CORPORATE

ടെക് ഭീമന്മാര്‍ക്കു കീഴില്‍ ചെറു കമ്പനികൾ നേരിടുന്നത് കടുത്ത പ്രതിസന്ധി; ചെറുമീനുകളെ വിഴുങ്ങുന്ന വമ്പന്മാർക്കിടയിൽ അവസാനത്തെ ഇരയായി സ്ലാക്ക് ടെക്നോളോജിസ്

06 May 2019

ന്യൂഏജ് ന്യൂസ്, ടെക് ഭീമൻമാർക്കു കീഴില്‍ വളരേണ്ടിവരുന്ന ചെറു കമ്പനികള്‍ മുരടിക്കുന്നതിന്റെയും മുരടിപ്പിക്കുന്നതിന്റെയും കാഴ്ചകള്‍ ടെക്‌നോളജി ചരിത്രം പഠിക്കുന്നവര്‍ക്ക് സുപരിചിതമാണ്. സ്വേച്ഛാതിപത്യത്തിന്റെ ദോഷങ്ങള്‍ പലതാണ്. ചില കമ്പനികള്‍ വാഴ്ച തുടരുമെന്നതു കൂടാതെ പുതിയ ആശയങ്ങളുടെ ഉറവക്കണ്ണുകളും അടയുന്നു. തൊണ്ണൂറുകളുടെ അവസാനത്തില്‍ മൈക്രോസോഫ്റ്റിന്റെ ഏകാധിപത്യത്തില്‍ നിന്നു ടെക്‌നോളജി ലോകത്തെ മോചിപ്പിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് ഗൂഗിളോ, ഫെയ്‌സ്ബുക്കോ ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, അതെ ഫെയ്‌സ്ബുക്കും ഗൂഗിളും ഇന്ന് പല ചെറിയ കമ്പനികളുടെയും കഞ്ഞികുടി മുട്ടിക്കുന്നതും കാണാം.

ഫെയ്‌സ്ബുക് ഇന്‍സ്റ്റാഗ്രാം ഏറ്റെടുത്തതോടെ എതിരാളികളായ സ്‌നാപ്ചാറ്റിന്റെ വിധി വേറൊന്നായി. വളരെ വ്യത്യസ്തമായ സേവനം നല്‍കിവന്ന സ്‌നാപ്ചാറ്റിന്റെ സാധ്യതകള്‍ വല്ലാതെ കുറച്ചു. തങ്ങളുടെ ആദ്യ ബ്രൗസറായ ക്രോം ഉണ്ടാക്കാന്‍ ഗൂഗിള്‍ മോസില കമ്പനിയോട് ഒത്തു ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. തങ്ങളുടെ ബ്രൗസറില്‍ നിന്നു പഠിക്കാന്‍ അനുവദിച്ച മോസിലയെ കാത്തിരുന്നത് ചതിയായിരുന്നു. ക്രോമിന്റെ വളര്‍ച്ച കൂട്ടാന്‍ ശ്രമിച്ചതു കൂടാതെ മോസിലയ്ക്കു ക്രോമിന്റെ പ്രവര്‍ത്തകര്‍ തകരാറുവരുത്തുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണം കഴിഞ്ഞ ആഴ്ചകളിലാണ് ഉണ്ടായത്.

സ്ലാക്കിന്റെ (Slack) കാര്യത്തില്‍ ഇത്തരമൊരു സാഹചര്യമാണ് വീണ്ടും സംജാതമായിരിക്കുന്നത്. കമ്പനികളിലെ ജോലിക്കാര്‍ക്ക് പരസ്പരം സഹകരിച്ചു പണിയെടുക്കാന്‍ അനുവദിക്കുന്ന ഒരു ചാറ്റ് ആപ് ആണ് സ്ലാക്ക്. സ്ലാക്കിനെ വിഴുങ്ങാന്‍ കാത്തിരിക്കുന്നത് പഴയ തിമിംഗലം തന്നെയാണ് – മൈക്രകോസോഫ്റ്റ്. സത്യാ നഡേലയുടെ കമ്പനി ഓഫിസ് 365ന്റെ ചില വാണിജ്യ വേര്‍ഷനുകളില്‍ സ്ലാക്കിനു സമാനമായ ഒരു സേവനമാണു നല്‍കുന്നത്. ഏകദേശം ഏഴു ബില്ല്യന്‍ മൂല്യമാണ് സ്ലാക്കിനുള്ളത്. പ്രശ്‌നത്തിലായ അവരിപ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തില്‍ ഓഹരി ഇറക്കാന്‍ ശ്രമിക്കുകയാണ്. (മൈക്രോസോഫ്റ്റ് മാത്രമല്ല സ്ലാക്കിന്റെ എതിരാളി. ഗൂഗിള്‍, സിസ്‌കോ, ഫെയ്‌സ്ബുക് തുടങ്ങിയവ മുതല്‍ സാധാരണ ഇമെയിലിനെ വരെ സ്ലാക്കിന്റെ എതിരാളിയായി കാണാം. പക്ഷേ, സമാനമായ സേവനം നല്‍കുന്നത് മൈക്രോസോഫ്റ്റ് ആയതിനാലാണ് അവരെ പ്രധാന എതിരാളിയായി കാണുന്നത്. ഭാവിയില്‍ മത്സരം മുറുകുകയെ ഉള്ളുവെന്നും സ്ലാക് പറയുന്നു.)

