Newage News
08 Mar 2021
അടുത്ത വർഷം പകുതിയോടെ ഇന്ത്യയിൽ 5ജി സ്പെക്ട്രം ബാൻഡുകൾ ലഭ്യമാകുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ജിയോ, എയർടെൽ എന്നീ മുൻനിര ടെലിക്കോം ഓപ്പറേറ്റർമാർ 5ജി നെറ്റ്വർക്കിനായി ഒരുങ്ങുകയാണ്. ഇരു കമ്പനികളും മുംബൈയിലും ഹൈദരബാദിലും ടവറുകൾ സ്ഥാപിച്ചതായാണ് റിപ്പോർട്ടുകൾ. ഓക്ലയുടെ പ്രീ റിലീസ് കാറ്റഗറിയിലാണ് ഈ രണ്ട് നെറ്റവർക്കുകളും അടയാളപ്പെടുത്തിയിട്ടുള്ളത്. ലോകത്താകമാനം ഇതുവരെ 21,996 5ജി ടവറുകളാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത് എന്നും ഓക്ല റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഓക്ല റിപ്പോർട്ടിൽ പ്രീ-റിലീസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ടവറുകളെല്ലാം പരീക്ഷണ ഘട്ടത്തിലാണ് എന്നും ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകില്ല എന്നും ഓക്ല വ്യക്തമാക്കി. ഈ ടവറുകളിലേക്ക് ആർക്കും ആക്സസ് ലഭിക്കില്ല. അതേ സമയം ഹൈദരാബാദിൽ 5ജി ടെസ്റ്റിങ് പൂർത്തിയാക്കിയതായി എയർടെൽ അറിയിച്ചു. ഇത് ഓക്ല 5ജി മാപ്പും കാണിച്ചിട്ടുണ്ട്. മുംബൈയിൽ റിലയൻസ് ജിയോ ടവറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിലൂടെയുള്ള പരീക്ഷണം ഇൻ-ഹൌസ് 5ജി ഡിവൈസുകളിൽ മാത്രമാണ് നടക്കുന്നത്.
എയർടെല്ലും ജിയോയും രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായും ടെലിക്കോം കമ്പനികൾ അറിയിച്ചു. കഴിഞ്ഞ ആഴ്ച്ച ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സ്പെക്ട്രം ലേലം നടത്തിയിരുന്നു. ഇതിൽ 700 മെഗാഹെർട്സ് ബാൻഡ് ആരും വാങ്ങിയില്ല. രാജ്യത്തെ 5ജി എയർവേവ് ലേലം ഇതുവരെ നടന്നിട്ടില്ല. അതേ സമയം ജിയോ നിരവധി മറ്റ് കമ്പനികളെക്കാൾ സ്പെക്ട്രം സ്വന്തമാക്കിയിട്ടുണ്ട്. 800 മെഗാഹെർട്സ്, 1800 മെഗാഹെർട്സ്, 2300 മെഗാഹെർട്സ് എന്നീ ബാൻഡുകൾക്കായി 57,123 കോടി രൂപയാണ് ജിയോ ചിലവഴിച്ചിരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ എയർടെൽ 1800 മെഗാഹെർട്സ് ബാൻഡിൽ എൻഎസ്എ നെറ്റ്വർക്ക് സാങ്കേതികവിദ്യ പരീക്ഷിച്ചിട്ടുണ്ടെങ്കിലും 5ജി നെറ്റ്വർക്ക് വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കുന്നത് ഇനിയും വൈകിയേക്കും. 5ജി നെറ്റ്വർക്കിന്റെ ആഗോള കേന്ദ്രമായി മാറാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്ന് വിശ്വസിക്കുന്നതായും ഇത് സാധ്യമാക്കാൻ ആപ്പുകൾ, ഡിവൈസുകൾ, നെറ്റ്വർക്ക് നവീകരണം എന്നിവയുള്ള മികച്ചൊരു ഇക്കോ സിസ്റ്റം ആവശ്യമാണ് എന്നും ഇതിനായി എയർടെൽ തയ്യാറാണെന്നും ഭാരതി എയർടെൽ എംഡിയും സിഇഒയുമായ ഗോപാൽ വിറ്റൽ അറിയിച്ചിരുന്നു. ഇന്ത്യയിൽ 5ജി നെറ്റ്വർക്ക് ലഭ്യമാകാൻ വൈകുമെങ്കിലും ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള ടെലിക്കോം കമ്പനികൾ 5ജി നെറ്റ്വർക്കിനായി തയ്യാറെടുക്കുന്നു എന്നത് ആശ്വാസകരമാണ്. അതിവേഗം സിനിമകൾ പോലും ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്ന വേഗതയാണ് 5ജിയുടെ സവിശേഷത. ഇന്റർനെറ്റ് വേഗതയുടെ അടുത്ത തലമുറയിലേക്ക് ഇന്ത്യ വൈകാതെ പ്രവേശിക്കുമെന്നാണ് കരുതുന്നത്.