ECONOMY

NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി

13 Sep 2019

ന്യൂഏജ് ന്യൂസ്

കൊച്ചി: തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള വിധിയിലേക്ക് സുപ്രീംകോടതിയെ നയിച്ചത് മൂന്നംഗ സമിതി നിയോഗിച്ച ടെക്നിക്കൽ കമ്മിറ്റി നൽകിയ തെറ്റായ റിപ്പോർട്ട്. നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി മരടിലെ ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് പഞ്ചായത്ത് അയച്ച കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിയപ്പോൾ തുടങ്ങിയ പ്രശ്‌നമാണ് ഇപ്പോൾ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കണം എന്ന അവസ്ഥയിൽ എത്തി നിൽക്കുന്നത്. ഹൈക്കോടിതയുടെ വിധിക്കെതിരെ സംസ്ഥാന തീരദേശ പരിപാലന അഥോറിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനെത്തുടർന്ന് സുപ്രീം കോടതി വിഷയം പഠിച്ചു റിപ്പോർട്ട് നൽകുവാൻ മൂന്നു അംഗങ്ങളുള്ള സമിതിക്ക് രൂപം നൽകി. തദ്ദേശ സ്വയം ഭരണ സെക്രട്ടറി, ജില്ലാ കലക്ടർ, മരട് മുൻസിപ്പൽ സെക്രട്ടറി എന്നിവരായിരുന്നു ഈ സമിതിയിലെ അംഗങ്ങൾ. എന്നാൽ ഈ കമ്മിറ്റി വീണ്ടും ഒരു ടെക്നിക്കൽ കമ്മിറ്റിയെ വച്ചു. സംസ്ഥാന സർക്കാരാണ് ഈ കമ്മറ്റിയെ നിയമിച്ചത്. ഇവരാണ് വിഷയത്തിൽ റിപ്പോർട്ട് തയ്യാറാക്കിയത്.

സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റുകൾ നിർമ്മിച്ചിട്ടുള്ളത് CRZ- 3 സോണിലാണെന്നും, ഇത് നിയമ ലംഘനമാണെന്നും, പൊളിച്ചു നീക്കണമെന്നുമാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ മരട് മുൻസിപ്പാലിറ്റിയിയിലെ ഈ പ്രദേശം നിർമ്മാണ പ്രവർത്തനങ്ങൾ അനുവദനീയമായ CRZ- 2 ൽ ആണ് എന്നതാണ് യാഥാർഥ്യം. പെർമിറ്റ് നൽകുന്ന സമയത്തും, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും, വിധി പറയുമ്പോഴും, ഇപ്പോഴും ഇത് CRZ- 2 ൽ ആണ്. എന്നാൽ കോടതി നിയോഗിച്ച സമിതി നൽകിയ റിപ്പോർട്ടിൽ ഈ കെട്ടിടങ്ങൾ CRZ- 3 ൽ ആണെന്ന് തെറ്റിദ്ധരിപ്പിച്ചു. ഗുരുതരമായ തെറ്റാണ് ഈ റിപ്പോർട്ട് തയ്യാറാക്കുന്നതിൽ സമിതിക്ക് സംഭവിച്ചത്. സമിതി രൂപം നൽകിയ ടെക്നിക്കൽ കമ്മിറ്റിക്ക് വിഷയത്തിൽ എന്തെങ്കിലും നിക്ഷിപ്ത താല്പര്യം ഉണ്ടായിരുന്നോ എന്നുള്ള സംശയം ഈ ഘട്ടത്തിൽ ബലപ്പെടുന്നുണ്ട്. കാരണം, ഫ്ലാറ്റ് ഉടമകൾക്കനുകൂലമായി വിധിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയ കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയിലെ അംഗങ്ങളായിരുന്നു സുപ്രീം കോടതി സമിതിയുടെ ടെക്നിക്കൽ കമ്മിറ്റിയിലെ 2 അംഗങ്ങൾ. ഇവർ നൽകിയ റിപ്പോർട്ടിൽ ഫ്ളാറ്റുകൾ CRZ-3 ൽ ആണെന്ന് പറയുന്നു. ഈ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത് 2019 മാർച്ച് 12 നാണ്.