കണക്കുകളില്‍ കണ്ണോടിക്കാം: ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ സേവനം 500,000 കമ്പനികള്‍ ഉപയോഗിക്കുന്നു. മൈക്രോസോഫ്റ്റ് ടീംസ് (Microsoft Teams) എന്നാണ് ഇതിന്റെ പേര്. തങ്ങളുടെ സേവനം ഈ കമ്പനികളിലെ എത്ര ജോലിക്കാര്‍ ഉപയോഗിക്കുന്നു എന്നതിന്റെ കണക്ക് മൈക്രോസോഫ്റ്റ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഓഫിസ് 365ന്റെ വാണിജ്യ പതിപ്പിന് 15.5 കോടി ഉപയോക്താക്കളുണ്ട് എന്നാണ് പറയുന്നത്. സ്ലാക്ക് പണം നല്‍കി ഉപയോഗിക്കുന്ന കമ്പനികളുടെ എണ്ണം 85,000 ആണെന്നു പറയുന്നു. ഏകദേശം ഒരു കോടി ദൈനംദിന ഉപയോക്താക്കളും ഉണ്ടെന്നു കരുതുന്നു. മൈക്രോസോഫ്റ്റിനെ മറികടക്കുക എന്നത് സ്ലാക്കിന് വന്‍ വെല്ലുവിളിയായിരിക്കുമെന്നാണ് ഗവേഷകനായ ഡാനിയല്‍ ന്യൂമന്‍ പറയുന്നത്. അവരുടെ കാര്യത്തില്‍ തനിക്ക് അമിത പ്രതീക്ഷയില്ലെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍, മൂര്‍ ഇന്‍സൈറ്റ്‌സ് ആന്‍ഡ് സ്ട്രാറ്റജി കമ്പനിയുടെ അവലോകകന്‍ പാട്രിക് മൂര്‍ഹെഡ് പറയുന്നത് ചെറിയ കമ്പനികള്‍ക്ക് തങ്ങളുടെ സേവനം വിറ്റ് സ്ലാക്കിനു പിടിച്ചു നില്‍ക്കാനായേക്കും എന്നാണ്. എന്നാല്‍ ഓഫിസ് 365ല്‍ മൈക്രോസോഫ്റ്റ് ടീംസ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ പല കമ്പനികളും കൂടുതല്‍ പൈസ നല്‍കി സ്ലാക് വാങ്ങണമെന്നില്ല. ആദ്യ കാലത്ത് ക്ലൗഡ് സംഭരണ സേവനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ വന്‍ മുന്നേറ്റം നടത്തിയ കമ്പനികളായ ബോക്‌സ് (Box), ഡ്രോപ്‌ബോക്‌സ് (Dropbox) തുടങ്ങിയ കമ്പനികളെ കാത്തിരുന്ന വിധിയാണ് സ്ലാക്കിനെയും കാത്തിരിക്കുന്നതെന്നു പറയുന്നു. ക്ലൗഡ് സ്റ്റോറേജ് സേവനം ഗൂഗിളും മൈക്രോസോഫ്റ്റും തുടങ്ങുകയും തങ്ങളുടെ മറ്റു സേവനങ്ങള്‍ക്കൊപ്പം നല്‍കാനാരംഭിക്കുകയും ചെയ്തതോടെ ബോക്‌സിനും ഡ്രോപ്‌ബോക്‌സിനും പ്രാധാന്യം ഇല്ലാതെയായി. വന്‍ കമ്പനികള്‍ക്ക് ധാരാളം പ്രൊഡ്ക്ടുകള്‍ ഉള്ളതിനാല്‍ അവയില്‍ ഏതെങ്കിലും ഒന്നിനോടു ചേര്‍ത്ത് ഇത്തരം സേവനങ്ങള്‍ നല്‍കുമ്പോള്‍ ചെറുകമ്പനികളുടെ പ്രാധാന്യം കുറയുകയോ, കാലക്രമേണ ഇല്ലാതാകുകയോ ചെയ്യുന്നു. മൈക്രോസോഫ്റ്റിനും ഗൂഗിളിനും ക്ലൗഡ് സേവനം ഫ്രീയായി നല്‍കാനായെന്നും ഓര്‍ക്കുക. അത്തരം അവസരങ്ങളില്‍ ചെറുകമ്പനികളുടെ നിലനില്‍പ്പാണ് ഇല്ലാതാകുന്നത്.

