EDITORIAL

ജനകീയമാകുന്ന ഫാഷൻ - ന്യൂഏജ് എഡിറ്റോറിയൽ

Newage News

25 Jun 2020

മിതത്വമാണ് പുതിയ കാലത്തിന്റെ മന്ത്രം. അത് ഏത് മേഖലയിലാണെങ്കിലും അങ്ങനെ തന്നെ. കോവിഡ് അതിജീവന സമവാക്യങ്ങളിൽ മിനിമലിസത്തിന് വലിയ പ്രാധാന്യമാണുള്ളത്. 

ഫാഷൻ ഏറെക്കാലമായി സാധാരണക്കാരന്റെ തലക്ക് മുകളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു. 

അതും താഴത്തേക്കിറങ്ങി വരുന്നത് പോലെ തോന്നുന്നു. ഫാഷൻ സങ്കൽപ്പങ്ങളിൽ കാതലായ മാറ്റം സംഭവിക്കുന്നതിന് കാരണം കോവിഡ് മാത്രമല്ല. കുറേക്കാലമായി അങ്ങനൊരു പരിവർത്തനം ഫാഷൻ സങ്കൽപ്പങ്ങളിൽ നടക്കുന്നു. അതിന്റെ ഭാഗമായി വേണം ഫാബ് ഇന്ത്യയുടെയൊക്കെ മുന്നേറ്റത്തെ കാണാൻ. നമ്മുടെ ഖദറും, കൈത്തറിയും ഗ്ലാമർ വർധിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ നെയ്ത്തു ഗ്രാമങ്ങളിൽ നിന്നും നേരിട്ടെടുക്കുന്ന വസ്ത്ര വിസ്മയങ്ങൾ വലിയ ശ്രദ്ധ നേടുന്നു. 

ഫാബ് ഇന്ത്യ അമേരിക്കക്കാരനായ ജോൺ ബിസെൽ തുടങ്ങിയതാണ്. ഇന്ത്യയുടെ വൈവിധ്യം നിറഞ്ഞ നെയ്തു, കരകൗശല വൈദഗ്ധ്യത്തെ അവർ കോർപ്പറേറ്റ് വൽക്കരിച്ചു. മികച്ച പാക്കേജിംഗും,  ബ്രാൻഡിംഗും കൊണ്ട് വേറിട്ട പരിവേഷം നൽകി. 

ഇക്കാലയളവിൽ തന്നെ നമ്മുടെ കണ്ണൂരിൽ നിന്നുള്ള കൈത്തറി ലോകത്തെ പലഭാഗങ്ങളിൽ കേരളത്തെ അറിയിച്ചു. കണ്ണൂരിലെ ചില കൈത്തറി സംഘങ്ങൾ 100 ശതമാനം കയറ്റുമതി ചെയ്യുന്നു. ഇതിനിടയിൽ ബാലരാമപുരവും പഴയ പ്രതാപം തിരിച്ചു പിടിച്ചു. എന്തിന് ചേന്ദമംഗലം കൈത്തറി പോലും പ്രളയത്തിൽ മുങ്ങി തിരിച്ചു കയറിയത് ചേക്കുട്ടി പാവയെന്ന പുതിയൊരു ഉല്പന്നവും പരിവേഷവുമായാണ്.

തനത് ഉത്പന്നങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത ആണ് ലോകത്താകമാനം ഒരു പുതിയ പ്രവണത.

ചേന്ദമംഗലവും, ബാലരാമപുരവും, കണ്ണൂരും പോലെ ബംഗാളി കോട്ടണും, കാഞ്ചീപുരം പട്ടും, ബനാറസ് പട്ടു സാരിയും, കശ്മീരി കുർത്തയും ഒക്കെ വീണ്ടും വിപണിയുടെ മനം കവരുകയാണ്.

ഒരു ഭാഗത്ത് ഉപഭോക്താക്കളുടെ മാറുന്ന പ്രിയങ്ങൾ, മറു ഭാഗത്ത് വ്യവസായ ലോകത്തിന്റെ പുതിയ താല്പര്യങ്ങൾ. 

