TECHNOLOGY

കഥകളിലെ അമ്പിളി അമ്മാവൻ ഇന്ത്യയുടെ സ്വന്തമാകുമ്പോൾ... 'വിക്രം' ചന്ദ്രനിലിറങ്ങുന്ന നിർണായകമായ ആ ‘15 മിനുട്ടിൽ' സംഭവിക്കുന്നതെന്ത്? ശ്വാസമടക്കിപ്പിടിച്ച് ആകാംക്ഷയോടെ ലോകം

06 Sep 2019

രഞ്ജിത് ജോർജ് 

മ്പിളി അമ്മാവനെ കഥാപാത്രമാക്കിയുള്ള അനവധി മുത്തശ്ശി കഥകൾ കേട്ട് വളർന്നവരാണ് നമ്മൾ മലയാളികൾ. അങ്ങകലെ കാണുന്ന ചന്ദ്രനെ ചൂണ്ടി കാണിച്ച് അമ്പിളി മാമനെ പിടിച്ച് തരാം എന്ന് പറഞ്ഞു മുതിർന്നവർ കുഞ്ഞുങ്ങളുടെ പിടിവശികളും കരച്ചിലും അടക്കുന്ന കാഴ്ച മലയാളിയെ സംബന്ധിച്ച് പുതിയതല്ല താനും. നാമോരോരുത്തരും അത്തരമൊരു അനുഭവം ഉള്ളവരോ ഇപ്പോഴും കുഞ്ഞുങ്ങളോട് അതൊക്കെ പറയുന്നവരോ ആണല്ലോ. എന്നാൽ ഒരിക്കൽ പോലും അങ്ങനൊരു കാര്യം യഥാർത്ഥത്തിൽ സാധ്യമാകുമെന്ന് നാമാരും ചിന്തിച്ചിട്ടുണ്ടാകില്ല. എങ്കിൽ ഇപ്പോഴിതാ ഹൃദയം കൊണ്ട് ഓരോ ഇന്ത്യക്കാരനും നെഞ്ചിലേറ്റിയ നമ്മുടെ സ്വന്തം ഐഎസ്ആർഒ, ആ മുത്തശ്ശി കഥകളിലെ അമ്പിളി മാമനെ നാളെ സ്വന്തമാക്കുവാൻ പോവുകയാണ്.  

ഐഎസ്ആർഒ യുമായി മലയാളിക്കുള്ള ആത്മബന്ധം അതിന്റെ ആരംഭത്തോളം പഴക്കമുള്ളതാണ്. തിരുവനന്തപുരം തുമ്പയിൽ അതിന്റെ ആദ്യ കേന്ദ്രം തുടങ്ങുന്ന കാലം മുതൽ. ആ കഥകളൊക്കെ നാമെല്ലാം ഒരുപാട് കേട്ടിട്ടുള്ളതും അതിൽ അഭിമാനം കൊണ്ടിട്ടുള്ളതുമാണ്. അതുകൊണ്ടാകാം നമ്മുടെ മുത്തശ്ശി കഥകളിലെ ആ അൽഭുതത്തെ കൈയെത്തി പിടിക്കുവാൻ ഇസ്രോ ഒരുങ്ങുമ്പോൾ മലയാളികളിൽ അറിയാതെ ഒരു കൗതുകവും ആകാംക്ഷയും നിറയുന്നത്. എന്നാല് അ കൗതുകത്തിനും അകംഷയ്ക്കും അപ്പുറം അതീവ സങ്കീർണ്ണമായ പ്രക്രിയയാണ് നാളെ പുലർച്ചെ ഐഎസ്ആർഒ നടപ്പാക്കനൊരുങ്ങുന്നത് എന്നതാണ് വാസ്തവം. ഇതിന് മുമ്പ് ഒരിക്കൽ നമ്മൾ ചന്ദ്രനെ തൊട്ടിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ പത്ത് വർഷങ്ങൾക്ക് മുമ്പ്. എന്നാല് അത് ചന്ദ്രനെ അലപ്പം വേദനിപ്പിച്ചു കൊണ്ടായിരുന്നു. നമ്മൾ അയച്ച ചന്ദ്രയാൻ ഒന്ന് പേടകത്തിലെ മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറക്കുക ആയിരുന്നു അന്ന് ചെയ്തത്. എങ്കിൽ ഇത്തവണ നാം അവളെ പ്രേമം കൊണ്ട് പുൽകുവാൻ ഒരുങ്ങുകയാണ്. ഒട്ടും വേദനിപ്പിക്കാത്തൊരു സോഫ്റ്റ് ലാൻഡിങ്. മൃദുലമായി ചന്ദ്രനിലേക്കിറങ്ങുന്ന പദ്ധതി ആണ് നാം നാളെ പുലർച്ചെ നടപ്പാക്കുന്നത്.  