Newage News
16 Jun 2020
തിരുവനന്തപുരം: ഇരുചക്രവാഹന യാത്രക്കാരെ കെഎസ്ആർടിസി ബസുകളിലേക്ക് ആകർഷിക്കാൻ പദ്ധതിയൊരുക്കുമെന്ന് കോർപറേഷൻ എംഡിയായി ചുമതലയേറ്റ ബിജു പ്രഭാകർ. ഇത് കെഎസ്ആർടിസിക്കുവേണ്ടി മാത്രമല്ല, റോഡിലെ ഗതാഗത പ്രശ്നങ്ങളും അപകടങ്ങളും കുറയ്ക്കാനും കൂടിയാണ്. കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ ഇതിനായി ബൈക്ക് പാർക്കിങ് സ്ഥലവും ഒരുക്കാനാണ് ആലോചന.
ബസ് സ്റ്റാൻഡുകൾ സ്ത്രീ സൗഹൃദമാക്കും. വിശ്രമ മുറികളും വൃത്തിയുള്ള ശുചിമുറി സൗകര്യവും ഒരുക്കും. ബസ് സ്റ്റാൻഡുകളിലെത്തുന്നവർക്ക് അവരുടെ സാധനങ്ങൾ സൂക്ഷിക്കാനും സംവിധാനമൊരുക്കും. ബസ് സ്റ്റാൻഡുകൾ നന്നാകുമ്പോൾ ബസുകളിലേക്കും ആളെത്തും.
എപ്പോൾ വരുമെന്നുപോലും അറിയാതെയുള്ള ബസ് കാത്തുനിൽപ്പ് യാത്രക്കാരെഅരക്ഷിതാവസ്ഥയിലാക്കുന്നുണ്ട്. ഇതിന് അവസാനം കാണും. എവിടെയെത്തിയെന്നും എപ്പോൾ വരുമെന്നും അറിയിക്കുന്ന ബസ് ട്രാക്കിങ് സംവിധാനം കൊണ്ടുവരും. ഇപ്പോഴത്തെ ഇന്ധനവില കണക്കിലെടുക്കുമ്പോൾ ഇലക്ട്രിക് ബസുകളിലേക്ക് ക്രമേണ കെഎസ്ആർടിസിയും മാറുന്നതിന് പരിഗണന നൽകും. ആ ബസുകളുടെ ഉയർന്ന വിലയാണ് തടസ്സം.
ലാഭത്തിലാക്കാൻ ജീവനക്കാരെ കുറയ്ക്കില്ല. ജീവനക്കാരുമായി ചർച്ച ചെയ്ത ശേഷമേ ഡ്രൈവർ കം കണ്ടക്ടർ പദ്ധതി നടപ്പാക്കൂ. ഇതേപ്പറ്റി രണ്ടഭിപ്രായം നിലനിൽക്കുന്നതിലാണ് ചർച്ചയ്ക്കു വയ്ക്കുന്നത്. 3 മാസത്തിനുള്ളിൽ സമ്പൂർണ കംപ്യൂട്ടർവൽക്കരണവും ലക്ഷ്യമിടുന്നു. ഏത് ബസിലാണ് യാത്രക്കാർ കുറവെന്നും ഏത് സർവീസാണ് ലാഭത്തിലെന്നും ഇപ്പോൾ കണ്ടെത്തുക പ്രയാസമാണ്. സുശീൽ ഖന്ന റിപ്പോർട്ട് പൂർണമായും നടപ്പാക്കാനാകില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു. എം.പി. ദിനേശിൽനിന്ന് ഉച്ചയോടെയാണ് ചുമതലയേറ്റെടുത്തത്.