CORPORATE

ഈ സമരത്തിന് പരിഹാരമില്ലെന്നോ... - ന്യൂഏജ് എഡിറ്റോറിയൽ

12 Jul 2019

രാജ്യത്തെ പ്രമുഖ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡില്‍ ജീവനക്കാരുടെ സമരം അനിശ്ചിതമായി നീളുകയാണ്. മാനേജ്‌മെന്റും ജീവനക്കാരും  തമ്മില്‍ ഉടലെടുക്കുന്ന ഭിന്നതകളില്‍ നിന്ന് രൂപം കൊള്ളുന്ന ഇത്തരം സമരങ്ങള്‍ അനന്തമായി നീളുന്നത് ഇരുവിഭാഗങ്ങളുടെയും താല്പര്യങ്ങള്‍ക്ക് എത്രമാത്രം ഗുണകരമാകുന്നെന്ന് ചിന്തിക്കണം. ചില ജീവനക്കാരുടെ സ്ഥലംമാറ്റത്തിന്റെയും സേവന വേതനവ്യവസ്ഥകളുടെയും പേരില്‍ 2016 നവംബറിലാണ് ഇവിടെ സമരം  ആരംഭിക്കുന്നത്. രാജ്യമെമ്പാടും ശാഖകളും ആയിരക്കണക്കിന് ജീവനക്കാരുമുള്ള  മുത്തൂറ്റ് ഫിനാന്‍സിന്റെ ദൈനംദിനപ്രവര്‍ത്തനത്തെ സമരം ബാധിച്ചതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ചകളും ഊര്‍ജിതമായിരുന്നു. ഒടുവില്‍ കഴിഞ്ഞ വര്‍ഷം  ജൂണില്‍ മാനേജ്—മെന്റും സമരം നയിക്കുന്ന സിഐടിയുവിന്റെ നേതൃത്വത്തിലുള്ള സംഘടനാ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയിലെ ധാരണയനുസരിച്ച് സമരം പിന്‍വലിച്ചെങ്കിലും അത് താത്കാലികം മാത്രമാവുകയായിരുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ സംബന്ധിച്ചുള്ള അഭിപ്രായഭിന്നത തുടരുന്നതായാണ് അറിയുന്നത്. അതെന്തു തന്നെയായാലും തൊഴിലിടങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടുള്ള പ്രതിഷേധം ആത്യന്തികമായി എന്ത് നേട്ടമാണ് നല്‍കുകയെന്ന് ചിന്തിക്കണം. തൊഴിലുടമയും ജീവനക്കാരും തമ്മിലുള്ള വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ആരോഗ്യപൂര്‍ണമായ സാഹചര്യങ്ങളില്‍ നിന്നാണ് സംരം'ങ്ങള്‍ വളര്‍ച്ചയിലെത്തുന്നതെന്ന അടിസ്ഥാന പാഠം ഇവിടെ വിസ്മരിക്കപ്പെട്ടിരിക്കുന്നു. പകരം നല്‌കേണ്ടിവരുന്നത് സംരംഭകന്റെയും തൊഴിലാളികളുടെയും ജീവല്‍സ്വപ്‌നങ്ങള്‍ തന്നെയാണെന്നതും ഓര്‍മിക്കണം. ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി മാത്രമായിരിക്കട്ടെ എല്ലാ സമരസന്നാഹങ്ങളും. തൊഴിലാളികളെ സംബന്ധിച്ച് തൊഴില്‍ അത്യാവശ്യമാണ്. അവകാശ സംരക്ഷണത്തിനിടെ ഉള്ള തൊഴില്‍ തുലാസിലാവുന്ന സാഹചര്യമാണ് അവര്‍ നേരിടുന്നത്. ഈ സാഹചര്യമാണ് സംഘടനാ നേതൃത്വവും മാനേജ്—മെന്റും ഗൗരവബുദ്ധ്യാ കാണേണ്ടത്. വര്‍ഷങ്ങളുടെ പഴക്കവും തഴക്കവുമുള്ള സ്ഥാപനത്തിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ഇരുവിഭാഗത്തിന്റെയും കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടത്. തീരുമാനങ്ങളില്‍ പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്നവ നടപ്പാക്കുകയും സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തില്‍ പ്രശ്‌നം പരിഹരിക്കുകയുമാണ് അഭികാമ്യം. ജീവനക്കാരുടെയും സംഘടനകളുടെയും മാനേജ്—മെന്റിന്റെയും ഐക്യത്തിലൂന്നിയുള്ള ഒരു സംരംഭക സംസ്‌കാരം  തന്നെയാണ് അനന്തമായി നീളുന്ന  തൊഴില്‍ സമരമെന്ന ഈ പ്രശ്‌നത്തിനുള്ള ശാശ്വതമായ പരിഹാരം.


കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാതെ നമ്മള്‍ - നിഖില്‍ നാരായണന്‍ 

നാരായണമൂര്‍ത്തിയും കൂട്ടുകാരും ഇന്‍ഫോസിസ് കേരളത്തിലായിരുന്നു തുടങ്ങിയിരുന്നതെന്ന് വിചാരിക്കുക. ഇപ്പോള്‍ എന്തായിരിക്കും അവസ്ഥ? സ്ഥാപനം പൂട്ടിക്കെട്ടിയ ശേഷം ഉടമകള്‍ ഗള്‍ഫിനു പോയിട്ടുണ്ടാവും എന്നാവും അധികം പേരും തരുന്ന ഉത്തരം. ഇതില്‍ ഒരു അതിശയോക്തിയുമില്ല. വിജയിച്ചതിനേക്കാള്‍ പരാജയപ്പെട്ടവരുടെ സംഭവപരമ്പരകള്‍ ദിനംപ്രതി കാണുന്നതുകൊണ്ടാണ് നെഗറ്റീവായ ഉത്തരം നമ്മളില്‍ നിന്നു ഉരുത്തിരിഞ്ഞു വരുന്നത്. 

ആന്തൂരിലെ സാജനായാലും അങ്കമാലിയിലെ ജീജുവായാലും അവരുടെ പ്രൊജക്ടുകള്‍ മോശമായതുകൊണ്ടല്ല സംരംഭകര്‍ തോല്‍ക്കുന്നതെന്ന കാര്യം ശ്രദ്ധിക്കണം. എന്തെങ്കിലും കാരണം എടുത്തിട്ട് തടസ്സവാദം ഉയര്‍ത്തുക എന്ന രീതി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും അധികൃതരുടെയും ഭാഗത്തു നിന്നുണ്ടാകുമ്പോഴാണ്  ഈ പ്രശ്‌നം ഉണ്ടാവുന്നത്. ഉദ്യോഗസ്ഥതലത്തില്‍ പ്രൊജക്ടുകളുമായി ബന്ധപ്പെട്ടതും ബാഹ്യതലത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ സംഘടനകള്‍ കുത്തിപ്പൊക്കുന്നതുമായ കാരണങ്ങളാലാണ് ഇതെല്ലാം സംഭവിക്കുന്നത്. 

വളരെ ഗൗരവതരമായി കാണേണ്ട കെമിക്കല്‍ കമ്പനികളുടെ കാര്യമാണെങ്കില്‍ പരിസ്ഥിതി എന്നൊക്കെ പറയാം. പക്ഷേ, അതുമായി പുലബന്ധം ഇല്ലാത്ത പ്രൊജക്ടുകളെയെങ്കിലും വെറുതെ വിട്ടുകൂടെ? മുന്‍പു സൂചിപ്പിച്ച ബാഹ്യകാര്യങ്ങളില്‍ പലതിന്റേയും അടിസ്ഥാനം പണം ചോദിച്ച് കൊടുക്കാത്തതോ അല്ലെങ്കില്‍ ആവശ്യപ്പെട്ടതില്‍ താഴെ പണം നല്‍കിയതിന്റെയോ പകയാണ് എന്നത് ഏതു കൊച്ചുകുഞ്ഞിനാണ് അറിഞ്ഞുകൂടാത്തത്. 

