EDITORIAL

സോഷ്യൽ ബിസിനസിന് കരുത്ത് - ന്യൂഏജ് എഡിറ്റോറിയൽ

Newage News

25 Sep 2020

മുഹമ്മദ് യൂനസിനെ മറന്നിട്ടില്ലല്ലൊ? ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കിനെ ലോകത്തെ ഏറ്റവും വലിയ ദാരിദ്യ നിർമാർജന മുന്നേറ്റമാക്കി മാറ്റിയ ധിഷണാശാലി. അദ്ദേഹം പിന്നീട് നൊബേൽ ജേതാവായി. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മുഹമ്മദ് യൂനസിനെ തേടി എത്തുമ്പോൾ ബംഗ്ലാദേശ് എന്ന ദരിദ്ര രാജ്യം അഭിമാനം കൊണ്ട് തല ഉയർത്തി നിന്നിരിക്കണം. 

സോഷ്യൽ ബിസിനസ് എന്ന സങ്കല്പവും പുസ്തകവും അദ്ദേഹം ലോകത്തിന് മുന്നിൽ വച്ചു. അത് വരെ ബിസിനസിൻ്റെ സാമൂഹ്യ ഉത്തരവാദിത്വത്തെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി എന്ന ടൈറ്റിലിൽ മാത്രം ഒതുക്കിയിരുന്ന കാലം. ബിസിനസ് ആകമാനം സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുന്ന പുതു സങ്കല്പം യൂനസ് മുന്നിൽ വച്ചു. 

നോക്കുക നമ്മുടെ കുടുംബ ശ്രീയെ. ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ. പതിനായിരത്തിലധികം സ്ത്രീ കേന്ദ്രീകൃത സംരംഭങ്ങൾ. ആയിരക്കണക്കിന് ഉല്പന്നങ്ങൾ. അസാമാന്യ വൈവിധ്യം. പൂർണ പങ്കാളിത്ത സ്വഭാവമുള്ള ഉല്‌പാദനം, വിതരണം. കുടുംബശ്രീക്ക് ബാങ്ക് വായ്പ ലഭിക്കുന്നു. പക്ഷെ വ്യക്തിഗത യൂണിറ്റുകൾക്ക് ഉയർന്ന് പറക്കാൻ അത് പര്യാപ്തമാവുന്നില്ല. പല തനിമയുള്ള ഉല്പന്നങ്ങളും പിന്തള്ളപ്പെടുന്നു..

കുടുംബശ്രീ കേരളത്തിലെ മറ്റേതൊരു കോർപ്പറേറ്റിനെയുംകാൾ മുകളിൽ നിൽക്കും. അവർ ഉല്‌പാദിപ്പിക്കുന്ന ഉല്പന്നങ്ങൾ ബ്രാൻഡിങ്ങ് അടക്കമുള്ള ചില പരിമിതി കളിൽ തട്ടി നിൽക്കുന്നു. 

ഫണ്ടിങ്ങിന് എന്നും സർക്കാരിനെ ആശ്രയിക്കണം. നല്ലൊരു ബിസിനസ് / റവന്യൂ മോഡലില്ല. ഒരു പക്ഷെ സോഷ്യൽ സംരംഭങ്ങളുടെ ഓഹരി വിപണി യാഥാർത്ഥ്യമായാൽ ആദ്യം ലിസ്റ്റ് ചെയ്യാൻ സാധ്യതയുള്ള, അത്ര മേൽ സാമുഹ്യ അടിത്തറ യുള്ള മറ്റെരു പ്രസ്ഥാനം കേരളത്തിൽ ഉണ്ടാകില്ല,

എണ്ണമറ്റ സ്ഥാപനങ്ങൾക്കത് പ്രചോദനമായി.  ഇസഫ് മൈക്രോ ഫിനാൻസിൽ നിന്ന് ബാങ്ക് വരെ എത്തിയ മഹാ പ്രസ്ഥാനം. ദാരിദ്യ നിർമാർജനത്തിൽ ഊന്നി തുടക്കം മുതലേ പ്രവർത്തിക്കുന്നു. ഇത്തരം പ്രസ്ഥാനങ്ങൾക്ക് വളരാൻ ഏറ്റവും പറ്റിയ സാഹചര്യമാമാണ് ഇപ്പോഴത്തേത്.

