EDITORIAL

കൃഷിയിലൊരു മാറ്റം നല്ലതു തന്നെ - ന്യൂഏജ് എഡിറ്റോറിയൽ

Newage News

28 Sep 2020

രാജ്യത്തെ കർഷകരുടെ അവസ്ഥ അത്ര ശുഭകരമല്ല. കാർഷിക മേഖലയുടെ മൊത്തം അവസ്ഥയും അങ്ങനെ തന്നെ. മോദി സർക്കാരാന് ഇതിനൊക്കെ കാരണക്കാർ എന്ന് പറഞ്ഞ് ആർക്കും ഒഴിയാൻ പറ്റില്ല. പതിറ്റാണ്ടുകളായി അങ്ങനെ തന്നെയാണ്. ഇന്ത്യൻ സമ്പദ്ഘടന ഇപ്പോഴും കൃഷി അധിഷ്ഠിതമാണ്. രാജ്യം അതിവേഗ വളർച്ച കൈവരിക്കാൻ കാർഷിക രംഗം മെച്ചപ്പെട്ടേ മതിയാകൂ.

മാറ്റത്തിനുള്ള ഒരു ശ്രമമെന്ന നിലയ്ക്ക് പുതിയ നിയമങ്ങൾ സ്വാഗതാർഹമെന്ന് ആദ്യമെ സൂചിപ്പിക്കട്ടെ. കുത്തകകൾക്ക് വേണ്ടിയുള്ള നിയമം എന്നൊക്കെ വ്യാഖ്യാനിക്കുന്നതിൽ വലിയ കഴമ്പില്ല. പരീക്ഷണങ്ങൾ ഒന്നുമില്ലാതെ കാർഷിക രംഗം മെച്ചപ്പെടും എന്ന ചിന്ത ഏതായാലും വേണ്ട. ഇന്ത്യയിൽ കർഷകർ അഭിമുഖീകരിക്കുന്ന ചില അടിസ്ഥാന പ്രശ്‌നങ്ങളുണ്ട്.

ഒന്ന് ഇടനിലക്കാരൻ്റെ ചൂഷണമാണ്. കർഷകൻ സവാള 5 രൂപയ്ക്ക് വിൽക്കാൻ ബാധ്യസ്ഥനാകുമ്പോൾ, റീട്ടെയിൽ വിപണിയിൽ വില 50 രൂപ. പഴത്തിന് കിലോയ്ക്ക് 10 രൂപ കർഷകന് കൊടുക്കുന്ന വ്യാപാരി 30 രൂപയ്ക്ക് വിൽക്കുന്നു. വിത്ത് വാങ്ങി, നട്ട്, നനച്ച്, വളമിട്ട്, ഊട് കൊടുത്ത് ആറേഴു മാസം പരിപാലിക്കുന്ന കർഷകന് 10 രൂപ. വാങ്ങി വിൽക്കുന്ന കച്ചവടക്കാരന് 30 രൂപ. എന്ന് ഈ അവസ്ഥ മാറുന്നോ അന്ന് ഇന്ത്യയിൽ കൃഷി രക്ഷപ്പെടും. കൃഷിക്കാരന് വിലപേശൽ ശേഷി ഇപ്പോൾ തീരെ ഇല്ല. അത് മാറണം. കർഷകർ ഉല്പാദിപ്പിക്കുന്ന വിഭവങ്ങൾ നേരിട്ട് വിൽക്കുന്ന കർഷക വിപണികൾ ധാരാളമായി വരണം. വ്യാപാരികൾക്കുള്ള മേൽക്കോയ്മ നഷ്ടമാകണം. വ്യാപാരികളുടെയും, ഇപ്പോഴുള്ള ഇടനിലക്കാരുടെയും ചൂഷണത്തെക്കാൾ നല്ലത് കോർപ്പറേറ്റുകളുമായുള്ള കരാരാണ്. കരാർ കൃഷിയിൽ കർഷകന് വിലസ്ഥിരത, വിപണിയുടെ ഉറപ്പ് തുടങ്ങിയ ചില പരിരക്ഷകൾ കിട്ടുന്നു.

പഴം, പച്ചക്കറി തുടങ്ങിയവ പെട്ടെന്ന് കേടുവരുന്ന വിഭവങ്ങളാണല്ലൊ. വിൽക്കാൻ കഴിയാതെ ലക്ഷക്കണക്കിന് ടൺ പാഴാകുന്നു. ഒന്നുകിൽ കൃഷിക്കാരന്, അല്ലെങ്കിൽ വ്യാപാരിക്ക് നഷ്ടം. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാൽ ഇത് സംഭരിക്കാൻ യാതൊരു പ്രയാസവുമില്ല. സ്റ്റോറേജ് - കോൾഡ് സ്റ്റോറേജ് സൗകര്യം രാജ്യത്ത് നന്നെ പരിമിതമാണ്. പൂഴ്‌ത്തിവയ്ക്കൽ നിയമ പരിധിയിൽ വരുമെന്നതുകൊണ്ട് സ്റ്റോറേജിന് ചില പരിമിതികൾ ഉണ്ടായിരുന്നു. അത് പുതിയ നിയമത്തോടെ മാറുകയാണ്.

