Newage News
16 Nov 2020
ബിസിനസ് ലോകത്തു നിന്നുമുള്ള ഇന്നത്തെ പ്രധാനപ്പെട്ട വാർത്തകൾ വായനക്കാരുടെ മുന്നിലെത്തിക്കുന്ന ന്യൂജിന്റെ പ്രതിദിന വാർത്താപംക്തി - 'ന്യൂഏജ് ഡെയ്ലി ബിസിനസ് ബ്രീഫ് - വാർത്തകൾ ഒറ്റനോട്ടത്തിൽ'.
- ആർസിഇപി വ്യാപാര കൂട്ടായ്മ നിലവിൽ വന്നു
ബീജിങ്: ആഗോള സമ്പദ് വ്യവസ്ഥയുടെ മൂന്നിലൊന്ന് കൈകാര്യം ചെയ്യുന്ന പതിനഞ്ച് രാജ്യങ്ങൾ ചേർന്ന് ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മയായ പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിന് (ആർസിഇപി) രൂപം നൽകി.
10 തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും ദക്ഷിണ കൊറിയ, ചൈന, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവയും ഉൾപ്പെടുന്നതാണ് ആർസിഇപി എന്ന സ്വതന്ത്ര വ്യാപാര മേഖല. കരാറിൽ ഉൾപ്പെട്ട മേഖലയിലെ ചൈനീസ് സ്വാധീനത്തിന് വിപുലീകരണമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
2017 ലെ ഏഷ്യ-പസഫിക് വ്യാപാര കരാറിൽ നിന്ന് പിന്മാറിയ യുഎസ് ഈ കരാറിൽ നിന്നും വിട്ടുനിൽക്കുകയാണ്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ട്രാൻസ് പസഫിക് പാർട്ണർഷിപ്പിൽ (ടിപിപി) നിന്ന് യുഎസ് പിന്മാറിയിരുന്നു. 12 രാജ്യങ്ങളെ ഉൾപ്പെടുത്താനായിരുന്നു ഈ കരാർ. ട്രംപിന്റെ മുൻഗാമിയായിരുന്ന ബരാക് ഒബാമ ഈ മേഖലയിലെ ചൈനയുടെ അധികാരം തടയുന്നതിനുള്ള മാർഗമായി ഈ കാരാറിനെ പിന്തുണച്ചിരുന്നു.
- സമ്പദ്വ്യവസ്ഥ കരകയറുന്നതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ
ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ സമ്പദ്വ്യവസ്ഥ കരകയറുന്നതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. വളർച്ച അടിസ്ഥാനമാക്കി ആഗോള സാമ്പത്തിക റേറ്റിംഗ് കമ്പനിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിംഗിൽ മാറ്റം വരുത്തിയത് മന്ത്രി ചൂണ്ടിക്കാട്ടി.
കൊവിഡ് വ്യാപനം നിയന്ത്രിക്കാനായത് വിപണിയിൽ പ്രതിഫലിച്ചു. സമ്പദ്വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. ജി.എസ്.ടി വരുമാനം, ബാങ്ക് ക്രെഡിറ്റ്, വിദേശ നിക്ഷേപം എന്നിവയിൽ മികച്ച പുരോഗതിയുണ്ടായി. വിദേശ നാണയ കരുതൽ ശേഖരം 56,000 കോടി ഡോളറായി ഉയർന്നു. ഇതു റെക്കാഡാണ്. നാലാം പാദത്തിൽ പ്രതീക്ഷിച്ച വളർച്ച മൂന്നാം പാദത്തിൽ തന്നെ ദൃശ്യമായി. മൂഡീസിന്റെ പുതിയ റിപ്പോർട്ട് പ്രകാരം 2021ലെ സാമ്പത്തിക വളർച്ച ജി.ഡി.പിയുടെ 8.6 ശതമാനമാകുമെന്നാണ്. നേരത്തെ അവർ പ്രവച്ചിരുന്നത് 8.1 ശതമാനമാണ്.
