EDITORIAL

റിയാല്‌റ്റി മേഖലയ്ക്ക്‌ കൈവരുന്ന ആശ്വാസം - ന്യൂഏജ് എഡിറ്റോറിയൽ

Newage News

26 Sep 2020

നാളുകളായി പരാധീനതകളിൽ പെട്ടുഴലുന്ന സംസ്ഥാനത്തെ റിയാല്‌റ്റി മേഖലയ്ക്ക് വലിയ ആശ്വാസമായി മാറുകയാണ് കെട്ടിടനിർമ്മാണ ചട്ടങ്ങ ളിൽ സർക്കാർ കൊണ്ടുവരുന്ന ഇളവു കൾ. നിലവിലുള്ള കെട്ടിട നിർമാണ ചട്ടങ്ങളിൽ കടുത്ത നിയന്ത്രണങ്ങളോടെ 2019 ൽ വരുത്തിയ ഭേദഗതി വഴി മേഖലയ്ക്ക് അനുവദിക്കപ്പെട്ടിരുന്ന പല ഇളവുകളും ഇല്ലാതാവുകയായിരുന്നു. തറ വിസ്തീർണ്ണ അനുപാതം (എഫ്‌ എ ആർ) സംബന്ധിച്ച ചട്ടങ്ങളിലടക്കം വലിയ പരാതികളാണ് റിയാല്‌റ്റി രംഗത്തുനിന്നും ഉയർന്നത്. പ്രായോഗികത തെല്ലും പരിഗണിക്കാതെയുള്ള ചട്ടങ്ങൾ വഴി കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ മന്ദീഭവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കോവിഡ് പ്രതിസന്ധി കൂടി ഉടലെടുത്തതോടെ കടുത്ത പ്രതിസന്ധിയുടെ നടുക്കയത്തിലാണ് നിർമ്മാണമേഖല. പാതി വഴിയിൽ ഉപേക്ഷിച്ച പ്രോജക്റ്റുകളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു. വില്ലകൾക്കും ഫ്ളാറ്റുകൾക്കും നിർമ്മാണച്ചെലവ് പതിന്മടങ്ങ് വർധിച്ചതോടെ വർദ്ധിച്ച വിലയിൽ കെട്ടിടങ്ങൾക്ക്‌ ഡിമാൻഡ് കുറയുകയാണ്. റിയാല്‌റ്റി മേഖലയുടെ തളർച്ച അനുബന്ധ വ്യവസായങ്ങളിലും തൊഴിൽമേഖലയിലും കാര്യമായ തിരിച്ചടി ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ പരിഗണന ലഭിക്കേണ്ടതുണ്ട്.

റിയാല്‌റ്റി മേഖലയിൽനിന്നുള്ള നാളുകളായുള്ള പരാതികളുടെയും സമ്മർദ്ദങ്ങളുടെയും ഫലമായി ഇപ്പോൾ സർക്കാർ ചില ഇളവുകൾ നൽകുകയാണ്. ഇളവുകളുടെ പൂർണ്ണരൂപത്തിന്‌ ഇനിയും വ്യക്തത വരേണ്ടതുണ്ട്. എങ്കിലും മേഖലയുടെ ആവശ്യങ്ങൾ വലിയ തോതിൽ പരിഗണിക്കപ്പെട്ടുവെന്ന് തന്നെയാണ് കരുതേണ്ടത്. 5 സെൻറിൽ താഴെ യുള്ള വസ്തുവിൽ നിർമ്മിക്കുന്ന  വീടുകൾക്കും  300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വീടുകൾക്കും ‌ ഇനി മഴവെള്ള സംഭരണി നിർബന്ധമല്ല. ആയിരം കോഴികളെയും  20 പശുക്കളെയും 50 ആടുകളെയും വളർത്തുന്ന ഫാമുകൾക്ക് ഇനിമുതൽ പെർമിറ്റ് ആവശ്യമില്ല. കെട്ടിട നിർമാണത്തിലെ സെറ്റ് ബാക്ക് വ്യവസ്ഥ പുന: സ്ഥാപിച്ചിട്ടുണ്ട്. അതായത് ശരാശരി സെറ്റ് ബാക്ക് നൽകി കെട്ടിടം നിർമ്മിക്കാൻ കഴിയും.