കോർപ്പറേറ്റ് വക്തരണമല്ലാതെ  കൃഷി രക്ഷപ്പെടാൻ വാസ്തവത്തിൽ വഴികളില്ല. ചെറിയ കർഷകർ പോലും കോർപ്പറേറ്റ് ശൈലികളിലേക്ക് മാറേണ്ടിയിരിക്കുന്നു.

ഹൈടെക് അഗ്രിക്കൾച്ചർ രാജ്യവ്യാപകമായി നടപ്പാക്കേണ്ടതുണ്ട്. അതിന് കമ്പനികൾ രംഗത്ത് വരണം. സഹകരണ മേഖല മുന്നോട്ട് വരേണ്ടിയിരിക്കുന്നു. അക്വാപോണിക്സും, പോളി ഹൗസും ഒക്കെ വ്യാപകമാകണം.

ഇസ്രയേൽ വലിയ മാതൃകയാണ്. ആ രാജ്യത്തെ അപേക്ഷിച്ച് എത്രയധികം ആനുകൂല്യങ്ങൾ നമുക്കുണ്ട്. ഇസ്രയേൽ മാത്രമല്ല അറബ് ലോകം മുഴുവൻ മാറിയത് കണ്ടില്ലേ. സൗദിയിലെ ഡയറി ഫാമുകൾ കണ്ടാൽ അത്ഭുതപ്പെടും. കാൽ നൂറ്റാണ്ടായി മണ്ഡരിക്ക് മരുന്ന് കണ്ടുപിടിക്കാൻ കഴിയാത്ത നമ്മുടെ കാർഷിക ഗവേഷണ- പഠന സ്ഥാപനങ്ങൾ വെറും പാഴാണ്.

കാർഷിക രംഗം ഉടച്ച് വാർക്കുമ്പോൾ കാർഷിക സർവകലാശാലകൾ, എണ്ണമറ്റ ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെ അകം പുറം മാറ്റണം. അവയ്ക്ക് അക്കൗണ്ടബിലിറ്റി ഉണ്ടാകണം.

തൊലിപ്പുറ ചികിത്സ അവസാനിപ്പിക്കാറായി. കൊയ്ത്തുത്സവം കൊണ്ടൊന്നും ഫലമില്ല. കൃഷിക്കാരന് നല്ല വില കിട്ടണം. ലാഭകരമാകണം. റബർ നില നിന്നത് അക്കാരണം കൊണ്ട് മാത്രമല്ലേ? ഏറ്റവും ശ്രമകരമായ കൃഷിയാണ് പൈനാപ്പിൾ. അത് ഇത്ര വലിയ പ്രതിസന്ധിയെ അതിജീവിച്ചും നില നിൽക്കുന്നു. കേരളത്തിൽ റബർ കൃഷി വളർന്നതിനും, പടർന്നതിനും കാരണമായത് റബർ ഉല്പാദക സംഘങ്ങളാണ്. പാലായി കൊടുക്കുന്നതിന് പകരം ഷീറ്റാക്കി ഉണക്കി കൊടുക്കുമ്പോൾ കൂടുതൽ വില കിട്ടുന്നു. തേങ്ങയ്ക്ക് കിട്ടുന്ന വിലയേക്കാൾ കൂടില്ലേ, കൊപ്രയ്ക്ക്, അതിലും നല്ല വില കിട്ടില്ലേ, വെളിച്ചെണ്ണയ്ക്ക്. വിർജിൻ കോക്കനട്ട് ഓയിലാണെങ്കിലോ? ഇത് ഓരോ ഉല്പന്നത്തിനും സാധ്യമാണ്. 4-5 ഘട്ടങ്ങളുള്ള മൂല്യ വർധനയിൽ ആദ്യ രണ്ടു ഘട്ടം കർഷകർക്ക് ഒറ്റക്കോ, സംഘങ്ങൾക്കോ ചെയ്യാം. അത് അടിയന്തര പരിഗണന അർഹിക്കുന്ന കാര്യമാണ്.

തുറന്ന വിപണിയാണ് പുതിയ നിയമത്തിൻ്റെ മറ്റൊരു ഗുണകരമായ കാര്യം. തങ്ങൾ ഉല്പാദിപ്പിക്കുന്നവ ഇന്ത്യയിലെ ഏത് മാർക്കറ്റിലും കർഷകർക്ക് വിൽക്കാം എന്ന സാധ്യത നല്ലതു തന്നെ. ഇത് വരെ അതിന് തടസങ്ങൾ ഉണ്ടായിരുന്നു. ഏതായാലും ഒരു മാറ്റം നല്ലത് തന്നെ. ഇപ്പോഴത്തെ അവസ്ഥയെക്കാൾ കർഷകർ പിന്നോട്ട് പോകില്ല എന്ന് ഏറെക്കുറെ ഉറപ്പിക്കാം.