അങ്ങനെ രൂപപ്പെട്ടുവരുന്ന ഫാഷൻ ലോകത്ത് ചില പുതിയ പ്രവണതകൾ ശ്രദ്ധേയം. അതിലൊന്നാണ്  മിനിമലിസം. മറ്റൊന്ന് ഗ്രീൻ സങ്കൽപ്പങ്ങൾ. വേറൊന്ന് തനിമ. അത് പോലെ ഒട്ടേറെ ഘടകങ്ങളുണ്ട് വേറെയും.  ഗ്രീൻ സങ്കൽപ്പങ്ങളിൽ പുനരുപയോഗം പോലുള്ള കാര്യങ്ങൾ എടുത്തു പറയേണ്ടതുണ്ട്. 

ഈ മാറ്റങ്ങളെ ഉൾക്കൊള്ളുന്ന ഒത്തിരി പുതിയ സംരംഭങ്ങൾ കടന്നു വരുന്നുണ്ട്. അത് ആശാവഹമാണ്. 

ഇത്തരം സ്റ്റാർട്ടപ്പുകൾ ഭാവിയിൽ വലിയ വളർച്ച നേടും. 

അപ്പാരൽ പോലെ ശ്രദ്ധിക്കേണ്ട മേഖലയാണ് ജൂവലറിയും. അവിടെയും മിനിമലിസത്തിനാണ് പ്രാമുഖ്യം. 

കൊച്ചു, കൊച്ചു സ്റ്റാർട്ടപ്പുകൾ ഈ രംഗത്തും ധാരാളം ഉണ്ടായി. 

രണ്ടു മേഖലയിലും ഓൺലൈൻ സംരംഭങ്ങളുടെ കുതിച്ചു കയറ്റം നടക്കുന്നു. ആ ട്രെൻഡ് ഇനി ശക്തമാവുകയേ ഉള്ളൂ. 

ഫാഷൻ ജനകീയമാകുന്നതായിരിക്കും നടക്കുന്ന, നടക്കാനിരിക്കുന്ന ഏറ്റവും വലിയ മുന്നേറ്റം. ഗ്രൂമിംഗും, ഹെയർ സ്റ്റൈലിംഗും, മേക്ക് ഓവറും ഇനി മേൽ സെലിബ്രിറ്റികളുടേത് മാത്രമായി തുടരില്ല. അതൊക്കെ എല്ലാവരുടെയും ശീലങ്ങളുടെ ഭാഗമാകും. 

ഈ മാറ്റം ആദ്യം ഏറ്റു വാങ്ങുക കോർപ്പറേറ്റ് ലോകമായിരിക്കും. 

ജീവിത ശൈലിയെയും, ആത്മവിശ്വാസത്തെയും ഫാഷൻ ഗുണകരമായി സ്വാധീനിക്കും. ഒട്ടേറെ നവ സംരംഭങ്ങൾക്ക് അത് സാധ്യത തുറക്കും. 

ഈ മേഖലയിൽ ഓൺലൈൻ സാദ്ധ്യതകൾ പലരും ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. അത് കോവിഡ് പശ്ചാത്തലത്തിൽ ശക്തമായി. ഓൺലൈൻ ചുവടുമാറ്റം ഇനിയും ശക്തമാകും. കോവിഡ് കഴിഞ്ഞാലും ആ പ്രവണത തുടരും. എന്ത് തന്നെയായാലും ഫാഷൻ ജനകീയമാകുന്നത് വ്യവസായത്തിനും, നവ സംരംഭകർക്കും, ഉപഭോക്താക്കൾക്കും ഒരുപോലെ സഹായകരമാകും.


മേക്ക് ഓവർ എല്ലാവരിലേക്കും എത്തണം - ജസീന കടവിൽ 

ഗ്രൂമിങ്, ഹെയർ സ്റ്റൈലിംഗ്, മേക്ക് ഓവർ തുടങ്ങിയ കാര്യങ്ങൾ സെലിബ്രിറ്റികൾക്ക് മാത്രം പറ്റുന്നത് എന്നൊരു ധാരണയാണ് പരക്കെ ഉണ്ടായിരുന്നത്. അത് ഏറെക്കുറെ മാറി വരികയാണ്. കോവിഡ് ഈ മാറ്റത്തിന് ആക്കം കൂട്ടി. എൻ്റെ വ്യക്തിഗതമായ അനുഭവം കൂടിയാണത്. 

കോവിഡ് കാലത്ത് എനിക്ക് കൂടുതൽ സമയം കിട്ടി. ഞാൻ ചെയ്തിരുന്ന കാര്യങ്ങൾ ഡിജിറ്റലായും, കൂടുതൽ സൂക്ഷ്മമായും ചെയ്യാൻ തുടങ്ങി. 

