NEWS

ന്യൂഏജ് ഡെയ്‌ലി ബിസിനസ് ബ്രീഫ് - വാർത്തകൾ ഒറ്റനോട്ടത്തിൽ (18/11/2020)

Newage News

18 Nov 2020

ബിസിനസ് ലോകത്തു നിന്നുമുള്ള ഇന്നത്തെ പ്രധാനപ്പെട്ട വാർത്തകൾ വായനക്കാരുടെ മുന്നിലെത്തിക്കുന്ന ന്യൂജിന്റെ പ്രതിദിന വാർത്താപംക്തി - 'ന്യൂഏജ് ഡെയ്‌ലി ബിസിനസ് ബ്രീഫ് - വാർത്തകൾ ഒറ്റനോട്ടത്തിൽ'.


  • ജിഎസ്ടി നഷ്ടപരിഹാരം: വായ്പ സ്വീകരിക്കാൻ കേരളം തീരുമാനിച്ചു

ന്യൂഡൽഹി: ചരക്കു സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാര വിഷയത്തിൽ കേന്ദ്ര നിലപാടിനോടുള്ള എതിർപ്പു നിലനിർത്തിത്തന്നെ വായ്പ സ്വീകരിക്കാൻ കേരളം തീരുമാനിച്ചു. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. ഇതോടെ, കേരളത്തിനു നഷ്ടപരിഹാര ഇനത്തിൽ ഏകദേശം 6000 കോടി രൂപയും 0.5% അധിക വായ്പയായി ഏകദേശം 2000 കോടിയും അടുത്ത 3 മാസത്തിൽ ലഭിക്കും.

ഈ വർഷം കോവിഡ് ഇനത്തിലുള്ള നഷ്ടപരിഹാരം നികത്താൻ 1.1 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾ വായ്പയെടുക്കണമെന്നും ബാക്കിത്തുക 2022 മുതൽ നൽകുമെന്നുമാണ് കേന്ദ്രം വ്യവസ്ഥവച്ചത്. ഇതിനെ കേരളമുൾപ്പെടെ ഏതാനും സംസ്ഥാനങ്ങൾ എതിർത്തു. മുഴുവൻ നഷ്ടപരിഹാരവും ഈ വർഷംതന്നെ കേന്ദ്രം വായ്പയെടുത്തു നൽകണമെന്നായിരുന്നു വാദം.


  • നേരിട്ടുള്ള വിദേശനിക്ഷേപം: അയല്‍ രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കിയേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ (എഫ്ഡിഐ) ഇളവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. 26 ശതമാനം വരെ ഇവര്‍ക്ക് വിദേശ നിക്ഷേപം ഇന്ത്യയില്‍ നടത്താന്‍ അനുമതി നല്‍കുന്നതിനാണ് ആലോചന. ചൈനയും ഹോങ്കോങും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഈ ഇളവ് ലഭിച്ചേക്കും. അതേസമയം, പാകിസ്താന്റെ കാര്യത്തിലുള്ള നിലപാട് നിലവില്‍ വ്യക്തമല്ല. അയല്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തുമ്പോള്‍ കാര്യമായ സൂക്ഷ്മ പരിശോധന നടത്തില്ല. 26 ശതമാനം വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇക്കാര്യത്തില്‍ ഇളവുണ്ടാകുക.

എന്നാല്‍ ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. വിഷയം പഠിക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സമിതി രൂപീകരിച്ചിരുന്നു. ഇവരുടെ ചര്‍ച്ചകള്‍ തുടരുകയാണെന്നും അയല്‍ രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഏപ്രിലില്‍ വിദേശ നിക്ഷേപ നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു. അയല്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാണ് എന്നതാണ് പ്രധാന ഭേദഗതി. തുടര്‍ന്ന് ഇക്കാര്യത്തില്‍ ചില ഇളവുകള്‍ വേണമെന്ന് അഭിപ്രായം ഉയര്‍ന്നു. അയല്‍ രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഈ സമിതി പ്രവര്‍ത്തിക്കുന്നത്.