താങ്ങുവില ഉറപ്പാക്കുകയെന്നത് പ്രധാനം - പി സി സിറിയക്ക് 

കാർഷിക രംഗത്ത് വിപ്ലവകരമായ പരിഷ്‌ക്കാരങ്ങൾക്ക് കളമൊരുക്കുന്നവയാണ് പുതിയ ബില്ലുകളെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. എന്നാൽ രാജ്യത്തെ കർഷകർ ആശങ്കയിൽ തുടരുകയാണ്. കേരളത്തേതിൽ നിന്ന് വ്യത്യസ്തമായി ഉത്തരേന്ത്യയിൽ മണ്ഡികൾ വഴിയാണ് കാർഷികോത്പന്നങ്ങളുടെ വില്പന. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ അത് മണ്ഡി സിസ്റ്റത്തിന്റെ നിലനില്പിനെ ബാധിക്കുമെന്ന് അവർ ഭയപ്പെടുന്നു. ഒപ്പം കർഷകരുടെ എക്കാലത്തെയും പ്രധാന ആവശ്യങ്ങളിൽ ഒന്നായ താങ്ങുവിലയെപ്പറ്റി ഈ ബില്ലുകളിൽ കൃത്യമായി പറയാത്തതും കർഷകരുടെ ആശങ്കയ്ക്ക് അടിസ്ഥാനമാണ്. താങ്ങുവിലയെ സംബന്ധിച്ച് വ്യക്തമായ നിബന്ധനകൾ കൂടി ബില്ലിൽ ഉൾപ്പെടുത്തുമ്പോൾ മാത്രമാണ് ഇത് കാർഷിക രംഗത്ത് ഗുണപരമായ മാറ്റങ്ങൾക്ക് അവസരമൊരുക്കുക. കോർപ്പറേറ്റുകൾ വലിയ തോതിൽ കാർഷികരംഗത്തേക്ക് ഇറങ്ങുന്ന സാഹചര്യമാണുള്ളത്. പരമാവധി ലാഭം എന്നതായിരിക്കും അവരുടെ നയം. അതുകൊണ്ട് തന്നെ മിനിമം ഫ്ലോർ പ്രൈസിന്റെ സംരക്ഷണം കർഷകർക്ക് ഉറപ്പു വരുത്താതെ പുതിയ ബില്ലിന് ലക്‌ഷ്യം കാണാൻ കഴിയുന്നതെങ്ങനെ?

സ്വാതന്ത്ര്യം കിട്ടുമ്പോൾ 35 മില്യൺ ടൺ മാത്രം ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിച്ചിരുന്ന ഇന്ത്യ ഇന്ന് 350 മില്യൺ ടൺ ഉത്പാദിപ്പിക്കുന്നു. ഒരു കാലത്ത് പൗരന്മാരുടെ ഭക്ഷണത്തിന് ബുദ്ധിമുട്ടിയിരുന്ന ഇന്ത്യ ഇന്ന് ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യധാന്യ കയറ്റുമതിക്കാരും കൂടിയാണ്. ഇത് സാധ്യമായത് മുൻ സർക്കാരുകൾ താങ്ങുവില ഉൾപ്പെടെ കർഷകരെ ശക്തിപ്പെടുത്തുന്ന വിവിധ നയങ്ങൾ തുടർന്നു വന്നതുകൊണ്ട് കൂടിയാണ്. 

കോൺട്രാക്ട് ഫാമിങ് രംഗത്തേക്കും മറ്റും കടക്കുമ്പോൾ കർഷകർ വ്യക്തിഗത തലത്തിൽ ഇടപെടുന്നതിന് പകരം കാര്ഷികസംഘങ്ങൾ രൂപീകരിച്ചുകൊണ്ട് മുന്നോട്ട് വരാൻ ശ്രദ്ധിക്കണം. അതിനേക്കാൾ പ്രധാനമായി ഉത്പന്നങ്ങൾ നേരിട്ട് വിൽക്കുന്നതിന് പകരം മൂല്യവർധിത ഉത്പന്നങ്ങളായി വിൽക്കാനും ശ്രദ്ധിക്കണം. 

(മുൻ തമിഴ്‌നാട്  ചീഫ് സെക്രട്ടറി)


കർഷകർക്ക് ഒരു ലെവൽ പ്ലെയിങ് ഫീൽഡ് ലഭ്യമാവുന്നു - ശിവദാസ് ബി മേനോൻ 

1991 ൽ ഇക്കോണമി ലിബറലൈസ് ചെയ്തതിന് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇപ്പോൾ കാർഷികമേഖലയ്ക്ക് ഗുണപരമായൊരു നയം ആവിഷ്കരിക്കപ്പെടുകയാണെന്ന് കരുതുന്നതിൽ തെറ്റില്ല. തീർച്ചയായും ഇത് കർഷകന് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകും. മഹാരാഷ്ട്രയിലും ഉത്തരേന്ത്യയിലുമൊക്കെ ശക്തമായി നിലവിലുള്ള മണ്ഡി സിസ്റ്റം കർഷകർക്ക്  എത്രത്തോളം ഗുണപരമാണെന്ന് കാലാനുസൃതമായും യുക്തിസഹമായും വിലയിരുത്തേണ്ടതുണ്ട്. അവിടെ കർഷകർക്ക് മണ്ഡികൾ വഴി മാത്രമേ ഉത്പന്നങ്ങൾ വിൽക്കാൻ കഴിയൂ എന്ന സാഹചര്യമുണ്ട്. പലപ്പോഴും വൻകിട കർഷകരും വ്യാപാരികളും രാഷ്ട്രീയക്കാരും അടങ്ങുന്ന ഒരു കോക്കസാണ് ഈ മണ്ഡികൾ നിയന്ത്രിക്കുന്നത്. പഞ്ചാബിൽ ഉത്പാദിപ്പിക്കുന്ന ബസ്മതി അരി കർഷകർക്ക് നേരിട്ട് തൊട്ടടുത്തുള്ള  ഹരിയാനയിൽ വില്പന നടത്താൻ നിലവിൽ കഴിയില്ല. അത് മണ്ഡി വഴി മാത്രമേ സാധിക്കൂ. കർഷകർക്ക് കൃത്യമായി ഗുണം ലഭിക്കാൻ നിർണായക മാറ്റങ്ങൾ വന്നേ തീരൂ. അതെ സമയം മിനിമം ഫ്ലോർ പ്രൈസ് പോലുള്ള കാര്യങ്ങൾ തീർച്ചയായും കർഷകർക്ക് ആത്മവിശ്വാസം പകരും.

