EDITORIAL

'ഐക്കൺ ടോക്ക് - സ്ട്രെയിറ്റ് ഫ്രം ദി ഹാർട്ട്': എപ്പിസോഡ് -2

Newage News

23 Sep 2020

ദശകത്തിൽ, വ്യത്യസ്ത മേഖലകളിൽ നിർണായകമായ മാറ്റത്തിന് ചാലക ശക്തിയായ മലയാളി ഐക്കണുകളെ കണ്ടെത്താനുള്ള ന്യൂഏജ് ഐക്കൺ 'ചേഞ്ച് മേക്കേഴ്‌സ് 2020' സീരീസിന്റെ ക്ലബ് 25 പട്ടികയിൽ ഇടംപിടിച്ച പ്രഗത്ഭ വ്യക്തികൾ മനസ് തുറക്കുന്നു. 'ഐക്കൺ ടോക്ക് - സ്ട്രെയിറ്റ് ഫ്രം ദി ഹാർട്ട്' സീരീസിന്റെ രണ്ടാം ഭാഗം: 


നിക്ഷേപകരുടെ പ്രതീക്ഷ നിറവേറ്റാൻ കഴിയുന്നത് സംതൃപ്തി നൽകുന്നു - അലക്സാണ്ടർ ജോർജ് മുത്തൂറ്റ്

(ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ, മുത്തൂറ്റ് ഫിനാൻസ്)

രാജ്യത്തെ എൻബിഎഫ്‌സി സെക്ടറിൽ നിർണായകമായ ഒരു ഐടി മുന്നേറ്റത്തിന് അടിസ്ഥാനമിടാൻ മുത്തൂറ്റ് ഗ്രൂപ്പിന് സാധിച്ചിട്ടുണ്ട്.  കോർ ബാങ്കിങ്, കസ്റ്റമർ റിലേഷൻഷിപ് മാനേജ്‌മന്റ് ഉൾപ്പെടെയുള്ള രംഗങ്ങളിൽ അതിനൂതനമായ ഐടി ഇൻഫ്രാസ്ട്രക്ച്ചർ പടുത്തുയർത്തുന്നതിനും ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കുന്നതിനും കഴിഞ്ഞു. കമ്പനിയുടെ ഐ മുത്തൂറ്റ് മൊബൈൽ ആപ്ലിക്കേഷൻ സംവിധാനം കോവിഡ് കാലത്ത് ഉപഭോക്താക്കൾക്ക് വളരെയേറെ സഹായകമായി. ആവശ്യക്കാർക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ നിലവിലുള്ള ലോണുകൾ ടോപ്അപ്പ് ചെയ്യുവാൻ സാധിച്ചു. ഇടപാടുകൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെ സാധ്യമാക്കാനും കഴിഞ്ഞു. ഒപ്പം ആയിരക്കണക്കിന് ജീവനക്കാർ വർക്ക്  ഫ്രം ഹോം സൗകര്യമാണ് ഉപയോഗപെടുത്തിയത്. എഴുപത് ശതമാനത്തോളം ബ്രാഞ്ചുകൾ റൂറൽ സെക്ടറിൽ ആണെന്നതുകൊണ്ട് തന്നെ ഇനിയും ഈ രംഗത്ത് ബഹുദൂരം മുന്നോട്ട് പോകാനുണ്ട്. 

ബ്രാൻഡിങ്ങിൽ ശ്രദ്ധേയ പരീക്ഷണങ്ങൾ ഇക്കാലയളവിൽ നടത്താൻ കഴിഞ്ഞു. 2011ൽ ഡൽഹി ഡെയർഡെവിൾസ് ടീമിന്റെ പ്രധാന സ്പോൺസർ ആയത് നാഷണൽ ബ്രാൻഡ് എന്ന പൊസിഷനിങ്ങോടെയായിരുന്നു. നാഷണൽ ബ്രാൻഡ് അംബാസഡർ ആയി അമിതാഭ് ബച്ചൻ ഉള്ളപ്പോൾ തന്നെ റീജിയണൽ മാർക്കറ്റുകൾക്കായി പ്രത്യേക ബ്രാൻഡിങ് സ്ട്രാറ്റജി ആവിഷ്കരിക്കുകയുണ്ടായി. ഇത്തരത്തിൽ ഏതാണ്ട് മൂവായിരത്തോളം ബ്രാഞ്ചുകളുള്ള ദക്ഷിണേന്ത്യൻ വിപണിയെ ലക്‌ഷ്യം വച്ചാണ് ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിനെ സ്പോൺസർ ചെയ്തത്.

നിക്ഷേപകരുടെ പ്രതീക്ഷകൾ നിറവേറ്റാൻ കഴിയുന്നതും മുത്തൂറ്റ് ഫിനാൻസിനെ സംബന്ധിച്ച് ഏറെ സംപൃപ്തി നൽകുന്നു. കോവിഡിനെ തുടർന്ന് സ്റ്റോക്ക് വിഭജനം പോലുള്ള കാര്യങ്ങളിൽ അല്പം കൂടി കാത്തിരുന്നാവും നടപടികളിലേക്ക് കടക്കുന്നത്. ഗ്രൂപ്പിന്റെ സിഎസ്ആർ   പ്രവർത്തനങ്ങൾ ഏറെ ഭംഗിയായി മുന്നോട്ട് പോകുന്നു. 2018 ലെ പ്രളയത്തിന് ശേഷമുള്ള പുനരധിവാസ പ്രവർത്തനങ്ങളുടെ  ഭാഗമായി 200 വീടുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മുത്തൂറ്റ് ആഷിയാന പദ്ധതിയിലൂടെ നിർമിച്ചു നൽകിയത്. ആരോഗ്യരംഗത്തും കൃത്യമായ ഇടപെടലുകൾ ഉണ്ട്. സിഎസ്ആർ പ്രവർത്തനങ്ങൾക്കൊപ്പം, വളരെയേറെ പ്രാധാന്യത്തോടെ ഞങ്ങൾ നടപ്പാക്കുന്ന ഒരാശയമാണ് ഐഎസ്ആർ(ഇൻഡിവിജ്വൽ സോഷ്യൽ റെസ്പോൺസിബിലിറ്റി). ധനസഹായത്തേക്കാൾ വ്യക്തിഗത ഇടപെടലുകളിലൂടെ സമൂഹത്തിന് സേവനം നൽകുക എന്ന ആശയമാണ് ഇതിനു പിന്നിൽ. കോവിഡ് കാലത്ത് കുടിയേറ്റ തൊഴിലാളികൾക്കിടയിൽ വലിയ തോതിൽ സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഇത്തരത്തിൽ മുത്തൂറ്റ് ടീം നടത്തുകയുണ്ടായി.

