TECHNOLOGY

ബ്രിട്ടിഷ് കമ്പനിയായ എആർഎമ്മിനെ എൻവിഡിയ ഏറ്റെടുത്തു; ഇടപാട് 3 ലക്ഷം കോടി രൂപയുടേത്, ഇടപാടിൽ ആശങ്കയോടെ മൊബൈൽ ചിപ് നിർമ്മാണ രംഗത്തെ വമ്പന്മാർ

Newage News

16 Sep 2020

ജാപ്പനീസ് മുതലാളിയുടെ കൈവശമിരുന്ന ബ്രിട്ടിഷ് കമ്പനിയെ അമേരിക്കൻ കമ്പനി റെക്കോർഡ് വിലയ്ക്ക് സ്വന്തമാക്കുകയാണ്. ഇന്ത്യ മുതൽ ചൈന വരെ ലോകമെങ്ങുമുള്ള മൊബൈൽ, കംപ്യൂട്ടിങ് കമ്പനികൾക്ക് ചിപ് നൽകുന്ന എആർഎമ്മിനെ എൻവിഡിയ 3 ലക്ഷം കോടി രൂപയ്ക്ക് (4000 കോടി ഡോളർ) ഏറ്റെടുക്കുമ്പോൾ ഇടപാടിന്റെ വലിപ്പത്തോടൊപ്പം അതിന്റെ രാഷ്ട്രീയവും പ്രധാനമാണ്. പ്രധാനമായും ഗെയിമിങ് ഉപകരണങ്ങൾക്കു കരുത്തു പകർന്നിരുന്ന എൻവിഡിയ, മൊബൈൽ ചിപ് രംഗത്തേക്ക് കടക്കുന്നു എന്നതാണ് എആർഎം ഏറ്റെടുക്കലിന്റെ ആദ്യഫലം. ഇന്റെൽ, ക്വാൽകോം തുടങ്ങിയ കമ്പനികൾ ആശങ്കയോടെ നോക്കുന്ന ഇടപാടിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംഗീകാരം എന്ന കടമ്പയും കടക്കണം. ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ്‍ബാങ്ക് 2016ൽ ഏറ്റെടുക്കുന്നതു വരെ എആർഎം അത്ര വലിയ കമ്പനി ആയിരുന്നില്ല. എആർഎം നിക്ഷേപത്തിൽ കമ്പനി വളരെ വേഗം വളർന്നു. സ്വതന്ത്ര ലൈസൻസിങ് ശൈലിയാണ് എആർഎമ്മിന്റെ ഏറ്റവും വലിയ സവിശേഷത. മൈക്രോസോഫ്റ്റിന്റെ പ്രീമിയം ടാബ്‌ലെറ്റ് കംപ്യൂട്ടറായ സർഫസ്, മൈക്രോസോഫ്റ്റ് വിൻഡോസിന്റെ എആർഎം പതിപ്പ് തുടങ്ങിയവ എത്തിയതോടെ എആർഎമ്മിന്റെ വിപണിമൂല്യം കൂടി. ലോകത്തെ ഏറ്റവും വലിയ മൊബൈൽ ചിപ് നിർമാതാക്കളായ ക്വാൽകോം എആർഎം ലൈസൻസ് ഉപയോഗിച്ച് ചിപ്പുകൾ നിർമിക്കുന്നുണ്ട്.

എന്തിനാണ് ആശങ്ക ?

ക്വാൽകോം, ഇന്റെൽ തുടങ്ങിയ കമ്പനികൾ പോലെ മൊബൈൽ ചിപ് നിർമിക്കുന്ന കമ്പനിയല്ല എആർഎം. ചിപ്പ് നിർമാതാക്കൾക്കു വേണ്ടി മൈക്രോപ്രൊസസർ കോർ ഡിസൈൻ ചെയ്യുന്ന കമ്പനിയാണ് എആർഎം. അതുകൊണ്ടു തന്നെ ഒറ്റയടിക്ക് ആർക്കും എആർഎമ്മിനെ മാറ്റിനിർത്താനാകില്ല. ഏറ്റെടുക്കലിന്റെ രാഷ്ട്രീയത്തെ എല്ലാവരും ആശങ്കയോടെ ഉറ്റുനോക്കുന്നതും അതുകൊണ്ട് തന്നെയാണ്. ചൈനീസ് കമ്പനിയായ ഹാവെയുടെ കാര്യമെടുക്കാം. ഹാവെയ്ക്ക് ചിപ്പുകൾ വിൽക്കുന്നതിൽ നിന്ന് യുഎസ് കമ്പനികളെ പ്രസിഡന്റ് ട്രംപ് വിലക്കിയപ്പോൾ ക്വാൽകോം ഉൾപ്പെടെയുള്ള ചിപ് നിർമാതാക്കൾ പിൻവാങ്ങി. തുടർന്ന് സ്വന്തമായി നിർമിച്ച കിരിൻ പ്രൊസസറുകളുമായി പുതിയ ഹാവെയ് ഫോണുകളും ടാബ്‍ലെറ്റ് കംപ്യൂട്ടറുകളും വിപണിയിലെത്തുകയാണ്. എന്നാൽ, കിരിൻ ഉപയോഗിക്കുന്നത് എആർഎം ആർക്കിടെക്‌ചർ ആണ്. എആർഎമ്മിനെ ഏറ്റെടുത്തിരിക്കുന്ന എൻവിഡിയ അമേരിക്കൻ കമ്പനിയാണെന്നെരിക്കെ ഹാവെയ്ക്ക് ലൈസൻസ് നൽകേണ്ടതില്ല എന്നു തീരുമാനിച്ചാൽ, സ്ഥിതി വഷളാകും. പൂർണമായും എആർഎം ചിപ്പുകളിലേക്ക് മാറാനിരിക്കുന്ന ആപ്പിളിനും ആശങ്കയുണ്ട്.