അഞ്ഞൂറ് കോടി രൂപയുടെ പഴങ്ങളും പച്ചക്കറികളും പ്രതിമാസം കേരളത്തിൽ എത്തുന്നുണ്ട്. ഇത് ഇവിടത്തെ കർഷകർക്കും അവസരമൊരുക്കുന്നുണ്ട്. എന്നാൽ ഇത് പ്രയോജനപ്പെടുത്തണമെങ്കിൽ ഉത്പന്നങ്ങൾ സംഭരിക്കുന്നതിനും സൂക്ഷിക്കുന്നതിനും ഒക്കെയുള്ള സാഹചര്യം ഇവിടെ ലഭ്യമാവണം. കേരളത്തെ സംബന്ധിച്ച്, കർഷകന് അവന്റെ ഭൂമിയിൽ അവന്റെ താല്പര്യത്തിനനുസരിച്ചുള്ള കൃഷികൾ ചെയ്യാൻ കൂടി സ്വാതന്ത്ര്യം ലഭിക്കുന്ന ഒരു സാഹചര്യം അനിവാര്യമാണ്. പൊതുവെ കർഷകർക്ക് ഒരു ലെവൽ പ്ലെയിങ് ഫീൽഡ് ലഭ്യമാക്കുകയാണ് പുതിയ നിയമം ചെയ്യുന്നത്.

(മാനേജിങ് ഡയറക്ടർ, സ്റ്റെർലിങ് ഫാം റിസേർച്ച് & സെർവീസസ്)


പൊതുവെ ഗുണപ്രദമെന്ന് വിലയിരുത്താൻ കഴിയുന്ന നിയമങ്ങൾ - പി സി ആൻറണി പള്ളത്ത്

കർഷകരെ സംബന്ധിച്ച് പുതിയ നിയമം ഗുണകരമാണെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നത്. മുമ്പത്തേക്കാൾ കർഷകർ വിദ്യാഭ്യാസപരമായും സാങ്കേതികപരമായും പുരോഗമിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവൻ കാര്യങ്ങൾ കൃത്യമായി മനസിലാക്കുന്നു. പുതിയ നിയമം നടപ്പാവുന്നതോടെ, നമുക്ക് ഉത്പന്നങ്ങൾ കൂടിയ വില ലഭിക്കുന്നിടത്ത്, അത് സംസ്ഥാനത്തിന് പുറത്താണെങ്കിലും വിൽക്കാൻ കഴിയും. മുൻപ് ഇത് സാധിച്ചിരുന്നില്ല. ഒപ്പം കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുന്നതിനും അത് മികച്ച വില ലഭിക്കുന്ന സമയം നോക്കി വില്പന നടത്താനും സാഹചര്യം ഒരുങ്ങുന്നു. കൂടാതെ കർഷകന് കമ്പനികളുമായി നേരിട്ട് കരാറിൽ ഏർപ്പെടാൻ കഴിയുന്നു. ഗുണപ്രദമല്ലെങ്കിൽ ഈ കരാറിൽ നിന്ന് പിന്മാറാനും കർഷകർക്ക് കഴിയുമെന്നാണ് മനസിലാക്കുന്നത്. തീർച്ചയായും കർഷകർക്ക് ആശങ്കകളുണ്ട്. അത് പരിഹരിക്കേണ്ടത് കൂടിയാണ്. എങ്കിലും പൊതുവെ ഗുണപ്രദമെന്ന് വിലയിരുത്താൻ കഴിയുന്ന ഈ നിയമങ്ങൾ നടപ്പാക്കുകയാണ് വേണ്ടത്. ഇതിന്റെ അപര്യാപ്തതകൾ പരിഹരിക്കാനും നടപടിയുണ്ടാവണം. ഗവണ്മെന്റിന്റെ ഈ നയങ്ങളോടൊപ്പം നിൽക്കുകയാണ് കർഷകർ ചെയ്യേണ്ടതെന്നാണ് കരുതുന്നത്.