നിങ്ങള്‍ക്ക് ഐഡിയ ഉണ്ടോ, നിങ്ങള്‍ നേരെ ബാംഗ്‌ളൂരിലേക്ക് വിട്ടോ എന്ന് പറയേണ്ടിവരുന്ന കാലമാണിത്. ഇത് പറയുമ്പോള്‍, മാറിമാറി വരുന്ന കര്‍ണാടക സര്‍ക്കാരുകള്‍ അത്രമാത്രം ഭാവനസമ്പന്നമാണെന്നോ തീരുമാനങ്ങളെടുക്കാന്‍ മിടുക്ക് കാണിച്ചുവെന്നോ അര്‍ത്ഥമില്ല. മാത്രമല്ല, പലപ്പോഴും കര്‍ണാടക സര്‍ക്കാരുകള്‍ ശരാശരിയിലും താഴെയുള്ള പ്രകടനമാണ് കാഴ്ച വയ്ക്കാറുള്ളതും. എന്നിട്ടും, ബാംഗ്‌ളൂരങ്ങ് തഴച്ചു വളരുകയാണ്. ആര്‍ക്കും ജോലി കിട്ടും, ആരേയും ഉള്‍ക്കൊള്ളാം എന്ന തലത്തില്‍ അതങ്ങ് മുന്നേറുകയാണ്. എങ്ങനെ....? മുട്ടാപ്പോക്ക് ന്യായം നിരത്തി സംരംഭത്തിന്റെ കടക്കല്‍ കത്തി വയ്ക്കുന്ന പരിപാടി അവിടെയില്ല. അതു തന്നെ. തടസങ്ങള്‍ ഉണ്ടെങ്കില്‍ അവ മാറ്റി എങ്ങനെ ചെയ്‌തെടുക്കാം എന്ന കാര്യത്തേക്കുറിച്ചാണ് ഉദ്യോഗസ്ഥര്‍ പറയുന്നത് തന്നെ. പിരിവ് പണിയും തന്മൂലമുളവാകുന്ന പക തുടങ്ങിയ പ്രശ്‌നങ്ങളും വളരെ കുറവാണ് താനും. മലയാളിയായ ബൈജു വിദ്യാഭ്യാസമേഖലയില്‍ ബൈജൂസ് തുടങ്ങി അതിവേഗ വളര്‍ച്ച നേടിയത് ഇതിന് ഒരു ഉദാഹരണം മാത്രം. 

മുത്തൂറ്റ് ഫിനാന്‍സ് (ചുവന്ന മുത്തൂറ്റ്) രാജ്യത്തെ മുന്‍പന്തിയിലുള്ള എന്‍.ബി.എഫ്.സി. സ്ഥാപനമാണ്. അവിടെ സി.ഐ.ടി.യു. ആഹ്വാനം ചെയ്ത സമരത്തിന്റെ ശൈലി നോക്കൂ. ഒരു ദിവസം അടച്ചിടാനല്ല, മൂന്നു ദിവസം അങ്ങ് ക്ലോസ് ചെയ്‌തേക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ജീവനക്കാര്‍ക്ക് ആര്‍ക്കും തന്നെ ഒരു താല്‍പര്യവുമില്ലെന്ന് കൃത്യമായി മനസിലായ ശേഷവും പുറത്തുനിന്നുള്ള ഇടപെടല്‍ വഴി മൂന്നു ദിവസം പൂട്ടിക്കൊള്ളാനാണ് പറയുന്നത്. കേരളത്തിന് വെളിയില്‍ ഇന്ത്യ ആകമാനമുള്ള ഒരു ശാഖയില്‍ പോലും ഇത്തരമൊരു തൊഴില്‍ സമരം  കമ്പനിക്ക് നേരിടേണ്ടി വന്നിട്ടില്ല. മൂന്നു ദിവസം അടഞ്ഞുകിടന്നാല്‍ മറ്റേതെങ്കിലും കമ്പനിക്ക് ഇത് ഗുണം ചെയ്യില്ലേ തുടങ്ങിയ ഗൂഢാലോചനകള്‍ ആരെങ്കിലും സംശയിച്ചാല്‍ അതിലും അത്ഭുതപ്പെടേണ്ടതില്ല. കാരണം, ജീവനക്കാര്‍ക്ക് വേണ്ടാത്ത സമരമാണിത്. തന്നെയുമല്ല, മാനേജ്‌മെന്റ് ആവര്‍ത്തിച്ച് പറയുന്ന ഒരു കാര്യമുണ്ട്, തങ്ങള്‍ നല്‍കുന്ന സേവനവേതന വ്യവസ്ഥകള്‍ ജീവനക്കാരെ സംബന്ധിച്ച് കേരളത്തില്‍ ഈ സെക്ടറിലുള്ള ഏതു കമ്പനിക്കും ഒപ്പമോ മുകളിലോ ആണ്. 

