EDITORIAL

ലോകം കാതോർത്ത 'ഫസ്റ്റ് ബെൽ' - ന്യൂഏജ് എഡിറ്റോറിയൽ

Editorial Team

29 Jul 2020

ദ്യം വിമാനത്താവളം വരട്ടെ. പിന്നാലെ റോഡും, പാലവും വന്നുകൊള്ളും. എല്ലാം വന്നിട്ട് എയർപോർട്ട് കൊണ്ടു വരാം എന്ന് ചിന്തിച്ചാൽ ഒന്നും വരില്ല. നെടുമ്പാശേരി വിമാനത്താവളത്തിൻ്റെ ആലോചനാ യോഗങ്ങളിൽ ഒന്നിൽ അതിൻ്റെ ശില്പികളിൽ പ്രധാനിയായ വിജെ കുര്യൻ പറഞ്ഞ ഈ വാക്കുകൾ ഏത് പുതിയ കാൽവയ്പുകളിലും പ്രസക്തമാണെന്ന് തോന്നുന്നു.

കഴിഞ്ഞ അധ്യയന വർഷത്തിൻ്റെ അവസാനം കേരളത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളിൽ ഒരു കുതിച്ചുചാട്ടമുണ്ടായി. ഇടതു സർക്കാർ പൊതു വിദ്യാഭ്യാസത്തിന് നൽകിയ ഊന്നൽ ഏറെ ഗുണകരമായി. വലിയൊരു ശതമാനം പൊതു വിദ്യാലയങ്ങൾ ഹൈടെക് ആയി മാറി. അവ സമ്പൂർണ ഡിജിറ്റൽ പഠനത്തിന് സജ്ജമാവുകയും ചെയ്തു.   

എല്ലാ വിഷയങ്ങളും ഡിജിറ്റൽ സങ്കേതങ്ങളുടെ സഹായത്തോടെ ഇൻ്ററാക്ടിവ് ആയി പഠിപ്പിക്കുക എന്നതായിരുന്നു സർക്കാരിൻ്റെ ലക്ഷ്യം. 2020-21 ഓടെ സംസ്ഥാനം ഈ ലക്ഷ്യം പരിപൂർണമായി കൈവരിക്കുമായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി കോവിഡ് എത്തിയത്. 

ഇതോടെ സ്ക്കുളുകളിൽ സജ്ജമാക്കിയിരുന്ന സംവിധാനങ്ങൾ കൊണ്ട് തൽക്കാലം ഒന്നും സാധ്യമല്ലെന്ന് വന്നു. ക്ലാസുകൾ ബ്രോഡ്കാസ്റ്റായി ടിവിയിലും, സ്ട്രീമിങ്ങിലൂടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും കൊടുക്കാൻ സർക്കാർ തീരുമാനിച്ചു. സ്ക്കൂളുകൾ ഓൺലൈൻ ക്ലാസുകൾക്കും തുടക്കമിട്ടു. അപ്പോഴും ടിവി ഇല്ലാത്ത വീടുകളിൽ കുട്ടികൾ എന്തു ചെയ്യുമെന്ന വെല്ലുവിളി ഉയർന്നു വന്നു. മൊബൈലോ, ടാബോ, ലാപ്ടോപ്പോ ഇല്ലാത്ത പതിനായിരക്കണക്കിന് കുട്ടികൾ ഓൺലൈൻ പഠനത്തിൻ്റെ പരിധിക്ക് പുറത്താകുമെന്ന അവസ്ഥയും ഉണ്ടായി. 

പക്ഷെ ഈ രണ്ട് സാഹചര്യങ്ങളെയും കേരളം ഒറ്റക്കെട്ടായി അതിജീവിച്ചു. ഒരു കുട്ടിയുടെയും ഓൺലൈൻ പഠനാവസരം നഷ്ടപ്പെടരുതെന്ന നിലയിൽ സമൂഹ മനഃസാക്ഷി ഉണർന്നു. ടാബ് ചലഞ്ചുകൾ നാട്ടിൽ നിറഞ്ഞു. വാട്ട്സപ്പ് കൂട്ടായ്മകൾ ക്രിയാത്മകമായി, സ്ക്കൂൾ - കോളേജ് ആലൂമ്നകൾ സജീവമായി, സാമൂഹ്യ സംഘടനകൾ ഉത്തരവാദിത്വമേറ്റെടുത്തു. കേരളം പ്രളയാനന്തരം കണ്ട ഏറ്റവും വലിയ സാമുഹ്യ മുന്നേറ്റമായി അത് മാറി. കോവിഡിൽ കേരളം ലോകത്തിന് മുന്നിൽ വച്ച ഏറ്റവും മൂല്യമുള്ള മാതൃക.

