ENTERTAINMENT

പരസ്യങ്ങളില്‍ മൂല്യം നിറയുന്ന കാലം - ന്യൂഏജ് എഡിറ്റോറിയൽ

Newage News

24 Apr 2020

കൊറോണയ്ക്ക് മുന്‍പും ശേഷവുമുള്ള ലോകമെന്ന സങ്കല്‍പം പരസ്യ ലോകത്തും യാഥാര്‍ഥ്യമാണ്. ഈ പ്രതിസന്ധി നിലനില്‍ക്കുന്നിടത്തോളം കാലം പരസ്യരംഗത്തിനൊരു പരിമിതിയുണ്ട്. മാര്‍ക്കറ്റിങ് എന്ന വാക്കിന് പോലും ഔചിത്യക്കുറവും ഉണ്ടാകാം. ഈ അതിജീവനകാലത്തെ പരസ്യങ്ങളുടെ സ്വഭാവം ഈ മൂല്യങ്ങളുമായി ചേര്‍ന്ന് പോകുന്നതുമാകണം. അത് കഴിഞ്ഞാലും ഈ കാലത്തിന്റെ സ്വാധീനം ഉണ്ടാകും.  കൊറോണക്ക് ശേഷമുള്ള പരസ്യത്തിന്റെ സ്വഭാവമെന്താവുമെന്ന് അനുമാനിക്കാന്‍ കുറച്ചു പുറകോട്ട് പോയെ മതിയാകൂ.     

പരസ്യ ബ്രേക്കില്‍ ചാനല്‍ മാറ്റുന്ന ശീലത്തില്‍ നിന്നും നാം മാറിയത് എന്ന് മുതലാണ്?. റോട്ടോമാക്, ലിറില്‍  കാലം മുതലെന്ന് ഒരു തലമുറ പറയും, ലൈഫ്‌ബോയ് ആകും മറ്റ് ചിലര്‍ക്ക്. അമൂലിന്റെ പേര് പറയാതെ ഇന്ത്യയിലെ ഒരു പരസ്യ ചരിത്രവും പൂര്‍ണമാകില്ല. എല്ലാം മറന്നാലും വൊഡാഫോണിന്റെ സൂസൂ ഈ തലമുറ മറക്കുമോ?  പ്രിന്റിലുമുണ്ട് ഇത്തരം ഉദാത്തമായ ഉദാഹരണങ്ങള്‍ നിരവധി. പരസ്യം കണ്ടാല്‍ പേജ് മറിക്കാന്‍പോലും മറന്നുപോകുംവിധം എണ്ണം പറഞ്ഞ ക്രിയേറ്റീവുകള്‍. 

ബ്രാന്‍ഡ്/ ഉത്പന്നം/ സേവനം നേരിട്ട് അവതരിപ്പിക്കുന്ന ഒരു രീതി അന്നും, ഇന്നുമുണ്ട്. ഫീച്ചറുകള്‍ കൊണ്ട് കുത്തി നിറച്ച ക്രിയേറ്റിവുകള്‍. ആ കാലം എന്നെന്നേക്കുമായി ഇല്ലാതാവുകയാണ്. അതിന് കാരണം ഉപയോക്താക്കളുടെ കാഴ്ചയിലും, കാഴ്ചപ്പാടിലും വന്ന മാറ്റങ്ങള്‍ തന്നെ. ഇനി അത്തരം പരസ്യങ്ങളുമായി വന്നാല്‍ ടിവി ഓഫാക്കുന്ന തലമുറയുടേതായി കാലം മാറിയിട്ടുണ്ട്  . ഡിജിറ്റല്‍യുഗം പരസ്യ ലോകത്തോട് ആവശ്യപ്പെടുന്നത് താരതമ്യമില്ലാത്ത പൊളിച്ചെഴുത്ത് (Disruption) ആണ്. 