അതി സങ്കീണ്ണമായ പ്രക്രിയ നടക്കുന്ന നിർണായകമായ ആ നിമിഷങ്ങളെ ഐഎസ്ആർഒ ചെയർമാൻ തന്നെ വിശേഷിപ്പിക്കുന്നത് 'ഭീകരതയുടെ 15 മിനുട്ടുകൾ' എന്നാണ്. അത്രക്ക് ദുഷ്കരമാണ് ആ നിമിഷങ്ങൾ എന്ന് ചുരുക്കം. ഭൂമിയിലുള്ള ആർക്കും നിയന്ത്രിക്കാൻ സാധിക്കാത്ത നിമിഷങ്ങൾ ആണത്. അത് വിജയകരമായി മറികടക്കുന്നതോടെ ഐഎസ്ആർഒ മറ്റൊരു സുപ്രധാനമായ ചരിത്ര നേട്ടത്തിലേക്ക് നടന്നു കയറും.എന്നാൽ അതത്ര എളുപ്പമല്ല. ഇനിയുമുണ്ട് ഭീതിപ്പെടുത്തുന്ന ചില കണക്കുകൾ. ഇസ്രോ ഇതുവരെ നടപ്പാക്കിയിട്ടുള്ളതിൽ ഏറ്റവും സങ്കീർണമായ പ്രക്രീയയാണ് നാളത്തെ സോഫ്റ്റ് ലാൻഡിംഗ് എന്നുള്ളതാണ് അതിലൊന്ന്. ഇതിനകം ചന്ദ്രനിലും ചൊവ്വയിലും വിജയകരമായി പേടകങ്ങൾ എത്തിച്ചിട്ടുള്ള ഇസ്രോയ്ക്ക് അതിലും സങ്കീർണമായ ഒരു ദൗത്യമാണ് ഈ സോഫ്റ്റ് ലാൻഡിംഗ് എന്ന് അർഥം. തീർന്നില്ല, ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള 38 ശ്രമങ്ങൾ ഇതുവരെ നടന്നിട്ടുണ്ട്. അതിൽ വെറും 37% ശതമാനം മാത്രമാണ് ഇതുവരെ വിജയകരമായിട്ടുള്ളത് എന്നതാണ് മറ്റൊരു കണക്ക്. ഇതെല്ലാം കേൾക്കുമ്പോൾ ഞെഞ്ചിടിപ്പ് ഉയരുന്നുണ്ടെങ്കിൽ അത് സ്വാഭാവികം മാത്രം. ഈ നെഞ്ചിടിപ്പ് തന്നെയാണ് ലോകത്തിന്റെ ശ്രദ്ധ മുഴുവൻ ബെംഗളൂരുവിലെ ഇസ്രോ കേന്ദ്രത്തിലേക്ക് തിരിക്കുവാൻ പ്രേരിപ്പിക്കുന്നതും. ലോകം കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്ന നിർണായകമായ ആ 15 മിനുട്ടുകളിൽ വിക്രം എങ്ങനെ പ്രവർത്തിക്കും എന്നത് ആശങ്കയും ആകാംഷയും ജനിപ്പിക്കുന്നു എന്നതിൽ സംശയമില്ല. എന്താണ് ഇന്ന് രാത്രിയിലും നാളെ പുലർച്ചയുമായി ചന്ദ്രയാൻ ദൗത്യവുമായി ബന്ധപ്പെട്ട് നടക്കുന്ന സുപ്രധാന പ്രവർത്തങ്ങളെന്ന് വിശദീകരിക്കുകയാണ് ഇവിടെ. 