കെട്ടിടങ്ങൾക്ക് നിഷ്കർഷിച്ചിട്ടുള്ള റോഡുകളുടെ കാര്യത്തിലും ഇളവുകൾ നൽകിയിട്ടുണ്ട്.18,000 സ്ക്വയർ മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള സ്ഥാപനങ്ങൾക്ക് 8 മീറ്റർ വീതി യുള്ള റോഡ് മതിയാവും. നേരത്തെ ഇത് 10 മീറ്റർ ആയിരുന്നു. വ്യവസായ സ്ഥാപനങ്ങൾക്കുള്ള റോഡുകൾക്കും ഇളവുണ്ട്. 6000 ചതുരശ്ര മീറ്റർ വരെയുള്ള വിസ്തീർണ്ണമുള്ളവയ്ക്ക് 5 മീറ്റർ വീതിയുള്ള റോഡും അതിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് 6 മീറ്റർ വീതിയുള്ള റോഡും മതിയാവും. ഹോസ്പിറ്റലുകൾ , സ്കൂളുകൾ, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയവയ്ക്ക് എട്ടു മീറ്റർ വീതിയിലുള്ള റോഡുകൾ മതി. സംസ്ഥാനത്തെ റോഡുകൾ പലതും പത്തു മീറ്ററിൽ താഴെ മാത്രം വീതി ഉള്ളവയാണ് എന്ന കണ്ടെത്തലിനെ തുടർന്നാണ്  ഈ വ്യവസ്ഥ ഭേദഗതി ചെയ്യുന്നത്.

കോവിഡ് അനന്തര കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ റിയാല്‌റ്റി മേഖലയക്ക്‌ ആവശ്യമായ പരിഗണന ലഭിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്. അതിൻറെ കൂടി പ്രതിഫലനമായി ഈ ഇളവുകളെ വിലയിരുത്താം. എന്നാൽ, റിയാല്‌ട്ടി മേഖലയുമായി  ബന്ധപ്പെട്ട റെഗുലേറ്ററി സംവിധാനങ്ങളിൽ ഈ മേഖലയിൽ നിന്നുള്ളവരുടെ  സാന്നിധ്യം ആവശ്യമല്ലേ എന്ന ചിന്ത പ്രസക്തമാണ്. ഇവിടെ ഓരോ മേഖലയുടെയും യഥാർത്ഥ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞുള്ള സമീപനം തന്നെയാണ്  ഉണ്ടാവേണ്ടത്. അതിനുള്ള ശ്രമങ്ങൾ കൂടി സർക്കാർ ഭാഗത്തുനിന്ന് അവശ്യം ഉണ്ടാകേണ്ടിയിരിക്കുന്നു.


റിയാൽറ്റി മേഖലയ്ക്ക് തികച്ചും ആശ്വാസകരമാണ്. - എം വി ആൻറണി

സംസ്ഥാന സർക്കാർ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ കൊണ്ടു വരുന്ന പുതിയ ഭേദഗതികൾ റിയാൽറ്റി മേഖലയെ സംബന്ധിച്ച് തികച്ചും ആശ്വാസകരമായ കാര്യം തന്നെയാണ്. 2019 ലെ നിയമ ഭേദഗതി യിലൂടെ റിയാലിറ്റി രംഗത്ത് അനുവദിക്കപ്പെട്ടിരുന്ന പല ഇളവുകളും ഇല്ലാതായി. മുമ്പ് സർക്കാരുമായി  നടത്തിയ ചർച്ചകലുടെ അടിസ്ഥാനത്തിൽ ചട്ടങ്ങളിൽ മാറ്റം വരുത്തേണ്ട എന്ന തീരുമാനം സർക്കാർതലത്തിൽ ഉണ്ടായിരുന്നുവെങ്കിലും ചട്ടം ഭേദഗതി ചെയ്തു.  തളർച്ച നേരിടുന്ന മേഖലക്ക് അത്  വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. തുടർന്ന് സർക്കാരിന് മുമ്പിൽ പലതവണ ആവശ്യങ്ങൾ ഉന്നയിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. റിയാലിറ്റി മേഖലയുടെ പുരോഗതിക്ക് ആവശ്യമായ പല കാര്യങ്ങളും പ്രസന്റ്‌ ചെയ്തിരുന്നു. ഇപ്പോൾ  ഒരു പുനർചിന്ത ഉണ്ടായി എന്നത് വലിയ ആശ്വാസത്തിന് കാരണമാവുന്നുണ്ട്.