കേരളം അങ്ങനെ വിദ്യാഭ്യാസത്തിൽ ഓൺലൈൻ - ഡിജിറ്റൽ യുഗത്തിലേക്ക് കാലെടുത്തു വച്ചു. പുതിയ ശീലങ്ങളോട് അധ്യാപകർ പെട്ടെന്ന് പൊരുത്തപ്പെട്ടു. അവർ കൂടുതൽ മികവാർജിച്ചു. പുത്തൻ സങ്കേതങ്ങൾ പരീക്ഷിക്കാൻ തുടങ്ങി. എന്തിന് സ്ക്കൂളുകളിൽ ഓഗ്മൻ്റഡ് റിയാൽറ്റി പോലും  ചില അധ്യാപകർ വിജയകരമാക്കി.

കേരളം ആർജിച്ച ഈ നേട്ടം ഭാവിയിൽ ഏറെ ഗുണകരമാകും എന്ന് നിസംശയം പറയാം. സർക്കാർ ഡിജിറ്റൽ എജ്യുക്കേഷനിൽ മാത്രമായിരുന്നു ഊന്നിയത്. ഓൺലൈൻ സാഹചര്യം സമ്മാനിച്ചതാണ്. അത് കേവലം ഒന്നര മാസം കൊണ്ട് ഇവ രണ്ടും വിജയകരമാക്കാൻ കഴിഞ്ഞു എന്ന കാര്യം എടുത്തു പറയേണ്ടതുണ്ട്.  ഏതായാലും വിദ്യാഭ്യാസ രംഗത്ത് കേരളം വീണ്ടും രാജ്യത്തിന് വഴി കാട്ടുകയാണ്. ഫസ്റ്റ് ബെൽ അങ്ങനെ കേരളത്തെ അടയാളപ്പെടുത്തുന്നു.


സർക്കാരിൻ്റെ ഊന്നൽ ഡിജിറ്റൽ എജ്യൂക്കേഷനിൽ - കെ അൻവർ സാദത്ത്

സർക്കാർ ഡിജിറ്റൽ എജ്യൂക്കേഷൻ ആണ് ഇപ്പോൾ നടപ്പാക്കുന്നത്, ഓൺലൈൻ അല്ല. അത് തന്നെയായിരുന്നു സർക്കാരിൻ്റെ പോളിസിയും. അത്  നമ്മൾ പ്രതീക്ഷിച്ചതിലും വിജയമാണ്. കുട്ടികൾക്ക് അമിതഭാരം നൽകുന്നില്ല. തെരെഞ്ഞെടുത്ത മീഡിയം ബ്രോഡ്കാസ്റ്റ് ആയതും ഗുണകരമായി. ചില ടീച്ചർമാർ പരീക്ഷയൊക്കെ നടത്താൻ ശ്രമിക്കുന്നതായി കാണുന്നുണ്ട്. അടിസ്ഥാനപരമായി നമ്മുടെ ലക്ഷ്യം സ്കൂളിൽ പോകാനും, ക്ലാസിൽ പങ്കെടുക്കാനും കഴിയാത്തതിൻ്റെ കുറവ് ഒട്ടൊക്കെ പരിഹരിക്കുക എന്നതാണ്. ആ അർത്ഥത്തിൽ ഇത് വലിയ വിജയമായി എന്ന് തന്നെ പറയണം. എന്തെങ്കിലും പുതിയ അറിവുകൾ സ്വായത്തമാക്കാൻ കുട്ടികൾക്ക് കഴിയുന്നു. ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്ന ഫീൽ കുട്ടികളിലും, മാതാപിതാക്കളിലും ഇല്ലാതാകാൻ ഇത് സഹായിക്കുന്നു.

സാധാരണ വിദ്യാഭ്യാസത്തിന് ബദലായി മാറിയിട്ടില്ല. പരമ്പരാഗത രീതികളെ മാറ്റാൻ പര്യാപ്തമായിട്ടുമില്ല. 