ലൂണാർ സോഫ്റ്റ് ലാൻഡിംഗ് എന്ന ചരിത്ര നേട്ടത്തിലേക്ക് ഇന്ത്യയ്ക്ക് ഇനി മണിക്കൂറുകളുടെ ദൂരം മാത്രമാണുള്ളത്. ഇന്ത്യൻ ജനതയും ലോകവും വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. 46 ദിവസം മുമ്പാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ രണ്ട് വിക്ഷേപിക്കപ്പെട്ടത്. ഒന്നരമാസത്തെ യാത്രക്കൊടുവിൽ 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് ചരിത്രം കുറിക്കുന്നതിന് തൊട്ടരികിലെത്തിയിരിക്കുകയാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം. ഇത് വരെയുള്ള കണക്കുകൂട്ടലുകളെല്ലാം കൃത്യമാണ്. പക്ഷേ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് സോഫ്റ്റ് ലാൻഡിംഗ്. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുവാൻ ശ്രമിച്ച് പരാജയപ്പെട്ടവരുടെ ലിസ്റ്റ് ആണ് കൂടുതൽ. ആ ലിസ്റ്റിൽ അവസാനത്തേത്ത് ഇസ്രയേലിന്റെ ബെ‌‌‌ർഷീറ്റ് ലാൻ‍‌ഡ‌‌റാണ്. കഴിഞ്ഞ ഏപ്രിൽ 11നാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ബെ‌ർഷീറ്റിന്റെ ശ്രമം പരാജയപ്പെട്ടത്. എന്നാൽ ഈ പരാജയങ്ങളിൽ നിന്നെല്ലാം പാഠമുൾക്കൊണ്ടാണ് ഇസ്റോ വിക്രമിനെ ഇറക്കാൻ തയ്യാറെടുത്തിട്ടുള്ളത്. 

മാതൃപേടകമായ ഓർബിറ്ററിൽനിന്നു ‘വിക്രം’ ലാൻഡറിനെ വേർപെടുത്തുകയെന്ന സങ്കീർണ ദൗത്യവും പിന്നിട്ട് ചന്ദ്രയാൻ 2 അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ചന്ദ്രനിൽനിന്ന് കുറഞ്ഞദൂരമായ 45 കിലോമീറ്ററും കൂടിയ ദൂരമായ 101 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലാണ് ലാൻഡർ ‍ഇപ്പോൾ സഞ്ചരിക്കുന്നത്. എല്ലാം പദ്ധതിയിട്ടത് പോലെ നടന്നാൽ നാളെ പുല‌ർച്ചെ 1.30നും 2.30നും ഇടയിൽ 'വിക്രം' ചന്ദ്രനെ തൊടും. ഇതുവരെ ആരും എത്തിപ്പെടാത്ത ചന്ദ്രന്‍റെ ദക്ഷിണധ്രുവപ്രദേശത്തെ മാൻസിനസ് സി, സിംപെലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലെ സമതലത്തിലാണ് വിക്രമിനെ ഇറക്കാൻ ഇസ്റോ പദ്ധതിയിട്ടിട്ടുള്ളത്. നാസയുടെ ലൂണാർ റിക്കോണിസൻസ് ഓർബിറ്ററിന്‍റെ സഹായത്തോടെയാണ് ഈ ലാൻഡിംഗ് സൈറ്റ് കണ്ടെത്തിയത്. ജപ്പാന്‍റെ സെലീൻ ദൗത്യത്തിൽ നിന്ന് ലഭിച്ച വിവരങ്ങളും ഇതിനായി ഉപയോഗിച്ചു. വിക്രം ലാൻഡർ ഭ്രമണം പഥം വിട്ട് ചന്ദ്രോപരിതലത്തിൽ തൊടുന്നത് വരെയുള്ള പതിനഞ്ച് മിനുട്ടുകളിൽ പിഴവുകൾക്ക് സ്ഥാനമില്ല. കണക്കു കൂട്ടലുകൾ അണുവിട പിഴച്ചാൽ ദൗത്യം പരാജയപ്പെടും. ചന്ദ്രയാൻ -2 ദൗത്യത്തിന്റെ ശനിയാഴ്ചത്തെ നിർണായക ലാൻഡിങ്ങിനു