പ്രവർത്തനമാരംഭിച്ചത് കേരളത്തിൽ നിന്നായതുകൊണ്ട് തന്നെ മുത്തൂറ്റ് ഗ്രൂപ്പിന് കേരളത്തോടുള്ളത് ആഴത്തിലുള്ള ബന്ധമാണ്. മുത്തൂറ്റ് ഫിനാൻസിന് തന്നെ ഇവിടെ അഞ്ഞൂറിലധികം ബ്രാഞ്ചുകൾ ഉണ്ട്. ഹെൽത്ത്കെയർ മുതൽ എജ്യുക്കേഷൻ, ടൂറിസം, ഐടി തുടങ്ങി വിവിധ മേഖലകളിൽ ഗ്രൂപ്പിന് ശക്തമായ  സാന്നിധ്യവും കേരളത്തിലുണ്ട്. വലിയൊരു ഇമോഷണൽ കണക്ട് ആണ് കേരളവുമായുള്ളത്.


ലോകോത്തര ബ്രാൻഡുകളുമായി കൈകോർക്കാൻ കഴിഞ്ഞത് നിർണായകം - സാബു ജോണി

(മാനേജിങ് ഡയറക്ടർ, ഇവിഎം ഗ്രൂപ്പ് 

വ്യക്തിപരമായി ഏറെ പാഷൻ ഉള്ള മേഖലയാണ് ഓട്ടോമോട്ടീവ്. ഓട്ടോമോട്ടീവ് റീട്ടെയിൽ രംഗത്ത് പ്രവർത്തനമാരംഭിച്ചിട്ട്  ഇരുപത് വർഷത്തോളമായി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലാണ് ശ്രദ്ധേയമായ വളർച്ച കൈവരിക്കാൻ സാധിച്ചത്. ഞങ്ങളുടെ പോർട്ട്ഫോളിയോയിൽ ഒപ്പമുള്ള ലോകോത്തര ബ്രാൻഡുകൾ എല്ലാം തന്നെ ഇന്ത്യൻ വിപണിയിൽ വലിയ വെല്ലുവിളി നേരിടുന്നവയാണ്. ഫോക്സ്‌വാഗൺ മുതൽ പുതിയ ബ്രാൻഡ് ആയ സിട്രോൺ വരെ ഇന്ത്യൻ വിപണിയിൽ വൈകിയാണ്  രംഗപ്രവേശം ചെയ്തിട്ടുള്ളത്. എന്നിരിക്കിലും ബിഎസ് 4 ൽ നിന്ന് ബിഎസ് 6 ലേക്കുള്ള മാറ്റങ്ങളൊക്കെ ഈ ബ്രാൻഡുകൾക്ക് മുന്നേറാൻ സഹായകമാവുന്നുണ്ട്. മുൻപ് ഇന്ത്യൻ ബ്രാൻഡുകൾക്ക് മാത്രം വിപണിയിൽ മുൻ‌തൂക്കം ലഭിക്കുന്ന തരത്തിൽ പോളിസി ഇടപെടലുകൾ ഉണ്ടായിരുന്നു. എന്നാലിപ്പോൾ ഒരു ലെവൽ പ്ലെയിങ് ഫീൽഡ് ആയി ഓട്ടോമൊബൈൽ സെഗ്മെന്റ് മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ ലോകോത്തര ബ്രാൻഡുകളുമായി കൈകോർക്കാൻ കഴിഞ്ഞത് വരും നാളുകളിൽ പ്രയോജനപ്രദമാകും. തുടർച്ചയായ യാത്രകളും ഇൻഡസ്ട്രിയിലെ ചലനങ്ങൾ കൃത്യമായി പിന്തുടരുന്നതുമൊക്കെ ബിസിനസിലെ മുന്നേറ്റത്തിന്  സഹായകമായിട്ടുമുണ്ട്. ഒരിക്കലെങ്കിലും  ഞങ്ങളുടെ പക്കൽ എത്തുന്ന ഉപഭോക്താക്കൾ പൂർണ്ണസംതൃപ്തിയോടെയാണ് മടങ്ങുന്നതെന്ന് ഉറപ്പ് വരുത്തുന്നതിൽ ഏറെ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെ പിന്തുണ വലുതാണ്. ജീവനക്കാരുടെയും കുടുംബത്തിന്റെയും സപ്പോർട്ടും നിർണായകമാണ്.