കെട്ടിട നിർമ്മാണം എന്നത് ബിൽഡർമാർക്ക് മാത്രം ഉള്ള കാര്യമല്ല. മറ്റ് പല മേഖലകളുടെയും വളർച്ചയ്ക്ക് അത് ആവശ്യമാണ്. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അങ്ങനെ പല മേഖലകളുമായും അഭേദ്യമായ ബന്ധമുണ്ട്. എന്നാൽ ഇതൊന്നും വേണ്ടവിധത്തിൽ പരിഗണിക്കപ്പെടുന്നില്ല. സർക്കാരുമായുള്ള ചർച്ചകളിൽ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തിയിരുന്നു. തുടർന്ന് കൂടിയാലോചനകൾ ഉണ്ടാകുമെന്നായിരുന്നു സൂചന. എന്നാൽ ഇപ്പോൾ തീരുമാനമാണ് വന്നിരിക്കുന്നത്. ഇതിൽ ഇനിയും ഔദ്യോഗികമായി കൂടുതൽ വ്യക്തത ഉണ്ടാവേണ്ടതുണ്ട്. ചട്ടത്തെക്കുറിച്ച് പൂർണ്ണമായും അറിയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും പല കാര്യങ്ങളും പരിഗണിക്കപ്പെട്ടു എന്ന് തന്നെയാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.ഇനിയും കൂടുതൽ പോസിറ്റീവ് ആയ കാര്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. നമ്മളെ സംബന്ധിച്ച് റോഡുകളുടെയും മറ്റും വികസനകാര്യത്തിൽ വളരെ പിന്നിലാണ്. അഞ്ചു മീറ്റർ, ആറ് അല്ലെങ്കിൽ ഏഴ് മീറ്റർ വീതിയുള്ള റോഡുകളാണ് ഏറെയും. അതുകൊണ്ടുതന്നെ റോഡുകളുടെ കാര്യത്തിലുള്ള നിബന്ധന ഒട്ടും പ്രായോഗികമായിരുന്നില്ല. ഹൈവേകളിൽ മാത്രമായി കെട്ടിടങ്ങൾ നിർമിക്കാൻ സാധിക്കില്ല. ഇവിടെയാണ് പ്രായോഗികത മുൻനിർത്തിയുള്ള സമീപനത്തിന്റ് ആവശ്യകത. നമ്മുടെ റെഗുലേറ്ററി അതോറിറ്റിയിലും മറ്റും ഇൻഡസ്ട്രിയിൽ നിന്നുള്ളവരെ എന്തുകൊണ്ട് നിയോഗിക്കുന്നില്ല എന്ന ചോദ്യമുണ്ട് . ഈ മേഖലയുടെ  ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അറിയുന്നവരെ  അതോറിറ്റിയിലേക്ക് കൊണ്ടുവരണം. യഥാർത്ഥ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹാരം കാണുന്നതിന് അത് സഹായകമാവും.   

