EDITORIAL

ലക്ഷ്യം കർഷക ക്ഷേമം തന്നെയാവണം.. -ന്യൂഏജ് എഡിറ്റോറിയൽ

Newage News

22 Sep 2020

രാജ്യം മറ്റൊരു വലിയ കർഷക പ്രക്ഷോഭത്തിന് ഇപ്പൊൾ സാക്ഷ്യം വഹിക്കുകയാണ്‌. കർഷകരുടെ ജീവിത പുരോഗതി മുൻനിർത്തി മോദി  സർക്കർ കൊണ്ടുവന്ന മൂന്ന്‌ ബില്ലുകൾ കർഷക താൽപര്യങ്ങൾക്ക് കടകവിരുദ്ധമായ വ്യവസ്ഥകളിൽ രൂപപ്പെടുത്തിയവയാണെന്ന് പ്രതിപക്ഷവും കർഷക സംഘടനകളും പറയുമ്പോൾ അത് കർഷകന് സ്വാതന്ത്ര്യവും മെച്ചപ്പെട്ട വിലയും ജീവിത പുരോഗതിയും ഉറപ്പാക്കുമെന്ന്  സര്ക്കാര് ആവർത്തിക്കുന്നു.കർഷക ക്ഷേമമാണ് ബില്ലിന്റെ ആത്യന്തിക ലക്ഷ്യമെന്ന് ബില്ലിനെ അനുകൂലിക്കുന്നവർ പറയുമ്പോൾ ഇത് കർഷകൻറെ മരണമണിയെന്ന പ്രതിവാദമാണ് മറുപക്ഷം ഉയർത്തുന്നത്. ബിൽ വിഷയം ഉയർത്തി  കേന്ദ്രമന്ത്രിസഭയിൽ നിന്ന് ശിരോമണി അകാലിദൾ അംഗം ഹർസിമ്രത് കൗർ രാജിവച്ചതോടെ വിഷയത്തിന്റെ രാഷ്ട്രീയമായ മാനം ഉയർന്നിരിക്കുന്നു.പ്രതിപക്ഷ ത്തേ തൃണവൽഗണിക്കുന്ന എൻ ഡി എ ക്യാമ്പിലും അത് ആഘാതമായി മാറിയിട്ടുണ്ട്. കാർഷികോല്പന്നങ്ങളുടെ ഉല്പാദനം, വ്യാപാരം, വാണിജ്യം ഇവ സംബന്ധിച്ച ബിൽ,, വില സ്ഥിരതയും കൃഷി സേവനങ്ങളും സംബന്ധിച്ച് കർഷകരുടെ ശാക്തീകരണവും സംരക്ഷണവുമായി ബന്ധപ്പെട്ട ബിൽ, അവശ്യവസ്തു  നിയമ ഭേദഗതി ബിൽ എന്നിവയാണ് ഇപ്പോൾ വിവാദത്തിന് ആധാരമായ  ബില്ലുകൾ. 

രാജ്യത്തെ കർഷകർക്ക് അവരുടെ അധ്വാനത്തിന് അനുയോജ്യമായ വില ലഭിക്കാറില്ല എന്ന പരാതി കാലങ്ങളായി തുടരുന്നതാണ്. ഇതിനു പരിഹാരമായാണ് എ പി എം സി യും താങ്ങുവില സംവിധാനവും ഒക്കെ നിലവിൽ വന്നത്. നിലവിലുള്ള ഈ സംവിധാനങ്ങളുടെ ആനുകൂല്യം പുതിയ ബിൽ വരുന്നതോടെ നഷ്ടമാവും എന്നതാണ് കർഷക സംഘടനകളുടെ  ആശങ്ക. അതിനു വേണ്ട ഉറപ്പ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ബിൽ പ്രാബല്യത്തിൽ വരുന്നതോടെ നിലവിലുള്ള പ്രാദേശിക ചന്തകൾ നിഷ്കാസിതമാവുകയും ആ സ്ഥാനത്ത് വൻകിട കമ്പനികളുടെ റീടയിൽ ശൃംഖലകൾ സ്ഥാനംപിടിക്കുമെന്നും അഭിപ്രായം ഉയരുന്നുണ്ട്. മാത്രമല്ല, കരാർ സമ്പ്രദായം കൃഷിയിൽ വ്യാപകമാവുകയും എന്ത് കൃഷി ചെയ്യണമെന്നും വില എത്രയെന്നും കമ്പനികൾ നിർണയിക്കുന്ന സാഹചര്യമുണ്ടാകുമെന്നും സംഘടനകൾക്ക് ആശങ്കയുണ്ട്. കൃഷിയിൽ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കേന്ദ്രം കടന്നുകയറുകയാണ്ന്ന ആക്ഷേപവും നിലനിൽക്കുന്നു. 

