EDITORIAL

'ഐക്കൺ ടോക്ക് - സ്ട്രെയിറ്റ് ഫ്രം ദി ഹാർട്ട്': എപ്പിസോഡ് -3

Newage News

23 Sep 2020

ദശകത്തിൽ, വ്യത്യസ്ത മേഖലകളിൽ നിർണായകമായ മാറ്റത്തിന് ചാലക ശക്തിയായ മലയാളി ഐക്കണുകളെ കണ്ടെത്താനുള്ള ന്യൂഏജ് ഐക്കൺ 'ചേഞ്ച് മേക്കേഴ്‌സ് 2020' സീരീസിന്റെ ക്ലബ് 25 പട്ടികയിൽ ഇടംപിടിച്ച പ്രഗത്ഭ വ്യക്തികൾ മനസ് തുറക്കുന്നു. 'ഐക്കൺ ടോക്ക് - സ്ട്രെയിറ്റ് ഫ്രം ദി ഹാർട്ട്' സീരീസിന്റെ അവസാന ഭാഗം: 


വിജയത്തിൽ നിർണായകമായത് ടെക്‌നോളജിയുടെ സാന്നിധ്യം - മാത്യു ജോസഫ്

(കോഫൗണ്ടർ & ചീഫ് ഓപ്പറേറ്റിങ് ഓഫീസർ, ഫ്രഷ് ടു ഹോം)  

2012 ൽ ഓൺലൈൻ സംവിധാനമുപയോഗിച്ച് ഉപഭോക്താക്കൾക്ക്  ഫ്രഷ് മത്സ്യം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ  സീ റ്റു ഹോം എന്ന സംരംഭവുമായി രംഗത്ത് വരുമ്പോൾ ഏറ്റവും വലിയ വെല്ലുവിളി ഇതെപ്പറ്റി  ആളുകളെ പറഞ്ഞു മനസിലാക്കുകയായിരുന്നു. എന്നാൽ 2016 ൽ ഞാനും ഷാൻ കടവിലും ചേർന്ന്  ഫ്രഷ് ടു ഹോം എന്ന ആശയവുമായി വരുമ്പോൾ ഉപഭോക്താക്കളും വിപണിയും ഏറെ അനുകൂലമായിരുന്നു. ടെക്‌നോളജിയുടെ നിർണായക പ്രാധാന്യം നമ്മൾ മനസിലാക്കിയ നാളുകളായിരുന്നു കോവിഡ് കാലം. ഉപഭോക്താക്കൾക്ക് പ്രയോജനകരമായി ടെക്‌നോളജി വേണ്ടവിധം വിനിയോഗിക്കാൻ സാധിച്ചതുകൊണ്ട് കൂടിയാണ് കോവിഡ് കാലത്ത് ഇന്ത്യൻ വിപണിയിൽ 30 ശതമാനവും ദുബായ് വിപണിയിൽ 80ശതമാനവും വളർച്ച കൈവരിക്കാൻ കഴിഞ്ഞത്.  ടീമിന്റെ ഒത്തൊരുമിച്ചുള്ള പ്രകടനം കൊണ്ടാണ് ഇത് സാധ്യമായത്. ഇന്ത്യയിലും യുഎഇയിലുമായി 2200 ഓളം ജോലിക്കാർ കമ്പനിയുടെ ഭാഗമാണ്. 

ടെക്‌നോളജിയിൽ പ്രാവീണ്യമുണ്ടായിരിക്കുക എന്നത് ഇനിയുള്ള കാലം സംരംഭങ്ങളെ സംബന്ധിച്ച് അതിപ്രധാനമാണ്. ഇത്തരത്തിൽ ഞങ്ങളുടെ ബിസിനസിലെ നിർണായകഭാഗമായ  മത്സ്യത്തൊഴിലാളികളെക്കൂടി ടെക്‌നോളജി ഉപയോഗിക്കാൻ പ്രാപ്തരാക്കി എന്നത് ഏറെ സംതൃപ്തി നൽകുന്നു. തീർത്തും അൺഓർഗനൈസ്ഡ് സെക്ടർ എന്ന് പറയാവുന്ന കടപ്പുറത്തെ മത്സ്യലേലം ഒരു  മൊബൈൽ ആപ്ലിക്കേഷനിലൂടെ  ഓർഗനൈസ്ഡ് ആക്കി മാറ്റാൻ ഞങ്ങൾക്ക് കഴിഞ്ഞു. ലോകത്ത് തന്നെ ഇത്തരമൊരു മുന്നേറ്റം ആദ്യമായിട്ടായിരുന്നു. 

