EDITORIAL

ഗ്രാമപഞ്ചായത്തുകൾക്ക് ഇൻറലിജന്റ്‌ ഇ ഗവേണൻസ് സിസ്റ്റം - ന്യൂഏജ് എഡിറ്റോറിയൽ

Newage News

29 Sep 2020

സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകൾ അടക്കമുള്ള തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം സുതാര്യവും സമയബന്ധിതവും കാര്യക്ഷമവുമാക്കുന്നതിലേക്ക് ഇന്റ ഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെൻറ് സിസ്റ്റത്തിന് (ഐ   എൽ ജി എം എസ്) ‌  സർക്കാർ രൂപം നൽകിയിരിക്കുന്നു. സർക്കാരിൻറെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ഈ സംവിധാനം ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 150 ഓളം ഗ്രാമ പഞ്ചായത്തുകളിലാണ് നടപ്പാക്കുന്നത്. തുടർന്ന് എല്ലാ പഞ്ചായത്തുകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും  സംവിധാനം വ്യാപിപ്പിക്കും. ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച  സോഫ്റ്റ്‌വെയർ ആണ് ഇതിലേക്ക് പ്രയോജനപ്പെടുത്തുന്നത്.

കോവിഡ് കാലത്തെ  പ്രത്യേക സാഹചര്യം ഭരണതലത്തിൽ ഇ പ്ലാറ്റ്ഫോമുകൾക്ക് വലിയ സ്വീകാര്യത നൽകിയിട്ടുണ്ട്. ഗ്രാമസഭകളും തദ്ദേശ ഭരണവും ഡിജിറ്റൽവൽക്കരിക്കുന്നതിനുള്ള ദീർഘനാളായുള്ള  നടപടി ക്രമങ്ങളുടെ  ഭാഗം തന്നെയാണ് ഈ നടപടി. തദ്ദേശഭരണ വകുപ്പിൻറെ വെബ്സൈറ്റ് സംവിധാനവും  അതുവഴിയുള്ള പരാതി സമർപ്പണവുമൊക്കെ ഇതിനകം  പ്രാവർത്തികമായിട്ടുണ്ട്. പരമാവധി ജനപങ്കാളിത്തം ഗ്രാമസഭകളിലും മറ്റും ഉണ്ടാവുക എന്ന വലിയ ലക്ഷ്യം  ഡിജിറ്റൽ വൽക്കരണത്തിനു പിന്നിലുണ്ട് . ഇപ്പോൾ കോവിഡിന്റെ പ്രതിസന്ധിഘട്ടത്തിൽ അതിൻറെ പ്രായോഗികത കാര്യമായി വർധിച്ചിരിക്കുന്നു. 

പല ഭരണ നിർവ്വഹണ തലങ്ങളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ സ്വീകാര്യത വർദ്ധിച്ചിരിക്കുന്നു. ഈ കോവിഡ് കാലത്ത് ചർച്ചകളും,മന്ത്രിസഭാ യോഗങ്ങളും  മറ്റ് ഉദ്യോഗസ്ഥതല കോൺഫറൻസുകളുമൊക്കെ ഡിജിറ്റൽ സാധ്യതകൾ ജീവിത സങ്കീർണ്ണതകളെ  പ്രായോഗികതയിൽ  മറികടക്കുന്നതിൻറെ നേർ സാക്ഷ്യങ്ങളായി. സൗകര്യം, സമയം, ധനവ്യയം  ഇവയിലെല്ലാം മോഡേൺ ടെക്നോളജി അർത്ഥപൂർണ്ണമായ  വിജയം കൈവരിക്കുകയാണ്. മാറുന്ന കാലത്തിനൊപ്പം തദ്ദേശ ഭരണവകുപ്പും ഈ മുന്നേറ്റത്തിൽ ഒരുപടി മുന്നിലാണ്.