കോവിഡ് കാലത്ത് ചെലവുകൾ നിയന്ത്രിക്കുന്ന കാര്യങ്ങളിലായിരുന്നു ഇവിഎം ഗ്രൂപ്പ് ഏറെ ശ്രദ്ധിച്ചത്. വാഹനങ്ങളുടെ സ്റ്റോക്ക് ആണ് പ്രധാന എക്സ്പെൻസ്‌ ഫാക്ടർ. ഇക്കാര്യത്തിൽ വാഹന നിർമാതാക്കളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചു. പ്രവർത്തന ചെലവുകൾ നിയന്ത്രിച്ചു നിറുത്തുന്നതിൽ ശ്രദ്ധിക്കുക, ഒപ്പം ജീവനക്കാരെ ഒഴിവാക്കുന്ന സാഹചര്യം ഉണ്ടാകാതെ നോക്കുക തുടങ്ങിയ കാര്യങ്ങളിലായിരുന്നു ഫോക്കസ്. നിലവിലെ സാഹചര്യത്തിൽ പൊതുഗതാഗത സംവിധാനങ്ങളും ടാക്സി ഷെയറിങ് പോലുള്ള സൗകര്യങ്ങളും മറ്റും ഉപയോഗപ്പെടുത്തുന്നതിൽ ജനങ്ങൾക്ക് വിമുഖതയുണ്ട്. കൊവിഡിന് ഒരു ശാശ്വത പരിഹാരം ഉണ്ടാകുന്നത് വരെ ഈ സ്ഥിതി തുടർന്നേക്കും. അതുകൊണ്ട് തന്നെ വാഹന വിപണിയിൽ വെല്ലുവിളികൾക്കിടയിലും ചെറിയ മൊമെന്റം നിലവിലുണ്ട്. എന്നാൽ ലോങ്ങ് ടേമിൽ വെല്ലുവിളികൾ ഏറെ നേരിടേണ്ടതുണ്ട്. 

പുതിയ കാലഘട്ടത്തിൽ, പ്രത്യേകിച്ച് കോവിഡ് അനന്തര കാലഘട്ടത്തിൽ വാഹനങ്ങളുടെ ഇന്ധനക്ഷമതയും മലിനീകരണനിയന്ത്രണവുമൊക്കെ കാര്യമായിത്തന്നെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഓട്ടോമോട്ടീവ് റീട്ടെയിൽ രംഗത്തും, ഈ മാറ്റങ്ങൾ നിർണായകമാവുകയാണ്. ബിഎസ്6 പോലുള്ള ഗ്ലോബൽ സ്റ്റാൻഡാർഡ്‌സ് നിലവിൽ വരുന്നതോടെ മികച്ച ടെക്‌നോളജി കൈവശമുള്ള നിർമാതാക്കൾക്ക് മേൽക്കൈ ലഭിക്കുകയാണ്. ഇലക്ട്രിക് കാറുകളും മറ്റും വലിയ തരംഗമായി മാറിയേക്കാം. ഒപ്പം കണക്റ്റിംഗ് കാർ എന്ന ആശയം; കാർ ഒരു കമ്മ്യൂണിക്കേഷൻ ഡിവൈസ് ആയി മാറുന്ന സാഹചര്യമാണുള്ളത്. ഡീലർഷിപ്പുകൾ പോലും അപ്രസക്തമാവുന്ന തരത്തിലാണ് ഈ രംഗത്തെ വളർച്ച. ടെസ്ല പോലുള്ള ആഗോള ബ്രാൻഡുകൾ ഡീലർഷിപ്പ് രഹിത വില്പന മാതൃകയാണ് സ്വീകരിച്ചിരിക്കുന്നത്. നാവിഗേഷൻ സിസ്റ്റം പോലുള്ള സർവീസസ് പോലും സോഫ്റ്റ്‌വെയർ മാതൃകയിലാണ് സാധ്യമാക്കുന്നത്.പ്രവചനങ്ങൾക്കപ്പുറം ഇത്തരം വലിയ മാറ്റങ്ങൾക്കാണ്ഈ സെക്ടർ  വേദിയാവുന്നത്. ഡിസ്‌റപ്റ്റീവ് ആയ ഈ മാറ്റങ്ങളോട് അതിവേഗം പൊരുത്തപ്പെടാൻ കഴിയുന്ന ഡീലേഴ്‌സിന് മാത്രമാവും നിലനിൽക്കാനും വിജയിക്കാനും കഴിയുക.


എൻജിനീയറിംഗിൽ കേരളത്തിനുള്ളത് ആഗോളമികവ്  - അനിൽ ജോസഫ് 

(സ്ട്രക്ച്ചറൽ എഞ്ചിനീയർ, മാനേജിങ് ഡയറക്ടർ -  ജിയോ സ്ട്രക്ചറൽസ്)

സ്ട്രക്ച്ചറൽ എൻജിനീയേഴ്‌സ് പൊതുവെ പ്രൊജക്ടുകളുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരാണ്. നിർമാണങ്ങളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ പരിഹരിക്കേണ്ടി വരുമ്പോഴും, അതീവ ശ്രദ്ധയോടെ  പുനർനിർമാണങ്ങളും മറ്റും നടപ്പാക്കേണ്ട സാഹചര്യങ്ങളിലുമൊക്കെയാണ് സ്ട്രക്ച്ചറൽ എൻജിനീയേഴ്‌സിന്റെ കൂട്ടായ്‌മ മുന്നോട്ട് വരാറുള്ളത്. മരട് ഫ്‌ളാറ്റുകൾ പൊളിച്ചു മാറ്റേണ്ടി വന്നപ്പോഴും പാലാരിവട്ടം മേൽപ്പാലം വിഷയത്തിലുമൊക്കെ ഇത്തരത്തിൽ കൂട്ടായ ഒരു പ്രവർത്തനമാണ് എഞ്ചിനീയേഴ്‌സ് അസ്സോസിയേഷൻ്റെ ഭാഗത്തു നിന്നുണ്ടായത്. മരടിൽ കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചു മാറ്റാൻ ഉത്തരവിട്ട അഞ്ച് ഫ്‌ളാറ്റുകളിൽ നാലെണ്ണത്തിന്റെ സ്ട്രക്ച്ചറൽ എഞ്ചിനീയറിംഗ്  പൂർത്തിയാക്കിയത് ജിയോ സ്ട്രക്ച്ചറൽസ് ആയിരുന്നു. അത് പൊളിച്ചുമാറ്റാൻ രൂപീകരിച്ച വിദഗ്ദ്ധ സംഘത്തിന് നേതൃത്വം വഹിക്കേണ്ട ഉത്തരവാദിത്തം വന്നുചേർന്നതും ഞങ്ങളിലായിരുന്നു. സ്വന്തം കുഞ്ഞുങ്ങൾക്ക് ദയാവധം നൽകേണ്ടി വരുന്നതിന് സമാനമായ ഒരു അവസ്ഥയിലൂടെയാണ് അന്ന് കടന്ന് പോയത്. കോടതി ഉത്തരവ് വരുന്നതുവരെ അത് പൊളിക്കേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നതേയല്ല; 357 കുടുംബങ്ങളായിരുന്നു ആ ഫ്‌ളാറ്റുകളിൽ താമസം. അവസാനനിമിഷം ദൗർഭാഗ്യവശാൽ, ഫ്‌ളാറ്റുകൾ പൊളിച്ചേ  തീരൂ എന്ന സ്ഥിതി വന്നപ്പോൾ, ചുറ്റുവട്ടങ്ങളിലുള്ള നൂറുകണക്കിന് മനുഷ്യരുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കാതെ സുരക്ഷിതമായി അത് ചെയ്യേണ്ടിയിരുന്നു. ഈ നിർമിതികളുടെ സ്ട്രക്ച്ചർ ഏറ്റവും കൃത്യമായി അറിയാവുന്നയാൾ എന്ന നിലയിൽ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. 2500 ലധികം ഹൈറൈസ് ബിൽഡിങ്ങുകൾ ഡിസൈൻ ചെയ്തിട്ടുണ്ടെങ്കിലും ഒരു കെട്ടിടം പൊളിച്ചു മാറ്റേണ്ട നടപടിയുടെ ഭാഗമാവേണ്ടി വന്നത് ആദ്യമായിട്ടായിരുന്നു. 

പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ സംഭവിച്ചത് കേരളം കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. 2014 ൽ നിർമാണം തുടങ്ങി 2016 ൽ പണി പൂർത്തിയാക്കി. പാലം ഉദ്ഘാടനം ചെയ്തത് ധൃതി കൂട്ടിയായിരുന്നു; ടാറിങ് നടത്തേണ്ടി വന്നത് മഴക്കാലത്തും. സ്ളാബുകൾക്കിടയിലെ ജോയിന്റ് ഗ്യാപ് ഒഴിവാക്കാൻ ഉപയോഗിച്ച പുതിയ ടെക്‌നോളജിയിലെ ചെറിയ പിഴവിനെ തുടർന്ന് വിള്ളലുകൾ രൂപപ്പെട്ടത് രണ്ട് മാസത്തിനുള്ളിൽ നിർമാണ കമ്പനി തന്നെ കണ്ടെത്തുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തു. പിഴവുകൾ പരിഹരിക്കാൻ 2 മാസം സമയവും ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ ഐഐടി പഠനത്തിൽ ഇത് വ്യക്തമായതിനെ തുടർന്ന് പാലം അടച്ചു രണ്ട്  മാസത്തിനുള്ളിൽ റിപ്പയർ പൂർത്തിയാക്കി. എന്നാൽ ഒരു സുപ്രഭാതത്തിൽ പാലം പൊളിക്കാൻ ഒരുങ്ങുന്നെന്ന വാർത്തയാണ് കേരളം കേട്ടത്. അതിനെതിരെയാണ് സ്ട്രക്ച്ചറൽ എഞ്ചിനീയേഴ്‌സ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. റിപ്പയർ വർക്കുകൾ എല്ലാം തീർത്ത പാലത്തിൽ ലോഡ് ടെസ്റ്റ് നടത്തി ആധികാരികത ഉറപ്പ് വരുത്തണമെന്ന് മാത്രമായിരുന്നു ഞങ്ങളുടെ ആവശ്യം. അതിനിനിയും സർക്കാർ തയാറായിട്ടില്ല. കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണം സംരക്ഷിക്കാൻ കൂടിയുള്ളതാണ് ഈ വിഷയത്തിൽ ഞങ്ങളുടെ പോരാട്ടം. 

എൻജിനീയറിങ് രംഗത്ത് കേരളത്തിന് വലിയ മികവുണ്ട്. ലോകത്തെ മുൻനിര എൻജിനീയറിങ് വിദഗ്ദ്ധരോട് കിടപിടിക്കാൻ കഴിയുന്ന പ്രൊഫഷണലുകളും നമ്മുടെ നാട്ടിലുണ്ട്. അമേരിക്കയിലെയും ചൈനയിലെയും ഒക്കെ പല പ്രൊജക്ടുകൾക്കും ഇവിടെ കൊച്ചിയിൽ നിന്ന് തന്നെ ഞങ്ങൾ എൻജിനീയറിങ്ങിൽ വിദഗ്ധോപദേശം നൽകുന്നു. ഗവണ്മെന്റിനും അതോറിറ്റികൾക്കും നമ്മുടെ എൻജിനീയേഴ്‌സിലും അവരുടെ പ്രൊഫഷണൽ വൈദഗ്ധ്യത്തിലും വിശ്വാസമുണ്ടായിരിക്കുക എന്നതാണ് പ്രധാനം. 