യുഎൽസിസി എന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഈ അളവ് കോൽ വച്ച് നോക്കിയാൽ ഏത് കോർപ്പറേറ്റ് ഭീമനെക്കാളും വലുതാണ്, മികച്ചതാണ്. പൂർത്തീകരിച്ച പദ്ധതികളുടെ വലുപ്പം നോക്കിയാൽ ഇത് ബോധ്യപ്പെടും.  സോഷ്യൽ എക്സ്ചേഞ്ച് വന്നാൽ ഏറ്റവു മികച്ച സാധ്യത യുഎൽസിസി ക്കായിരിക്കും. 

നിലവിൽ ഏറ്റവും അധികം മുന്നേറ്റം നടത്തുന്നത് എൻജിഒകൾ, സൊസൈറ്റികൾ എന്നിവ ആയിരിക്കും. 

അവയ്ക്കിപ്പോൾ ഫണ്ട് സമാഹരണത്തിന് പല വഴികളുണ്ട്. പക്ഷെ പ്രയോജനപ്പെടത്തുന്നവർ വിരളം. സോഷ്യൽ എക്സ്ചേഞ്ച് ഈ പരിമിതി ഒട്ടൊക്കെ പരിഹരിക്കും. ഇവർക്ക് ഇതൊരു പുതിയ വാതായനം തുറക്കും.

സോഷ്യൽ എക്സ്ചേഞ്ച് എൻജിഒ ലോകത്ത് ഒരു പുതു യുഗപിറവി ആയിരിക്കും. ഇതു വരെ എൻജിഒ കൾ വഴി വിട്ട മാർഗങ്ങളിൽ പലപ്പോഴും ധന സമാഹരണം നടത്തിയിരുന്നു. അത് പരിഹരിക്കുവാൻ പുതിയ നീക്കം ഉപകരിക്കും. 

കമ്മോഡിറ്റി എക്സ്ചേഞ്ച് നിക്ഷേപകർക്ക് നൽകിയത് എത്ര മികച്ച ഫലമാണ്. സോഷ്യൽ എക്സ്ചേഞ്ച് നിരാശപ്പെടുത്തില്ല.. സഹകരണ സംഘങ്ങൾക്ക് അത്രമേൽ പ്രാധാന്യമുള്ള സംസ്ഥാനത്ത് അവയ്ക്ക് ഫണ്ട് ഷോർട്ടേജ് പതിവ് കഥ. അത് മറി കടന്നാൽ കോ ഓപ്പറേറ്റിവുകളും പറക്കും.