ഗ്രാമപഞ്ചായത്തുകളുടെ  പ്രവർത്തനവും ഭരണ നിർവഹണവും  പുതിയ ഇൻറഗ്രേറ്റഡ്സിസ്റ്റത്തിലൂടെ കൂടുതൽ ഊർജ്ജസ്വലമാവും എന്നു തന്നെയാണ് കരുതുന്നത്. പ്രായോഗിക പരിമിതികൾ മൂലം ജനങ്ങൾക്ക് നിലവാരമുള്ള ഭരണവും മറ്റ്സേവനങ്ങളും ലഭ്യമാവാത്ത സാഹചര്യം ഒഴിവാകുമെന്നും വിലയിരുത്തുന്നു. തദ്ദേശഭരണനിർവ്വഹണത്തിൽ കൂടുതൽ കൃത്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനും അത് വഴിതെളിക്കുമെന്ന് തന്നെയാണ് കരുതേണ്ടത്.  ഉദ്യോഗസ്ഥ തലത്തിലുള്ള യോഗങ്ങളും ജില്ലാ ആസൂത്രണ സമിതി, അപ്പീൽ കമ്മിറ്റി തുടങ്ങിയവയുടെ യോഗങ്ങളും ഓൺലൈനായി നടത്താനുള്ള സംവിധാനവും ഒരുങ്ങിക്കഴിഞ്ഞു. ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന ഇരുന്നൂറിലധികം സേവനങ്ങൾ പൊതുജനങ്ങൾക്ക് ഓൺലൈൻ വഴി  ലഭ്യമാക്കുകയാണ്. ഇതിനുള്ള അപേക്ഷകൾ https://erp.lsgkerala.gov.in വഴി സമർപ്പിക്കാം.

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കൃത്യതയാർന്ന സേവനം ജനങ്ങൾക്ക് ഉറപ്പാക്കുന്നതിന് സാങ്കേതികതയെ ഇവിടെ പ്രായോഗികതയിൽ പ്രയോജനപ്പെടുത്തുകയാണ്. അതാവട്ടെ, വരും  കാലത്തിൻറെ ഭരണതലങ്ങൾ ഏറെയും ടെക്നോളജി അധിഷ്ഠിതമായ മാറ്റത്തിന് അനുസൃതമാവുമെന്നതിന് മറ്റൊരു  ഉദാഹരണമാണ്. കോവിഡ് വ്യാപന പശ്ചാത്തലം ഭാവിയുടെ  ആ മാറ്റത്തെ നമുക്ക്  വളരെ വേഗം സ്വായത്തമാക്കിതീർത്തിരിക്കുകയാണ്.  


ജന ജീവിതത്തോട് ബന്ധപ്പെട്ടുനിൽക്കുന്ന സ്ഥാപനങ്ങൾ എന്ന നിലയിൽ പ്രധാനമാണ് - മോഹൻ എ മേനോൻ

നമ്മുടെ സർക്കാർ ഭരണ സംവിധാനങ്ങളിൽ ജനജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന തദ്ദേശ ഭരണ രംഗത്ത് നടപ്പാക്കുന്ന പരിഷ്കരണമെന്ന നിലയിൽ ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്. സാധാരണ ജനങ്ങൾ പലപ്പോഴും സർക്കാർ സേവനങ്ങൾ ഉറപ്പാക്കുന്നതില് വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾക്ക് ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്നത്‌ വളരെ പ്രയോജനകരമായ കാര്യമാണ്.

ഗ്രാമ പഞ്ചായത്ത് തലത്തിൽ നടപ്പാക്കുന്ന ഇൻറലിജന്റ്‌ ഇ ഗവേണൻസ് സംവിധാനത്തെ അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനവുമായി താരതമ്യപ്പെടുത്തവുന്നതാണ്. അക്ഷയ കേന്ദ്രങ്ങളുടെ തുടക്കം ഇൻറർനെറ്റ് അധിഷ്ഠിത സർക്കാർ സേവനങ്ങൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നൂ. ഇവിടെ തദ്ദേശ സ്ഥാപനങ്ങൾക്ക്മാത്രമായി സേവന സംവിധാനം ഒരുക്കുകയാണ്. ഇത് തദ്ദേശസ്ഥാപനങ്ങളുടെ ഭരണനിർവ്വഹണത്തിലും കൂടുതൽ കൃത്യതയും സുതാര്യതയും കൊണ്ടുവരുന്നതാണ്. ഇൻറർനെറ്റ് അധിഷ്ഠിത സേവനങ്ങളുടെ വളർച്ച ഇന്ന് വളരെ വേഗത്തിൽ സംഭവിക്കുകയാണ്. സാധാരണക്കാർക്ക് യാത്രകൾ ഒഴിവാക്കി സൗകര്യപ്രദമായി, കൃത്യമായി സേവനങ്ങൾ ലഭിക്കുന്നതിന് ഇത് വഴിയൊരുക്കുന്നു. യാത്രകൾ ഒഴിവാക്കുമ്പോൾ അതുവഴി സാമൂഹിക അകലം മാത്രമല്ല വാഹനങ്ങളുടെ ഉപയോഗവും കുറയുന്നു. അതുവഴി ഇന്ധന ഉപഭോഗം കുറയ്ക്കാൻ സാധിക്കുന്നു. അപ്പോൾ ഇതിൽ സാമ്പത്തികമായ നേട്ടവും കൈവരുന്നുണ്ട്.