മുന്നോടിയായുള്ള പരിഭ്രാന്തിയും ഉത്‌കണ്‌ഠയും ഇസ്‌റോയിൽ എവിടെയും കാണാം. ആസൂത്രണം ചെയ്ത പോലെ തന്നെ ചന്ദ്ര ഉപരിതലത്തിൽ ‘വിക്രം’ മൊഡ്യൂൾ സോഫ്റ്റ്-ലാൻഡിങ് നടത്തുന്നതിനായി വൻ ജാഗ്രതയും സൂഷ്മതയുമാണ് ഇസ്രോ പുലർത്തുന്നത്. ദൗത്യത്തിന്റെ വിജയത്തിനായി ബഹിരാകാശ ഏജൻസി മാനുഷികമായി സാധ്യമായതെല്ലാം ചെയ്തുവെന്നാണ് ഇസ്‌റോ ചെയർമാൻ കെ. ശിവൻ കഴിഞ്ഞ ദിവസം പറഞ്ഞത്. അതായത് ഇനിയുള്ളതെല്ലാം വിക്രം സ്വയം ചെയ്യേണ്ടതാണ്. അതാണ് ഈ ദൗത്യത്തെ ഇത്രയധികം ആകാംഷാഭരിതം ആക്കുന്നതും. ചന്ദ്രയാന്റെ ഭാഗമായ ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയുടെ ഓരോ നീക്കവും സമയബന്ധിതമായി നേരത്തേ പ്രോഗ്രാം ചെയ്തവയാണ്. എന്നാൽ ഭൂമിയിൽ നിന്നു നിയന്ത്രണമില്ലാതെ ലാൻഡർ എല്ലാം സ്വയം ചെയ്യേണ്ടതിനാലാണ് വിക്രം ചന്ദ്രനിലിറങ്ങുന്ന അവസാന 15 മിനിറ്റ്,  ദൗത്യത്തെ സംബന്ധിച്ച് അതീവനിർണായകമാകുന്നത്.

50 വര്ഷം മുന്പ് നീല് ആംസ്ട്രോങ്ങും എഡ്വിന് ആല്ഡ്രിനും ചന്ദ്രനിലിറങ്ങിയപ്പോള് അവര്ക്കു വാഹനത്തിന്റെ നിയന്ത്രണാധികാരങ്ങളുണ്ടായിരുന്നു. ഇവിടെ അതില്ല എന്നുള്ളതാണ് ഈ 15 മിനുട്ടുകൾ ശരിക്കും ഭീകരമാക്കുന്നത്. സോഫ്റ്റ്ലാന്‍ഡിങ് എന്നത് ഒട്ടേറെ സാങ്കേതികവിദ്യകളുടെ സമന്വയമാണ്. ഏതെങ്കിലും ഒരു ഘടകത്തിന് കണക്കുകൂട്ടല്‍ പിഴച്ചാല്‍ ലാന്‍ഡിങ് പരാജയമാകും. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ ലാന്ഡിങ്ങിനുള്ള ഒരുക്കം തുടങ്ങും. സെക്കൻഡിൽ 1.6 കിലോമീറ്റർ വേഗത്തിൽ ചന്ദ്രന്റെ ഉപരിതലം ലക്ഷ്യമാക്കി വരുന്ന ലാൻഡറിന്റെ വേഗം സെക്കൻഡിൽ രണ്ടു മീറ്ററായി കുറയ്ക്കണം. ചന്ദ്രന്റെ ഗുരുത്വാകർഷണത്തെ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ ലാൻഡർ തകരാൻ ഇടയാകും. ചന്ദ്രോപരിതലത്തിലേക്കുള്ള ഇറക്കത്തിനിടെ ലാൻഡർ പകർത്തുന്ന ചിത്രത്തിന്റെ സഹായത്തോടെയാണ് ഇറങ്ങുന്ന സ്ഥാനം നിർണയിക്കുന്നത്. ചന്ദ്രന്റെ പ്രതലത്തിലിറങ്ങുമ്പോഴുണ്ടാകുന്ന കനത്ത പൊടിപടലങ്ങളും ദൗത്യത്തിനു ഭീഷണിയാണ്. 15 മിനിറ്റിനുള്ളിൽ ഇതെല്ലാം പൂർത്തിയാക്കണം. ലാൻഡർ പ്രതലത്തിൽ ഉറച്ചതിനുശേഷം നാലുമണിക്കൂറിനുള്ളിൽ റോവർ പുറത്തിറങ്ങും. റോവർ ആണ് ഉപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തുക. റോവറിന് ആവശ്യമായ സന്ദേശങ്ങൾ ലാൻഡർ നൽകും. റോവറും ലാൻഡറും നൽകുന്ന സന്ദേശങ്ങൾ ഓർബിറ്റർ വഴി ബെംഗളൂരു ബൈലാലുവിലെ ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്വർക്കിൽ ലഭിക്കും.

സോഫ്റ്റ് ലാൻഡിങ്ങിനു വേണ്ട നിർദേശം അപ്‌ലിങ്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ ഇസ്‌റോയിലെ ശാസ്ത്രഞ്ജർ ഇന്നലെ തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. പേടകത്തിന്റെ പ്രവർത്തനങ്ങളെല്ലാം നിലവിൽ തൃപ്തികരമാണ്. ഓർബിറ്ററും ലാൻഡറും വേർപെട്ടശേഷം ആ ഭ്രമണപഥത്തിൽവെച്ചുതന്നെ ലാൻഡറിന്റെ അഞ്ച് എൻജിനും  പ്രവർത്തനക്ഷമമാണോയെന്ന് ഇസ്രോ പരിശോധിച്ചു.  ലാൻഡറിലെ ക്യാമറകൾ ഉപയോഗിച്ച് ഇറങ്ങാൻ തീരുമാനിച്ചിരിക്കുന്ന സ്ഥലത്തിനുമുകളിലൂടെ ലാൻഡർ കടന്നുപോയപ്പോൾ ചിത്രങ്ങൾ പകർത്തിയിരുന്നു. ഈ ചിത്രങ്ങൾ ബെംഗളൂരുവിലെ നിയന്ത്രണ കേന്ദ്രത്തിൽ നിന്ന് പരിശോധിച്ച് തിരികെ ലാൻഡറിന് കൈമാറിയിട്ടുണ്ട്. ഇവ ഇനി ലാൻഡർ അതിന്റെ മെമ്മറിയിൽ സൂക്ഷിക്കും. ശനിയാഴ്ച (സെപ്റ്റംബർ ഏഴിന്) നിശ്ചയിച്ച സമയത്ത് ചന്ദ്രനടുത്ത് 30 കിലോമീറ്ററിൽ ലാൻഡിങ് പോയന്റിൽ എത്തുന്നതിനുമുമ്പ് ലാൻഡറിലെ അഞ്ച് എൻജിനുകളും പ്രവർത്തിപ്പിച്ച് വിക്രം ലാന്ഡര് സ്വയം എന്ജിന് ഡീബൂസ്റ്റ് ചെയ്യും. ഇതോടെ ലാൻഡറിന്റെ വേഗം കുറയും. ലാൻഡർ ചന്ദ്രനിലേക്ക് പതുക്കെ ഇറങ്ങിത്തുടങ്ങും. ഈ സമയത്ത് ലാൻഡറിന്റെ ദിശ ക്രമീകരിക്കും. വേഗം കുറയുന്നതിനനുസരിച്ച് ലാൻഡറിന്റെ കാലുകൾ ചന്ദ്രന് അഭിമുഖമാകും. ചന്ദ്രോപരിതലത്തിൽ നിന്ന് ഒരുകിലോമീറ്റർ അകലെയാകുമ്പോൾ ലാൻഡറിന്റെ കാലുകൾ പൂർണമായും ചന്ദ്രന് അഭിമുഖമാകും. ഈ സമയത്ത് എൻജിന്റെ തള്ളൽ കുറച്ചുകൊണ്ടുവരും. ഉപരിതലത്തിന് 15 മീറ്റർ മുകളിലെത്തുന്നതോടെ ലാൻഡറിനെ താഴേക്കും മുകളിലേക്കും പോകാതെ ഹോവർ (ആകാശത്തിൽ സ്ഥിതി ചെയ്യിക്കും) ചെയ്യും. ഈ സമയം ലാൻഡർ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ വീണ്ടും പകർത്തും. ഈ ചിത്രത്തെ നേരത്തേ ലാൻഡറിൽ അപ്ലോഡ് ചെയ്ത ചിത്രവുമായി താരതമ്യംചെയ്യും. സ്ഥാനം മാറിയെന്നുകണ്ടാൽ ലാൻഡ് ചെയ്യേണ്ട കൃത്യം സ്ഥലത്തേക്ക് ലാൻഡറിനെ നീക്കും. ആ സ്ഥലത്ത് എത്തിയാൽ ലാൻഡറിന്റെ ദിശ കൃത്യമാക്കി എൻജിന്റെ കുതിപ്പ് വീണ്ടും കുറയ്ക്കും. ലാൻഡർ ചന്ദ്രോപരിതലത്തിന് അടുത്തേക്കുനീങ്ങും. ചന്ദ്രോപരിതലത്തിന് മൂന്നുമീറ്റർ മുകളിലേക്ക് എത്തുന്നതോടെ നാല് എൻജിനുകളും ഓഫ് ചെയ്യും. നടുവിലുള്ള ഒരു എൻജിൻമാത്രം പ്രവർത്തിപ്പിക്കും. ലാൻഡർ പതുക്കെ ചന്ദ്രോപരിതലത്തിലേക്ക് നീങ്ങും. ലാൻഡറിന്റെ നാലുകാലുകളും ചന്ദ്രോപരിതലം തൊട്ടുവെന്ന് അവയിലെ സെൻസറുകൾ വിവരം നൽകുന്നതോടെ മധ്യഭാഗത്തെ എൻജിനും ഓഫാകും. ലാൻഡിങ് പ്രക്രിയ പൂർത്തിയാകും. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില് പേടകം ഇറക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാകും ഇന്ത്യ. അക്ഷാംശം 70.9 ഡിഗ്രി തെക്കും 22.7 ഡിഗ്രി കിഴക്കുമായാണ് ലാന്ഡിങ് നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ ഇറക്കാന് അനുയോജ്യമായ സ്ഥലം ലഭിച്ചില്ലെങ്കില് അക്ഷാംശം 67.7 ഡിഗ്രി തെക്കും 18.4 ഡിഗ്രി പടിഞ്ഞാറും ലാന്ഡിങ്ങിനുള്ള പദ്ധതിയും ഐഎസ്ആര്ഒയ്ക്കുണ്ട്. പദ്ധതി വിജയകരമാകുന്നതോടെ യുഎസിനും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ചന്ദ്രനില് സോഫ്റ്റ് ലാന്ഡിങ് നടത്തുന്ന രാജ്യമാകും ഇന്ത്യ. മനുഷ്യരോ പേടകങ്ങളോ ഇതുവരെ സ്പര്‍ശിച്ചിട്ടില്ലാത്ത, സൂക്ഷ്മപഠനങ്ങള്‍ നടത്തിയിട്ടില്ലാത്ത ദക്ഷിണധ്രുവത്തിൽ ഇറങ്ങുക വഴി ചന്ദ്രനെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ നമുക്ക് അവസരമൊരുങ്ങും. നമ്മുടെ തൊട്ട് അയല്‍വാസിയാണ് ചന്ദ്രന്‍. ചന്ദ്രനെക്കുറിച്ച് പഠിക്കുക എന്നാല്‍ പ്രപഞ്ചത്തെക്കുറിച്ചുളള നമ്മുടെ അറിവുകള്‍ വര്‍ദ്ധിക്കുന്നു എന്നുകൂടിയാണ്. ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനുതന്നെ ഈ വിവരങ്ങള്‍ വിലപ്പെട്ടേക്കാം. 

