CORPORATE

ഓയില്‍-ടു-കെമിക്കല്‍സ് ബിസിനസിന് അന്തിമരൂപം നല്‍കി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

Newage News

22 Feb 2021

ന്യൂഡല്‍ഹി:  ഓയില്‍-ടു-കെമിക്കല്‍സ് (ഒ 2 സി) ബിസിനസിനെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു ഉപകമ്പനിയാക്കി മാറ്റുന്നതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അന്തിമരൂപം നല്‍കുന്നു. ഇതു സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നതിനു പിന്നാലെ ഇന്നലെ കമ്പനിയുടെ ഓഹരികള്‍ വലിയ കുതിപ്പ് പ്രകടമാക്കി. സൗദി ആരാംകോ പോലുള്ള ആഗോള നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് ആര്‍ഐഎല്‍ പ്രതീക്ഷിക്കുന്നതായി കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ആരാംകോയും റിലയന്‍സും തമ്മിലുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണെന്നും അവര്‍ പറയുന്നു. 2021 ഏപ്രില്‍ മുതല്‍ ഇരുകക്ഷികളും തമ്മിലുള്ള ഇടപാട് ചര്‍ച്ചകള്‍ക്ക് ആക്കം കൂടുമെന്നാണ് കരുതുന്നത്.

റിഫൈനിംഗ് ആസ്തികള്‍, പെട്രോകെമിക്കല്‍സ് ആസ്തി,  ഫ്യുവല്‍ റീട്ടെയ്ല്‍ (ബിപി-യുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിലെ 51 ശതമാനം വിഹിതം) വന്‍തോതിലുള്ള മൊത്ത വിപണന ബിസിനസുകള്‍ എന്നിവയെല്ലാം അടങ്ങുന്നതാണ് ആര്‍ഐഎലിന്റെ ഒ2സി ബിസിനസ്. ഇത് ഘട്ടംഘട്ടമായി ഉപകമ്പനിയാക്കി മാറ്റും. ഇത് ആദ്യം പൂര്‍ണമായും ആര്‍ഐഎലിന്റെ ഉടമസ്ഥതയിലായിരിക്കും.

ലോകത്തിലെ ഏറ്റവും വലുതും സംയോജിതവുമായ ഒ2സി സമുച്ചയങ്ങളിലൊന്ന് റിലയന്‍സ് ഗ്രൂപ്പിന് സ്വന്തമാണ്. ഗുജറാത്തിലാണിത് സ്ഥിതി ചെയ്യുന്നത്. കമ്പനിയുടെ വരുമാനത്തിന്റെ സിംഹഭാഗവും വരുന്നത് ഇവിടെ നിന്നാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരുമാനത്തിന്റെ 62 ശതമാനവും മൊത്തം പ്രവര്‍ത്തന ലാഭത്തിന്റെ 58 ശതമാനവും സംഭാവന ചെയ്തത് ഇവിടെ നിന്നാണ്.  

ആരാംകോ നിക്ഷേപം സ്വന്തമാക്കുന്നതിലൂടെ കൂടുതല്‍ ആഗോളതലത്തിലേക്ക് നീങ്ങുന്നതിനുള്ള സാധ്യതകളും തുറന്നുകിട്ടുമെന്ന പ്രതീക്ഷയാണ് മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന കമ്പനിക്കുള്ളത്. ഇടപാടിനു മുന്നോടിയായുള്ള ബിസിനസ്സിന്റെ മൂല്യനിര്‍ണ്ണയം അന്തിമ ഘട്ടത്തിലാണ്. വായ്പ ഉള്‍പ്പടെ കണക്കിലെടുത്ത്  75 ബില്യണ്‍ മുതല്‍ 85 ബില്യണ്‍ ഡോളര്‍ വരെ മൂല്യം കമ്പനിയുടെ ഒ2സി ബിസിനസിന് കല്‍പ്പിക്കപ്പെടും എന്നാണ് കണക്കാക്കുന്നത്.

സൗദി ആരാംകോയിലെ ഉദ്യോഗസ്ഥരും ബാങ്കര്‍മാരും ഈ നിക്ഷേപവുമായി ബന്ധപ്പെട്ട വിശകലനങ്ങള്‍ നടത്തുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഹരി ഉടമകളുടെ വാര്‍ഷിക യോഗത്തിനു മുമ്പായി കരാര്‍ ഒപ്പിടുന്നതിനാണ് മുകേഷ് അംബാനി ശ്രമിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനത്തോടെയാണ് ആര്‍ഐഎല്‍ ഓഹരിയുടമകളുടെ യോഗം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഓയില്‍-കെമിക്കല്‍ ബിസിനസിലെ 20 ശതമാനം ഓഹരി സൗദി ദേശീയ എണ്ണ കമ്പനിക്ക് കൈമാറി വായ്പാഭാരം കുറയ്ക്കുന്നതിനുള്ള പദ്ധതി അംബാനി പ്രഖ്യാപിച്ചിപുന്നു. നിലവില്‍ ആരാംകോയില്‍ നിന്ന് ഒരു ദിവസം 500,000 ബാരല്‍ വരെ അസംസ്‌കൃത എണ്ണ റിലയന്‍സ് വാങ്ങുന്നുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story