മത്സ്യത്തോടും മത്സ്യവില്പനയോടും ഉള്ള താല്പര്യം രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ടെന്ന് കരുതാനാണ് എനിക്കിഷ്ടം. ജനിച്ചതും വളർന്നതുമൊക്കെ കൈതപ്പുഴ കായലിന്റെ തീരത്തായതുകൊണ്ടാവാം! ഒരു സീ ഫുഡ് എക്സ്പോർട്ടിങ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി പ്രൊഫഷണൽ ജീവിതം ആരംഭിച്ച എനിക്ക് ആ ബിസിനസിന്റെ എല്ലാ മേഖലകളും  ഏറെ താല്പര്യമുണർത്തുന്നതായിരുന്നു. ഇന്ന് കൊൽക്കത്ത മുതൽ ഗുജറാത്ത് വരെയുള്ള രാജ്യത്തെ പ്രധാന തുറമുഖങ്ങളിലെല്ലാം മികച്ച ഒരു നെറ്റ്‌വർക്ക് രൂപപ്പെടുത്താൻ ഞങ്ങൾക്ക്   കഴിഞ്ഞിട്ടുണ്ട്. എല്ലാ ദിവസവും ഇവിടങ്ങളിൽ നടക്കുന്ന ലേലങ്ങളിൽ ഫ്രഷ് റ്റു ഹോമും പങ്കാളികളാണ്. ഇത് സാധ്യമാവുന്നത് ടെക്‌നോളജിയുടെ നിർണായക പിന്തുണ കൊണ്ടാണ്. സംരംഭക ജീവിതത്തിന്റെ തുടക്കത്തിൽ ഒരു ഒറ്റയാൾ പോരാട്ടമായിരുന്നു. എന്നാൽ ഇന്ന് മികച്ച ഒരു പ്രൊഫഷണൽ ടീം എനിക്കൊപ്പമുണ്ട്.  അതുകൊണ്ട് തന്നെ കാര്യങ്ങൾ ഏറെ മികവോടെ പ്രൊഫഷണൽ ആയി തന്നെ പൂർത്തിയാക്കാൻ കഴിയുന്നു. വരുംകാലങ്ങളിൽ ഏതു ബിസിനസിലും വിജയിക്കാൻ ഇത്തരമൊരു സമീപനം കൂടിയേ തീരൂ.


കേരളം വ്യവസായങ്ങൾക്ക് പറ്റിയ നാട് - ഷാജു തോമസ്

(ഫൗണ്ടർ & മാനേജിങ് ഡയറക്ടർ, പോപ്പീസ്)

പോപ്പീസിന്റെ കുഞ്ഞുടുപ്പുകളിലൂടെ യഥാർത്ഥത്തിൽ ഞങ്ങൾ പങ്കുവയ്ക്കുന്നത് സ്നേഹമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കളും ഒപ്പം ഞങ്ങളുടെ ജീവനക്കാരുമെല്ലാം അതിൽ പങ്കാളികളാണെന്നത് ഏറെ സന്തോഷം പകരുന്നു. കോവിഡ് കാലത്തും മികച്ച നിലയിൽ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്. ഒരു പത്രപ്രവർത്തകൻ ആയാണ് പ്രൊഫഷണൽ ജീവിതത്തിന്റെ തുടക്കം. പിതാവ് ബിസിനസ് നടത്തുകയായിരുന്നു.  ജേർണലിസവും ബിസിനസും എനിക്ക് പാഷനായിരുന്നു. ജോലിയുടെ ഭാഗമായി നടത്തിയ ഒട്ടേറെ യാത്രകളിലൂടെയാണ് നമ്മുടെ രാജ്യത്ത് നിലവാരമുള്ള കുഞ്ഞുടുപ്പുകൾ വേണ്ടത്ര നിർമിക്കുന്നില്ലെന്ന് മനസിലാക്കിയത്. കുട്ടികൾക്ക് മികച്ച നിലവാരമുള്ള വസ്ത്രങ്ങൾ നിർമിക്കുന്ന സംരംഭവുമായി കടന്നു വരുന്നത് അങ്ങനെയാണ്. 

കുഞ്ഞുടുപ്പുകളുടെ നിർമാണത്തിലായിരുന്നു ഇതുവരെ ശ്രദ്ധിച്ചിരുന്നത്. ഇപ്പോൾ ബേബി ഓയിൽ ഉൾപ്പെടെ കുഞ്ഞുങ്ങൾക്കാവശ്യമായ വിവിധങ്ങളായ ഉത്പന്നങ്ങൾ കൂടി ഉൾപ്പെടുത്തി പോർട്ട്ഫോളിയോ വിപുലീകരിക്കുകയാണ്. 2025 ൽ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള റോഡ് മാപ്പാണ് തയാറാക്കിയിരിക്കുന്നത്. മൂന്ന് സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പിന്റെ ടേണോവർ 150 കോടി രൂപയാണ്. മലപ്പുറം തിരുവാലിയിലാണ് പ്രധാന ഫാക്ടറി. ഇതിന് പുറമെ തമിഴ്‌നാട്ടിലും ബെംഗളൂരുവിലും ഫാക്ടറികളുണ്ട്. രണ്ടായിരത്തോളം ജീവനക്കാരാണ് പോപ്പീസിനുള്ളത്. 