ആദ്യം ഉദ്ദേശിച്ചത് പൊതു സംവിധാനങ്ങൾ ഒരുക്കുക എന്നതായിരുന്നു. ടിവിയും ലാപ്ടോപ്പും മറ്റും. ഒന്നേകാൽ ലക്ഷം ലാപ്ടോപ്പുകൾ നമ്മൾ വികേന്ദ്രീകരിച്ച് വിന്യനിച്ചു. പക്ഷെ ഒരുമിച്ച് ഇരിക്കാനുള്ള സാധ്യത കൂടി കുറഞ്ഞതോടെ വീടുകളിൽ ഗാഡ്ജറ്റുകൾ എത്തിക്കുക എന്നതായി അടുത്ത ലക്ഷ്യം. അത് സമൂഹം ഏറ്റെടുത്തു. വലിയ ക്യാംപെയിനായി മാറി. ഇല്ലാത്ത കുട്ടികൾക്ക് അത് നൽകാൻ പലരും  തയ്യാറായി. ക്യാംപെയിൻ വൻ വിജയമായി തീർന്നു. പൊതു സമൂഹം ഏറ്റെടുത്തു. സംസ്ഥാനത്ത് നല്ലൊരു ശതമാനം വീടുകളിലും ഡിജിറ്റൽ സംവിധാനങ്ങൾ ഒരുങ്ങി.

കുട്ടികൾ സ്ക്കൂളിലെത്തുകയും അവിടെ ഡിജിറ്റൽ സംവിധാനങ്ങളുടെ പിന്തുണയോടെ പഠനം പുനർനിർണയിക്കുകയുമായിരുന്നു ലക്ഷ്യം. അത് തുടരാൻ തന്നെയാണ് സർക്കാർ ആലോചിക്കുന്നത്. 

കേബിൾ/ ഡിടിഎച്ച് ഡിസ്ട്രിബ്യൂഷൻ ഈ ബ്രോഡ്കാസ്റ്റ് സംവിധാനത്തിൽ ചേർക്കേണ്ടി വന്നു. ഡിടിഎച്ച് ഡെലിവറി ചെലവേറിയതാണ്. ടിവി ഉള്ള എല്ലായിടത്തും ലഭ്യമാവുക എന്ന ലക്ഷ്യത്തിലേക്ക് എത്താൻ കഴിഞ്ഞു.  

ഉള്ളടക്കം ഒരു വലിയ വെല്ലുവിളി ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. പക്ഷെ ഞങ്ങൾ വിപുലമായ സംവിധാനം പല ഘടകങ്ങളെ കൂട്ടിയിണക്കിക്കൊണ്ട് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തെ നേരിടാൻ വിപുലമായ രീതിയിൽ വികേന്ദ്രീകരിച്ച് ഉള്ളടക്കം സൃഷ്ടിക്കാൻ തുടങ്ങി.

വിദ്യാഭ്യാസത്തിലെ ഡിജിറ്റൽ പരിവർത്തനം സർക്കാരിനെ സംബന്ധിച്ചിടത്തോളം, ടീച്ചർ, ഹൈടെക് ക്ലാസ് റൂം, സമഗ്ര പോർട്ടൽ, ബ്രോഡ്ബാൻഡ്, ലാപ്ടോപ് എന്നിവ അടങ്ങുന്ന ഒരു ഇൻ്റഗ്രേറ്റഡ് സംവിധാനം തന്നെയാണ്. അത് ക്ലാസ് റൂം കേന്ദ്രീകരിച്ചുള്ളത് തന്നെയാണ്. 

ഈ പ്രതിസന്ധി അനന്തമായി നീളുമെന്ന് കരുതുന്നില്ല. ഇനി നീണ്ടാൽ ഓൺലൈൻ അടക്കമുള്ള സംവിധാനങ്ങൾ അപ്പോഴത്തെ സാഹചര്യം അനുസരിച്ച് ആലോചിക്കും.

അങ്ങനെ വരുമ്പോൾ ഓഗ്മെൻ്റഡ് റിയാൽറ്റി അടക്കമുള്ള സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കേണ്ടി വരും. ഉള്ളടക്കത്തിൽ സ്പോർട്സ്, യോഗ, കൗൺസിലിങ്, മോട്ടിവേഷൻ തുടങ്ങിയ കാര്യങ്ങൾ കൂടി ചേർക്കേണ്ടതായും വരും.