സോഷ്യൽ സ്റ്റോക്ക് എക്സ്‌ചേഞ്ചും മാറുന്ന നിക്ഷേപ രീതികളും - സുദീപ് സെബാസ്റ്വൻ

ഇക്കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിലാണ് ധന മന്ത്രി  നിർമ്മല സീതാരാമൻ സോഷ്യൽ സ്റ്റോക്  എക്സ്ചേഞ്ച് എന്ന ആശയം മുന്നോട്ട് വക്കുന്നത്. സാമൂഹ്യ  പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും  ധനസമാഹരണത്തിന് കൂടുതൽ മെച്ചപ്പെട്ട സംവിധാനം ഉണ്ടാക്കുക എന്നതായിരുന്നു  ലക്‌ഷ്യം. പ്രവർത്തന രീതികളിൽ  വ്യത്യാസങ്ങളുണ്ടെങ്കിലും ആഗോളതലത്തിൽ ബ്രിട്ടൻ, അമേരിക്ക, ബ്രസീൽ, സൗത്ത് ആഫ്രിക്ക, കാനഡ തുടങ്ങി നിരവധി  രാജ്യങ്ങളിൽ  ഇതിനോടകം വേരോടിത്തുടങ്ങിയ ആശയമാണിത്. വളരെ വേഗത്തിൽ തന്നെ ഈ ദിശയിലുള്ള ചർച്ചകൾക്കും പ്രവർത്തനങ്ങൾക്കും മുന്നേറാനായി എന്നത് പ്രതീക്ഷയേകുന്നുണ്ട്. സെബിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര വിപണി  എന്ന രീതിയിലാണ് ധനമന്ത്രി സോഷ്യൽ സ്റ്റോക്ക്   എക്സ്ചേഞ്ചിനെ കഴിഞ്ഞ ബഡ്ജറ്റിൽ അവതരിപ്പിച്ചത്. ബഡ്ജറ്റിൽ  അവതരിപ്പിക്കപ്പെട്ട നിർദ്ദേശത്തെത്തുടർന്ന് 2019 സെപ്റ്റംബറിൽ സർക്കാർ സെബിയുടെ മേൽനോട്ടത്തിൽ  എസ്.എസ്.ഇ യുടെ  സാധ്യതകളെക്കുറിച്ച് പഠിക്കാനും പ്രവർത്തന രൂപരേഖ തയ്യാറാക്കാനും  എസ്.ബി.ഐ ഫൗണ്ടേഷൻ ഡയറക്ടർ ഇഷാദ് ഹുസൈൻ അദ്ധ്യക്ഷനായി ഒരു പാനലും,15 അംഗ വർക്കിങ് ഗ്രൂപ്പും  രൂപീകരിച്ചിരുന്നു. സാമ്പത്തിക മേഖലയിലെയും , ഓഹരി വിപണിയിലെയും, സന്നദ്ധ സംഘടനകളിലെയും  പ്രതിനിധികൾ  ഉൾപ്പെട്ട  വർക്കിങ് കമ്മിറ്റി 2020 ജൂൺ 1 ന്  72 പേജുകളുള്ള വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. പ്രസ്തുത റിപ്പോർട്ടിൽ പൊതുജനാഭിപ്രായം സമർപ്പിക്കാൻ ജൂൺ 30 വരെ സമയം നൽകിയിരുന്നു.  പിന്നീട് ത്  ജൂലൈ 15 വരെ നീട്ടിക്കൊണ്ട് വിജ്ഞാപനമിറങ്ങി . ഇപ്രകാരം ലഭിച്ച നിർദേശങ്ങളും പ്രതികരണങ്ങളും സെബിയുടെയും മന്ത്രിതല സമിതിയുടെയും പരിഗണയിലാണ്. നിലവിൽ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സോഷ്യൽ ഫണ്ട്  സമാഹരണം നടത്തുന്നത് മുഖ്യമായും കോര്പറേറ്റ് CSR ഫണ്ടുകൾ, സാമൂഹിക ക്ഷേമ നിക്ഷേപങ്ങൾ, ചാരിറ്റി ഫണ്ടുകൾ, ഗവണ്മെന്റ് ഗ്രാന്റുകൾ, എന്നിവ വഴിയാണ്.  ഇപ്പോൾ ഈ രംഗത്ത് വ്യാപകമായ തട്ടിപ്പുകൾ നടക്കുന്നതായി കേന്ദ്ര സർക്കാരിന് ബോദ്ധ്യമുണ്ട്. വിദേശ ഫണ്ടിങ് പരമാവധി കുറച്ച് ഇവിടെ തന്നെ എൻജിഒകൾക്ക് പണം സമാഹരിക്കാനുള്ള സാധ്യത കൂടി SSE മുന്നോട്ട് വക്കുന്നുണ്ട്. ചാരിറ്റിയുടെ മറവിൽ പണം തട്ടുന്നവരെ ഒഴിവാക്കി ഇത്തരം ഫണ്ടുകളുടെ വിനിയോഗത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരിക എന്നൊരു ലക്‌ഷ്യം കൂടി സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്ന  ആശയത്തിന് പിന്നിലുണ്ട്. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്ക്  റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന പ്രകാരം പുതിയ പ്രവർത്തന മാനദണ്ഡങ്ങൾക്കും, നിർവ്വചനങ്ങളും വിധേയമാകേണ്ടി വരും.   ഇതുവഴി സാമൂഹിക ക്ഷേമ മേഖലയിലെ ധനസമാഹരണവും വിനിയോഗവും കൂടുതൽ സുതാര്യമാകും എന്ന് കമ്മിറ്റി  വിശ്വസിക്കുന്നു.  സർക്കാരിതര, ലാഭരഹിത  സന്നദ്ധ സംഘടനകൾക്ക് വേറിട്ട ധനസമാഹരണ രീതി SSE ഒരുക്കുന്നു. ഇത്തരം സംഘടനകൾക്ക് NSE യിലോ BSE യിലോ SSE വഴി ലിസ്റ്റ് ചെയ്യാം. 

