ തയ്യാറാകണം. ചെറുപ്പക്കാരെ മുന്നോട്ട് കൊണ്ടുവരണം. അങ്ങനയാൽ അധികാരം അകലെയല്ല.                                                                                                       

(ഡീൻ, മരിയൻ അക്കാദമി ഓഫ് മാനേജ്‌മന്റ് സ്റ്റഡീസ്)


കേരളത്തിലെ ജനങ്ങൾ കൃത്യമായ രാഷ്ട്രീയബോധം ഉള്ളവരാണ് - അഡ്വ. ജോളി ജോൺ

ജനങ്ങൾ ഏതു രീതിയിലാണ് തിരഞ്ഞെടുപ്പിനെ കാണുന്നത് എന്നതാണ് പ്രസക്തം. വികസനം വളരെ വലിയൊരു പ്രശ്നം തന്നെയാണ്. സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് പരിഹാരം സർക്കാർ എത്തിച്ചു നൽകുന്നു എന്ന തോന്നൽ തന്നെ ജനങ്ങൾക്ക് വലിയ ആശ്വാസം കൊടുത്തിട്ടുണ്ട്. എന്നാൽ അതിനു പുറകിൽ ഒരുപാട് ചോദ്യങ്ങളുണ്ട്. എന്നാൽ അതിലേക്കൊന്നും ചെല്ലാൻ ആർക്കും സാധിക്കുന്നില്ല. പണത്തിന്റെ ലഭ്യതയും വിനിയോഗവും ഒന്നും ആരും ചിന്തിക്കുന്നില്ല. കേരളാ കോൺഗ്രസിന്റെ ശക്തി മേഖലകളിൽ ഉള്ളവർക്ക് ബാർ കോഴ സമയത്തെ യാഥാർഥ്യങ്ങളെക്കുറിച്ചൊക്കെ നല്ല ബോധ്യമുണ്ട്. കെഎം മാണിയെ ചതിച്ചവരെയൊക്കെ അവർക്കറിയാം. പ്രതിപക്ഷത്തിന്റെ പ്രവർത്തനം സുഗമമായിരുന്നില്ല. അതും ജനങ്ങളിൽ അവമതിപ്പിന് കാരണമായി. സർക്കാരിന്റെ വികസന നയങ്ങളും തുടര്ഭരണമുണ്ടാകരുത് എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷം നടത്തിയ നീക്കങ്ങളോടുണ്ടായ അവമതിപ്പും ചേർന്നതാണ് ഇത്തവണത്തെ റിസൾട്ട്.

ബിജെപി വലിയ സംഘടനാ മികവോടെ വലിയ ഭൂരിപക്ഷത്തിൽ രാജ്യം ഭരിക്കുന്നൊരു പാർട്ടിയാണ്. കേരളത്തിലാണെങ്കിൽ ഏതാണ്ട് തുല്യം എന്ന രീതിയിൽ പ്രവർത്തിക്കുന്ന രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളുണ്ട്. ബിജെപിയ്ക്ക് ഇവിടെ വലിയ സാധ്യതകളുണ്ട്. എന്നാൽ ഇതിനകം നേടേണ്ടിയിരുന്ന വളർച്ച അവർക്ക് നേടാനാകാത്തതിനാൽ ഇനി മുൻപോട്ടുള്ള അവരുടെ വളർച്ച കുറച്ചു ദുഷ്കരമായിരിക്കും. വർഗീയ ദ്രുവീകരണത്തിലൂടെ വോട്ടിന്റെ വലിയൊരു ഷിഫ്റ്റ് സാധ്യമാകണമെന്നില്ല കേരളത്തിൽ. അത്തരം സ്ട്രാറ്റജിക് പ്രവർത്തനം ചെയ്യാൻ സാധിക്കുന്ന ഒരു സംഘടനാ നേതൃത്വം അവർക്കില്ല എന്നതാണ് അടുത്ത പ്രശ്നം.

ഒരുതവണ കൂടി ഭരണത്തുടർച്ച ഉണ്ടായാൽ കേരളത്തിലെ ചിത്രം മുഴുവൻ മാറും. നേതാക്കന്മാർ ഉൾപ്പെടെ കോൺഗ്രസിൽ നിന്ന് കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്ന അവസ്ഥയുണ്ടായേക്കാം. അത് തടയാൻ ഒരു നടപടിയും കോൺഗ്രസിൽ നിന്നും ഉണ്ടാകുന്നില്ല എന്നത് സങ്കടകരമാണ്.

