FINANCE

ചെറുകിട വ്യവസായങ്ങൾക്കായി വായ്പ എടുത്തവർക്ക് സഹായപദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ; മുതലും പലിശയുടെ പകുതിയും അടയ്ക്കാൻ‌ സർക്കാർ സഹായിക്കും

13 Jun 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം ∙ ചെറുകിട വ്യവസായങ്ങൾ തുടങ്ങുന്നതിനായി വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാൻ കഴിയാത്തവർക്കായി തിരിച്ചടവു സഹായ പദ്ധതി വ്യവസായ വകുപ്പ് നടപ്പാക്കുമെന്നു മന്ത്രി ഇ.പി. ജയരാജൻ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇതിനായി സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുമായി ചർച്ച നടത്തും. മുതലും പലിശയുടെ പകുതിയും അടയ്ക്കാൻ‌ സർക്കാർ സഹായിക്കും. ബാങ്കുകൾ പിഴപ്പലിശ പൂർണമായി ഒഴിവാക്കണം. ധനവകുപ്പുമായി ഇക്കാര്യത്തിൽ ചർച്ചകൾ തുടങ്ങിയതായും മന്ത്രി പറഞ്ഞു.

വ്യവസായ സംരംഭകർക്ക് 5% പലിശ നിരക്കിൽ ഹ്രസ്വകാല വായ്പകൾ നൽകും. ഏറ്റവും നല്ല പൊതുമേഖലാ സ്ഥാപനത്തിനും സ്വകാര്യ സ്ഥാപനത്തിനും വ്യവസായിക്കും തൊഴിലാളിക്കും മാനേജിങ് ഡയറക്ടർ‌ക്കും പുരസ്കാരം ഏർപ്പെടുത്തും. ഓരോ പഞ്ചായത്തിലും 25 പേരെ വീതം ഉൾപ്പെടുത്തി സ്കിൽഡ് വർക്കേഴ്സ് സൈസൈറ്റി രൂപീകരിക്കും. തെങ്ങുകയറ്റം, ഇലക്ട്രിക്കൽ ജോലികൾ, ഗാർഹിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി തുടങ്ങിയ പ്രവൃത്തികൾ ചെയ്യുന്നവരെയാണ് സൊസൈറ്റിയിൽ ചേർക്കുക.

തെങ്ങിൻതടി സംസ്കരിച്ചു ഫർണിച്ചർ നിർമിക്കുന്നതിനു നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ വ്യവസായം തുടങ്ങും. കൊച്ചിയിലെ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻ‌കൂറിനെ ഇതിനായി ചുമതലപ്പെടുത്തും. നെല്ലു സംഭരിച്ച് അരിയാക്കി വിൽക്കാനും തവിട്, തവിടെണ്ണ, ഉമിക്കരി എന്നിവ ഉൽപാദിപ്പിക്കുന്നതിനു തൃശൂരിലും പാലക്കാട്ടും റൈസ് പാർക്ക് സ്ഥാപിക്കും. വയനാട്ടിലെ മാനന്തവാടിയിൽ  വിവിധോദ്ദേശ്യ വ്യവസായ പാർക്ക് സ്ഥാപിക്കും. കെഎസ്ഐഡിസിയെ ഇതിന്റെ നോഡൽ ഏജൻസിയായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.



Related News


Special Story

ആദായ നികുതിദായകർ കരുതിയിരുന്നോളു; സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരെല്ലാം ഇനി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ; ബിഗ്ഡാറ്റ അധിഷ്ഠിതമായി 1000 കോടി രൂപ ചെലവഴിച്ച് വകുപ്പ് തയാറാക്കിയ പദ്ധതി ഒരുങ്ങുന്നു