FINANCE

റിസർവ് ബാങ്ക് അടിസ്ഥാന പലിശ നിരക്കിൽ കുറവു വരുത്തിയെങ്കിലും വായ്പാ പലിശ നിരക്കുകൾ കാര്യമായി കുറഞ്ഞേക്കില്ല; വിനയാകുന്നത് നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാൻ നിലവിൽ കഴിയില്ലെന്ന ബാങ്കുകളുടെ വിലയിരുത്തൽ

08 Jun 2019

ന്യൂഏജ് ന്യൂസ്, കൊച്ചി∙ ബാങ്കുകളുടെ പലിശ നിരക്കു കുറയ്ക്കാൻ വഴിതുറക്കും വിധം റിസർവ് ബാങ്ക് അടിസ്ഥാന പലിശ നിരക്കായ റീപോയിൽ 25 പോയിന്റ് കുറവു വരുത്തിയെങ്കിലും ബാങ്ക് നിക്ഷേപങ്ങൾക്കുള്ള പലിശ കുറയാത്ത സ്ഥിതിക്ക് വായ്പാ പലിശ നിരക്കുകൾ കാര്യമായി കുറയാൻ സാധ്യതയില്ല. അതേ സമയം ആർടിജിഎസ്, എൻഇഎഫ്ടി ഫണ്ട് കൈമാറ്റങ്ങൾക്കു റിസർവ് ബാങ്ക് ഫീസ് ഈടാക്കുന്നത് റദ്ദാക്കിയത് ഇടപാടുകാർക്ക് ആശ്വാസമേകുന്നു. ഈ ഇളവ് ഇടപാടുകാർക്കു കൈമാറാൻ ബാങ്കുകൾക്ക് ആർബിഐ ഉടൻ നിർദേശം നൽകും. എടിഎം ഉൾപ്പെടെയുള്ള ബാങ്ക് ഇടപാടുകളുടെ ഫീസ് നിരക്ക് പുനർനിശ്ചയിക്കാൻ സമിതിയെ ഏർപ്പെടുത്തുകയും ചെയ്തു.

ആർബിഐ വാണിജ്യ ബാങ്കുകൾക്കു നൽകുന്ന വായ്പയുടെ (റീപോ) പലിശ നിരക്കിൽ 0.25% കുറവാണു വരുത്തിയത്. 0.25% വീതം ഇക്കൊല്ലം മൂന്നാം തവണയാണു നിരക്കു കുറയ്ക്കുന്നത്. ഇതോടെ 5.75% ആയി നിരക്ക്. 2010 സെപ്റ്റംബറിനു ശേഷം റീപോ നിരക്ക് 6 ശതമാനത്തിൽ താഴെയെത്തുന്നത് ആദ്യം.

ഇക്കൊല്ലം രണ്ടു തവണയായി 0.5% റീപോ നിരക്ക് ആർബിഐ കുറച്ചെങ്കിലും ബാങ്ക് വായ്പകളിൽ അതനുസരിച്ചുള്ള 0.5% കുറവ് ഉണ്ടായിട്ടില്ല. അതിനു കാരണം റീപോയിലൂടെ ബാങ്കുകൾക്കു ലഭിക്കുന്ന ഫണ്ട് ആകെ ഫണ്ടിന്റെ 1.5% മാത്രമാണെന്നതാണ്. ബാക്കി 98.5% ഫണ്ട് പുറത്തു നിന്നുള്ള നിക്ഷേപങ്ങളിലൂടെയാണു വരുന്നത്. വായ്പകളുടെ വളർച്ചയെക്കാൾ കുറവാണ് ഇപ്പോൾ നിക്ഷേപങ്ങളുടെ വളർച്ച. അതിനാൽ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള പദ്ധതികളിലാണു ബാങ്കുകൾ. അതിനാൽ നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാൻ കഴിയില്ല. നിക്ഷേപ പലിശ കുറയ്ക്കാതെ വായ്പാ പലിശയും കുറയ്ക്കാനാകില്ല. റീപോ നിരക്ക് കുറഞ്ഞാലും പലിശ ആനുപാതികമായി കുറയില്ല എന്നു ചുരുക്കം.

ദേശീയ സമ്പാദ്യ സർട്ടിഫിക്കറ്റിന് 8.25% പലിശ ഉള്ളപ്പോൾ ബാങ്ക് നിക്ഷേപ പലിശ 7.25% വരെ മാത്രമാണ്. സ്വാഭാവികമായും നിക്ഷേപം പലിശ കൂടിയിടത്തേക്കു പോകുന്നു. നിക്ഷേപ പലിശ ഇനിയും കുറയ്ക്കാൻ കഴിയാത്തതിന് ഇതും കാരണമാണ്. ഇനി വായ്പാ പലിശ നിരക്കിൽ നേരിയ ഇളവ് ഉണ്ടാകുന്നെങ്കിൽ തന്നെ അതിനു 4 മാസത്തെയെങ്കിലും പ്രസാരണ സമയം വേണ്ടി വരുമെന്ന് ബാങ്കിങ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

നടപ്പു സാമ്പത്തിക വർഷത്തെ സാമ്പത്തിക വളർച്ചയുടെ അനുമാന നിരക്ക് നേരത്തേ ആർബിഐ കണക്കു കൂട്ടിയിരുന്ന 7.2 ശതമാനത്തിൽ നിന്ന് 7% ആയി കുറയ്ക്കുകയാണെന്നും ഗവർണർ ശക്തികാന്തദാസ് അറിയിച്ചു. എന്നാൽ പണപ്പെരുപ്പം നേരത്തേ അനുമാനിച്ചിരുന്നതിൽ നിന്നു താഴെ ആണെന്നതും വിദേശ നാണ്യ ശേഖരം 42190 കോടി ഡോളറിൽ എത്തിയതും സേവന രംഗത്തെ വളർച്ചയും നല്ല മഴ ലഭിക്കുമെന്ന പ്രവചനവും ശുഭസൂചനകളാണ്. ഇലക്‌ഷൻ കാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി സർക്കാർ മൂലധനച്ചെലവു കുറഞ്ഞതും രാജ്യത്തെ ഫാക്ടറി ഉൽപാദനം ദുർബലമായതും സാമ്പത്തിക വളർച്ച നിരക്ക് കുറയാൻ കാരണമായിട്ടുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി.


 പുതുക്കിയ റീപോ നിരക്ക്: 5.75%

 റിവേഴ്സ് റീപോ (ബാങ്ക് നിക്ഷേപത്തിന് ആർബിഐ നൽകുന്ന പലിശ) നിരക്ക്: 5.5%

 സാമ്പത്തിക വളർച്ച: 7%

 പണപ്പെരുപ്പ നിരക്ക്: 3–3.1%

 വിദേശനാണ്യ ശേഖരം: 42190 കോടി ഡോളർ.

 ഉപഭോക്തൃ വില സൂചിക: 3.4%–3.7%



Related News


Special Story

ആദായ നികുതിദായകർ കരുതിയിരുന്നോളു; സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരെല്ലാം ഇനി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ; ബിഗ്ഡാറ്റ അധിഷ്ഠിതമായി 1000 കോടി രൂപ ചെലവഴിച്ച് വകുപ്പ് തയാറാക്കിയ പദ്ധതി ഒരുങ്ങുന്നു