EDITORIAL

കേരളത്തിൽ വേണ്ടത്, സാമ്പത്തിക സംവരണം തന്നെ - ന്യൂഏജ് എഡിറ്റോറിയൽ

Newage News

28 Oct 2020

ന്ത്യ സ്വതന്ത്രമായിട്ട് 75 വർഷം തികയാൻ ഇനി ചുരുങ്ങിയ മാസങ്ങളേ അവശേഷിക്കുന്നുള്ളൂ. സ്വതന്ത്ര ഇന്ത്യ ലക്ഷ്യം വച്ച സോഷ്യലിസവും, സമത്വവുമൊക്കെ ഏറെ ദൂരെയാണെന്ന് അനുമാനിക്കാൻ ഇപ്പോഴത്തെ സംവരണ വിവാദങ്ങൾ നോക്കിയാൽ മതി. മത, ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിന് ഇന്ത്യയിൽ വലിയ പ്രസക്തി ഉണ്ടായിരുന്നു. ഭരണഘടനാ ശിലപ്പികൾ അത് അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കുകയും ചെയ്തു. മുക്കാൽ നൂറ്റാണ്ടിനിപ്പുറവും സംവരണം ഒഴിവാക്കാൻ പറ്റുന്ന സാമൂഹ്യ ഘടന ഇന്ത്യയിൽ രൂപം പ്രാപിച്ചിട്ടില്ല എന്നത് ദുഖകരം തന്നെ. 

കേരളത്തിൽ പക്ഷെ സ്ഥിതി അങ്ങനെയല്ല. സാമുഹ്യ പരിഷ്കരണവും, നവോത്ഥാനവും ശക്തമായ സ്വാധീനം ചെലുത്തിയ ഇവിടെ ഉച്ച, നീചത്വങ്ങൾ നന്നെ കുറഞ്ഞു. ജാതി- മതാധിഷ്ഠിത വേർതിരിവുകൾ തീരെ ഇല്ലാതായി. 

പക്ഷെ സംവരണത്തിനായുള്ള മുറവിളി ഇവിടെ എന്നും ഉയരുന്നു. നിയമനം മുഴുവൻ സംവരണമാക്കണമെന്ന് പോലും അഭിപ്രായമുള്ളവർ പോലും ഇവിടെയുണ്ട്. 

ഏത് അളവുകോൽ വച്ച് നോക്കിയാലും ഇനിയങ്ങോട്ട്, ചുരുങ്ങിയ പക്ഷം കേരളത്തിലെങ്കിലും, സംവരണത്തിൻ്റെ മാനദണ്ഡം സാമ്പത്തിക അവസ്ഥ ആകേണ്ട സാഹചര്യമുണ്ട്. പക്ഷെ അങ്ങനെ പറയാൻ പാടില്ല എന്ന് ശഠിക്കുന്ന ചിലരുണ്ട്. അവർ ഉടനെ അംബേദ്കറെ ഉദ്ധരിക്കും, സംവരണത്തിൻ്റെ അർത്ഥവും, ലക്ഷ്യവും വിശദീകരിക്കും. പട്ടികജാതി, പട്ടിക വർഗ സംവരണം ജാതി അടിസ്ഥാനത്തിൽ ഒരു ദശകം കൂടി തുടരേണ്ട ആവശ്യമുണ്ടെന്ന് ഒരു വാദഗതിക്ക് വേണ്ടി അംഗീകരിക്കാം. പക്ഷെ ഒബിസി വിഭാഗങ്ങൾക്ക് കൊടുക്കുന്നതോ? കേരളത്തിൻ്റെ സാമുഹ്യ ഘടന അറിയുന്നവർ അത് ഒരിക്കലും  അംഗീകരിക്കില്ല. സംസ്ഥാനത്തെ മുസ്ലീം, ഈഴവ, ലാറ്റിൻ സമുദായങ്ങൾ സംവരണാനുകൂല്യങ്ങൾ ഇപ്പോഴും ജാതി, മത അടിസ്ഥാനത്തിൽ അനുഭവിക്കുന്നത് ഏത് മാനദണ്ഡം വച്ച് അളന്നാലും അംഗീകരിക്കാൻ കഴിയുന്നതല്ല. 