ഇത്തരം വിപരീത അഭിപ്രായങ്ങൾ തുടരുന്നതിനിടയിലും ബില്ലുകളുടെ നടപടിയിൽ  സർക്കാർ മുന്നോട്ടു തന്നെയാണ്. പഞ്ചാബിലും ഹരിയാനയിലും കർഷകർ കടുത്ത പ്രതിഷേധം തുടരുമ്പോൾ എൻഡിഎയിൽ അത് അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ഇവിടെ താങ്ങുവിലയിലും  കൃഷി സമ്പ്രദായങ്ങളിലും മാറ്റം ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഇത്തരം കാര്യങ്ങൾ വ്യവസ്ഥാപിത മാവണം എന്ന ചിന്ത ശക്തമാണ്. അത് ന്യായവുമാണ്. കർഷകന് ഉയർന്ന വരുമാനമാർഗ്ഗം ഉണ്ടാവുകയും വിപണി സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്യുന്നത് ഉചിതം തന്നെയാണ്. കർഷകരുടെ ശാക്തീകരണവും ജീവിത പുരോഗതിയും ഉറപ്പാക്കുമെന്നത് വെറും വാഗ്ദാനം മാത്രമായി മാറരുത് എന്നുമാത്രം. കൃഷിയിലേക്ക് മോഡേൺ ടെക്നിക്സും ടെക്നോളജിയുമോക്കെ കടന്നുവരിക തന്നെ വേണം. അനാവശ്യ കോർപ്പറേറ്റ് ദൂരീകരണതിൻറെ പേരിൽ രാജ്യത്തെ കർഷകരുടെ ക്ഷേമം തടയേണ്ടതുണ്ടോ എന്ന ചിന്തയും പ്രസക്തമാണ്. കർഷകരുടെ ആശങ്കകൾ ദൂരീകരിച്ച് പ്രായോഗികതലത്തിൽ കർഷകക്ഷേമം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്. കർഷകൻറെ ന്യായമായ ആശങ്കകൾ അകറ്റി ക്ഷേമത്തിലേക്കുള്ള ലക്ഷ്യം സാർത്ഥകമാക്കുകയാണ് അഭികാമ്യം.


ബില്ലിൽ കൂടുതൽ കരുതലും ജാഗ്രതയും പുലർത്തണം - എം. സരിതാ വർമ

പുതിയ കാർഷികബില്ലുകൾ കര്ഷകന്  ഒറ്റമൂലി എന്ന് പറയാൻ വയ്യ. നിരവധി ദോഷകരമായ പാർശ്വ ഫലങ്ങളുള്ള ഒരു ഔഷധം എന്ന് വേണം അവയെ വർണ്ണിയ്ക്കാൻ. 

ഒന്നാം ബില്ല് : കാർഷികവിപണി കൂടുതൽ വിപുലമാക്കുന്നു . കൂടുതൽ options നൽകുന്നു . എല്ലാ കർഷകരും APMC യുടെ മുദ്രയുള്ള ചന്തയിലെ വിൽക്കാവൂ എന്നില്ല ഇനി മുതൽ . കൂടുതൽ ചന്തകളിലേയ്ക്ക് കര്ഷകന് പ്രവേശനം ലഭിയ്ക്കുന്നു .

രണ്ടാം ബില്ല് : പൂഴ്ത്തി വയ്പ്പിനു ശിക്ഷിയ്ക്കപ്പെടാത്ത വിധത്തിൽ , ഭക്ഷ്യ വസ്തുക്കൾ സ്റ്റോക്ക് ചെയ്യാൻ സാമ്പത്തിക ഏജന്റുകൾക്ക് നിയമപരമായ പരിരക്ഷ നൽകുന്നു .

മൂന്നാം ബില്ല് : കോൺട്രാക്ട് കൃഷി യ്ക്കുള്ള ആരോഗ്യകരമായ ഒരു ചട്ടക്കൂടുണ്ടാക്കുന്നു .

കൃഷി കൂടുതൽ പ്രതിഫലദായകമാക്കുക , കര്ഷകന്  ന്യായമായ ലാഭലബ്ദിയുണ്ടാക്കുക   എന്നതാണ് എല്ലാ ബില്ലുകളുടെയും ലക്‌ഷ്യം.

പക്ഷെ , ഒരു കൂട്ടർ കാണുന്നത് വെറും കടലാസുപുലികളാണ് ഈ ബില്ലുകൾ എന്നാണ്. ഗുണം ചെയ്യാനാവില്ല എന്ന് മാത്രമല്ല , ചെറുകിട കർഷകരെ പരുക്കേൽപ്പിയ്ക്കാനും ഈ  മൂന്ന് ബില്ലുകൾക്ക് സാധിച്ചെന്നു വരും .