നാട് ഭരിക്കുന്ന പാര്‍ട്ടിക്കോ പ്രതിപക്ഷത്തുള്ളവര്‍ക്കോ ഒന്നും ഈ സമരത്തില്‍ അശേഷം താല്‍പര്യമില്ലെന്നാണ് മനസിലാവുന്നത്. ചുരുക്കത്തില്‍, ഏതോ ലോക്കല്‍ നേതാവിന്റെ എന്തോ ചില സ്ഥാപിത താല്‍പര്യങ്ങള്‍ (പണം തന്നെയല്ലേ) തന്നെയാണ് ഇത്തരം പരിപാടികള്‍ക്ക് കാരണമാവുന്നത്. നേതൃത്വത്തിന് ഇവരെ തടയാനാവുന്നുമില്ല. ജീവനക്കാരന് നഷ്ടം തന്നെയാണ്. കാരണം, മൂന്നു ദിവസത്തെ ശമ്പളം പോക്കാണ്. ചുരുക്കത്തില്‍, ജീവനക്കാരെ ഭീഷണിപ്പെടുത്തി നടത്തുന്ന കടപൂട്ടല്‍ പരിപാടിയുടെ ഗുണഭോക്താക്കള്‍ ഇത്തിള്‍ക്കണ്ണികള്‍ ആയ ബാഹ്യശക്തികള്‍ മാത്രമാണ്. ഇനി, മൊത്തം ബിസിനസിന്റെ വിരലിലെണ്ണാവുന്ന ശതമാനം മാത്രം സംഭാവന ചെയ്യുന്ന ഇവിടത്തെ ബിസിനസ് വേണ്ടെന്ന് കമ്പനി തീരുമാനിച്ചാലും ഈ ഛോട്ടാ നേതാക്കന്മാര്‍ക്ക് ഒരു കുഴപ്പവുമില്ല. അവര്‍, അടുത്ത കമ്പനിക്ക് താഴിടാനുള്ള കൊട്ടേഷന്‍ ഏറ്റെടുത്തിട്ടുണ്ടാവും. ഈ നാട്ടില്‍ ജീവിക്കാനുദ്ദേശിക്കുന്ന കുറച്ചാളുകള്‍ക്ക് ജോലി പോയാല്‍ ഇവര്‍ക്കെന്താ...?

ഇക്കൂട്ടര്‍ കേരളത്തിലെ പുതിയ തലമുറയോട് ചെയ്യുന്ന ദ്രോഹം അതിഭയങ്കരമാണെന്ന് മാത്രം മനസിലാക്കുക. പണി ചെയ്യുകയുമില്ല, ചെയ്യുന്നവരെയൊട്ട് ചെയ്യാന്‍ സമ്മതിക്കുകയുമില്ല. നിങ്ങള്‍ക്കുമുണ്ടല്ലോ മക്കള്‍, അവരും പഠിച്ചിറങ്ങി ബാംഗ്‌ളൂരിനോ ഗള്‍ഫിനോ പോവട്ടെ അല്ലേ. എന്തായാലും, നിങ്ങള്‍ വിയര്‍ക്കാതെ അന്നം കഴിച്ചുണ്ടാവുന്ന അജീര്‍ണത്തിന്റെ ശാപം ആ മക്കള്‍ക്കുണ്ടാവാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം.