2004 ൽ പോപ്പീസിന് തുടക്കമിടുമ്പോൾ ഒട്ടേറെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്. ഗവണ്മെന്റിന്റെ പിന്തുണയ്ക്ക് പുറമെ നാട്ടുകാരും വലിയ പിന്തുണ നൽകുന്നു. കേരളം വ്യവസായങ്ങൾക്ക് പറ്റിയ നാടാണെന്നതാണ് എന്റെ വ്യക്തിപരമായ അനുഭവം. കോവിഡ് കാലത്ത് പോലും ഏതാണ്ട് പൂർണതോതിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് ഈ വലിയ പിന്തുണകൊണ്ടാണ്. 


കൂടുതൽ ഉത്തരവാദിത്വങ്ങൾ സമ്മർദ്ദമുണ്ടാക്കാറില്ല - ജോർജ് ഈപ്പൻ 

(ഗ്രൂപ്പ് ചീഫ് ഇൻഫർമേഷൻ ഓഫീസർ - പെട്രോഫാക്)

കോവിഡിനെ തുടർന്ന് പൊതുവെ എല്ലാവരും ടെക്‌നോളജിയെ കൂടുതലായി ആശ്രയിക്കുന്ന സമയമാണിത്. അതുകൊണ്ട് തന്നെ ഓപ്പറേഷനൽ ലെവലിലും മറ്റും വലിയ മാറ്റങ്ങളുണ്ട്. സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ടും പുതിയ വെല്ലുവിളികളെ നേരിടാൻ സജ്ജരായിരിക്കുക എന്നത് പ്രധാനമാണ്. സൈബർ ഭീഷണികൾ സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകളിൽ കുറച്ചൊക്കെ പൊടിപ്പും തൊങ്ങലുമുണ്ടാകാമെങ്കിലും വലിയൊരളവ് യാഥാർഥ്യവുമാണ്. ഏറെ നിർണായകമായ ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ച്ചറുമായി ബന്ധപ്പെട്ടുള്ള സൈബർ സുരക്ഷ അതിപ്രധാനമാണ്. ന്യൂക്ലിയർ പ്ലാന്റുകൾ, എയർലൈനുകൾ എന്നിവയൊക്കെ ഉദാഹരണമാണ്. തെരഞ്ഞെടുപ്പുകൾ പോലുള്ള കാര്യങ്ങളിൽ പോലും സൈബർ സുരക്ഷയുടെ പ്രാധാന്യം വ്യക്തമാവുകയാണ്. 

പെട്രോഫാക്കിനെ സംബന്ധിച്ച് നിർണായകമായ ചില ഡീലുകൾ പൈപ്പ്ലൈനിലാണ്. ഇത്തരം ഡീലുകൾ തീർച്ചയായും നമ്മുടെ ഉത്തരവാദിത്വം വർധിപ്പിക്കുന്നുണ്ട്. എന്നാൽ സമ്മർദ്ദങ്ങളൊന്നുമില്ല. മികച്ച ഒരു ടീം എനിക്കൊപ്പമുള്ളത് ഏറെ ആത്മവിശ്വാസം പകരുന്നു. ഞാൻ വളർന്നതും പഠിച്ചതുമൊക്കെ കേരളത്തിൽ തന്നെയായിരുന്നു. അതൊരു സ്ട്രെങ്ത് ആയാണ് ഞാൻ കാണുന്നത്. പലപ്പോഴും മലയാളി വിദ്യാർത്ഥികൾ അല്ലെങ്കിൽ ഉദ്യോഗാർത്ഥികൾ അവരുടെ കമ്യൂണിക്കേഷൻ സ്കില്ലിനെപ്പറ്റിയും മറ്റും ഓവർ കോൺഷ്യസ് ആണ്. അതിൽ വലിയ കാര്യമില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം. ഡു യുവർ ബെസ്റ്റ്. വാല്യൂ കൊണ്ടുവരാൻ ശ്രമിക്കുക. നല്ലൊരു ടീം പ്ലെയർ ആയിരിക്കുക. ഒപ്പമുള്ളവരെ മോട്ടിവേറ്റ് ചെയ്യുക. ഇതിലൂടെയൊക്കെ നമുക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. 


മലയാളികളുടെ ഭക്ഷണ വൈവിധ്യം അതുല്യം - സുരേഷ് പിള്ള

(സെലിബ്രിറ്റി ഷെഫ്, റാവിസ് ഹോട്ടൽസ് & റിസോർട്ട്സ് കളിനറി ഡയറക്ടർ)

