FINANCE

ഉയർന്ന പിഎഫ് പെൻഷൻ നൽകുന്നതിനായി രേഖകളുടെ ആധികാരികത ഉറപ്പാക്കാൻ നിർദേശം; നടപടി സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി

11 Jun 2019

ന്യൂഏജ് ന്യൂസ്, കോഴിക്കോട്∙ ഉയർന്ന ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകുന്നതിനുള്ള നടപടിയുടെ ഭാഗമായി, വരിക്കാരുടെ ശമ്പളം സംബന്ധിച്ച് തൊഴിലുടമകൾ നൽകിയ രേഖകളുടെ ആധികാരികത ഉറപ്പാക്കാൻ എല്ലാ റീജനൽ പ്രോവിഡന്റ് ഫണ്ട് കമ്മിഷണർമാർക്കും സെൻട്രൽ പിഎഫ് കമ്മിഷണറുടെ നിർദേശം.പെൻഷൻ സ്കീം നടപ്പാക്കിയ 1995 നവംബർ 16 മുതൽ ഓരോ ജീവനക്കാരന്റെയും യഥാർഥ ശമ്പളവും പ്രോവിഡന്റ് ഫണ്ടിലേക്കു നിക്ഷേപിച്ച ഉയർന്ന വിഹിതവും സംബന്ധിച്ച കണക്ക് തൊഴിലുടമ സമർപ്പിക്കേണ്ടതുണ്ട്. ഉയർന്ന പെൻഷനു വേണ്ടിയുള്ള വരിക്കാരന്റെ ഓപ്ഷൻ അംഗീകരിക്കുന്നതിനു മുൻപ് ഈ കണക്കുകൾ ശരിതന്നെയെന്ന് പിഎഫ് ഓഫിസിലെ രേഖകളുമായി ഒത്തുനോക്കണമെന്നും വ്യാജരേഖകളിലൂടെ ഉയർന്ന വിഹിതം അടച്ചതല്ലെന്ന് ഉറപ്പാക്കണമെന്നുമാണ് സർക്കുലറിലെ നിർദേശം.

വിവിധ രേഖകൾക്ക് ഓഫിസുകളിൽ നിശ്ചിത സൂക്ഷിച്ചുവയ്ക്കൽ കാലപരിധി ബാധകമായതിനാലാണ് ഈ രേഖകളുടെ ആധികാരികത വീണ്ടും ഉറപ്പുവരുത്തേണ്ടിവരുന്നതെന്നും പറയുന്നു.പിഎഫ് പെൻഷൻ വിഷയത്തിൽ തൊഴിലാളികൾക്ക് അനുകൂലമായുണ്ടായ കേരള ഹൈക്കോടതി വിധിക്കെതിരെ ഇപിഎഫ്ഒ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ പുതിയ സർക്കുലർ പെൻഷൻ നൽകുന്നതിനുള്ള നടപടികളിലേക്ക് ഇപിഎഫ്ഒ കടക്കുന്നതിന്റെ സൂചനയായി കരുതാം.


വിരമിച്ചവരുടെ കണക്കുകൾ ആരു നൽകും

പല സ്ഥാപനങ്ങളിൽനിന്നും വിരിമിച്ചുകഴിഞ്ഞ ജീവനക്കാർക്ക് പുതിയ സർക്കുലർ ഏറെ ബുദ്ധിമുട്ടുണ്ടാക്കാൻ ഇടയുണ്ട്. ഭൂരിഭാഗം സ്ഥാപനങ്ങളിലും ശമ്പളം സംബന്ധിച്ച കണക്കുകൾ കംപ്യൂട്ടർ സംവിധാനത്തിലേക്കു മാറിയിട്ട് 15 വർഷത്തിലേറെ ആയിട്ടില്ല. 1995 മുതലുള്ള ഓരോ മാസത്തെയും ശമ്പളത്തിന്റെ കണക്കുകൾ കടലാസു രേഖകൾ പരിശോധിച്ച് വീണ്ടും സമർപ്പിക്കുക എന്നത് ശ്രമകരമായ ജോലിയാകും. ആയിരക്കണക്കിനു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ നേരത്തേ വിരമിച്ച ജീവനക്കാരുടെ കണക്കുകൾ ഇപ്രകാരം നൽകാൻ എത്ര സ്ഥാപനങ്ങൾ തയാറാകുമെന്നതാണ് പ്രശ്നം.

ഉയർന്ന പെൻഷൻ നൽകുന്നതു സംബന്ധിച്ച കോടതി ഉത്തരവിനെ തുടർന്ന് പിഎഫ് ഓഫിസുകളെ സമീപിച്ച പലരോടും പറഞ്ഞിരിക്കുന്നത് അപേക്ഷാ ഫോമിനൊപ്പം 1995 നവംബർ 16 മുതൽ വിരമിച്ചതു വരെയുള്ള എല്ലാ മാസത്തെയും ഇപിഎഫ്, ഇപിഎസ് സ്റ്റേറ്റ്മെന്റുകൾ തൊഴിലുടമയെക്കൊണ്ട് സാക്ഷ്യപ്പെടുത്തി നൽകാനാണ്. ഇതു ബുദ്ധിമുട്ടായതിനാൽ പലരും ശ്രമം ഉപേക്ഷിച്ചിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളിലും മറ്റും ജോലി ചെയ്തു വിരമിച്ച ജീവനക്കാരനെ സംബന്ധിച്ച് ഇത് ഏറെക്കുറെ അസാധ്യമാണ്.

ഫലത്തിൽ, കോടതി ഉത്തരവുണ്ടെങ്കിലും അർഹരായ പലർക്കും ഉയർന്ന പിഎഫ് പെൻഷൻ എന്നത് ഓഫിസ് നടപടികളിലെ നൂലാമാലകൾ മൂലം നിഷേധിക്കപ്പെടുന്ന സ്ഥിതി വരും. ലക്ഷക്കണക്കിനു പേരെ ബാധിക്കുന്ന ഈ പ്രശ്നം ജനപ്രതിനിധികളും തൊഴിലാളി സംഘടനകളും ഏറ്റെടുക്കണമെന്നാണ് പെൻഷൻകാരുടെ ആവശ്യം. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story