ഇപ്പോഴത്തെ സംസ്ഥാന സർക്കാർ തീരുമാനമെന്താണ് ? മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം അനുവദിക്കുന്നു. ഇത് ഇടതു മുന്നണിയുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനമാണ്. അത് അവർ പാലിച്ചു. പിണറായി സർക്കാർ ആ ധീരത കാണിച്ചു എന്ന് പറയണം. രാഷ്ട്രിയ നീക്കം എന്ന് വിമർശിക്കുന്നവരുണ്ടാകാം. പക്ഷെ പലരും എടുക്കാൻ മടിക്കുന്ന തീരുമാനമായതിനാൽ ധീരമായ നീക്കം എന്ന് പറയുക തന്നെ വേണം. 

വിഷയത്തിൽ മുഖ്യ മന്ത്രിയുടെ വിശദീകരണം വ്യക്തമാണ്. നിലവിലുള്ള സംവരണം അങ്ങനെ തന്നെ തുടരും. ആർക്കും സംവരണാനുകൂല്യങ്ങൾ നഷ്ടമാകില്ല. നിലവിലുള്ള ഓപ്പൺ മെറിറ്റിൽ നിന്നും എടുത്താണ് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തിക ശേഷി കുറഞ്ഞവർക്ക് നൽകുക. 

കേന്ദ്ര സർക്കാരും ഇതേ നിലപാടിൽ തന്നെയാണ്. അതേ സമയം കേന്ദ്രം ഇതു സംബന്ധിച്ച് ഇറക്കിയ വിജ്ഞ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.  സംസ്ഥാന സർക്കാർ തീരുമാനം ഒട്ടൊക്കെ കേന്ദ്ര വിജ്ഞാപനത്തെ പിന്തുടരുന്നു. 

കേരളത്തിൽ ഘട്ടം, ഘട്ടമായി ജാതി സംവരണ ശതമാനം കുറച്ച് കൊണ്ടു വരേണ്ടേതാണ്. സാമ്പത്തിക സംവരണ നിരക്ക് കൂട്ടേണ്ടതും. പക്ഷെ അതിനും സമയ പരിധി വയ്ക്കണം. ഒരു ഘട്ടമെത്തുമ്പോൾ സംവരണമെന്ന സമ്പ്രദായം തന്നെ ഇല്ലാതാകേണ്ടതുണ്ട്. വിദ്യാഭ്യാസമാകട്ടെ, തൊഴിലാകട്ടെ സമ്പൂർണ മെറിറ്റിലേക്ക് മാറണം.

ഇപ്പോഴും കേരളത്തിൽ ജാതി സംവരണത്തിനായി ഇപ്പോഴും നിലകൊള്ളുന്നവർ മുസ്ലീം, ഈഴവ, ലാറ്റിൻ സമുദായങ്ങൾക്ക് എന്തിന് അത് നൽകണം എന്ന് നന്നായി ചിന്തിക്കേണ്ടതുണ്ട്. സാമുദായികമായ എന്ത് വിവേചനം ഈ സമുദായങ്ങൾ കേരളത്തിൽ അനുഭവിക്കുന്നു എന്നൊന്ന് വിശദീകരിക്കുകയും വേണം. സംവരണം രാജ്യം നിലനിൽക്കുവോളം തുടരണമെന്ന് ഒരു ഭരണഘടനയും പറയുന്നില്ല. 

ഈഴവ- മുസ്ലീം സംഘടനകൾ സർക്കാർ നീക്കത്തിനെതിരെ സംയുക്ത സമരവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇവർ  സമ്മർദ്ധ ശക്തികളായി എന്നും നിന്നിട്ടുള്ളവരാണ്.  അതിൻ്റെ സാധ്യത മനസിലാക്കുന്നവരുമാണ്. മറ്റ് പല ഇന്ത്യൻ സംസ്ഥാനങ്ങളിലും സാമൂഹ്യ  ഘടന കേരളത്തിൻ്റെ അത്രക്ക് പക്വമായിട്ടുണ്ടാകണമെന്നില്ല. അവിടെ ജാതി അധിഷ്ഠിത സംവരണം അവസാനിപ്പിക്കാറായിട്ടുമില്ല. അതിനർത്ഥം അതൊരു സ്ഥിരം സംവിധാനമായി ശേഷിക്കണമെന്നല്ല.