(പരമ്പരാഗത കർഷകൻ)


കോൺട്രാക്ട് ഫാമിങ് കാലഘട്ടത്തിന്റെ ആവശ്യം - ബേബി ജോൺ 

എപിഎംസി മാർക്കറ്റുകൾ നിലവിലുള്ള സംസ്ഥാനങ്ങളിൽ കർഷകർ വലിയ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നതാണ് വസ്തുത. കർഷകന്റെ ഉത്പന്നങ്ങൾ ഈ വിപണികൾ വഴി മാത്രമേ വിൽക്കാൻ കഴിയൂ. 50 സ്ക്വയർ കിലോമീറ്ററിൽ ഒന്ന് എന്നാണ് കണക്കെങ്കിലും ശരാശരി 500 സ്‌ക്വയർ കിലോമീറ്ററിൽ ഒന്ന് എന്ന രീതിയിലാണ് മാർക്കറ്റുകളുടെ സാന്നിധ്യം. പൈനാപ്പിളിന്റെ കാര്യത്തിൽ മഹാരാഷ്ട്രയിലെ മാറാക്കറ്റുകളുടെ കാര്യമെടുത്താൽ പത്തോ പതിനഞ്ചോ വ്യാപാരികളെയാണ് ഇവിടെയൊക്കെ അനുവദിക്കുന്നത്. ഏതാനും കച്ചവടക്കാരും കമ്മീഷൻ ഏജന്റുമാരും ഇടനിലക്കാരും അടങ്ങുന്ന ഒരു കാർട്ടൽ വിപണിയും വിലയും നിയന്ത്രിക്കുന്ന അവസ്ഥയാണുള്ളത്. കർഷകന് ഗുണമുണ്ടാവണമെങ്കിൽ നിലവിലുള്ള എപിഎംസി മാർക്കറ്റ് സിസ്റ്റം കാലാനുസൃതമായി പരിഷ്കരിക്കപ്പെടണം എന്ന് ഞങ്ങളുടെ സ്വന്തം അനുഭവത്തിൽ ആവശ്യപ്പെടുന്ന ഒരു വിഭാഗമാണ് പൈനാപ്പിൾ കർഷകർ. 

ലോക്ക്ഡൗൺ കാലത്ത് എപിഎംസി മാർക്കറ്റുകൾ അടച്ചിടേണ്ടി വന്നതോടെ പൈനാപ്പിൾ വിപണനം സ്തംഭിച്ചു. കർഷകർക്ക് ഉത്പന്നം നേരിട്ട് വിപണിയിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യവുമുണ്ടായി. ഇത്തരത്തിൽ 60000 ടണ്ണോളം പൈനാപ്പിളാണ് നശിച്ചു പോയത്. എപിഎംസി നിയമമനുസരിച്ച് ഔദ്യോഗിക മാർക്കറ്റിന് പുറത്ത് നമുക്ക് പരമാവധി വില്പന നടത്താവുന്നത് 500 കിലോ ഉത്പന്നം മാത്രമാണ്. പുതിയ നിയമം വരുന്നതോടെ ഇതിനൊരു പരിഹാരമാവും. കർഷകർക്ക് തന്നെ സംഭരിക്കാനും പ്രോസസിംഗ് യൂണിറ്റുകളിൽ ഉപയോഗിക്കാനും വിറ്റഴിക്കാനുമൊക്കെ കഴിയും.

അനാവശ്യനിയമങ്ങൾ കാർഷികമേഖലയിലെ സംരംഭകസാധ്യതകളെ തളർത്തുന്ന സാഹചര്യമാണ് മുൻപുണ്ടായിരുന്നത്. കശുവണ്ടി കുത്തക സംഭരണം പോലുള്ള നടപടികൾ ആരെയാണ് സഹായിച്ചത് എന്നൊക്കെയുള്ള അനുഭവങ്ങൾ നമ്മുടെ മുൻപിലുണ്ട്. പൈനാപ്പിളിനെ സംബന്ധിച്ചും കോൺട്രാക്ട് ഫാമിങ് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. നിലവിൽ കൃഷി ചെയ്യുന്ന ഇനങ്ങൾ ഏറെ രുചികരവും ഗുണമേന്മയുള്ളതും ആയിരിക്കുമ്പോൾ തന്നെ പ്രോസസിംഗും കയറ്റുമതിയും വിലയിരുത്തിക്കൊണ്ടുള്ളതല്ല എന്നത് വസ്തുതയാണ്. ഒരു മുഖ്യഘടകം ഉല്പന്നത്തിന്റെ ഷെൽഫ് ലൈഫാണ്. ഒപ്പം ഷേപ്പ്, വേസ്റ്റേജ് ഇങ്ങനെ പല ഘടകങ്ങളുണ്ട്. ഇങ്ങനെ നോക്കുമ്പോൾ ഏറ്റവും മികച്ച ഒരിനം എംഡി 2 ആണ്. എന്നാൽ ഇത് കൃഷി ചെയ്യുന്നതിന് പിന്തുണ ആവശ്യമാണ്. സർക്കാരിന് ഇത് സാധിക്കുന്നില്ല. എന്നാൽ മികച്ച കമ്പനികളും മറ്റും ഈ രംഗത്ത് വരികയും അവർ കർഷകരുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്‌താൽ ഇത്തരം ഇനങ്ങൾ കൂടുതലായി പ്രൊമോട്ട് ചെയ്യാനും അതിലൂടെ പ്രോസസിംഗും കയറ്റുമതിയും മെച്ചപ്പെടുത്താനും കഴിയും.

