CORPORATE

ഇ-കോമേഴ്‌സ് കമ്പനികളുടെ 'വന്‍ വിലക്കുറവ്' വില്പനയ്ക്കുമേൽ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ; ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും 'പൂട്ടു'വീഴുമോയെന്ന ആശങ്കയിൽ വാണിജ്യലോകം

13 Nov 2019

ന്യൂഏജ് ന്യൂസ്, വന്‍ വിലക്കുറവ് (predatory pricing) നല്‍കുന്ന രീതി അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടാന്‍ തയാറായിക്കോളാന്‍ വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയല്‍ ഇന്ത്യയിലെ പ്രധാന ഓണ്‍ലൈന്‍ വില്‍പ്പനശാലകളായ ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനും മുന്നറിയിപ്പു നല്‍കി. ഈ വെബ്‌സൈറ്റുകള്‍ രണ്ടും വിദേശ കമ്പനികളുടെ നിയന്ത്രണത്തിലാണ്. അമിത വിലക്കുറവ് നല്‍കുക വഴി വിദേശ നിക്ഷേപം അഥവാ എഫ്ഡിഐ നിയമങ്ങള്‍ ലംഘിക്കുന്നുവെന്നു കാണിച്ചാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ മാസം 5-ാം തിയതി ആമസോൺ ഇന്ത്യാ മേധാവി അമിത് അഗര്‍വാളുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലും ഈ വിഷയം ഇടംപിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇകൊമേഴ്‌സ് കമ്പനികള്‍ നിയമങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കണം. അമിതമായി വില കുറയ്ക്കുന്ന രീതി അവസാനിപ്പിക്കണം, ഗോയല്‍ പറഞ്ഞു. വിദേശ കമ്പനികള്‍ അമിതമായി വലകുറച്ചു വില്‍ക്കുന്ന രീതി ഇന്ത്യയില്‍ മാത്രമായി സംഭവിക്കുന്നതല്ല. അമേരിക്കയിലും യൂറോപ്പിലും ആമസോണ്‍ ആന്റിട്രസ്റ്റ് അന്വേഷണം നേരിടുകയാണ്. സർക്കാർ മുന്നറിയിപ്പു വന്നു കഴിഞ്ഞും അതിനു മുൻപും ഇരു കമ്പനികളും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. തങ്ങളല്ല വിലക്കിഴിവ് നല്‍കുന്നത് എന്നതാണ് ഇവരുടെ നിലപാട്. തങ്ങളുടെ വെബ്സൈറ്റിലൂടെ വില്‍ക്കുന്ന വില്‍പനക്കാര്‍ കിഴിവ് നേരിട്ട് ജനങ്ങള്‍ക്കു നല്‍കുകയാണ് എന്നാണ് അവരുടെ വാദം. ഓരേ ഉൽപന്നം തന്നെ കടയിലൂടെ വില്‍ക്കുന്നവരെക്കാള്‍ വിലകുറച്ചു വില്‍ക്കുക വഴി കച്ചവടം വന്‍തോതില്‍ ഓണ്‍ലൈന്‍ വില്‍പനക്കാര്‍ക്കു ലഭിക്കുന്നു എന്നതാണ് ആരോപണങ്ങളില്‍ ഒന്ന്. എന്നാല്‍ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ കഴിഞ്ഞ വര്‍ഷം നടത്തിയ അന്വേഷണത്തില്‍ ഫ്‌ളിപ്കാര്‍ട്ടും ആമസോണും കോംപറ്റീഷന്‍ നിയമത്തിന്റെ, 4-ാം വകുപ്പ് വളഞ്ഞ വഴിയിലുടെ മറികടക്കുന്നില്ല എന്നാണ് കണ്ടെത്തിയിരുന്നത്.