കേരളത്തിലേക്ക് വീണ്ടും. നിലവിലുള്ള സമുദായ സംവരണത്തെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയിട്ടും ഇപ്പോഴും ബഹളം തുടരുന്നത് ദുരുദ്ദേശത്തോടെ മാത്രമാണ്. സബ്സിഡി പോലാണ് സംവരണവും. സൗജന്യവും, സംവരണവും, ഇളവുകളും കൊണ്ടൊന്നും രാജ്യത്ത് ശാശ്വതമായ വളർച്ച ഉണ്ടാകില്ലെന്ന് കാലം ഓർമിപ്പിക്കുന്നു. 

നമുക്ക് ഇന്ന് ആവശ്യം സാമ്പത്തിക സ്വാതന്ത്ര്യമാണ്, സാമ്പത്തിക സ്വയം പര്യാപ്തതയാണ്. സമ്പത്ത് ആർജിക്കാനും, വർധിപ്പിക്കാനും സാഹചര്യം ഉണ്ടാകണം.

ലോകം മുഴുവൻ അതാണ് ചെയ്യുന്നത്. ഇവിടെ നമ്മൾ വീണ്ടും സംവരണത്തെക്കുറിച്ച് സംസാരിച്ച് വെറുതെ സമയം പാഴാക്കുന്നു. പുതിയ ന്യായീകരണങ്ങൾ കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു.


സാമ്പത്തിക സംവരണം കാലിക പ്രസക്തം - നെൽസൺ എംസിബിഎസ്

1993ൽ നടപ്പിലാക്കിയ OBC സംവരണത്തിനു ശേഷം സംവരണത്തിന്റെ കാര്യത്തിൽ ഉണ്ടായ ഏറ്റവും പുതിയ കൂട്ടിച്ചേർക്കൽ ആണ് 2019 ജനുവരിയിൽ ഭരണഘടന 103 വകുപ്പ് ഭേദഗതി പ്രകാരം സംവരണ രഹിത വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി ഏർപ്പെടുത്തിയ 10 ശതമാനം സംവരണം അഥവാ EWS (Economic Weaker Sections).  നിലവിലുള്ള സംവരണത്തിനു പുറത്തുള്ള വിഭാഗങ്ങൾക്കാണ് 10 ശതമാനമുള്ള EWS സംവരണം ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഉന്നത വിദ്യഭാസ രംഗത്തും സർക്കാർ ജോലികളിലും ആണ് ഈ സംവരണത്തിന്റെ ആനുകൂല്യം പ്രധാനമായും ഒരു വ്യക്തിക്ക് ലഭിക്കുക. ഇന്ത്യയിൽ, പ്രത്യേകിച്ചു കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇന്ന് ജാതി വ്യവസ്ഥയേക്കാൾ ദുഷ്കരമായിരിക്കുന്നത് സാമ്പത്തിക രംഗത്തെ ഉച്ചനീചത്വങ്ങളാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് ഓരോ നാളിലും കൂടി കൂടി വരുന്നു. ഈ സാഹചര്യത്തിൽ ദരിദ്രന്റെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന ഇത്തരത്തിലുള്ള സാമ്പത്തിക സംവരണത്തിന്റെ കാലിക പ്രസക്തി എടുത്തു പറയാതെ വയ്യ.