  • ആർസിഇപി കരാർ: പ്രതികരിക്കാതെ ഇന്ത്യ

ന്യൂഡൽഹി: ചൈനയും മറ്റു 14 രാജ്യങ്ങളും ഒപ്പുവച്ച മേഖലാ സമഗ്ര സാമ്പത്തിക സഹകരണ (ആർസിഇപി) കരാറിനെക്കുറിച്ചു പ്രതികരിക്കാതെ ഇന്ത്യ. ഇന്ത്യയ്ക്ക് എപ്പോൾ വേണമെങ്കിലും ചേരാൻ ഇടം നീക്കിവച്ചുകൊണ്ടാണ് ആസിയാൻ രാജ്യങ്ങളും ചൈന, ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ, ന്യൂസീലൻഡ് എന്നിവയും കരാർ ഒപ്പുവച്ചത്. ചൈന മുൻകൈയെടുത്തുള്ള കരാർ എന്നതുകൊണ്ടുതന്നെ പ്രതികരണം എളുപ്പമാവില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ശാക്തികവും രാഷ്ട്രീയവുമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടയിലും സാമ്പത്തിക–വ്യാപാര വിഷയങ്ങളിലൂടെ തങ്ങൾക്കു തിരിച്ചടിക്കാനാവുമെന്ന് ചൈന വ്യക്തമാക്കിയെന്നാണ് വിലയിരുത്തൽ.

ചൈനയ്ക്ക് എതിരെയെന്നു വ്യാഖ്യാനിക്കപ്പെടുന്ന ചതുർരാഷ്ട്ര ശാക്തിക കൂട്ടായ്മയായ ക്വാ‍ഡിലെ (ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ) 2 രാജ്യങ്ങളും ആർസിഇപിയിൽ ഉൾപ്പെടുന്നു. വ്യാപാരത്തിലും സേവന മേഖലയിലും ഈ രാജ്യങ്ങൾ ചൈനയുമായി കൈകോർക്കുമ്പോൾ ക്വാഡ് ചൈനയ്ക്കുമേൽ എത്രത്തോളം സമ്മർദശക്തിയാകുമെന്ന സംശയം ഉന്നയിക്കപ്പെടുന്നുണ്ട്. ആർസിഇപിയിൽ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പാക്കാൻ ഏറെ ശ്രമിച്ച രാജ്യമാണ് ജപ്പാൻ. വിതരണ ശൃംഖല ശക്തിപ്പെടുത്താൻ ജപ്പാനും ഓസ്ട്രേലിയയും ഇന്ത്യയും ചേർന്നു ശ്രമിച്ചിരുന്നു. ചൈനയ്ക്കു മേൽക്കൈയുള്ള വിതരണ ശൃംഖലയെ ആശ്രയിക്കുന്നതു കുറയ്ക്കുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. എന്നാൽ, ആർസിഇപി വന്നതോടെ ഈ ശ്രമവും പുരോഗമിക്കില്ലെന്ന സ്ഥിതിയായി.


  • സാമൂഹിക സുരക്ഷാ കോഡ് 2020: കരട് നിയമങ്ങൾ പ്രസിദ്ധപ്പെടുത്തി

സാമൂഹിക സുരക്ഷാ കോഡ് 2020 ന് കീഴിലെ കരട് നിയമങ്ങൾ തൊഴിൽ മന്ത്രാലയം 2020 നവംബർ 13ന് പ്രസിദ്ധപ്പെടുത്തി. പൊതുജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട തങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവയ്ക്കാവുന്നതാണ്. കരട് നിയമം വിജ്ഞാപനം ചെയ്ത തീയതിക്ക് 45 ദിവസത്തിനുള്ളിൽ ഇത്തരം നിർദ്ദേശങ്ങളും എതിർപ്പുകളും സമർപ്പിക്കേണ്ടതാണ്.