ഈ ദൗത്യം ഇത്രയധികം ദുഷ്കരമാക്കുന്നത് ഇത് നമ്മൾ ആദ്യമായി ചെയ്യുന്നു എന്നതുകൊണ്ട് തന്നെയാണ്. ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തതിനാല്‍ ഏറെ സങ്കീര്‍ണമാണു വിക്രത്തിന്റെ ലാന്‍ഡിങ്‌. നിരവധി ലാൻഡിംഗ് പരീക്ഷണങ്ങൾ ചന്ദ്രയാൻ ദൗത്യത്തിന് മുന്നോടിയായി ഇസ്രോ ചെയ്തിരുന്നു. എന്നാൽ ചന്ദ്രനിലെ ഗുരുത്വാകർഷണത്തെക്കാൾ ആറിരട്ടി കൂടുതലാണ് ഭൂമിയിലെ ഗുരുത്വാകർഷണം എന്നതിനാൽ യഥാർഥ ലാൻഡിങ്ങിന് സമാനമായ പരീക്ഷണങ്ങൾ ഭൂമിയിൽ ചെയ്താലും അത് കൃത്യതയുള്ളതായിരിക്കണമെന്നില്ല. എന്നാൽ ഇതിനു മുൻപ് ഒരിക്കൽ ചന്ദ്രനിലും പിന്നെ ചൊവ്വയിലും ചെന്നെത്തി ലോകത്തിന് മുന്നിൽ വിസ്മയമായി തീർന്ന നമ്മുടെ ബഹിരാകാശ ഏജൻസിക്ക് ഇതും സാധിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. എങ്കിലും പ്രതീക്ഷകൾക്ക് അപ്പുറത്ത് ചില സാങ്കേതിക പ്രതിബന്ധങ്ങൾ കൂടി കാണാതെ പോകരുത്. ആ വെല്ലുകളിൽ ആദ്യത്തേത് ഐ.എസ്.ആർ.ഒ. ആദ്യമായി ഉപയോഗിക്കുന്ന ത്രോട്ടിലബിൾ എൻജിന്റെ (കുതിപ്പു കൂട്ടാനും കുറയ്ക്കാനും) മോട്ടോറിന് തകരാറുണ്ടാകാനുള്ള സാധ്യതയാണ്. മാത്രമല്ല വിക്രത്തിലെ ഒരു എൻജിൻ തകരാർ വന്നാൽ അതിന്റെ എതിർ മൂലയിലുള്ള എൻജിനും പ്രവർത്തിപ്പിക്കാനാകില്ല. ചെറിയൊരു തകരാറോ കൃത്യത ഇല്ലായ്മയോ വന്നാൽ ലാൻഡർ ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങിയേക്കാം. അത് വലിയ തിരിച്ചടിയാകും. കൂടാതെ ലാൻഡറിലെ ക്യാമറകളിൽ തകരാറുണ്ടായാൽ ചിത്രങ്ങൾ ലഭിക്കില്ല. അത് ദൗത്യത്തിന്റെ പരാജയത്തിന് കാരണമാകും. സോഫ്റ്റ് ലാൻഡിങ്ങിനുള്ള യാത്രയിൽ ഭ്രമണപഥം 30 കിലോമീറ്ററെന്നതിന് പകരം കുറഞ്ഞുപോയാൽ ലാൻഡറിന് ഉദ്ദേശിച്ച സ്ഥലത്ത് ഇറങ്ങാനാകില്ല. ഇത് ദൗത്യത്തിന്റെ വിജയത്തെ സാരമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ പരാജയപ്പെടാനുള്ള ഒരുപാട് കരണങ്ങൾക്കിടയിലും നാം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആ ശുഭ വർത്തയ്ക്കായി. 