- ഇന്ത്യൻ സമ്പദ് വ്യവസ്ഥ വേഗത്തിൽ ഉയർന്നു വരും: ഒക്സ്ഫഡ് എക്കണോമിക്സ്
ഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ കരകയറുന്നുവെന്നും ഈ സാഹചര്യത്തിൽ നിരക്ക് കുറയ്ക്കൽ നടപടികൾ റിസർവ് ബാങ്ക് ഉടൻ അവസാനിപ്പിച്ചേക്കുമെന്നും ആഗോള ഫൊർകാസ്റ്റിങ് സ്ഥാപനമായ ഓക്സ്ഫഡ് എക്കണോമിക്സ് റിപ്പോർട്ട് ചെയ്തു.
ഉപഭോക്തൃ വിലക്കയറ്റം ഒക്ടോബറിൽ വൈറസ് ബാധ രൂക്ഷമാകുന്നതിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലെത്തി. ഇന്ധനം ഒഴികെയുള്ളവയ്ക്കെല്ലാം വില ഉയരുകയാണ്. നാലാം പാദവർഷത്തിൽ വിലക്കയറ്റം മൂർധന്യത്തിൽ എത്തിയേക്കാം. എന്നാൽ, വിലക്കയറ്റം തുടരുന്നതിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഓക്സ്ഫഡ് എക്കണോമിക്സ് പറഞ്ഞു.
- കൊച്ചി-മംഗളൂരു പ്രകൃതിവാതകക്കുഴൽ പദ്ധതി പൂർത്തിയായി
തൃശ്ശൂർ: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) യുടെ കൊച്ചി-മംഗളൂരു പ്രകൃതിവാതകക്കുഴൽ പദ്ധതി പൂർത്തിയായി. ഈയാഴ്ചതന്നെ കുഴലിലൂടെ പ്രകൃതിവാതകമൊഴുകുന്നതോടെ കൊച്ചി മുതൽ മംഗളൂരുവരെയുള്ള പ്രകൃതിവാതകക്കുഴൽ സമ്പൂർണ കമ്മിഷനിങ് നടക്കും.
രണ്ടുമാസത്തോളമായി കാസർകോട്ട് ചന്ദ്രഗിരിപ്പുഴയ്ക്കു കുറുകെ പൈപ്പിടുന്നത് തടസ്സപ്പെട്ടിരുന്നു. ഇതോടെ, 24 ഇഞ്ച് വ്യാസത്തിലുള്ള പൈപ്പിനു പകരം പുഴയിലൂടെ താൽകാലികമായി ആറിഞ്ച് പൈപ്പിട്ടാണ് ശനിയാഴ്ച രാത്രിയോടെ പദ്ധതി പൂർത്തിയാക്കിയത്. ഇതിനെ ഇരുകരകളിലെയും പൈപ്പുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി തിങ്കളാഴ്ച തുടങ്ങും.
കൊച്ചിയിൽനിന്ന് തൃശ്ശൂർവഴി പാലക്കാട്ടെ കൂറ്റനാട് വരെയുള്ള 90 കിലോമീറ്റർ കുഴൽ 2019 ജൂണിൽ കമ്മിഷൻ ചെയ്തിരുന്നു. കൂറ്റനാടാണ് പ്രധാന ജങ്ഷൻ. ഇവിടെനിന്നാണ് 354 കിലോമീറ്ററുള്ള മംഗളൂരു കുഴലും 525 കിലോമീറ്ററുള്ള ബെംഗളൂരു കുഴലും തുടങ്ങുന്നത്. ബെംഗളൂരു കുഴലിന്റെ ഭാഗമായുള്ള കൂറ്റനാട്-വാളയാർ പ്രകൃതിവാതകക്കുഴൽ ജനുവരിയോടെ കമ്മിഷൻ ചെയ്യും. ഗെയിൽ പ്രകൃതിവാതകക്കുഴൽ പൂർണമായി കമ്മിഷൻ ചെയ്യുന്നതോടെ നികുതിയിനത്തിൽ സംസ്ഥാനത്തിന് വർഷംതോറും 1000 കോടിയോളം രൂപ കിട്ടും.