ഞാൻ ഒട്ടേറെ മോഡലുകളുടെയും, അഭിനേതാക്കളുടെയും മേക്ക് ഓവർ ചെയ്തിട്ടുള്ളതാണ്. അവർക്ക് മാത്രമല്ല ഇത് എല്ലാ ആളുകൾക്കും പറ്റും. അത് നമുക്കറിയാവുന്നതുമാണ്. പക്ഷെ പലതുകൊണ്ടും അത് സാധിച്ചിരുന്നില്ല. പക്ഷെ ആ പരീക്ഷണം ഞാൻ ഈ സമയത്ത് നടത്തി. ഗ്രൂമിംഗും, ഹെയർ സ്റ്റൈലിംഗും, മേക്ക്ഓവറും ഒക്കെ അങ്ങനെ ജനകീയമാക്കി എന്ന് പറയാം. സെലിബ്രറ്റികളും, മോഡലുകളും കുറവേയുള്ളൂ. സാധാരണക്കാരാണ് കൂടുതൽ. അവർക്ക് ഈ അവബോധം ഉണ്ടാകണം. അവരുടെ വ്യക്തിത്വത്തെ മികച്ചതാക്കാൻ ഇത് മൂലം കഴിയുമെന്ന ബോധ്യം അവർക്ക് വരേണ്ടതുണ്ട്. അതിന് കുറെയൊക്കെ ഇപ്പോൾ കഴിയുന്നുണ്ട്. ഈ മാറ്റം അവർക്ക് വലിയ ആത്മവിശ്വാസം നൽകുന്നത് ഞാൻ നേരിട്ട് കാണുന്നതാണ്. ഈ ആത്മവിശ്വാസം അവരെ ജീവിതത്തിൽ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നു. 

അദമ്യമായി ആഗ്രഹിക്കുന്നതെന്തും ജീവിതത്തിൽ നടക്കും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. നിങ്ങൾക്ക് മാറണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ അത് നടക്കും. 

കോവിഡ് കാലത്ത് ഞാൻ മേക്ക് ഓവർ പരീക്ഷണം നടത്തിയത് ഒരു ഇലക്ട്രിഷ്യനിലാണ്. പൊതു ചടങ്ങുകൾക്ക് പോകാൻ മടിച്ചിരുന്ന ആളാണ്. മേക്ക് ഓവറിന് ശേഷം ആൾ അടിമുടി മാറി. ഭാര്യയുടെ അനുഭവ സാക്ഷ്യം കേട്ടപ്പോൾ ഏറെ സന്തോഷം തോന്നി. ഇത് വിവരിക്കുമ്പോൾ ശരിക്കും അവർ കരയുകയായിരുന്നു. 

എന്നെ നോക്കിയിരുന്ന ഒരു ഡോക്റ്ററുണ്ട്. സുന്ദരിയാണ്. പക്ഷെ അതിലൊന്നും ഒട്ടും ശ്രദ്ധയില്ല. ആദ്യം മുതൽ ഞാൻ അവരുടെ കണ്ണുകൾ ശ്രദ്ധിക്കുന്നതാണ്. കണ്ണിൽ നിന്നാണ് മേക്ക് ഓവർ തുടങ്ങിയത്. അത്ഭുതപ്പെടുത്തുന്ന പേഴ്സണാലിറ്റി ചേഞ്ച് അവർക്ക് ഉണ്ടായി.

ഒട്ടേറെ ഇത്തരത്തിലുള്ള ആളുകളുടെ മേക്ക് ഓവർ ഞാൻ ചെയ്തിട്ടുണ്ട്. ഓരോരുത്തർക്കും ചേരുന്ന ചില സ്റ്റൈലുകൾ ഉണ്ട്. അത് അവർക്ക് മനസിലാകില്ല. ഞങ്ങൾക്കത് പെട്ടെന്ന് തിരിയും. ചെറിയ മാറ്റങ്ങൾ മതിയാകും. ഇത് വസ്ത്രങ്ങൾ തെരെഞ്ഞെടുക്കുന്നതിലും ഉണ്ടാകണം. ഇതൊക്കെ ശ്രദ്ധിച്ചു തുടങ്ങുന്നതിൻറെ ലക്ഷണം നമ്മൾ ജീവിതത്തെ സ്നേഹിക്കാൻ തുടങ്ങുന്നു എന്നതാണ്. അങ്ങനെയുള്ളവർ ജീവിതത്തിൽ വിജയിക്കാനും തുടങ്ങും. 