ലാഭരഹിത സ്ഥാപനങ്ങൾക്ക് (NPOs) സീറോ കൂപ്പൺ/ സീറോ പ്രിൻസിപ്പിൾ ബോണ്ടുകൾ,സോഷ്യൽ വെഞ്ച്വർ  ഫണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, പേ ഫോർ സക്‌സസ് മോഡൽ എന്നിങ്ങനെ വിവിധ നിക്ഷേപ ഉപാധികൾ വഴി ധനസമാഹാരണം  നടത്താം. സ്ഥാപനത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങക്കനുസരിച്ചു കാലാവധിയിൽ മാറ്റങ്ങൾ വരാം. ഇത്തരം നിക്ഷേപങ്ങളുടെ വിനിയോഗം സ്ഥാപനങ്ങളുടെ നടത്തിപ്പ് എന്നിവ വിലയിരുത്താൻ പുറമെനിന്നുള്ള വിദഗ്ധരെ മൂന്നാം കക്ഷികളായി നിയോഗിക്കാനും  വ്യവസ്ഥയുണ്ട്.

സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലൂടെ ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങൾക്കും സാമൂഹിക ആഘാത വിലയിരുത്തലുകൾക്കും മറ്റ്  വ്യവസ്ഥകൾക്ക് വിധേയമായി ഇക്വിറ്റി, സോഷ്യൽ വെൻച്വർ ഫണ്ടുകൾ എന്നിവയിലൂടെ SSE വഴി ധനസമാഹാരണം നടത്താം.

കമ്മിറ്റിയുടെ ചർച്ചകൾ ആരംഭിച്ചതിനു ശേഷം രൂപപ്പെട്ട കോവിഡ് അനുബന്ധ  പരിസ്ഥിതിയുടെ പരിണിതഫലങ്ങളെയും റിപ്പോർട്ടിൽ പരിഗണിച്ചു എന്നത് ആശാവഹമാണ്. കോവിഡിന്റെ  ആഘാതത്തിൽ പെട്ട സാധാരണ ജനങ്ങളുടെ ജീവിത ക്രമത്തിൽ മാറ്റം വരുത്താൻ SSE യുടെ രൂപീകരണത്തിലൂടെ സാധിക്കും എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. വിവിധ സന്നദ്ധ സംഘടനകളുടെയും മനുഷ്യസ്നേഹികളുടെയും, ബാങ്കിങ് നോൺ ബാങ്കിങ് സ്ഥാപനങ്ങളുടെയും പക്കൽ നിന്ന്  പേ ഫോർ സക്സസ്  ബോണ്ടുകൾ വഴി കോവിഡ്  ദുരിതാശ്വാസ ധനസമാഹരണം നടത്താനും ഈ  ഫണ്ട് NPO കൾ വഴി ദുരിതമനുഭവിക്കുന്നവരിലേക്ക് കാര്യക്ഷമമായി  എത്തിക്കാനും SSE ക്ക് സാധിക്കും എന്ന്  റിപ്പോർട്ടിൽ പറയുന്നു.നിലവിൽ 14  ഓളം രാജ്യങ്ങളിൽ വേറിട്ട രീതിയിൽ പ്രവർത്തിക്കുന്ന  സോഷ്യൽ സ്റ്റോക്ക് എക്‌ചേഞ്ച് സംവിധാനം അവിടെയൊന്നും വലിയ വിജയമായി എന്ന് പറയാൻ സാധിച്ചിട്ടില്ല. എന്നാൽ ഇന്ത്യയിലെ  സ്വകാര്യ NPO മേഖല മറ്റ് രാജ്യങ്ങളുടേതിൽ നിന്ന് വ്യത്യസ്തമാണ് എന്നത് SSE യുടെ സാധ്യത വർധിപ്പിക്കുന്നു. 