എംപ്ലോയീസ് പ്രൊവിഡൻസ് ഫണ്ട്, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ, കെട്ടിട നിർമ്മാണ മേഖലയിലടക്കം ജോലി ചെയ്യുന്ന നിർമ്മാണ തൊഴിലാളികൾക്കുള്ള

ഗ്രാറ്റിവിറ്റി, പ്രസവാനന്തര ആനുകൂല്യങ്ങൾ, സാമൂഹികസുരക്ഷ, സെസ്, അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട സാമൂഹിക സുരക്ഷാ കോഡ് 2020-ലെ വ്യവസ്ഥകൾ യാഥാർത്ഥ്യമാക്കാൻ കരട് നിയമത്തിൽ അനുശാസിക്കുന്നു.

അസംഘടിത മേഖലയിലെ തൊഴിലാളികൾ ഇതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ പോർട്ടലിൽ ആധാർ അധിഷ്ഠിത രജിസ്ട്രേഷൻ നടത്തുന്നതിനും കരട് നിയമം വ്യവസ്ഥ ചെയ്യുന്നു. സാമൂഹിക സുരക്ഷാ ബോർഡിനു കീഴിൽ നടപ്പാക്കുന്ന എല്ലാ സാമൂഹിക സുരക്ഷാ പദ്ധതികളുടെയും ഗുണഫലം ലഭിക്കുന്നതിനായി അസംഘടിത തൊഴിലാളികൾ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.


  • സംരംഭകരുടെ സ്വപ്ന ഭൂമിയായി കേരളത്തെ മാറ്റി: മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം; വ്യവസായ നിക്ഷേപങ്ങള്‍ക്കുള്ള നടപടികള്‍ ലളിതമാക്കിയും നിയമ ഭേദഗതി വരുത്തിയും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കിയും സംരംഭകരുടെ സ്വപ്‌ന ഭൂമിയായി സംസ്ഥാനത്തെ മാറ്റിയെന്ന് മന്ത്രി ഇപി ജയരാജന്‍.കേരളത്തെ വ്യവസായ സൗഹൃദമാക്കാനുള്ള നിരവധി നടപടികളാണ് കഴിഞ്ഞ നാലര വര്‍ഷം സര്‍ക്കാര്‍ കൈക്കൊണ്ടത്.ഏഴ് നിയമങ്ങളും 10 ചട്ടങ്ങളും ഭേദഗതി ചെയ്ത്, കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ആക്‌ട് 2018 നടപ്പാക്കി. കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍'- നിയമവും ഇതര വ്യവസായങ്ങളെ കൂടി ഉള്‍പ്പെടുത്തിയുള്ള നിയമഭേദഗതിയും നിക്ഷേപകര്‍ക്ക് കൊവിഡ് കാലത്തും സഹായകമായെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

കേരളത്തെ വ്യവസായ സൗഹൃദമാക്കാനുള്ള നിരവധി നടപടികളാണ് കഴിഞ്ഞ നാലര വര്‍ഷം സര്‍ക്കാര്‍ കൈക്കൊണ്ടത്. വ്യവസായ നിക്ഷേപങ്ങള്‍ക്കുള്ള നടപടികള്‍ ലളിതമാക്കിയും നിയമ ഭേദഗതി വരുത്തിയും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കിയും സംരംഭകരുടെ സ്വപ്‌ന ഭൂമിയായി സംസ്ഥാനത്തെ മാറ്റി. ഏഴ് നിയമങ്ങളും 10 ചട്ടങ്ങളും ഭേദഗതി ചെയ്ത്, കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ആക്‌ട് 2018 നടപ്പാക്കി.

കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍'- നിയമവും ഇതര വ്യവസായങ്ങളെ കൂടി ഉള്‍പ്പെടുത്തിയുള്ള നിയമഭേദഗതിയും നിക്ഷേപകര്‍ക്ക് കൊവിഡ് കാലത്തും സഹായകമായി.