മലയാളികൾ ഇക്കാര്യങ്ങളിൽ തീരെ ശ്രദ്ധിക്കുന്നില്ല എന്നാണ് എൻ്റെ പക്ഷം. ഇവിടെ ചെറുപ്പക്കാരായ പെൺകുട്ടികൾ പോലും വിവാഹം കഴിഞ്ഞു ഒന്നു രണ്ട്  വർഷം കഴിയുമ്പോഴേക്കും ഏറെ പ്രായമായവരെപ്പോലെ പെരുമാറുന്നു. എന്തിന് ഇങ്ങനെ ചെയ്യുന്നു എന്ന് മനസിലാകുന്നില്ല. 

ദാമ്പത്യ ജീവിതത്തിലും, പ്രൊഫഷണൽ ജീവിതത്തിലും ഗ്രൂമിങ് ഏറെ പ്രയോജനകരമാകും. 

ഇതിനൊന്നും കൂടുതൽ പണം മുടക്കണമെന്നല്ല പറഞ്ഞു വരുന്നത്. ശ്രദ്ധിച്ചാൽ മതി, അവിടെ മാറ്റം തുടങ്ങും. 

ഞാൻ ശരീര ഭാരം കുറച്ചത് ഒറ്റ വർഷം കൊണ്ടാണ്. ഇത്തരമൊരു തീരുമാനത്തിന്റെ ഭാഗമായിരുന്നു അത്. 

ഈ ആശയങ്ങൾ കൂടുതൽ പേരിലെത്തിക്കാൻ ചില ക്യാമ്പയിനുകൾ അഥവ മേക്ക് ഓവർ സീരീസുകൾ  ഞാൻ ചെയ്തു. ലവ് യു സിന്ദഗി എന്നതാണ് അതിലൊന്ന്. അത് എന്നിൽ തന്നെ നടത്തിയ പരീക്ഷണമായിരുന്നു. ലെറ്റ് യു മേക്ക്ഓവർ ആൻഡ് ലവ് യുവർ സെല്ഫ് , ലെറ്റ് ബ്രേക്ക് ദി റൂൾ ഓഫ് ബ്യൂട്ടി, ടി ടു കോഫി, ബാക്ക് ടു എയ്റ്റി തുടങ്ങി ഒട്ടേറെ സീരീസുകൾ ചെയ്തു. ഇതെല്ലം ചെയ്തത് സാധാരണക്കാരിലാണ്. 

അത് അവരിൽ ഉണ്ടാക്കിയ മാറ്റം എനിക്ക് നേരിട്ട് അറിയാവുന്നതാണ്.   

(പ്രമുഖ മേക്ക് അപ്പ്, മേക്ക്ഓവർ, ഗ്രൂമിങ് ആർട്ടിസ്റ്റ് ആണ് ലേഖിക)


ഇനി ഇമ്മ്യൂണിറ്റി ക്ലോത്തിങ്ങിന്റെ കാലം - രേണുക സി ശേഖർ 

കോവിഡിന് ശേഷം കൂടുതലായി വരിക ആരോഗ്യത്തിന് പ്രാധാന്യം നൽകുന്ന തരത്തിലുള്ള വസ്ത്രങ്ങളാകും. സ്റ്റൈലിനെക്കാൾ കൂടുതലായി സസ്‌റ്റൈനബിലിറ്റിക്കും മിനിമലിസത്തിനും ഒപ്പം സുരക്ഷക്കും പ്രാധാന്യമുള്ള ട്രെൻഡ് ആയിരിക്കും ഇനി വരിക. 

ഗ്രീൻ കൺസൽറ്റിങ്ങിന്റെ കാലമാണ് മുന്നിലുള്ളത്. കൈവശമുള്ള വസ്ത്രങ്ങളെ സ്റ്റൈലിഷ് ആയി എങ്ങനെ ഉപയോഗിക്കാനാകും എന്നതാണ് ശ്രദ്ധിക്കേണ്ടത്. അത് ഒരു പക്ഷെ വസ്ത്രങ്ങളായി തന്നെ വേണമെന്നില്ല, പകരം ഉപകാരപ്രദമായ പല രൂപത്തിലേക്ക് അതിനെ മാറ്റാം. മിനിമലിസം എന്നത് അങ്ങനെയാണ് പ്രയോഗത്തിലാക്കാനാകുക. അതാണ് ഞങ്ങൾ പഠിപ്പിക്കുന്നത് വിവിധ പരിപാടികളിലൂടെ. 'റീ പെയർ' എന്ന സങ്കൽപ്പമാണ് ആണ് ഉപയോഗിക്കേണ്ടത്. നമ്മുടെ കൈവശമുള്ളതിനെ പല തരത്തിൽ പെയർ ചെയ്‌ത് വീണ്ടും ഉപയോഗിക്കുക. 