എന്നാൽ, അത്തരത്തിൽ ഒരാശങ്കയ്ക്കും സ്ഥാനമില്ലെന്നാണ് എൻവിഡിയ മേധാവി ജെൻസൻ ഹുവാങ് പറയുന്നത്. എആർഎം യുകെ കമ്പനിയായി തന്നെ തുടരുമെന്നും നിലവിൽ പ്രവർത്തിക്കുന്നതുപോലെ തന്നെ സ്വതന്ത്ര ലൈസൻസിങ് തുടരുമെന്നും ജെൻസൻ ഉറപ്പു നൽകുന്നു.

എൻവിഡിയയുടെ ലക്ഷ്യം ?

ഗെയിമിങ് ചിപ്പിലും ഗ്രാഫിക്സിലും അജയ്യരായ എൻവിഡിയ മൊബൈൽ ചിപ് രംഗത്താണ് വിജയിക്കാതെ പോയത്. എആർഎമ്മിനെ ഏറ്റെടുക്കുന്നതോടെ സ്വന്തം മൊബൈൽ ചിപ്പുകളിറക്കാൻ എൻവിഡിയയ്ക്കു സാധിക്കും. എന്നാൽ, മൊബൈൽ ചിപ് നിർമാണത്തിനു വേണ്ടി മാത്രമല്ല 3 ലക്ഷം കോടി രൂപ മുടക്കി എൻവിഡിയ എആർഎമ്മിനെ സ്വന്തമാക്കുന്നത്. നിർമിതബുദ്ധി (എഐ) രംഗത്ത് ശോഭിക്കാൻ എആർഎം ആർക്കിടെക്ചർ ഉപയോഗിക്കാനും അങ്ങനെ ഇരുകമ്പനികൾക്കും പ്രയോജനപ്രദമായ പുതിയൊരു വിപണി തുറക്കാനുമാണ് എൻവിഡിയ ലക്ഷ്യമിടുന്നത്. യുകെയിൽ എആർഎം അസ്ഥാനത്തു തന്നെ പുതിയൊരു എഐ റിസർച് നിർമിക്കാൻ എൻവിഡിയ മുതൽമുടക്കും. എഐ, ക്ലൗഡ് കംപ്യൂട്ടിങ്ങിൽ മേൽക്കൈ നേടാനും ഇന്റർനെറ്റ് ഓഫ് തിങ്സ് സാങ്കേതികവിദ്യയുടെ അടിസ്ഥാനസേവനദാതാക്കളാകാനുമാണ് ഈ ഏറ്റെടുക്കലിലൂടെ എൻവിഡിയ ലക്ഷ്യമിടുന്നത്.

ലാഭവും നഷ്ടവും

എആർഎമ്മിനെ ഏറ്റെടുത്തതിനു ശേഷം കാര്യമായ നേട്ടമുണ്ടായില്ല എന്നതാണ് കമ്പനി വിറ്റഴിക്കാൻ സോഫ്റ്റ്ബാങ്കിനെ പ്രേരിപ്പിക്കുന്നത്. എആർഎം ഏറെ വളർച്ച നേടിയെങ്കിലും നിക്ഷേപം നടത്തിയ സോഫ്റ്റ്ബാങ്കിന് വലിയൊരു തുക നിശ്ചലനിക്ഷേപം പോലെയായി. ഈ ഇടപാട് സത്യത്തിൽ സോഫ്റ്റ്ബാങ്കിന് ആശ്വാസമാണ്. പണവും ഓഹരികളുമായാണ് എൻവിഡിയ സോഫ്റ്റ്ബാങ്കിന് തുക കൈമാറുക. 4000 കോടി ഡോളറിൽ 2150 കോടി ഡോളർ ഓഹരിയായും 1200 കോടി ഡോളർ പണമായും നൽകും. എആർഎം ജീവനക്കാർക്ക് എൻവിഡിയ 150 കോടി ഡോളറിന്റെ ഓഹരികളും നൽകും.

Content Highlights: Nvidia is acquiring Arm for $40 billion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