- ഡോളറിന്റെ മൂല്യത്തിൽ ഇടിവ്; കരുത്ത് കാട്ടി ഏഷ്യൻ വിപണികൾ
മുംബൈ: വാക്സിൻ പരീക്ഷണങ്ങളെ സംബന്ധിച്ച ശുഭാപ്തിവിശ്വാസവും ചൈനയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള സാമ്പത്തിക ഡാറ്റയും ഏഷ്യൻ വിപണികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളെ മറികടന്ന് ഏഷ്യൻ ഓഹരികൾ റെക്കോർഡ് ഉയരത്തിലെത്താൻ ഇത് സഹായിച്ചു. ജപ്പാന് പുറത്തുള്ള ഏഷ്യ-പസഫിക് ഓഹരികളുടെ എം എസ് സി ഐയുടെ വിശാല സൂചിക ഒരു ശതമാനം ഉയർന്നു. 1987 ൽ ആരംഭിച്ചതിനുശേഷമുളള ഏറ്റവും ഉയർന്ന നിലവാരത്തിലാണിപ്പോൾ സൂചിക.
ജപ്പാനിലെ നിക്കി 29 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലും ദക്ഷിണ കൊറിയയുടെ കോസ്പി 2018 ന് ശേഷമുളള ഏറ്റവും ഉയർന്ന നിരക്കിലുമാണിപ്പോൾ വ്യാപാരം നടക്കുന്നത്. ഓസ്ട്രേലിയയുടെ എ എസ് എക്സ് 200 രാവിലെ എട്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചുകയറി, തുടർന്ന് വ്യാപാരം നിർത്തിവച്ചു.
- ഓഹരി-കടപ്പത്ര വിപണിയിലേക്ക് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ പണമൊഴുക്കുന്നു
മുംബൈ: ഇന്ത്യൻ മൂലധന വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിന് വീണ്ടും ആവേശക്കുതിപ്പ്. ഈമാസം ഇതുവരെ ഓഹരി-കടപ്പത്ര വിപണിയിലേക്ക് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) ഒഴുക്കിയത് 35,109 കോടി രൂപയാണ്. ഒക്ടോബറിൽ 22,033 കോടി രൂപയുടെ വിദേശ നിക്ഷേപവും ലഭിച്ചിരുന്നു.
ഈമാസത്തെ നിക്ഷേപത്തിൽ 29,436 കോടി രൂപയും നേടിയത് ഓഹരി വിപണിയാണ്; കടപ്പത്രങ്ങളിലേക്ക് 5,673 കോടി രൂപയുമെത്തി. കൊവിഡിനെതിരായ വാക്സിൻ സജ്ജമാകുന്നു എന്ന വാർത്തകൾ, കോർപ്പറേറ്റ് കമ്പനികളുടെ മികച്ച രണ്ടാംപാദ പ്രവർത്തനഫലം, കേന്ദ്രസർക്കാരിന്റെ ഉത്തേജക നടപടികൾ എന്നിവയാണ് ഓഹരി വിപണിയെ ആകർഷകമാക്കിയത്. ഇന്ത്യൻ ഓഹരി സൂചികകൾ ഇപ്പോഴുള്ളത് റെക്കാഡ് ഉയരത്തിലാണ്; സെൻസെക്സ് 43,637ലും നിഫ്റ്റി 12,780ലും.
- ധനലക്ഷ്മി ബാങ്കില്‍ തര്‍ക്കം മുറുകുന്നു
ധനലക്ഷ്മി ബാങ്കിലെ സാരഥ്യപ്രശ്നം വീണ്ടും ദേശീയതലത്തില്‍ ചര്‍ച്ചയാകുന്നു. ഓഹരി ഉടമകള്‍ വോട്ട് ചെയ്ത പുറത്താക്കിയ മുന്‍ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ സുനില്‍ ഗുര്‍ബക്സാനി വീണ്ടും തിരിച്ചുവരാന്‍ ഇടയുണ്ടെന്ന് 'ബിസിനസ് സ്റ്റാര്‍ഡേര്‍ഡ്' ആണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ബാങ്കിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 90 ശതമാനം ഓഹരി ഉടമകള്‍ എതിരായി വോട്ട് ചെയ്താണ് സുനില്‍ ഗുര്‍ബക്സാനിയെ പുറത്താക്കിയത്. അദ്ദേഹം രാജിവെയ്ക്കുകയായിരുന്നില്ല. പുറത്താക്കപ്പെടുകയായിരുന്നുവെന്ന് ധനലക്ഷ്മി ബാങ്കിന്റെ ഔദ്യോഗിക വക്താക്കള്‍ വിശദീകരിക്കുന്നു. ഓഹരി ഉടമകള്‍ നിരാകരിച്ച മാനേജിംഗ് ഡയറക്റ്ററെ ബാങ്കിംഗ് റെഗുലേഷന് ആക്റ്റിലെ 10ബിബി വകുപ്പ് നല്കുന്ന അധികാരം ഉപയോഗിച്ച് തിരിച്ച് നിയമിക്കാനാണ് ആര്‍ബിഐ നീക്കമെന്നാണ് ബിസിനസ് സ്റ്റാര്‍ഡേര്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