ഭക്ഷണത്തോടും പാചകത്തോടുമുള്ള അതിയായ ഇഷ്ടം കൊണ്ടാണ് ഈ മേഖലയിൽ  ഔപചാരികമായ ബിരുദങ്ങളൊന്നും നേടാതെ തന്നെ ജോലിയിൽ പ്രവേശിച്ചത്. ഒരു വെയിറ്റർ ആയിട്ടായിരുന്നു തുടക്കം. പിന്നീട് പടിപടിയായി കാര്യങ്ങൾ പഠിച്ചെടുക്കുകയും ഷെഫ് എന്ന നിലയിലേക്ക് വളരുകയുമായിരുന്നു. വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ ഒട്ടേറെ മികച്ച അവസരങ്ങൾ ലഭിച്ചു. ലണ്ടനിൽ ഉൾപ്പെടെ യൂറോപ്പിലെ വൻനഗരങ്ങളിൽ മിഷെലിൻ സ്റ്റാർ റെസ്റ്റോറന്റുകളിൽ ജോലി ചെയ്യാൻ കഴിഞ്ഞത് ജീവിതത്തിലെ വഴിത്തിരിവായി മാറി. 2017 ലെ ബിബിസി മാസ്റ്റർ ഷെഫ് പ്രോഗ്രാമിന്റെ ഭാഗമാകാനും സാധിച്ചു. ലോകത്തു തന്നെ ഏറ്റവും വൈവിധ്യമാർന്നതും രുചികരവുമായ ഭക്ഷണമാണ്  കേരളത്തിന്റേത്. അത് ലോകത്തിന് പരിചയപ്പെടുത്തണമെന്നതാണ്  ഏറ്റവും വലിയ ഒരു ആഗ്രഹം. ജോലി ചെയ്ത ഇടങ്ങളിലെല്ലാം കേരള വിഭവങ്ങൾ പരിചയപ്പെടുത്താൻ കഴിഞ്ഞു. ബിബിസി മാസ്റ്റർ ഷെഫ് പ്രോഗ്രാമിലും കേരളത്തിന്റെ തനത് വിഭവങ്ങളാണ് പരിചയപ്പെടുത്തിയത്. സോഷ്യൽ മീഡിയയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ഈ വിഭവങ്ങളൊക്കെ ലോകത്തിന് പരിചയപ്പെടുത്താനാണ് ശ്രമം. കേരള ഭക്ഷണത്തോടുള്ള ജനങ്ങളുടെ അദമ്യമായ ഇഷ്ടം കൊണ്ട് കൂടിയാണ് സോഷ്യൽ മീഡിയയിൽ  ഇത്രയേറെ ഫോളോവേഴ്സ് എനിക്കുള്ളതും.

ഇന്ത്യ-വിൻഡീസ് ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് വിരാട് കോലി ഉൾപ്പെടെയുള്ള താരങ്ങൾ റാവിസിൽ താമസിച്ചപ്പോൾ ഒരുക്കിയ കേരള വിഭവങ്ങൾ അവർ നിറഞ്ഞ മനസോടെ ആസ്വദിച്ചത് ഹൃദ്യമായ അനുഭവമായിരുന്നു. വിരാട് കോലി പിന്തുടരുന്നത് തേൻ ഉത്പന്നങ്ങൾ പോലും ഒഴിവാക്കിക്കൊണ്ടുള്ള വെഗൻ ഭക്ഷണരീതിയാണെന്ന പ്രത്യേകതയുണ്ട്. കോവിഡ് കാലത്ത് പുതിയ ഭക്ഷണങ്ങളെപ്പറ്റി അറിയാനും അത് പരീക്ഷിച്ചു നോക്കാനുമൊക്കെ ആളുകൾക്ക് താല്പര്യമേറിയിട്ടുണ്ട്. പുതിയ ഭക്ഷണങ്ങളും ഭക്ഷണ രീതികളുമൊക്കെ പരിചയപ്പെടുത്തുന്നത്തിനായി ആരംഭിച്ച എന്റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ ലോക്ക്ഡൗൺ കാലത്ത് ലക്ഷക്കണക്കിന് പുതിയ സബ്സ്ക്രൈബേഴ്സിനെ ലഭിക്കുകയുണ്ടായി. വീട്ടമ്മമാർ മാത്രമല്ല, ധാരാളം ചെറുപ്പക്കാരും ഭക്ഷണത്തിന്റെയും പാചകത്തിന്റെയുമൊക്കെ കാര്യത്തിൽ ഏറെ ശ്രദ്ധാലുക്കളാണ്. 

പല പുതിയ ഫുഡ് ട്രെൻഡുകളും ഇക്കാലയളവിൽ കേരളത്തിലുണ്ടായി. അതിൽ ഏറ്റവും പ്രധാനം തനത് വിഭവങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ്. മറ്റൊന്ന് അറബിക് വിഭവങ്ങൾക്ക് ലഭിച്ചിരിക്കുന്ന സ്വീകാര്യതയാണ്. പ്രവാസികളുടെ സ്വാധീനം കേരളത്തിന്റെ ഭക്ഷണരീതികളിൽ സുവ്യക്തമാണ്. സൂപ്പർ സ്പെഷ്യാലിറ്റി റെസ്റ്റോറന്റുകളും മറ്റും ഇനിയും കേരളത്തിൽ എത്തുന്നതേയുള്ളൂ. എങ്കിലും ഫുഡ്, ആമ്പിയൻസ്, സർവീസ് ഇതൊക്കെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സൂപ്പർ ഫുഡ് ട്രെൻഡ് ചെരുപ്പക്കാർക്കിടയിൽ സ്വീകാര്യത നേടുന്നുണ്ട്. മുപ്പതോളം ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഇന്ന് കേരളത്തിലുണ്ട്. തീർച്ചയായും കോവിഡ് കാലം നമ്മുടെ ഹോസ്പിറ്റാലിറ്റി സെക്ടറിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നിരിക്കിലും നിലവിലെ പ്രതിസന്ധി നീങ്ങുമ്പോൾ ഹോസ്പിറ്റാലിറ്റി മേഖലയുടെവലിയൊരു തിരിച്ചുവരവ് നമുക്ക് ദർശിക്കാൻ കഴിയും. 


