Newage News
05 Dec 2020
വാഷിങ്ടണ്‍: 90 ദശലക്ഷം ഡോളര്‍ വിലവരുന്ന സൈനിക ഉപകരണങ്ങളും സേവനങ്ങളും ഇന്ത്യക്ക് നൽകാനുള്ള കരാറിന് യു.എസ് അധികൃതർ അനുമതി നൽകി.
ഈ കരാറിലൂടെ യുഎസ്- ഇന്ത്യന്‍ ബന്ധത്തെ ശക്തിപ്പെടുത്തുന്നതിനും പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുകയാണെന്നും അത് യുഎസിന്റെ വിദേശനയത്തിനും ദേശീയ സുരക്ഷയ്ക്കും പിന്തുണ നല്‍കുമെന്നും യുഎസ് പ്രതിരോധ വകുപ്പിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്പറേഷന് ഏജന്‍സി പറഞ്ഞു.
ഇന്തോ പസഫിക് മേഖലയിലും ദക്ഷിണേഷ്യന്‍ പ്രദേശത്തും രാഷ്ട്രീയ സ്ഥിരതയും സമാധാനവും സാമ്പത്തിക പുരോഗതിയും നിലനിര്‍ത്തുന്ന പ്രധാന ശക്തിയായി തുടരുകയാണ് ഇന്ത്യയെന്നും ഡിഫന്‍സ് സെക്യൂരിറ്റി കോര്പറേഷന് ഏജന്‍സി ചൂണ്ടിക്കാണിച്ചു.
ഇതുവഴി ഇന്ത്യന്‍ വ്യോമസേനയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നേരത്തേ ഇന്ത്യ കരസ്ഥമാക്കിയ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സാധിക്കുമെന്ന് പെന്റഗണ്‍ പറഞ്ഞു. എല്ലായ്പ്പോഴും ദൗത്യത്തിന് പൂര്‍ണസജ്ജമായി നില്‍ക്കുന്നതിന് ഇന്ത്യന്‍ വ്യോമസേനയെ ഇത് സഹായിക്കും.
2016-ല്‍ ഇന്ത്യയെ പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയായി അവരോധിച്ചുകൊണ്ട് യുഎസ് ഒരു സുപ്രധാന നീക്കം നടത്തിയിരുന്നു.