ഏതായാലും സ്കൂൾ വിദ്യാഭ്യാസം ഡിജിറ്റൽ പരിവർത്തനത്തിൻ്റെ പാതയിലായിരുന്നു. ഈ പ്രതിസന്ധി അതിന് ആക്കം കൂട്ടി. അത് വിജയകരമായി നിർവഹിക്കാൻ സർക്കാരിന് കഴിഞ്ഞു. 

(കേരള ഇൻഫ്രാസ്ട്രക്ചർ ആൻ്റ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ സിഇഒ ആണ് ലേഖകൻ)


കേരളത്തിൽ ഓൺലൈൻ പഠനം സാധ്യമായത് ഇങ്ങനെയൊക്കെ - ഷെറിൻ വർഗീസ്

നാലുവർഷത്തിലേറെയായി കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയായ തലവച്ചപാറയിലും മറ്റും നടത്തുന്ന നിരവധി  പ്രവർത്തനങ്ങളുടെ ഫലമായി ഇവിടത്തെ ജനങ്ങളുമായി വ്യക്തിപരമായ അടുപ്പം തന്നെയുണ്ട്. ഉറിയംപെട്ടി ഒഴികെയുള്ള ഊരുകളെല്ലാം പഞ്ചായത്തിലെ പതിനാറാം വാർഡിലാണ്. മെമ്പർ കാന്തിയും ഈ മേഖലയിൽ നിന്നുള്ള ആളാണ്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിക്ടേഴ്‌സ് ചാനലിൽ ഓൺലൈൻ ക്ലാസ് തുടങ്ങുമെന്നും തങ്ങളുടെ 43 കുട്ടികൾക്ക് അതിന് മാർഗ്ഗമില്ലെന്നും അറിയിക്കാൻ കാന്തി ഞങ്ങളെ വിളിക്കുന്നത് ജൂൺ 5 നാണ്. വനപ്രദേശം, വൈദ്യുതി എത്തിയിട്ടില്ല, മൊബൈൽ ഫോൺ റേഞ്ചില്ല തുടങ്ങി വിവിധ പ്രശ്നങ്ങൾ. ട്രൈബൽ ഡിപ്പാർട്ട്മെന്റ് അവർക്ക് ലാപ്ടോപ്പും, സിലബസിലെ പാഠഭാഗങ്ങൾ  ഉൾപ്പെടുത്തിക്കൊണ്ടുള്ള പെൻഡ്രൈവും മറ്റും നൽകിയിട്ടുണ്ട്. എന്നാൽ ലാപ്ടോപ്പ് ചാർജ് ചെയ്യാൻ നിർവാഹമില്ല. സോളാർ വൈദ്യുതി ലഭ്യമാക്കുകയും ഒപ്പം ഡിഷ് ടിവി വഴി ചുരുങ്ങിയപക്ഷം വിക്ടേഴ്‌സ് ചാനലിലെ ക്ളാസുകൾ എങ്കിലും സാധ്യമാക്കുകയും ആയിരുന്നു ഞങ്ങൾ ലക്ഷ്യമിട്ടത്. 

റോഡ് ഗതാഗതം ദുർഘടമാണ്. വിവിധ ഊരുകൾ തമ്മിൽ തന്നെ മണിക്കൂറുകളുടെ യാത്രയുണ്ട്. ഈ മേഖലയ്ക്ക് പറ്റിയ ഒരു മോഡൽ നടപ്പാക്കുക എന്നതായിരുന്നു മനസിൽ. തലവച്ചപാറയിൽ തന്നെയാണ് ആദ്യപദ്ധതി നടപ്പാക്കിയത്. എറണാകുളം എംഎൽഎ ടി ജെ വിനോദ്, സാന്താ മോണിക്ക എംഡി ടെന്നി തോമസ്, സൺ ഡയറക്ട് എന്നിവർ നിർലോഭം പിന്തുണച്ചു. ട്രൈബൽ ഡിപ്പാർട്ട്മെന്റും വനംവകുപ്പും വേണ്ട സഹായങ്ങൾ നൽകി. തൃക്കാക്കര ഭാരതമാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സപ്പോർട്ടും ലഭിച്ചു. ബാറ്ററി, ഇൻവെർട്ടർ, സോളാർ പാനൽ, എൽഇഡി ടിവി,  ഡിഷ് എന്നിവയുമായി ഞങ്ങളുടെ ടീം ഊരിലെത്തി. ഏവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ വിക്ടേഴ്‌സ് ചാനൽ ലഭ്യമാക്കാൻ കഴിഞ്ഞു. ആലുവ, നേര്യമംഗലം, പിണവൂർകുടി തുടങ്ങിയ റെസിഡൻഷ്യൽ സ്‌കൂളുകളിലെ വിദ്യാർത്ഥികളാണ് മേഖലയിലെ ഭൂരിഭാഗം കുട്ടികളും. മധ്യവേനലവധിക്ക് സ്വന്തം കുടികളിലെത്തിയ അവർക്ക് തുടർന്നുള്ള സ്‌കൂൾ വിദ്യാഭ്യാസം പോലും അപ്രാപ്യമാക്കുമെന്ന സ്ഥിതിയാണ് കോവിഡ് ഭീഷണിയെ തുടർന്ന് സംജാതമായത്. കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ആത്മവിശ്വാസം വീണ്ടെടുക്കാൻ ഈ മുന്നേറ്റത്തിലൂടെ കഴിഞ്ഞു.

