FINANCE

ടി+1 സെറ്റിൽമെൻറ്: ആശങ്ക അറിയിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ

Ajith Kumar

13 Sep 2021

മുംബൈ: ഓഹരി വിപണിയിൽ നിർണായക മാറ്റം വരുത്തി കൊണ്ടുള്ള നിർദ്ദേശമാണ് കഴിഞ്ഞ ആഴ്ച സെക്യൂരിറ്റീ എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) പുറപ്പെടുവിച്ചത്. ടി+ 1 സെറ്റിൽമെൻറ് 2022 ജനുവരി 1 മുതൽ നടപ്പാക്കാനാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സെബി നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ നിലവില്‍ രണ്ടു ദിവസമെടുത്ത് പൂര്‍ത്തിയാക്കുന്ന ഇടപാടുകൾ വില്‍പ്പന നടന്ന് ഒരു ദിവസത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കാനാകും. പുതിയ നിർദ്ദേശത്തിന് വൻ സ്വീകാര്യമാണ് ലഭിക്കുന്നതെങ്കിലും ഇതിനൊപ്പം തന്നെ നിരവധി ആശങ്കകളും നിക്ഷേപകരുടെ ഭാഗത്ത് നിന്ന് ഉയർന്ന് വരുന്നതായി കാണാം.

2003 മുതൽ എൻ.എസ്.ഇയും ബിഎസ്ഇയും ടി+2 സെറ്റിൽമെന്റ് സെെക്കിളാണ് പിന്തുടർന്ന് വരുന്നത്. ഇവിടെ ടി എന്നത് വ്യാപാരം നടക്കുന്ന ദിവസത്തെ സൂചിപ്പിക്കുന്നു. 2 എന്നത് ഇടപാട് നടക്കാൻ എടുക്കുന്ന മുഴുവൻ സമയത്തെ സൂചിപ്പിക്കുന്നു. ഇപ്പോൾ സെബി ടി+1 സെറ്റിൽമെന്റ് അവതരിപ്പിച്ചിരിക്കുകയാണ് സെബി. ഇതിലൂടെ വില്‍പ്പന നടന്ന് ഒരു ദിവസത്തിനുള്ളില്‍ സെറ്റില്‍മെന്‍റ് പൂര്‍ത്തിയാകും. ഒരു ഓഹരിയിൽ ടി+1 സെറ്റിൽമെന്റിലേക്കുള്ള നീക്കം സംബന്ധിച്ച്  സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പൊതുജനങ്ങൾക്ക് കുറഞ്ഞത് ഒരു മാസം മുമ്പ്  അറിയിപ്പ് നൽകണം. ഒരു സ്റ്റോക്കിനായി ഇത് തിരഞ്ഞെടുത്താൽ നിർബന്ധമായും കുറഞ്ഞത്  ആറ് മാസത്തേക്ക് ഇത് തുടരണം.

ടി+1 നടപ്പിലാക്കുന്നതോടെ ഇടപാടുകൾ വളരെ പെട്ടന്ന് പൂർത്തിയാക്കാൻ സാധിക്കും. ഇത് റീട്ടെയിൽ നിക്ഷേപകർക്ക് ഏറെ പ്രയോജനം ചെയ്യും. വ്യാപാരം നടന്ന് കഴിഞ്ഞാൽ അവർക്ക് തങ്ങളുടെ പണം ഇതിലൂടെ വേഗത്തിൽ ലഭിക്കും. സെറ്റിൽമെന്റ് ദിവസങ്ങളിലെ ഏറ്റക്കുറച്ചിലുകളുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ കുറയ്ക്കാൻ ഇത് സഹായിക്കും. ചെറിയ സെറ്റിൽമെന്റ് സൈക്കിളിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് കൂടുതൽ കാര്യക്ഷമായി പ്രവർത്തിക്കാനാകും. ഇത് വിപണിയിലെ ലിക്യുഡിറ്റി വർദ്ധിപ്പിക്കുകയും ചെയ്തേക്കും. 2003ലാണ് എൻ.എസ്ഇ ബിഎസ്ഇ എന്നിവ സമാനമായി ടി+3യിൽ നിന്നും ടി+2 വിലേക്ക് കടന്നിരുന്നത്.