ക്രീയേറ്റീവായി ചിന്തിക്കാനായാൽ കോറോണയ്ക്ക് ശേഷം അതിവേഗത്തിൽ വളരാനാകും - ഡെന്നി തോമസ് വട്ടക്കുന്നേൽ 

(സാന്റാ മോണിക്കയുടെ സഹ സ്ഥാപകനും മാനേജിങ് ഡയറക്ടറും, എഴുത്തുകാരൻ)

ഇന്ത്യയിൽ നിന്ന് ലക്ഷക്കണക്കിന് പേരാണ് വിദേശപഠനത്തിന് പോകുന്നത്. കൊറോണ വന്നതുകൊണ്ട് രണ്ട് ഇൻടേക് ആണ് കുട്ടികൾക്ക് നഷ്ടമായത്. എന്നാൽ ഒരു വർഷത്തെ ഇടവേള വന്നാലും പോകേണ്ട കുട്ടികൾ പോകും. വിദേശ പഠനത്തെ പഠനം എന്ന രീതിയിൽ മാത്രമല്ല ഇപ്പോൾ കാണുന്നത്. കുടിയേറ്റം എന്ന ലക്ഷ്യത്തോടെയാണ് അവരിന്ന് വിദേശത്തേക്ക് പോകുന്നത്. ഒരു വർഷം ഒരു ലക്ഷം കുട്ടികളെങ്കിലും വിദേശത്തേക്ക് പോയാലെ കേരളം രക്ഷപ്പെടൂ. കൊറോണ വന്നതോടെ ആളുകൾക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലായി. വിദേശവിദ്യാർത്ഥികൾക്ക്  ആ രാജ്യങ്ങൾ കോറോണകാലത്ത് വലിയ പിന്തുണ നൽകി. അതിനാൽ തന്നെ ഇനിയും ഈ കുടിയേറ്റത്തിന് സാധ്യതയുണ്ട്. 

കൊറോണ വന്നപ്പോഴാണ് നമ്മൾ പുതിയ കാര്യങ്ങളെക്കുറിച്ചൊക്കെ ചിന്തിക്കുന്നത്. കേരളത്തെ സംബന്ധിച്ചു ഇവിടെ നിരവധി മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. പക്ഷെ പല എഞ്ചിനീയറിംഗ് കോളേജുകളിലും കുട്ടികളില്ല. വിവിധ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ഒരാളെന്ന നിലയിൽ എനിക്ക് തോന്നിയിട്ടുള്ളത് അവിടുങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ വന്നു പഠിക്കാൻ തയ്യാറാണ്. ഇവിടുത്തെ ഫീസ് അവരെ സംബന്ധിച്ചു വലിയ ബാധ്യതയല്ല. അതാത് രാജ്യങ്ങളുടെ സ്കോളർഷിപ്പോടെയാണ് കുട്ടികൾ വരിക. കേരളം തീരുമാനിച്ചാൽ ഒരുപാട് കുട്ടികൾ ഇങ്ങോടെത്തും. അതോടെ നമ്മുടെ സമ്പദ്‌രംഗം തന്നെ മാറും. ഒരുപാട് പുതിയ തൊഴിൽ ഉണ്ടാകും.

അതുപോലെ നമ്മുടെ കോളേജുകളൊക്കെ മാറി ചിന്തിക്കേണ്ട കാലം കഴിഞ്ഞു. വിദേശ യൂണിവേഴ്സിറ്റികളൊക്കെ സഹകരണത്തിന് തയ്യാറായി നിൽക്കുന്നു. അത് നമ്മുടെ കോളേജുകൾ ഉപയോഗപ്പെടുത്തണം. വിദ്യാർത്ഥി-അധ്യാപക എക്സ്ചേഞ്ച് പ്രോഗ്രാമുകൾ ഉപയോഗപ്പെടുത്തണം. അങ്ങനെ ക്രീയേറ്റീവ് ആയി ചിന്തിക്കാനായാൽ കോറോണയ്ക്ക് ശേഷം നമുക്ക് അതിവേഗത്തിൽ വളരാനാകും. ഞങ്ങളുടെ അനുഭവപരിചയം സാധാരണക്കാരായ മറ്റുള്ളവർക്ക് എങ്ങനെ ഉപകാരപ്പെടുത്താം എന്നാണ് ഞങ്ങൾ ചിന്തിക്കുന്നത്. അന്താരാഷ്ട്ര അനുഭവം എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാകണം. സമൂഹത്തിൽ ഏറ്റവും താഴെട്ടത്തിലുള്ളവർക്കും എങ്ങനെ ഇതൊക്കെ പ്രാപ്യമാക്കാം എന്നതാണ് ഗൗരവമായി ചിന്തിക്കേണ്ടത്.


ടൂറിസം മേഖലയിൽ ഉണ്ടായതുപോലുള്ള വിപ്ലവം വിദ്യാഭ്യാസ മേഖലയിലും ഉണ്ടാകണം - പി എ മാത്യു

(ഗ്രേസ് ഇന്റർനാഷണൽ അക്കാദമി ഫൗണ്ടർ & ചെയർമാൻ)

പുനലൂരിന്റെ ഒരു ചരിത്ര പശ്ചാത്തലം നോക്കിയാൽ അതൊരു വ്യാവസായിക നഗരമായിരുന്നു. പഠനത്തിനും ജോലിക്കുമായെല്ലാം ഞാൻ ഒരു 30 വർഷമായി ഇവിടെനിന്ന് മാറി നിൽക്കുകയായിരുന്നു. ഓരോ തവണ ഇവിടെ തിരിച്ചെത്തുമ്പോഴും പുനലൂരിന്റെ ഒരു തകർച്ചയാണ് ഞാൻ കണ്ടിരുന്നത്. എന്തുകൊണ്ട് പുനലൂരിന് മാറ്റങ്ങൾ വരുന്നില്ല എന്ന് ഞാൻ ചിന്തിച്ചിരുന്നു. അതിനു ചെറിയൊരു മാറ്റമെന്ന നിലയിലായിരുന്നു ഗ്രേസ് ഇന്റർനാഷണൽ എന്ന ആശയം. അതിനും ഒരുപാട് പ്രശ്നങ്ങൾ നേരിട്ടു. ചെറിയ നഗരങ്ങളിലുള്ളവർക്ക് വലിയ നഗരങ്ങളിൽ പോയി പഠിക്കണം. അതുപോലെ നഗരങ്ങളിൽ ഉള്ളവർക്ക് ചെറിയ നഗരങ്ങളിലേക്ക് വരാൻ താല്പര്യമില്ല. മറ്റൊന്ന് ആർട്സ് & സയൻസ് മേഖല പൊതുവെ അവഗണിക്കപ്പെടുന്ന ഒന്നാണ്. പ്രൊഫഷണൽ കോഴ്സുകൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. എന്നാൽ ആർട്സ് & സയൻസ് മേഖലയുടെ വളർച്ചയാണ് ഞാൻ എന്റെ സ്ഥാപനത്തിലൂടെ ലക്ഷ്യമിടുന്നത്. മൂന്നാമതായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശ്വാസ്യത നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. പരസ്പര വിശ്വാസത്തിന് പകരം ഇത്തരം സ്ഥാപനങ്ങളിൽ നമ്മളിപ്പോൾ കാണുന്നത് ക്യാമറകൾ ആണ്. ക്യാമറകൊണ്ട് വിദ്യാർത്ഥികളെ കീഴ്‌പ്പെടുത്തുവാൻ ശ്രമിച്ചാൽ വിദ്യാഭ്യാസത്തിന്റെ മൂല്യമാണ് നഷ്ടമാകുന്നത്. അതിനൊക്കെ മാറ്റം വേണം. ഇതൊരു ആശയമാണ്. വിജയിക്കുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണണം.

