TECHNOLOGY

സാംസങ് ഗാലക്‌സി ഫോള്‍ഡ് വൈകാതെ വിപണിയിൽ എത്തിയേക്കും; അവസാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി

23 Jul 2019

ന്യൂഏജ് ന്യൂസ്,  സാംസങിന്റെ ഗാലക്സി ഫോള്ഡ് സ്മാര്ട്ഫോണ് താമസിയാതെ വിപണിയിലെത്തിയേക്കും. ഫോണിന്റെ അവസാനഘട്ട പരിശോധനകള് പൂര്ത്തിയായെന്നാണ് റിപ്പോര്ട്ടുകള്. വൈകാതെ തന്നെ ഫോണ് പുറത്തിറക്കുന്ന തീയതി സാംസങ് പ്രഖ്യാപിച്ചേക്കും.

ഗാലക്സി ഫോള്ഡ് സ്മാട്ഫോണിന്റെ ഫ്ളെക്സിബിള് ഡിസ്പ്ലേയ്ക്ക് തകരാര് റിപ്പോര്ട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഏപ്രില് മുതല് വില്പനയ്ക്കെത്തിക്കാന് പദ്ധതിയിട്ടിരുന്ന ഫോണ് വൈകിയത്. പ്രശ്നങ്ങള് പൂര്ണമായും പരിഹരിച്ചതിന് ശേഷമാണ് സാംസങ് ഗാലക്സി ഫോള്ഡ് സ്മാര്ട്ഫോണ് വില്പനയ്ക്കെത്തിക്കാനൊരുങ്ങുന്നത്.

ആഴ്ചകള്ക്ക് മുമ്പ് ന്യൂഡല്ഹിയില് ഒരാളുടെ കൈവശം സാംസങ് ഗാലക്സി ഫോള്ഡ് സ്മാര്ട്ഫോണ് കണ്ടതായ റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു. ദൈനം ദിന ജീവിതത്തില് ഫോള്ഡബിള് ഫോണിന്റെ ഉപയോഗം സാംസങ് പരീക്ഷിക്കുകയായിരുന്നു എന്നാണ് വിവരം. ഇന്ത്യയിലേക്കും ഫോള്ഡബിള് ഫോണ് എത്തിക്കുമെന്ന് സാംസങ് മുമ്പ് തന്നെ സ്ഥിരീകരിച്ചതാണ്.

ഗാലക്സി ഫോള്ഡ് ഫോണുകളുടെ റിവ്യൂ പതിപ്പുകളിലാണ് നേരത്തെ തകരാര് റിപ്പോര്ട്ട് ചെയ്യപ്പെട്ടത്. റിവ്യൂവര്മാരില് പലരും കയ്യിലുള്ള സ്മാര്ട്ഫോണിന്റെ സ്ക്രീന് പൊട്ടിപൊളിഞ്ഞതായി വെളിപ്പെടുത്തി. കൊട്ടിഗ്ഘോഷിച്ച് വിപണിയിലവതരിപ്പിച്ച ഫോള്ഡബിള്ഫോണിന്റെ ഫോള്ഡബിള് സ്ക്രീനിന് തന്നെ തകരാറുണ്ടെന്ന വാര്ത്തകള് സാംസങിന് കനത്ത തിരിച്ചടിയായെങ്കിലും യഥാര്ത്ഥത്തില് വിപണിയിലെത്തിയിരുന്നെങ്കില് ഉണ്ടാകുമായിരുന്ന വന് നാണക്കേടില് നിന്നും കമ്പനി രക്ഷപ്പെടുകയായിരുന്നു.

ഓഗസ്റ്റ് ഏഴിന് നടക്കുന്ന ഗാലക്സി നോട്ട് 10 അവതരണ പരിപാടിയില് ഫോണ് അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്ട്ടുകളുണ്ട്. അല്ലെങ്കില് ഗാലക്സി ഫോള്ഡിന് വേണ്ടി പ്രത്യേകം പരിപാടി തന്നെ സംഘടിപ്പിച്ചേക്കും.

ഇന്ത്യയില് വില്പനയുണ്ടാകുമെങ്കിലും ഗാലക്സി ഫോള്ഡ് ഇന്ത്യയില് നിര്മിക്കില്ലെന്ന് സാംസങ് അറിയിച്ചതാണ്.

സാംസങ് ഗാലക്സി ഫോള്ഡിന്റെ വലിയ സ്ക്രീന് 7.3 ഇഞ്ച് വലിപ്പമുള്ള ഫ്ളെക്സിബിള് അമോലെഡ് ഡിസ്പ്ലേയാണ്. 4.6 ഇഞ്ച് വലിപ്പമുള്ള മറ്റൊരു സ്ക്രീനും ഫോണിനുണ്ട്. സ്നാപ്ഡ്രാഗണ്‍ 855 പ്രൊസസറാണ് ഫോണില് ഉപയോഗിച്ചിട്ടുള്ളത്. 5ജി മോഡവും ഇതിലുണ്ടാവും.



Related News


Special Story