KPMG നൽകുന്ന  കണക്കുകൾ  അനുസരിച്ച് ഇന്ത്യയിൽ നിലവിൽ 31 ലക്ഷത്തിലധികം ലാഭരഹിത സാമൂഹിക ക്ഷേമ  സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. സാമൂഹിക ആഘാത വിലയിരുത്തൽ വഴി ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തന യോഗ്യതക്ക് പുതിയ മാനദണ്ഡങ്ങൾക്ക് രൂപപ്പെടും . ഇത് സാമൂഹിക ക്ഷേമ  നിക്ഷേപങ്ങൾ നടത്തുന്നവർക്ക് ധനവിനിയോഗത്തിൽ കൂടുതൽ വ്യക്തത നൽകാനാകും. ഇതുവഴി നിക്ഷേപകർക്ക് കൂടുതൽ ആത്മവിശ്വാസം കൈവരും. ഇതിലൂടെ അർഹമായ മേഖലകളിലേക്ക് ധനവിനിയോഗം നടത്താനാകും എന്ന പ്രത്യാശയാണ് കമ്മിറ്റി പ്രകടിപ്പിക്കുന്നത് . 

SSE യിലെ വിവിധ പദ്ധതികളിലെ നിക്ഷേപകർക്ക് 80 G വകുപ്പിന്റെ കീഴിൽ നികുതി ആനുകൂല്യങ്ങൾ ലഭ്യമാകും. കോർപറേറ്റുകൾക്ക് അവരുടെ CSR ചിലവുകൾ നികുതി വരുമാനത്തിൽ നിന്ന് കുറവ് ചെയ്യാം. കമ്പനികളുടെ ഈ മേഖലയിലുള്ള നിക്ഷേപങ്ങൾ CSR പ്രവർത്തനങ്ങളായി പരിഗണിക്കപ്പെടുകയും  ചെയ്യും. ഈ മേഖലയെ നിയന്ത്രിക്കാൻ സെബി പ്രത്യേക സംവിധാനങ്ങൾ രൂപപ്പെടുത്തും കൃത്യമായ  മാനദണ്ഡങ്ങൾ, നിലവാരം എന്നിവ രൂപപ്പെടുത്താൻ പുതിയ റെപ്പോസിറ്ററി സംവിധാനങ്ങൾ രൂപപ്പെടുത്തും. നിക്ഷേപകർക്ക് വ്യക്തമായ മാർഗ്ഗ നിദ്ദേശങ്ങൾ നൽകാനുള്ള ചുമതലയും ഈ ഭരണ സംവിധാനത്തിനുണ്ടാകും. ബ്രൂക്കിങ്സ്  ഇന്ത്യയുടെ സർവേ പ്രകാരം 57 % സാമൂഹിക ക്ഷേമ പ്രവർത്തന സ്ഥാപനങ്ങളും നിലവിൽ അവർക്ക് കടപ്പത്രങ്ങളിലും ഓഹരിയിലുമുള്ള നിക്ഷേപം ഈ മേഖലയിലുള്ള വളർച്ചക്കും നിലനിൽപ്പിനും തടസ്സം സൃഷ്ടിക്കുന്നവയാണ് എന്ന്  വെളിപ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതികവും സാമൂഹികവുമായ ക്ഷേമത്തിന്  ഊന്നൽ കൊടുക്കുന്നത് വഴി ഈ മേഖലയിലേക്ക് കൂടുതൽ കരുത്തുറ്റ നിക്ഷേപങ്ങളെ ആകർഷിക്കാൻ  സോഷ്യൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സംവിധാനത്തിന്  സാധിച്ചേക്കാം. അതുവഴി ഈ മേഖലയിൽ പരമ്പരാഗത നിക്ഷേപ രീതികളുടെയും സാമൂഹിക ക്ഷേമ  ഫണ്ടുകളുടെയും കാര്യക്ഷമമായ സമന്വയം രൂപപ്പെടും എന്ന് പ്രത്യാശിക്കാം.

(പ്രമുഖ ഫിനാൻഷ്യൽ അനലിസ്റ്റും, ഡിജിറ്റൽ - സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റുമാണ് ലേഖകൻ)