ആശയ വിനിമയത്തില്‍ സൂക്ഷ്മതയും, സുതാര്യതയും, മൂല്യ ബോധവും ഈ കാലം ആവശ്യപ്പെടുന്നു. അതുകൊണ്ടാകാം കൊറോണക്കാലത്ത് ലൈഫ്‌ബോയ്, ഏത് സോപ്പുപയോഗിച്ചു വേണമെങ്കിലും കൈകഴുകാമെന്ന്  പറഞ്ഞത്. അതിലൂടെ അവര്‍ മറ്റ് ബ്രാന്‍ഡുകളെ കീഴടക്കിയത് എങ്ങനെയാണെന്ന് ആലോചിച്ചിട്ടുണ്ടോ? മറ്റുള്ളവരുമായുള്ള താരതമ്യവും, തങ്ങളുടെ മികവും, മേന്മയും ബ്രാന്‍ഡുകള്‍ പറയാന്‍ ശ്രമിക്കുന്നിടത്താണ് ലൈഫ്‌ബോയ്  ഈ സാഹചര്യത്തെ സമര്‍ത്ഥമായി ഉപയോഗിച്ചത്. രോഗ വ്യാപനത്തിന്റെ  ഈ സമയം ഒരുമിച്ചു പോരാടാനുള്ളതാണെന്ന  ബോധ്യം ആളുകളില്‍ ശക്തമായി നിലനില്‍ക്കെ ആ ബോധത്തെ അവര്‍ ഹാക്ക് ചെയ്തു. ഇതൊരു സൂചനയാണ്. ബ്രാന്‍ഡുകള്‍ക്ക് മുന്നിലുള്ള വെല്ലുവിളികളിലൊന്നായി ഇത് മാറും.

ആസ്റ്റര്‍ മെഡ്‌സിറ്റിക്കായി സ്റ്റാര്‍ക്ക് ചെയ്ത പരസ്യ സീരീസ് ഹെല്‍ത്ത്‌കെയര്‍ രംഗത്തെ എണ്ണം പറഞ്ഞ ഒന്നായിരുന്നു. സ്വതവേ ആരോഗ്യ രംഗത്തെ സംവേദനം അത്ര എളുപ്പമല്ല. ഹാസ്യത്തിന്റെ മേമ്പൊടി കലര്‍ത്തി വളരെ ഗൗരവമുള്ള ആശയത്തെ അവര്‍ അവതരിപ്പിച്ചു. അല്പം നടന്നാല്‍ ബ്ലോക്ക് മാറും എന്ന് പറയുമ്പോള്‍ ഒരേ സമയം ഹൃദയത്തിലെ ബ്ലോക്കും, റോഡിലെ ബ്ലോക്കും കണക്ട് ചെയ്ത ക്രിയേറ്റിവിറ്റി. ഇനിയുള്ള കാലം അത്തരം പരസ്യങ്ങളുടേതാകും. 

പത്ര പരസ്യങ്ങളുടെ റോള്‍ എന്താകും? പ്രധാനമായും ബ്രാന്‍ഡ് റീകോള്‍ ആയി മാറാനാണ് സാധ്യത. ടെലിവിഷന്‍ പരസ്യങ്ങളോ? അത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുമായി സമന്വയിച്ചു മുന്നോട്ട് പോകും.

ഒരു പോയിന്റില്‍ സാറ്റലൈറ്റ് യുഗം അവസാനിക്കും. ഡിസ്ട്രിബ്യുഷനില്‍ നിന്ന് കേബിളും, ഡിടിഎച്ചും പാടെ തുടച്ചു നീക്കപ്പെടും. സമ്പൂര്‍ണ ഇന്റര്‍നെറ്റ് കാലം അതി വിദൂരമല്ല. അത് ഉള്ളടക്കം ( Content) നന്നായി ഉണ്ടാക്കുന്നവര്‍ക്ക് ഗുണകരമാകും. പരസ്യക്കാര്‍ക്കുള്ള ഗുണമോ? ചെലവ് കുറയ്ക്കാം. കൂടുതല്‍ പേരില്‍ എത്തിച്ചേരാം. കൃത്യമായ ആളുകളില്‍ (Target group) എത്താം. അത് എത്ര, ആരൊക്കെ എന്ന് വ്യക്തമായി അറിയാം. 