ഇനിയും സൗകര്യങ്ങൾ ലഭ്യമായിട്ടില്ലാത്ത 4 ഊരുകൾ വേറെയും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു മുഖ്യധാരാ മാധ്യമത്തിന്റെ സഹായം ഞങ്ങൾ തേടി. അതേത്തുടർന്ന് നിരവധി സംഘടനകൾ പിന്തുണയുമായെത്തി. അങ്ങനെ ജൂൺ പതിനാലോടെ എല്ലാ ഊരുകളിലും അതിന് പുറമെ വാരിയം പോലുള്ള അതിദുർഘട മേഖലകളിൽ പോലും പദ്ധതി നടപ്പാക്കാൻ കഴിഞ്ഞു. വെറും രണ്ടാഴ്ചക്കുള്ളിൽ ഇത് സാധ്യമായതിന് പിന്നിൽ ഒട്ടേറെ ആളുകളുടെ പ്രയത്നവും സന്മനസുമുണ്ട്. നിലവിൽ ഈ മേഖലയിലെ ഏതാണ്ട് എല്ലാ വിദ്യാർത്ഥികൾക്കും കൃത്യമായി വിക്ടേഴ്‌സ് ചാനൽ ക്ളാസുകൾ അറ്റൻഡ് ചെയ്യാൻ കഴിയുന്നു. ട്രൈബൽ ഡിപ്പാർട്ട്മെന്റിന്റെ മുൻകൈയിൽ ഓരോ ഊരിന്റെയും ചുമതല പ്രത്യേകം അധ്യാപകർക്ക് നൽകാനും അങ്ങനെ പഠന പുരോഗതി വിലയിരുത്താനും കഴിയുന്നു. വിദ്യാർത്ഥികൾക്ക് വിക്ടേഴ്‌സ് ചാനൽ ക്ളാസുകൾ ലഭ്യമാകുന്നതിനപ്പുറം എങ്ങനെ പദ്ധതി കൂടുതൽ പ്രയോജനകരമാക്കാം എന്ന ചിന്തയുടെ ഫലമായി കോലഞ്ചേരിയിലെ ഏതാനും അധ്യാപകരുടെ സഹായത്തോടെ കോവിഡ് ഭീഷണി കുറയുന്ന മുറയ്ക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം അധ്യാപകർ ഊരുകളിൽ എത്തി പാഠ്യ വിഷയങ്ങൾ കൈകാര്യം ചെയ്യാനും സംവിധാനം ഒരുക്കുന്നുണ്ട്. ഊരുകളുടെ ചുമതലയുള്ള അധ്യാപകരെ യുപി, ഹൈസ്‌കൂൾ ക്ലാസിലെ വിദ്യാർത്ഥികളുടെ പാഠഭാഗങ്ങൾ കൈകാര്യം ചെയ്യാൻ  പരിശീലിപ്പിക്കാനുള്ള സംവിധാനവും തയാറാവുകയാണ്.