1993ൽ OBC സംവരണം അനുവദിച്ചു കൊണ്ടു വന്ന കോടതി വിധിയുടെ വ്യഖ്യാന നിരീക്ഷണം ശ്രദ്ധേയമാണ്. അതായത് ഒരു വ്യക്തിയുടെ കഴിവും (Merit) തുല്യതയും (Equality) ഒരുപോലെ നിശ്ചയിക്കുക എളുപ്പമല്ല. ഉദാഹരണത്തിന് ഒരേ ബുദ്ധിയുള്ള രണ്ടു വ്യക്തികൾ ഒരാൾ ഉയർന്ന ജാതിയിലും മറ്റയാൾ താഴ്ന്ന ജാതിയിലും ഉണ്ടെന്നു ഇരിക്കട്ടെ. ഉയർന്ന ജാതിയിലുള്ള ഒരാൾക്ക് താഴ്ന്ന ജാതിയിലുള്ള ഒരാൾക്ക് കിട്ടുന്നതിനേക്കാൾ അവസരങ്ങൾ കൂടുതൽ ഉണ്ട് എന്നതിനാൽ അവരെ തുല്ല്യരായി പരിഗണിക്കുക നീതിയല്ല. മറിച്ചു താഴ്ന്ന ജാതിയിൽ പെട്ടവനെ തുല്യതയിലേക്കു ഉയർത്തുന്നതിനുള്ള ഒരു മാർഗം ആയി സംവരണത്തെ കാണേണ്ടതുണ്ട്. ഈ അർത്ഥത്തിൽ ചിന്തിക്കുമ്പോൾ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന ഒരുവന് പിന്നോക്കം നിൽക്കുന്നവനേക്കാൾ അവസരം കൂടുതൽ ഉണ്ട് എന്നതിൽ തർക്കമില്ല. ആയതിനാൽ ഇപ്പോൾ നിലവിൽ വന്ന 10 ശതമാനം സംവരണത്തിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവനെ ഉയർത്താനായി നാം ശ്രമിക്കുന്നു എന്നു വേണം കണക്കാക്കാൻ. 

മാത്രമല്ല ഉയർന്ന ജാതിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ധാരാളം പേർ ഉണ്ട് എന്ന സത്യം നാം തിരിച്ചറിയാതെ പോകരുത്. അതുപോലെ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന വിഭാഗങ്ങളിൽ സാമ്പത്തികമായി ഉയർന്നവരും ഉണ്ട് എന്ന കാര്യവും നാം കണ്ണടച്ചു കളയരുത്. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം EWS സംവരണം നിലവിൽ സംവരണം ഉള്ള വിഭാഗക്കാരുടെ അവസരങ്ങളെ ഒരു വിധത്തിലും നഷ്ടപ്പെടുത്തുന്നില്ല എന്നതാണ്. സാമൂഹ്യപരമായും വിദ്യഭ്യാസപരമായും താഴ്ന്നുകിടക്കുന്നവർ എന്നു കരുതിയ സമുദായങ്ങളെ കുറിച്ചു പഠിക്കാൻ നിശ്ചയിച്ച റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ആണ് മുൻപ് OBC സംവരണം കൊണ്ടുവന്നത്. എന്നു കരുതി അജീവനാന്തം ആ സംവരണത്തിന് ഇത്തരം വിഭാഗത്തിൽ പെട്ടവർ അർഹരാണ് എന്നു കരുതുന്നതിൽ അർത്ഥമില്ല. മറിച്ചു ഭരണ ഘടന ലക്ഷ്യം വയ്ക്കുന്ന ഉന്നതിയിലേക്ക് അവരെ എത്തിക്കുന്നതിനുള്ള ഒരു മാർഗമായാണ് സംവരണത്തെ കാണേണ്ടത്.

(ലേഖകന്റെ ബ്ലോഗിൽ പ്രസിദ്ധീകരിച്ച 'സാമ്പത്തിക സംവരണത്തിന്റെ പിന്നാംപുറങ്ങൾ' എന്ന ലേഖനത്തിൽ നിന്ന്)


