NEWS

ന്യൂഏജ് ഡെയ്‌ലി ബിസിനസ് ബ്രീഫ് - വാർത്തകൾ ഒറ്റനോട്ടത്തിൽ (13/11/2020)

Newage News

13 Nov 2020

ബിസിനസ് ലോകത്തു നിന്നുമുള്ള ഇന്നത്തെ പ്രധാനപ്പെട്ട വാർത്തകൾ വായനക്കാരുടെ മുന്നിലെത്തിക്കുന്ന ന്യൂജിന്റെ പ്രതിദിന വാർത്താപംക്തി - 'ന്യൂഏജ് ഡെയ്‌ലി ബിസിനസ് ബ്രീഫ് - വാർത്തകൾ ഒറ്റനോട്ടത്തിൽ'.


  • ജിഡിപിയില്‍ വളര്‍ച്ചയുണ്ടാകുമെന്ന് മൂഡീസ്

മുംബൈ: തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ സാമ്പത്തിക രംഗം പതിയെ തിരിച്ചുകയറുന്നു എന്ന് സൂചന. ഇന്ത്യന്‍ ജിഡിപിയില്‍ നേരിയ വളര്‍ച്ചയുണ്ടാകുമെന്ന് റേറ്റിങ് ഏജന്‍സിയായ മൂഡീസ്. 2020ലെ ഇന്ത്യന്‍ ജിഡിപി വളര്‍ച്ചാ പ്രവചനം നെഗറ്റീവ് 8.9 ആക്കി ഉയര്‍ത്തിരിക്കുകയാണ് മൂഡീസ്. നേരത്തെ ഇത് നെഗറ്റീവ് 9.6 ആയിരുന്നു. അടുത്ത വര്‍ഷം ഇന്ത്യന്‍ ജിഡിപി വളര്‍ച്ച നെഗറ്റീവ് 8.6 ശതമാനം ആയിരുന്നു പ്രവചിക്കപ്പെട്ടിരുന്നത്. ഇത് നെഗറ്റീവ് 8.1 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന സാഹചര്യം പരിഗണിച്ചാണ് റേറ്റിങ് ഏജന്‍സി പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ദിനേനയുള്ള രോഗബാധിതരുടെ എണ്ണം അഞ്ച് ശതമാനത്തില്‍ താഴെ ആയിട്ടുണ്ട്. മിക്ക വികസ്വര രാജ്യങ്ങളിലും മരണ നിരക്കും കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ സാമ്പത്തിക രംഗം വീണ്ടും തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. മാറിയ ട്രെന്‍ഡ് നിലനിര്‍ത്താന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് നേട്ടമാകും. കൊറോണ വാക്സിന്‍ കൂടി എത്തുന്നതോടെ പ്രതിസന്ധി അതിവേഗം മറികടക്കാന്‍ സാധിക്കുമെന്നും മൂഡീസ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം സാമ്പത്തിക രംഗത്ത് 24 ശതമാനം ഞെരുക്കം അനുഭവപ്പെട്ടിരുന്നു. നിയന്ത്രണങ്ങള്‍ നീക്കുകയും വിപണികള്‍ സജീവമാകുകയും ചെയ്തതോടെ സാമ്പത്തിക രംഗം തിരിച്ചുകയറുകയാണ്. ഇത് പ്രതീക്ഷ നല്‍കുന്നതാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


  • സംവത് 2077 മുഹൂർത്ത വ്യാപാരം നാളെ: പ്രതീക്ഷയോടെ വിപണിയും നിക്ഷേപകരും

മുംബൈ: ഹിന്ദു കലണ്ടർ പ്രകാരം പുതുവർഷം ആരംഭിക്കുന്ന ദിവസമായ നാളെ ഓഹരി വിപണിയിൽ മുഹൂർത്ത വ്യാപാരം നടക്കും. സംവത് 2077 ന്റെ ആദ്യ ദിനമായ നാളെ വൈകിട്ട് 06.15 മുതൽ 07.15 വരെ ഒരു മണിക്കൂർ നിണ്ടുനിൽക്കുന്നതാണ് മുഹൂർത്ത വ്യാപാരം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും നാളെ മുഹൂർത്ത വ്യാപാരത്തിന് അവസരമൊരുക്കുന്നുണ്ട്. 