എന്നാല്‍ ഇത് വാസ്തവവിരുദ്ധമായ കാര്യമാണെന്നും ഇത്തരമൊരു നീക്കത്തിന് സാധ്യതയില്ലെന്നും ബാങ്കിന്റെ ഔദ്യോഗിക കേന്ദ്രങ്ങള്‍ പറയുന്നു. ''ഓഹരി ഉടമകള്‍ പുറത്താക്കിയ ഒരു മാനേജിംഗ് ഡയറക്റ്ററെ ആര് ബി ഐ എങ്ങനെ വീണ്ടും തിരിച്ചുകൊണ്ടുവരും? ഗുര്‍ബക്സാനി രാജി വെയ്ക്കുകയായിരുന്നില്ല. പുറത്താക്കുകയായിരുന്നു. പുറത്താക്കിയ ആളുടെ രാജിക്കത്ത് സ്വീകരിച്ചില്ലെന്ന വാദം എങ്ങനെ ശരിയാകും? ഭൂരിഭാഗം ഓഹരിയുടമകള്‍ നിരാകരിച്ച ഒരാളെ ആര്‍ബിഐയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കില്ല,'' ബാങ്കിന്റെ ഔദ്യോഗിക കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നു. കമ്പനീസ് ആക്ടിന്റെ വ്യവസ്ഥകള്‍ക്ക് മുകളിലാണ് ബാങ്കിംഗ് റെഗുലേഷന് ആക്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഗുര്‍ബക്സാനിയുടെ തിരിച്ചുവരവ് സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത്.
- വിദേശ നിക്ഷേപം: ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണവുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റല്‍ മാധ്യമങ്ങളിലെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് കേന്ദ്രം നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഡിജിറ്റല്‍ മാധ്യമങ്ങളിലെ വിദേശ നിക്ഷേപ പരിധി 26 ശതമാനമാണ്. ഇതില്‍ കൂടുതല്‍ നിക്ഷേപം സ്വീകരിച്ചവര്‍ കുറയ്ക്കണമെന്നാണ് നിര്‍ദേശം.തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.
26 ശതമാനത്തില്‍ കുറവ് വിദേശ നിക്ഷേപമുളള കമ്പനികള്‍ ഒരുമാസത്തിനുള്ളില്‍ ഓഹരികളുമായി ബന്ധപ്പെട്ട പൂര്‍ണ വിവരം സമര്‍പ്പിക്കണമെന്നും കേന്ദ്രത്തിന്റെ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഇതിന് പുറമേ ഡയറക്ടര്‍മാര്‍, പ്രമോട്ടര്‍മാര്‍, ഓഹരിഉടമകള്‍ എന്നിവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്.
- മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടാനൊരുങ്ങി ടെലികോം കമ്പനികൾ
ന്യൂഡൽഹി: രാജ്യത്തെ മുൻനിര ടെലികോം കമ്പനികളെല്ലാം നിരക്കുകൾ കുത്തനെ കൂട്ടാൻ പോകുകയാണെന്ന് റിപ്പോർട്ട്. വോഡഫോൺ ഐഡിയ (വി), എയർടെൽ തുടങ്ങിയ കമ്പനികവ് നിരക്കുകൾ ഉയർത്താൻ തന്നെയാണ് നീക്കം. ഇതോടെ ഈ പുതുവർഷത്തിൽ ജനങ്ങളുടെ ഫോൺ ബിൽ 15-20 ശതമാനം വരെ ഉയർന്നേക്കാമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ ടെലികോം കമ്പനികൾ അടുത്ത മാർച്ച് 31നകം 10 ശതമാനം കുടിശിക അടയ്ക്കണം. ബാക്കിത്തുക അടുത്ത ഏപ്രിൽ 1 മുതൽ 2031 മാർച്ച് 31വരെയുള്ള കാലയളവിൽ അടയ്ക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മിക്ക ടെലികോം കമ്പനികളും നിരക്കുകൾ കുത്തനെ കൂട്ടി പണം കണ്ടെത്താൻ പോകുന്നത്.
