AUTO

ഇനി ഇ-വാഹനങ്ങളുടെ കാലം - എഡിറ്റോറിയൽ

23 Aug 2019

 ന്യൂഏജ് ന്യൂസ്

രാജ്യത്തെ വാഹനങ്ങള്‍ പെട്രോള്‍ ഇന്ധനയുഗത്തില്‍ നിന്ന് ഇലക്ട്രിക് യുഗത്തിലേക്കുളഅള പരിവര്‍ത്തനത്തിലാണ്. ഇ-വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന്  കൂടുതല്‍  ഉദാരനയങ്ങള്‍ക്ക് തുടക്കമായതോടെ ഈ പരിവര്‍ത്തനത്തിന് ഗതിവേഗം വര്‍ദ്ധിച്ചിരിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതിയിളവും വ്യവസായത്തിന് കൂടുതല്‍ ആനുകൂല്യങ്ങളുമൊക്കെയായി കൈയ്യയച്ചുള്ള സഹായമാണ് സര്‍ക്കാര്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ ഇനിയുള്ള കാലം ഇ-വാഹനങ്ങളുടേതാവുമെന്നതില്‍ സംശയമില്ല. ഇന്ധന ഉപയോഗം കുറയ്ക്കുന്നതിലും പരിസ്ഥിതി സൗഹൃദമെന്ന നിലയിലും ഇ-വാഹനങ്ങള്‍ക്കുള്ള വലിയ സ്വീകാര്യതയാണ്. ഈ പരിവര്‍ത്തന ത്തിനു പിന്നിലുള്ള പ്രധാന ഈര്‍ജ്ജകേന്ദ്രം ഇ-വാഹനങ്ങള്‍ നിരത്ത് കീഴടക്കുന്നതോടെ രാജ്യത്തേക്കുള്ള ക്രൂഡ് ഇറക്കുമതി ഗണ്യമായി  കുറയുമെന്നതും നേട്ടമാണ്. ധനക്കമ്മി പിടിച്ചു നിര്‍ത്തുന്നതിലേക്ക് തീവ്രയത്‌നം നടത്തുന്ന സര്‍ക്കാരിനെ സംബന്ധിച്ച് ഇത് ഏറെ ആശ്വാസദായകമായക്കാര്യം തന്നെയാണ്.

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജി.എസ്.ടി കൗണ്‍സില്‍ ഏഴ് ശതമാനത്തിന്റെ നികുതി ഇളവാണ് ഇത്തവണ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. പൊതു ബജറ്റ് നിര്‍ദ്ദേശങ്ങളിലും ഇ-വാഹന മേഖലയ്ക്ക് ആശാവഹമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ധനകാര്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഈ രംഗത്ത് ഇന്ത്യന്‍ കമ്പനികള്‍ കുറവാണെങ്കിലും ഇന്ത്യയെ ഒരു ഇലക്ട്രിക് വാഹന നിര്‍മ്മാണ ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. ഇ-വാഹനങ്ങള്‍ക്കുള്ള വായ്പാ പലിശ 1.5 ലക്ഷം രൂപ വരെ നികുതിയിളവ് നല്‍കാന്‍ ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. ഇല്ക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തിന് രാജ്യത്തുടനീളം ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ സജ്ജമാവേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടുകഴിഞ്ഞു. മുന്‍ നിരവാഹന നിര്‍മാതാക്കളെല്ലാം അവരുടെ ഇലക്ട്രിക് വെര്‍ഷനുമായി എത്തിത്തുടങ്ങി. 'ഹ്യുണ്ടായ്','ടാറ്റ', 'മഹീന്ദ്ര ആന്റ് മഹീന്ദ്ര' ഇവയെല്ലാം ഇ-വാഹനങ്ങള്‍ പുറത്തിറക്കി കഴിഞ്ഞു. കേരള സര്‍ക്കാര്‍ സംരംഭമായ. 'കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ്'. ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചിരിക്കുന്നു. സെക്രട്ടേറിയറ്റില്‍ ചാര്‍ജ്ജിങ്ങ് സ്റ്റേഷനും  തുടക്കമിട്ടുകഴിഞ്ഞു. സംസ്ഥാനത്തെ ഇ-വാഹന ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളും  ഈ-വാഹനങ്ങള്‍ക്ക്, പ്രത്യേക പരിഗണന നല്‍കിയുള്ള പദ്ധതികളുമായി ഈ മാറ്റത്തിനൊപ്പമുണ്ട്.