മുഹൂർത്ത വ്യാപാരത്തിന് ശേഷം അടയ്ക്കുന്ന ഇന്ത്യൻ ഓഹരി വിപണിക‌ൾ പിന്നെ ചൊവ്വാഴ്ച മാത്രമേ തുറക്കുകയുള്ളൂ. ഞായറാഴ്ച പതിവ് അവധിയും തിങ്കളാഴ്ച ദീപാവലി ബലിപ്രതിപദ പ്രമാണിച്ചുളള അവധിയുമായിരിക്കും. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 1957 മുതലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് 1992 മുതലും മുഹൂർത്ത വ്യാപാരത്തിന് വേദിയൊരുക്കുന്നുണ്ട്. ഹിന്ദു കലണ്ടർ പ്രകാരം ശുഭദിനമായി കരുതുന്ന സംവത് 2077 ന്റെ ആദ്യ ദിനത്തിലെ വ്യാപാര നേട്ടം വർഷാവസാനം വരെ ആവർത്തിക്കും എന്നതാണ് വിശ്വാസം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഹൂർത്ത വ്യാപാരം സംഘടിപ്പിക്കുന്നത്.


  • ഒക്ടോബറിലെ ഇന്ധന ഉപഭോഗത്തിൽ വൻ വർധന

മുൻ മാസത്തെ അപേക്ഷിച്ച് 15 ശതമാനം കൂടുതൽ

ദില്ലി: കൊറോണ വൈറസ് പ്രതിസന്ധികൾക്കി‌‌ടയിലും സമ്പദ്‍വ്യവസ്ഥയുടെ ചലനാത്മകത വർദ്ധിച്ചത് സാമ്പത്തിക വീണ്ടെടുക്കലിനെ ത്വരിതപ്പെടുത്തിയതിനാൽ ഒക്ടോബറിലെ ഇന്ത്യയുടെ ഇന്ധന ഉപഭോഗത്തിൽ വൻ വർധന. ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് വാർഷികാടിസ്ഥാനത്തിൽ എണ്ണ ഉപയോഗത്തിൽ വർധന റിപ്പോർട്ട് ചെയ്യുന്നത്.

എണ്ണ ആവശ്യകത കണക്കക്കാനുളള മാനദണ്ഡമായ ശുദ്ധീകരിച്ച ഇന്ധനങ്ങളുടെ ഉപഭോഗം മുൻവർഷത്തെ അപേക്ഷിച്ച് ഒക്ടോബറിൽ 2.5 ശതമാനം ഉയർന്ന് 17.78 ദശലക്ഷം ടണ്ണായി. പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലുളള പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) ഡാറ്റ പ്രകാരം ഇന്ധന ഉപഭോഗം മുൻ മാസത്തെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണ്.


  • ആത്മനിര്‍ഭര്‍ ഭാരത്: ടെലിവിഷന്‍ നിര്‍മ്മാണ സാമഗ്രികളുടെ ഇറക്കുമതിക്ക് എക്‌സൈസ് തീരുവ കുറച്ചു

ദില്ലി: ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി രാജ്യത്ത് ടെലിവിഷന്‍ ഉല്‍പ്പാദന രംഗത്തെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കി. ടെലിവിഷന്‍ നിര്‍മ്മാണത്തിന് വേണ്ട പ്രധാന സാമഗ്രികള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതിന് എക്‌സൈസ് തീരുവയില്‍ അഞ്ച് ശതമാനം നികുതിയിളവാണ് നല്‍കിയിരിക്കുന്നത്. എല്‍സിഡി, എല്‍ഇഡി, ടെലിവിഷന്‍ പാനല്‍, ചിപ്, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് എന്നിവയ്ക്കെല്ലാം ഇളവ് ലഭിക്കും. താരിഫും ഇന്‍സെന്റീവും വഴി പരമാവധി ആഭ്യന്തര ഉല്‍പ്പാദനമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.