ഓണ്‍ലൈന്‍ വളരെ സെന്‍സിറ്റീവ് ആയ ഇടമാണ്. അവിടെ പെട്ടെന്ന് സ്വീകരിക്കപ്പെടാനും, നിരാകരിക്കപ്പെടാനും സാധ്യതയുണ്ട്. ഉപയോക്താവിന് പ്രതികരിക്കാന്‍ സ്‌പേസ് ഉണ്ട്. അപ്പോള്‍ പരസ്യങ്ങളുടെ സമീപനം ആകെ മാറേണ്ടി വരും.വളരെ സൂക്ഷ്മമായി അത് ഒരുക്കണം. അത്ര തന്നെ സൂക്ഷമായി വിതരണം ചെയ്യണം. ഉപഭോക്താക്കളുടെ പ്രതികരണങ്ങള്‍ സസൂക്ഷ്മം മനസിലാക്കണം. മാറ്റണമെങ്കില്‍ മാറ്റണം. കൂട്ടിച്ചേര്‍ക്കണമെങ്കില്‍ അങ്ങനെ ചെയ്യണം. ഒരു ക്രിയേറ്റിവ് തയ്യാറാക്കി ഒരുപാട് കാലം കൊണ്ടുപോകാന്‍ ഒക്കില്ല.  പരസ്യ നിര്‍മാതാക്കളുടെയും, ഏജന്‍സികളുടെയും റോള്‍ പുനര്‍നിര്‍ണ്ണയിക്കപ്പെട്ടേക്കാം. ഉള്ളടക്കത്തിലെ സര്‍ഗാത്മകത, വിതരണത്തിലെ ശാസ്ത്രീയ സമീപനം, ആഴത്തിലുള്ള ഉപഭോക്തൃ പഠനങ്ങള്‍ എന്നിവ നിര്‍ണായകമാകും.  ടിവി, റേഡിയോ, പത്രം- മാധ്യമം ഏത് തന്നെയായാലും അത് ഉപയോഗിക്കുന്നത് മൊബൈലില്‍ ആയിരിക്കും എന്ന വസ്തുത ആകും മറ്റൊരു ചേഞ്ച് മേക്കര്‍. മൊബൈല്‍ കാഴ്ചക്ക് അനുയോജ്യമാകും വിധം എല്ലാം ഒരുക്കേണ്ടി വരുമെന്ന് സാരം.


വിസ്മയിപ്പിക്കുന്ന എന്റര്‍ടൈനര്‍ ആകണം പരസ്യങ്ങള്‍ - നിബു ജോണ്‍  

 പരസ്യ രംഗത്ത് കേരളത്തിലെ രീതിയല്ല ദേശിയ, അന്തര്‍ദേശിയ തലങ്ങളില്‍ കണ്ടുവരുന്നത്. ആശയങ്ങള്‍ക്കും, സര്‍ഗാത്മകതക്കും വലിയ പ്രാധാന്യം പുറത്തുണ്ട്. കേരളത്തിലെ പല ബ്രാന്‍ഡുകളും അതിന് വലിയ പ്രാധാന്യം കൊടുത്തു തുടങ്ങിയിട്ടില്ല. നേരിട്ട് സംവദിക്കുന്ന രീതിയാണ് ഇപ്പോഴും ഇവിടെ. ഡിജിറ്റല്‍ സങ്കേതങ്ങളിലേക്ക്  വരുമ്പോള്‍ ഉത്തരവാദിത്വം കൂടും. വസ്തുതകളെ നേരെ പറയുന്ന സ്‌ട്രെയിറ്റ് സെല്ലിങ് പലപ്പോഴും വൈറല്‍ ആകില്ല. ഷെയര്‍ ചെയ്യപ്പെടില്ല. ഇവിടെയാണ്  ആശയങ്ങള്‍ക്കും, ക്രിയേറ്റിവിറ്റിക്കും ഉള്ള പ്രാധാന്യം. വിനിമയം ചെയ്യുന്ന മാധ്യമം ഏതു തന്നെയായാലും അവതരിപ്പിക്കുന്ന ആശയങ്ങളുടെ മികവിന് പ്രാധാന്യം ഏറുന്ന കാലമാണ് വരാന്‍ പോകുന്നത്. മികവുള്ള ആശയം ക്രിയേറ്റീവും  കൂടിയാണെങ്കില്‍ ഏത് മാധ്യമങ്ങള്‍ക്കും ഇണങ്ങും.

എല്ലാ കമ്മ്യൂണിക്കേഷന്‍ ചാനലുകളെയും സമന്വയിപ്പിക്കുന്ന പ്രചാരണ രീതികള്‍  ആയിരിക്കും ഭാവിയില്‍ വരാനിരിക്കുന്നത്. 