വരുന്നത് സുതാര്യമായ ഫണ്ടിങ്ങ് - എസ് ശ്രീകണ്ഠൻ

സോഷ്യൽ സ്റ്റോക്  എക്സ്ചേഞ്ച് എന്ന ആശയത്തിന് രാജ്യത്ത് ജീവൻ വെച്ചു തുടങ്ങി. നമ്മുടെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ബജറ്റിൽ പറഞ്ഞ ആശയമാണിത്. സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും രാജ്യത്തു തന്നെ ധനസമാഹരണത്തിന് സുതാര്യ സംവിധാനം ഉണ്ടാക്കുകയാണ് ലക്ഷ്യം.ഇപ്പോൾ ഈ രംഗത്ത് വലിയ തട്ടിപ്പുകൾ നടക്കുന്നതായി കേന്ദ്ര സർക്കാരിന് നല്ല ബോദ്ധ്യമുണ്ട്. വിദേശ ഫണ്ടിങ് പരമാവധി കുറച്ച് ഇവിടെ തന്നെ എൻജിഒകൾക്ക് പണം സമാഹരിക്കാം.എസ്പിഒ അഥവാ സോഷ്യൽ  പർപ്പസ് ഓർഗനൈസേഷനുകൾക്ക് സോഷ്യൽ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാം.അവർക്ക് ഓഹരികളോ കടപ്പത്രങ്ങളോ മ്യൂച്വൽ ഫണ്ട് യൂണിറ്റുകളോ ഇറക്കി പണം സമാഹരിക്കാം.എസ് ബി ഐ ഫൗണ്ടേഷൻ ഡയറക്ടർ ഇഷാദ് ഹുസൈൻ അദ്ധ്യക്ഷനായി ഒരു വർക്കിങ് ഗ്രൂപ്പ് സർക്കാർ രൂപീകരിച്ചിരുന്നു. അവരുടെ നിർദ്ദേശ പ്രകാരം ഒരു ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചു.നബാർഡിൻ്റെ മുൻ ചെയർമാൻ ഹർഷകുമാർ ധൻ വാലയാണ് സമിതി അദ്ധ്യക്ഷൻ. അശോക സർവ്വകലാശാലയുടെ സെൻ്റർ ഫോർ സോഷ്യൽ ഇംപാക്ട് ചെയർമാൻ ശ്രീ നാഥ്, ഗൈഡ്സ്റ്റാർ സിഇഒ പുഷ്പ അമൻ സിങ്, കെപിഎംജിയുടെ സിഎസ്ആർ അഡ്വൈസറി ഹെഡ് സന്തോഷ് ജയറാം, ഒമിഡിയർ നെറ്റ് വർക്ക് ഇന്ത്യ എംഡി രൂപ കുദ്വ, നബാർഡിൻ്റെ ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ ഷാജി കൃഷ്ണൻ, ഐസിഎഐ പ്രതിനിധി സജീവ് സിങ്കാൾ എന്നിവരൊക്കെ കമ്മിറ്റി അംഗങ്ങളാണ്. എക്സ്ചേഞ്ചിൻ്റെ രൂപരേഖ അവർ തയ്യാറാക്കും. പുതിയ എക്സ്ചേഞ്ച് വേണോ അതോ നിലവിലുള്ള എക്സ്ചേഞ്ചുകൾക്ക് കീഴിൽ പ്രത്യേക വിഭാഗം മതിയോ എന്നൊക്കെ തീരുമാനിക്കേണ്ടതുണ്ട്. ചാരിറ്റിയുടെ മറവിൽ പണം തട്ടുന്നവരെ ഒഴിവാക്കി സുതാര്യ സംവിധാനം വരുമെന്ന് നമുക്ക് ആശിക്കാം.

(ന്യൂ ഏജ് ഫൗണ്ടർ എഡിറ്റർ. മാത്യഭൂമി, ഇന്ത്യാവിഷൻ എന്നിവിടങ്ങളിൽ ബിസിനസ് എഡിറ്ററായിരുന്നു)


മികവുള്ള  സാമൂഹ്യ സംരംഭങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും - ബാബു ജോസഫ്

