Newage News
05 Apr 2021
മുംബൈ: രാജ്യത്തെ രണ്ടാംഘട്ട കോവിഡ് വ്യാപന ഭീഷണി ഓഹരി വിപണിയെയും ബാധിച്ചു. 300ഓളം പോയന്റ് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പതിനൊന്നുമണിയോടെ നഷ്ടം ആയിരത്തിലേറെ പോയന്റായി.
രണ്ടര ശതമാനത്തിലേറെയാണ് സൂചികകൾക്ക് നഷ്ടമായത്. സെൻസെക്സ് 1240 പോയന്റ് താഴ്ന്ന് 48,776ലും നിഫ്റ്റി 348 പോയന്റ് നഷ്ടത്തിൽ 14,518ലുമെത്തി. ഞായറാഴ്ച 1.03 ലക്ഷം കോവിഡ് കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തതാണ് സൂചികകളുടെ കരുത്ത് ചോർത്തിയത്.
നിഫ്റ്റി ഐടി ഒഴികെയുള്ള സൂചികകളെല്ലാം നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് സൂചികകൾ മൂന്നുശതമാനത്തിലേറെ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.4ശതമാനവും സ്മോൾ ക്യാപ് സൂചിക 1.3ശതമാനവും താഴ്ന്നു.
ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. ടെക്മഹീന്ദ്ര, ഭാരതി എയർടെൽ, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, പവർഗ്രിഡ് കോർപ്, ടൈറ്റാൻ, ഏഷ്യൻ പെയിന്റ്സ്, എൻടിപിസി, റിലയൻസ്, മാരുതി സുസുകി, സൺ ഫാർമ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.