ഇ-വാഹനങ്ങളുടെ ജി.എസ്.ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനത്തിലേയ്ക്കും വാഹന ചാര്‍ജ്ജറുകള്‍ക്കും ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ക്കുമുള്ള ജി.എസ്.ടി 18 ശതമാനമെന്നത് 5 ശതമാനത്തിലേക്കും താഴ്ത്തിയത് ഇ-വാഹന വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കുമെന്നു തന്നെയാണ് കരുതുന്നത്. ഇ-വാഹനങ്ങള്‍ക്ക് ജി.എസ്.ടി. ഇളവ് നല്‍കിയതോടെ വൈദ്യുത വാഹനങ്ങളും പെട്രോള്‍, ഡീസല്‍ വാഹനങ്ങളും തമ്മിലുള്ള വിലവ്യത്യാസം കാര്യമായി കുറയുമെന്നത് വിപണിയ്ക്ക് ഊര്‍ജ്ജദായകമാണ്. കുറഞ്ഞ വിലയില്‍ വാഹനം വില്‍ക്കാമെന്നത് കൂടുതല്‍ കമ്പനികള്‍ ഇ-വാഹനരംഗത്ത് എത്താന്‍ സഹായകമാണ്. പെട്രോള്‍ വാഹനങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ഫീസ് ഉയര്‍ത്തി ഇ-വാഹനങ്ങള്‍ക്ക് അനുകൂലമാണ്. ഉയര്‍ന്ന ഇന്)ധനച്ചെലവില്‍ നിന്നും പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ നന്നും സമൂഹത്തിന് രക്ഷ നല്കുന്നുവെന്നതാണ് ഈ മാറ്റത്തിന്റെ കാതലായ നേട്ടം. ആ മാറ്റത്തിന് ദൃഢത പകരുന്ന ഓരോ ചുവടുവയ്പും തികച്ചും ആശാവഹമാണ്. 



സമീപഭാവിയില്‍ തന്നെ ഇല്ക്ട്രിക് വാഹനങ്ങള്‍ പ്രാധാന്യം നേടും - ബൈജു.എന്‍.നായര്‍
രാജ്യത്ത് വാഹന വ്യവസായം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അതിനൊപ്പെം ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനും വേദിയൊരുങ്ങുകയാണ്. സ്ര്‍ക്കാര്‍ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് ഇ-വാഹനങ്ങള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പൊട്രോള്‍ വാഹനങ്ങളും, വൈദ്യുത വാഹനങ്ങളും ഒരുമിച്ചുള്ള വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന കോണ്‍ട്രിഡിക്റ്ററിയായി തോന്നി. സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് മാറുന്നതിനായാണ് പല വിധത്തിലുള്ള പ്രോത്സാഹനവുനല്കുന്നത്. ബജറ്റില്‍ തന്നെ അതിനുള്ള ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നു. നികുതിയിളവ് പ്രഖ്യാപിച്ചതടക്കം, വലിയ പിന്തുണയാണ് നല്‍കുന്നത്. ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ച് ഉപഭോക്താവിന് ചില കാര്യങ്ങളില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. വാഹനത്തിന്റെ ഷെയ്പ്, ബാറ്ററി, റേയ്ഞ്ച് തുടങ്ങിയ കാര്യങ്ങളിലാണ് പ്രധാന പ്രശ്‌നങ്ങളുണ്ടായിരുന്നത്. ഇതിലെല്ലാം പരിഹാരമായിരിക്കുന്നു. പല പുതിയ വെര്‍ഷനുകളിലും  500 കി.മീറ്റര്‍ വരെ മൈലേജ് ഉണ്ട്. ഇനി വേണ്ടത്ര ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ കൂടി വരുന്നതോടെജനങ്ങള്‍ സ്വാഭാവികമായും ഇ-വാഹനങ്ങളിലേയ്ക്ക് മാറും. അതിന് 2030-വരെ കാത്തിരിക്കേണ്ടി വരില്ല. സാമ്പത്തികമായ നേട്ടവും പാരിസ്ഥിതികമായ മേന്മയും ഇ-വാഹനങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ വരും കാലത്തിന്റെ വാഹനങ്ങളെന്ന നിലയ്ക്ക്, ഇ-വാഹനങ്ങള്‍ പ്രാധാന്യം നേടുന്നുണ്ട്. 
(പ്രമുഖ ആട്ടോ ജേര്‍ണലിസ്റ്റും 'സ്മാർട്ട് ഡ്രൈവ്' മാഗസിന്‍ ചീഫ് എഡിറ്ററുമാണ്) 