സ്വയംഭരണം സാധ്യമാകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നുവരണം. അതിവിടെ ആരും അനുവദിക്കുന്നില്ല. നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ പ്രശ്നം, ഇതിന്റെ തലപ്പത്തിരിക്കുന്ന ആളുകൾക്ക് വിദ്യാഭ്യാസവുമായി യാതൊരു ബന്ധവുമില്ല എന്നതാണ്. വളരെ മുന്നേ തന്നെ ഇവിടെ വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമായിരുന്നു. എന്നാൽ ബോധപൂർവം അതിനു ശ്രമിച്ചില്ല. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങൾ പരിശോധിച്ചാൽ അവിടെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ വന്നു. ഇവിടെ ഗ്രാമീണ മേഖലയിലുള്ള വിദ്യാർത്ഥികൾക്ക് അവസരങ്ങളില്ല. കുടിയേറ്റം മാത്രമാണ് അവർക്കുള്ള വഴി. അതാണ് ഇപ്പോഴും ഇന്ത്യയിൽ നിന്ന് പഠനത്തിനായി കുട്ടികൾ പുറത്തേക്ക് പോകുന്നത്. കേരളത്തിൽ ടൂറിസം മേഖലയിൽ ഉണ്ടായതുപോലുള്ള വിപ്ലവം വിദ്യാഭ്യാസ മേഖലയിലും ഉണ്ടാകണം.

ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പെട്ടന്ന് തന്നെ ജോലി വാങ്ങി നൽകാനാണ് ഞാൻ ശ്രമിക്കാറുള്ളത്. ക്യാമ്പസിനുള്ളിൽ വെച്ച് തന്നെ അവർക്ക് ഒരു ലക്ഷ്യമുണ്ടാക്കി നൽകുന്നു. ക്രിട്ടിക്കൽ തിങ്കിങ്, ക്രീയേറ്റിവിറ്റി, കോളാബറേഷൻ, കമ്മ്യൂണിക്കേഷൻ എന്നീ നാലു സ്കില്ലുകൾ ഡെവലപ്പ് ചെയ്‌താൽ ഒരുപക്ഷേ പെട്ടന്ന് അവർക്ക് ജീവിതത്തിൽ ഒരു സ്ഥാനം കണ്ടെത്താൻ സാധിക്കും. എന്റെ ലോകം എന്റെ വിദ്യാർത്ഥികളാണ്. അവർക്ക് വേണ്ടി പരമാവധി നൽകുക എന്നതാണ് ഒരു അധ്യാപകൻ എന്ന നിലയിൽ ഞാൻ ചെയ്യാൻ ശ്രമിക്കുന്നത്.


സാഹചര്യങ്ങൾക്കനുസരിച്ച് മാറിയവർക്ക് മുന്നേറാൻ സാധിച്ചു - ഗീതു ശിവകുമാർ

(പേസ് ഹൈടെക് ഫൗണ്ടർ & സിഇഒ)

കൊറോണ വളരെ അപ്രതീക്ഷിതമായിരുന്നു. എന്നാൽ ഐടി കമ്പനികൾക്ക് കൊറോണ താരതമ്യേന നേട്ടമാണ് നൽകിയിട്ടുള്ളത്. വിവിധ മേഖലകളിലുള്ള കമ്പനികൾ എല്ലാം കൂടുതൽ ഡിജിറ്റലൈസ് ആയി. അതിന്റെ നേട്ടം ഞങ്ങൾ ഉൾപ്പെടെയുള്ള ഐടി കമ്പനികൾക്ക് ലഭിച്ചു. ഓർഗനൈസേഷനൽ ട്രാൻസ്ഫോർമേഷൻ ഈ കാലഘട്ടത്തിൽ വേണ്ടിവന്നു. പൂർണമായും വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറുക എന്നത് അത്ര എളുപ്പമായിരുന്നില്ല. എന്നാൽ സാങ്കേതികവിദ്യയുടെ പിന്തുണയോടെ ആ പ്രതിസന്ധികളെയും അതിജീവിക്കാനായി. എന്നാൽ പൊതുവെ സ്റ്റാർട്ടപ്പ് മേഖലയെക്കുറിച്ച് സംസാരിക്കുമ്പോൾ കോവിഡ് പ്രതികൂലമായി ബാധിച്ച ഒരുപാട് പേരെക്കുറിച്ച് അറിയാം. ഷോപ്പുകൾ ഉൾപ്പെടെയുള്ളവ പ്രതിസന്ധിയിലായി. എന്നാൽ ഇ-കോമേഴ്‌സ് അതിന്റെ ഉച്ചസ്ഥായിയിലെത്തി. സാഹചര്യങ്ങൾക്കനുസരിച്ച് മാറുവാൻ സാധിച്ചവർക്ക് പിടിച്ചു നിൽക്കുവാനും മുന്നേറുവാനും സാധിച്ചു.

