FINANCE

എന്‍ബിഎഫ്‌സി തൊഴില്‍ സമരങ്ങള്‍ക്ക് പിന്നിലെ ഹിഡന്‍ അജണ്ട

11 Jul 2019

ന്യൂഏജ് ന്യൂസ് ബ്യൂറോ: മലയാളിയെ സംബന്ധിച്ചിടത്തോളം തൊഴിലാളി സംഘടനകളും തൊഴില്‍ സമരങ്ങളും ചിരപരിചിതമായ കാര്യങ്ങളാണ്. കേരള സംസ്ഥാനത്തിന്റെ ആറ് പതിറ്റാണ്ടിലധികമുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ അതിരൂക്ഷമായ തൊഴില്‍ സമരങ്ങളെത്തുടര്‍ന്ന് അടച്ചുപൂട്ടിയ സംരംഭങ്ങളും നാടുവിട്ട സംരംഭകരും ഒട്ടേറെ. സമരങ്ങളെ പേടിച്ച് വന്‍സംരംഭങ്ങളൊന്നും നാട്ടില്‍ കാലുകുത്താതെ വന്നതോടെ ഇവിടത്തെ തൊഴിലാളി സംഘടനകള്‍ക്കും ഒരു പരിധി വരെ പ്രസക്തി നഷ്ടപ്പെട്ട് തുടങ്ങിയിരുന്നു. എഅഇഠ പോലെ ഏതാനും വന്‍കിട സ്ഥാപനങ്ങളുടെ മേല്‍വിലാസത്തിലാണ് ഈ സംഘടനകളുടെ സമരപരിപാടികള്‍ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത്. കിറ്റെക്‌സ്, വി-സ്റ്റാര്‍, സിന്തൈറ്റ് തുടങ്ങി സ്വകാര്യ മേഖലയിലെ പ്രമുഖ സംരംഭങ്ങള്‍ക്കെതിരെയും സമരങ്ങളുണ്ടായി. സമീപകാലത്ത് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലുള്ള പതിവ് സമരങ്ങള്‍ക്ക് വേദിയായിരിക്കുന്നത് സംസ്ഥാനത്തെ എന്‍ബിഎഫ്‌സി (നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനി) മേഖലയാണ്.

രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ എന്‍ബിഎഫ്‌സി വിപണിയാണ് കേരളം. ഈ രംഗത്തെ മുന്‍നിര കമ്പനികള്‍ പലതും കേരളത്തില്‍ നിന്നുള്ളതാണ്. സ്വര്‍ണ വായ്പാ രംഗത്തെ ശക്തമായ സാന്നിധ്യമാണ് കേരള ബ്രാന്‍ഡുകള്‍ക്ക് തുണയായത്. മുത്തൂറ്റ്, മണപ്പുറം എന്നിങ്ങനെ ഓഹരിവിപണിയിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചവയാണ് കേരള എന്‍ബിഎഫ്‌സികള്‍ പലതും. കൊശമറ്റം, കെഎല്‍എം, ഇന്‍ഡല്‍ മണി തുടങ്ങി ഐപിഒയ്‌ക്കൊരുങ്ങുന്ന കമ്പനികളും ധാരാളം. 2019 സാമ്പത്തികവര്‍ഷം 2100 കോടി രൂപയിലധികം ലാഭം നേടിയ മുത്തൂറ്റ് ഫിനാന്‍സ് (ചുവന്ന മുത്തൂറ്റ്) ആണ് വിപണി വിഹിതം  കൊണ്ടും രാജ്യത്താകമാനമുള്ള സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ സ്ഥാപനം. എന്‍ബിഎഫ്‌സികളുടെ ബിസിനസിന്റെ ഒരു പ്രധാന ഭാഗം സ്വര്‍ണ വായ്പയായതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നുള്ള കമ്പനികള്‍ക്ക് മുന്നേറ്റം താരതമ്യേന എളുപ്പമായി. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ദേശീയ തലത്തിലുള്ള വന്‍കിട ഗ്രൂപ്പുകള്‍ പലതും സ്വര്‍ണ വായ്പാ രംഗത്ത് മേധാവിത്തത്തിന് ശ്രമം നടത്തുന്നുണ്ട്.