എന്നും പിന്തുടരുന്നത് അച്ഛന്റെ വാക്കുകൾ - ഗണേശൻ എം

(സർക്കാർ ജീവനക്കാരൻ, സൗജന്യ പരിശീലനം നൽകി നൂറുകണക്കിന് നിർധന വിദ്യാർത്ഥികളെ മത്‌സര പരീക്ഷകൾ വിജയിപ്പിച്ചയാൾ)

ഞാൻ പത്താം കേസ് വരെ തമിഴ് മീഡിയം ആണ് പഠിച്ചത്. സ്കൂളിൽ നിന്ന് മലയാളം ഇതുവരെ പഠിച്ചിട്ടില്ല. പ്രീഡിഗ്രി പഠിച്ചത് തിരുവനന്തപുരത്താണ്. ആ കാലഘട്ടത്തിലാണ് അച്ഛൻ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. പീരുമേട്ടിൽ ഒമ്പത് തേയിലത്തോട്ടങ്ങൾ ഉണ്ടായിരുന്നു. അവിടെ ലോക്ക്ഓഫ് സമയമായിരുന്നു. 'അമ്മ ഒരാൾ ജോലിക്ക് പോയിട്ട് വേണമായിരുന്നു ഞങ്ങൾ മക്കളുടെ പഠനം മുന്നോട്ട് പോകാനായിട്ട്. ആയതിനാൽ എത്രയും പെട്ടെന്ന് സ്ഥിരമായ ശമ്പളം കിട്ടുന്ന ജോലിയിലേക്ക് മാറണം എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്ത് ഞാൻ പഠിച്ചിരുന്നത്. 2003ലാണ് പിഎസ്സി ആദ്യമായി ഓഎംആർ പരീക്ഷ തുടങ്ങുന്നത്. എൽഡി ക്ലാർക്ക് സ്ഥാനത്തേക്ക് എങ്ങനെയെങ്കിലും വിജയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അന്ന് എനിക്ക് എന്താണ് പിഎസ്സി, എങ്ങനാണ് പരീക്ഷ എഴുതേണ്ടത് എന്നൊന്നും ആരും പറഞ്ഞു തന്നിട്ടില്ലായിരുന്നു. മാത്രമല്ല കോച്ചിങ് സെന്ററിലേക്ക് പോകാനുള്ള പണമില്ല. അങ്ങനെ ഞാൻ പീരുമേട്ടിലെ തോട്ടം മേഖലയിൽ നിന്നുള്ള 10 കൂട്ടുകാരെ വിളിച്ചു ഒരു ആശയം പങ്കുവയ്ക്കുന്നത്. എല്ലാവരും കൂടി പിരിവെടുത്ത് ഞാൻ ഞായറാഴ്ച കോച്ചിങ്ങിനു പോയി പഠിച്ചതിന് ശേഷം രാത്രി വന്നു അവരെ പഠിപ്പിക്കാം എന്നതായിരുന്നു അത്. അവിടെയായിരുന്നു തുടക്കം. ഞാൻ ഞായറാഴ്ചകളിൽ ക്ലാസിനു പോയി സ്വന്തമായി തയ്യാറെടുപ്പും നടത്തി അവരെ പഠിപ്പിച്ചു. അതിന് ശേഷം ഇടുക്കി ജില്ലയിൽ വന്ന് പരീക്ഷയെഴുതി. റിസൾട്ട് വന്നപ്പോൾ ഈ 10 പേരും വിജയിച്ചു. എല്ലാവരും സർക്കാർ സർവീസിൽ കയറുകയും ചെയ്തു.

