Newage News
09 Jul 2020
ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മധ്യപ്രദേശിലെ രിവ ജില്ലയിൽ സ്ഥാപിച്ചിരിക്കുന്ന പ്ലാന്റ് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് 750 മെഗാവാട്ട് ഉത്പാദനശേഷിയുള്ള അൾട്രാ മെഗാ സോളാർ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്.
പ്ലാന്റ് പ്രവർത്തനമാരംഭിക്കുന്നതോടെ വർഷം തോറും പുറത്തുവരുന്ന കാർബൺഡൈ ഓക്സൈഡിന്റെ അളവിൽ 15 ലക്ഷം ടണ്ണോളം കുറയുമെന്ന് മധ്യപ്രദേശ് സർക്കാർ അറിയിച്ചു. 1,590 ഏക്കറോളം വിസ്തൃതിയിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. കേന്ദ്ര-സംസ്ഥാന സംയുക്തമായി പ്രവർത്തിച്ചാൽ മികച്ച ഫലം ലഭിക്കുമെന്നതിന്റെ ഉത്തമോദാഹരണമാണ് രിവ സോളാർ പദ്ധതിയെന്ന് കേന്ദ്രം പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിൽ സൂചിപ്പിച്ചു.
ഇന്ത്യയിലെയും ലോകത്തിലെ തന്നെയും ഏറ്റവും വലിയ സിംഗിൾ-സൈറ്റ് പവർ പ്ലാന്റുകളിലൊന്നാണ് രിവയിലേത്. 500 ഹെക്ടറുകളിൽ വീതം സ്ഥിതി ചെയ്യുന്ന 250 മെഗാവാട്ട് ഉത്പാദനശേഷിയുള്ള മൂന്ന് സോളാർ യൂണിറ്റുകളാണ് സോളാർ പാർക്കിലുള്ളത്.
രിവ അൾട്രാ മെഗാ സോളാർ ലിമിറ്റഡ് വികസിപ്പിച്ച സോളാർ പാർക്ക് മധ്യപ്രദേശ് ഊർജ വികാസ് നിഗം ലിമിറ്റഡ്, സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്തസംരംഭമാണ്. 138 കോടി രൂപയുടെ കേന്ദ്ര ധനസഹായം പദ്ധതിയ്ക്ക് ലഭിച്ചിരുന്നു.
സംസ്ഥാനത്തിന് പുറത്ത് ഡൽഹി മെട്രോ റെയിൽ കോർപറേഷന് ഉത്പാദിപ്പിക്കുന്ന ഊർജത്തിന്റെ 24 ശതമാനം നൽകാനാണ് തീരുമാനം. ബാക്കി 76 ശതമാനം സംസ്ഥാനത്തിനകത്ത് ലഭ്യമാക്കും. 175 ജിഗാവാട്ട് ഊർജപുനരുത്പാദനശേഷി 2022 ഓടെ കൈവരിക്കാനുള്ള ഇന്ത്യയുടെ ചുവടുവെയ്പുകളിലൊന്നാണ് രിവ പദ്ധതി.