നിരക്കുകൾ കൂടാൻ തുടങ്ങിയതോടെ മിക്ക കമ്പനികൾക്കും ലഭിക്കുന്ന വരിക്കാരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. വോഡഫോൺ ഐഡിയ നിരക്ക് കൂട്ടിയാൽ എയർടെലും പിന്തുടരാം. എന്നാൽ ഇവരുടെ എതിരാളികളായ റിലയൻസ് ജിയോയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇതിനനുസരിച്ച് നിരക്കുകൾ അവതരിപ്പിച്ചിട്ടില്ലെങ്കിലും നിലവിലെ വരിക്കാരെയും നഷ്ടപ്പെടും.
- ഒക്ടോബറിലെ റീട്ടെയിൽ വാഹന വില്പന 23.99 ശതമാനം താഴ്ന്നു
കൊച്ചി: കൊവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് മെല്ലെ കരകയറിത്തുടങ്ങിയ ഇന്ത്യൻ വാഹന വിപണി, ഉത്സവകാലം നിറഞ്ഞ ഒക്ടോബറിൽ മികച്ച വില്പന പ്രതീക്ഷിച്ചെങ്കിലും ലഭിച്ചത് കനത്ത നിരാശ. 2019 ഒക്ടോബറിനെ അപേക്ഷിച്ച് ഇക്കുറി മൊത്തം റീട്ടെയിൽ വാഹന വില്പന 23.99 ശതമാനം താഴ്ന്നുവെന്ന് ഡീലർമാരുടെ കൂട്ടായ്മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (ഫാഡ) വ്യക്തമാക്കി.
എല്ലാ വിഭാഗങ്ങളിലുമായി ആകെ 14.13 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയത്. 2019 ഒക്ടോബറിൽ ഇത് 18.59 ലക്ഷം യൂണിറ്റുകളായിരുന്നു. ഇക്കുറി ടൂവീലർ വില്പന 26.82 ശതമാനം താഴ്ന്ന് 10.41 ലക്ഷം യൂണിറ്റുകളിലെത്തി. 64.50 ശതമാനമാണ് ത്രീവീലറുകളുടെ ഇടിവ്. വില്പന 63,042ൽ നിന്ന് 22,381 ആയി കുറഞ്ഞു.
63,837ൽ നിന്ന് വാണിജ്യ വാഹന വില്പന 44,480ലെത്തി. നഷ്ടം 30.32 ശതമാനം. പാസഞ്ചർ വാഹനങ്ങളുടെ (കാറുകൾ) നഷ്ടം 8.80 ശതമാനമാണ്. 2.49 ലക്ഷം കാറുകൾ കഴിഞ്ഞമാസം വിറ്റഴിഞ്ഞു; കഴിഞ്ഞവർഷം ഒക്ടോബറിൽ ഇന്ത്യക്കാർ പുതുതായി 2.73 ലക്ഷം കാറുകൾ വാങ്ങിയിരുന്നു.
കാർഷിക മേഖലയിലെ ഉണർവ് ട്രാക്ടർ വിപണിയെ ഉഷാറാക്കുന്നുണ്ട്. കഴിഞ്ഞമാസവും വളർച്ച കുറിച്ച ഏക വിഭാഗം ട്രാക്ടറുകളാണ്; 55.53 ശതമാനം. വില്പന 35,456ൽ നിന്ന് 55,146 യൂണിറ്റുകളായി മെച്ചപ്പെട്ടു. ടൂവീലറുകളിൽ 32.02 ശതമാനം വിപണി വിഹിതവുമായി ഹീറോ മോട്ടോകോർപ്പ് കഴിഞ്ഞമാസവും ഒന്നാംസ്ഥാനം നിലനിറുത്തി. 28.06 ശതമാനം വിഹിതമുള്ള ഹോണ്ടയാണ് രണ്ടാമത്.