(സാമൂഹ്യപ്രവർത്തകനും ഗുഡ് തിങ്സ് എൻജിഒയുടെ കോഫൗണ്ടറുമായ ലേഖകൻ എറണാകുളം ഡിസിസി ജനറൽ സെക്രട്ടറിയാണ്)


അധ്യാപകർക്കിടയിൽ ഗുണകരമായ ഒരു മത്സരം നടക്കുന്നുണ്ട് - രശ്മി ശ്രീനിവാസ് 

ഓൺലൈൻ ക്ലാസുകൾ ഇന്നൊരു അനിവാര്യതയാണ്. അപര്യാപ്തതകൾ കുറച്ചൊക്കെയുണ്ട്. എന്നാൽ അതിന് ഗുണങ്ങളുമുണ്ട്. ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഗുണങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്. അധ്യാപകർ ദോഷങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കുന്നത് വിദ്യാർത്ഥികളുടെ ആത്മവിശ്വാസത്തെ ബാധിക്കും. കുട്ടികൾക്ക് വിദ്യാഭ്യാസം അൽപ്പം പോലും നഷ്ടപ്പെടുന്നില്ല, ക്ലാസ്സ്മുറികൾ മാത്രമേ നഷ്ട്ടപ്പെടുന്നുള്ളു എന്ന മനസ്സോടെ വേണം അധ്യാപകർ ഇത് കൈകാര്യം ചെയ്യാൻ. ഈ പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും സൂക്ഷ്മതയോടെ വേണം അധ്യാപകർ അവർ പെരുമാറാൻ. കാരണം ഇത് വരും തലമുറയുടെ ബൗദ്ധീക വളർച്ചയെ ബാധിക്കുന്നതാണ്. അതിനാൽ തന്നെ വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ് അധ്യാപകർക്കുള്ളത്. 

അതുപോലെ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനത്തിനുള്ള സംവിധാനം കിട്ടാനുള്ള സാധ്യതകുറവുണ്ട്. ഈ കാര്യത്തിൽ സർക്കാരും അനുബന്ധ ഏജൻസികളും ആവശ്യമായ ഇടപെടൽ നടത്തിയാൽ അധ്യാപകരുടെ പൂർണ പിന്തുണയുണ്ടാകും. അതിനാവശ്യമായ നടപടികൾ ഉണ്ടായാൽ ഓൺലൈൻ പഠനം കൂടുതൽ സുഗമമാകും. 

ഓൺലൈൻ ക്ലാസ്സുകളിൽ അധ്യാപകർ കൂടുതൽ സ്പെസിഫിക് ആണ്. കുട്ടികളെ മോണിറ്റർ ചെയ്യാനും പ്രവർത്തനങ്ങൾ വിലയിരുത്താനുമാകുന്നു. സമയപരിമിതി ഓൺലൈൻ ക്ലാസ്സുകളുടെ ഒരു പ്രശ്നമാണ്. എന്നാൽ ഓരോ കുട്ടിയേയും വിലയിരുത്തി കുറച്ചുകൂടി എഫക്റ്റീവ് ആയി ഇടപെടാൻ സാധിക്കുന്നു. ചില പരിമിതികളൊക്കെ ഉണ്ടെങ്കിലും കുട്ടികൾ കൂടുതലായി ക്ലാസ്സുകളിൽ പങ്കുചേരുന്നു. ഓൺലൈൻ വിദ്യാഭ്യാസം കൊണ്ട് വിദ്യാഭ്യാസരംഗം തകർന്നുപോയിട്ടൊന്നുമില്ല. ആദ്യം അധ്യാപകർക്കൊരു പകപ്പുണ്ടായിരുന്നെങ്കിലും ഇപ്പോൾ എല്ലാവരും അതിൽ മികവ് കാണിക്കുന്നു. അധ്യാപകർക്ക് കുറച്ചു കൂടി സ്വാതന്ത്ര്യം കിട്ടി. അതുപോലെ അധ്യാപകർക്കിടയിൽ ഗുണകരമായ ഒരു മത്സരവും ഉണ്ടെന്നതാണ് ശ്രദ്ധേയം. എന്നാൽ കോവിഡിന്റെ സാമൂഹ്യവ്യാപനം അധ്യാപകരുടെയും ആത്മവിശ്വാസത്തെ ഇപ്പോൾ ബാധിക്കുന്നുണ്ട്. വളരെ പോസിറ്റീവ് ആയാണ് ഓൺലൈൻ ക്ലാസുകളെ ഞാൻ കാണുന്നത്. 

(ക്ലാപ്പന എസ്.വി എച്ച്എസ്എസ് ഇംഗ്‌ളിഷ് അധ്യാപികയാണ്)

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story