(യുവസംഭരംഭകനാണ് ലേഖകന്‍)


തീരാസമരത്തിന് പിന്നില്‍ ബാഹ്യ ശക്തികളുമായി ചേര്‍ന്നുള്ള ഗൂഡാലോചന - ബിജിമോന്‍ കെ. ആര്‍. 

2016ല്‍ കമ്പനിക്കുള്ളില്‍ തൊഴിലാളി യൂണിയനുണ്ടാക്കാന്‍ ശ്രമിച്ച ഏതാനും ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചിലര്‍ക്ക് സ്ഥലം മാറ്റം നല്‍കുകയും ചെയ്തിരുന്നു. ഇവരുടെ ട്രാന്‍സ്ഫര്‍ ഒഴിവാക്കണമെന്ന ആവശ്യവുമായാണ് സമരത്തിന്റെ തുടക്കം. അതോടൊപ്പം മിനിമം ശമ്പളം 18000 രൂപ ആക്കണമെന്നത് ഉള്‍പ്പെടെ ആവശ്യങ്ങളുടെ പട്ടിക വലുതാക്കി. സംസ്ഥാനത്ത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റേതൊരു കമ്പനിയെക്കാളും മികച്ച സേവന വേതന വ്യവസ്ഥകളാണ് മുത്തൂറ്റ് ഫിനാന്‍സിന് അന്നും ഇന്നും ഉള്ളത്. സബ് സ്റ്റാഫ് തസ്തികയിലുള്ള ഒരു ചെറിയ ശതമാനം പേരൊഴികെ ഭൂരിഭാഗം ജീവനക്കാര്‍ക്കും ഇന്‍സെന്റീവും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടെ ഇരുപതിനായിരം രൂപയോ അതിനു മുകളിലോ മാസശമ്പളമുണ്ട്. പിഎഫ് ഉള്‍പ്പെടെ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന എല്ലാ തൊഴില്‍ ആനുകൂല്യങ്ങളും കൃത്യമായി കമ്പനി നല്‍കുന്നുണ്ട്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനി എന്ന നിലയില്‍ ഇക്കാര്യങ്ങളെല്ലാം കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ കമ്പനിക്ക് ബാധ്യതയുണ്ട്. ഇക്കാര്യങ്ങളെല്ലാം കൃത്യമായ ഇടവേളകളില്‍ ഗവണ്മെന്റ് തലത്തില്‍ തന്നെ വിലയിരുത്തപ്പെടുന്നുമുണ്ട്.

മുത്തൂറ്റ് ഫിനാന്‍സിന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഇരുപത്താറായിരത്തോളം ജീവനക്കാരുണ്ട്; അതില്‍ മൂവായിരത്തി അഞ്ഞൂറ് പേരാണ് കേരളത്തിലുള്ളത്. മൂന്നു വര്‍ഷമായി ഇവിടെ സമരം തുടരുന്നതൊഴിച്ചാല്‍ രാജ്യത്തെ മറ്റൊരിടത്തും ഒരു ദിവസം പോലും പ്രവര്‍ത്തനം തടസപ്പെട്ടിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഈ തീരാസമരം കമ്പനിക്ക് പുറത്തുള്ള ശക്തികളുമായി ചേര്‍ന്നുള്ള ആസൂത്രിത ഗൂഡാലോചനയുടെ ഫലമാണ്. ഉയര്‍ന്ന തസ്തികയിലുള്ള മികച്ച ശമ്പളം വാങ്ങുന്ന ഏതാനും മാനേജര്‍മാരും യൂണിയന്‍ നേതാക്കളും സബ് സ്റ്റാഫിനെ ഉപയോഗിച്ച് നടത്തുന്ന സമരമാണിത്. സമരത്തിന് ചുക്കാന്‍ പിടിക്കുന്ന യൂണിയന്‍ സെക്രട്ടറിയും മറ്റും ഉയര്‍ന്ന ശമ്പളത്തിനുടമകളാണ്. ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും സമരത്തിനെതിരായിരിക്കുമ്പോഴും സമരം തുടരുക എന്നത് ഇത്തരം ചിലരുടെ നിക്ഷിപ്ത താല്പര്യമാണ്. ചര്‍ച്ചയ്ക്ക് മുന്നോടിയായി ബ്രാഞ്ചുകള്‍ അടച്ചിടണമെന്ന തരത്തിലുള്ള വിചിത്രമായ ആവശ്യമാണ് സമരനേതൃത്വം ഉയര്‍ത്തിയത്. 