സാമ്പത്തിക സംവരണം ന്യായം; രാഷ്ട്രിയവത്ക്കരിക്കരുത് - വി അബ്ദുറഹ്മാൻ

മുന്നോക്ക വിഭാ​ഗത്തിലെ പിന്നോക്കകാർക്ക് സർക്കാർ നടപ്പാക്കുന്ന സംവരണം കാലത്തിന്റെ ആവശ്യമാണെന്ന് നിസ്സംശയം പറയാം.  സാമ്പത്തികമായ ബുദ്ധിമുട്ടുകൾ മൂലം ഉന്നത പഠനത്തിനും എൻട്രൻസ് പരിശീലനത്തിനും തുടങ്ങി വിവിധ രംഗങ്ങളിൽ പരിധിക്ക് പുറത്തായ ഒട്ടേറെ പേർ ഇന്ന് ഈ മുന്നോക്ക വിഭാ​ഗക്കാർക്ക് ഇടയിലുണ്ട്.   അവരുടെ മുൻ തലമുറകളുടെ ജീവിത നിലവാരം വെച്ച് ഇപ്പോഴും അവരെ അളക്കുക എന്നത് നീതിബോധവും, സോഷ്യലിസവും മുറുകെ പിടിക്കുന്ന ഒരു സർക്കാരിന് സാധ്യമാകുന്നതല്ല.  അതുകൊണ്ട് തന്നെയാണ് റിട്ടയേർഡ് ജഡ്ജി കെ ശ്രീധരൻ നായർ കമ്മീഷൻ നിർദേശപ്രകാരം ഈ വിഭാ​ഗത്തിന് സംവരണം ഏർപ്പെടുത്താൻ ക്യാബിനറ്റ് തീരുമാനിച്ചത്.  

കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍സിലെ സംവരണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കൈക്കൊണ്ട തീരുമാനം ഒട്ടേറെ പഠനങ്ങൾക്ക് ശേഷമാണ് കൈക്കൊണ്ടത്.  ഒരു സമൂഹത്തിലെ ജനങ്ങൾക്കെല്ലാവർക്കും തുല്യനീതിയും, അവകാശവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംവരണം ഏർപ്പെടുത്തുന്നത്.  മുന്നോക്ക വിഭാ​ഗത്തിലെ പിന്നോക്കം വർഷങ്ങളായി ഇതിൽ നിന്ന് പുറത്താണ്.  ഈ അവസ്ഥയ്ക്കാണ് ഈ തീരുമാനത്തോടെ അവസാനമാകുന്നത്.  

എന്നാൽ ഈ വിഷയത്തെ രാഷ്ട്രീയമായി ആളി കത്തിച്ച് മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ശ്രമമാണ് മുസ്ലിം ലീ​ഗ് നടത്തുന്നത്. ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട് വഴി വിവിധ സമുദായ സംഘടനകളുടെ വിമർശനം ഏറ്റുവാങ്ങുന്ന ലീ​ഗ് ഈ അവസരം മുതലെടുത്ത് ലീ​ഗ്-മൗദൂദി കൈകോർക്കൽ ചർച്ച വഴി തിരിച്ചു വിടാനുള്ള ശ്രമത്തിലാണ്.  അതിനായാണ് മുസ്ലിം സംഘടനകളുടെ യോ​ഗമടക്കം വിളിച്ചു ചേർത്ത് സാമാന്യ ബോധമുള്ള ആരും അം​ഗീകരിക്കുന്ന ഒരു വിഷയം വിവാദമാക്കുന്നത്.  എസ് സി, എസ് ടി, മറ്റ് പിന്നോക്ക വിഭാ​ഗ സംവരണങ്ങളെല്ലാം അതേപടി നിലനിറുത്തിയാണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം ഏർപ്പെടുത്തുന്നത്.  അതിനാൽ തന്നെ മറ്റ് പിന്നോക്ക സമുദായാം​ഗങ്ങളെ ഇത് യാതൊരു വിധത്തിലും ബാധിക്കുന്നില്ല.  ഇതെല്ലാം മനസിലാക്കിയിട്ടും സമുദായ സംരക്ഷകർ എന്ന ആട്ടിൻ തോലണിയാൻ ഈ അവസരം ലീ​ഗ് വിനിയോ​ഗിക്കുന്നുവെങ്കിൽ അത് സമുദായ സ്നേഹം മൂലമല്ല.  മറിച്ച് സമുദായ വോട്ട് നേടാനുള്ള കുബുദ്ധി മാത്രമാണ്. 

103-ാം ഭരണഘടനാ ഭേദഗതിയുടെയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തില്‍ പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സർക്കാർ നേരത്തെ തീരുമാനം കൈക്കൊണ്ടിരുന്നു.  ഈ സംവരണ ബിൽ പാർലമെന്റിൽ പാസാക്കിയപ്പോൾ പ്രതികരിക്കാൻ അവസരം ഉണ്ടായിട്ടും മിണ്ടാതിരുന്ന പ്രസ്ഥാനമാണ് സംസ്ഥാന സർക്കാർ കേന്ദ്ര തീരുമാനം നടപ്പാക്കുമ്പോൾ എതിർപ്പുമായി എത്തുന്നത്.  ഇതിന് പിന്നിൽ ഇവർ ഒളിച്ചു കടത്തുന്ന വർ​ഗീയ അജണ്ടയും കേരളം തിരിച്ചറിയേണ്ടതുണ്ട്.  ന്യൂനപക്ഷ സമുദായങ്ങളെയാകെ മുന്നോക്ക വിഭാ​ഗത്തിനെതിരെ അണിനിരത്തി ഭൂരിപക്ഷ വർ​ഗീയതയെ ആളികത്തിക്കുന്നതിനുള്ള ശ്രമം കൂടിയാണ് ലീ​ഗ് നടത്തുന്നത്.  ഭരണത്തിലിരിക്കുമ്പോഴും, പ്രതിപക്ഷത്തിരിക്കുമ്പോഴും അഴിമതി ശ്വസന വായുവാക്കുന്ന പ്രസ്ഥാനത്തിന് അതിനെല്ലാം മറയിടാൻ ഇങ്ങനെ പല പൊടികൈകളും ചെയ്യേണ്ടി വരും.  പക്ഷേ അത് കേരളത്തിലെ മതമൈത്രിയേയും, സമാധാന അന്തരീക്ഷത്തേയും പണയം വെച്ചിട്ടാകരുത്.

(താനൂർ എംഎൽഎ ആണ് ലേഖകൻ)


സാമ്പത്തിക സംവരണത്തിൻ്റെ നാനാർത്ഥങ്ങൾ - ഡോ. നെൽസൺ ജോസഫ്

ഒരു കാലത്ത് സംവരണത്തെ എതിർത്തിരുന്നയാളാണ് ഞാനും. വർഷങ്ങൾക്ക് മുൻപ് ഞാൻ പറഞ്ഞ പല കമൻ്റുകളുടെയും പോസ്റ്റുകളുടെയും സ്ക്രീൻഷോട്ടുകൾ പിന്നീട് വർഷങ്ങൾ കഴിഞ്ഞ് പലയിടത്തും കണ്ടിട്ടുണ്ട് സംവരണവിരുദ്ധനാണെന്ന് സ്ഥാപിക്കാൻ.. ഒക്കെ സംവരണത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാട് ഉണ്ടാക്കാനാണെന്ന് കരുതി ആശ്വസിക്കാം അല്യോ?

പക്ഷേ ഒറ്റപ്പെട്ട ചില പ്രതികരണങ്ങളല്ലാതെ മറ്റൊരു വാർത്തയിൽ അത്തരം തിരുത്തലുകളോ പ്രതിഷേധങ്ങളോ ഒന്നും കണ്ടില്ല. അതെന്താണാവോ? "സർക്കാർ ജോലിയിൽ മുന്നോക്ക വിഭാഗങ്ങൾക്ക് 10% സാമ്പത്തിക സംവരണം ." എന്ന തലക്കെട്ടിൽ വന്ന വാർത്തയെക്കുറിച്ചാണ് പറയുന്നത്. സംവരണം സാമ്പത്തികമായ പിന്നോക്കാവസ്ഥ മാറ്റാനായുള്ളതല്ല എന്ന് പറഞ്ഞപ്പൊ ഒരു കാലത്ത് അത് മനസിലായിരുന്നില്ല. കാരണം അന്ന് കഞ്ഞി കുടിക്കാനുള്ള വകയില്ലായിരുന്നു എന്നത് തന്നെ. അപ്പൊഴത്തെ ഏറ്റവും പ്രധാന പ്രശ്നം പൈസ തന്നെയാണ്.