എനിക്ക് പത്തനംതിട്ടയിലാണ് ജോലി കിട്ടിയതെങ്കിലും ഞായറാഴ്ച നാട്ടിലേക്ക് തിരിച്ചുവരും. എനിക്ക് മുമ്പുള്ള ഒരു 25 വർഷം പരിഗണിച്ചാൽ വിരലിലെണ്ണാവുന്നവർ മാത്രമേ സർക്കാർ സർവീസിൽ എത്തിയിരുന്നുള്ളു. ഞങ്ങളുടെ എസ്റ്റേറ്റിൽ ഒരാൾ പോലും ഉണ്ടായിരുന്നില്ല. 2005ൽ പുതിയ പിഎസ്സി നോട്ടിഫിക്കേഷൻ വന്നപ്പോൾ എല്ലാ എസ്റ്റേറ്റിലും ഞങ്ങൾ ചെന്ന് പറഞ്ഞു, അവസാനം ക്ലാസിനു വന്നത് 7 പേരാണ്. പിന്നീട് പതിയെ അവർക്ക് കാര്യങ്ങൾ ബോധ്യമായി. നൂറോളം കുട്ടികൾക്ക് ജോലി കിട്ടിയതോടെയാണ് പഠനം കൂടുതൽ ആദിവാസി കുടികളിലേക്ക് ഉൾപ്പെടെ വ്യാപിപ്പിച്ചത്. ഈ നൂറു കുട്ടികൾ പിന്നീടുള്ളവരുടെ പഠനച്ചെലവ് ഓരോ ദിവസവും സ്പോൺസർ ചെയ്തു. ഫിസിക്കൽ ട്രെയിനിങ് ഉൾപ്പെടെ നൽകി. 62ഓളം പേരെ പോലീസിലെത്തിക്കാനായി. പീരുമേട്ടിലെ ഒരു ആദിവാസി കോളനിയിൽ നിന്ന് ഒരാൾക്ക് സെക്രെട്ടറിയേറ്റിൽ ജോലി കിട്ടി. ഇതുവരെ ആകെ 342 പേർ സർക്കാർ സർവീസിലേക്ക് പ്രവേശിച്ചിട്ടുണ്ട്.

എന്റെ മോട്ടിവേറ്റർ എന്റെ അച്ഛനാണ്. അച്ഛൻ എപ്പോഴും പറയുന്നത് 'നിങ്ങൾക്ക് വേണ്ടി ഞാൻ സ്വത്ത് ഉണ്ടാക്കി വെക്കില്ല, വിദ്യാഭ്യാസം ആവശ്യമുള്ളിടത്തോളം നേടിക്കോ, അതിനു വേണ്ടി ഞാൻ എന്ത് സഹായം വേണമെങ്കിലും ചെയ്യാം' എന്നായിരുന്നു. അതാണ് ഞാൻ ഇപ്പോഴും പിന്തുടരുന്നത്. ഒരു മനുഷ്യജീവിയായി വളർന്ന് വരിക, കിട്ടിയ അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകുക. അടുത്ത റോൾ മോഡൽ അമ്മയാണ്. എപ്പോഴും കൂടെനിന്ന് സഹായിക്കുന്ന അമ്മയുടെ പിന്തുണ ഏറെ വലുതാണ്.


സംരംഭകജീവിതം നൽകിയത് പോസിറ്റീവ് അനുഭവങ്ങൾ - ലേഖ ബാലചന്ദ്രൻ

(മാനേജിങ് പാർട്ണർ, റെസിടെക് ഇലക്ട്രിക്കൽസ്)

എന്റെ സംരംഭക യാത്ര തുടങ്ങുന്നത് 1989ലാണ്. ഭർത്താവ് പങ്കാളിയായിട്ടുള്ള ഒരു കമ്പനിയിൽ വർക്ക് ചെയ്തുകൊണ്ടായിരുന്നു അത്. അവിടെ ഞാൻ അഞ്ച് വർഷം ജോലി ചെയ്തു. 1993ൽ ഞാനും പഴയ അതെ പാർട്ണറും കൂടി ട്രാൻസ്ഫോർമറുകൾ ഉണ്ടാക്കുന്ന മറ്റൊരു കമ്പനി ആലുവയിൽ തുടങ്ങി. ഞങ്ങൾ ചെയ്‌തുകൊണ്ടിരുന്നത് ചെറിയ തരം ട്രാൻസ്ഫോർമറുകൾ ആയിരുന്നു. ഡിസ്ട്രിബൂഷൻ ട്രാൻസ്ഫോർമറുകൾ അതിന്റെ ഒരു അപ്ഗ്രഡേഷൻ ആയിരുന്നു. ആ സമയത്താണ് കേരളത്തിൽ റിയൽ എസ്റ്റേറ്റ് മേഖല സജീവമാകുന്നത്. അത് ഞങ്ങൾക്ക് അനുകൂലമായി. 2007ൽ സ്വന്തമായി റെസിടെക് എന്ന ബ്രാൻഡിൽ അതെ മേഖലയിൽ തന്നെ പുതിയ കമ്പനി തുടങ്ങി. ഇപ്പോൾ 14 വർഷം കഴിഞ്ഞു. ഞങ്ങൾക്ക് നല്ലൊരു മാർക്കറ്റ് സ്പ്രെഡ് ഇപ്പോൾ കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും ഉണ്ട്. സീമെൻസിന്റെ ഒരു പ്രോഡക്റ്റ് 'വാക്വം സർക്യൂട്ട് ബ്രേക്കർ' അവർ കേരളത്തിൽ വിൽക്കുന്നത് ഞങ്ങളുടെ കമ്പനിയിൽ കൂടിയായിരിക്കും. സീമെൻസിന്റെ സിസ്റ്റം ഹൗസ് ആയി റെസിടെക്കിനെ അവർ അംഗീകരിച്ചിട്ടുള്ളതാണ്. വിൻഡ്,സോളാർ എനർജി ഉപയോഗിക്കുമ്പോൾ ഒരു സ്റ്റെപ് ഡൌൺ ട്രാൻസ്‌ഫോർമർ ആവശ്യമാണ്. സോളാറിന് വേണ്ടിയുള്ള സപ്ലൈ ഇപ്പോൾ ചെയ്യുന്നുണ്ട്. 