ഫാഷൻ എന്നത് കൺസ്യൂമറിസം അല്ല, മറിച്ച് അതൊരു ആർട്ട് എന്ന രീതിയിൽ കൂടി കാണണം. 

കൂടുതൽ ഇമ്മ്യൂണിറ്റി നൽകുന്ന വസ്ത്രങ്ങൾ നമുക്കിടയിലും വ്യാപകമാകുകയാണ്. ഒരുപക്ഷെ ഇമ്മ്യൂണിറ്റി ക്ലോത്തിങ്ങിൽ ലോകത്തിൽ തന്നെ ഏറ്റവുമധികം റിസർച്ച് നടക്കുന്നത് കേരളത്തിലാണ്. വര്ഷങ്ങളായി കേരളത്തിൽ തന്നെ ഡെവലപ്പ് ചെയ്ത ചില രീതികളുണ്ട്. മഞ്ഞൾ കൊണ്ട് ഡൈ ചെയ്ത വസ്ത്രങ്ങൾ കൂടുതൽ പ്രതിരോധം നൽകുന്നുണ്ട് എന്ന് പറയുന്നു. ആയുർവേദ മെഡിസിൻ ശരീരത്തിന് പ്രതിരോധ കവചമൊരുക്കുന്നു. കുട്ടികൾക്ക് ആയിരിക്കും ഇത് കൂടുതൽ ഉപകാരപ്പെടുന്നത്. അത്തരമൊരു ശൈലിയിലേക്ക് കേരളം പതുക്കെയാണേലും എത്തിക്കഴിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര മാർക്കറ്റ് ഉപയോഗപ്പെടുത്തുവാനുള്ള സാധ്യകളും നമ്മുടെ മുന്നിലുണ്ട്. 

ജപ്പാൻ പോലുള്ള വിദേശ രാജ്യങ്ങളിൽ പലതും ഇതിനകം തന്നെ ഇത്തരം വസ്ത്ര രീതികളിലേക്ക് മാറിയിട്ടുണ്ട്. ഏതാണ്ട് ഏഴ് വർഷങ്ങൾക്ക് മുമ്പ് തന്നെ അവർ ഇത്തരമൊരു സാഹചര്യം മുന്നിൽ കണ്ടിരുന്നു. 

ഫാഷൻ ഇൻഡസ്ടറി ആണ് ഇന്നത്തെ ഈ പ്രതികൂല സാഹചര്യത്തിൽ ഏറ്റവുമധികം ഉത്തരവാദിത്തത്തോടെ പ്രതികരിക്കുന്ന ഒരു വിഭാഗം. കോർപ്പറേറ്റ് മേഖലയിൽ ആണ് വസ്ത്രധാരണത്തിലെ ഈ മാറ്റങ്ങൾ നമുക്ക് പെട്ടന്ന് കൊണ്ടുവരാനാകുക. കാരണം അവിടെ ഡ്രസിങ്ങിന് വളരെയധികം പ്രാധാന്യമുണ്ട്. അത് നമ്മുടെ ആത്മവിശ്വാസത്തെ വല്ലാതെ ഉയർത്തും. പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തിൽ അത് ആവശ്യവുമാണല്ലോ.                                                                 

(ഗ്രീൻ ഫാഷൻ സ്റ്റാർട്ടപ്- ക്ലെമറ്റ് ഫൗണ്ടർ ആണ് ലേഖിക)