ഈ മാറ്റങ്ങൾ മാറുന്ന കാലത്തിൻറെ അടയാളങ്ങൾ തന്നെയായി കണക്കാക്കാം. ഇ പ്ലാറ്റ്ഫോം സാർവ്വത്രികമായി കഴിഞ്ഞു. ഇ കാറുകൾ, റോബോട്ടിക്സ് ഇതെല്ലാം  വരികയാണ്. ഇത്തരം മാറ്റങ്ങൾ കാലാനുസൃതവും അനിവാര്യതയും ആണ്. ഇപ്പോൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ജനജീവിതവുമായി വളരെ അടുത്തു നിൽക്കുന്ന സർക്കാർ സംവിധാനങ്ങൾ എന്ന നിലയിൽ പ്രത്യേക പ്രാധാന്യമർഹിക്കുന്നുണ്ട്. അത്തരമൊരു മേഖലയിലേക്ക് വരുന്ന പരിഷ്കരണം കൂടുതൽ ജനങ്ങൾക്ക്  പ്രയോജനപ്രദമാവും എന്നത് അതിൻറെ എടുത്തുപറയത്തക്ക നേട്ടം തന്നെയാണ്.      

(ഇൻവെൻഷൻ എക്സ്പ്ലോർ മുൻ സി ഇ ഒ, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഭരണസംവിധാനങ്ങളെകുറിച്ച് പഠനം നടത്തിയിട്ടുണ്ട്.)


സംസ്ഥാനത്തിൻറെ പുതു മാതൃകകൾ രാജ്യത്തിന് വഴി കാട്ടിയാവും - എ സി മൊയ്തീൻ

അധികാര വികേന്ദ്രീകരണത്തിലും പ്രാദേശിക ഭരണത്തിലും രാജ്യത്ത് മാതൃകയാണ് നമ്മുടെ സംസ്ഥാനം. ഇപ്പോൾ ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ്ണ ഇൻറലിജന്റ്‌ ഈ ഗവേണന്സ്  സവിധാനം നടപ്പിലാക്കി കൊണ്ട് വീണ്ടും മാതൃകയാവുകയാണ്.ഓപ്പൺ സോഴ്സ് സാങ്കേതികവിദ്യയിൽ കേരള സർക്കാർ സ്ഥാപനമായ ഇൻഫർമേഷൻ കേരള മിഷനാണ് ആണ് ആണ് സോഫ്റ്റ്‌വെയർ തയ്യാറാക്കി നൽകിയത്.

ഗ്രാമപഞ്ചായത്തുകളിൽ നിന്നും ലഭിക്കുന്ന 200  ൽ അധികം  സേവനങ്ങൾക്കുള്ള അപേക്ഷകളും പരാതികളും അപ്പീലുകളും നിർദ്ദേശങ്ങളും ഓൺലൈൻ ആയി അയക്കാനുള്ള സൗകര്യം സോഫ്റ്റ്‌വെയറിൽ ഒരുക്കിയിരിക്കുന്നു .തിരുവനന്തപുരത്തെ ചെമ്മരുതി ഗ്രാമപഞ്ചായത്തല്‌ ട്രയൽ പൂർത്തിയാക്കിയ സോഫ്റ്റ്‌വെയർ ആദ്യഘട്ടമായി സംസ്ഥാനത്തെ 150 ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുകയാണ്. പിന്നീട് സംസ്ഥാനത്തെ  എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഇത് നടപ്പിലാക്കും .എല്ലാവർക്കും സർക്കാർ സേവനങ്ങൾ സമയബന്ധിതവും സുതാര്യവും  ലളിത വുമായി ലഭ്യമാവാനുള്ള സാക്ഷാത്കാരമാണ്  ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെൻറ് സിസ്റ്റം. കേരളത്തിൻറെ  ഈ പുതു മാതൃകകൾ നാളെ രാജ്യത്തിനാകെ  വഴികാട്ടിയാവും.           

