03 Sep 2019
ന്യൂഏജ് ന്യൂസ്, ദോഹ ∙ 2022 ലോകകപ്പിനുള്ള സ്റ്റേഡിയം നിർമാണങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതി പ്രവർത്തനങ്ങളും മുന്നോട്ട്. 8 സ്റ്റേഡിയങ്ങളിൽ നവീകരിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയവും അൽ വക്രയിലെ അൽ ജനൗബ് സ്റ്റേഡിയവും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രാജ്യത്തിന് സമർപ്പിച്ചിരുന്നു. അൽ റയ്യാൻ സ്റ്റേഡിയവും അൽഖോറിലെ അൽ ബയാത് സ്റ്റേഡിയവും അവസാന ഘട്ട നിർമാണത്തിലാണ്.
വർഷാവസാനത്തോടെ രണ്ട് സ്റ്റേഡിയങ്ങളും ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കത്തിലാണ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. അൽ തുമാമ, എജ്യൂക്കേഷൻ സിറ്റി, ലുസെയ്ൽ, റാസ് അബു അബൗദ് സ്റ്റേഡിയങ്ങളുടെ നിർമാണജോലികളും പുരോഗമിക്കുന്നു 2021ൽ എല്ലാ സ്റ്റേഡിയങ്ങളും പൂർത്തിയാകും. വാസ്തുവിദ്യയുടെ അവിസ്മരണീയ നിർമിതികളാണ് 8 സ്റ്റേഡിയങ്ങളും.
രാജ്യത്തിനുമൊത്തം ഉണർവേകി ലോകകപ്പ് വികസന പദ്ധതികൾ
ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായി അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൂടെ വിവിധ മേഖലകളിൽ ഗുണപരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. സാമൂഹികം, സാംസ്കാരികം, കായികം, റിയൽ എസ്റ്റേറ്റ്, നിർമാണം, ഹോട്ടൽ, ആതിഥേയ മേഖല, വിനോദ സഞ്ചാരം തുടങ്ങി സമസ്ത മേഖലകളിലും വളർച്ചയ്ക്ക് ആക്കം കൂട്ടും. ഒട്ടേറെ സാമ്പത്തിക മേഖലകളുടെ പുനരുജ്ജീവനത്തിന് സ്റ്റേഡിയം നിർമാണങ്ങൾ വഴിതെളിച്ചു. രാജ്യാന്തര മോനിറ്ററി ഫണ്ടിന്റെ പുതിയ റിപ്പോർട്ട് പ്രകാരം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ചെലവിടുന്ന 20,000 കോടി ഡോളർ എന്നത് ഖത്തറിന്റെ ജിഡിപിയുടെ 121 ശതമാനമാണ്. സാമ്പത്തിക പ്രവർത്തനങ്ങൾ വൈവിധ്യവൽക്കരിച്ചുകൊണ്ടാണ് തയാറെടുപ്പുകൾ.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലോകകപ്പ് ബജറ്റ്
ഫിഫയുടെ ധനകാര്യ റിപ്പോർട്ട് പ്രകാരം 2022 ഖത്തർ ലോകകപ്പിന്റെ ബജറ്റ് 600 കോടി ഡോളറാണ്. ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ വച്ചേറ്റവും ഉയർന്ന ബജറ്റാണിത്. 2022ൽ മത്സരങ്ങളിലെ ആദ്യ 3 സ്ഥാനക്കാർക്ക് നൽകുന്ന സമ്മാന തുകയും വർധിപ്പിക്കും. 2018ൽ റഷ്യയിൽ നൽകിയതിനേക്കാൾ സമ്മാനതുകയുടെ മൂല്യം 10 ശതമാനം വർധിപ്പിക്കാനാണ് ഫിഫയുടെ തീരുമാനം. റഷ്യയിൽ പ്രൈസ് മണി 40 കോടി ഡോളർ എന്നത് 2022 ൽ 44 കോടി ഡോളറായി ഉയരും. 2,0000 കോടി ഡോളറാണ് ലോകകപ്പ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ഖത്തർ ചെലവിടുന്നത്.
വിസ്മയമൊരുക്കാൻ സ്റ്റേഡിയങ്ങൾ
- രാജ്യത്തിന്റെയും അറബ് ലോകത്തിന്റെയും സാംസ്കാരിക പൈതൃകത്തനിമയുള്ള സ്റ്റേഡിയം ഡിസൈനുകൾ.<br />
- ഉന്നത നിലവാരം ഉറപ്പാക്കിയുള്ള നിർമാണം
- ഉപയോഗിക്കുന്നത് ഏറ്റവും നൂതന സാങ്കേതിക വിദ്യയും ആധുനിക ഉപകരണങ്ങളും.
- സ്റ്റേഡിയത്തിനുള്ളിൽ ക്രമീകരിക്കുന്നത് മിതമായ കാലാവസ്ഥ. ഇതിനുപയോഗിക്കുന്നത് തദ്ദേശീയമായി വികസിപ്പിച്ച ശിതീകരണ സംവിധാനം.
- ഒരുക്കുന്നത് എല്ലാത്തരം മത്സരങ്ങൾക്കും അനുയോജ്യമായ സൗകര്യങ്ങൾ.
- ഭിന്നശേഷിക്കാർ, അംഗപരിമിതർ തുടങ്ങിയവർക്കും മത്സരം കാണാൻ ക്രമീകരണം.
- സ്റ്റേഡിയങ്ങൾക്ക് ചുറ്റും തണലേകാൻ കൃത്രിമ തടാകങ്ങളും മരങ്ങളും പാർക്കുകളും.
- സ്റ്റേഡിയങ്ങളുടെ പുറത്തെ 84 ശതമാനം സ്ഥലവും പച്ചപ്പ് നിറഞ്ഞതാണ്.
- നിർമാണത്തിന് ഉപയോഗിക്കുന്നത് പരിസ്ഥിതി സൗഹൃദ സാമഗ്രികൾ.
- ഇളക്കി മാറ്റാനും പുനരുപയോഗിക്കാൻ കഴിയുന്നതുമായ ആദ്യ ലോകകപ്പ് സ്റ്റേഡിയമെന്ന ബഹുമതി റാസ് അബു അബൗദ് സ്റ്റേഡിയത്തിന്.
Content Highlights: qatar-world-cup preparations