 മൂന്ന് വര്‍ഷമായി തുടരുന്ന സമരം സംസ്ഥാനത്ത് ബിസിനസിനെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ആകെ ബിസിനസിന്റെ പത്തു ശതമാനത്തോളം കേരളത്തില്‍ നിന്നായിരുന്നത് ഇപ്പോള്‍ നാലര ശതമാനമായി. സമരം തുടരുന്തോറും ബിസിനസിനെയും ജീവനക്കാരെയും ഇത് ബാധിക്കും. ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും ഇത് തിരിച്ചറിയുന്നുണ്ട്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെ അവര്‍ പ്രതികരിക്കുന്നുമുണ്ട്. സബ് സ്റ്റാഫ് ജീവനക്കാര്‍ക്കിടയിലും സമരത്തിനെതിരെ വികാരമുണ്ട്. എന്നാല്‍ സമരം അവര്‍ക്ക് വേണ്ടിയാണെന്നും ആവശ്യപ്പെടുന്ന ശമ്പളവര്‍ദ്ധന കമ്പനി നടപ്പാക്കുമ്പോള്‍ ഏറെ പ്രയോജനം ലഭിക്കുക സബ് സ്റ്റാഫ് ജീവനക്കാര്‍ക്കാണെന്നുമുള്ള വാദം സമരനേതൃത്വവും ഉന്നയിക്കുന്നു. ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാന്‍ കഴിയൂ എന്ന സത്യം ഇവിടെയും ബാധകമാണ്. സ്ഥാപനം നിലനില്‍ക്കുകയും വളരുകയും ചെയ്താലേ ജീവനക്കാര്‍ക്ക്  ഗുണപരമാവൂ എന്ന സത്യം സമരത്തിന് നേതൃത്വം കൊടുക്കുന്ന തത്പരകക്ഷികള്‍ സൗകര്യപൂര്‍വം മറക്കുന്നു എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

( മുത്തൂറ്റ് ഗ്രൂപ്പ് ചീഫ്  ജനറല്‍ മാനേജര്‍)


വിശാല മനസ്സോടെ പ്രവര്‍ത്തിക്കാന്‍ തയാറാകണം - പി. സി. സിറിയക്

സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും നിലനില്‍പ്പും വളര്‍ച്ചയും പ്രധാനമാണ്. ചുവരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ കഴിയൂ എന്നത് ഓര്‍മ്മിക്കണം. സ്ഥാപനം വളരണമെന്ന ചിന്ത തൊഴിലാളിക്കും തൊഴിലാളിയുടെ സംതൃപ്തിയില്‍ നിന്നാണ് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതെന്ന ചിന്ത മുതലാളിക്കും ഉണ്ടാകണം. സമീപകാലത്തുണ്ടാകുന്ന തൊഴില്‍ പ്രശ്‌നങ്ങളിലെല്ലാം തന്നെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കുമിടയില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണുണ്ടാകുന്നത്. യൂണിയനുകളുടെ പ്രവര്‍ത്തനം പലപ്പോഴും തൊഴിലാളികളുടെ മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. അതിന്റെ നേതൃസ്ഥാനത്തുള്ളവര്‍ക്ക് അവരുടെ നിലനില്പാണ് പ്രധാനം. തൊഴിലുടമയും ജീവനക്കാരും സംഘടനയും പിടിവാശികള്‍ ഉപേക്ഷിച്ച് വിശാലമനസോടെ പ്രവര്‍ത്തിക്കാന്‍ തയാറാവുക എന്നത് മാത്രമാണ് ഈ വിഷയത്തില്‍ ഉള്ള പോംവഴി.