പരസ്യ ക്യാമ്പയിനുകളെക്കുറിച്ചും ക്രിയേറ്റിവിറ്റിയെക്കുറിച്ചും ആളുകള്‍ ചര്‍ച്ച ചെയ്യുകയും പഠിക്കുകയും ഒക്കെ ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറും. പരസ്യം വരുമ്പോള്‍ ചാനല്‍ മാറ്റുകയും, പത്രത്തിന്റെ പേജ് മറിച്ചു പോവുകയും ചെയ്യുന്ന അവസ്ഥക്ക് മാറ്റം വരും. അങ്ങനെ മാറണമെങ്കില്‍ അത്രമേല്‍ ഉന്നതമായ ആശയമികവും, അവതരണമികവും ആവശ്യമാണ്. പരസ്യങ്ങള്‍ ശരിക്കും ആസ്വാദനക്ഷമതയുള്ളവ ആയി മാറണം.  

വൊഡാഫോണ്‍ പരസ്യങ്ങളിലെ സൂസൂ സീരീസ് (Zoom Zoom) ഇപ്പോഴും എല്ലാവരും ഓര്‍ത്തിരിക്കുന്നു. അവര്‍ ആ ക്യാമ്പയിന്‍ സീരീസ് സിഡിയില്‍ ആക്കി വിപണിയില്‍ ഇറക്കി. ആളുകള്‍ അത് പണം കൊടുത്ത് വാങ്ങി. അമൂല്‍ അവരുടെ പ്രശസ്തമായ പരസ്യ സീരീസ് ബുക്ക് രൂപത്തില്‍ ഇറക്കി. അത് ആളുകള്‍ കാശ് മുടക്കി വാങ്ങി വായിക്കുന്നു. അവിടെയാണ് ക്രിയേറ്റിവിറ്റിയുടെ മൂല്യം. കേരളത്തിലെ പരസ്യ നിര്‍മാതാക്കളും ഈ രീതിയിലേക്ക് മാറാതിരിക്കില്ല. 

ഓണ്‍ലൈനിലേക്കുള്ള പരസ്യങ്ങളുടെ ചുവടു മാറ്റം അത്ര വേഗത്തില്‍ ഇവിടെ സം‘വിക്കുമെന്ന് തോന്നുന്നില്ല. പ്രിന്റ് ഇപ്പോഴും നല്ല റിസള്‍ട്ട് നല്‍കുന്നു. ചിലപ്പോള്‍ ഡിജിറ്റലിനേക്കാള്‍ നല്ല റിസള്‍ട്ട് ആണ്. വലിയ ബ്രാന്‍ഡുകള്‍ക്ക് അത് അനു‘വമാണ്. അതെ സമയം അത്ര ബജറ്റ് ഇല്ലാത്തവര്‍ക്ക് ഡിജിറ്റല്‍ ആണ് നല്ലത്. 

ബൈജൂസ്— ഈ ലോക്ക്ഡൗണ്‍ കാലത്ത് പ്രിന്റില്‍ ചെയ്ത പരസ്യം അവര്‍ക്ക് നല്ല ഫലം നല്‍കി. മലബാര്‍ ഗോള്‍ഡിന്റെ അനു‘വവും മറിച്ചല്ല. ജയറാമിനെ വച്ച് ചെയ്ത പരസ്യം നല്ല ഗുണം ചെയ്തു. അത് മികച്ച ബ്രാന്‍ഡ് റീകോള്‍ നല്‍കി. 

പരമ്പരാഗത മാധ്യമങ്ങളെ കണ്ണുമടച്ചു തള്ളിക്കളയാന്‍ പറ്റില്ല. അതിന് സമയമായിട്ടില്ല എന്നതുതന്നെ കാരണം. ഞങ്ങള്‍ക്ക്  ഈ അടുത്ത സമയത്തും ഈ ചിന്തയെ സാധൂകരിക്കുന്ന അത്തരം ചില അനു‘വങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരമ്പരാഗത മാധ്യമങ്ങളിലൂടെ ചെയ്ത ഒരു ക്യാമ്പെയിന്‍ ഒരു ക്ലയന്റിന് വലിയ ഗുണം ചെയ്തു. കച്ചവടം പ്രകടമായ രീതിയില്‍ കൂടി.  ഇപ്പോഴുള്ള മറ്റൊരു നേട്ടം നന്നായി നെഗോഷിയേറ്റ്— ചെയ്യാം എന്നതാണ്. ഇതുവഴി മീഡിയ ബയിങ്ങില്‍ പരസ്യം കൊടുക്കുന്നവര്‍ക്ക് മേല്‍ക്കൈ എടുക്കുകയും ചെയ്യാം.     