1955 ലെ എസൻഷ്യൽ കമ്മോഡിറ്റിസ് ആക്ട് ആണ് നിലവിൽ ഭേദഗതി ചെയ്യപ്പെടുന്നത്. അന്നത്തെ സാഹചര്യത്തിൽ പൂഴ്ത്തിവയ്‌പിനെതിരെ നിർമിച്ച ആ നിയമം പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് മാറേണ്ടത് തന്നെയാണ്. കർഷകന് അവന്റെ ഉത്പന്നങ്ങൾ സംഭരിച്ചു സൂക്ഷിക്കുന്നതിനും മറ്റുമുള്ള സാഹചര്യങ്ങൾ എന്തായാലും ലഭ്യമാവണം. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ പൈനാപ്പിൾ ഉത്പാദനം ഇരട്ടിയായിട്ടുണ്ട്. അതുകൊണ്ട് തന്നെ സംഭരണത്തിനും സംസ്കരണത്തിനും ഉള്ള കൂടുതൽ സംവിധാനങ്ങൾ ലഭ്യമാവണം.            

(പൈനാപ്പിൾ ഗ്രോവെഴ്സ് അസോസിയേഷൻ പ്രസിഡന്റ്, കർഷകൻ)


കർഷകരുടെ ആശങ്കകൾക്ക് അടിസ്ഥാനമുണ്ട് - വി ജെ സ്റ്റജൻ 

ബില്ലുകളുടെ ഒരു പൊതുവായ മുഖം കർഷകർക്ക് അനുകൂലമായ തരത്തിൽ തന്നെയാണ്. തുറന്ന വിപണിയും കോൺട്രാക്ട് ഫാമിങ്ങുമൊക്കെ ഇതിന്റെ പോസിറ്റിവ് ഘടകങ്ങളാണ്. അതേസമയം കർഷകരുടെ ആശങ്കകൾക്ക് വലിയ അടിസ്ഥാനമുണ്ട്. അതിൽ ഏറ്റവും പ്രധാനം താങ്ങുവിലയുടെ കാര്യം പരാമർശിക്കുന്നില്ല എന്നതാണ്. ഒപ്പം ഒരു വിഭാഗം കർഷകർക്കെങ്കിലും മണ്ഡി സിസ്റ്റം ഇനിയും ആവശ്യമാണ്. അവരുടെ ഭാവി എന്താണെന്നതിനെ സംബന്ധിച്ച് അവ്യക്തതയുണ്ട്. മറ്റൊന്ന് കാർഷികമേഖലയിൽ കോർപ്പറേറ്റ്‌വത്കരണം ഉണ്ടാകുമ്പോൾ അതിന്റെ ദൂഷ്യവശങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടോ എന്ന സന്ദേഹമാണ്. തീർച്ചയായും തുടക്കത്തിൽ കോർപ്പറേറ്റ് ഇടപെടലുകൾ കർഷകർക്ക് ഗുണകരമാവാനാണ് സാധ്യത. എന്നാൽ ലോങ്ങ് ടേമിൽ ഇതെങ്ങനെയാകും എന്നത് പ്രധാനമാണ്. ഒരു കോർപ്പറേറ്റും ഒന്നോ രണ്ടോ വർഷം മുന്നിൽ കണ്ടാകില്ല ഈ മേഖലയിലേക്കിറങ്ങുക. ഒപ്പം ഉപഭോക്താക്കളെ സംബന്ധിച്ചും വിലക്കയറ്റത്തിൽ നിന്നുള്ള സംരക്ഷണവും ഭക്ഷ്യസുരക്ഷയും ഉറപ്പ് ലഭിക്കേണ്ടതുണ്ട്. അപ്പോഴേ ഈ നിയമം മികച്ചതെന്ന് പറയാൻ കഴിയൂ.

കോൺട്രാക്ട് ഫാമിങ്ങിലേക്ക് വരുമ്പോൾ ചെറുകിട കർഷകർക്കുള്ള പരിമിതിയാണ് മറ്റൊരു കാര്യം. അഞ്ചേക്കറിൽ താഴെ മാത്രം ഭൂമിയുള്ള ചെറുകിട കർഷകരാണ് 80 ശതമാനത്തിലധികം. കോൺട്രാക്ട് ഫാമിങ് സംബന്ധിച്ചു ഭാവിയിൽ തർക്കങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാനായി രൂപം കൊള്ളുന്ന സമിതി കോർപ്പറേറ്റുകൾക്ക് അനുകൂലമായ തലത്തിലേക്ക് പോവുന്നത് തടയാൻ എന്ത് നടപടികളാണുള്ളതെന്നും വ്യക്തമാവേണ്ടതുണ്ട്. ഒപ്പം കർഷകർക്ക് തീരെ കുറഞ്ഞ വിലയും ഉപഭോക്താക്കൾക്ക് അമിതവിലയും എന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. 