കര്ഷകന് , വിപണി പഠിയ്ക്കാനും, ഏറ്റവും ആദായകരമായ വില നൽകുന്ന വിപണി സ്വയം തെരഞ്ഞെടുക്കാൻ കഴിയുക എന്നത് ചേതോഹരമായ സ്വപ്നമാണ്. അത് നടപ്പിലാക്കും എന്ന വാഗ്ദാനമാണ് ഈ കടലാസുപുലികൾ നൽകുന്നത് . പക്ഷെ , ഈ പുത്തൻ നിയമപുലികൾക്ക്  ഇക്കാര്യത്തിൽ , പല്ലും നഖവും ഇല്ല .

ഒന്നാമതായി , നടപ്പിലാക്കാൻ  ദുര്ഘടമാണ് . ഇടനിലക്കാരുടെ ലോബി എത്രയോ പതിറ്റാണ്ടുകളായി രൂപീകൃതമാണ് .  സങ്കീർണ്ണമായ പല ചങ്ങാത്തകുരുക്കുകളും ഈ കാർഷികകങ്കാണികളും നിയമം നടപ്പിലാക്കുന്നവരും തമ്മിലുണ്ട് എന്ന് ആർക്കാനറിയാത്തത്!

രണ്ടാമതായി,  ഈ ബില്ലുകൾ നിയമമാവുന്നതോടെ , കർഷകർക്കുള്ള താങ്ങു വില എന്ന സങ്കൽപം പറ പറന്നു കഴിഞ്ഞു .  താങ്ങുവില , APMC യുടെ വിപണികളിലൂടെ മാത്രമേ നടത്താൻ കഴിയൂ .

പ്രത്യേകിച്ച് സാമൂഹ്യ ഉത്തരവാദിത്തം ഒന്നും ഇല്ലാത്ത സ്വകാര്യകമ്പനികൾക്ക് , താങ്ങുവില എന്ന ബാധ്യതയും മറ്റും മേൽ കീഴ് നോക്കേണ്ട കാര്യമില്ലല്ലോ .

പഞ്ചാബ് , ഹരിയാന എന്നീ കാർഷികസംസ്ഥാനങ്ങളിൽ , കർഷകർ ഈ ബില്ലിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വളരെയേറെ പരിഭ്രാന്തരാണ് . കർഷകർക്ക് , അവിടെയൊക്കെ , തെരഞ്ഞെടുപ്പിൽ , ഏറെ സ്വാധീനം ഉണ്ടാവും എന്നത് വാസ്തവമാണ് . എന്നാലും സംഘടിതമൂലധനശക്തികളുടെ വിലപേശലിനു മുമ്പിൽ പിടിച്ചു നിൽക്കാൻ കഴിയുമോ എന്നതിനെ ക്കുറിച്ച് അവർക്ക് ഭയമുണ്ട്. അതിൽ കുറെയൊക്കെ ന്യായമുണ്ട് താനും .

അതേസമയം, ധനശാസ്ത്രത്തിലെ  മറുപക്ഷം പറയുന്നത്, നിരന്തരമായി  താങ്ങു വില സിദ്ധാന്തത്തിൽ തൂങ്ങി ആടുന്നത് കൊണ്ടാണ് ഇന്ത്യയിലെ കാർഷികരംഗം മെച്ചപ്പെടാത്തത് എന്നാണ് .  താങ്ങുവിലയിൽ അള്ളിപിടിയ്ക്കാതിരുന്നാലേ കർഷകൻ നന്നാവൂ എന്നാണ് ഈ വാദം.

ഏതായാലും , APMC വിപണികൾക്ക് അപ്പുറം , കർഷകർക്ക് പുതിയ വിപണിവിഹായസ്സുകൾ ലഭ്യമാവുന്നത് സ്വാഗതം ചെയ്യേണ്ടതാണ് .  ബില്ലുകൾ  ചർച്ച ചെയ്തു ,  നിയമത്തിനു കൂടുതൽ തീർച്ചമൂർച്ചകൾ നല്കുമെങ്കിൽ, അവ  പ്രയോജനപ്പെടുത്താമല്ലോ.  

രണ്ടു ബില്ലുകൾ പാസായി കഴിഞ്ഞു . എങ്കിലും , കര്ഷകന് വില പേശാനുള്ള സ്‌പേസ് കൂടുതൽ ഒരുക്കേണ്ടതുണ്ട്.  നടപ്പിലാക്കും എന്ന് ഉറപ്പാക്കേണ്ടതുണ്ട് . എന്തൊക്കെയായാലും, അവസാനവിശകലനത്തിൽ,  വിളവിനു കൂടുതൽ ആവശ്യക്കാർ മുമ്പിൽ അണിനിരക്കുക എന്നതാണല്ലോ കർഷകന്റെ ലക്‌ഷ്യം. അതിന്, തെല്ലു കൂടി ജാഗ്രതയും കരുതലും വേണം.