(മൈന്‍ഡ് മൈന്‍ കമ്പനിയുടെ ക്രിയേറ്റിവ് പാര്‍ട്‌നര്‍ ആണ് ലേഖകന്‍)


കണ്ടോ ലൈഫ്‌ബോയുടെ പരസ്യം - റോബിന്‍ ചിറ്റിലപ്പിള്ളി 

ബ്രാന്‍ഡുകള്‍ മൂല്യങ്ങളുമായി കണക്ട് ചെയ്യാന്‍ ശ്രമിക്കുന്ന ഒരു രീതി കുറേക്കാലമായുണ്ട്. അത് കൂടുതല്‍ ശക്തമായേക്കും. പ്രമോഷനുകളില്‍ ഉത്പന്നം/ സേവനം അതേപടി അവതരിപ്പിക്കുന്നതിന് പകരം അത് ഉപഭോക്താവിന് കൊടുക്കുന്ന മൂല്യം മുന്നോട്ടു വയ്ക്കുന്നു. ബ്രാന്‍ഡ്,ബ്രാന്‍ഡ് ഇമേജ് തുടങ്ങിയവയിലെ പഴയ സങ്കല്‍പ്പങ്ങള്‍ മാറുകയാണ്. പണ്ട് പരസ്യങ്ങളില്‍ ഉത്പന്നങ്ങളുടെ ഫീച്ചറുകള്‍ കുത്തി നിറയ്ക്കുന്ന ഒരു രീതി ഉണ്ടായിരുന്നല്ലോ? പ്രിന്റിലാണെങ്കില്‍ ഒരു വൈറ്റ് സ്‌പേസ് പോലും കൊടുക്കാതെ എഴുത്തും, വരയും ഒക്കെ നിറയ്ക്കുന്നത് കണ്ടിട്ടില്ലേ? അതൊക്കെ മാറിത്തുടങ്ങി. ഉത്പന്നങ്ങളുടെ ഫീച്ചറുകളിലല്ല അത് ഉപഭോക്താവിന് നല്‍കുന്ന സംതൃപ്തി പോലുള്ള മൂല്യങ്ങളിലായി ശ്രദ്ധ. 

സ്റ്റോറി ടെല്ലിങ് വ്യാപകമാണല്ലോ? അത് ഈ മാറ്റത്തിന്റെ ചുവടു പിടിച്ചാണ്. സേവനം/ഉത്പന്നവുമായി ബന്ധപ്പെടുന്ന സ്റ്റോറി ആണ് ഇപ്പോള്‍ ട്രെന്‍ഡ്. ഉത്പന്നത്തെ ഒട്ടൊക്കെ  സൂക്ഷ്മമായും (subtle), പൊതിഞ്ഞും  ആയേ അവതരിപ്പിക്കുന്നുള്ളു. അന്താരാഷ്ട്ര തലത്തില്‍ വളരെ പ്രകടമാണീ മാറ്റം. ഡിജിറ്റലിലേക്ക് വരുമ്പോള്‍ ഇത് കൂടുതല്‍ പ്രകടമാണ്. ഡിജിറ്റല്‍ ആണ് ഇതിന് ഏറ്റവും പറ്റിയ ഇടവും. 

ലൈഫ്‌ബോയ്‌ടെ കോവിഡ് പരസ്യം കണ്ടില്ലേ? നിങ്ങള്‍ ഏതു സോപ്പും ഉപയോഗിച്ചോളൂ, കൈ കഴുകണം എന്നേ പറയുന്നുള്ളൂ. നമ്മുടെ വാല്യൂ സിസ്റ്റത്തെ ശക്തമായി പ്രകോപിപ്പിക്കുകയാണ്. ഹാക്ക് ചെയ്യുന്നു എന്ന് പറയാം. അത് ഒരു സ്ട്രാറ്റജി ആണ്. ഗ്രോത്ത് ഹാക്കിങ് ഒരു സങ്കല്പമെന്ന നിലയില്‍ വ്യാപിക്കുകയാണല്ലോ? 

വൈകാരികതയെ, മൂല്യ ബോധത്തെ ഹാക്ക് ചെയ്യുകയാണ് പരസ്യങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത്. ലൈഫെബോയ് അത് തന്നെയാണ് ചെയ്തത്. 

ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സമ്പൂര്‍ണമാകാന്‍ കുറച്ചു കൂടി സമയം എടുത്തേക്കാം. പക്ഷെ ആ ദിശയിലാണ് കാര്യങ്ങള്‍ പോകുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പ്രിന്റ് ഒരു ശീലത്തിന്റെ കൂടി ഭാഗമായി പിടിച്ചു നില്‍ക്കും. പക്ഷെ സാറ്റലൈറ്റ് സംപ്രേക്ഷണ രീതി പ്രായേണ ഇല്ലാതാകും. വിതരണ രീതി- കേബിള്‍, ഡിടിഎച് മുതലായവ- ഇല്ലാതെയാകും. വിതരണം ഇന്റര്‍നെറ്റ് എന്ന ഒറ്റ പ്രതലത്തിലൂടെയാകും. നല്ല കണ്ടന്റ് കൊടുക്കുന്ന പുതിയ ആളുകള്‍ക്ക് മത്സരിക്കാന്‍ പറ്റിയ സാധ്യത വരുന്നു. 

OTT പ്ലാറ്റ്—ഫോമുകളിലേക്കുള്ള മാറ്റത്തില്‍ യൂട്യൂബ് മുന്നില്‍ നിന്ന് നയിക്കും. ഫിക്ഷനിലും, നോണ്‍ ഫിക്ഷനിലും മില്യണ്‍ പ്ലസ് വരിക്കാറുള്ള നിരവധി യുട്യൂബ് ചാനലുകളുണ്ടല്ലോ?

ബ്രാന്‍ഡിന് പ്രസക്തി കുറയുകയും, ഉള്ളടക്കം സുപ്രധാനമാവുകയും ചെയ്യും. പരസ്യ വിപണിയും ബ്രാന്‍ഡുകളും ഈ മാറ്റം ശ്രദ്ധാപൂര്‍വം നോക്കുകയാണ്. ചെലവ് കുറഞ്ഞതും, കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതും, എത്രയാളുകളിലേക്ക് എത്തി എന്നതിന് കൃത്യത ഉള്ളതുമായ മാര്‍ഗം ആകും അവര്‍ക്ക് കൂടുതല്‍ താല്പര്യം. BARCനേക്കാളുമൊക്കെ ഇത് കൂടുതല്‍ വിശ്വാസ യോഗ്യവുമാണ്. ഒരാളിലേക്കെത്താനുള്ള ചെലവ്, ആ ആള്‍ ബ്രാന്‍ഡിലേക്കെത്താനുള്ള ചെലവ് ഇതൊക്കെയാണല്ലോ കമ്പനികളുടെ പരസ്യ മാനദണ്ഡം. മാത്രമല്ല പ്രിന്റ് പോലെയോ, ടിവി ടെലികാസ്റ്റ് പോലെയോ പെട്ടെന്ന് മറയുന്നതല്ല (Perishable) ഡിജിറ്റല്‍ ഉള്ളടക്കം എന്നതും ശ്രദ്ധേയമാണ്.    

കരിക്ക് കേരളത്തില്‍ നിന്നും ഈ ശ്രേണിയില്‍ ഏറ്റവും വിജയകരമായ ഒന്നാണ്. ഫിക്‌നഷനില്‍ ആണ് ഇതെന്ന് കാര്യം ശ്രദ്ധേയം. ബ്രാന്‍ഡുകള്‍ അവരെ തേടി ചെല്ലുന്നു. അതും കേരളത്തിലെ ടോപ് ബ്രാന്‍ഡുകള്‍. കരിക്ക് പോലുള്ളവര്‍ക്ക് അവരുടെ പ്രൊഡക്ഷനില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള സാധ്യത ഇത് തുറന്നു കൊടുക്കുകയാണ്.  മുഖ്യധാരാ ചാനലുകള്‍ OTT യിലേക്ക് മാറിത്തുടങ്ങി. മനോരമയും, സണ്‍ നെറ്റ്വര്‍ക്കുമെല്ലാം. 