കഴിഞ്ഞ ആറു വര്‍ഷമായി പ്രാദേശിക കടകളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചാണ് വിലക്കുറവ് സാധ്യമാക്കുന്നതെന്നും സർക്കാരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ആമസോണ്‍ വക്താവ് പ്രതികരിച്ചു. 350 നഗരങ്ങളിലായി, 23,000 കിരാന കടകളുമായി തങ്ങള്‍ സഹകരിക്കുന്നു. അതുകൂടാതെ, 14,000 ആമസോണ്‍ ഈസി സ്‌റ്റോറുകളും 22 സംസ്ഥാനങ്ങളിലായി ഉണ്ട്. കൂടാതെ ആമസോണിലൂടെ വില്‍ക്കുന്നവരില്‍ ആദ്യത്തെ 2000 സെല്ലര്‍മാരില്‍ 60 ശതമാനവും ഓഫ്‌ലൈന്‍ സെല്ലര്‍മാരാണെന്നും വക്താവ് ചൂണ്ടിക്കാട്ടി.

എന്നാല്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐറ്റി) എവിടെയെല്ലാമാണ് എഫ്ഡിഐ നിയമങ്ങളുടെ ലംഘനം നടക്കുന്നതെന്ന് ചികഞ്ഞ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കടക്കാരുടെ പ്രതിനിധികളും ഓണ്‍ലൈന്‍ വില്‍പനക്കാരുമായി അവര്‍ പലതവണ ചര്‍ച്ച നടത്തിക്കഴിഞ്ഞു. കടക്കാര്‍ക്കായി സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നവര്‍ ആരോപിക്കുന്നത് ഓണ്‍ലൈന്‍ വില്‍പനശാലകള്‍ നിയമലംഘനം നടത്തുന്നുവെന്നാണ്. അമിതമായി ഡിസ്‌കൗണ്ട് നല്‍കിയും എഫ്ഡിഐ മാനദഡങ്ങള്‍ ലംഘിച്ചുമാണ് അമിത ഇളവ് ഓണ്‍ലൈന്‍ വ്യാപരശാലകള്‍ നല്‍കുന്നതെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സ് ആരോപിക്കുന്നത്. ഇതു പ്രധാനമായും നടക്കുന്നത് ഉത്സവ സീസണ്‍ വില്‍പനകളിലാണെന്നും അവര്‍ ആരോപിക്കുന്നു. വില്‍പനയില്‍ ഓണ്‍ലൈന്‍ വില്‍പനശാലകള്‍ കുത്തക നിലനിര്‍ത്തുകയാണെന്ന് അവര്‍ പറയുന്നു. അടുത്തിടെ നടന്ന ഉത്സവകാലവില്‍പനയില്‍ ഓണ്‍ലൈനിലൂടെ 39,000 കോടി രൂപയുടെ കച്ചവടം നടന്നെന്ന് റെഡ്‌സിയര്‍ കണ്‍സള്‍ട്ടന്‍സി പറയുന്നു.

ഓണ്‍ലൈന്‍ വില്‍പനശാലകള്‍ക്ക് നിക്ഷേപമുള്ള വില്‍പനക്കാര്‍ വഴി പ്രൊഡക്ടുകള്‍ വില കുറച്ചുവില്‍ക്കുന്നതും കഴിഞ്ഞ ഡിസംബറില്‍ സർക്കാർ നിരോധിച്ചിരുന്നു. തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ മാത്രമെ വില്‍ക്കാവൂ എന്നുപറഞ്ഞ് ഒരു സെല്ലറുമായും കരാറിലെത്താന്‍ ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനും അവകാശമില്ലെന്നും നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഈ നിബന്ധനകള്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍ വന്നിരുന്നു.