ട്വന്റി20 പോലുള്ള പ്രസ്ഥാനങ്ങളെ കുറച്ചുകൂടി വിശാലമായി നോക്കികാണണം. ഇതൊരിക്കലും അരാഷ്ട്രീയപരമായ ചിന്താഗതിയുടെ പേരിൽ സംഭവിക്കുന്നതല്ല. കേരളത്തിലെ ജനങ്ങൾ കൃത്യമായ രാഷ്ട്രീയബോധം ഉള്ളവരാണ്.

കോൺഗ്രസ്സ് തിരുത്തിതീരിച്ചുവരണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കോൺഗ്രസിലെ പുതുതലമുറ വളരെ പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ അത്രയെളുപ്പമാകില്ല കുറഞ്ഞ സമയത്തിനുള്ളിൽ പിണറായിയെപ്പോലൊരു കർക്കശക്കാരനായ നേതാവിനെ മറികടക്കാൻ.                                                            (ചെയർമാൻ, ലെഗിസ്വൺ ലീഗൽ സെർവിസസ്)


സർക്കാർ അനുകൂല തരംഗം പല സ്ഥലങ്ങളിലും ദൃശ്യമായിരുന്നു - ഷബ്‌ന വി.കെ

മാറ്റം ഈ തെരഞ്ഞെടുപ്പിൽ പ്രകടമായിരുന്നു.സാധാരണ ഭരണത്തിന്റെ അവസാന വര്ഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരം വലിയതോതിൽ ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ അങ്ങനൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, ഒരു അനുകൂല തരംഗം പല സ്ഥലങ്ങളിലും ദൃശ്യവുമായിരുന്നു. ഇ ഫലം തരുന്ന ആത്മവിശ്വാസത്തിലാകും സർക്കാർ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക. അതിനുതകുന്ന ജനക്ഷേമ പദ്ധതികളാണ് അവർ നടപ്പാക്കുന്നത്.

മലപ്പുറം ഈ പൊതു ട്രെൻഡിൽ നിന്നും മാറി നിൽക്കുന്നു. കഴിഞ്ഞ തവണത്തേക്കാൾ യുഡിഎഫ് നില മെച്ചപ്പെടുത്തി. അത് ലീഗിന്റെ ശ്രമഫലമാണ്. മലബാറിൽ മറ്റിടങ്ങളിൽ എൽഡിഎഫ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസിൽ സംഘടനാപരമായ കെട്ടുറപ്പില്ലായ്മ പ്രകടമായിരുന്നു.

മലപ്പുറം ഉൾപ്പെടെയുള്ള മേഖലകളിൽ ബിജെപി നടത്തിയ നീക്കങ്ങളൊരുക്കാലത്തും വിജയം കണ്ടിട്ടില്ല. അത് അവർക്കുമറിയാം. പാലക്കാട്ടെ സംഭവം ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ ഭീതി ഉണ്ടാക്കുന്നുണ്ട്. വർഗീയവിഷം പ്രത്യക്ഷത്തിൽ തന്നെ കാണുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളായിരുന്നു ബിജെപി നടത്തിയിരുന്നത്. നിലപാടുകൾ മാറ്റം വരുത്തിയാൽ ബിജെപിയ്ക്ക് ഒരുപക്ഷെ വളർച്ചയുണ്ടാക്കുവാൻ കഴിയുമായിരിക്കും.

വെൽഫേർ പാർട്ടിയുമായുള്ള യുഡിഎഫ് ബന്ധം വിവാദമാക്കിയത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമായിരുന്നു. ഇത് മുൻപുള്ള തെരഞ്ഞെടുപ്പുകളിൽ അവരുമായി ബന്ധമുണ്ടായിരുന്നത് എൽഡിഎഫിനായിരുന്നു. പലപഞ്ചായത്തുകളും ഇതിലൂടെ യുഡിഎഫിന് പിടിച്ചെടുക്കാനായി.

ജനക്ഷേമ പ്രവർത്തനങ്ങൾ തന്നെയാണ് വിജയത്തിന്റെ അടിസ്ഥാനമെന്നാണ് ഭരണമുന്നണിയുടെ വിലയിരുത്തൽ. അതനുസരിച്ചാകും കാര്യങ്ങൾ മുന്നോട്ട് പോകുക.               

(മാധ്യമപ്രവർത്തക)


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story