(സംസ്ഥാന തദ്ദേശ സയംഭരണ വകുപ്പ് മന്ത്രിയുടെ എഫ്ബി പോസ്റ്റിൽ നിന്ന്


എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും വേഗത്തിൽ നടപ്പാക്കണം - ജോസഫ് കാട്ടേത്ത്

തദ്ദേശ ഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളിലും തീർപ്പ് കൽപ്പിക്കാൻ കാലതാമസം നേരിടുന്നതായി ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഇത് പൊതു ജനങ്ങളെ കാര്യമായി ബാധിക്കുന്ന പ്രശ്നവുമാണ്. കൂടുതൽ ജനങ്ങളുമായി ബന്ധപ്പെട്ടുനിൽക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് താമസംവിനാ സർട്ടിഫിക്കറ്റുകൾ ലഭിക്കേണ്ടതായു്ണ്ട്. വീട്ടു നമ്പർ   ലഭിക്കുന്നതിനായി സമർപ്പിക്കുന്ന അപേക്ഷകളിൽ പരിഹാരം  ഉടനടി ലഭിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ഇതിൽ പലപ്പോഴും കാലതാമസം നേരിടാറുണ്ട്. റേഷൻ കാർഡ് സംബന്ധമായ പ്രശ്നങ്ങളിലും പലപ്പോഴും സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ വൈകുന്നു. ഇത്തരം പ്രശ്നങ്ങൾ ഓൺലൈൻ സംവിധാനം വഴി പരിഹരിക്കാൻ സൗകര്യം ഉണ്ടാവുന്നത് വളരെ പ്രയോജനകരമാണ്. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടുനിൽക്കുന്ന പല കാര്യങ്ങൾക്ക് അതുവഴി പരിഹാരമാവും.ഇന്റഗ്രേറ്റഡ് ലോക്കൽ ഇ ഗവേണൻസ് മാനേജ്മെൻറ് സിസ്റ്റം ഇത്തരം കാര്യങ്ങളിൽ പരിഹാരമാവും എന്നാണ് കരുതേണ്ടത് . പുതിയ കാലത്തിൻറെ സാങ്കേതികത അതിലേക്ക് പ്രയോജനപ്പെടുത്തുന്നത് ഉചിതം തന്നെയാണ്. ഇപ്പോൾ ഭരണത്തിൻറെ പല തലങ്ങളിലും ഇ പ്ലാറ്റ്ഫോം സർവ്വസാധാരണമായി മാറുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്കും അത് പ്രയോജനപ്പെടുത്തി തുടങ്ങിയിരുന്നു. ഓൺലൈൻ ഗ്രാമസഭകളും മറ്റും തുടക്കമിട്ടുകഴിഞ്ഞു. ഇനി ഭരണതലത്തിൽ കാര്യങ്ങൾ സുഗമമാക്കുന്നതിന് സാങ്കേതികത ഉപയോഗിച്ചു തുടങ്ങണം. ഇതിലേക്കുള്ള പുതിയ ഉദ്യമം എന്ന നിലയിൽ ഇൻറലിജൻസ് ഇഗവേണൻസിനു വലിയ പ്രാധാന്യം കൈവരുന്നുണ്ട്. പരമാവധി പഞ്ചായത്തുകളിലേക്കും, തദ്ദേശ സ്ഥാപനങ്ങളിലേക്കും ഈ സംവിധാനം വേഗത്തിൽ തന്നെ നടപ്പിൽ വരുത്തണം. പരമാവധി ജനങ്ങൾക്ക് അതിൻറെ പ്രയോജനം ലഭ്യമാക്കണം.                                             

(സാമൂഹിക നിരീക്ഷകനാണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story