കേരളത്തെ സംബന്ധിച്ച് കാർഷികരംഗത്ത് വലിയ അവസരങ്ങൾ നമ്മൾ പാഴാക്കുന്ന ഒരു സ്ഥിതിവിശേഷമുണ്ട്. ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവിലേക്ക് നമ്മൾ തിരിഞ്ഞേ തീരൂ. കാർഷികമേഖലയിൽ പ്രത്യേകിച്ച് ചെറുകിടകർഷകർക്ക് ഉത്പന്നങ്ങളുടെ ബ്രാൻഡിങ് സാധ്യമാവാത്ത അവസ്ഥയുണ്ട്. ഈ സ്ഥിതികൾക്ക് മാറ്റം വന്നേ തീരൂ. 

(മാനേജിങ് ഡയറക്ടർ, ശ്രീനി ഫാംസ്)


പുതിയ നിയമഭേദഗതി വലിയ അപകടം ചെയ്യും - ഡിജോ കാപ്പൻ

കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് ബില്ലുകളും കോർപ്പറേറ്റ് ചില്ലറ വ്യാരികളെ സഹായിക്കാനെ ആത്യന്തികമായി ഗുണം ചെയ്യൂ. ഇതിന് മുമ്പുള്ള ചരിത്രവും അങ്ങനെ തന്നെയാണ്. ഏത് നിയമം കൊണ്ടുവന്നാലും കോർപറേറ്റുകൾ അതിന്റെ പിന്നിലുണ്ടാകും. ജിയോ ഇന്ത്യയിൽ വിപ്ലവകരമായ പരീക്ഷണവുമായി വന്നു. ആദ്യം എല്ലാവര്ക്കും സൗജന്യമായി നൽകി. അതോടെ എല്ലാവരും ജിഒയിലേക്ക് പോയി. മറ്റ് കമ്പനികൾ എല്ലാം പൂട്ടിയതോടെ അവർ അവരുടെ തനിനിറം കാണിക്കുവാൻ തുടങ്ങി. റേറ്റ് കൂട്ടി. ഇതുപോലെ തന്നെയായിരുന്നു സര്ഫാസി നിയമവും സാധാരണക്കാരെ ബാധിച്ചത്. അതിനാൽ ഏത് നിയമമുണ്ടാക്കിയാലും ഇവിടെ സാധാരണക്കാരായ ജനത്തിന് മാത്രമേ നമ്മുടെ മുൻകാല അനുഭവം വെച്ചു നഷ്ട്ടം വന്നിട്ടുള്ളൂ. ആവശ്യവസ്തു നിയമത്തിലെ ഭേദഗതിയിലൂടെ വലിയ രീതിയിൽ ഉൽപ്പന്നങ്ങൾ വാങ്ങി സംഭരിക്കുന്ന കോര്പറേറ്റുകൾക്കാണ് സംരക്ഷണമൊരുങ്ങുന്നത്. കർഷകനും കര്ഷക തൊഴിലാളിക്കും നഷ്ടം മാത്രം.

ബില്ലിനെ അനുകൂലിക്കുന്നവർ പറയുന്നത് കര്ഷകന് അവന്റെ ഉൽപ്പന്നം ഏത് സംസ്ഥാനത്ത് വേണമെങ്കിലും വിൽക്കാമെന്നതാണ്. എന്നാൽ അതിന് പാൻ കാർഡ് ആവശ്യമാണ്, വ്യക്തി വിറ്റാലും കമ്പനി വിറ്റാലും. നമ്മുടെ കർഷകരിൽ എത്ര പേർക്ക് പാൻ കാർഡ് ഉണ്ട്? അതായത് കർഷകർക്ക് ഈ നിയമം കൊണ്ട് കാര്യമായ ഗുണമുണ്ടാകാൻ പോകുന്നില്ല എന്ന് ചുരുക്കം. നമ്മുടെ സർക്കാരുകൾക്ക് കാലങ്ങളായി വിധേയത്വം കൂടുതൽ കോര്പറേറ്റുകളോടാണ്. വലിയരീതിയിലുള്ള ഫണ്ടിംഗ് ആണ് രാഷ്ട്രീയ പാർട്ടികൾ അവരിൽ നിന്ന് സ്വീകരിക്കുന്നത്. അതിന്റെ സ്വാധീനമാകാം പാർലമെന്റിൽ ഉൾപ്പെടെ കണ്ടത്.

ഈ നിയമത്തോടെ കാർഷികമേഖലയിൽ മാറ്റമുണ്ടാകും എന്നത് വ്യാമോഹമാണ്. നമ്മുടെ ജനപ്രതിനിധികളിൽ വെറും 15 ശതമാനമാണ് കാർഷിക രംഗത്ത് നിന്നുമുള്ളത്. അവരുടെ ചിന്തകൾ ഒരിക്കലും കർഷകന് അനുകൂലമായിരിക്കില്ല. മാറ്റം എപ്പോഴും നല്ലതാണ്. പക്ഷെ അത് ജിഎസ്ടി പോലുള്ളതാകരുത്. ചർച്ചയില്ലാതെ നിയമങ്ങൾ നടപ്പിലാക്കുന്നത് നല്ലതല്ല. ഈ നിയമം വലിയ അപകടം ചെയ്യും എന്ന് തന്നെയാണ് എന്റെ ഉത്തമ ബോധ്യം. ഇതോടെ ഇവിടുത്തെ ഭക്ഷ്യസുരക്ഷാ തന്നെ ഇല്ലാതാകും.

