Newage News
04 Dec 2020
കോട്ടയം: റബർ ഓൺലൈൻ വ്യാപാരത്തിനായി റബർ ബോർഡിന്റെ ‘ഓൺലൈൻ റബർ മാർക്കറ്റ് ’ (ഇ പ്ലാറ്റ്ഫോം) ഫെബ്രുവരിയിൽ. ‘ഇ–പ്ലാറ്റ്ഫോം’ തയാറാക്കാനുള്ള കരാർ അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഐ സൊല്യൂഷൻസിന്’ നൽകി. ഉത്തരേന്ത്യയിൽ പച്ചക്കറി ഓൺലൈൻ വ്യാപാരത്തിന് ഇ–പ്ലാറ്റ്ഫോം ഒരുക്കുന്ന കമ്പനിയാണിത്. റബർ ബോർഡിന്റെ നിയന്ത്രണത്തിലായിരിക്കും ഓൺലൈൻ വ്യാപാരം. ഓരോ കിലോ റബർ വിൽക്കുമ്പോഴും 6 പൈസ ഐ സൊല്യൂഷൻസ് കമ്പനിക്കു ലഭിക്കും. ഇ–പ്ലാറ്റ്ഫോമിനു ഔദ്യോഗികമായി പേരിട്ടിട്ടില്ല.
റബർ വിൽപന സുതാര്യമാക്കുന്നതിനുള്ള പുതിയ ക്രമീകരണമാണ് ഇ–ലാറ്റ്ഫോം. റബർ വിൽക്കാനുള്ളവർക്കും വാങ്ങാനുള്ളവർക്കും ഇ–പ്ലാറ്റ്ഫോം വഴി ആശയവിനിമയം നടത്താം. ലോകത്തെവിടെനിന്നും ഓൺലൈൻ റബർ മാർക്കറ്റിൽ പങ്കെടുക്കാം. ഓൺലൈൻ മാർക്കറ്റിൽ ക്രയ വിക്രയം നടത്തുന്ന റബറിന്റെ ഗുണനിലവാരം റബർ ബോർഡ് പരിശോധന നടത്തി ഉറപ്പാക്കുമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ പറഞ്ഞു. നേരിട്ടുള്ള റബർ വിപണന രീതി തുടരും.