നിര്‍മ്മാതാക്കളും ഉപഭോക്താക്കളും പ്രാധാന്യം തിരിച്ചറിയുന്നുണ്ട് - സി.ആര്‍.സുനില്‍കുമാര്‍
രാജ്യത്തെ ഇല്കട്രോണിക് വാഹനമേഖല വളരെ ചലനാത്മകതയിലേയ്ക്ക് എത്താനുള്ള സാഹചര്യമാണ് ഉരുത്തിരിയുന്നത്. ഇ-വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള വായ്പാ പലിശയില്‍ നികുതിയിളവ് നല്‍കുന്നതിനും നിര്‍മ്മാതാക്കള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഈ മേഖല മൊത്തത്തില്‍ ഉണര്‍വ്വിലേയ്ക്ക് എത്തിയിട്ടുണ്ട്. മറ്റ് പോട്രോള്‍/ഡീസല്‍ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിരക്ക് കുത്തനെ ഉയര്‍ത്തിയതും ഇ-വാഹന മേഖലയ്ക്ക് കൂടുതല്‍ കരുത്തു പകര്‍ന്നിരിക്കുന്നു. ഇ-വാഹനങ്ങളിലേയ്ക്കുള്ള മാറ്റം കാലഘട്ടത്തിന്റെ ആവശ്യം എന്ന രീതിയില്‍ തിരിച്ചറിയപ്പെട്ടുവെന്നതാണ് പ്രധാനം. നിര്‍മ്മാതാക്കളും ഉപഭോക്താക്കളും ഇതിനുള്ള വലിയ പ്രാധാന്യം തിരിച്ചറിയുന്നുണ്ടെന്നതും പ്രധാനമാണ്. എണ്ണ ഇറക്കുമതിക്കായി രാജ്യത്തിനുണ്ടാവുന്ന അമിതധനവ്യയം വലിയൊരളവില്‍ പിടിച്ചുനിര്‍ത്തുന്നതിന് ഇ-വാഹനങ്ങളുടെ വ്യാപനം വഴി സാധിക്കുമെന്നത് വലിയ നേട്ടം തന്നെയാണ്. അതോടൊപ്പം അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തില്‍ ഉള്ള വലിയ ആശങ്കയ്ക്കുള്ള ഫലപ്രദമായ പരിഹാരമാര്‍ഗ്ഗമെന്ന നിലയിലും ഇത് നേട്ടമാവുന്നുണ്ട്. കാര്‍ബണ്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ ശ്രമങ്ങള്‍ക്ക് ഈ നടപടി കൂടുതല്‍ കരുത്തുപകരുമെന്നതും പ്രധാനമാണ്. രാജ്യത്തെ വാഹന വിപണി മൊത്തത്തില്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലും ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിലുള്ള പ്രത്യേകതകള്‍ ഈ മേഖലയുടെ വളര്‍ച്ചാ സാധ്യതയെക്കുറിച്ച് ശുഭ പ്രതീക്ഷയ്ക്ക് കാരണമാവുന്നുണ്ട്. വരും കാലത്തിന്റെ വാഹനങ്ങള്‍ എന്ന നിലയില്‍ ഇ-വാഹനങ്ങള്‍ നേടിയിരിക്കുന്നത് വന്‍ സ്വീകാര്യത തന്നെയാണ്. അതുകൊണ്ട് തന്നെ ഇലക്ട്രിക് വാഹന മേഖലയുടെ ഭാവി വളരെ ശോഭനമാണ്.
(ലേഖകന്‍ ഓട്ടോമൊബൈല്‍ മാര്‍ക്കറ്റിങ്ങ് രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ്) 


രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു - എം.കെ.അജിത്ത്
പെട്രോള്‍ വാഹനങ്ങളില്‍ നിന്നും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തെ വലിയ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റു നോക്കുന്നത്. മുന്‍നിര വാഹന നിര്‍മ്മാതാക്കളെല്ലാം ഇലക്ട്രിക് വെര്‍ഷനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. പല കമ്പനികളും ഇതിനകം ഇ-വെഹിക്കിളുമായി രംഗത്തുണ്ട്. മാരുതിയുടെ ഇ-വെഹിക്കിള്‍ അണിയറയില്‍ ഒരുങ്ങുന്നു. പല വിദേശകമ്പനികളും  ഇ-വെര്‍ഷനുമായി രാജ്യത്തെത്തുന്നു. സര്‍ക്കാര്‍ ഭാഗത്തുനിന്നും  വളരെ തുറന്ന പിന്തുണലഭിക്കുന്ന സാഹചര്യത്തില്‍ ഇ-വെഹിക്കിള്‍ രംഗം കൂടിതല്‍ ദൃഢതയിലേയ്ക്ക് എത്തുമെന്ന് തന്നെ ഉറപ്പിക്കാം. എന്നാല്‍ ആട്ടോമൊബൈല്‍ വ്യവസായം മൊത്തത്തില്‍ വന്‍തകര്‍ച്ചയിലൂടെയാണ് ഇന്ന് കടന്നുപോകുന്നത്. പല ഡീലര്‍ഷിപ്പുകളും ഉപേക്ഷിക്കപ്പെട്ടു. മേഖലയാകെ രണ്ടുലക്ഷത്തിലേറെപ്പേര്‍ക്ക് തൊഴില്‍ നഷ്ടമായിരിക്കുന്നു. പെട്രോള്‍ വാഹന വിരുദ്ധനയം സര്‍ക്കാര്‍ സ്വീകരിച്ചേക്കുമെന്ന ആശങ്ക മേഖലയിലുണ്ടെങ്കിലും പൊട്രോള്‍, വൈദ്യൂത വാഹനങ്ങളുടെ ഒരുമിച്ചുള്ള വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന പ്രധാനമന്ത്രിയുടെ സ്വാതന്ത്ര ദിന പ്രഖ്യാപനം വാഹന മേഖലയ്ക്ക് വലിയ ആശ്വാസമായി മാറിയിട്ടുണ്ട്. വളരെ വേഗത്തിലുള്ള ഒരു പിന്മാറ്റം വാഹന ഉന്ധനത്തിന്റെ കാര്യത്തിലുണ്ടാകില്ലെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. എങ്കിലും ഇലക്ട്രിക് വാഹനങ്ങളുടെ അപ്രമാദിത്വത്തിലേയ്ക്ക് രാജ്യം മാറാന്‍ അധികകാലം വേണ്ടിവരില്ലെന്നു തന്നെയാണ് കരുതേണ്ടത്. അത്രയേറെ പ്രതീക്ഷയോടെയാണ് രാജ്യം ഈ മാറ്റത്തെ ഉറ്റുനോക്കുന്നത്. സാമ്പത്തിക തലത്തിലും പാരിസ്ഥിതികതലത്തിലും അതിനുള്ള പ്രാധാന്യം വളരെ വലുതാണ്.
(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)



Related News


Special Story