ഉയരുന്ന ആശങ്കകൾ

ടി+1 സെറ്റിൽമെന്റ് സൈക്കിളിലേക്കുള്ള നീക്കത്തിന്റെ സങ്കീർണത സൂചിപ്പിച്ച് കൊണ്ട് സീറോധ സ്ഥാപകൻ നിഥിൻ കാമത്ത് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. രണ്ട് എക്സ്ചേഞ്ചുകളിലും ഒരേ സ്റ്റോക്ക് ട്രേഡ് ചെയ്യുമ്പോൾ ഒരു എക്സ്ചേഞ്ച് T+1 സ്വീകരിച്ചാൽ മറ്റൊന്ന് T+2 ആണെങ്കിൽ സെറ്റിൽമെന്റുകൾ എങ്ങനെ പ്രവർത്തിക്കുമെന്ന് ബന്ധപ്പെട്ട അധികാരികൾ നോക്കികാണേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സെറ്റിൽമെന്റ് സൈക്കിളിലെ പൊരുത്തക്കേട് നിക്ഷേപകർക്കും വ്യാപാരികൾക്കും  ഒരു പോലെ ആശയക്കുഴപ്പമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് വിപണിയിലെ വോള്യത്തെ ബാധിച്ചേക്കും. എൻഎസ്ഇയും ബിഎസ്ഇയും ഒരു പോലെ ടി+1 ലേക്ക് മാറണമെന്നും അല്ലെങ്കിൽ രണ്ട് എക്സ്ചേഞ്ചും ടി+2 വിൽ തന്നെ തുടരണമെന്നും വിദഗ്ധർ പറയുന്നു.

ടി+1 സെറ്റിൽമെന്റ് സംവിധാനം നടപ്പിലാക്കുന്നതിന് അനേകം സാങ്കേതിക വെല്ലുവിളികൾ നേരിടേണ്ടതുണ്ട്. ഓഹരി വിപണിയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ സംവിധാനങ്ങളും സ്ഥാപനങ്ങളും ഒരു ദിവസത്തിനുള്ളിൽ ഓഹരികൾ കൈമാറുന്നതിനും പണം കൈമാറുന്നതിനുമുള്ള കാര്യക്ഷമത കെെവരിക്കേണ്ടതുണ്ട്. ഈ നീക്കം ബ്രോക്കർമാർക്കുള്ള പ്രവർത്തന മൂലധന ആവശ്യകതകൾ വർദ്ധിപ്പിക്കും. ഈ ചെലവുകൾ നിക്ഷേപകർക്ക് മേൽ ബ്രോക്കർമാർ അടിച്ചേൽപ്പിച്ചേക്കും.

എഫ്പിഐകളിൽ നിന്നും കടുത്ത സമ്മർദ്ദം

ചില പ്രത്യേക തരം ഇൻസ്റ്റിറ്റ്യൂഷണൽ ഷെയർഹോൾഡർമാർക്ക് ടി+1 സെറ്റിൽമെന്റ് ബുദ്ധിമുട്ടായിരിക്കും. അസോസിയേഷൻ ഓഫ് നാഷണൽ എക്സ്ചേഞ്ച് മെംബേഴ്സ് ഓഫ് ഇന്ത്യ, ഏഷ്യ സെക്യൂരിറ്റീസ് ഇൻഡസ്ട്രി ആൻഡ് ഫിനാൻഷ്യൽ മാർക്കറ്റ്സ് അസോസിയേഷൻ (ASIFMA), വിദേശ വ്യാപാരികൾ എന്നിവർ ടി+1 സെറ്റിൽമെന്റിന്റെ പ്രവർത്തനപരവും സാങ്കേതികവുമായ പ്രത്യാഘാതങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. യുഎസിലെയും യൂറോപ്പിലെയും ജോലി സമയം ഏഷ്യാ പസഫിക് വിപണികളുമായി ഒത്തുപോകാത്തതിനാൽ, ടി+2 സെറ്റിൽമെന്റ് ഫലപ്രദമായി ടി+1 ആയി പ്രവർത്തിക്കുന്നു. സെറ്റിൽമെന്റ് സൈക്കിൾ ചുരുക്കുന്നത് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്ക് ഉയർന്ന ചെലവുകൾക്കും സെറ്റിൽമെന്റ് റിസ്കുകൾക്കും ഇടയാക്കും.

ടി+1 രീതിയിലേക്ക് മാറിയാൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഇടപാട് നടക്കുന്ന ദിവസം തന്നെ ഓഹരിയും പണവും തയ്യാറാക്കി വയ്ക്കണം. ഇത് വിദേശ നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നുള്ള നിക്ഷേപ ഒഴുക്കിനെ ബാധിച്ചേക്കും. ഇതേതടുർന്ന് ടി+1 സംവിധാനത്തിന്റെ അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ സെബിക്ക് കത്തയച്ചിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story