(ഫിനാൻഷ്യൽ എക്സ്പ്രസ്സ് മുൻ സീനിയർ അസിസ്റ്റൻറ് എഡിറ്റർ)


കർഷകരുടെ ആശങ്കയകറ്റാൻ സർക്കാരിന് സാധിക്കുമോ? - വി എ  സ്റ്റാജൻ

കാര്‍ഷിക വിള വിപണന സമിതികള‍ുടെ പരമ്പരാഗത ചന്തകള്‍ക്ക് പുറത്ത് വിപണനം നടത്താനും സംസ്ഥാനാന്തര ഇടപാടുകള്‍ നടത്താനും കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതാണ് പുതിയ ബിൽ എന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും പതിറ്റാണ്ടുകളായി നിലവിലുള്ള താങ്ങുവില ഇല്ലാതാകുമെന്നതാണ് കര്‍ഷക സംഘടനകളുടെ ആശങ്ക. 

കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ധാന്യ വിളകള്‍ സിംഹഭാഗവും താങ്ങുവിലയിൽ ഫുഡ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ സംഭരിക്കുകയും അവ പൊതുവിതരണസംവിധാനം വഴി വിതരണം ചെയ്യുകയുമായിരുന്നു ഇതുവരെയുണ്ടായിരുന്ന രീതി. എന്നാൽ പുതിയ ബില്ലുകളുടെ വരവോടെ ഈ സംവിധാനം അവസാനിക്കുമെന്നതാണ് ഉയരുന്ന ആരോപണം. 

വിളകളുടെ താങ്ങുവില അടക്കമുള്ളവയെ ബിൽ ബാധിക്കില്ലെന്നു കൃഷിമന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും കർഷകർ അതു മുഖവിലയ്ക്കു എടുക്കുന്നില്ല.അവസരത്തിനൊത്തു രാഷ്ട്രീയക്കാർ നിറം മാറുമെന്ന് അവർ ഭയപ്പെടുന്നു.

താങ്ങുവില പിൻവലിക്കുന്ന സാഹചര്യമുണ്ടായാൽ കർഷകർക്ക് ന്യായവില ലഭിക്കാത്ത സാഹചര്യമുണ്ടാകാം.താങ്ങുവില ഇല്ലാതാകുകയാണെങ്കിൽ പച്ചക്കറി ഉൽപ്പാദനത്തിൽ ഇപ്പോൾ കർഷകർ നേരിടുന്ന വിലയില്ലായ്മ പ്രശ്നം ധാന്യങ്ങളുടെ ഉത്പാദനത്തിലും നേരിടാം.

തക്കാളിക്ക് കിലോ 2 രൂപ വില മാത്രം കിട്ടിയ സമയങ്ങളിൽ കർഷകർ റോഡിൽ തക്കാളി വലിച്ചെറിയേണ്ട സാഹചര്യം നമ്മൾ കണ്ടതാണ്.ഇതു നാളെ ഗോതമ്പിനും അരിക്കും സംഭവിക്കാം എന്നു കർഷകർ ഭയപ്പെടുന്നു.

വിളകളുടെ ഉത്പാദനം ആരംഭിക്കുന്നതിനു മുൻപു തന്നെ വിളകള്‍ വാങ്ങുന്ന സ്വകാര്യ കമ്പനികളുമായി കരാറിൽ ഏര്‍പ്പെടാനും വില നിശ്ചയിക്കാനും പുതിയ ബിൽ കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. 

കാര്‍ഷികവിളകളുടെ വില സംബന്ധിച്ച ചൂഷണത്തിൽ നിന്ന് കര്‍ഷകരെ സംരക്ഷിക്കുമെന്നാണ് പ്രൈസ് അഷ്വറൻസ് ബില്ലിലെ വാഗ്ദാനെങ്കിലും വില ഉറപ്പാക്കാനുള്ള സംവിധാനത്തെപ്പറ്റി ബില്ലിൽ പരാമര്‍ശമില്ലെന്ന് വാർത്തകളിൽ നിന്നും

വ്യക്തമാകുന്നു. ഇത് കര്‍ഷകരെ ചൂഷണം ചെയ്യാൻ കോര്‍പ്പറേറ്റ് കമ്പനികളെ പ്രേരിപ്പിക്കുമെന്നാണ് കർഷക സംഘടനകളുടെ പ്രധാന ആരോപണം.

കോർപ്പറേറ്റ് പ്രീണനം മാത്രം ലക്ഷ്യം വയ്ക്കുന്ന ഒരു സർക്കാർ ആണ് ഭരിക്കുന്നത് എന്നും തങ്ങളുടെ താൽപ്പര്യം പരിഗണിക്കപ്പെടില്ല എന്ന ഭയമാണ് കർഷകരെ തെരുവിലിറക്കുന്നത്.ആരോപണങ്ങൾക്കിടയിൽ ബിൽ പാസാക്കിയെങ്കിലും കർഷകരുടെ ആശങ്ക അകറ്റാൻ സർക്കാരിനാകുമോ എന്നതും ,

കർഷക ആത്മഹത്യ കുറയുമോ കൂടുമോ എന്നെല്ലാം വരും കാലങ്ങളിൽ കാത്തിരുന്നു കാണേണ്ടതുണ്ട്‌.