  • ചില്ലറ പണപ്പെരുപ്പം ആറ് വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്കിൽ

കടുത്ത നടപടികളെടുക്കാൻ നിർബന്ധിതമായി ആർബിഐ

ദില്ലി: ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതിനാൽ ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം ആറ് വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട ഉപഭോക്തൃ വില സൂചിക (സിപിഐ) കണക്കുകൾ പ്രകാരം ഒക്ടോബറിൽ പണപ്പെരുപ്പം 7.61 ശതമാനമായിരുന്നു. 2014 മെയ്ക്ക് ശേഷമുളള ഏറ്റവും ഉയർന്ന നിരക്കാണിത്. ചില്ലറ പണപ്പെരുപ്പം സെപ്റ്റംബറിൽ 7.27 ശതമാനമായിരുന്നു. ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (സിഎഫ്പിഐ) ഒക്ടോബറിൽ 11.07 ശതമാനമായി ഉയർന്നു, സെപ്റ്റംബറിൽ ഇത് 10.68 ശതമാനമായിരുന്നു.

ഒക്ടോബറിൽ ഇറച്ചി, മത്സ്യം മുതലായവയിലെ പണപ്പെരുപ്പം 18.7 ശതമാനമായും പച്ചക്കറി വില 22.51 ആയും ഉയർന്നു. വസ്ത്ര, പാദരക്ഷകളുടെ പണപ്പെരുപ്പം ഒക്ടോബറിൽ 3.17 ശതമാനമായിരുന്നു.


  • വ്യവസായ ഉത്പാദനത്തിൽ 0.2 ശതമാനം വർധന

മുംബൈ: ആറു മാസത്തെ തുടർച്ചയായ ഇടിവിനുശേഷം രാജ്യത്തെ വ്യവസായ ഉത്പാദന സൂചികയിൽ (ഐഐപി)വർധന. സെപ്റ്റംബർ മാസത്തിലെ വ്യവസായ ഉത്പാദനത്തിലാണ് നേരിയ വർധന രേഖപ്പെടുത്തിയിരിക്കുന്നത്; 0.2 ശതമാനം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വ്യവസായ ഉത്പാദന സൂചിക 4.6 ശതമാനം ചുരുങ്ങിയ സ്ഥാനത്താണിത്. ഐഐപിയുടെ 40 ശതമാനം വരുന്ന കാതൽ മേഖലയിലെ വ്യവസായ ഉത്പാദനത്തിലുണ്ടായ ഇടിവ് മുൻ മാസങ്ങളെ അപേക്ഷിച്ച് കുറഞ്ഞതാണ് നേട്ടമായത്.


  • ചൈനീസ് നിക്ഷേപങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി അമേരിക്ക

ന്യൂയോര്‍ക്ക്: ചൈനീസ് സൈന്യത്തിനു സഹായകരമാകുന്ന തരത്തിലുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉത്തരവ് പുറത്തിറക്കി. ചൈനീസ് സൈന്യത്തിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള കമ്പനികളില്‍ മുതല്‍ മുടക്കുന്നതില്‍ നിന്ന് അമേരിക്കന്‍ പൗരന്മാരെ വിലക്കിക്കൊണ്ടുളള ഉത്തരവ് ജനുവരി 11 മുതല്‍ പ്രാബല്യത്തിലാകും.