കടക്കാരുടെ പരാതിക്ക് തങ്ങള്‍ പരിഹാരമുണ്ടാക്കുമെന്ന നിലപാടിലാണ് സർക്കാർ. ഡിപിഐഐറ്റി ഫ്‌ളിപ്കാര്‍ട്ടിലെയും ആമസോണിലെയും പ്രധാപ്പെട്ട 5 വില്‍പനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇവരിലൂടെ എഫ്ഡിഐ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നു എന്നാണ് കടക്കാര്‍ക്കുവേണ്ടി സർക്കാരില്‍ സ്വാധീനം ചെലുത്തുന്നവര്‍ പറയുന്നത്. നിങ്ങള്‍ ജിഎസ്ടി ലംഘനം നടത്തുന്നുണ്ടോ എന്നും ഡിപിഐഐറ്റി ഓണ്‍ലൈന്‍ വില്‍പനശാലകളോട് ആരാഞ്ഞിട്ടുണ്ട്. ഫ്‌ളിപ്കാര്‍ട്ടും ആമസോണും ഇന്ത്യയില്‍ ഇറക്കിയിരിക്കുന്ന നിക്ഷേപത്തിന്റെയും പല വില്‍പനക്കാരുമായി ഏര്‍പ്പെട്ടിരിക്കുന്ന കരാറുകളുടെയും വാങ്ങിയിരിക്കുന്ന കമ്മിഷന്റെയും കണക്കുകളും ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ നിയന്ത്രണത്തിലുള്ള വില്‍പനക്കാരുടെയും അല്ലാത്തവരുടെയും ലിസ്റ്റ് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടുകഴിഞ്ഞു. ചെറുകിട വില്‍പനക്കാരുമായി ആമസോണ്‍ എത്തിച്ചേര്‍ന്നിട്ടുള്ള കരാറുകളുടെ വിശദാംശവും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഇന്ത്യയിലെ നൂറുകണക്കിനു ചെറുകിട ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വില്‍ക്കാന്‍ തങ്ങളുടെ മാര്‍ക്കറ്റ്‌പ്ലെയ്‌സ് തുറന്നുകൊടുക്കുകയാണ് ചെയ്തിരിക്കുന്നതെന്ന നിലപാടാണ് ആമസോണിന്. അവരില്‍ പലരും ഇപ്പോള്‍ത്തന്നെ കോടിപതികളും ലക്ഷാധിപതികളായി കഴിഞ്ഞതായും അവര്‍ പറയുന്നു. കടക്കാരുടെ ലോബിക്കുവേണ്ടി ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനും പൂട്ടിടുക മാത്രമല്ല, മറിച്ച് ഇനി വന്നേക്കാവുന്ന ചില ഓണ്‍ലൈന്‍ വ്യാപര സ്ഥാപനങ്ങള്‍ക്ക് വഴിയൊരുക്കുകയും കൂടിയാണെന്നും ചിലര്‍ ആരോപിക്കുന്നു.

പ്രതികരണം

ഓണ്‍ലൈന്‍ വ്യാപര സ്ഥാപനങ്ങള്‍ തുറന്നിട്ട പുതിയ കച്ചവട മാതൃക ഇന്ത്യന്‍ ഉപയോക്താക്കളെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. പുതിയ വാര്‍ത്തയ്‌ക്കെതിരെ പല പ്രതികരണങ്ങളും വന്നു. അവയില്‍ ചിലതു പരിശോധിക്കാം. കടക്കാര്‍ തങ്ങളെ ഇഷ്ടം പോലെ കൊള്ളയടിച്ചോട്ടെ എന്നാണോ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് ഒരു ഉപയോക്താവ് പ്രതികരിച്ചത്. ഓണ്‍ലൈന്‍ സ്ഥാപനങ്ങളുടെ വിലയില്‍ നിന്നു മനസിലാക്കേണ്ടത് കടക്കാര്‍ ഞങ്ങളെ വിഡ്ഢികളാക്കുകയാണ് എന്നല്ലെ എന്നാണ് വേറൊരാളുടെ പ്രതികരണം. കുറഞ്ഞവില ഉപയോക്താവിനല്ലെ ഗുണകരമാകുക എന്ന് വേറൊരാള്‍ ചോദിക്കുന്നു. ദിവസം 100 പ്രൊഡക്ട് വില്‍ക്കുന്നയാള്‍ക്ക് മാസം 5 എണ്ണം വില്‍ക്കുന്നയാളെക്കാള്‍ വിലക്കുറവില്‍ വില്‍ക്കാനാകുമെന്നാണ് വേറൊരാള്‍ വാദിക്കുന്നത്. തങ്ങളുടെ നീക്കവുമായി സർക്കാർ മുന്നോട്ടു പോയാല്‍ ഓണ്‍ലൈന്‍ ഡിസ്‌കൗണ്ട് പഴങ്കഥയാകാന്‍ ഇനി അധികനാള്‍ വേണ്ടിവരില്ല.

Content Highlights: Regulatory bias against Amazon and Flipkart-Walmart 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story