(ശ്രീനി ഫാംസ്  പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറാണ്)


നാട്ടു ചന്തകളും കർഷകനും മായുന്ന മോഡിഭാരതം - ജിഫിൻ ജോർജ്

മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയിൽ ഗവേഷക വിദ്യാർത്ഥി ആയിരിക്കെ സമരം മൂലം മെസ് അടച്ചു പൂട്ടി.പച്ചക്കറി വില കുറച്ചു വാങ്ങാൻ ഉള്ള അന്വേഷണത്തിൽ വടപളഞ്ഞിയിലെ നാട്ടു ചന്തയിലെത്തി.തക്കാളിക്കു നാലു രൂപക്കും ആറു രൂപക്കും വാങ്ങിയ , ഒരാഴ്ചക്കു ഉള്ള പച്ചക്കറികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ഒരു കാലം ഉണ്ടായിരുന്നു.നാട്ടിലെ കർഷകരുടെ ,വഴി വില്പനക്കാരുടെ ആ നാട്ടു ചന്തകൾ ഇല്ലാതെയാകുന്നു.ഇനി കർഷകൻ എന്നതു മാറി അവർ ഉത്പാദന പ്രക്രിയയിൽ റിസോഴ്സ് നല്കുന്നവരും അവരുടെ വിതരണ അവകാശം കോർപ്പറേറ്റ് കുത്തകൾക്കും കീഴിൽ വരും.അതാണ് കർഷക ബിൽ.

പ്രധാനമായും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കാർഷിക മേഖല വൻ പ്രതിസന്ധി നേരിടുകയാണ്. പ്രധാനമായും സർക്കാർ നിയന്ത്രിക്കുന്ന അവരുടെ കീഴിൽ ഉള്ള സംഘങ്ങളും, വകുപ്പ് സംവിധങ്ങളും ന്യായവിലയിൽ വാങ്ങി വിതരണം ചെയ്യുന്നത് കർഷകർക്ക് ആശ്വാസമാണ്.രണ്ടാമത് കാർഷിക വിപണിയെ ആശ്രയിച്ചു ന്യായമായും അല്ലാതെയും കച്ചവടം നടത്തുന്ന കച്ചവടക്കാരും,നാട്ടുചന്തകളും,നാടിന്റെ വികേന്ദ്രീകൃതവും,സ്വതന്ത്രവുമായ കാർഷിക സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ്.

പക്ഷെ പുതിയ കർഷക ബിൽ കൊണ്ടു വരുന്നത് മൂന്നാമത്തെ വഴിയാണ്.അതായത് കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ കോർപറേറ്റ് കമ്പനികൾക്ക് മാത്രമേ വിൽക്കാനാകൂ.ഇനി കർഷകരോട് കോർപറേറ്റുകൾ പറയുന്ന ഉത്പന്നങ്ങൾ കൃഷി ചെയ്യാനും,വിൽക്കാനും മാത്രം അനുവദിക്കുകയുള്ളൂ എന്ന പത്തെറ്റിക് അവസ്ഥയാണ്.ഇത്തരം ഒരു ബില്ലിനെ 1886 ഇൽ ബ്രിട്ടീഷ് രാജ് ഹൈദരാബാദിൽ കോട്ടൻ ബ്രിട്ടനിലെ തുണി മില്ലുകൾക്കു മാത്രം വിൽക്കാൻ കൊണ്ടുവന്ന നിയമത്തോട് ഉപമിക്കാവുന്ന ഒന്നാണ്.ബ്രിട്ടീഷ് രാജ് ഇന്ത്യയിലെ കാർഷിക വിപണിയെ എപ്രകാരം കൊള്ളയടിക്കാൻ ശ്രമിച്ചുവോ അതേ രീതിയിൽ ഇന്ത്യയെ കൊള്ളയടിച്ചു കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് അടിയറ വെക്കാനുള്ള നയമാണ് മോഡി സർക്കാർ ഇന്ത്യയിൽ ഇപ്പോൾ കർഷക ബിൽ വഴി നടപ്പിലാക്കുന്നത്.സത്യാന്തര ഭാരതത്തിൽ ഇത്തരം ഒരു ബില്ല് വഴി ഇന്ത്യയുടെ നട്ടെല്ല് ഒടിക്കുകയാണ് മോഡി സർക്കാർ ഈ കൊറോണയുടെ മറവിൽ ചെയ്യുന്നത്.

