NEWS

ഫെഡറല്‍ ബാങ്ക് കൈവരിച്ച വലിയ നേട്ടം - എഡിറ്റോറിയൽ

16 May 2019

ന്യൂഏജ് ന്യൂസ്: 2019 മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസക്കാലയളവ് ഫെഡറല്‍ ബാങ്കിനെ സംബന്ധിച്ച് വലിയ നേട്ടത്തിലേക്കാണ് എത്തിയത്. മുന്‍വര്‍ഷം നാലാം പാദഫലം പുറത്തുവന്നപ്പോള്‍ 144.99 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായമെങ്കില്‍ ഇക്കുറി അത് 381.51 കോടി രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. ബാങ്കിന്റെ സമീപകാലചരിത്രത്തില്‍ തന്നെ അപൂര്‍വ്വതയായി 163 ശതമാനം വര്‍ദ്ധനയാണ് നേടിയിരിക്കുന്നത്. ബാങ്കിന്റെ കിട്ടാക്കടത്തിനു വേണ്ടിവരുന്ന വകയിരുത്തല്‍ കുറഞ്ഞതും പലിശയിനത്തിലുളള വരുമാനം വര്‍ദ്ധിച്ചതുമാണ് ലാഭവളര്‍ച്ച ത്വരിതപ്പെടുത്തിയതെന്നാണ് കണക്കാക്കുന്നത്. കിട്ടാക്കടത്തിനു വേണ്ടിയുളള വകയിരുത്തല്‍ ഇപ്പോള്‍ ഗണ്യമായി കുറഞ്ഞിരിക്കുന്നു. 371.53 കോടിയില്‍ നിന്ന് 177.76 കോടി രൂപയായാണ് കുറഞ്ഞത്. ബാങ്കിന്റെ പലിശ വരുമാനമാവട്ടെ 1,951 കോടി രൂപയില്‍ നിന്ന് 2,413 കോടി രൂപയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ബാങ്കിന്റെ മൊത്തമുളള വരുമാനം 2,862 കോടി രൂപയില്‍ നിന്ന് വര്‍ദ്ധിച്ചുവെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷംവാര്‍ഷിക അറ്റാദായം 41.5 ശതമാനം ഉയര്‍ന്ന് 1,243.89 കോടിയിലെത്തിയിട്ടുണ്ട്. ബാങ്കിന്റെ ആകെ ബിസ്സിനസ്സില്‍ 20.28 ശതമാനം വര്‍ദ്ധനവാണ് കാണിക്കുന്നത്. അതായത് 2,46,783.61 കോടി രൂപ. മൊത്തം നിക്ഷേപം 20.50 ശതമാനം ഉയര്‍ന്ന് 1,34,954.34 കോടി രൂപയായി. 50,109.16 കോടി രൂപയുടെ എന്‍.ആര്‍.ഇ നിക്ഷേപവുമുണ്ട്. ബാങ്കിന്റെ മൊത്തം വായ്പ 20.02 ശതമാനം വര്‍ദ്ധിച്ച് 1,11,829.27 കോടി രൂപയിലെത്തിയിരിക്കുന്നുവെന്നതും ശ്രദ്ധേയം തന്നെയാണ്. 

ഫെഡറല്‍ ബാങ്കിനെ സംബന്ധിച്ച് ബാങ്കിങ് രംഗത്ത് വര്‍ഷങ്ങളായുളള പ്രവര്‍ത്തനമികവും വിശ്വാസ്യതയുമൊക്കെ ഇന്നത്തെ ഈ വളര്‍ച്ചാക്കുതിപ്പിന് അടിസ്ഥാനമായിട്ടുണ്ടെന്നത് വസ്തുതയാണ്. കിട്ടാക്കടത്തിലുളള വകയിരുത്തല്‍ കുറയുന്നതും പലിശ വരുമാനം ഉയരുന്നതുമൊക്കെ ബാങ്കിന്റെ ലാഭ-നഷ്ടകണക്കുകളില്‍ പ്രധാനം തന്നെയാണെന്നതില്‍ സംശയമില്ല. എന്നാല്‍ ബാങ്കിന്റെ മൊത്തം ബിസ്സിനസ്സ് വളര്‍ച്ചയെ സ്വാധീനിക്കുന്ന തരത്തില്‍ കസ്റ്റമര്‍ ഫ്രണ്ട്‌ലി അറ്റ്‌മോസ്ഫിയര്‍ വളര്‍ത്തിയെടുക്കാന്‍ ഫെഡറല്‍ ബാങ്കിന് സാധിച്ചുവെന്നത് പ്രധാനം തന്നെയാണ്. അതില്‍ ബാങ്കിന്റെ മാനേജ്‌മെന്റ് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. വായ്പകള്‍ നല്‍കുന്നതില്‍ വലിയ കണ്‍സേര്‍ഷ്യത്തിന്റെ ഭാഗമായി നില്‍ക്കുന്നുവെന്നതും അഗ്രസ്സീവ് ലെന്‍ഡിങ്ങിലേക്ക് പോകുന്നില്ലെന്നതും നേട്ടമാണ്. മൊത്തം ബിസ്സിനസ്സില്‍ 20.28 ശതമാനം വര്‍ദ്ധനയുണ്ടായതും നിക്ഷേപത്തില്‍ 20.50 ശതമാനത്തിന്റെ ഉയര്‍ച്ചയുണ്ടായതും വായ്പയില്‍ 20.12 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതുമൊക്കെ മുന്‍പറഞ്ഞ പ്രവര്‍ത്തനമികവിന്റെ പ്രത്യക്ഷോദാഹരണമായി തന്നെ കണക്കാക്കാം.സംസ്ഥാനത്ത് കൃഷിയും വ്യവസായങ്ങളും ഇത്ര തകര്‍ന്ന സാഹചര്യത്തിലും ഇത്ര വളര്‍ച്ച നേടിയതില്‍ ബാങ്കിന്റെ മാനേജ്‌മെന്റ പ്രതേ്യക അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.  