1996 ലെ കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ ആണ് ഇപ്പോഴും നിലനിൽക്കുന്നതെന്നും, കേന്ദ്ര സർക്കാരിന്റെ പുതിയ പ്ലാനിന് 2011 ജനുവരി 6 ന് ശേഷമേ സാധുതയുള്ളൂ എന്നുമാണ് കമ്മിറ്റി കോടതിയെ ധരിപ്പിച്ചത്. കേന്ദ്രസർക്കാരിൽ നിന്ന് പുതിയ പ്ലാനിന്റെ അനുമതി സംസ്ഥാന സർക്കാരിന് ലഭിക്കും വരെ 1996 ലെ പ്ലാനിനാണ് സാധുത എന്നായിരുന്നു കമ്മിറ്റിയുടെ വിശദീകരണം. അതു തന്നെ പുതിയ പ്ലാൻ അംഗീകരിച്ചതായി കേന്ദ്രം കേരളത്തെ അറിയിച്ചാലേ നിയമ സാധുതയുള്ളൂ എന്നും റിപ്പോർട്ടിൽ കുട്ടിച്ചേർത്തു. എന്നാൽ കേന്ദ്ര സർക്കാർ പുതിയ കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാനിന് 2019 ഫെബ്രുവരി 25 ന് അനുമതി നൽകിയിരുന്നു. പ്രസ്തുത തീരുമാനമെടുത്ത യോഗത്തിൽ കേരള കോസ്റ്റൽ മാനേജ്മെൻറ് അറ്റാറിറ്റിയുടെ 2 അംഗങ്ങൾ പങ്കെടുത്തിരുന്നു. തുടർന്ന് വിവരം കേന്ദ്ര സർക്കാർ ഫെബ്രുവരി 28ന് സംസ്ഥാന സർക്കാരിനെ അറിയിച്ചു. അതായത് മൂന്നംഗ സമിതിയുടെ റിപ്പോർട്ട് കോടതിക്ക് കൈമാറുന്നതിന് കുറഞ്ഞത് രണ്ടാഴ്ച മുമ്പ് പുതിയ പ്ലാനിന്റെ അനുമതി ലഭിച്ചിരുന്നു. എന്നാൽ ഈ വിവരം മറച്ചു വച്ചു കൊണ്ട് ടെക്നിക്കൽ കമ്മിറ്റി പ്രസ്തുത പ്രദേശം CRZ- 3 യിൽ ആണെന്നും, CRZ- 2 ൽ മരടിനെ ഉൾപ്പെടുത്തിയ 2011 ലെ കോസ്റ്റൽ മാനേജ്മെന്റ് പ്ലാൻ നോട്ടിഫിക്കേഷൻ അംഗീകരിച്ചു കൊണ്ടുള്ള കേന്ദ്രത്തിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിക്കും വരെ 1996 ലെ പ്ലാനാണ് നിയമപരമായി നില നിൽക്കുന്നതെന്നും കോടതിയെ അറിയിച്ചു. ഗുരുതരമായ വീഴ്ച മൂന്നംഗ സമിതിക്ക് ഇക്കാര്യത്തിൽ ഉണ്ടായി എന്നുള്ളത് രേഖകളിൽ നിന്നും വ്യക്തമാണ്. പുതിയ പ്ലാൻ വന്ന വിവരം സമിതി കോടതിയിൽ നിന്നും മനപൂർവം മറച്ചു വച്ചു. ഈ കമ്മിറ്റി റിപ്പോർട്ടും, ഇതിലെ നിഗമനങ്ങളും മുഖവിലയ്ക്കെടുത്താണ് സുപ്രീം കോടതി അന്തിമ വിധി തീർപ്പ് നടത്തിയത്. കോടതി ഈ നിഗമനത്തിലെത്താൻ ആധികാരികമായി അവലംബമാക്കിയത് ഈ റിപ്പോർട്ടാണെന്ന് വിധിയിൽ പറയുന്നു. ഇതാണ് ഈ കേസിൽ നിർണായക വഴിത്തിരിവായതും ഫ്ലാറ്റുകൾ പൊളിച്ചു നീക്കണം എന്ന കോടതി വിധിയിലേക്ക് നയിച്ചതും.

ജസ്റ്റിസ് അരുൺ മിശ്രയുടെ വിധിക്കെതിരെ സമർപ്പിച്ചിരിക്കുന്ന തിരുത്തൽ ഹർജിയിൽ ഏറ്റവും നിർണായകമാവുക ഈ സാങ്കേതിക പിഴവായിരിക്കും. കോടതിയെ തെറ്റിദ്ധരിപ്പിച്ച റിപ്പോർട്ട് തയ്യാറാക്കിയതിന് പിന്നിൽ ഹർജിക്കാരായിരുന്ന കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റിയായിരുന്നു എന്ന കാര്യം കേസിന്റെ നാൾ വഴികളിൽ നിന്നും രേഖകളിൽ നിന്നും സുവ്യക്തമാണ്.



Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി