31 Oct 2019
ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം∙ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ ആജീവനാന്തം പ്രതിമാസം 5,546 രൂപ വരെ ലഭിക്കുന്ന പ്രവാസി ലാഭ വിഹിത പദ്ധതി ഉടൻ. 16നു പദ്ധതി ഔദ്യോഗികമായി ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.
പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു കേരള പ്രവാസി ക്ഷേമനിധി ഭേദഗതി ബിൽ നിയമസഭ, സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു.
പദ്ധതി രൂപരേഖ: 3 ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ പ്രവാസികളിൽ നിന്നു സ്വീകരിക്കുകയും അതു സർക്കാർ നിശ്ചയിക്കുന്ന ഏജൻസികൾക്കു കൈമാറി അടിസ്ഥാന സൗകര്യ വികസനത്തിനു വിനിയോഗിക്കുകയും ചെയ്യുന്നതാണു പദ്ധതി.
നിക്ഷേപിച്ചു 3 വർഷത്തിനു ശേഷമാകും 10% പ്രതിമാസ വിഹിതം ലഭിച്ചുതുടങ്ങുക. ഉദാഹരണത്തിനു 3 ലക്ഷം രൂപ നിക്ഷേപിച്ചാൽ ആദ്യ വർഷത്തെ വിഹിതമായ 30,000 രൂപ കൂടി ചേർന്ന് 3.3 ലക്ഷത്തിന്റെ വിഹിതമാകും രണ്ടാം വർഷം കണക്കാക്കുക.
ഇത്തരത്തിൽ മൂന്നു വർഷത്തിനു ശേഷമുള്ള സഞ്ചിത തുകയുടെ വിഹിതമാണു നാലാം വർഷം മുതൽ പ്രതിമാസം ലഭിക്കുക. നിക്ഷേപം കിഫ്ബിക്കാണു കൈമാറുന്നത്.<br />
നിക്ഷേപകന്റെ കാലശേഷം ജീവിതപങ്കാളിക്കു വിഹിതം തുടർന്നും ലഭിക്കും. ജീവിത പങ്കാളിയുടെ മരണശേഷം നിക്ഷേപത്തുകയും ആദ്യ മൂന്നുവർഷത്തെ ഡിവിഡന്റും നോമിനിക്കു കൈമാറുന്നതോടെ പ്രതിമാസം വിഹിതം അവസാനിക്കും.