രാജ്യവ്യാപകമായി യുവാക്കളെ സംഘടിപ്പിച്ചു ബി.വി.ശ്രീനിവാസിന്റെ നേതൃത്വത്തിൽ യൂത്ത് കോണ്ഗ്രെസ്സും, ഇന്ത്യയിൽ പ്രത്യേകിച്ചു വടക്കേ ഇന്ത്യയിൽ ശക്തമായ കർഷക സംഘടനകളും രാജ്യ വ്യാപകമായി ഈ ബില്ലിനെതിരെ നടത്തുന്ന ജനാധിപത്യ പ്രക്ഷോഭങ്ങൾ പ്രതിരോധവും പ്രതീക്ഷയുമാണ്.

(യൂത്ത്‌ കൊണ്ഗ്രെസ്സിന്റെ യൂത്ത് കെയർ കോർഡിനേറ്ററും, ആക്ടിവിസ്റ്റുമാണ് ലേഖകൻ.)


ഫലത്തിൽ കോർപ്പറേറ്റ് വൽകരണം തന്നെയാവും - അനിൽ കുമാർ ശർമ്മ   

നല്ല ഉദ്ദേശ്യത്തോടെയാണ് കാർഷിക ബിൽ കൊണ്ടുവന്ന തെങ്കിലും യഥാർത്ഥത്തിൽ നടക്കുന്നത് കാർഷിക മേഖലയുടെ കോർപ്പറേറ്റ് വത്കരണം തന്നെയാണ്. പരമ്പരാഗത പാതയിൽ നിന്ന് ആധുനികതയുടെ പാതയിലേക്ക് കർഷകരെ വിളിക്കുകയാണ്. ഇതു ഫലത്തിൽ കോർപ്പറേറ്റ് വത്കരണം ആയി മാറും. കർഷകന് ഗുണമില്ല എന്നല്ല, ഭാവിയിൽ നിയന്ത്രണം (ഉത്പാദനം, പ്രോസസിംഗ്, കയറ്റുമതി, വില) കോർപ്പറേറ്റുകളുടെ കൈയിലാകും.

(കേരള കൗമുദി ബിസിനസ് എഡിറ്റർ)


കമ്പോളം വിപുലമാകുന്നത്കൊണ്ട് പ്രയോജനം ലഭികകുന്നില്ല - കെ അരവിന്ദ്              

കമ്പോളം വിപുലമാക്കുന്നത്‌ കര്‍ഷകന്‌ മികച്ച വില കിട്ടാന്‍ സഹായകമാകുമെന്ന വാദം യുക്തിസഹമാണെന്ന്‌ തോന്നുന്നില്ല. നിലവിലുള്ള കമ്പോളത്തില്‍ തന്നെ മതിയായ വില കിട്ടാത്തതു കൊണ്ടാണല്ലോ എംഎസ്‌പി നിശ്ചയിച്ചിരിക്കുന്നത്‌. കര്‍ഷകര്‍ക്ക്‌ ഉല്‍പ്പാദന ചെലവിന്റെ ഒന്നര മടങ്ങെങ്കിലും താങ്ങ്‌ വിലയായി ലഭ്യമാക്കണമെന്നാണ്‌ എം.എസ്‌.സ്വാമിനാഥന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്‌തിട്ടുള്ളത്‌.

(ഹെഡ്ജ് ഗ്രൂപ്പ് പ്രസിദ്ധീകരണമായ ഓഹരിയുടെ എഡിറ്ററാണ്)


കോർപ്പറേറ്റുകൾ എത്തുന്നത് സാധാരണ കർഷകർക്ക് വിനാശകരമാണ് - ഡോ. എൻ അജിത്ത് കുമാർ

നമ്മുടെ കാർഷിക രംഗത്ത് ഇടനിലക്കാരാണ് കർഷകൻറെ വരുമാനത്തിൽ സിംഹഭാഗവും മുതലാക്കി യിരുന്നത്. ഈ ഒരു വിഭാഗം പൂർണമായി ഒഴിവാക്കപ്പെടുകയാണ്. എന്നാൽ കാർഷിക വിപണനത്തിൽ നമ്മുടെ കർഷകർ എന്നും  പരാശ്രയ ശീലമുള്ളവരാണ്. ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ.ഇടനിലക്കാരുടെ ആ റോളിലേക്ക് കോർപ്പറേറ്റുകൾ എത്തുന്നത് പാവപ്പെട്ട കർഷകരെ സംബന്ധിച്ച് വിനാശകരം തന്നെയാണ്.

