GLOBAL

മിഡിൽ ഈസ്റ്റ് പ്രതീക്ഷകൾക്ക് അടിസ്ഥാനം സൗദി അറേബ്യ

Newage News

04 Aug 2020


(സജു നായർ - അനലിസ്റ്റ്, റിയാദ്)


മാസം 20ഓട് കൂടി ഏതാനും വ്യാപാര രംഗങ്ങൾ കൂടി സ്വദേശികളായ പൗരന്മാർക്ക് വേണ്ടി മാറ്റി വയ്ക്കുമ്പോൾ സൗദിയിലെ മലയാളി കുത്തക ആയിരുന്ന പല ബിസിനസുകളും അവസാനിക്കുകയാണ് . മലയാളികളെ മാത്രമല്ല, ഒട്ടേറെ വിദേശികളെ പ്രതികൂലമായി ബാധിക്കുന്നതാണ് ആഗസ്റ്റ് 20 മുതല്‍ നടപ്പാക്കുന്ന പുതിയ തീരുമാനം. ചില്ലറ-മൊത്ത വ്യാപാര മേഖലകളിലെ ഒന്‍പത് വിഭാഗം സ്ഥാപനങ്ങളിലാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പാക്കുക. ചായ, കോഫി, ഈത്തപ്പഴം, തേന്‍, പഞ്ചസാര, സുഗന്ധ വ്യഞ്ജനങ്ങള്‍, പാനീയങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി ധാന്യങ്ങള്‍, വിത്തുകള്‍, പൂക്കള്‍, ചെടികള്‍, കാര്‍ഷിക വസ്തുക്കള്‍, പുസ്തകങ്ങള്‍, സ്റ്റേഷനറി, ഗിഫ്റ്റുകള്‍, കരകൗശല വസ്തുക്കള്‍, പുരാവസ്തുക്കള്‍, കളിപ്പാട്ടം, മാംസം, മത്സ്യം, മുട്ട, പാല്‍, സസ്യ എണ്ണ, സോപ്പ്, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങളിൽ വരെ ഇത് നടപ്പാകും. പെട്രോളിയം വില ഇടിഞ്ഞതിനെ തുടർന്ന് സൗദി അറേബ്യയിലെ നിർമാണ രംഗം മുതൽ പെട്രോളിയം അനുബന്ധ മേഖലകളിൽ വരെ തൊഴിലവസരങ്ങൾ കുറഞ്ഞു. ഒപ്പം സ്വദേശികവത്കരണവും തൊഴിൽ - ബിസിനസ്സ് സാധ്യതകൾക്ക് മങ്ങൽ ഏൽപ്പിച്ചു. പ്രധാനമായും ഇതു ബാധിച്ചത് മലയാളികളെ ആണ്. ആ പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത. പക്ഷെ പെട്രോളിയം ഇല്ലെങ്കിൽ സൗദിയുടെ മിഡിൽ ഈസ്റ്റ് സാമ്പത്തിക മേധാവിത്വം നഷ്ടപ്പെടും എന്നുള്ള വിലയിരുത്തലുകളൊക്കെ വെറുതെ ആണ് . പ്രത്യേകിച്ചു തുർക്കി പോലുള്ള രാജ്യങ്ങൾ ഈ അവസരം മുതലാക്കാമെന്ന വ്യാമോഹം പുലർത്തുന്നുണ്ടെങ്കിലും അതൊക്കെ അതിമോഹം  ആവാനാണ് സാധ്യത.