(തമിഴ്‌നാട്  മുന്‍  അഡീഷണല്‍ ചീഫ് സെക്രട്ടറി)


വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയാറാകണം - കെ. ഒ. ഹബീബ്  

മുത്തൂറ്റ് ഫിനാന്‍സില്‍ സമരവുമായി ബന്ധപ്പെട്ട് പല ചര്‍ച്ചകളും നടന്നിട്ടുണ്ട്. ഇതിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാക്കാന്‍ മാനേജ്‌മെന്റ് തയാറാകുന്നില്ല. ഫ്യൂഡലിസ്റ്റ് മനോഭാവമാണ് മാനേജ്‌മെന്റ് വച്ചുപുലര്‍ത്തുന്നത്. അവര്‍ ട്രേഡ് യൂണിയനുകളെ അംഗീകരിക്കാന്‍ തയാറല്ല. ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ധാരണകള്‍ നടപ്പാക്കാതെ തൊഴിലാളികളെ വഞ്ചിക്കുന്നു. ലേബര്‍ കമ്മീഷണര്‍ തലത്തില്‍ ചര്‍ച്ച നടന്നിരുന്നു. മുഖ്യമന്ത്രിയും ഇടപെടുകയുണ്ടായി. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നല്‍കി ധാരണാപ്രകാരമുള്ള വ്യവസ്ഥകള്‍ അംഗീകരിച്ച് മുന്നോട്ട് പോവുക എന്നതാണ് പരിഹാരമാര്‍ഗം. ആയിരക്കണക്കിന് തൊഴിലാളികളെയും സ്ഥാപനത്തെയും സംരക്ഷിക്കേണ്ട ബാദ്ധ്യത നിറവേറ്റാന്‍ മാനേജ്‌മെന്റ് തയാറാവണം. അതില്‍ നിന്ന് പിന്നോട്ട് പോവുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

(സിഐടിയു സംസ്ഥാന സെക്രട്ടറി)


ട്രേഡ് യൂണിയനുകള്‍ വിട്ടുവീഴ്ചയ്ക്ക് തയാറാണ് - തമ്പി കണ്ണാടന്‍ 

ഇന്നത്തെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനശൈലി മുന്‍കാലങ്ങളില്‍നിന്ന് തികച്ചും വിഭിന്നമാണ്. യൂണിയന്‍ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി ആരെയും ഒന്നും അംഗീകരിപ്പിക്കുന്നില്ല. തൊഴിലാളിക്ക് തൊഴില്‍ ആവശ്യമാണ്. ഒപ്പം ന്യായമായ വേതനവും ആനുകൂല്യവും ഉണ്ടാവുകയെന്നതും പ്രധാനമാണ്. മാനേജ്—മെന്റിന്റെ പിടിവാശി മൂലമാണ് മുത്തൂറ്റ് ഫിനാന്‍സ് പ്രശ്‌നം നീളുന്നത്. ഈ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‌കേണ്ടിവരുമെന്നതിനാലാണ് വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ മാനേജ്മന്റ് തയാറാകാത്തത്. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സംഘടനാപ്രവര്‍ത്തനം വിലക്കുന്ന നടപടിയുണ്ടാകുന്നു. തൊഴിലുടമയുടെ   ഭാഗത്തുനിന്ന് വിട്ടുവീഴ്ചയുണ്ടായാലേ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കൂ. തൊഴിലാളികളെയും സ്ഥാപനത്തെയും രക്ഷിക്കുകയെന്ന കര്‍ത്തവ്യമാണ് മാനേജ്‌മെന്റ് നിറവേറ്റേണ്ടത്.

(ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ്)Related News


Special Story