സ്കൂളിൽ പഠിക്കുന്ന സമയത്ത് ബയോടെക്നോളജിയുമായി ബന്ധപ്പെട്ട് ഒരു ഫെല്ലോഷിപ് കിട്ടിയിരുന്നു എനിക്ക്. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തായിരുന്നു അത്. എന്റെ സ്കൂൾ നല്ല പിന്തുണയാണ് നൽകിയത്. ബിയോടെക്നോളജി കരിയർ ആക്കണമെന്ന് എനിക്കുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ അതിനു ജോലി സാധ്യതകളില്ല എന്ന് മറ്റുള്ളവർ പറഞ്ഞതോടെ അതിൽ നിന്ന് പിന്മാറി. പിന്നീടാണ് സ്വന്തമായി കോഡിങ് പഠിച്ചതും അതിൽ താല്പര്യം തോന്നിയതും. ഫ്രീലാൻസ് ആയി ആദ്യകാലങ്ങളിൽ ഐടി പ്രൊജക്റ്റ് ചെയ്തിരുന്നു. പിന്നീട് സുഹൃത്തുക്കളുമായി ചേർന്നാണ് സ്റ്റാർട്ടപ്പ് തുടങ്ങിയത്. ഇപ്പോൾ ഏകദേശം 15 രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം പ്രൊജക്ടുകൾ കമ്പനി ചെയ്‌തു.  സാഹചര്യങ്ങൾക്കനുസരിച്ച് മാറുവാനും പുതിയ അവസരങ്ങൾ കണ്ടെത്തുവാനും സാധിക്കണം. അങ്ങനെ കൂടുതൽ വളർച്ചയിലേക്കെത്താനാകും.


എൻആർഐയും ടൂറിസവുമാണ് ഏറ്റവും സാധ്യതകളുള്ള മേഖലകൾ - അനിൽ മുഹമ്മദ്

(ഗ്രാൻഡ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡയറക്ടറായിരുന്നു, സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം)

കൊറോണ ആരോഗ്യ പ്രശ്നത്തേക്കാളുപരി വലിയ സാമൂഹ്യ പ്രശ്നം കൂടിയാണ്. ടൂറിസം മേഖലയിൽ വളരെ വെല്ലുവിളികൾ സ്രഷ്ടിക്കുന്നു അത്. മറ്റ് പല മേഖലകളും തുറക്കപ്പെട്ടെങ്കിലും ടൂറിസം മേഖല തുറക്കുന്നതിന് ചില വെല്ലുവിളികളുണ്ട്. കൊറോണ വന്നതോടെയാണ്, ഓരോ മനുഷ്യരും ഈ ലോകമെന്ന കുടുംബത്തിലെ അംഗമാണെന്ന തിരിച്ചറിവ് എല്ലാവര്ക്കും ഉണ്ടായത്. ടൂറിസം മേഖല തിരിച്ചുവരാൻ കൊറോണ കാലം കഴിഞ്ഞും ഒരുപക്ഷെ വർഷങ്ങൾ എടുക്കും. അങ്ങനെയാണ് ആ മേഖലയുടെ അവസ്ഥ. കാരണം ടൂറിസത്തിന്റെ സമസ്ത മേഖലകളും കൊറോണയുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധിയും വെല്ലുവിളിയുമാണ് നേരിടുന്നത്.

ഗ്രാൻഡ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവൽ എന്ന ആശയം കൊണ്ടുവന്നത് തന്നെ ട്രാവൽ ഏക്സ്‌പീരിയൻസ് പൂർണമായും ടൂറിസ്റ്റുകൾക്ക് ആസ്വാദ്യമാക്കുന്നതിന് വേണ്ടിയാണ്. കേരളത്തെ സംബന്ധിച്ചു എൻആർഐയും ടൂറിസവുമാണ് ഏറ്റവും സാധ്യതകളുള്ള രണ്ട് മേഖലകൾ. നമ്മുടെ ഓരോ ഗ്രാമങ്ങൾക്കും ആർക്കും പകർത്താനാകാത്ത തനതായ കലകളോ പാരമ്പര്യങ്ങളോ ഉണ്ട്. അത്തരം കാര്യങ്ങളെ കണ്ടെടുകയും പ്രദർശിപ്പിക്കുകയും വിദേശികൾക്ക് മുന്നിൽ അവ വിൽക്കാനാകുകയും അതുവഴിയുണ്ടാകുന്ന സാമ്പത്തീക മുന്നേറ്റത്തിലൂടെ ഒരു സാമൂഹ്യപുരോഗതി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്.

ടൂറിസം എന്നത് ഒരാൾ ഒരു സ്ഥലത്ത് നേരിട്ട് ചെന്ന് അനുഭവിച്ചറിയേണ്ട ഒരു ഫീൽ കൂടിയാണ്. അതിനു സുരക്ഷിതവും ശാന്തവുമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. അവിടെ ടെക്നോളജിയും മനുഷ്യനും രണ്ടും രണ്ടായി കാണേണ്ടതുണ്ട്. ജീവനാണ് ഏറ്റവും മുഖ്യം. അതിനു ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ അതിന്റെ ബുദ്ധിമുട്ട് ടൂറിസം മേഖലയിൽ ഉണ്ടാകും. എന്നാൽ ഫ്രീ ലൈഫ് തുടങ്ങുന്നതോടെ വലിയ തിരക്കാകും ഈ മേഖലയിൽ ഉണ്ടാകുക.

നമ്മുടെ ഓരോ ഗ്രാമത്തിലും വൈവിധ്യങ്ങളായ ടൂറിസം സ്പോട്ടുകൾ ഉണ്ടാകും. അത്തരം പ്രാദേശിക ടൂറിസം പോയിന്റുകൾ വളർത്തണം.

