CORPORATE

ഇന്ത്യയിലെ മാന്ദ്യം മഞ്ഞുമലയുടെ അറ്റം മാത്രം; ആഗോള ട്രാവൽ & ടൂർ കമ്പനി തോമസ് കുക്ക് അടച്ചുപൂട്ടുമെന്ന് റിപ്പോർട്ട്; 16 രാജ്യങ്ങളിൽ ആയിരക്കണക്കിന് പേർ തൊഴിൽ രഹിതരാവും

20 Sep 2019

ലണ്ടൻ: യാത്ര - യാത്രാനുബന്ധ സാമ്പത്തിക സേവന രംഗത്തെ ആഗോള ഭീമന്മാരായ തോമസ് കുക്ക് അടച്ച് പൂട്ടിയേക്കുമെന്ന് റിപ്പോർട്ട്. ലണ്ടൻ ആസ്ഥാനമായി 1841 ൽ പ്രവർത്തനമാരംഭിച്ച തോമസ് കുക്ക് ഗ്രൂപ്പിന് ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങളിൽ സാന്നിദ്ധ്യമുണ്ട്. 22000 ജീവനക്കാരാണ് ഗ്രൂപ്പിന്റെ ഭാഗമായുള്ളത്. ഇന്ത്യയിൽ തന്നെ മൂവായിരത്തോളം ജീവനക്കാരുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് രക്ഷാപാക്കേജിനായി കമ്പനി നിരന്തര ശ്രമം തുടരുന്നുണ്ടെങ്കിലും നീക്കം പരാജയപ്പെട്ടതായാണ് സൂചന. അങ്ങനെ വന്നാൽ രണ്ട് ദിവസങ്ങൾക്കുള്ളിൽ സ്ഥാപനം അടച്ചുപൂട്ടിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. 200 മില്യൺ പൗണ്ടിന്റെ മൂലധന കമ്മിയെത്തുടർന്ന് പ്രവർത്തനം നിർത്തി വയ്ക്കാൻ നിർബന്ധിതമായിരിക്കുകയാണെന്ന് കമ്പനി വൃത്തങ്ങൾ തന്നെ വെളിപ്പെടുത്തി. ഗ്രൂപ്പിന് 1.6 ബില്യൺ പൗണ്ടിന്റെ കടബാധ്യതയുണ്ട്. പിടിച്ച് നിൽക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ ലെൻഡർമാരായ റോയൽ ബാങ്ക് ഓഫ് സ്‌കോട്ട്‌ലാൻഡ്, ലോയ്ഡ്‌സ് ബാങ്ക് തുടങ്ങിയവരുമായി ചർച്ചകൾ തുടരുകയാണ്.

അതിനിടെ തോമസ് കുക്കിന്റെ സേവനം പ്രയോജനപ്പെടുത്തി വിവിധ രാജ്യങ്ങളിലേക്ക് യാത്ര പോവുകയും അവിടങ്ങളിൽ കുടുങ്ങിപ്പോവുകയും ചെയ്ത 1,80,000 പേരെ തിരിച്ച് കൊണ്ടു വരാൻ യുകെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ടും സിവിൽ ഏവിയേഷൻ അഥോറിറ്റിയും ചേർന്ന് ഓപ്പറേഷൻ മാരത്തോൺ എന്ന പേരിൽ നീക്കം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

തങ്ങളുടെ ഏറ്റവും വലിയ ഷെയർഹോൾഡറായ ചൈനീസ് കമ്പനി ഫോസനുമായി ചേർന്ന് ഒരു റെസ്‌ക്യൂ ഡീൽ നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന് ജൂലൈയിൽ തോമസ് കുക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ റോയൽ ബാങ്ക് ഓഫ് സ്‌കോട്ട്‌ലാൻഡ് അടക്കമുള്ളലെൻഡർമാർ ഈ റെസ്‌ക്യൂ ഡീലിനെ അട്ടിമറിക്കുകയായിരുന്നെന്ന് കമ്പനി പറയുന്നു.

1841ൽ വിക്ടോറിയൻ കാബിനറ്റ് മെയ്ക്കറായ തോമസ് കുക്കാണ് ലണ്ടനിൽ കമ്പനി സ്ഥാപിച്ചത്.



Related News


Special Story