(പ്രമുഖ പരസ്യസംവിധായകനും,വിഷ്വലൈസറുമാണ് ലേഖകന്‍)


പരസ്യങ്ങളുടെ രീതി അടിമുടി മാറും - ശ്രീകാന്ത് മുരളി 

 ആര്‍ഭാടം എന്നൊന്ന് ഇല്ലാതായി. ഏറ്റവും അടിയന്തരമായത് മാത്രമാണ് നമ്മള്‍ ഉപയോഗിക്കുന്നത്. പ്രതിസന്ധി അല്പം കൂടി നീളാം. അത് കഴിഞ്ഞാലും ഇതിന്റെ  പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ലോകത്തെ വികസിത രാജ്യങ്ങള്‍ പോലും അമ്പരന്നു നില്‍ക്കുന്നു. കേരളത്തിന്റെ ഏറ്റവും വലിയ കരുതായിരുന്ന എന്‍ആര്‍ഐ വിഭാഗവും പകച്ചു നില്‍ക്കുകയാണ്. കണ്‍സ്യൂമര്‍ സൈക്കോളജി ആകമാനം മാറി. ഇനി അങ്ങോട്ട് കുറേക്കാലത്തേക്കെങ്കിലും ഒരു ഉത്പന്നം മാത്രമായി പ്രമോട്ട് ചെയ്യുന്നതിനുള്ള  സാധ്യത ഇല്ല. ഒരു പാക്കേജ് ആയിട്ടാകും എന്തും വിപണനം ചെയ്യുക. ഒരു പ്രത്യേക ബ്രാന്‍ഡ് സോപ്പ് മാത്രമായി പ്രമോഷന്‍ ഉണ്ടാകില്ല. പകരം വൃത്തി കൂട്ടാന്‍ സഹായിക്കുന്ന ഒരു പാക്കേജ് ആകാം. ഭക്ഷണത്തിലും ഇത് തന്നെയാവും. വിവാഹത്തില്‍ പോലും ജൂവലറി, ടെക്‌സ്‌റ്റൈല്‍ ഒക്കെ ചേര്‍ന്ന ഒരു സ്‌കീം/ കിറ്റ്/പാക്കേജ് ആയിരിക്കും വരാന്‍ പോകുന്നത്. കാരണം ആര്‍ഭാടം എന്നൊന്ന് നമുക്ക് ഇപ്പോള്‍ ആലോചിക്കാനേ സാധ്യമല്ല. 

മാര്‍ക്കറ്റിങ് എന്ന പദം തന്നെ ഉപയോഗിക്കാ ന്‍ ഇപ്പോള്‍ പരിമിതി ഉണ്ട്. പകരം സര്‍വീസ് എന്നൊക്കെ മാറ്റി ഉപയോഗിക്കുന്നതാണ് ഉചിതം. വരുന്ന ഒരു വര്‍ഷത്തേക്ക്ഈ സ്ഥിതി ആകും ഉണ്ടാവുക. അഡ്വെര്‍ടൈസിങ് എന്ന പ്രയോഗത്തിനും തല്‍ക്കാലത്തേക്ക് ഒരു തിരുത്തല്‍ വേണ്ടി വരും. അവബോധമുണ്ടാക്കല്‍ (Awareness), വിവരം പങ്കുവയ്ക്കല്‍ (Information ) എന്നൊക്കെ പ്രയോഗിക്കുകയാകും ഉചിതം. 

ആളുകളുടെ ഫണ്ട് ശോഷിക്കുന്നു, വരുമാനം കുറയുന്നു, ശീലങ്ങള്‍ മാറുന്നു, പുതിയ ശീലങ്ങളുമായി പൊരുത്തപ്പെടുന്നു അങ്ങനെ പല ഘടകങ്ങള്‍ ഉണ്ട്. നമുക്ക് ഈ പ്രതിസന്ധി നീണ്ടാല്‍ ഭക്ഷ്യ സുരക്ഷ പോലും ഉറപ്പില്ല. ഏറ്റവും അടിസ്ഥാനാവശ്യങ്ങള്‍, ഭക്ഷ്യ സാധനങ്ങള്‍ എന്നിവയുടെ കിറ്റുകളാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അത് കൊണ്ടാണ് പാക്കേജ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞത്. 

സാഹചര്യങ്ങള്‍ ദോശ മറിച്ചിട്ടത് പോലെ മാറി. നേരത്തെ തയ്യാറാക്കി വച്ചിരുന്ന ക്രിയേറ്റിവുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതില്‍ ഒരു സാംഗത്യമില്ലായ്മയുണ്ട്. നിവൃത്തി ഇല്ലാത്തത് കൊണ്ട് മാത്രം ചിലതൊക്കെ  റിലീസ് ചെയ്യുന്നുവെന്നേയുള്ളു.                      

(പരസ്യ സംവിധായകന്‍, അഭിനേതാവ്, ചലച്ചിത്ര സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ലേഖകന്‍)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story