മാനേജ്‌മെന്റ് തലത്തിലെ കാര്യക്ഷമതയുടെ ഫലം - പി.സി.സിറിയക് 

ഫെഡറല്‍ ബാങ്കില്‍ കഴിഞ്ഞ 6-7 വര്‍ഷമായി മാനേജ്‌മെന്റ് തലത്തില്‍ സ്ഥിരതയുണ്ടായിട്ടുണ്ട്.  ബാങ്കിന്റെ ഭരണത്തിലാവട്ടെ പ്രശ്‌നാധിഷ്ഠിതമായ നടപടികളും നീക്കങ്ങളും ഉണ്ടായിരിക്കുന്നു. എന്താണ് യഥാര്‍ത്ഥപ്രശനമെന്നത് വിലയിരുത്തി അതിനുളള പരിഹാരം നിര്‍ദ്ദേശിക്കുന്നതില്‍ മാനേജ്‌മെന്റ് വിജയിച്ചിരിക്കുന്നു.  പുതിയ വായ്പകള്‍ നല്‍കുന്നതില്‍ തത്വാധിഷ്ഠിതമായ സമീപനം ഉണ്ടായിട്ടുണ്ട്.  ബിസ്സിനസ്സ് പ്രൊപ്പോസല്‍സ് കൃത്യതയോടെ വിലയിരുത്തി കടം അനുവദിക്കുന്ന രീതിയാണ് നടപ്പാക്കിയത്.  ബാങ്കിന്റെ എന്‍പിഎ കുറയ്ക്കാനും സാധിച്ചിട്ടുണ്ട്.  മാനേജ്‌മെന്റ് ലെവലില്‍ സ്റ്റോക്ക് ഓപ്ഷന്‍ കൊണ്ടുവന്നതും ഗുണകരമായി.  സ്ഥാപനത്തോട് കൂടുതല്‍ വിശ്വാസവും കൂറും സ്റ്റാഫ് ലെവലില്‍ ഉണ്ടാക്കിയെടുക്കാന്‍ സഹായിച്ചു.  ഭരണതലത്തില്‍ ഇതും നേട്ടമായിട്ടുണ്ട്.  സംസ്ഥാനത്ത് കൃഷിയും വ്യവസായങ്ങളും ഇത്ര തകര്‍ന്ന സാഹചര്യത്തിലും ഇത്ര വളര്‍ച്ച നേടിയതില്‍ ശ്യാം ശ്രീനിവാസനും ടീമും പ്രതേ്യകം അഭിനന്ദനം അര്‍ഹിക്കുന്നു.  സംസ്ഥാനത്തിന്റെ ഇക്കോണമി കൂടുതല്‍ ഡെവലപ് ചെയ്യുന്നതോടെ ബാങ്ക് കൂടുതല്‍ വളര്‍ച്ച നേടുമെന്നു തന്നെയാണ് പ്രതീക്ഷ.  

(ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാനും മുന്‍ തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമാണ്‌)


