Newage News
07 Jul 2020
മുംബൈ: കോവിഡ് മാന്ദ്യത്തിനിടയിലും ഡോളറിനെതിരേ രൂപ ശക്തിതെളിയിച്ച് പിടിച്ചുനിൽക്കുന്നതിനു പിന്നിൽ ജിയോ പ്ലാറ്റ്ഫോമിലേക്ക് ഒഴുകിയെത്തുന്ന വിദേശനിക്ഷേപം.
രണ്ടരമാസംകൊണ്ട് 1.17 ലക്ഷം കോടി രൂപയുടെ (1500 കോടി ഡോളറിലധികം) വിദേശ നിക്ഷേപമാണ് ജിയോ പ്ലാറ്റ്ഫോം സമാഹരിച്ചത്. ഇതിൽ 400 മുതൽ 600 കോടി ഡോളർവരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്ത്യയിലെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ സന്പദ് വ്യവസ്ഥയിൽ ആഗോളതലത്തിൽ ഉയർന്നുവന്ന ആത്മവിശ്വാസമാണ് ഇത്തരമൊരു നിക്ഷേപത്തിനു പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞയാഴ്ച ഡോളറിനെതിരേ ഈവർഷത്തെ ഏറ്റവും വലിയ മൂല്യവർധനയാണ് രൂപ രേഖപ്പെടുത്തിയത്. 1.34 ശതമാനം. അടുത്തയാഴ്ച ഇത്രയുംതന്നെ തുക റിലയൻസിന് ലഭിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ രൂപയ്ക്ക് 1.5 ശതമാനം മൂല്യവർധനകൂടി ഉണ്ടായേക്കാമെന്ന് വിദേശ വിനിമയ വിപണിയുമായി ബന്ധപ്പെട്ടവർ സൂചിപ്പിച്ചു.
ഇക്കാലത്ത് ഏഷ്യൻ കറൻസികളിൽ ഏറ്റവും മികവു കാട്ടിയതും ഇന്ത്യൻ രൂപതന്നെ. തിങ്കളാഴ്ച ഡോളറൊന്നിന് 74.68 രൂപയിൽ ക്ലോസ്ചെയ്ത രൂപ വൈകാതെ 73.60 നിലവാരത്തിലേക്ക് മുന്നേറാനുള്ള സാധ്യതകളുണ്ടെന്ന് വിലയിരുത്തുന്നു. അതേസമയം, റിസർവ് ബാങ്കിന്‍റെ ഇടപെടലുകൾ ഇക്കാര്യത്തിൽ നിർണായകമാകും.
ആഗോള ചിപ് നിർമാണക്കന്പനിയായ ഇൻറൽ കാപിറ്റൽ ആണ് അവസാനമായി ജിയോയിൽ നിക്ഷേപം പ്രഖ്യാപിച്ചത്. ആകെ 11 കന്പനികളിൽനിന്നായി 1,17,588.45 കോടി രൂപയുടെ നിക്ഷേപം ഇതുവരെ സമാഹരിച്ചു.