(ധനകാര്യ വിദഗ്ധനാണ്)


കോർപ്പറേറ്റ് താൽപര്യത്തിന് മുൻതൂക്കം - പി രാധാകൃഷ്ണൻ നായർ

രണ്ടു രീതിയിലും വ്യാഖ്യാനിക്കാം എങ്കിലും കോർപ്പറേറ്റ് താല്പര്യത്തിനാണ് മുൻ‌തൂക്കം. APMC യെ ദുർബലമാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഏറ്റവും വലിയ അപകടം hoarding കുറ്റകരമല്ലാതാക്കുന്നതാണ്.  കോര്പറേറ്റകൾക്കു ഭക്ഷ്യ ക്ഷാമം സൃഷ്ടിച്ചു ലാഭം കൊയ്യാം. കർഷകരുടെ bargaining power നഷ്ടമാവും. കോര്പറേറ്റകൾ കര്ഷകരുടെയോ ഉപഭോക്താവിന്റെയോ താല്പര്യം സംരക്ഷിക്കും എന്ന് വിശ്വസിക്കുന്നത് വിഡ്ഢിത്തമാണ്.

(ബിസിനസ് ലൈൻ, മുൻ സീനിയർ അസിസ്റ്റൻറ് എഡിറ്റർ)


ഈ ബില്ലിനെ അടച്ചാ ക്ഷേപിക്കുന്നതിൽ അർത്ഥമില്ല - ഡോ. പിഎസ് ശ്രീകണ്ഠൻ തമ്പി

നമ്മുടെ കാർഷിക മേഖലയിൽ കർഷകർ വലിയ പരാധീനതകൾ നേരിടുന്നുണ്ട്. കർഷകന് ന്യായമായ വില ലഭിക്കുന്നില്ല. മാർക്കറ്റ് സംവിധാനങ്ങളെല്ലാം രാഷ്ട്രീയ വൽക്കരിക്കപ്പെട്ടരിക്കുന്നു. ഓരോ മാർക്കറ്റ് സമിതികളിലും രാഷ്ട്രീയമായ പ്രചാരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. രാഷ്ട്രീയ ദല്ലാളന്മാരുടെ സ്വാധീനമാണ് എല്ലാം നിശ്ചയിക്കുന്നത്. ട്രേഡർമാർ മുഖേനയാണ് കാര്യങ്ങൾ നടക്കുന്നത്. ഇവിടെ കർഷകന്  അവസരം ലഭിക്കണമെങ്കിൽ സ്വാധീനം ഉണ്ടാകണം.  കർഷകർക്ക് കെട്ടുറപ്പുള്ള സംഘടനകൾ ഇല്ല. നമ്മുടെ കൃഷിഭവനുകളിൽ രാഷ്ട്രീയക്കാരുടെ  തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. സമിതികളിൽ യഥാർത്ഥ കർഷകരുടെ സാന്നിധ്യം പരിമിതമാണ്. തീരുമാനങ്ങൾ അതുകൊണ്ടുതന്നെ കർഷകർക്ക് അനുകൂലമല്ല.

ഇവിടെ കർഷക കമ്പനികൾ രൂപീകരിച് കോർപ്പറേറ്റുകളു മായി  ബാർ ഗെയിനിങ്  പ്‌വർ ഉണ്ടാക്കണം. ഫാം പ്രൊഡ്യൂസർ കമ്പനികൾക്ക് വേണ്ട സഹായങ്ങൾ നൽകി ശക്തിപ്പെടുത്തണം. വളം, കീടനാശിനി,  ലേബർ സപ്ലൈ തുടങ്ങിയവ ഉറപ്പാക്കണം.കർഷകനു സ്വതന്ത്രമായി പ്രവർത്തിക്കാൻ ഉള്ള സാഹചര്യമാണ് ഉണ്ടാകേണ്ടത്. രാജ്യത്ത് എല്ലാ ഇടപാടുകളും വൻകിട കമ്പനികളുമായാണ്  ന്ടക്കുന്നത്. പിന്നെന്തിനാണ് വൻകിട കമ്പനികളുടെ വരവിനെക്കുറിച്ച് ആശങ്കപ്പെടുന്നത്. ഇന്ത്യയെ ലോക വിപണിയുടെ ഭാഗമായി നമ്മൾ കാണണം. ഇതര കമ്പനികളുമായുള്ള ധാരണയിൽ ഉൽപ്പാദനവും വിൽപ്പനയും നടത്താൻ സാധിക്കണം. നിയമങ്ങൾ അനുശാസിക്കുന്ന തരത്തിൽ രാജ്യത്ത് പുരോഗതി കൊണ്ടുവരികയാണ് വേണ്ടത്. അതുകൊണ്ടുതന്നെ ഈ ബില്ലിനെ അടച്ച് ആക്ഷേപിക്കുന്നത്ൽ അർത്ഥമുണ്ടെന്ന് കരുതുന്നില്ല. രാഷ്ട്രീയ കക്ഷികൾ ഇതിൽ ശരിയായ പ്രായോഗികതയിൽ കാര്യങ്ങൾ കാണേണ്ടതുണ്ട്. പുതിയ സാങ്കേതികതയും കൃഷിരീതികളും രാജ്യത്ത് വരണം. ഇവിടെ മാർക്കറ്റുകൾ നശിക്കും എന്നു പറയുന്നത് ശരിയല്ല. റിലയൻസ് പോലുള്ള കമ്പനികൾ വന്നെങ്കിലും സാധാരണ വ്യാപാരസ്ഥാപനങ്ങൾ ഇന്നും  നിലനിൽക്കുന്നു. കാലത്തിൻറെ മാറ്റം ഉൾക്കൊള്ളുന്ന സമീപനം തന്നെയാവണം സ്വീകരിക്കേണ്ടത്.                                     