(സാമൂഹ്യ നിരീക്ഷകൻ)


കർഷകർക്ക് ഗുണകരമാണോയെന്നറിയാൻ കാത്തിരിക്കണം - കെ വി ദയാൽ

നാളിത് വരെ രാജ്യത്ത് നടപ്പാക്കിയിട്ടുള്ള ബില് എന്ത് മാറ്റമാണ് കർഷകർക്കിടയിൽ വരുത്തിയിട്ടുള്ളത് എന്ന് ചിന്തിക്കണം. ഇന്നുവരെ കര്ഷകന് വേണ്ടി ഒരു മാർക്കറ്റിംഗ് സംവിധാനം ഇവിടെ ഉണ്ടായിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിനാൽ തന്നെ ആ നിയമങ്ങൾക്ക് മാറ്റം വന്നേ തീരു. ഇപ്പോഴുള്ള നിയമത്തിലെ മാറ്റത്തോട് ഞാൻ പൂർണമായും യോജിക്കുകയാണ്. എന്നാൽ പുതിയ നിയമത്തോടെ സംഭവിക്കുന്ന മാറ്റം കർഷകർക്ക് ഗുണകരമാണോയെന്ന് അനുഭവിച്ചറിഞ്ഞാലേ പറ്റു. താങ്ങുവിലയല്ല വേണ്ടത്, ഓരോ വിളയുടെയും ഉപ്പാദനച്ചെലവാണ് അടിസ്ഥാനമാക്കി വില നിശ്ചയിക്കണം. അത് ആര് വാങ്ങിയാലും കർഷകന് കിട്ടണം എന്ന നിയമമുണ്ടാക്കണം. സർക്കാർ നേരിട്ട് വാങ്ങാൻ തയ്യാറാകണം. കൃഷിയെ രക്ഷിക്കാനായി തുടങ്ങിയ അമ്പതിലധികം ഏജൻസികളാണ് ഇവിടെയുള്ളത്. ഈ ഏജൻസികൾ എല്ലാം വേണമെങ്കിൽ പിരിച്ചുവിടാം. ഒരൊറ്റ ഏജൻസി മതി കൃഷിക്കാരനെ രക്ഷിക്കാൻ. ആ ഏജൻസി വഴി ഉൽപ്പാദനച്ചെലവ് കണക്കാക്കി സർക്കാർ തന്നെ കർഷകരിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങണം. ഉൽപ്പാദനത്തിന് ആനുപാതികമായ പെൻഷനും ബോണസും കർഷകർക്ക് കിട്ടണം, എങ്കിലേ കർഷകർ രക്ഷപ്പെടൂ. അത് ഈ ബില്ലിൽ നിര്ദേശിക്കപ്പെട്ടിട്ടില്ല.

പുതിയ നിയമത്തിന്റെ ഗുണദോഷങ്ങൾ നമ്മൾ അനുഭവിക്കാൻ പോകുന്നതേയുള്ളു. എന്നാൽ കര്ഷകന് ഉൽപ്പാദനച്ചെലവ് കിട്ടിയേ തീരു. അത് തീരുമാനിക്കേണ്ടത് കർഷകനായ, മറിച്ച് യൂണിവേഴ്സിറ്റികളാണ്. ആ വില കര്ഷകന് ഉറപ്പാക്കുന്ന സംവിധാനം വേണം. കർഷകനാണ് പ്രഥമ പരിഗണന നൽകേണ്ടത്. അവരെ പരിഗണിച്ചിട്ടു മതി ബാക്കിയുള്ളവർ എന്ന നിലപാട് സർക്കാർ എടുക്കണം. എങ്കിൽ മാത്രമേ ഇവിടെ കര്ഷകനുണ്ടാകു.

മൂല്യവര്ധന കർഷകന്റെ ജോലിയല്ല. അതിന് വിദഗ്ധരുടെ സേവനം തേടണം. ഉൽപ്പന്നങ്ങൾ സർക്കാർ നേരിട്ട് ശേഖരിക്കണം. ശേഖരിക്കുന്ന ദിവസം തന്നെ കർഷകരുടെ അക്കൗണ്ടിലേക്ക് പണമെത്തണം. അങ്ങനെ സംഭവിച്ചാൽ അനവധി പേര് കൃഷിയിലേക്ക് കടന്നുവരും. സാമ്പത്തീക സുരക്ഷിതത്വം ഉറപ്പാക്കണം.

മാറ്റം അനിവാര്യമാണ്. നാളിതുവരെ ചെയ്തതൊന്നും കൃഷിക്കോ കര്ഷകനോ ഗുണമായിട്ടില്ല ഇവിടെ.

നൂറു ശതമാനവും സർക്കാരിന് പിന്തുണ നൽകുക. ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല. പുതിയ മാറ്റങ്ങൾ അംഗീകരിക്കുക.

(ഓർഗാനിക് ഫാർമിംഗ് വിദഗ്ധൻ)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story