  • റബർ വിലയിൽ നേരിയ ഉയർച്ച

കോട്ടയം: ഒരാഴ്ചത്തെ മാന്ദ്യത്തിനുശേഷം റബർ വിലയിൽ വീണ്ടും ഉണർവ്. ഒക്ടോബർ അവസാനം കിലോയ്ക്ക് 160 രൂപയിലെത്തിയ വില 150 രൂപയിലേക്കു താഴ്ന്നശേഷമാണു മെച്ചപ്പെട്ടത്. ഇന്നലെ ആർഎസ്എസ് നാല് ഗ്രേഡ് റബറിന് 157 രൂപയും അഞ്ചാം ഗ്രേഡിന് 150 രൂപയുമാണു നിരക്ക്. വിദേശവില 176 രൂപയിലെത്തി.

റബർ ഉത്പാദനം മെച്ചപ്പെടുന്നില്ലെങ്കിലും ടയർ ഉത്പാദനത്തിൽ വൻ വർധനയാണുള്ളത്. കോവിഡ് വ്യാപനം വന്നതോടെ ചെറിയ കാറുകളുടെ വിൽപ്പനയിലുണ്ടായ ഉണർവാണ് ടയർമേഖലയ്ക്ക് നേട്ടമായത്. ഒരാഴ്ചത്തെ മാന്ദ്യത്തിനുശേഷം ചൈന ചരക്ക് വാങ്ങിത്തുടങ്ങിയതും റബർ വില മെച്ചപ്പെടാൻ കാരണമായി.

മഴ വരും ദിനങ്ങളിൽ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഉത്പാദനം വീണ്ടും കുറയും. കമ്പനികളിൽനിന്നു വലിയ തോതിൽ ഓർഡർ ലഭിക്കുന്നുണ്ടെങ്കിലും നിലവാരമുള്ള റബർ നൽകാൻ വ്യാപാരികൾക്കു സാധിക്കുന്നില്ല.


  • ആമസോണ്‍ ഫാര്‍മസി വരുന്നു; ഇനി മരുന്നും ഓണ്‍ലൈനായി വാങ്ങാം

ന്യൂയോര്‍ക്ക്: കൊവിഡ് കാലത്ത് ആളുകളുടെ ഷോപ്പിംഗ് രീതികള്‍ അപ്പാടെ മാറിയിരിക്കുകയാണ്. വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാത്ത സാഹചര്യത്തില്‍ മിക്കവരും ഓണ്‍ലൈന്‍ ഷോപ്പിംഗ് ആണ് തിരഞ്ഞെടുക്കുക. അപ്പോഴും അത്യാവശ്യ മരുന്നുകളൊക്കെ വാങ്ങാന്‍ പുറത്തിറങ്ങുക തന്നെ വേണം. ആ പ്രശ്നത്തിനും ഇനി പരിഹാരമുണ്ട്.

ഓണ്‍ലൈന്‍ ഫാര്‍മസി തുറന്നിരിക്കുകയാണ് ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ ആഗോള ഭീമനായ ആമസോണ്‍. ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് ഇനി മരുന്നുകളും ഓണ്‍ലൈനില്‍ തന്നെ ലഭ്യമാകും. ആവശ്യമുളളവ ദിവസങ്ങള്‍ക്കുളളില്‍ തന്നെ നിങ്ങളുടെ വീട്ടുപടിക്കലെത്തും. ഒരു ബുക്കോ കോഫി കപ്പോ ഓര്‍ഡര്‍ ചെയ്യുന്നത് പോലെ തന്നെ.

ഇതോടെ ഫാര്‍മസി വ്യവസായത്തിലേക്ക് കൂടി ആമസോണ്‍ ചുവടുവെപ്പ് നടത്തുകയാണ്. പുസ്തകം മുതല്‍ കളിപ്പാട്ടവും പലചരക്കും അടക്കം എല്ലാ വില്‍പന രംഗത്തും ആമസോണ്‍ ഇതിനകം മുദ്ര പതിപ്പിച്ചിട്ടുളളതാണ്. സിവിഎസും വാള്‍ഗ്രീനും അടക്കമുളള വമ്പന്‍ ശൃംഖലകള്‍ തങ്ങളുടെ ഫാര്‍മസികളെ ആണ് ആശ്രയിക്കുന്നത്.


