EDITORIAL

കര്‍ഷകന് താങ്ങാവുമോ തറവില - ന്യൂഏജ് എഡിറ്റോറിയൽ

27 Oct 2020

സംസ്ഥാനത്ത് പതിനാറോളം കാര്‍ഷികവിളകള്‍ക്ക് തറവില നിശ്ചയിച്ച് അവയുടെ സംഭരണം ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഉല്‍പ്പാദന ചെലവും ഉല്‍പ്പാദനക്ഷമതയും പരിഗണിച്ച് നിര്‍ണയിക്കുന്ന തറ വിലയില്‍ ഉല്‍പ്പാദനചെലവിനൊപ്പം 20 ശതമാനം അധിക തുക കൂടി ഉള്‍പ്പെടുത്തും. ഉല്‍പ്പന്നത്തിന്റെ വിപണിവില ഈ വിലയിലും താഴെയാവുമ്പോഴും കര്‍ഷകനു നിശ്ചയിച്ച വില ഉറപ്പാക്കപെടും. സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ ഭരണ വകുപ്പും സഹകരണ വകുപ്പുമായി ചേര്‍ന്നാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. കര്‍ഷകര്‍ക്ക് അവരുടെ അധ്വാനത്തിന് ന്യായമായ പ്രതിഫലം ലഭിക്കുന്നില്ലെന്നതാണ് കാര്‍ഷികരംഗത് കാലങ്ങളായി തുടരുന്ന ദുരവസ്ഥ.

ഉല്‍പാദിപ്പിച്ചെടുത്ത കാര്‍ഷിക വിഭവങ്ങള്‍ നശിച്ചുപോകാതെ വില്‍പനയ്ക്ക് എത്തിക്കുക എന്നതും ചൂഷണം ചെയ്യപ്പെടാതെ വിറ്റെടുക്കുക എന്നതും സാധാരണ കര്‍ഷകരെ സംബന്ധിച്ച് പലപ്പോഴും ഭഗീരഥ പ്രയത്‌നം തന്നെയാണ്. യഥാര്‍ത്ഥത്തില്‍  കര്‍ഷകന്റെ അധ്വാനം വൃഥാവിലായി പോകുന്നു. ദാരിദ്ര്യവും കടക്കെണിയും  വഴി ജീവിതം വഴിമുട്ടുന്ന കര്‍ഷകന്‍ വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളുടെ മാത്രം ദുരിതക്കാഴ്ചയല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ ദുരവസ്ഥ ദൂരീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.സംസ്ഥാനത്തെ കര്‍ഷകരെ സംബന്ധിച്ച് പതിനാറിനം പഴം-പച്ചക്കറി വിളകള്‍ ക്കാണ് തറവില നിശ്ചയിക്കപ്പെടുന്നത്. ഏത്തക്കായ, മരച്ചീനി, പൈനാപ്പിള്‍, തക്കാളി, വെള്ളരി, പയര്‍, പാവല്‍, കാബേജ് തുടങ്ങിയ വിളകള്‍ ഇതിലുള്‍പ്പെടുന്നു. വി എഫ് പി സി കെ, ഹോര്‍ട്ടികോര്‍പ്പ്, മൊത്ത വ്യാപാര വിപണി എന്നിവയിലുടെ വിള സംഭരിക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ 559 സംഭരണ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കും. ഒരു പഞ്ചായത്തില്‍ ഒരു വിപണി എങ്കിലും തുറക്കാനാണ് ലക്ഷ്യമിടുന്നത്. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും സംഭരണ രംഗത്തുണ്ടണ്ടാവും. വിപണി വില തറ വിലയിലും താഴെ ആയാല്‍ പ്രാഥമിക സംഘങ്ങള്‍ക്ക് അതിനുള്ള ഗ്യാപ്പ് ഫണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ വഴി ലഭ്യമാകും. ഇതിന് തദ്ദേശഭരണ സ്ഥാപന അധ്യക്ഷനും പ്രാഥമിക സംഘം അധ്യക്ഷനും ഉള്‍ക്കൊള്ളുന്ന പ്രത്യേക സമിതിയും നിലവില്‍ വരും. കര്‍ഷകരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക പോര്‍ട്ടലും സജ്ജമാണ്. ഇത്തരത്തില്‍ സംഭരിക്കുന്ന വിളകള്‍ 'ജീവനി കേരള ഫാം ഫ്രഷ് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ്' എന്ന ബ്രാന്‍ഡില്‍ വില്പനയ്ക്ക് എത്തിക്കാനാണ്  ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്ത് പഴം-പച്ചക്കറി ഉല്‍പ്പദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകരുടെ രക്ഷയ്ക്ക് ആസൂത്രണം ചെയ്യപ്പെടുന്ന പദ്ധതി എന്ന നിലയില്‍ ഇത് ശ്രദ്ധേയമാണ്. കൂടുതല്‍ തരിശിടങ്ങളും മറ്റും കൃഷി ഭൂമിയായി മാറുന്ന ഇന്നത്തെ സാഹചര്യത്തില്‍ അതിന് വലിയ കാലിക പ്രാധാന്യം കൈവരുന്നുണ്ടണ്ട്. റബ്ബറിനു കൊണ്ടണ്ടുവന്ന വിലസ്ഥിരതാ പദ്ധതി കര്‍ഷകര്‍ക്ക് വളരെയേറെ ആശ്വാസമായിരുന്നു എന്നതും ഓര്‍മ്മിക്കണം. പലതരം സങ്കീര്‍ണ്ണതകള്‍ അതിന്റെ നടത്തിപ്പില്‍ ഉണ്ടണ്ടായെങ്കിലും കര്‍ഷകന് നിശ്ചിത വില ലഭിക്കാനുള്ള സാഹചര്യമാണ് ഉരുത്തിരിഞ്ഞത്. ഇപ്പോള്‍ ഈ പുതിയ പദ്ധതിയും കാര്‍ഷിക മേഖലയ്ക്ക് ഉപകാരപ്രദമാവണം. കര്‍ഷകന് അര്‍ഹതയുള്ള പ്രതിഫലം ഉറപ്പാക്കുക എന്ന വലിയ ലക്ഷ്യം കൃത്യതയോടെ സാധിച്ചടുക്കുക എന്നതാണ് പ്രധാനം. അതിലേക്ക് സുതാര്യതയും സൂക്ഷ്മതയുമുള്ള നടപടികള്‍ തന്നെ ഉണ്ടാവണം.