(സ്പൈസസ് ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടറും വേൾഡ് സ്പൈസ് ഓർഗനൈസേഷൻ സസ്റ്റൈനബിൽ ഇനി ഷ് യേ ട്ടിവ് സ് കൺസൾട്ടന്റാണ്)


സർക്കാർ ഉടമയിലും കൂട്ടായ്മയിലും ചന്തകളും സംഭരണ കേന്ദ്രങ്ങളും വരണം - അബ്രഹാം കുര്യൻ

എല്ലാ അർത്ഥത്തിലും  രാജ്യത്തെ കർഷകർ ഇന്ന് തകർച്ചയിലാണ്‌. കോവിടും ലോക് ഡൗനും പ്രതിസന്ധി വർദ്ധിപ്പിച്ചു. കൊയ്ത്തിന് ആളെ കിട്ടാത്തതും ഗതാഗത സ്തംഭനവും വെട്ടുകിളി ശല്യവും കനത്തമഴയും കൂടിയായപ്പോൾ കർഷകൻറെ നടുവൊടിഞ്ഞു.അപ്പോഴാണ് കേന്ദ്രസർക്കാർ മൂന്ന് ബില്ലുകളും ആയി കർഷകരെ കൊതിപ്പിക്കാൻ എത്തിയത്. എല്ലാ നിയമങ്ങളും എടുത്തുമാറ്റി  കൃഷിക്കാരന് വിള എവിടെയും വിൽക്കാം എന്നത് നടക്കാത്ത സ്വപ്നമാണ്. ഒരു ഹെക്ടറിൽ താഴെ കൃഷിസ്ഥലം ഉള്ളവരാണ് കർഷകരിൽ ബഹുഭൂരിപക്ഷവും. കൃഷിയിടത്ത് പോലും വിൽക്കാൻ ആവാത്തതാണ് വർത്തമാന കാലാവസ്ഥ. മെച്ചപ്പെട്ട  വില ലഭിക്കുന്നതിന് ഇന്ന് സർക്കാർ മുന്നോട്ടു വയ്ക്കുന്ന കോൺട്രാക്ട് ഫാമിംഗ് കർഷകന്റേ ഭൂമിയും അദ്ധ്വാനവും സ്വകാര്യ വ്യാപാരികൾക്ക് പണയപ്പെടുത്തുന്നതിന് ഇടയാക്കും.

സ്വകാര്യ വ്യാപാരികളുടെ ചൂഷണ, വിഹാരകേന്ദ്രം ആയി കൃഷിയിടങ്ങളും വിപണിയും മാറും.അവശ്യസാധന നിയമത്തിലെ വില  നിയന്ത്രണം എടുത്തു മാറ്റുമ്പോൾ അവശ്യ വസ്തുക്കളുടെ ലഭ്യത കുറയും. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമാകും. ഇത് ഭക്ഷ്യസുരക്ഷയിലും ബാധിക്കും. ഭക്ഷ്യ  സംഭരണം സ്വകാര്യമേഖലയ്ക്ക് മാത്രമായി മാറും. ഹർസിമ്രത് കൗർ രാജി വെക്കുമ്പോൾ പറഞ്ഞത്"മത്സരം നടക്കുമ്പോൾ എല്ലാവർക്കുമറിയാം ആര് ജയിക്കുമെന്ന്" എന്നാണ്.കാർഷിക സബ്സിഡി കൂട്ടുകയും സർക്കാർ ഉടമസ്ഥതയിലും കൃഷിക്കാരുടെ കൂട്ടായ്മയിലും സംഭരണ കേന്ദ്രങ്ങളും  ചന്തകളും ആരംഭിക്കുകയുമാണ് കർഷകനെയും കൃഷിയിടങ്ങളും  രക്ഷിക്കാൻ സർക്കാർ ചെയ്യേണ്ടത്. അതിനൊപ്പം കൃഷിക്കാരുടെ മക്കൾക്ക് കൃഷിയുമായി ബന്ധപ്പെട്ട പ്രൊഫഷണൽ കോഴ്സുകളിൽ 50% സംവരണം നടപ്പാക്കുകയും വേണം.     

(സാമൂഹിക നിരീക്ഷകനും ലൈഫ് ട്രീ ഫൗണ്ടേഷൻ ഡയറക്ടറുമാണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story