ഇന്നത്തെ വാർത്ത അനുസരിച്ച് സൗദി വീണ്ടും പെട്രോളിയം വില കുറക്കും. ഇക്കഴിഞ്ഞ നാളുകളിലെ വൻ ഇടിവിന് ശേഷം ക്രമാനുഗതമായി കൂടിയിരുന്ന ക്രൂഡ് വില അടുത്ത മാസം കുറയ്ക്കും എന്നു വിവിധ സാമ്പത്തിക ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പെട്രോളിയം കഴിഞ്ഞാൽ എന്നല്ല, പെട്രോളിയത്തിന് ഒപ്പമോ അതിലേറെയോ മിനറൽസ് ആൻഡ് മെറ്റൽസ് ഉള്ള രാജ്യമാണ് സൗദി അറേബ്യ. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ധാതു നിക്ഷേപം ഇവിടെയാണ്. രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്വർണം, വെള്ളി, ചെമ്പ്, സിങ്ക്, ക്രോമിയം, മാംഗനീസ്, ടങ്സ്റ്റൺ, ഈയം, ടിൻ, അലുമിനിയം, ഇരുമ്പ് തുടങ്ങിയ വിലയേറിയതും അടിസ്ഥാനപരവുമായ ധാതുക്കളുടെ പ്രധാന ഉറവിടമാണ് അറേബ്യൻ ഷീൽഡ്. പ്രധാനമായും കിഴക്ക്, വ്യാപകമായ അവശിഷ്ട രൂപങ്ങളിൽ വ്യാവസായിക ധാതുക്കളായ ജിപ്സം, ഫെൽഡ്‌സ്പാർ, മൈക്ക, സൾഫർ, ഉപ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ലോകത്തിന്റെ കരുതൽ ശേഖരത്തിന്റെ നാലിലൊന്ന് അളവിൽ നിയോബിയം, ടാൻടാലം പോലുള്ള ഉയർന്ന വിലയുള്ള അപൂർവ ഭൗമ മൂലകങ്ങളുടെ ഉറവിടം കൂടിയാണ് സൗദി അറേബ്യ. ഇതൊന്നും വേണ്ട രീതിയിൽ ഉപയോഗിക്കാൻ ഇതുവരെ സൗദി അറേബ്യ ശ്രമിച്ചിരുന്നില്ല . ഇഷ്ടംപോലെ പെട്രോളും അതിൽ നിന്ന് ഡോളറും കിട്ടുമ്പോൾ ഇതിലേക്ക് ശ്രദ്ധ വേണ്ടത്ര തിരിഞ്ഞിട്ടുണ്ടാവില്ല. എന്നാൽ അതിനപ്പുറം, ഇന്നും എക്‌സ്‌പ്ലോർ ചെയ്യാത്ത റബ്ബ് അൽ ഖാലി എന്ന ദുർഘടമായ മരുഭൂമിയിൽ ആണ് ഇവയിൽ ഏറെയും ഉള്ളത്. 

റബ് അൽ ഖാലിയെന്ന ഭൗമമേഖല ഇന്നും അനന്തമജ്ഞാതമെന്ന വിധം ഒട്ടേറെ സവിശേഷതകളുള്ളതാണ്. അതിവിസ്തൃതവും നിരവധി മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായി അതിർത്തി പങ്കിടുകയും ചെയ്യുന്ന ഈ മരുഭൂമിയിൽ ഇന്നും ആധുനിക ലോകത്തെ അടുത്തറിഞ്ഞിട്ടില്ലാത്ത, എന്തിന് ആഫ്രിക്കൻ വൻ കരയിലേക്ക് വരെ മാറി മാറി സഞ്ചരിക്കുന്ന  നാടോടി ഗോത്ര വർഗക്കാർ പോലും ഉണ്ടെന്നു കരുതപ്പെടുന്നു. പെട്രോളിയം വിലയിടിക്കൽ യുദ്ധത്തിന് മുന്നിട്ടിറങ്ങിയ സൗദി അറേബ്യ, കോവിഡ് ഭീഷണി ഉണ്ടായിരുന്നില്ലെങ്കിലും ഈ വഴിക്ക് ചിന്തിച്ചേനെ എന്നു തന്നെ നമ്മൾ അനുമാനിക്കണം. കാരണം കഴിഞ്ഞ വർഷം പകുതിയോടെ പെട്രോളിയം മന്ത്രാലയത്തിനു കീഴിലായിരുന്ന മിനറൽസിനെ വേർപെടുത്തി  പ്രത്യേക ഇൻഡസ്ട്രി ആൻഡ് മിനറൽസ് മന്ത്രാലയത്തിന് രൂപം കൊടുത്തിരുന്നു. ഇത് 2020 ജനുവരിയിൽ പ്രവർത്തനം തുടങ്ങി. മൈനിങ് കമ്പനികൾക്കും അനുബന്ധ വ്യവസായങ്ങൾക്കും ഒട്ടേറെ  പ്രോത്സാഹനം കൊടുത്തു. 2020 ആദ്യം റിയാദിൽ ഒരു മിനറൽസ് ആൻഡ് മെറ്റൽസ് 2020 എക്സ്പോയും നടന്നു. ഖനന-കരുതൽ മേഖലകൾക്കായി പ്രത്യേക വിഹിതം അനുവദിക്കുകയും മാർഗരേഖ പുറത്തിറക്കുകയും ചെയ്തു. റിയാദ്, മക്ക, മദീന, ആസിർ,ഹെയ്ൽ, നജ്‌റാൻ റീജിയനുകളിൽ തെരഞ്ഞെടുക്കപ്പെട്ട  54 സൈറ്റുകളിലെ  ഏകദേശം 4,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്വർണം, ചെമ്പ്, വെള്ളി, സിങ്ക്, ഈയം, ഇരുമ്പ്, ക്വാർട്സ്, ടിൻ എന്നിവയുൾപ്പെടെ വിവിധതരം ധാതു നിക്ഷേപങ്ങൾ വൈകാതെ പര്യവേഷണത്തിന് വിധേയമാകും. 