സര്‍ക്കാര്‍ ഇത് എങ്ങനെ നടപ്പാക്കുമെന്നാണ് അറിയേണ്ടത് - പി.സി. സിറിയക്

സംസ്ഥാനത്ത് 16  ഇനം പഴം പച്ചക്കറി വിളകള്‍ തറവില നിശ്ചയിച്ച് സംഭരിക്കാനുള്ള പദ്ധതി വളരെ നല്ല നീക്കം തന്നെയാണ്. ഇന്ന് സാധാരണ കര്‍ഷകര്‍ അവരുടെ ഉല്‍പ്പന്നത്തിന് ശരിയായ വിപണിവില ലഭിക്കാതെ ദുരിതമനുഭവിക്കുന്ന സാഹചര്യമുണ്ട്. അതിന് പരിഹാരമാവും എങ്കില്‍ നല്ല കാര്യം തന്നെയാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിലസ്ഥിരത ഉണ്ടാവണം. റബ്ബറിന് നടപ്പാക്കിയ വില സ്ഥിരതാ പദ്ധതി മുന്‍ സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്നതാണ്. ഇതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ തുടര്‍ന്നുവന്ന സര്‍ക്കാരും പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നു. എന്നാല്‍ റബ്ബറിന്റ് കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ സഹായം മാത്രമാണ് ലഭിച്ചത്. കേന്ദ്രം ടയര്‍ വ്യവസായികള്‍ക്ക് വേണ്ട നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇവിടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനം പല മേഖലകളിലും ആവശ്യമാണ്. എന്നാല്‍ അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല.