പിറ്റേ ദിവസത്തെ കാര്യങ്ങൾ എങ്ങനെ നടന്നുപോവും എന്ന് കൃത്യമായി അറിയാൻ കഴിയാത്തൊരാൾക്ക് സംവരണമല്ല എന്ത് തേങ്ങ കിട്ടിയെങ്കിലും അതിൽ നിന്ന് കരകയറിയാൽ മതി എന്നാവും. പക്ഷേ പിന്നീടാണ് സാമ്പത്തികമായ പിന്നോക്കാവസ്ഥ മാറിയാലും ഇല്ലാതാവാത്ത ചില വിവേചനങ്ങൾ അനുഭവിക്കുന്നവരെക്കുറിച്ച് കാണാനും കേൾക്കാനും വായിക്കാനും തുടങ്ങിയത്. എന്തുകൊണ്ടാണ് അവർക്ക് സമൂഹത്തിൽ പ്രാതിനിധ്യം ഉറപ്പിക്കാൻ സംവരണം വേണ്ടത് എന്ന് മനസിലായിത്തുടങ്ങിയത്.

സാമ്പത്തിക സംവരണം എന്നത് എത്ര രൂപ വരെയാവാം എന്ന ചർച്ച പോലും ഉയരേണ്ടതില്ലെങ്കിലും ഇപ്പൊ വാർത്തകളിൽ കണ്ട കട്ട് ഓഫിനെക്കുറിച്ച് ഒരു വാക്ക് കൂടി പറയണമല്ലോ. നാല് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളോർക്ക് സാമ്പത്തിക സംവരണം ലഭിക്കുമെന്നും കുടുംബ ഭൂസ്വത്ത് 2.5 പഞ്ചായത്ത് ഏക്കറിലും മുനിസിപ്പാലിറ്റിയിൽ 75 സെൻ്റിലും കോർപ്പറേഷനിൽ 50 സെൻ്റിലും കൂടരുത് എന്നാണ് വാർത്തകളിൽ വായിച്ചത്.

പി.ജിക്ക് ജോയിൻ ചെയ്ത ആദ്യ വർഷം 32,000 രൂപയായിരുന്നു പ്രതിമാസം സ്റ്റൈഫൻഡ്. അതായത് വർഷം 3.84 ലക്ഷം രൂപ. സംവരണത്തിന് അർഹതയുണ്ട്.. ഭൂസ്വത്തിൻ്റെ കാര്യം അതിനെക്കാൾ രസമാണെന്ന് വായിച്ചാൽ തന്നെ മനസിലാവുമല്ലോ. ഇത് ഇവിടെത്തന്നെ അനീതിയായിട്ടാണ് തോന്നിയിട്ടുള്ളത്.. ആ പത്ത് ശതമാനം സംവരണത്തിൽത്തന്നെ രണ്ടര ഏക്കർ ഭൂസ്വത്തുള്ളയാളും മൂന്ന് സെൻ്റുകാരനുമുണ്ടാവും...അതിൽ ആർക്കാണ് മെച്ചപ്പെട്ട സാഹചര്യവും പഠിക്കാൻ സൗകര്യവും ഉണ്ടായിരിക്കുക? ആർക്കാവും പ്രയോജനം ലഭിക്കുക? വെറുതെ ആലോചിച്ച് നോക്കിയാൽ മതി..