  • ഹുവാവെ തങ്ങളുടെ സ്മാർട്ട്ഫോൺ യൂണിറ്റ് വിൽക്കുന്നു

ഹോണർ ഫോൺ യൂണിറ്റ് വിൽപ്പന 15.2 ബില്യൺ ഡോളറിന്

ഹോങ്കോങ്: ഹുവാവെ തങ്ങളുടെ സ്മാർട്ട്ഫോൺ യൂണിറ്റ് വിൽക്കുന്നു. ഹോണർ ഫോൺ യൂണിറ്റാണ് 100 ബില്യൺ യുവാന് (15.2 ബില്യൺ ഡോളർ) വിൽക്കുന്നത്. ഹാന്റ്സെറ്റ് വിതരണക്കാരായ ഡിജിറ്റൽ ചൈനയ്ക്കും ഷെൻസെൽ സർക്കാരിനുമാണ് ഉടമസ്ഥാവകാശം കൈമാറുന്നത്.</p>

അമേരിക്കൻ സർക്കാരിന്റെ നയപരമായ തീരുമാനങ്ങളെ തുടർന്നാണ് ഹുവാവെ തങ്ങളുടെ ഹോണർ യൂണിറ്റ് ഒഴിവാക്കുന്നത്. ഇനി ഹൈ എന്റ് ഹാന്റ്സെറ്റുകളിലും കോർപറേറ്റ് ബിസിനസിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം.


  • പബ്ജി മൊബൈൽ ഗെയിം ഇന്ത്യയിൽ തിരികെ എത്തുന്നു

മുംബൈ: കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിം പബ്ജി തിരികെ ഇന്ത്യയിൽ തിരികെ എത്തുന്നു. ഗെയിം ഡെവലപ്പർമാരായ പബ്ജി കോർപ്പറേഷൻ വിവരം ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യൻ ഉപയോക്താക്കൾക്കു വേണ്ടി പ്രത്യേകം വികസിപ്പിച്ച ഗെയിം ആണിത് എന്നാണ് അധികൃതർ അറിയിക്കുന്നത്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോർപ്പറേഷൻ ഉറപ്പുനൽകുന്നു.

ക്യാരക്ടറുകൾ, സ്ഥലം, വസ്ത്രങ്ങൾ, ഉള്ളടക്കം, വാഹനങ്ങൾ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യൻ ടച്ച്’ ഉള്ള ഗെയിമാണ് റിലീസാവുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാണ് ഈ ഗെയിം റിലീസാവുക എന്നതിനെപ്പറ്റി അധികൃതർ അറിയിച്ചിട്ടില്ല.


  • 40 ദിവസമായി മാറ്റമില്ലാതെ രാജ്യത്തെ ഇന്ധനവില

മുംബൈ: രാജ്യത്തെ പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ലാതെ 40 ദിവസം പിന്നിടുന്നു. ഇതിനിടയിൽ അസംസ്കൃത എണ്ണയുടെ അന്താരാഷ്ട്ര വിലയിൽ കയറ്റിറക്കങ്ങളുണ്ടായെങ്കിലും ഇവിടെ അതു പ്രതിഫലിച്ചില്ല. പെട്രോൾ വിലയിൽ 50 ദിവസമായും ഡീസൽ വിലയിൽ 40 ദിവസമായും മാറ്റമില്ലാതെ തുടരുകയാണ്.

വ്യാഴാഴ്ചത്തെ നിരക്കനുസരിച്ച് മുംബൈയിൽ പെട്രോളിന് 87.74 രൂപയാണ്. ഡൽഹിയിലിത് 81.06 രൂപയും ചെന്നൈയിൽ 84.14 രൂപയുമാണ്. ഡീസലിന് മുംബൈയിൽ 76.86 രൂപയുള്ളപ്പോൾ ഡൽഹിയിൽ 70.46 രൂപയും ചെന്നൈയിൽ 75.95 രൂപയും നൽകണം. 50 ദിവസത്തിനിടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് രണ്ടു മുതൽ മൂന്നു ഡോളർവരെ കുറയുകയും പിന്നീട് കൂടി 44 ഡോളർ നിലവാരത്തിലെത്തുകയും ചെയ്തു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