കാര്‍ഷികമേഖലയില്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പ്രാധാന്യത്തോടെ കാണുകയും പരിഹാരം ഉണ്ടാവുകയും വേണം. അതിലേക്ക് ഉണ്ടാവുന്ന ഓരോ നടപടി യും തികച്ചും സ്വാഗതാര്‍ഹമാണ്. ഇവിടെ പച്ചക്കറി ഉത്പന്നങ്ങള്‍ നല്ല വില ലഭിക്കുന്ന തരത്തില്‍ സംഭരിക്കുകയും വിപണി ഉറപ്പിക്കുകയും ചെയ്യുക എന്നത് തന്നെയാണ് പ്രധാനം. അതിനു വേണ്ട പദ്ധതി നടപ്പാക്കുന്നത് ഉചിതം  തന്നെ. പക്ഷേ, ഇന്ന് കോവിഡിന്റെയും തുടര്‍ന്നുള്ള  പ്രത്യേക സാഹചര്യങ്ങളുടെയും പശ്ചാത്തലത്തില്‍ ഇത് എത്രത്തോളം പ്രായോഗികതയില്‍ എത്തും എന്നതാണ്  ചിന്തിക്കേണ്ടത്. എല്ലാ ബിസിനസ് മേഖലകളും തളര്‍ന്നിരിക്കുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ കൈവശം പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം ഇല്ല എന്നതാണ് അവസ്ഥ. സര്‍ക്കാരിന്റെ വരുമാനം നിലച്ചിരിക്കുന്ന സാഹചര്യത്തില്‍ വില സ്ഥിരതയും മറ്റും ഉറപ്പാക്കുന്നതിന് പണം ചെലവിടാന്‍ സര്‍ക്കാരിന് ആവുമോ എന്നതാണ് അറിയേണ്ടത്. ഒട്ടേറെ പദ്ധതികളും പ്രഖ്യാപനങ്ങളും ഉണ്ടാവുന്നു. ഇവയൊക്കെ എത്രത്തോളം പ്രായോഗികമാക്കാന്‍ സാധിക്കുമെന്നതിലാണ് സന്ദേഹമുള്ളത്.                    (കര്‍ഷക സംഘടനയായ ഇന്‍ ഫാമിന്റ് സാരഥിയും മുന്‍ തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ആണ്)


കര്‍ഷകരുടെ വലിയ ആവശ്യമാണ് ന്യായവില ലഭിക്കുകയെന്നത് - അഡ്വ. വി.എസ്. സുനില്‍കുമാര്‍

സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മറ്റൊരു വാഗ്ദാനം കൂടി നിറവേറ്റിയിരിക്കുന്നു.16 ഇനം പഴം, പച്ചക്കറികള്‍ക്ക് ന്യായവില പ്രഖ്യാപിച് രാജ്യത്തിനുതന്നെ മാതൃകയായ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍.  2020 നവംബര്‍ മുതല്‍ തറവില പ്രാബല്യത്തില്‍ എത്തും. സംസ്ഥാനത്ത് 559 കേന്ദ്രങ്ങള്‍ വഴി പച്ചക്കറി സംഭരിക്കാനും തീരുമാനിചിട്ടുണ്ട്.