ഇന്ന് ലോകത്തെ ചെറുതും വലുതുമായ മൈനിങ് സ്ഥാപനങ്ങൾ സൗദിയിലേക്ക് വന്നു കൊണ്ടിരിക്കുന്നു. വിഷൻ 2030 എന്ന സൗദി സർക്കാർ പദ്ധതി പ്രകാരമുള്ള വികസന പ്രക്രിയയിൽ ഈ മൈനിങ്ങിനു വൻ പ്രാധാന്യം ഉണ്ട് . ഒപ്പം നിയോം എന്ന ബഹുരാഷ്ട്ര പ്രോജക്ട്. ചെങ്കടലിന് സമീപം ഉള്ള ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങൾ നിയോം പദ്ധതിയിൽ പങ്കാളികളാണ്. നിയോം ഒരു സയന്റിഫിക്ക് ഫിക്ഷൻ സിറ്റി ആണെന്ന്  പറയാം. ദുബൈയെ പോലും കടത്തിവെട്ടുന്ന ഒന്നാവും ഇത്. വ്യവസായ മേഖലയിൽ സ്പോൺസർ ഇല്ലാതെ തന്നെ ബിസിനസുകൾ സ്ഥാപിക്കാൻ ഉള്ള അനുമതികളും സൗദി ലഭ്യമാക്കി തുടങ്ങി. എന്നാൽ ഈ ചെറുകിട വ്യാപാര സേവന മേഖലകകളിൽ ചുവടുറപ്പിക്കാം എന്നു മലയാളി മനക്കോട്ട കെട്ടിയാൽ ഫലമുണ്ടാവില്ല. ഇത്തരം ചെറുകിട, ഇടത്തരം മേഖലകളിൽ തൊഴിലുകൾ അടക്കം സ്വദേശികൾക്ക് ആയിരിക്കും മുൻഗണന . അഥവാ താഴെക്കിടയിൽ ഉള്ള ജോലികൾ ഉണ്ടെങ്കിൽ മലയാളിയേക്കാൾ തുച്ഛമായ വേതനത്തിൽ ജോലി ചെയ്യാൻ ആഫ്രിക്കൻ രാജ്യക്കാർ ഇന്ന് ധാരാളം ഉണ്ട്. പിന്നെ സൗദിയിലെ ഹോസ്പിറ്റാലിറ്റി രംഗം; അതിൽ ഫിലിപ്പിനോ, ശ്രീലങ്കൻ സ്വദേശികളുടെ  വാലിൽ കെട്ടാൻ പോലും മലയാളിയെ കൊള്ളില്ലെന്ന് തന്നെ പറയേണ്ടി വരും. സാധ്യതയുള്ളത് മൈനിങ് രംഗത്താണ്. എന്നാൽ കേരളത്തിൽ ഒട്ടും പ്രാമുഖ്യം ഇല്ലാത്ത ഒരു വിദ്യാഭ്യാസ രംഗം കൂടിയാണ് മൈനിങ് ആൻഡ് ജിയോളജി . ആഗോളതലത്തിൽ കൽക്കരി ഖനികൾ അടച്ചു പൂട്ടുന്നു എന്ന കാര്യം കൂടി പരിഗണിച്ചാൽ ഈ തൊഴിൽ രംഗത്തു വരും നാളുകളിൽ കടുത്ത മത്സരം തന്നെ ഉണ്ടാവും. എങ്കിലും മൈനിങ് ,മെറ്റൽ രംഗത്തെ മികച്ച പ്രൊഫഷനലുകൾക്കും സംരംഭകർക്കും സൗദിയിൽ വലിയ സാധ്യതകൾ ഭാവിയിലുണ്ടാകും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story