(കുന്നേൽ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ& മാനേജിംഗ് ഡയറക്ടരാണ്)


പുന:സ്ഥാപിക്കാന്‍ കഴിയുന്ന ചട്ടങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നു - എ.സി. മൊയ്തീന്‍

കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നു. 1999 ലെ ചട്ടങ്ങള്‍ പ്രകാരം നിര്‍മ്മാണ മേഖലയ്ക്ക് ലഭിച്ചു കോണ്ടിരുന്ന ചില ആനുകൂല്യങ്ങള്‍ 2019 ലെ ഭേദഗതിയിലുടെ നഷ്ടപ്പെടുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇത് പ്രതിസന്ധി നേരിടുന്ന നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ രൂക്ഷമായ സ്ഥിതി സംജാതമാക്കുമെന്നും നിര്‍മ്മാണ മേഖലയിലെ സംഘടനകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ടവരുമായി സര്‍ക്കാര്‍ രണ്ടു തവണ ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുന:സ്ഥാപിക്കാന്‍ കഴിയുന്ന ന്യായമായവ പ്രാബല്യത്തില്‍ കൊണ്ടു വരാന്‍ ധാരണയായത്. തുടര്‍ന്നാണ് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ പുതിയ ഭേദഗതി മന്ത്രിസഭായോഗം അംഗീകരിച്ചത്.

2019 ലെ പരിഷ്‌ക്കരണത്തെ തുടര്‍ന്ന് ബില്‍ട്ടപ്പ് ഏര്യയുടെ അടിസ്ഥാനത്തില്‍ ഫ്‌ലോര്‍ റേഷ്യോ കണക്കാക്കുന്ന രീതി നിലവില്‍ വന്നു. ഇങ്ങനെ ചെയ്തപ്പോള്‍ അനുവദിക്കാവുന്ന ഫ്‌ലോര്‍ ഏര്യ റേഷ്യോ കുറഞ്ഞതായി ബോധ്യപ്പെട്ടിട്ടുണ്ട്. അത് ഒഴിവാക്കാന്‍ ഫ്‌ലോര്‍ ഏര്യായുടെ അടിസ്ഥാനത്തില്‍ തന്നെ ഫ്‌ലോര്‍ ഏര്യ റേഷ്യോ കണക്കാക്കുന്ന പഴയ ഫോര്‍മുലതന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ചു.

കേരളത്തല്‍ 8 മീറ്ററില്‍ കൂടൂതല്‍ വീതിയുള്ള റോഡുകള്‍ കുറവാണ് അതുകൊണ്ട് 18,000 സ്‌ക്വയര്‍ മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കെട്ടിടങ്ങള്‍ക്ക് ആവശ്യമുള്ള റോഡ് വീതി 8 മീറ്റര്‍ ആയി കുറച്ചു. നിലവില്‍ അത് 10 മീറ്ററാണ്.

ഇപ്പോള്‍ 4,000 സ്‌ക്വയര്‍ മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വ്യവസായ വിഭാഗങ്ങളിലെ കെട്ടിടങ്ങള്‍ക്ക് റോഡ് വീതി 10 മീറ്ററാണ്. ഇത് 6,000 സ്‌ക്വയര്‍മീറ്റര്‍ വരെ 5 മീറ്ററും 6,000 സ്‌ക്വയര്‍ മീറ്ററില്‍ കൂടുതല്‍ ഉള്ളത് 6 മീറ്ററായി ഭേദഗതി ചെയ്തു. സര്‍ക്കാരിന്റെ വ്യവസായ പ്രോത്സാഹന നയത്തിന് പൂരകമായതാണ് ഈ നടപടി. 1999 ചട്ടപ്രകാരം സെറ്റ് ബാക്ക് കണക്കുകൂട്ടുമ്പോള്‍ ശരാശരി സെറ്റ് ബാക്ക് നല്‍കിയാല്‍ മതിയായിരുന്നു. 2019 ലെ ചട്ടങ്ങളില്‍ ഇത് ഒഴിവാക്കിയിരുന്നു. കേരളത്തിലെ പ്ലോട്ടുകള്‍ പൊതുവെ ക്രമമല്ലാത്ത ആകൃതിയുള്ളവയാണ്. ശരാശരി സെറ്റ്ബാക്ക് ഒഴിവാക്കിയത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉളവാക്കിയതായി ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നാണ് ഈ ആനുകൂല്യം പുന:സ്ഥാപിച്ചത്.