കര്‍ഷകരുടെ ഏറ്റവും വലിയ ആവശ്യം അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുക എന്നതാണ്. അതില്ലാതെ വരുമ്പോഴാണ് കര്‍ഷകര്‍ ആത്മഹത്യയിലേക്കും ദാരിദ്ര്യത്തിലേക്കും പോകുന്നത്.കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോകമ്പോള്‍ സംസ്ഥാനം കര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള ബദല്‍ മാതൃക സൃഷ്ടിച് മുന്നോട്ടു പോകുന്നതിനാലാണ് കേരളത്തില്‍ കര്‍ഷക ആത്മഹത്യകളോ ഉല്‍പ്പന്നങ്ങള്‍ തെരുവിലെറിഞ്ഞ പ്രതിഷേധമോ ഉണ്ടാവാത്തത്.ഈ സര്‍ക്കാര്‍ എന്നും ജനപക്ഷത്ത് നിന്നുള്ള ബദല്‍ മാതൃകകളാണ് നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുള്ളത്.22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിളകളുടെ ഉല്‍പാദന ചെലവിന് ആനുപാതികമായി ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ 16 ഇനം പച്ചക്കറികള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ച്  യഥാര്‍ത്ഥത്തില്‍ കര്‍ഷകര്‍ക്ക് രക്ഷാകവചം ഒരുക്കുകയാണ്. മണ്ണില്‍ അധ്വാനിച്ച് ചോരനീരാക്കി പൊന്നുവിളയിക്കുന്ന കര്‍ഷകരാണ് യഥാര്‍ത്ഥ യജമാനന്മാര്‍ എന്ന തിരിച്ചറിവിലാണ് സംസ്ഥാന കൃഷിവകുപ്പ്  വിവിധ കര്‍ഷക രക്ഷാപദ്ധതികളും സ്‌കീമുകളും പ്രോഗ്രാമുകളും ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. അധികാരമേറ്റ് നാലു വര്‍ഷം പൂര്‍ത്തിയാക്കി അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാരിന്റെയും കൃഷി വകുപ്പി ന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹകരണവും  നല്‍കുന്ന എല്ലാവരെയും അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്.                                             

(സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയാണ്)


കൃത്യതയും സുതാര്യതയും പദ്ധതിയുടെ വിജയത്തിന് ആവശ്യമാണ് - ജോസഫ് കാട്ടേത്ത്

സംസ്ഥാനത്ത് പതിനാറോളം കാര്‍ഷിക വിളകള്‍ ക്ക് തറവില നിശ്ചയിച്ച് സംഭരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി സാധാരണ കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാണ്. റബ്ബര്‍ വില സ്ഥിരത പദ്ധതി നടപ്പാക്കുന്നത് വഴി സാധാരണക്കരായ വലിയൊരു വിഭാഗം റബ്ബര്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് ഉണ്ടായത്. റബ്ബര്‍ വില തകര്‍ന്നടിഞ്ഞപ്പോള്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചു. ഇപ്പോള്‍ മരച്ചീനിയ്ക്കും ഏത്തകായ്ക്കും എല്ലാം തറവില ഉറപ്പാക്കുന്നത് സാധാരണ കര്‍ഷകനെ കാര്യമായി പിന്തുണയ്ക്കുന്ന നടപടിയാണ്. പ്രതിസന്ധി നേരിടുന്ന കാര്‍ഷിക  മേഖലയ്ക്ക് വലിയ ആശ്വാസമായി ഈ നടപടികള്‍ മാറണം. അതിന് പദ്ധതിയുടെ കൃത്യതയുള്ള നടപ്പാക്കല്‍ ആവശ്യമാണ്.

സാധാരണക്കാരായ കര്‍ഷകന് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന തരത്തില്‍ സുതാര്യതയും കൃത്യമായ പ്രവര്‍ത്തനങ്ങളും നടത്തിപ്പില്‍ ഉണ്ടാകണം. ഇടനിലക്കാരുടെ വലിയ ചൂഷണങ്ങളില്‍ നിന്നും കര്‍ഷകനെ രക്ഷിക്കാന്‍ സംഭരണ വിപണന കേന്ദ്രങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. കര്‍ഷക കൂട്ടായ്മകള്‍ വഴിയുള്ള പ്രവര്‍ത്തനത്തിന് കൂടുതല്‍ പ്രാധാന്യം കൈവരുന്ന ഇക്കാലത്ത് ഉല്‍പ്പാദക സംഘങ്ങളുടെയും പ്രയോജനപ്പെടുത്തല്‍ ഇത്തരം കാര്യങ്ങളില്‍ ഉണ്ടാവണം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കടന്നുവരാന്‍ സാധ്യതയുണ്ട്. അത്തരം നടപടി പദ്ധതിയില്‍ ഉണ്ടാവാതിരിക്കട്ടെ. കര്‍ഷക ക്ഷേമത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെയാവണം ഇത്തരം പദ്ധതികളില്‍ മുന്നിട്ട് നില്‍ക്കേണ്ടത്.     

(ഹരിത കര്‍ഷക സംഘം പ്രസിഡന്റും സാമൂഹിക നിരീക്ഷകനുമാണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story