2016 മുതലാണ് കേരളത്തിലെ എന്‍ബിഎഫ്‌സി മേഖലയില്‍ തൊഴില്‍ സമരങ്ങള്‍ വ്യാപകമായത്. തുടക്കം മുത്തൂറ്റ് ഫിനാന്‍സില്‍ തന്നെ. സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയുവിന് കീഴിലുള്ള നോണ്‍ ബാങ്കിങ് & പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. സംഘടനാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്നും സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നുമുള്ള ആവശ്യവുമായി 2016ല്‍ ആരംഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷവും അനന്തമായി നീളുന്ന ഇത്തരമൊരു സമരം കേരളത്തിന്റെ വ്യവസായ ചരിത്രത്തില്‍ തന്നെ അപൂര്‍വം. 

തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ നടപ്പാക്കിയെന്നും തങ്ങളുടെ സേവനവേതന വ്യവസ്ഥകള്‍ സംസ്ഥാനത്ത് ഈ മേഖലയിലുള്ള മറ്റേതൊരു കമ്പനിക്കും മുകളിലാണെന്നുമാണ് മാനേജ്മന്റിന്റെ വാദം. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചുള്ള സമരത്തിന് തൊഴിലാളികളില്‍ ബഹുഭൂരിപക്ഷത്തിനും താത്പര്യമില്ലാതിരുന്നിട്ടും തുടര്‍ച്ചയായി 72 മണിക്കൂറും 48 മണിക്കൂറും ഒക്കെയുള്ള സമരങ്ങള്‍ നടന്നു. ഇത് കമ്പനിക്ക് പുറത്തുനിന്നുള്ള ചില കേന്ദ്രങ്ങളുടെ താത്പര്യപ്രകാരമാണെന്ന സൂചനകള്‍ ശക്തമാണ്. രാജ്യത്തെ തന്നെ മുന്‍നിരയിലുള്ള സ്ഥാപനം തുടര്‍ച്ചയായി 3 ദിവസം പ്രവര്‍ത്തനരഹിതമായാല്‍ വിപണിയില്‍ അതുകൊണ്ടുള്ള നേട്ടം എതിരാളികള്‍ക്കാണെന്നത് പകല്‍ പോലെ വ്യക്തം. മൂന്ന് വര്‍ഷം  മുന്‍പ് കമ്പനിയുെട ആകെ ബിസിനസിന്റെ പത്തു ശതമാനത്തോളം കേരളത്തില്‍ നിന്നായിരുന്നത് ഇപ്പോള്‍ നാലര ശതമാനമായി. ഇടയ്ക്കിടെ പിന്‍വലിക്കുകയും പിന്നീട് ശക്തമാക്കുകയും ചെയ്യുന്ന രീതിയില്‍ സമരം അനന്തമായി നീളുന്നതും സാമാന്യയുക്തിക്ക് നിരക്കാത്ത വിധം ഒന്നിനുപകരം മറ്റൊന്നെന്ന മട്ടില്‍ നിബന്ധനകള്‍ മുന്നോട്ട് വയ്ക്കുകയും ചെയ്യുന്നത് സംശയകരമാണെന്നാണ് മാനേജ്‌മെന്റിന്റെ പക്ഷം.