1000 കോഴികള്‍, 20 പശുക്കള്‍, 50 ആടുകള്‍ തുടങ്ങിയവയെ വളര്‍ത്തുന്നതിന് നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഇനിമുതല്‍ പെര്‍മ്മിറ്റ് ആവശ്യമില്ല. ഈ മേഖലയിലെ കര്‍ഷകരുടെ ഒരു പ്രധാന ആവശ്യമായിരുന്നു ഇത്. സുഭിക്ഷകേരളം പദ്ധതിയെ ശക്തിപ്പെടുത്താനും ഈ തീരുമാനം സഹായകരമാകും.

5 സെന്റില്‍ താഴെ പ്ലോട്ടില്‍ നിര്‍മ്മിക്കുന്ന വീടിനും 300 സ്‌ക്വയര്‍ഫീറ്റ് താഴെ നിര്‍മ്മിക്കുന്ന വീടുകള്‍ക്കും മഴവെള്ള സംഭരണി സ്ഥാപിക്കണമെന്ന നിബന്ധന ഒഴിവാക്കിയതുമാണ് മറ്റൊരു ഭേദഗതി.

(സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയാണ്)


കെട്ടിട നിർമ്മാണ ചട്ടഭേദഗതി പൊതുവെ സ്വാഗതാർഹമാണ് - പി അശോക് കുമാർ

സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന കെട്ടിട നിർമാണ ചട്ട ഭേദഗതികൾ നിർമ്മാണ മേഖലയെ സംബന്ധിച്ച് പൊതുവേ സ്വാഗതാർഹമാണ്. നിർമ്മാണമേഖലയിൽ കാലങ്ങളായി തുടരുന്ന അനാവശ്യ നിബന്ധനകൾ പലപ്പോഴും മേഖലയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സമാകാറുണ്ട്. ചെറുകിട സംരംഭകരെ സംബന്ധിച്ച് മുന്നോട്ടുള്ള പ്രവർത്തനങ്ങൾ മുടക്കമില്ലാതെ പോവാൻ സാധിക്കണം. അതിന് യോജിച്ച നിയമ നിർമ്മാണമാണ് വേണ്ടത്. എന്നാൽ, പലപ്പോഴും സംരംഭകരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നിയമങ്ങൾ രൂപപ്പെടുത്തുന്നു. അതിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്‌.

ഇപ്പോൾ ചെറിയ വീടുകൾക്കും മറ്റു മുള്ള മഴവെള്ള സംഭരണി എന്ന നിബന്ധന  പുതുക്കിയ ചട്ടത്തിൽ ഒഴിവാക്കിയിരിക്കുന്നു. 5 സെൻറിൽ താഴെയുള്ളതും 300 സ്ക്വയർ  മീറ്റർ വരെയുമുള്ള വീടുകൾക്ക് മഴവെള്ള സംഭരണി ആവശ്യമില്ല. മഴവെള്ള സംഭരണിയുടെ പ്രയോജനം തന്നെ  ഓരോ പ്രദേശത്തെയും  അനുസരിച്ചാണ്. മറ്റ് ജലസ്രോതസ്സുകളെ ആശ്രയിക്കുന്നവർ ഇത് പ്രയോജനപ്പെടുത്താറില്ല. പലപ്പോഴും ചട്ടം പാലിക്കുന്നതിനു വേണ്ടി മാത്രമാണ് ഇവ നിർമ്മിക്കുന്നത്. ഇത്തരം കാര്യങ്ങൾ കൂടുതൽ പ്രായോഗികതയിലേക്ക് കൊണ്ടുവരുന്നു. കൂടുതൽ പ്രായോഗികതയുള്ള സമീപനം തന്നെയാണ് പുതിയ ചട്ടം മുന്നോട്ടുവയ്ക്കുന്നത്. അത് തികച്ചും സ്വാഗതാർഹം തന്നെയാണ്.                    

(ബിൽഡിങ്  രംഗത്തെ എന്റർപ്രനർ, എം. ഡി. കാനി ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ്  

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story