ലിക്വിഡ് ക്യാഷ് എപ്പോഴും കുറച്ചെങ്കിലും കൈയ്യിൽ വേണം എന്ന തിരിച്ചറിവാണ് കോവിഡ് നൽകിയത്. ഏകദേശം രണ്ട് മാസക്കാലം ഞങ്ങളെ ലോക്ക് ഡൌൺ ബാധിച്ചു. പ്രൊഡക്ഷൻ ഉൾപ്പെടെ അത് കാര്യമായി ബാധിച്ചു. അതുപോലെ ഞങ്ങളുടെ റോ മെറ്റീരിയൽസ് എല്ലാം കേരളത്തിന് പുറത്തുനിന്ന് ആയതിനാൽ ലോജിസ്റ്റിക്സിലും നല്ല ബുദ്ധിമുട്ടുണ്ടായി. എന്നാൽ ആരുടേയും ജോലി കളയില്ല എന്ന തീരുമാനം ഞങ്ങൾ എടുത്തിരുന്നു. 2014ൽ പ്രധാനമന്ത്രിയെ കണ്ടപ്പോൾ അദ്ദേഹം ഞങ്ങളെ ഗുജറാത്തിലേക്ക് ക്ഷണിച്ചിരുന്നു. അവിടെ തുടങ്ങിയിരുന്നെങ്കിൽ ഒരുപക്ഷെ ഇവിടുള്ളതിനേക്കാൾ 2 മടങ്ങെങ്കിലും ബിസിനസ് ഡെവലപ്മെന്റ് നടന്നേനെ. കേരളത്തിൽ ബിസിനസ് നടത്താനായാൽ നമുക്ക് ലോകത്ത് എവിടെയും ബിസിനസ് നടത്താം. എങ്കിലും ഇത്രയും നാളത്തെ സംരംഭക ജീവിതത്തിൽ കേരളത്തിൽ ദുരനുഭവങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. സ്ത്രീ എന്ന പരിഗണന എപ്പോഴും കിട്ടിയിട്ടുണ്ട്. നൂറു ശതമാനവും കേരളം ബിസിനസ് ചെയ്യുവാൻ അനുയോജ്യമായ സ്ഥലമാണെന്ന് എനിക്ക് അഭിമാനപൂർവ്വം പറയുവാൻ കഴിയും. കേരളത്തിന് പുറത്തേക്കുള്ള എക്സ്പാൻഷനെക്കുറിച്ച്  ഇപ്പോൾ ആലോചിക്കുന്നില്ല. 


കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തെ പിന്തുണയ്ക്കാൻ സാധിക്കുന്നു - തോമസ് ജോൺ

(ഫൗണ്ടർ & മാനേജിങ് ഡയറക്ടർ, അഗാപ്പെ ഡയഗ്നോസ്റ്റിക്സ്)

1995ലാണ് അഗാപ്പെ തുടങ്ങിയത്. ഞങ്ങളുടെ രജിസ്റ്റേർഡ് ഓഫീസും ആദ്യ പ്ലാന്റും മുംബൈയിലാണ്. കേരളത്തിൽ ഞങ്ങളുടെ പ്ലാന്റ് തുടങ്ങുന്നത് 2005ലാണ്. 2010ൽ സ്വിറ്റസർലാൻഡിലും ഒരു പ്ലാന്റ് തുടങ്ങി. ആ സമയത്തൊക്കെ ഇന്ത്യയിലെ ലബോറട്ടറി വ്യവസായം നിയന്ത്രിച്ചിരുന്നത് മൾട്ടി നാഷണൽ കമ്പനികൾ ആയിരുന്നു. ഞങ്ങൾക്ക് നല്ലൊരു ആർ&ഡി ടീം ഉണ്ടായിരുന്നു. ഇവിടെ ഒരു പ്രോട്ടീൻ ഡിറ്റക്ഷൻ സിസ്റ്റം 'മിസ്പാ i3' ഞങ്ങൾ ഡെവലപ്പ് ചെയ്തു. അതിലെനിക്ക് 2002ൽ പ്രസിഡന്റിന്റെ അവാർഡ് ലഭിച്ചു. ഇന്ന് ഇന്ത്യയിലെ കോവിഡ് പ്രോഗ്‌നോസിസിലെ ഡി'ഡൈമെൻ ഫെറിറ്റിൻ മാർക്കറ്റിലെ 70 ശതമാനവും ഞങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ശ്രീചിത്രയുമായുള്ള സഹകരണം കോവിഡ് മൂലമുണ്ടായതല്ല. 2018ൽ ശ്രീചിത്രയുമായി ചേർന്ന് ടിബി കണ്ടെത്തുന്നതിന് പിസിആർ അടിസ്ഥാനമാക്കിയുള്ള സിസ്റ്റം തയ്യാറാക്കി. കോവിഡ് വന്നപ്പോൾ ആ സിസ്റ്റത്തിൽ തന്നെ എന്തുകൊണ്ട് കോവിഡ് ഡിറ്റെക്ഷനും വന്നുകൂടാ എന്നൊരു ചർച്ചയുണ്ടായി. അതനുസരിച്ച് പ്രോഡക്റ്റ് ഡെവലപ്പ് ചെയ്തു. അത് ഇപ്പോഴും ഐസിഎംആറിന്റെ പരിശോധനയിൽ നിൽക്കുകയാണ്. ഉടൻ തന്നെ അത് പുറത്തിറക്കും. അതിനു വേണ്ടി ഒരു ആർഎൻഎ ഏക്സ്ട്രക്ഷൻ പ്രോഡക്റ്റും തയ്യാറാക്കി. ഇപ്പോൾ കോവിഡ് പോരാട്ടത്തിൽ ഇന്ത്യയിലെ ജനങ്ങളെ പിന്തുണക്കുവാൻ ഞങ്ങൾക്ക് സാധിക്കുന്നു.