അതേപോലെ പലയിടത്തും കണ്ടൊരു വാചകമാണ് ഓപ്പൺ ക്വാട്ടയിൽ (50%) നിന്നാണ് 10% മാറ്റിവച്ചിരിക്കുന്നത്. അതുകൊണ്ട് ഇത് മറ്റ് സംവരണ വിഭാഗങ്ങളെ ബാധിക്കില്ല എന്ന്. അതും തെറ്റാണെന്നാണ് ആലോചിച്ചപ്പൊ തോന്നിയത്. ഒരു വിഭാഗത്തിന് 4% സംവരണമുണ്ടെന്ന് കരുതുക. ആ പത്ത് ശതമാനം സീറ്റിൽ മാത്രമല്ല ആ വിഭാഗത്തിലെ ആളുകൾക്ക് അവസരമുള്ളത്. ഓപ്പൺ ക്വാട്ടയിലെ 50% + 4% = 54% സീറ്റുകളിൽ അവർക്ക് അവസരമുണ്ടാവും. അങ്ങനെയാണ് പ്രാതിനിധ്യം ഉറപ്പാക്കുന്നത്..

അതിൽ നിന്നാണ് പത്ത് ശതമാനം സീറ്റുകൾ മാറ്റി വച്ചിരിക്കുന്നത്. അത് മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് എന്നാണ് നിജപ്പെടുത്തുന്നതെങ്കിൽ മറ്റ് സംവരണവിഭാഗങ്ങൾക്ക് അത് ലഭിക്കില്ലല്ലോ. ഫലത്തിൽ 54% സീറ്റുകളിൽ അവസരമുണ്ടായിരുന്നത് 44% ആയി കുറയും..

തിരഞ്ഞെടുപ്പിനു മുൻപ് അതേ സംഗതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചപ്പൊ അതൊരു തിരഞ്ഞെടുപ്പ് ഗിമ്മിക്കാണെന്ന് പറഞ്ഞൊരു പോസ്റ്റ്  ആരോ ഷെയർ ചെയ്ത് ടൈം ലൈനിൽ വന്നിരുന്നു... അത് കണ്ടപ്പൊ അറിയാതെ ഒരു ചിരി വന്നുപോയി..

അതിൽ  Gross Enrolment Ratio  അടക്കമുള്ള കണക്കുകൾ നിരത്തി സ്ഥാപിച്ചെടുക്കുന്നുണ്ട് എന്താണ് സംവരണത്തിൻ്റെ ആവശ്യകത എന്ന്. ഈ തീരുമാനത്തിനെതിരെ എസ്.എഫ്.ഐ പ്രതികരിച്ചോ എന്തോ !! അന്നത്തെ എസ്.എഫ്.ഐയുടെ പ്രസിഡൻ്റ് വി.പി സാനുവിൻ്റെ പേര് തന്നെയാണ് അതിലുള്ളത്. എന്തുകൊണ്ടാണ് സംവരണം സാമ്പത്തികസംവരണമാക്കരുതാത്തതെന്ന് അദ്ദേഹത്തോട് ചോദിച്ചാൽ പോയിൻ്റ്സ് ചിലപ്പൊ പറഞ്ഞുതന്നേക്കും.. അതിലെ രണ്ട് വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കാം..

" Ever since independence the reservation policies were meant to ensure representation at various levels of government for the deprived communities.  This was necessary as there was a systematic discrimination and denial of equal opportunities to the historically oppressed castes "

സ്വാതന്ത്ര്യം മുതൽ സംവരണം പിന്നോക്ക വിഭാഗങ്ങൾക്ക് സർക്കാരിൻ്റെ വ്യത്യസ്ത മേഖലകളിൽ പ്രാതിനിധ്യം ഉറപ്പ് വരുത്താൻ അർഥമാക്കപ്പെട്ടുള്ളതായിരുന്നു. തുല്യ അവസരങ്ങളുടെ നിഷേധവും വിവേചനങ്ങളും നിലനിന്നിരുന്നതുകൊണ്ട് ഇത് ആവശ്യവുമായിരുന്നു... പറഞ്ഞിരിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ സന്തോഷമേയുള്ളു. പലരുടെയും മൗനത്തിൽ ഒരുപാട് അർഥങ്ങൾ കാണുന്നുണ്ട്...

(മെഡിക്കൽ പ്രാക്ടീഷണറും, ഇൻഫോ ക്ലിനിക് കോ ഫൗണ്ടറും, കോളമിസ്റ്റുമാണ് ലേഖകൻ)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story