ഫെഡറല്‍ ബാങ്കിന് വിഷനറിയായ നേതൃത്വമുണ്ട് - പ്രൊഫ.വി.കെ.വിജയകുമാര്‍

ഫെഡറല്‍ ബാങ്കിന്റെ പുറത്തുവന്ന നാലാം പാദഫലം കംപയര്‍ ചെയ്യുന്നത് തൊട്ടുമുന്‍ ക്വാര്‍ട്ടര്‍ ഫലവുമായല്ല.  കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായാണ് താരതമ്യം ചെയ്യുന്നത്.  ഇവിടെ കംപയര്‍ ചെയ്യുന്ന ബേസ് പ്രധാനം തന്നെയാണ്.  മുന്‍വര്‍ഷം എന്‍പിഎ യിലേക്ക് കൂടുതല്‍ വകയിരുത്തപ്പെട്ടതിനെ തുടര്‍ന്ന് ലാഭത്തില്‍ കുറവുവന്നു.  ഇത്തവണ വകയിരുത്തല്‍ കുറവായതാണ് പ്രോഫിറ്റ് ഉയര്‍ത്തിയത്.  ബാങ്കിന്റെ ബിസ്സിനസ്സില്‍ 20 ശതമാനത്തിലധികം വര്‍ദ്ധനയുണ്ടായിട്ടുണ്ട്.  നിക്ഷേപം, വായ്പ എന്നിവയും മെച്ചപ്പെട്ടു.  ക്രെഡിറ്റ് ഗ്രോത്ത് ഉണ്ടായത് സ്വാഭാവികമായും പലിശ വരുമാനത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്.  എല്ലാത്തിലുമുപരി ഫെഡറല്‍ ബാങ്കിന് വളരെ വിഷനറിയായുളള ഒരു ടീം നേതൃത്വമുണ്ടെന്നത് പ്രധാനമാണ്. മറ്റു പല ബാങ്കുകള്‍ക്കും അതില്ലെന്നതാണ് വസ്തുത.  എന്‍ ആര്‍ ഇ നിക്ഷേപത്തില്‍ വളര്‍ച്ചയുണ്ടെങ്കിലും അബ്‌നോര്‍മല്‍ ഗ്രോത്ത് ഇല്ലെന്നുതന്നെ പറയാം.  എന്‍ബിഎഫസി കളുടെ മാര്‍ക്കറ്റ് ഷെയര്‍ കൂടുതലായി ബാങ്കുകളിലേക്ക് വരുന്നുണ്ട്. ഇത് കൂടുതല്‍ കോംപിറ്റന്റായ ബാങ്കുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.  ഫെഡറല്‍ ബാങ്കിന്റെ  കാര്യത്തിലും ഇത് ഉണ്ടായിട്ടുണ്ട്.  മറ്റ് പല ബാങ്കുകളും അത്രമാത്രം കോംപിറ്റന്റല്ലെന്നതാണ്  യാഥാര്‍ത്ഥ്യം.

(പ്രമുഖ ധനകാര്യ വിദഗ്ദ്ധനാണ് )


റിലേഷന്‍ഷിപ്പ് മെയിന്റയിന്‍ ചെയ്യുന്നുണ്ട് - പ്രിന്‍സ് ജോർജ് 

ഫെഡറല്‍ ബാങ്കിന് അവരുടെ ട്രെഡീഷണല്‍ ബിസ്സിനസ്സിലും എന്‍ആര്‍ഐ ബിസ്സിനസ്സിലുമൊക്കെ വലിയ വളര്‍ച്ചയുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.  റിലേഷന്‍ഷിപ്പ് മെയിന്റയിന്‍ ചെയ്യുന്നതിലും വിജയിച്ചിട്ടുണ്ട്.  വായ്പകള്‍ നല്‍കുന്നതില്‍ വലിയ കണ്‍സേര്‍ഷ്യത്തിന്റെ ഭാഗമായി നില്‍ക്കുന്നുവെന്നതും പ്രധാനമാണ്. ഡെപ്പോസിറ്റിന്മേലുളള കോസ്റ്റ് കുറയ്ക്കാന്‍ സാധിക്കുന്നു. 

അഗ്രസ്സീവ് ലെന്‍ഡിങ്ങിലേക്ക് പോകുന്നില്ലെന്നതും നേട്ടമാണ്.  ഐസിഐസിഐ പോലുളള ബാങ്കുകള്‍ സൃഷ്ടിക്കുന്ന ഓളങ്ങള്‍ പലപ്പോഴും കസ്റ്റമേഴ്‌സിനെ സംബന്ധിച്ച് നെഗറ്റീവ് ഇംപാക്ടാണ് സൃഷ്ടിക്കുന്നത്.  ഇവിടെ അതുണ്ടാകുന്നില്ല.  

കസ്റ്റമേഴ്‌സുമായി നല്ല റിലേഷന്‍ഷിപ്പ് ഉണ്ടാക്കുന്നുണ്ട്.  അത് ബാങ്കിന്റെ വളര്‍ച്ചയിലും കരുത്തായി മാറിയിട്ടുണ്ട്.

(ദോഹ ബ്രോക്കറേജസ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് എംഡിയാണ്)



Related News


Special Story

വിമാനയാത്രക്കാർക്ക് ആശ്വാസകരമായ തീരുമാനവുമായി വ്യോമയാന മന്ത്രാലയം; '24 മണിക്കൂറിനുള്ളില്‍ ഫ്‌ളൈറ്റ് ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യും, ബാഗേജ് കാണാതെയാല്‍ യാത്രക്കാർക്ക് നഷ്ടപരിഹാരം'