ഇന്ത്യയിലെ മെഡിക്കൽ ഉപകരണങ്ങളുടെ വിപണിയുടെ വെറും 9 ശതമാനം മാത്രമേ ഐവിഡി ഉള്ളു. അത്ര ചെറിയ മാർക്കറ്റ് ആണ് ലബോറട്ടറി ഡയഗ്നോസിസ്. എന്നാൽ കോവിഡ് സാഹചര്യത്തിൽ ഇതിന്റെ പ്രാധാന്യം ആളുകൾക്ക് മനസ്സിലാകുന്നു. ഈ അവസരത്തിൽ നമ്മുടെ ജനത്തെ സഹായിക്കാൻ ഞങ്ങൾക്കാകുന്നു. മൂന്ന് തരം ഉല്പന്നങ്ങളുണ്ട്. ആന്റിജൻ ഡിറ്റക്ഷൻ പ്രോഡക്ട് ഞങ്ങളുടേത് വരുന്നുണ്ട്. അതിനു 300 രൂപ വരെയാകും ഈടാക്കുക. ചിത്ര മാഗ്ന പ്രോഡക്റ്റ് 100 - 120ന് ആണ് ലഭ്യമാകുന്നത്. അത്രയേറെ വില കുറച്ചു നൽകുവാൻ സാധിക്കുന്നു. അതാണ് ഒരു നേട്ടം.

ഇപ്പോൾ 800ഓളം സ്റ്റാഫ് ഉണ്ട്. ഈ വർഷം പദ്ധതിയിടുന്നത് ഏകദേശം 300 കോടിയുടെ ടേൺഓവർ ആണ്. രണ്ട് വർഷത്തിനുള്ളിൽ ഞങ്ങൾ സ്റ്റോക്ക് മാർക്കറ്റിലേക്ക് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. കോവിഡ് കാലത്ത് വീട്ടിലിരുന്ന് ടെസ്റ്റ് ചെയ്യാവുന്ന ഉപകരണങ്ങളുടെ പ്രാധാന്യം ഞങ്ങൾ മനസിലാക്കി. അതിൽ ഇപ്പോൾ കൂടുതൽ പരീക്ഷണങ്ങൾ നടത്തുകയാണ്. അങ്ങനെ കൂടുതൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ നോക്കുന്നുണ്ട്.    

ഞങ്ങളുടെ ആർ&ഡി തുടങ്ങുന്നത്  2002ലാണ്, മുംബൈയിൽ. ഇപ്പോൾ ടേൺഓവറിന്റെ  7 ശതമാനം ആർ&ഡിയ്ക്ക് വേണ്ടി മാറ്റിവെക്കുന്നുണ്ട്. ഇന്ത്യയിൽ ശരാശരി പരിശോധിച്ചാൽ അത് ഒരു ശതമാനത്തിൽ താഴെയാണ്. ചൈനയിൽ അത് 4.5 ശതമാനമാണ്. കഴിഞ്ഞ ആഴ്ച ഹെമെറ്റോളജി അനലൈസർ ഞങ്ങൾ ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കി. പുതിയ സാങ്കേതിക വിദ്യയുമായി അപ്ഡേറ്റ് ചെയ്യുന്നുണ്ട്. ജപ്പാനിലുള്ള പല കമ്പനികളുമായി സഹകരിക്കുന്നുണ്ട്. അടുത്ത 5-10 വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഡയഗണോസ്റ്റിക് അനാലിസിസിൽ 10 ശതമാനം വരെ വളർച്ചയുണ്ടാകുമെന്നാണ് കരുതുന്നത്. അതിൽ കാര്യമായ പങ്കാളിത്തം ഉണ്ടാകുമെന്ന ആത്മവിശ്വാസമാണുള്ളത്.  

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story