LAUNCHPAD

ഇന്നവേഷനുകളുടെ കൊവിഡ് കാലം; ശ്രദ്ധാകേന്ദ്രമായി റാബിറ്റ്സ്ക്വയറിന്റെ ഓട്ടോമാറ്റിക് സാനിറ്റൈസിങ് ഡിസ്പെൻസർ

Newage News

26 May 2020

തൊടുപുഴ: കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ കാലം സ്റ്റാർട്ടപ്പ് ലോകത്ത് ഇന്നവേഷനുകളുടെ കൂടി കാലമായിരുന്നു. രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള നിരവധി സ്റ്റാർട്ടപ്പുകളാണ് മഹാമാരിയെ പ്രതിരോധിക്കാൻ സഹായകമായ വിവിധ കണ്ടുപിടുത്തങ്ങളുമായി ഇക്കാലയളവിൽ രംഗത്തെത്തിയത്. കൊവിഡിന്റെ സമൂഹവ്യാപനം ചെറുക്കുന്നതിൽ ഏറെ നിർണായകമായ നേട്ടവുമായി ശ്രദ്ധാകേന്ദ്രമാവുകയാണ് തൊടുപുഴയിൽ നിന്നുള്ള ഇലക്ട്രോണിക്സ് സ്റ്റാർട്ടപ്പ് റാബിറ്റ്സ്‌ക്വയറും ഫൗണ്ടർ വർഗീസ് ബെന്നിയും. കുറഞ്ഞ ചെലവിൽ  ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ടച്ച് ഫ്രീ ഓട്ടോമാറ്റിക് സാനിറ്റൈസിങ് ഡിസ്പെൻസറാണ്  റാബിറ്റ്സ്‌ക്വയർ വികസിപ്പിച്ചെടുത്തത്. ബാറ്ററിയും കണ്ടെയ്‌നറും ഔട്ട്ലെറ്റ് ട്യൂബും അടങ്ങിയ ഓട്ടോമാറ്റിക് സാനിറ്റൈസിങ് ഡിസ്പെൻസർ ആവശ്യാനുസരണമുള്ള വലിപ്പത്തിലും രൂപത്തിലും നിർമിക്കാൻ കഴിയും.


ഉപയോഗിക്കുന്നവരുടെ ആവശ്യാനുസരണം സാനിറ്റൈസറിന്റെ അളവ് നിയന്ത്രിക്കാൻ കഴിയുന്ന ഫ്ലോ കൺട്രോൾ യൂണിറ്റും യുഎസ്ബി ചാർജിംഗ് സംവിധാനവും  ഡിസ്പെൻസറിന്റെ പ്രത്യേകതയാണ്. ലാപ്ടോപ്, മൊബൈൽ ചാർജർ, പവർ ബാങ്ക് എന്നിവയുപയോഗിച്ച്  ഡിസ്പെൻസർ ചാർജ് ചെയ്യാൻ കഴിയും. പൊതുവിപണിയിൽ മൂവായിരം രൂപ മുതലാണ് ഓട്ടോമാറ്റിക് സാനിറ്റൈസിങ് ഡിസ്പെൻസറുകളുടെ വില. എന്നാൽ ആയിരം രൂപയിൽ താഴെ ചിലവിൽ കോൺടാക്ട് ലെസ് സാനിറ്റൈസിങ് ഡിസ്പെൻസർ സംവിധാനം ഒരുക്കാൻ കഴിയുമെന്ന് എഞ്ചിനീയറിങ് ബിരുദധാരി കൂടിയായ വർഗീസ് പറയുന്നു. വ്യാപകമായി നിർമിക്കേണ്ടി വന്നാൽ അഞ്ഞൂറ് രൂപയേ ചിലവ് വരൂ. കൊവിഡ് പ്രതിരോധം സമയബന്ധിതവും ഫലപ്രദവുമായി നടപ്പാക്കാൻ  ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് സൗകര്യപ്രദമായ കണ്ടെയ്നറുകളിൽ  ടച്ച്ഫ്രീ  സാനിറ്റൈസിങ് ഡിസ്പെൻസർ സംവിധാനം നിർമിച്ചു നൽകാനാണ് പദ്ധതി.  സ്‌കൂളുകൾ ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വാഹനങ്ങളിലും മറ്റും ഈ സംവിധാനം ഏറെ ഫലപ്രദമാണ്.

'ബ്രേക്ക് ദി ചെയിൻ' ക്യാംപെയിനിലും അതുവഴി കൊവിഡ് അതിജീവന മുന്നേറ്റത്തിലും ശ്രദ്ധേയ സാന്നിധ്യമാവുകയാണ് വർഗീസ് ബെന്നിയും  റാബിറ്റ്സ്‌ക്വയറും അവരുടെ ടച്ച്ഫ്രീ സാനിറ്റൈസിങ് ഡിസ്പെൻസറും. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story