  • സൂചികകൾ റെക്കോഡ് ഉയരത്തിൽ തുടരുന്നു 

മുംബൈ: റെക്കോഡ് നേട്ടത്തോടെ ഓഹരി സൂചികകൾ വീണ്ടും പുതിയ ഉയരംകുറിച്ചു. നഷ്ടത്തോടെ തുടങ്ങിയ വ്യാപാരം വാഹന, ധനകാര്യ ഓഹരികളുടെ മുന്നേറ്റത്തിലാണ് മികച്ച ഉയരം കുറിച്ചത്.

സെന്സെക്സ് 227.34 പോയന്റ് നേട്ടത്തില് 44,180.05ലും നിഫ്റ്റി 64.10 പോയന്റ് ഉയര്ന്ന് 12,938.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1496 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1100 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 153 ഓഹരികൾക്ക് മാറ്റമില്ല.

മഹീന്ദ്ര ആന്ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിന്സര്വ്, എല്ആന്ഡ്ടി, ഇന്ഡസിന്ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ബിപിസിഎല്, ഹിന്ദുസ്ഥാന് യുണിലിവര്, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ടൈറ്റാന് കമ്പനി തുടങ്ങിയ ഓഹരികള് നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വാഹനം, പൊതുമേഖല സൂചികകള് മൂന്നുശതമാനമാണ് ഉയര്ന്നത്. അതേസമയം, എഫ്എംസിജി, ഐടി, ഫാര്മ ഓഹരികളില് വില്പന സമ്മര്ദംപ്രകടമായിരുന്നു.


  • സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന് 37840 രൂപയാണ് വില. കഴിഞ്ഞ ദിവസത്തില്‍ നിന്നും പവന് 240 രൂപയാണ് കുറവ്. ഒരു ഗ്രാമിന് 4730 രൂപയാണ് വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞതാണ് കാരണം. ഔണ്‍സിന് 1,879.08 ഡോളറില്‍ ആണ് ഇന്നത്തെ സ്വര്‍ണ വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 38,080 രൂപയും ഒരു ഗ്രാമിന് 4,760 രൂപയുമായിരുന്നു വില.

കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് പവന് 400 രൂപയുടെ വര്‍ധന ഉണ്ടായിരുന്നുവെങ്കിലും ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഒക്ടോബര്‍ 27നാണ് സ്വര്‍ണ വില ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്. അതേസമയം സെപ്റ്റംബറില്‍ സ്വര്‍ണ വില പവന് 440 രൂപ കുറഞ്ഞിരുന്നു.


  • ലക്ഷ്മി വിലാസ് ബാങ്കില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: തമിഴ്നാട് ആസ്ഥാനമായുള്ള സ്വകാര്യമേഖാ ബാങ്കായ ലക്ഷ്മി വിലാസ് ബാങ്കിനെ മൊറട്ടോറിയത്തില്‍ ഉള്‍പ്പെടുത്തി. ഡിസംബര്‍ 16 വരെയാണ് നിയന്ത്രണം. ഇതോടെ ഇക്കാലയളവില്‍ ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്ന് പ്രതിമാസം പിന്‍വലിക്കാവുന്ന ഏറ്റവും വലിയ തുക 25,000 രൂപയായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. എന്നിരുന്നാലും, ചികിത്സ, ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചെലവുകള്‍, വിവാഹച്ചെലവ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ നിക്ഷേപകര്‍ക്ക് 25,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മോശമാകുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ ഉപദേശപ്രകാരമാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുള്ളത്.

വിശ്വസനീയമായ പുനരുജ്ജീവന പദ്ധതിയുടെ അഭാവത്തില്‍, ബാങ്കുകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി 1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 45 പ്രകാരം മൊറട്ടോറിയം ഏര്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ അപേക്ഷിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് പ്രത്യേക പ്രസ്താവനയില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കി. അതേ സമയം തന്നെ ബാങ്കിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുകയും വേണം.ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