സോഷ്യൽ സ്റ്റോക് എക്സ്ചേഞ്ച് എന്ന ആശയം യാഥാർത്ഥ്യമായാൽ അത് രാജ്യത്തിന് ഗുണകരമാവും എന്നതിൽ സംശയമില്ല. സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ഇതിലൂടെ രാജ്യത്തു തന്നെ ധനസമാഹരണത്തിന് ഒരു സുതാര്യ സംവിധാനം ലഭ്യമാവും. പുതിയ എഫ്‌സിആർഎ നിയന്ത്രണങ്ങൾ കൂടുതൽ കർശനമായതോടെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന പല എൻജിഒകളും പ്രവർത്തന ഫണ്ടിന് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്ന സാഹചര്യമുണ്ട്. അവർക്ക് മുന്നിൽ ഇപ്പോഴുള്ള ഓപ്‌ഷൻ ഗവണ്മെന്റ് സപ്പോർട്ടും സിഎസ്ആർ  ഫണ്ടുകളും  മറ്റുമാണ്. ഇതിന് പരിമിതിയുണ്ട്. സ്റ്റോക്ക് എക്സ്ചേഞ്ച് മാതൃകയിലുള്ള ഒരു സംവിധാനത്തിലൂടെ എൻജിഒകൾക്ക് ഫണ്ട് കണ്ടെത്താൻ കഴിഞ്ഞാൽ അതൊരു വഴിത്തിരിവാകും. അവർക്ക് കൂടുതൽ മികവോടെ  പ്രവർത്തിക്കാൻ കഴിയും. 

പലപ്പോഴും ചാരിറ്റി സംബന്ധമായ മേഖലകളിൽ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്നത് വിവിധ എൻജിഒകളാണ്. വിവിധ ചർച്ചുകൾ  നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻപ് വിദേശത്തുനിന്ന് വലിയ ഫണ്ടിങ് സപ്പോർട്ട് ലഭിച്ചിരുന്നു. എന്നാൽ അങ്ങനെ ലഭിച്ചിരുന്ന സാമ്പത്തിക പിന്തുണ കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് ഇപ്പോൾ വലിയ തോതിൽ കുറഞ്ഞിരിക്കുന്നു. ഇത് അവയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ആരോഗ്യം, പാർശ്വവത്കരിക്കപ്പെട്ടവരുടെ പുനരധിവാസം, വയോജനങ്ങളുടെ സംരക്ഷണം എന്നിങ്ങനെ നിർണായക സാമൂഹിക പ്രാധാന്യമുള്ള മേഖലകളിലാണ് ഇവയിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ മുന്നോട്ടുപോകാൻ പര്യാപ്തമായ വിധം സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്ന പകരം സംവിധാനം എൻജിഒകൾക്ക് ലഭ്യമാവണം. പുതിയ സംവിധാനം അതിന് പര്യാപ്തമാകുമെങ്കിൽ വളരെ നല്ലത്. അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൊതുനന്മയെന്ന ലക്‌ഷ്യം ഉറപ്പാക്കുന്നതായിരിക്കണം. 

പുതിയ സംവിധാനം നിലവിൽ സുഗമമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മികച്ച സ്ഥാപനങ്ങളെ ടാർഗറ്റ് ചെയ്യുന്ന വിധത്തിലാണെന്ന തരത്തിലും വാർത്തകളുണ്ട്. അങ്ങനെയൊരു തലത്തിലേക്ക് ഇത് ദുരുപയോഗം ചെയ്യപ്പെടാൻ ഇടയാവരുത്. മികച്ച സ്ഥാപനങ്ങളെ  ചാരിറ്റിയുടെ മറവിൽ പണം തട്ടുന്നവരെന്ന തരത്തിൽ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങൾ മുളയിലേ നുള്ളേണ്ടതുണ്ട്.  സമൂഹത്തിന്റെ ഉന്നമനത്തിന് സഹായകമായ വിധം കരുതലോടെയും ചാരിറ്റി പ്രവർത്തനങ്ങളുടെ സ്പിരിറ്റ് ഉൾക്കൊണ്ടും വേണം പുതിയ സംവിധാനം നടപ്പിൽ വരുത്താൻ. യഥാർത്ഥത്തിൽ ഫണ്ട് സപ്പോർട്ടിന് അർഹരായ, കോംപീറ്റന്റ് ആയ സാമൂഹ്യ സംരംഭങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും എന്നതാണ് ഇതിൽ കാണാൻ കഴിയുന്ന പോസിറ്റിവ് ആയ കാര്യം. ഒപ്പം കൂടുതൽ പ്രൊഫഷണൽ മികവുള്ള വ്യക്തികളും സ്ഥാപനങ്ങളും സാമൂഹ്യ സേവന രംഗത്തേക്ക് കടന്നുവരാനുള്ള സാധ്യതയുമുണ്ട്.

(ചെയർമാൻ, ബ്ലെസ് റിട്ടയർമെന്റ് ലിവിങ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story