ഓരോ ഗ്രാമത്തിനും ജീവനുണ്ട്, അവിടെ കുറെ മനുഷ്യരുണ്ട്. മുഖമില്ലാത്ത, ശബ്ദമില്ലാത്ത, മുഖ്യധാരാ മാധ്യമങ്ങൾ ശ്രദ്ധിക്കാത്ത ഒരുപിടി മനുഷ്യർ. അത്തരം ആളുകളുടെ സമഗ്രവളർച്ചയ്ക്ക് വേണ്ടി ഐക്യരാഷ്ട്ര സഭ തുടങ്ങിവച്ച, ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ച ഒരു ആശയമാണ് കമ്മ്യൂണിറ്റി റേഡിയോ. അത്തരമൊരു റേഡിയോയുടെ ഭാഗമായിരിക്കുന്നതിൽ സന്തോഷമുണ്ട്.

കൊച്ചുകൊച്ചു കാര്യങ്ങളിലൂടെയാണ് നമുക്ക് വലിയ കാര്യങ്ങൾ ചെയ്യാനാകുക. ഏത് സ്ഥാനത്തിരുന്നാലും സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവരെക്കുറിച്ച് ചിന്തയുണ്ടാകണം. ഞാനതിലാണ് വിശ്വസിക്കുന്നത്. നമ്മൾ സ്വയം മാറണം. സമൂഹത്തിൽ ഏറ്റവും സാധാരണക്കാരായ മനുഷ്യരെ ഹൃദയത്തിൽ സൂക്ഷിക്കണം.


ലോകമെമ്പാടുമുള്ള പ്രവാസി മലയാളി സാന്നിധ്യം കേരളത്തിനായി പ്രയോജനപ്പെടുത്തുകയാണ് ലക്‌ഷ്യം - പ്രിൻസ് പള്ളിക്കുന്നേൽ

(വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ, ഫൗണ്ടർ & സിഇഒ - പ്രൊസി ഗ്രൂപ്പ്, ഓസ്ട്രിയ)

ഓസ്ട്രിയ ഒരു ഗ്ലോബൽ ടൂറിസം ഡെസ്റ്റിനേഷൻ ആയതുകൊണ്ട് തന്നെ കോവിഡ് പൊതുവിൽ ഇക്കോണമിയെയും ബിസിനസിനെയുമൊക്കെ ബാധിച്ചിട്ടുണ്ട്. വ്യക്തിപരമായ അനുഭവം പറഞ്ഞാൽ സൂപ്പർമാർക്കറ്റ് ബിസിനസിൽ  കാര്യമായ പ്രശ്നങ്ങൾ ഇല്ല; എന്നാൽ റെസ്റ്റോറന്റ്, റിയാൽറ്റി ബിസിനസുകളെ ബാധിച്ചിട്ടുണ്ട്. അതേസമയം റെസ്റ്റോറന്റ് ഉൾപ്പെടെയുള്ള സെക്ടറുകളിൽ ഗവണ്മെന്റ് വലിയ സഹായം നൽകുന്നുണ്ട്.

1999 ലാണ് പ്രൊസി  ഗ്രൂപ്പിന് തുടക്കമിടുന്നത്. പോളൈറ്റ്‌നെസ്, റെസ്‌പെക്ട്, ഒബീഡിയൻസ്, സർവീസ്, ഇന്റിമസി എന്നതിന്റെ ചുരുക്കപ്പേരാണ് പ്രൊസി (PROSI). പുതിയൊരു ഭക്ഷ്യ സംസ്കാരത്തിനും, ഷോപ്പിംഗ് സംസ്കാരത്തിനും ഓസ്ട്രിയയിൽ  തുടക്കമിടാൻ കഴിഞ്ഞു എന്നതാണ് സന്തോഷകരമായ കാര്യം. 180 ഓളം രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ പ്രൊസി ഗ്രൂപ്പിന്റെ ഉപഭോക്താക്കളാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രൊസി നടത്തിവരുന്ന പാചക ക്ളാസുകൾ വിവിധ രാജ്യങ്ങളിലെ പാചകസംസ്കാരങ്ങൾ പരസ്പരം പരിചയപ്പെടുത്തുന്നതിലും സാംസ്കാരിക വിനിമയത്തിലും വലിയ പങ്ക് വഹിക്കുന്നു. അതോടൊപ്പം പ്രൊസി ഗ്ലോബൽ ചാരിറ്റി ഫൗണ്ടേഷൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്നദ്ധസേവന പ്രവർത്തനങ്ങൾ നടത്തുന്നു. വിവിധ രാജ്യങ്ങളിൽ നേരിട്ട് പോയാണ് ഇക്കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. 

വേൾഡ് മലയാളി ഫെഡറേഷന്റെ പ്രവർത്തനങ്ങളും വളരെ സജീവമായി നടക്കുന്നു. 160 രാജ്യങ്ങളിൽ സാന്നിധ്യമുള്ള  വേൾഡ് മലയാളി ഫെഡറേഷൻ ഇന്ന് ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയാണ്. കോവിഡ് കാലത്ത് പ്രവാസികൾക്കായി ചാർട്ടേർഡ് ഫ്‌ളൈറ്റുകൾ ഉൾപ്പെടെ വളരെ ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ സംഘടനയ്ക്ക് കഴിഞ്ഞു. മലയാളി പ്രവാസികളുടെ ലോകമെമ്പാടുമുള്ള സാന്നിധ്യം മലയാളി സമൂഹത്തിനായി പ്രയോജനപ്പെടുത്താനുള്ള വിവിധ പദ്ധതികളാണ്  വേൾഡ് മലയാളി ഫെഡറേഷൻ ആവിഷ്കരിച്ചിട്ടുള്ളത്. കുട്ടികൾക്ക്  മലയാളം പകർന്നു നൽകുന്നത്  പോലുള്ള പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമാണ്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story