ജീവനക്കാരില്‍ ബഹുഭൂരിപക്ഷത്തിന്റെയും താല്പര്യത്തിന് വിരുദ്ധമായാണ് തൊഴില്‍ സമരം അനന്തമായി നീളുന്നത്. മാനേജ്‌മെന്റിനും തൊഴിലാളികള്‍ക്കും നഷ്ടം മാത്രമുണ്ടാക്കുന്ന ഈ സമരം ചുരുക്കം ചിലര്‍ക്കെങ്കിലും പൊന്മുട്ടയിടുന്ന താറാവായി മാറുന്നതും അവര്‍ തിരിച്ചറിയുന്നു. യൂണിയന്റെ തലപ്പത്തുള്ളവരും കമ്പനിയിലെ ഉയര്‍ന്ന ശമ്പളക്കാരുമായ ഏതാനും മാനേജര്‍മാരാണ് അനന്തമായി നീളുന്ന സമരത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന വിലയിരുത്തലും ശക്തമാണ്. സാധാരണഗതിയില്‍ ഒരു തൊഴില്‍പ്രശ്‌നത്തില്‍ ഇടപെട്ട് അതിന് പരിഹാരം കാണുന്ന രീതിയില്‍ നിന്ന് സിഐടിയു പോലൊരു സംഘടന പിന്നോട്ടുപോവുന്നതിലും ദുരൂഹതയുണ്ട്. ന്യായീകരണങ്ങള്‍ ഇരുഭാഗത്തുമുണ്ടെങ്കിലും തീര്‍ത്തും സംശയാസ്പദമായ നിലയില്‍ തുടരുകയാണ് മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ സമരം.

പുതിയകാല ബിസിനസ് പ്രവണതകളുടെ ഭാഗമായ ഒരു കോര്‍പ്പറേറ്റ് പ്രൊപഗന്‍ഡ ഇതിനു പിന്നിലുണ്ടെന്ന വ്യക്തമായ  സൂചനകളാണ് ന്യൂഏജിന് ലഭിക്കുന്നത്. എന്‍ബിഎഫ്‌സി മേഖലയില്‍ നടന്നുവരുന്ന തൊഴില്‍ സമരങ്ങളെയും മറ്റ് സംഭവവികാസങ്ങളെയും സംസ്ഥാനത്തെ ഭക്ഷ്യോത്പന്ന രംഗത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടന്നുവരുന്ന കിടമത്സരത്തോടാണ് വിദഗ്ദ്ധര്‍ താരതമ്യം ചെയ്യുന്നത്. ആസൂത്രിതമായി നടപ്പാക്കിയ കോര്‍പ്പറേറ്റ് പ്രൊപഗന്‍ഡയുടെ ഭാഗമായി പല ബ്രാന്‍ഡുകള്‍ക്കെതിരായും ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടു; മുന്‍നിര ബ്രാന്‍ഡുകളില്‍ പലരും സോഷ്യല്‍ മീഡിയയില്‍ വ്യാപക അക്രമണത്തിന് ഇരയായി. സംസ്ഥാനത്തെ ഭക്ഷ്യോത്പന്ന മേഖലയെ, വിദേശവിപണികളില്‍ ഉള്‍പ്പെടെ ഇത് കാര്യമായിത്തന്നെ ബാധിക്കുകയും ചെയ്തു.

കേരളത്തെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായും തൊഴില്‍പരമായും ഏറ്റവും സാധ്യത കല്പിക്കപ്പെടുന്ന മേഖലയാണ് എന്‍ബിഎഫ്‌സി; പതിനായിരക്കണക്കിന് പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്ന, വര്‍ഷാവര്‍ഷം ഗവണ്‍മെന്റിന് കോടിക്കണക്കിന് രൂപ നികുതി നല്‍കുന്ന മേഖല. മുത്തൂറ്റ് ഫിനാന്‍സിന് എതിരായി നടക്കുന്ന ആസൂത്രിത നീക്കം ഫലത്തില്‍ സംസ്ഥാനത്തെ എന്‍ബിഎഫ്‌സി മേഖലയെ കൃത്യമായി ലക്ഷ്യം വയ്ക്കുന്ന, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒന്നാണ്. തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ഒരു സാധാരണ തൊഴില്‍സമരം അസാധാരണവും അനാരോഗ്യകരവുമായ രീതിയിലേക്ക് വളരുമ്പോള്‍  തിരിച്ചറിവുണ്ടാകേണ്ടത് ഇവിടത്തെ ഗവണ്‍മെന്റിനും  തൊഴിലാളി യൂണിയനുകള്‍ക്കുമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story