ലാൻഡിങ് പൂർത്തിയായി മൂന്നുമണിക്കൂർ കഴിഞ്ഞേ റോവർ പുറത്തേക്ക് എത്തുകയുള്ളൂ. ലാൻഡിങ് നടക്കുമ്പോൾ എൻജിന്റെ ശക്തികാരണം ചന്ദ്രോപരിതലത്തിൽനിന്ന് ഉയരുന്ന പൊടിയുടെ വേഗം സെക്കൻഡിൽ രണ്ടു കിലോമീറ്റർവരെയാകാം. വായു ഇല്ലാത്തതിനാൽ പൊടി താഴേക്ക് ഉടനെ വീഴില്ല. ഇവയൊന്ന് അടങ്ങാൻ മണിക്കൂറുകൾ എടുക്കും. ലാൻഡറിന്റെ മുകളിലും പൊടി അടിഞ്ഞുകൂടാം. അതിനാൽ മൂന്നുമണിക്കൂറിനുശേഷമേ ലാൻഡറിന്റെ വാതിൽ തുറക്കൂ.രണ്ടു പാളികളുള്ള വാതിൽ തുറന്നാൽ റോവർ പതുക്കെ പുറത്തേക്ക് ഉരുളും. ഒരു പ്രത്യേകതരം ചരടുപയോഗിച്ച് റോവറിനെ ബന്ധിപ്പിച്ചിട്ടുണ്ടാകും. റോവർ താഴേക്കുനീങ്ങുമ്പോൾ ഈ ചരട് അയയും. റോവർ മണ്ണിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ ഈ ചരട് റോവറിൽനിന്ന് വിട്ടുമാറും. പിന്നീട് സെക്കൻഡിൽ ഒരുസെന്റീമീറ്റർ വേഗത്തിൽ റോവർ സഞ്ചരിക്കും. ഇതേസമയം, ലാൻഡറിലെയും റോവറിലെയും പരീക്ഷണ ഉപകരണങ്ങൾ അവയുടെ ദൗത്യം നിർവഹിക്കും. പുറത്തിറങ്ങി 15 മിനിറ്റിനു ശേഷം റോവറില് നിന്നുള്ള ആദ്യ സിഗ്നല് ഭൂമിയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

ചന്ദ്രയാൻ രണ്ടിന്റെ നിയന്ത്രണവും നിരീക്ഷണവും ഏകോപിപ്പിക്കുന്നത് ബെംഗളൂരുവിലെ പീനിയ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‍വർക്ക് കേന്ദ്രത്തിലെ (ഇസ്ട്രാക്) മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ നിന്നാണ്. ചന്ദ്രോപരിതലത്തിൽ ദൗത്യം ഇറങ്ങുന്ന ചരിത്രമൂഹൂർത്തത്തിനു ലോകം സാക്ഷ്യം വഹിക്കുന്നതും ഇവിടെ നിന്നു തന്നെ. ചന്ദ്രയാൻ കൈമാറുന്ന സന്ദേശങ്ങൾ ബെംഗളൂരു ബയലാലുവിലുള്ള ഡീപ് സ്പേസ് നെറ്റ്‍വർക്ക് ആന്റിനകൾ സ്വീകരിച്ച ശേഷം ഇസ്ട്രാക്കിനു കൈമാറുന്നു. റേഡിയോ തരംഗത്തിന്റെതിനു സമാനമായ വേഗത്തിലാണ് സന്ദേശങ്ങൾ ഇവിടുത്തെ 18 മീറ്റർ, 32 മീറ്റർ ഭീമൻ ആന്റിനകൾ സ്വീകരിക്കുന്നത്. 4 ലക്ഷം കിലോമീറ്റർ അകലെ നിന്നുള്ള ദൗത്യത്തിലെ സന്ദേശങ്ങൾ ഭൂമിയിലെത്താൻ സെക്കൻഡുകൾ മാത്രമേ വേണ്ടതുള്ളൂ. ദൗത്യം വിജയപഥമേറിയാൽ ഇവയിലുള്ള ശാസ്ത്രീയ ഉപകരണങ്ങളിൽ (പേലോഡ്) നിന്നുള്ള സാങ്കേതിക വിവരങ്ങൾ സ്വീകരിക്കുന്നതും ഈ ആന്റിനകളാണ്.ഇരുന്നൂറോളം ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരുമാണ് ഇസ്ട്രാക്കിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാപകൽ പ്രവർത്തിക്കുന്നത്. 'ലാന്‍ഡര്‍' ചന്ദ്രനിലിറങ്ങുന്ന ചരിത്രമുഹൂര്‍ത്തമാഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ബെംഗളൂരുവില്‍ ഐ.എസ്.ആര്‍.ഒ.യുടെ ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് കേന്ദ്രത്തിലെത്തുന്നുണ്ട്. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം, കണ്ണിമ ചിമ്മാതെ, ആ ചരിത്ര മുഹൂർത്തതിനായി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