ഫാഷനിൽ മാതൃകയാവുന്ന മിനിമലിസം - ജ്യോതി ജവഹർ

ഫാഷൻ ലോകത്ത് പുരോഗമനപരമായ ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. കൂട്ടത്തിൽ ഏറെ  ശ്രദ്ധേയമായ ഒരു ആശയമാണ് മിനിമലിസം. കുറഞ്ഞ ചെലവ്, ലാളിത്യം, റിസോഴ്സുകളുടെ പരമാവധി കുറഞ്ഞ ഉപയോഗം, പ്രകൃതിയോടുള്ള കരുതൽ ഒക്കെ ഫാഷൻ രംഗത്തെ മിനിമലിസത്തിന്റെ പ്രത്യേകതകളാണ്. 2018 മുതൽ തന്നെ കേരളത്തിലും മിനിമലിസത്തിന് പ്രചാരമുണ്ട്. ഇപ്പോൾ കോവിഡിന്റെ കടന്നുവരവ്  ഈ ആശയത്തിന്റെ പ്രസക്തി വർധിപ്പിച്ചിരിക്കുന്നു. സ്‌പെൻഡിങ് പവറിൽ വരുന്ന മാറ്റങ്ങളാണ് പലപ്പോഴും ഇത്തരം നൂതന പരീക്ഷണങ്ങൾക്ക് ചാലക ശക്തിയാവുന്നത്.അടിസ്ഥാന ആവശ്യങ്ങളേക്കാൾ ഫാഷൻ പോലുള്ള മേഖലകളിൽ ഇത്തരം ഇന്നവേഷനുകൾക്ക് പ്രസക്തി ഏറുന്നുണ്ട്.

കോവിഡിന്റെ വരവ് തീർച്ചയായും ലൈഫ്‌സ്റ്റൈൽ രംഗത്ത് വലിയ ഇമ്പാക്ട് ഉണ്ടാക്കുമെന്ന് തീർച്ചയാണ്. ഹൈ എൻഡ്, ബ്രാൻഡഡ് പ്ലെയേഴ്‌സിന് വിപണിയിലെ പുതിയ മാറ്റങ്ങൾ വെല്ലുവിളി ഉയർത്താനാണ് സാധ്യത. അതേ സമയം ഈ രംഗത്തെ സ്റ്റാർട്ടപ്പുകൾക്കും പോക്കറ്റ് ഫ്രണ്ട്‌ലി ബ്രാൻഡുകൾക്കും മറ്റും പുതിയ സാഹചര്യത്തിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കും. പലപ്പോഴും ബ്രാൻഡ് മികവിനേക്കാൾ  യുണിക്‌നെസിനും പുതുമയ്ക്കും ലൈഫ്‌സ്റ്റൈൽ ഉപഭോക്താക്കൾ പ്രാധാന്യം നൽകുന്നുണ്ട്. ഓൺലൈനിലെ മുന്നേറ്റം അതിനുള്ള അവസരം നൽകുന്നു. ഒട്ടേറെ ബ്രാൻഡുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ പിൻബലത്തിൽ വലിയ നേട്ടം കൊയ്യുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ ട്രെൻഡ് കൂടുകയാണ്. ബൊട്ടീക്കുകൾ ഉൾപ്പെടെ ധാരാളം സ്ഥാപനങ്ങൾ വരുന്ന സ്ഥിതിയും ഉണ്ടായി. അവയിൽ ചിലതെങ്കിലും നേട്ടമുണ്ടാക്കാൻ കഴിയാതെ അടച്ചുപൂട്ടേണ്ടി വന്നെങ്കിലും പിന്നീട് ഓൺലൈൻ സാന്നിധ്യം ശക്തമാക്കി വിജയം നേടിയ സംരംഭക അനുഭവങ്ങളുമുണ്ട്. 

കോവിഡ് അനന്തര കാലത്ത് ഉപഭോതാവിന്റെ മുൻഗണനകൾ മാറുകയാണ്. അതുകൊണ്ട് തന്നെ  മിനിമലിസം എന്ന ആശയത്തിന് പ്രസക്തി കൂടുകയും ചെയ്യുന്നു. പ്രൈസിംഗും ഡിസൈനും മറ്റും കൂടുതൽ കസ്റ്റമർ ഫ്രണ്ട്‌ലി ആയി മാറേണ്ടിയിരിക്കുന്നു. പുതിയ സാമ്പത്തിക അന്തരീക്ഷത്തിൽ ബജറ്റ് ഫ്രണ്ട്‌ലി ആയ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. സംരംഭകർ ഓൺലൈൻ സൗകര്യങ്ങളെ വലിയതോതിൽ പ്രയോജനപ്പെടുത്തുന്ന സ്ഥിതിവിശേഷവും ഉയർന്ന് വരികയാണ്.

(സുകൃതി ലൈഫ്‌സ്റ്റൈൽ ബ്രാൻഡ് ഫൗണ്ടർ)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story