എന്നാല്‍, സ്ലാക്കിന് എന്നെങ്കിലും ലാഭത്തിലാകാന്‍ കഴിയുമോ എന്നു ചോദിക്കുന്നവരും ഇല്ലാതില്ല. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം നഷ്ടക്കണക്കുകളാണ് സ്ലാക് കാണിച്ചിരിക്കുന്നത്. തങ്ങള്‍ കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കാന്‍ പോകുകയാണെന്ന് കമ്പനി പറയുന്നു. ഇത് നഷ്ടം വര്‍ധിപ്പിക്കുകയും ചെയ്യും. ഭാവി പ്രവചിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും സ്ലാക് പറയുന്നു. അപാര വികസന സാധ്യതകളുള്ള മേഖലയിലാണ് സ്ലാക്കും, മൈക്രോസോഫ്റ്റും മറ്റു കമ്പനികളും മത്സരിക്കുന്നത്. അതിനാല്‍ തന്നെ സ്ലാക്കിന് ഒരു തിരിച്ചുവരവ് നടത്താനാകുമെന്നു കരുതുന്നവരുണ്ട്. എന്നാല്‍, ഇന്‍സ്റ്റഗ്രാം ഫെയ്‌സ്ബുക് ഏറ്റെടുത്തു കഴിഞ്ഞപ്പോള്‍ സ്‌നാപ്ചാറ്റിനു സംഭവിച്ചതു പോലെ ഉപയോക്താക്കളെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ സ്ലാക്കിനും പടം മടക്കേണ്ടിവന്നേക്കാം. നിലനില്‍പ്പിന് അവരുടെ മുന്നില്‍ ചില സാധ്യതകളുണ്ടുതാനും- ഒന്ന് വിഡിയോ കോണ്‍ഫറന്‍സിങ് സേവനമായ സൂം (Zoom) കമ്പനിയുമായി ഒത്തു പ്രവര്‍ത്തിക്കുക എന്നതാണ്. രണ്ടാമതായി ഗൂഗിളുമായി കൈകോര്‍ക്കുക എന്നതാണ്. എന്തായാലും സ്ലാക്കും സൂമും ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി അടുത്തകാലത്തു പ്രഖ്യാപിക്കപ്പെട്ടത് ഇരു കമ്പനികള്‍ക്കും ഗുണകരമാകുമെന്ന വിലയിരുത്തലാണ് ഉള്ളത്.

ചെറിയ കമ്പനികളെ ഏറ്റെടുത്ത് കൂടുതല്‍ വൈവിധ്യം തങ്ങളുടെ സേവനങ്ങളില്‍ കൊണ്ടുവരികയും ചെയ്യേണ്ടിയിരിക്കുന്നു എന്നും മൂര്‍ഹെഡ് പറയുന്നു. സൂമിനെ സ്ലാക് വാങ്ങുകയോ സ്ലാക്കിനെ സൂം വാങ്ങുകയോ ചെയ്താലും താന്‍ അദ്ഭുതപ്പെടില്ലെന്നും അദ്ദേഹം പറയുന്നു. ന്യൂമാനും ആ അഭിപ്രായത്തോടു യോജിക്കുന്നു. മൈക്രോസോഫ്റ്റ് ടീംസിനും സിസ്‌കോ വെബ്എക്‌സിനും (WebEx) വിഡിയോ കോണ്‍ഫറന്‍സിങ് സാധ്യമാണ്. എന്തായാലും, ചെറു കമ്പനികളുടെ പിടിച്ചു നില്‍പ്പിനുള്ള ശ്രമം ടെക് പ്രേമികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു.Related News


Special Story